'ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയും കലാപവും കേരളത്തിന്റെ കണ്ണു തുറപ്പിക്കണം'


By മുല്ലപ്പള്ളി രാമചന്ദ്രൻ

4 min read
Read later
Print
Share

ശ്രീലങ്കയിലെ പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞപ്പോൾ, |ഫോട്ടോ:AFP, ഇൻസൈറ്റിൽ ലേഖകൻ

വിദേശ രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളില്‍ നിന്നും അനിയന്ത്രിതമായ തോതില്‍ കടമെടുത്ത് തിരിച്ചടക്കാന്‍ കഴിയാത്ത ഒരു രാജ്യം എങ്ങിനെ തകര്‍ന്നു തരിപ്പണമാകുന്നുവെന്നതിന്റെ സംഭ്രമ ജനകമായ ഉദാഹരണമാണ് നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ കാണുന്നത്. ദീര്‍ഘവീക്ഷണമൊ ധനകാര്യ മാനേജ്‌മെന്റിന്റെ അടിസ്ഥാന തത്വങ്ങളൊ പഠിക്കാതെ, ശ്രീലങ്ക ഭരിച്ച ഭരണാധികാരികളുടെ സ്വേച്ഛാധിപത്യത്തിന്റെ ഇരകളാകേണ്ടി വന്നത് ഒരു രാഷ്ട്രത്തിന്റെ ജനങ്ങള്‍ ഒന്നാകെയാണ്.

അതിജീവനം അസാദ്ധ്യമായി തീര്‍ന്ന ഒരു ജനതയുടെ തീരാ നൊമ്പരമാണ് ആളിപ്പടര്‍ന്ന് പ്രക്ഷോഭമായി അതിവേഗം മാറിയത്. പോലീസിനും പട്ടാളത്തിനും പ്രക്ഷോഭക്കാരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഭക്ഷണമൊ അവശ്യ വസ്തുക്കളൊ ലഭിക്കാത്ത , ഇന്ധനക്ഷാമം കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കാത്ത, ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭ്യമല്ലാത്ത, സ്‌കൂള്‍ കുട്ടികള്‍ക്ക് എഴുതാനുള്ള പേനയും കടലാസും ഇല്ലാത്ത വിധം നരകതുല്യമായ ജീവിതമാണ് ശ്രീലങ്കയില്‍ ഇന്ന്. കഴിഞ്ഞ മൂന്നു വര്‍ഷമായി ശ്രീലങ്ക ദ്രുതഗതിയില്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.ലോകത്തില്‍ ഒരിടത്തും ഇതുപോലെ അധികാരവും ശക്തിയും കയ്യടക്കിയിട്ടുള്ള ഒരു രാഷ്ട്രീയ കുടുംബത്തെ ഇന്ന് കാണാന്‍ കഴിയില്ല. രാജപക്‌സെ കുടുംബത്തിലെ അംഗങ്ങളെല്ലാം ശ്രീലങ്കന്‍ ഭരണകൂടത്തില്‍ സുപധാന സ്ഥാനങ്ങള്‍ അലങ്കരിച്ചു കൊണ്ടിരിക്കയാണ്.

സിംഹള ദേശീയത ഉയര്‍ത്തിപ്പിടിച്ച് , ശ്രീലങ്കയുടെ സര്‍വ്വാധിപതികളായി രാജപക്‌സെ കുടുംബം മുന്നോട്ട് പോയപ്പോള്‍ , ചോദ്യം ചെയ്യാന്‍ പോലും ആരുമില്ലെന്ന അവസ്ഥയായിരുന്നു. സാമ്പത്തിക രംഗത്ത് രാജപക്‌സെ കുടുംബം സ്വീകരിച്ച വിവേക ശൂന്യമായ നടപടികളാണ് ഈ ദ്വീപു രാഷ്ട്രത്തെ കടക്കെണിയില്‍ നിന്നു പുറത്തു കടക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് നയിച്ചത്. ഗുരുതരമായ സാമ്പത്തിക കെടുകാര്യസ്ഥതയും പിടിപ്പുകേടും മുന്‍ഗണന എന്തെന്നറിയാതെ വമ്പിച്ച പദ്ധതികള്‍ക്കായി വിദേശകടം വാങ്ങിക്കൂട്ടിയ ഒരു ഭരണകൂടം.

