ശശി തരൂർ | ഫോട്ടോ: PTI
പതിമ്മൂന്ന് വര്‍ഷത്തെ രാഷ്ട്രീയജീവിതത്തില്‍, തെറ്റിദ്ധരിക്കപ്പെടുകയെന്നത് എനിക്കൊരു ശീലമായിരിക്കുന്നു. ഒരുപക്ഷേ, ആശയപരമായി എതിര്‍പക്ഷത്തുനില്‍ക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന എന്തിനെയും കണ്ണടച്ച് എതിര്‍ക്കുകയെന്ന രാഷ്ട്രീയാചാരം പഠിക്കാത്തതിലും ബദ്ധശത്രുക്കളില്‍നിന്നുപോലും സമവായം തേടുന്ന ഐക്യരാഷ്ട്രസഭയിലെ 29 വര്‍ഷത്തെ അനുഭവത്തില്‍നിന്നും ഉണ്ടായതാകണം അത്.
ഒരു കോണ്‍ഗ്രസുകാരനായ ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് അതി ഉദാരത പുലര്‍ത്തുകയാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന രണ്ടുസംഭവങ്ങളാണ് ഏറ്റവും ഒടുവിലത്തേത്. കെ-റെയിലിനെ എതിര്‍ത്ത് കേരളത്തിലെ യു.ഡി.എഫ്. എം.പി.മാര്‍ റെയില്‍വേ മന്ത്രിക്കയച്ച കത്തില്‍ ഞാന്‍ ഒപ്പിട്ടില്ലെന്നതാണ് ആദ്യത്തെ സംഭവം. ഇത് വലിയ ഊഹാപോഹങ്ങളിലേക്കാണ് നയിച്ചത്. എന്റെ മണ്ഡലമായ തിരുവനന്തപുരത്ത് കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളിന്റെ ഉദ്ഘാടനവേളയില്‍ സംസ്ഥാനത്ത് സ്വകാര്യനിക്ഷേപകരെ മുഖ്യമന്ത്രി സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള എന്റെ വാക്കുകളും കെ-റെയിലുമായി ചേര്‍ത്ത് വായിക്കപ്പെട്ടു.
പഠിച്ചശേഷംമാത്രം തീരുമാനം
ഇവിടെ സംഭവിച്ചതെന്താണെന്ന് വ്യക്തമായിപ്പറയാം. തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈ-സ്പീഡ് റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതിയുമായും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് തോന്നിയതിനാലാണ് കത്തില്‍ (അതിന്റെ ഉള്ളടക്കം എന്താണെന്ന് എന്നെ കാണിച്ചിട്ടുമുണ്ടായിരുന്നില്ല) ഒപ്പുവെക്കാതിരുന്നത്. സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ച് നിര്‍ണായകമായ പദ്ധതിയെക്കുറിച്ച് നന്നായി പഠിച്ചാല്‍ മാത്രമേ അക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കാനാകൂ. ഒരു കാര്യം വ്യക്തമായി പറയാനാഗ്രഹിക്കുന്നു, നിവേദനത്തില്‍ ഒപ്പിട്ടില്ല എന്നതിനര്‍ഥം ഞാന്‍ ആ പദ്ധതിയെ സ്വാഗതം ചെയ്യുന്നു എന്നല്ല. മറിച്ച് നിലപാട് പരസ്യമാക്കുന്നതിനുമുമ്പ് അതേക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സമയമാവശ്യപ്പെടുന്നു എന്ന് മാത്രമാണ്.
എന്റെ സഹപ്രവര്‍ത്തകരായ യു.ഡി.എഫ്. എം.പി.മാര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ കെ-റെയില്‍ പദ്ധതി ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. സമൂഹത്തില്‍, പ്രത്യേകിച്ചും കുടിയൊഴിപ്പിക്കപ്പെടുന്ന പ്രദേശവാസികളുടെ കാര്യത്തില്‍ പദ്ധതിയുണ്ടാക്കുന്ന പ്രത്യാഘാതം. കഴിഞ്ഞവര്‍ഷങ്ങളിലായി സ്വതവേ ദുര്‍ബലമായ കേരളത്തിന്റെ പരിസ്ഥിതിയെ ഇതെങ്ങനെ ബാധിക്കും? പരിസ്ഥിതിലോല മേഖലകളില്‍ ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ? വന്‍ ചെലവുവരുന്ന ഈ പദ്ധതി സാമ്പത്തികമായി എത്രത്തോളം പ്രായോഗികമാണ്, പദ്ധതിയുടെ ഫണ്ടിങ്ങിനെക്കുറിച്ചും അത് കേരളത്തിലെ നികുതിദായകര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാക്കുന്ന ബാധ്യതയെക്കുറിച്ചും അടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുമോ? സമഗ്രമായ കൂടിയാലോചന വേണ്ട കാര്യങ്ങളാണിത്.
