പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
കേരളത്തെ രണ്ടായി വെട്ടിമുറിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയുടെ ദോഷഫലങ്ങള്‍ അനുഭവിക്കാന്‍പോകുന്ന ബഹുഭൂരിപക്ഷം ജനതയുടെ ആശങ്കകള്‍ നേരിട്ടും അല്ലാതെയും അറിയുന്ന ജനപ്രതിനിധിയാണു ഞാന്‍. ഈ വിഷയത്തില്‍ ഒട്ടേറെ ഫോറങ്ങളില്‍; നീതി ആയോഗിലും റെയില്‍വേ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമെന്നനിലയില്‍ റെയില്‍വേ മന്ത്രാലയത്തിലും എം.പി. എന്നനിലയില്‍ കേന്ദ്ര റെയില്‍വകുപ്പ് മന്ത്രിയോടും ലോക്സഭയിലും ചോദ്യങ്ങളുന്നയിക്കുകയും ചെയ്തതാണ്. ഈ ഫോറങ്ങളില്‍നിന്നെല്ലാം അറിയാന്‍കഴിഞ്ഞത്, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭീമമായ സാമ്പത്തികബാധ്യതകളില്‍ കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ടാവില്ല എന്നാണ്. എന്നുവെച്ചാല്‍ നാലുലക്ഷം കോടി രൂപയുടെ ഭീമമായ കടം നിലനില്‍ക്കുന്ന, ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ചെലവുകളില്‍ നിരന്തരം കടമെടുക്കുന്ന കേരള സര്‍ക്കാര്‍ 63,941 കോടി രൂപയുടെ ബാധ്യതകൂടി മലയാളിക്കുമേല്‍ കെട്ടിവെക്കാന്‍പോകുന്നു എന്നതാണ്.
വെള്ളാനയെ എഴുന്നള്ളിക്കാന്‍ ധൃതി
കേരള സര്‍ക്കാര്‍, റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ച തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ (കെ-റെയില്‍) പദ്ധതിക്ക് തത്ത്വത്തില്‍ മാത്രമാണ് അംഗീകാരം എന്നിരിക്കെ അതിവേഗ കുടിയൊഴിപ്പിക്കലുമായി മുന്നോട്ടുപോകുന്നത് ആരുടെ താത്പര്യമാണെന്നും അതിനുപിന്നിലെ അജന്‍ഡ എന്താണെന്നും കെ-റെയില്‍ അധികൃതരും സര്‍ക്കാരും വിശദമാക്കിയേ മതിയാവൂ.
റെയില്‍വേ ബോര്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ അംഗവും റെയില്‍വേവകുപ്പ് എക്‌സ് ഒഫീഷ്യോ സെക്രട്ടറിയുമായ സഞ്ജീവ് മിത്തല്‍, ഈ വിഷയം സംബന്ധിച്ച് ഞാന്‍ നല്‍കിയ കത്തിനുതന്ന മറുപടിയില്‍ അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കുന്നത്, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്നാണ്.
ഏറെ പ്രാധാന്യമുള്ള പ്രാദേശിക ഇടപെടലുകളില്‍, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായ പദ്ധതിയുടെ കാര്യക്ഷമമായ വിഭാവനവും നടപ്പാക്കലുംപോലും സാധിക്കാത്ത സര്‍ക്കാരാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി പതിനൊന്നു ജില്ലകളിലും വില്ലേജ് ഓഫീസുകള്‍തോറും സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകള്‍ തുറന്നുവെച്ച് 'എന്തൊക്കെയോ നടക്കുന്നു', എന്ന പ്രതീതിസൃഷ്ടിക്കാന്‍ കിണഞ്ഞുശ്രമിക്കുന്നത്!
സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിയെക്കാള്‍ കേരളത്തിന് ഇപ്പോള്‍ ആവശ്യം നിലവിലുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പദ്ധതികളുടെ സമയബന്ധിത പൂര്‍ത്തീകരണവും തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പ്പാതയും നവീകരിച്ച സിഗ്‌നല്‍ സംവിധാനത്തോടുകൂടിയുള്ള ശേഷിവര്‍ധനയുമാണ്.
നിയമക്കുരുക്കുകളില്‍പ്പെട്ടും സ്ഥലമേറ്റെടുപ്പില്‍ ഉണ്ടാകാവുന്ന കാലവിളംബംകൊണ്ടും അനുമാനിക്കപ്പെട്ട ആകെ പദ്ധതിത്തുകയുടെ ഇരട്ടിയിലധികമായിമാറുന്ന സാഹചര്യം ഈ പദ്ധതിക്ക് വരില്ല എന്ന് ഒരുറപ്പും കെ-റെയില്‍ കോര്‍പ്പറേഷന് നല്‍കാന്‍കഴിയില്ല എന്നിരിക്കെ, പ്രാരംഭദശയില്‍ത്തന്നെ വന്‍നഷ്ടംമാത്രം സമ്മാനിക്കുമെന്ന വസ്തുത എങ്ങനെയാണ് പി.ആര്‍. പ്രചാരണവേലകള്‍കൊണ്ട് ഇല്ലാതാക്കാനാവുക?
സില്‍വര്‍ ലൈന്‍ സംബന്ധിച്ച എല്ലാ വിഷയങ്ങളും വിശദമായി ചര്‍ച്ചചെയ്യാന്‍ കേരളത്തിലെ എം.പി.മാരുടെ പ്രത്യേകയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിക്കുകയും അവരുടെ അഭിപ്രായം തേടുകയും വേണം. ഒപ്പംതന്നെ, കേരളത്തിനെയൊന്നാകെ നെടുകെ പിളര്‍ന്നുകൊണ്ടുപോകുന്ന രീതിയിലെ നിര്‍മിതിയായ സില്‍വര്‍ ലൈന്‍ പദ്ധതികാരണം പതിനായിരക്കണക്കിന് ആളുകളുടെ കിടപ്പാടവും കൃഷിഭൂമിയും ആശുപത്രികളും ആരാധനാലയങ്ങളും പൊളിച്ചുമാറ്റേണ്ട സാഹചര്യവും ഗൗരവമായി പരിഗണിക്കണം.
സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി 15 മുതല്‍ 25 മീറ്റര്‍ സ്ഥലംമതിയെന്ന് കെ-റെയില്‍ അധികാരികള്‍ പറഞ്ഞുവെക്കുമ്പോള്‍ നാം ആലോചിക്കേണ്ടത്, ദേശീയപാതതന്നെ നിലവിലെ ദൂരപരിധി മൂന്നുമീറ്ററില്‍നിന്ന് ഏഴരമീറ്ററായി ദേശീയ ഹൈവേ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട് എന്നതാണ്. അപ്പോള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബഫര്‍സോണ്‍ മിനിമം പരിധി, ഇന്ത്യന്‍ റെയില്‍വേ നിഷ്‌കര്‍ഷിച്ച 30 മീറ്റര്‍ എന്ന പരിധിയെക്കാള്‍ കൂടുതലാവും എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അങ്ങനെവരുമ്പോള്‍ കുടിയൊഴിപ്പിക്കല്‍ അധികൃതര്‍ പറയുന്നതിലും ഇരട്ടിയാകും എന്നതും വസ്തുതയാണ്. ഇത്തരത്തില്‍ കുടിയൊഴിപ്പിക്കലിന്റെ ഭീകരമായ യാഥാര്‍ഥ്യങ്ങള്‍ അധികൃതര്‍ ജനങ്ങളില്‍നിന്നും മറച്ചുവെക്കുകയാണ്.
പിഴയ്ക്കുന്ന കണക്കുകള്‍
ലിഡാര്‍ സര്‍വേ മാത്രമാണ് നടത്തിയത്. വിവിധ പ്രദേശങ്ങളില്‍ പാതയുടെയും നിലവിലുള്ള കെട്ടിടങ്ങളുടെയും മലനിരകളുടെയും ഉയരം കണക്കാക്കുന്നതിനുള്ള ടോപ്പോഗ്രാഫിക്കല്‍ സര്‍വേ, പദ്ധതിമേഖലയിലെ ജലനിരപ്പ്, ജലാശയങ്ങള്‍ക്കു മുകളിലൂടെയുള്ള പാലം, എലിവേറ്റഡ് പാലം, മണ്ണിന്റെ ഘടന, അടിത്തറനിര്‍മാണത്തെപ്പറ്റിയുള്ള വിലയിരുത്തല്‍ എന്നിവ കണക്കാക്കാനുള്ള ഹൈഡ്രോഗ്രാഫിക് പഠനങ്ങള്‍ എന്നിവയ്ക്കായുള്ള ടെന്‍ഡര്‍ ക്ഷണിച്ചത് അടുത്തുമാത്രമാണ്. അപ്പോള്‍ ടോപ്പോഗ്രാഫിക്, ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍ പൂര്‍ത്തിയായില്ല എന്നകാര്യം വ്യക്തമാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഏത് ശാസ്ത്രീയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവകാശങ്ങള്‍ ഉന്നയിക്കുന്നതെന്ന് കെ-റെയില്‍ അധികൃതര്‍ വ്യക്തമാക്കണം.
രണ്ടു പ്രളയങ്ങളും വെള്ളക്കെട്ടുകളും കടല്‍ക്ഷോഭങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങളും പേറുന്ന കേരള സംസ്ഥാനം ഇനിയുമൊരു പരിസ്ഥിതിനശീകരണത്തിനെ അതിജീവിക്കുമോ എന്നത് ചിന്ത്യമാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി നടത്തിയ പ്രാഥമിക പരിസ്ഥിതി ആഘാത പഠനത്തില്‍പ്പോലും പറയുന്നത് പതിനൊന്നു കിലോമീറ്ററോളം പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവ നിര്‍മിക്കുകയും ഒട്ടേറെ പൊതുകെട്ടിടങ്ങള്‍, വീടുകള്‍ ഉള്‍പ്പെടെ പൊളിക്കുകയും വേണമെന്നാണ്. ഇത്രയധികം നിര്‍മാണപ്രവൃത്തികള്‍ക്കാവശ്യമുള്ള വസ്തുക്കള്‍ എവിടെനിന്നു കൊണ്ടുവരും? അതിനായി പുതുതായി എത്ര ക്വാറികള്‍ വേണ്ടിവരും? ഇതൊക്കെ പൊതുവില്‍ത്തന്നെ പരിസ്ഥിതിദുര്‍ബലമായ കേരളത്തിന്റെ നിലനില്‍പ്പിനെ എങ്ങനെയൊക്കെ ബാധിക്കും? ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍, അതും ഒരു ചതുരശ്ര കിലോമീറ്ററില്‍ എണ്ണൂറിലധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങള്‍ മാത്രമുള്ള കേരളത്തില്‍ എങ്ങനെയാണ് കുടിയൊഴിപ്പിക്കലുകള്‍ നടപ്പാക്കുക? ഭൂരിപക്ഷ ജനങ്ങളുടെ അഭിപ്രായം അംഗീകരിച്ച് സില്‍വര്‍ ലൈന്‍ എന്ന മഹാബാധ്യതയെ സര്‍ക്കാര്‍ റദ്ദുചെയ്യണം
(പാര്‍ലമെന്റ് അംഗമാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..