ഗോതാബയ സ്വന്തം നാടായ ഹംബന്‍ തോട്ടയില്‍ ചൈനയില്‍ നിന്നു രണ്ടു ബില്ല്യന്‍ ഡോളര്‍ കടം വാങ്ങി തുടങ്ങിയ തുറമുഖവും വിമാനത്താവളവും ഒരു ഉപയോഗവുമില്ലാതെ കിടക്കുകയാണ്. ശ്രീലങ്കയ്ക്ക് വിദേശ നാണ്യം പ്രധാനമായും നേടിക്കൊടുത്ത വിനോദ സഞ്ചാര മേഖല ആകെ തകര്‍ന്നു കഴിഞ്ഞു . 2019 ല്‍ ഗോതാബയ പ്രസിഡന്റായി അധികാരമേറ്റ ഉടനെ ഈസ്റ്റര്‍ ദിനത്തില്‍ അന്താരാഷ്ട്ര ഭീകര സംഘടനയായ ഐ.എസ്സ്. നടത്തിയ ബോംബാക്രമണത്തെ തുടര്‍ന്നാണ് വിദേശ ടൂറിസ്റ്റുകള്‍ ശ്രീലങ്കയിലേക്ക് വരാതെയായത്.

2020 ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ദുരന്തം മറികടക്കാനുള്ള കരുത്തും നേതൃവൈഭവവും രാജപക്‌സെ കുടുംബത്തിന് കാണിക്കാന്‍ കഴിഞ്ഞില്ല . ധനതത്വശാസ്ത്രത്തിന്റെ ആദ്യപാഠം പോലുമറിയാത്ത ആളാണ് ധനകാര്യ മന്ത്രിയായ ബാസില്‍ രാജപക്ഷെ. 2019 ലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ജനങ്ങളുടെ കയ്യടി വാങ്ങാന്‍ നികുതികള്‍ ഗണ്യമായി ഭരണകൂടം വെട്ടിക്കുറക്കുകയായിരുന്നു.

കാര്‍ഷിക രംഗത്ത് വരുത്തിയ മാറ്റങ്ങളും തിരിച്ചടിയാണ് സൃഷ്ടിച്ചത്.ഒറ്റ അടിക്ക് രാസവളങ്ങള്‍ ഉപയോഗിക്കാതെ ലോകത്തിലെ ആദ്യത്തെ ജൈവ കൃഷി നടത്തുന്ന രാജ്യമെന്ന പ്രശസ്തി നേടാനും അതോടൊപ്പം രാസവളങ്ങള്‍ ഇറക്കുമതിയിലൂടെ ഉണ്ടാക്കുന്ന ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയും ഒഴിവാക്കാമെന്നായിരുന്നു രാജപക്‌സെ ഭരണകൂടം ചിന്തിച്ചത്. ഇത് കാര്‍ഷിക ശാസ്ത്രജ്ഞന്മാരുടെ താക്കീതുകളെ അവഗണിച്ച് കൊണ്ടുള്ള നടപടിയായിരുന്നു. ഫലമോ കാര്‍ഷിക വിളകളായ നെല്ലും റബ്ബറും ഉത്പാദനത്തില്‍ വലിയ തോതില്‍ താഴോട്ട് പോവുകയാണുണ്ടായത്. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഐ.എം.എഫ്. പോലുള്ള മറ്റു അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വീണ്ടുവിചാരമില്ലാതെ കടമെടുത്തപ്പോള്‍ നിലവില്‍ 51 ബില്ല്യന്‍ ഡോളര്‍ വിദേശകടം തിരിച്ചടക്കാന്‍ കഴിയാതെ ഒരു ജനത ശ്വാസം മുട്ടുകയാണ്.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയും കലാപവും കേരളത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്. പ്രതീക്ഷയറ്റ ഒരു ജനത പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കയ്യേറി കുത്തിയിരിപ്പു നടത്തുന്നതും പ്രധാനമന്ത്രിയുടെ സ്വിമ്മിങ്ങ് പൂളില്‍ രോഷാകുലരായി നീന്തി തുടിച്ച് അമര്‍ഷം ശമിപ്പിക്കുന്നതും ലോകം കണ്ടു കഴിഞ്ഞു. സമാനമായ അവസ്ഥയിലേക്ക് ഒരു രാജ്യവും പോകാന്‍ പാടില്ല.

കേരളത്തിലെ വര്‍ത്തമാനകാല സംഭവ പരമ്പരകള്‍ വിലയിരുത്തുമ്പോള്‍ ശ്രീലങ്കയുമായി സമാനതകള്‍ ഏറെയുണ്ട്. ഒരു മുഖ്യമന്ത്രിയുടെ ദുരഭിമാനത്തിനും താന്തോന്നിത്തത്തിനുമായി ജപ്പാനില്‍ നിന്ന് 2 ലക്ഷം കോടി കടമെടുത്ത് സില്‍വര്‍ ലൈന്‍ റെയില്‍വെ പദ്ധതി നടപ്പിലാക്കുമെന്ന ദുര്‍വാശിയിലാണ് മുഖ്യമന്ത്രി .
കേരളത്തിന്റെ പരിസ്ഥിതിയെ പാടെ തകര്‍ത്ത്, പിറക്കാന്‍ പോകുന്ന കുഞ്ഞിനെപ്പോലും കടക്കെണിയുടെ കാണാക്കയങ്ങളിലേക്ക് തള്ളിവിടുന്ന മുഖ്യമന്ത്രിയും രാജപക്‌സെ കുടുംബവും തമ്മില്‍ എന്താണ് വ്യത്യാസം? രാജപക്‌സെ കുടുംബത്തെ ചൂഴ്ന്ന് നില്കുന്നതു പോലെ ഒട്ടേറെ അഴിമതി കഥകള്‍ കേരളത്തിലും നാം കേള്‍ക്കുന്നു.

