പ്രതീകാത്മക ചിത്രം| ഫോട്ടോ : മാതൃഭൂമി
നാടിന്റെ ഏത് വികസനപദ്ധതിയെക്കുറിച്ച് ആലോചിക്കുമ്പോഴും രാജ്യത്തിന്റെ ഗുണപരമായ വളര്‍ച്ചയ്ക്ക് അത് പര്യാപ്തമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. അടിസ്ഥാനജനവിഭാഗത്തെ ചേര്‍ത്തുപിടിച്ച് അവരുടെ മണ്ണിനെയും മനസ്സിനെയും സംരക്ഷിക്കാന്‍, അവരുടെ പ്രശ്‌നങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കില്ലെന്ന നയമാണ് ഇടതുപക്ഷ സര്‍ക്കാരിന്റേതെങ്കില്‍ കെ-റെയില്‍ പദ്ധതിയില്‍നിന്ന് പിണറായി സര്‍ക്കാര്‍ പിന്തിരിയണം.
വേഗമാണോ വികസനം
ഇന്ധനനികുതിയില്‍ ഒരു പൈസപോലും കുറയ്ക്കാന്‍ കഴിയാത്ത, സാമ്പത്തികപ്രതിസന്ധി ഉണ്ടെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണ് പതിനായിരം കോടി ഈ പദ്ധതിക്കുവേണ്ടി നല്‍കാമെന്ന് പറയുന്നത്. അടിസ്ഥാന ജനവിഭാഗത്തെ ചേര്‍ത്തുപിടിക്കുന്നവര്‍ പെട്രോളിനും ഡീസലിനും പത്തുരൂപ കുറച്ച് തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെയുള്ള പി.ഡബ്ല്യു.ഡി. റോഡുകള്‍ ഗതാഗതയോഗ്യമാക്കിത്തീര്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പി.ഡബ്ല്യു.ഡി. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന കേരളത്തില്‍ കോടികള്‍ കടം വാങ്ങിച്ച് സാമ്പത്തികഭാരമുണ്ടാക്കി 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനോടിച്ചാല്‍ എന്തുപശ്ചാത്തലവികസനമാണ് നാടിനുണ്ടാവുക? 200 കിലോമീറ്റര്‍ വേഗത്തില്‍ 530 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികശേഷിയും നാടിന്റെ സാമ്പത്തികചാലകശക്തിയും കൂടുമെന്നുപറയുന്നത് പൊള്ളയായ പ്രസ്താവന മാത്രമാണ്. 530 കിലോമീറ്ററിനുള്ളില്‍ നാല് വിമാനത്താവളങ്ങളും ഇടതടവില്ലാതെ ഓടുന്ന ട്രെയിനുകളും കെ.എസ്.ആര്‍.ടി.സി. ബസുകളും ഉണ്ടായിരിക്കേ ഇതിലൂടെയൊന്നും ഉണ്ടാക്കാന്‍കഴിയാത്ത എന്ത് സാമ്പത്തികചാലകശേഷിയാണ് 200 കിലോമീറ്റര്‍ വേഗത്തില്‍ ഒറ്റപ്പെട്ട പാളത്തിലൂടെ ട്രെയിനോടിച്ചാല്‍ കേരളത്തിനുണ്ടാകുന്നത്.
വികസനമെന്നാല്‍ നിര്‍മാണമല്ല
പശ്ചിമഘട്ടത്തില്‍നിന്ന് പടിഞ്ഞാറന്‍ തീരത്തേക്കുള്ള ശരാശരി ദൂരം 55 കിലോമീറ്ററാണ്. സംസ്ഥാനത്തിന്റെ നീളം 550 കിലോമീറ്ററിനടുത്തുമാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട് കാറ്റും നീരൊഴുക്കും സഞ്ചരിക്കുന്നത് കിഴക്കുപടിഞ്ഞാറാണ്. ചുരുങ്ങിയത് 4.5 മീറ്റര്‍ ഉയരത്തില്‍ വമ്പന്‍ മതിലുകെട്ടി കേരളം നെടുകെ പിളര്‍ത്തി പാലവും പാളവും പണിയുമ്പോള്‍, ജലത്തിന്റെ സ്വാഭാവികഒഴുക്ക് തടയപ്പെടുകയും കെ-റെയില്‍ പദ്ധതിയിലെ അടിപ്പാത കേന്ദ്രീകരിച്ച് വെള്ളക്കെട്ടും മണ്ണിടിച്ചിലും ഉണ്ടാവും. കുന്നുകളിടിക്കാതെ, പാടങ്ങള്‍ നികത്താതെ ഈ പദ്ധതി നടപ്പാനാകില്ല. പരിസ്ഥിതിയെ മറന്ന് കേരളത്തില്‍ ഒരു വികസനവും നടപ്പാക്കാനാവില്ലെന്ന് സമീപകാല അനുഭവങ്ങളില്‍നിന്ന് വ്യക്തമായിട്ടും വേണ്ടത്ര പഠനമില്ലാതെ സര്‍ക്കാര്‍ എന്തിന് ധൃതികൂട്ടുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ്, ഡി.