വിഷയങ്ങള്‍ക്ക്അനുസരിച്ചാകണം നിലപാടുകള്‍
നമ്മുടെ രാഷ്ട്രീയം ഇത്രയേറെ സങ്കുചിതമാകാനുള്ളതല്ലെന്ന ബോധ്യമാണ് പ്രചരിച്ച അസംബന്ധങ്ങളില്‍ വിശദീകരണം നല്‍കാനുള്ള കാരണം. കറുപ്പും വെളുപ്പുമെന്ന രണ്ട് കള്ളികളില്‍മാത്രമാണ് മാധ്യമങ്ങള്‍ കാര്യങ്ങള്‍ കാണുന്നത്. ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ പ്രസിദ്ധമായ വാക്കുപോലെ ''നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണോ അതോ ഞങ്ങള്‍ക്കെതിരാണോ'' എന്ന രീതിയിലാണ് മാധ്യമങ്ങള്‍ പോകുന്നത്. (യു.എസ്. മുന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ സമാനചോദ്യം നെഹ്രുവിനോട് ചോദിച്ചിരുന്നു: ''അതെ, നിങ്ങളോടു യോജിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്, നിങ്ങളോട് വിയോജിക്കുമ്പോള്‍ നിങ്ങള്‍ക്കെതിരേയും. അത് വിഷയങ്ങള്‍ക്കനുസരിച്ചാണ്'' -ഇതായിരുന്നു നെഹ്രുവിന്റെ മറുപടി.) എന്നാല്‍, നെഹ്രുവിന്റെ നിലപാട് മാധ്യമങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. ഒന്നുകില്‍ മുഖ്യമന്ത്രിക്കൊപ്പം, അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിര് എന്നതാണ് അവരുടെ സമീപനം. മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലും നയങ്ങളിലും സ്വീകാര്യവും വിമര്‍ശനാത്മകവും നല്ലതോ ചീത്തയോ അല്ലാത്തതുമായ കാര്യങ്ങളുമുണ്ടാകുമെന്നത് നമ്മുടെ രാഷ്ട്രീയനിരീക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള കാര്യമാണ്.
രാഷ്ട്രീയത്തില്‍ ഭിന്നതകളുണ്ടെങ്കിലും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കാനും വിഷയങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും നമ്മുടെ രാഷ്ട്രീയം അനുവദിക്കാത്തത് എന്തുകൊണ്ടാണ്? മറുഭാഗത്തുള്ളവര്‍ ശരിയായ കാര്യമാണ് പറയുന്നതെങ്കില്‍ അതിനെ അംഗീകരിച്ചുകൊണ്ട് നമ്മുടെ നിലവാരമുയര്‍ത്താനും അവരുടെ തുടര്‍ന്നുള്ള നടപടികള്‍ വിലയിരുത്താനും നമുക്ക് ആകാത്തതെന്തുകൊണ്ടാണ്? മറുപക്ഷത്തുള്ളവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ആശയപരമായി കാണാനും കേള്‍ക്കാനും നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?
വേണ്ടത് തുറന്ന ചര്‍ച്ച
സര്‍ക്കാര്‍ പ്രതിനിധികളും കെ-റെയിലിന്റെ സാങ്കേതിക-ഭരണ മേധാവികളും പ്രാദേശിക ജനപ്രതിനിധികളും ഉള്‍പ്പെടുന്ന ഒരു ഫോറം രൂപവത്കരിച്ച് അതില്‍ ഓരോ ആശങ്കയും ചോദ്യങ്ങളും അവധാനതയോടെ തുറന്ന രീതിയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. സങ്കീര്‍ണവും സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാന്‍ കെല്‍പ്പുള്ളതുമായ ഒരു പദ്ധതിയെക്കുറിച്ച് യോജ്യമായ നിഗമനത്തിലെത്താന്‍ ഇത്തരം സമീപനമാണ് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുക. ഒരുപക്ഷേ, സര്‍ക്കാരിന്റെ വാദങ്ങള്‍ ഒടുവില്‍ നമുക്ക് ബോധ്യപ്പെട്ടേക്കില്ല. പക്ഷേ, അവര്‍ക്കു പറയാനുള്ളത് കേള്‍ക്കുന്നതിനുമുമ്പേ സര്‍ക്കാരിന്റെ നിലപാടുകള്‍ അപ്പാടേ തള്ളിക്കളയുന്നത് അനവസരത്തിലുള്ളതും ജനാധിപത്യവിരുദ്ധവുമാണ്.