ഒരു ഭരണാധികാരിക്ക് സഞ്ചരിക്കാനും പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോഗിക്കാനുമെന്ന പേരില്‍ ധൂര്‍ത്തിന്റെയും ധാരാളിത്തത്തിന്റെയും വിളംബരമായി വാടകയ്‌ക്കെടുത്ത ഒരു ഹെലികോപ്റ്റര്‍ എത്ര കാലമായി നികുതിദായകന്റെ ചെലവില്‍ ഉപയോഗിക്കാതെ കിടക്കുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ക്കോ രാഷ്ട്രപതിമാര്‍ക്കോ ഇന്നുവരെ നല്‍കിയിട്ടില്ലാത്ത അസാധാരണമായ സുരക്ഷ ഏറ്റുവാങ്ങി ഓരോ ദിവസവും മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പേരില്‍ സംസാരിക്കുന്നത് എത്രമാത്രം പരിഹാസ്യമാണ്.

അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും ധൂര്‍ത്തിന്റെയും ധാരാളിത്തതിന്റെയും ഞെട്ടിപ്പിക്കുന്ന കഥകള്‍ കേട്ടുകൊണ്ടാണ് ആറ് വര്‍ഷമായി കേരളത്തിലെ ജനങ്ങള്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത്. നിത്യ നിദാന ചെലവുകള്‍ക്ക് വഴിയില്ലാതെ, വികസനത്തിന്ന് പണം കണ്ടെത്താന്‍ കഴിയാതെ കേരളം പകച്ചു നില്‍ക്കുകയാണ്. സമസ്ത മേഖലയിലും തകര്‍ന്ന ഒരു സംസ്ഥാനത്തിന്ന് എത്ര കാലം ഇങ്ങനെ പോകന്‍ കഴിയും?

കോവിഡ് മഹാമാരിയില്‍ ലോകമാകെ പരിഭ്രമിച്ചു നിന്നപ്പോള്‍, ഒരു ജനതയുടെ ഭയാശങ്കകള്‍ മുതലാക്കി വമ്പിച്ച അഴിമതിയും ക്രമക്കേടും നടത്തിയ, 1600 കോടി രൂപ കൊള്ളയടിച്ച, ശപിക്കപ്പെട്ട ഭരണാധികാരികളുടെ നാടാണിത്. 2018 യിലെ പ്രളയത്തിലും തുടര്‍ന്ന് മഹാമാരിക്കാലത്തും ലോകം മുഴുവന്‍ സഞ്ചരിച്ച് വ്യാപകമായി നടത്തിയ പണപ്പിരിവിന്റെ വരവ് ചെലവ് കണക്ക് പോലും പൊതുസമൂഹത്തില്‍ നിന്ന് മറച്ചുവെച്ച ഭരണാധികാരികളാണ് ഇവര്‍.

കോവിഡ്കാലത്ത് പി.ആര്‍. ഏജന്‍സികളുടെ പൊയ്ക്കാലില്‍ സഞ്ചരിച്ച ഭരണകൂടം മുടന്തി വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടതു്. കോവിഡ് മഹാമാരിയുടെ ബാക്കിപത്രമാകട്ടെ ഇന്ത്യാ രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമെന്ന അപഖ്യാതിയും. ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയ നിരീക്ഷണവും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

സ്തുതി ഗീതങ്ങള്‍ പാടുന്നവരുടെ തടവുകാരനായി നില്‍ക്കുന്ന ഒരു ഭരണാധികാരിക്ക് നേര്‍ വഴിയിലൂടെ ചിന്തിക്കാന്‍ കഴിയില്ല. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ ആര്‍ജ്ജവമുള്ള ആരുമില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. ഒരു ജനതക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണകൂടമെ ലഭിക്കാറുള്ളൂ എന്ന പഴമൊഴി ഇവിടെ അന്വര്‍ത്ഥമാവുകയാണൊ? നാം അത്രമാത്രം ഹതഭാഗ്യരാണോ ?ഒരിക്കലുമല്ല എന്ന് തെളിക്കാന്‍ നമുക്ക് കഴിയും.ശ്രീലങ്കയുടെ പതനം നമുക്ക് പാഠമാകട്ടെ.

Content Highlights: Sri Lanka crisis Good lesson for Kerala-Mullappally Ramachandran

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented