റഷ്യൻ ആക്രമണത്തെ തുടർന്ന് കീവിലെ മിലിട്ടറി കെട്ടിടത്തിന് സമീപം തീയും പുകയും ഉയർന്നപ്പോൾ (Photo: AP)
എല്ലാ യുദ്ധങ്ങളും അവയ്ക്ക് മാത്രം അവകാശപ്പെടുന്ന സവിശേഷ സാഹചര്യങ്ങളും സ്ഥലപരമായ പ്രത്യേകതകളും രാഷ്ട്രീയ സംഭവങ്ങളും ഉള്‍ക്കൊള്ളുന്നതാണെങ്കിലും വളരെ സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കുമ്പോള്‍ അവയിലെല്ലാം ഒളിഞ്ഞു നില്‍ക്കുന്ന ഒരു പൊതുഘടകത്തെ കണ്ടെത്താന്‍ സാധിക്കുന്നതാണ്. 'ഊര്‍ജ്ജ വിഭവത്തിന്മേലുള്ള നിയന്ത്രണം' എന്നതാണത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എല്ലാ യുദ്ധങ്ങള്‍ക്ക് പിന്നിലെയും പൊതുഘടകം അത് തന്നെയായിരുന്നു. ഇറാഖ്, സിറിയ, നൈജീരിയ, ദക്ഷിണ സുഡാന്‍, തെക്ക്-കിഴക്കന്‍ ചൈനീസ് സീ, ഒടുവില്‍ യുക്രൈന്‍ സംഘര്‍ഷവും. ആധുനിക മനുഷ്യ സമൂഹം ആത്യന്തികമായി ഊര്‍ജ്ജവേട്ടക്കാരാകുകയും (energy hunters), വര്‍ത്തമാന ഭൗമരാഷ്ട്രീയം അതനുസരിച്ച് പുനര്‍നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഉദ്വേഗജനകമായ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ അവയ്ക്ക് പിന്നിലെ യഥാര്‍ത്ഥ രാഷ്ട്രീയ കാരണങ്ങള്‍ എന്തെന്ന് വിശദീകരിക്കുവാന്‍ വലിയ താല്‍പര്യം കാണിക്കുമെന്ന് കരുതേണ്ടതില്ല. യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിനിടയില്‍ മറഞ്ഞുകിടക്കുന്ന ഘടകം ജര്‍മ്മനിയും റഷ്യയും തമ്മിലുള്ള ഊര്‍ജ്ജവ്യാപാരമാണെന്നും അമേരിക്കയടക്കമുള്ള, പാശ്ചാത്യലോകത്തെ ഈ പുതിയ ഭൗമരാഷ്ട്രീയ ബന്ധങ്ങള്‍ ഉത്കണ്ഠപ്പെടുത്തുന്നുണ്ടെന്നതും വസ്തുതയാണ്.
ജര്‍മ്മനിയെയും റഷ്യയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള നോര്‍ഡ് സ്ട്രീം-2 (Nord Stream2) പൈപ്പ്ലൈന്‍ ജര്‍മ്മനിയുടെ ഊര്‍ജ്ജ സുരക്ഷ കൂടുതല്‍ ഉറപ്പിക്കുന്നതും റഷ്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്ന ഒന്നായിരിക്കുമെന്നും അമേരിക്ക കരുതുന്നു. ഇത് റഷ്യയുടെ പാശ്ചാത്യ അധിനിവേശത്തെ കൂടുതല്‍ ബലപ്പെടുത്തുന്നതായിരിക്കുമെന്നതു കൊണ്ടുതന്നെ, വാതക വിതരണത്തിന് തയ്യാറെടുത്തുനില്‍ക്കുന്ന നോര്‍ഡ് സ്ട്രീം പൈപ്പ്ലൈന്‍ പദ്ധതിക്ക് തടയിടുക എന്നത് അമേരിക്കന്‍ സ്വപ്നമായി അവശേഷിക്കുകയാണ്.