ലുലു മാള്‍ ഉദ്ഘാടനവേളയില്‍ എന്റെ പ്രസംഗത്തില്‍ രണ്ടു കാര്യങ്ങളാണ് പറഞ്ഞത്. ആദ്യത്തേത്, തിരുവനന്തപുരത്ത് ഷോപ്പിങ്ങിനും ഭക്ഷണത്തിനും വിനോദത്തിനുമെല്ലാമായി ഇത്തരത്തിലുള്ള കൂടുതലിടങ്ങള്‍ വേണം. ദേശീയ, അന്താരാഷ്ട്ര കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന് അത് അത്യാവശ്യമാണ് (മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള നഗരമേഖലകളാണ് താത്പര്യമെന്നതിനാല്‍ ടെക്‌നോപാര്‍ക്കില്‍ മികച്ചരീതിയില്‍ വളര്‍ന്നിരുന്ന ഒരു ഐ.ടി. കമ്പനി ബെംഗളൂരുവിലേക്ക് പറിച്ചുനടപ്പെട്ട സംഭവമുണ്ടായിരുന്നു. ഇത് ഉദാഹരണമാക്കിയാണ് ഞാന്‍ സംസാരിച്ചത്).
നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ കേരളത്തിലെ യുവാക്കള്‍ക്ക് ആവശ്യമാണെന്നതായിരുന്നു രണ്ടാമത്തേത്. ഇതിനുള്ള ഒരേയൊരു മാര്‍ഗം സ്വകാര്യമേഖലയിലെ നിക്ഷേപകര്‍ക്ക് സംസ്ഥാനത്ത് വാതില്‍ തുറന്നുനല്‍കുകയാണ്. ലുലു സ്ഥാപകന്‍ യൂസഫലിക്കു നല്‍കുന്ന അതേ പരിഗണന ചെറുകിട-ഇടത്തരം വ്യവസായങ്ങളുമായെത്തുന്ന ചെറിയ നിക്ഷേപകര്‍ക്കും നല്‍കണം. 'വ്യവസായത്തിന് പറ്റിയ സ്ഥലമാണ് കേരളം' എന്ന സന്ദേശം ലോകത്താകമാനം പരക്കേണ്ടതുണ്ട്. മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലൂടെ ഈ സന്ദേശം അവതരിപ്പിച്ചതിനാണ് ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചത്. ഇക്കാര്യം ഞാന്‍ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ സദസ്സിലുണ്ടായിരുന്നവര്‍ കൈയടിച്ചെങ്കിലും എന്റെ കാഴ്ചപ്പാടിനോട് ആശയപരമായ ചില എതിര്‍പ്പുകളുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, 'മുഖ്യമന്ത്രിയെ പുകഴ്ത്തി വീണ്ടും തരൂര്‍'' എന്ന വളച്ചൊടിച്ചുള്ള തലക്കെട്ടുകളും കെ-റെയിലിനെക്കുറിച്ച് എവിടെയും പരാമര്‍ശിച്ചിരുന്നില്ലെങ്കിലും അന്നത്തെ എന്റെ പ്രസംഗത്തെ കെ-റെയില്‍ വിഷയത്തിലെ എന്റെ നിലപാടുമായി കൂട്ടിക്കുഴച്ചതും എന്നെ സംബന്ധിച്ചിടത്തോളം നൂറുശതമാനം അപ്രതീക്ഷിതമായിരുന്നു.
ശത്രുവിന് സഹായവും ആശ്വാസവുമേകുന്നുവെന്ന് എന്റെ സഹപ്രവര്‍ത്തകര്‍പോലും ആക്ഷേപിച്ചു. ആദ്യമായിട്ടല്ലെങ്കിലും. തിരുവനന്തപുരം വിമാനത്താവളത്തിലെ മുഖ്യമന്ത്രിയുടെ നിലപാടടക്കം സി.പി.എമ്മിന്റെ പിന്തിരിപ്പന്‍ നയങ്ങളെ എതിര്‍ത്ത് എല്ലായ്പ്പോഴും ഞാന്‍ വികസനത്തെ പിന്തുണച്ചിരുന്നുവെന്നത് മറന്ന് സി.പി.എമ്മിന്റെ പല വക്താക്കളും എനിക്ക് കപടമായ അഭിനന്ദനം നേര്‍ന്നു. എന്റെ പരാമര്‍ശങ്ങളുടെ അന്തഃസത്ത ഇരുഭാഗങ്ങളും ഉള്‍ക്കൊള്ളാതെ പോയി. തീര്‍ത്തും സുതാര്യമായ എന്റെ വാദങ്ങളാണ് മുഖ്യമന്ത്രിയെ പരസ്യമായി പിന്തുണച്ചുവെന്ന രീതിയില്‍ ചുരുങ്ങിപ്പോയത്.