പി.ആര്‍., സാധ്യതാപഠനം, പരിസ്ഥിതി ആഘാതങ്ങള്‍ എന്നീ രേഖകളൊന്നും ചര്‍ച്ചയ്ക്കായി ലഭ്യമല്ല. ജനകീയമായി ഒരു ചര്‍ച്ചയും നടത്താതെ ആരുമറിയാതെ രാത്രിയില്‍ അതിര്‍ത്തിനിര്‍ണയക്കല്ലുകള്‍ പാകുന്നത് ഒരു ജനാധിപത്യസര്‍ക്കാരിന് യോജിച്ചതാണോ? 80 ശതമാനം ഭൂമി ഏറ്റെടുത്താല്‍ വിദേശഫണ്ട് ലഭിക്കുമെന്നാണ് പദ്ധതിയുടെ എം.ഡി. 2021 ഫെബ്രുവരി 26-ന് ആമുഖചര്‍ച്ചയില്‍ പറഞ്ഞത്. വിദേശവായ്പയ്ക്കുവേണ്ടി ജനങ്ങളുടെ അനുവാദമില്ലാതെ അവരുടെ മണ്ണില്‍ അതിര്‍ത്തിനിര്‍ണയിച്ച് കല്ലുപാകി ഭൂമിയേറ്റെടുക്കുന്ന ഭരണകൂടസമീപനം ധാര്‍ഷ്ട്യവും ഫാസിസവുമാണ്. ജനങ്ങളുടെ മുമ്പില്‍ പലതും മറയ്ക്കുന്ന സര്‍ക്കാര്‍ വിദേശഏജന്‍സികള്‍ക്കുമുമ്പില്‍ രാജ്യവിഭവങ്ങള്‍ പണയംവെച്ചാണ് വിദേശഫണ്ട് നേടുന്നത്.
ഭാരമായി മാറും
റെയില്‍വേമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എന്‍ജിനിയറിങ് കോഡുപോലും ഉപേക്ഷിച്ച് ബ്രോഡ്‌ഗേജായിരുന്ന പദ്ധതിയുടെ ആദ്യനിര്‍ദേശം 55 ദിവസത്തിനിടയില്‍ സ്റ്റാന്‍ഡേഡ് ഗേജിലേക്കുമാറ്റി അലൈന്‍മെന്റിന്റെ പഠനംപോലും നടത്താതെയാണ് ഡി.പി.ആര്‍. സമര്‍പ്പിച്ചതെന്ന വിമര്‍ശങ്ങളുയരുന്നു. കേരളത്തില്‍ പകല്‍യാത്രയ്ക്ക് യോജിച്ചത് 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ബ്രോഡ്‌ഗേജ് റെയില്‍ ഗതാഗതമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ റെയില്‍വേ തയ്യാറാക്കിയ വിഷന്‍ 2020-ന്റെ ഭാഗമായി രൂപവത്കരിച്ച പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2025 ആകുമ്പോഴേക്കും പ്രധാന ബ്രോഡ്‌ഗേജ് ലൈനുകള്‍ 160 കിലോമീറ്റര്‍ വേഗത്തിലെത്തിക്കുക എന്നതാണ്. ഇന്നത്തെ റെയില്‍വേ ലൈനിലെ പ്രധാനപ്രശ്‌നം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാത്തതും കാലഹരണപ്പെട്ട സിഗ്‌നല്‍സംവിധാനവുമാണ്. അമ്പലപ്പുഴ, എറണാകുളം, ചിങ്ങവനം, ഏറ്റുമാനൂര്‍ എന്നീ പ്രദേശങ്ങളിലൂടെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനുവേണ്ടി സ്ഥലമേറ്റെടുക്കുന്ന കാര്യത്തിലും കേരളസര്‍ക്കാരിന് വലിയ താത്പര്യമില്ല. സിഗ്‌നല്‍ സമ്പ്രദായം ആധുനികീകരിക്കപ്പെടുകയും പാത ഇരട്ടിപ്പിക്കുകയും ചെയ്താല്‍ ഇന്നത്തെ നിലയില്‍ കേരളത്തിലെ ട്രെയിന്‍യാത്ര സുഗമമാക്കാനും 40 ശതമാനം സമയം ലഭിക്കാനും കഴിയും. പുതിയ പദ്ധതിക്കുപകരം നിലവിലെ റെയിലിനോടുചേര്‍ന്ന് ഒരു തേഡ് റെയില്‍ വികസിപ്പിക്കാനും സര്‍ക്കാരിന് മുന്‍കൈയെടുക്കാവുന്നതാണ്. എന്നാല്‍, ഇതൊന്നും ചെയ്യാതെയും നിലവിലുള്ള റെയില്‍വേ ഗതാഗതവുമായി ചേര്‍ന്നുപോകാതെയും അന്തസ്സംസ്ഥാന യാത്രയ്ക്ക് ഉപകാരപ്രദവുമല്ലാത്ത ഈ പദ്ധതി കൊണ്ടുവരുന്നതിന്റെ പിന്നില്‍ കൃത്യമായ സാമ്പത്തികതാത്പര്യവും ഹിഡന്‍ അജന്‍ഡയുമുണ്ട്. ഈ പദ്ധതി നടപ്പായാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വന്‍ ഭാരമായി മാറുമെന്നതില്‍ സംശയമില്ല.
(ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..