'യൂറേഷ്യാ റിവ്യൂ'വിന്റെ മൈക്ക് വൈറ്റ്നീ എഴുതുന്നു:
''ജര്‍മ്മനിയും റഷ്യയും സുഹൃത്തുക്കളും വ്യാപാര പങ്കാളികളുമായ ഒരു ലോകത്ത്, യു.എസ്. സൈനിക താവളങ്ങളുടെ ആവശ്യമില്ല, യു.എസ്. നിര്‍മ്മിത, വിലയേറിയ ആയുധങ്ങളും മിസൈല്‍ സംവിധാനങ്ങളും ആവശ്യമില്ല, നാറ്റോയുടെ ആവശ്യമില്ല. അക്കൗണ്ടുകള്‍ ബാലന്‍സ് ചെയ്യുന്നതിന് യു.എസ്. ഡോളറില്‍ ഊര്‍ജ്ജ ഇടപാടുകള്‍ നടത്തുകയോ യു.എസ്. ട്രഷറികള്‍ സംഭരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ബിസിനസ്സ് പങ്കാളികള്‍ തമ്മിലുള്ള ഇടപാടുകള്‍ അവരുടെ സ്വന്തം കറന്‍സികളില്‍ നടത്താം, ഇത് ഡോളറിന്റെ മൂല്യത്തില്‍ കുത്തനെ ഇടിവുണ്ടാക്കുകയും സാമ്പത്തിക ശക്തിയില്‍ നാടകീയമായ മാറ്റമുണ്ടാക്കുകയും ചെയ്യും. അതുകൊണ്ടാണ് ബൈഡന്‍ ഭരണകൂടം നോര്‍ഡ് സ്ട്രീമിനെ എതിര്‍ക്കുന്നത്. ഇത് ഒരു പൈപ്പ് ലൈന്‍ മാത്രമല്ല, ഭാവിയിലേക്കുള്ള ഒരു ജാലകമാണ്; യൂറോപ്പും ഏഷ്യയും ഒരു വലിയ സ്വതന്ത്ര വ്യാപാര മേഖലയിലേക്ക് അടുക്കുന്ന ഭാവി, യുഎസില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ അവരുടെ പരസ്പര ശക്തിയും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നു''.
വംശീയ സംഘര്‍ഷങ്ങളും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ആത്യന്തികമായി ഉപയോഗപ്പെടുത്തുന്നത് ഊര്‍ജ്ജ യുദ്ധങ്ങളിലേക്കും അതിനനുസൃതമായ ഭൗമരാഷ്ട്രീയ ചേരിതിരിവുകളിലേക്കുമാണ്. ഊര്‍ജ്ജ കേന്ദ്രീകൃതമായ ഒരു ലോകത്ത്, എണ്ണയ്ക്കും വാതകത്തിനും മേലുള്ള നിയന്ത്രണങ്ങള്‍ യുദ്ധങ്ങളായി പരിണമിക്കപ്പെടുക സ്വാഭാവികമാണ്.
യുക്രൈന്‍-ക്രീമിയ-റഷ്യ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളും മറ്റൊന്നല്ലെന്ന് 2013 തൊട്ട് ആരംഭിച്ച പ്രതിസന്ധികളിലേക്കും സംഭവപരമ്പരകളിലേക്കും കണ്ണോടിച്ചാല്‍ മനസ്സിലാകും. റഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഊര്‍ജ്ജ ഇടനാഴി എന്ന നിലയില്‍ യുക്രൈനിന്റെ സ്ഥാനം നിര്‍ണ്ണായകമാണ്. യൂറോപ്പിലേക്കുള്ള എണ്ണ-വാതക വരവിന്റെ 30%വും റഷ്യയില്‍ നിന്നാണെന്നതും റഷ്യന്‍ ഒളിഗാര്‍ക്കുകളെ സംബന്ധിച്ചിടത്തോളം യുറോപ്പിലേക്കുള്ള യുക്രൈന്‍ പാത നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും കഴിയില്ലെന്നതും വസ്തുതയാണ്. അതേസമയം, യൂറോപ്പിന്റെ ഊര്‍ജ്ജ-വാണിജ്യ മേഖലയിലേക്കുള്ള റഷ്യന്‍ അധിനിവേശം അമേരിക്കന്‍ സഖ്യത്തിന് സങ്കല്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലാണ്.
Content Highlights: russia ukraine war, energy war
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..