സ്വതന്ത്രചിന്ത തടയാന്‍ ആയുധം പാര്‍ട്ടി അച്ചടക്കം
നമ്മുടെ രാഷ്ട്രീയം പുലര്‍ത്തുന്ന ഈ കാഴ്ചപ്പാടിനെ മാധ്യമങ്ങള്‍കൂടി ഊട്ടിയുറപ്പിക്കുന്നത് അതിനെ കൂടുതല്‍ ദുഷിപ്പിക്കുന്നു. ഒരു ഭാഗം ചെയ്യുന്നതെല്ലാം യാന്ത്രികമായി മറുഭാഗത്തിന് ദോഷവും അംഗീകരിക്കാനാകാത്തതുമാകുന്ന തരത്തിലേക്ക് ഇത് ജനാധിപത്യത്തെ തരംതാഴ്ത്തുന്നു.
യു.പി.എ. സര്‍ക്കാരാണ് നടപ്പാക്കിയതെന്നതുകൊണ്ട് തങ്ങള്‍തന്നെ പിന്തുണച്ചിട്ടുള്ള പല പദ്ധതികളെയും ബി.ജെ.പി. പിന്നീട് എതിര്‍ത്തു. എല്‍.ഡി.എഫ്. എടുക്കുന്ന എന്തു നിലപാടിനെയും കണ്ണടച്ച് എതിര്‍ക്കുന്ന യു.ഡി.എഫും ഇതു തന്നെയാണ് ചെയ്യുന്നത്. വിനാശകരമായ പ്രതിപക്ഷ രാഷ്ട്രീയമെന്തെന്ന് ഇത് വ്യക്തമാക്കുന്നു.
ഇത് ന്യായമായ സംവാദത്തിന്റെ സാധ്യതയെപ്പോലും ഇല്ലാതാക്കുകയും തങ്ങളെപ്പോലെത്തന്നെ ചിന്തിക്കുന്നയാളുകളായി രാഷ്ട്രീയക്കാരെ കാണുന്നതില്‍നിന്ന് പൊതുജനങ്ങളെ അകറ്റുകയും ചെയ്യുന്നു. പകരം പാര്‍ട്ടിയുടെ അംഗീകാരത്താല്‍മാത്രം നിര്‍വചിക്കപ്പെടുന്ന സ്ഥായീരൂപത്തിലേക്ക് എല്ലാവരും തരംതാഴ്ത്തപ്പെടുന്നു. ആളുകള്‍ സ്വതന്ത്രമായി ചിന്തിക്കുന്നത് തടയാന്‍ 'പാര്‍ട്ടി അച്ചടക്കം' പ്രയോഗിക്കുന്നു.
ഇത് നമ്മുടെ ജനാധിപത്യത്തോട് വലിയ ദ്രോഹമാണ് ചെയ്യുന്നത്. നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍ പറഞ്ഞതുപോലെ ''ജനാധിപത്യമെന്നത് രാജ്യത്തിനാകെ ഗുണമേകുന്ന യുക്തിപരമായ ചിന്തയുടെ പ്രക്രിയയാകണം. തുടര്‍പ്രക്രിയയാകണം ജനാധിപത്യം. അവിടെ കൊടുക്കല്‍ വാങ്ങലുകളും സംവാദങ്ങളും ഭിന്നാശയങ്ങള്‍ തമ്മില്‍ വിട്ടുവീഴ്ചകളുമുണ്ടാകണം. അടിയും തിരിച്ചടിയുമെന്ന നിലയിലേക്ക് ജനാധിപത്യത്തെ തരംതാഴ്ത്തരുത്. പാവ്ലോവിന്റെ നായകളാകേണ്ടവരല്ല ജനാധിപത്യത്തിലെ രാഷ്ട്രീയക്കാര്‍."
Content Highlights: K-Rail Project: Congress MP Shashi Tharoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..