A view of the central square following shelling of the City Hall building in Kharkiv, Ukraine (Photo: AP)
യുദ്ധത്തില്‍ കക്ഷിയല്ലാത്ത നമ്മുടെ രാജ്യത്തിന് ഏറ്റവും ദുഃഖകരമായ അനുഭവമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യക്കാരനായ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടിരിക്കുന്നു. ഭക്ഷണം വാങ്ങാനായി വരിനില്‍ക്കുമ്പോഴാണ് കര്‍ണാടകത്തില്‍നിന്നുള്ള വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുദ്ധത്തിലായാലും നിരായുധരായ ജനങ്ങള്‍ക്കുനേരെ അതിക്രമമരുതെന്നത് എല്ലാരാജ്യങ്ങളും തമ്മിലുള്ള കരാറാണ്. അതുസംബന്ധിച്ച 1949-ലെ ജനീവ കണ്‍വെന്‍ഷന്റെ പ്രമേയത്തിലും 1977-ല്‍ അതില്‍വരുത്തിയ ഭേദഗതിയിലുമെല്ലാം റഷ്യയും യുക്രൈനും പങ്കാളികളുമാണ്. യുദ്ധമല്ല, യുക്രൈനെ നിരായുധീകരിച്ച് സമാധാനമുണ്ടാക്കാനുള്ള പരിമിതമായ സൈനികനടപടിയെന്നവകാശപ്പെട്ട് തുടങ്ങിയ റഷ്യന്‍ അധിനിവേശം എല്ലാ അംഗീകൃതപെരുമാറ്റച്ചട്ടങ്ങളും ലംഘിക്കുന്നെന്നതിന്റെ തെളിവാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊലചെയ്ത സംഭവം.
യുക്രൈനില്‍ നാനൂറിലേറെ സാധാരണക്കാര്‍ ഇതിനകം കൊല്ലപ്പെട്ടെന്നാണ് യുക്രൈന്റെ ഔദ്യോഗിക കണക്കുതന്നെ. അതില്‍ 14 കുട്ടികളുമുണ്ട്. അവിടത്തെ രണ്ടാമത്തെ വലിയ നഗരമായ ഹാര്‍കിവിലും വുഹ്ലെഡര്‍, ഉമന്‍ തുടങ്ങിയ നഗരങ്ങളിലും ജനവാസകേന്ദ്രങ്ങള്‍ക്കുനേരെ ഷെല്‍വര്‍ഷമുണ്ടായെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നല്‍കുന്ന വിവരം. ഹാര്‍കിവില്‍ ജനവാസകേന്ദ്രത്തില്‍ നടന്ന ഷെല്‍ വര്‍ഷത്തിലാണ് ഇന്ത്യന്‍വിദ്യാര്‍ഥിയും കൊല്ലപ്പെട്ടത്. ഒഡേസ തുറമുഖനഗരത്തില്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ 10 സ്ത്രീകളടക്കം 18 പേര്‍ കൊല്ലപ്പെട്ടു. യുദ്ധക്കുറ്റത്തിന് റഷ്യന്‍സേനയ്‌ക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ട് യുക്രൈന്‍ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചിരിക്കുകയാണ്. യുദ്ധത്തില്‍ ഭാഗഭാക്കല്ലാത്തവരോടും റഷ്യന്‍സേന കാരുണ്യം കാണിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് 2014-ലെ ക്രൈമിയന്‍ യുദ്ധത്തില്‍ത്തന്നെ കണ്ടതാണ്. യു.എന്‍. കണക്കനുസരിച്ച് അക്കാലത്ത് യുക്രൈനിലെ 3393 സാധാരണക്കാരെയാണ് റഷ്യന്‍ സേന കൊലചെയ്തത്.
ബെലാറുസില്‍നടന്ന ചര്‍ച്ചയില്‍ സമാധാനത്തിനുള്ള വിദൂരസാധ്യതയുടെപോലും സൂചനയല്ല ഉണ്ടായതെന്നാണ് ആറാം നാളില്‍ യുദ്ധം അതിതീവ്രമായതിലൂടെ വ്യക്തമാകുന്നത്. അഞ്ചുമണിക്കൂര്‍നീണ്ട സംഭാഷണം 'വീണ്ടും കാണാം' എന്ന വാക്കോടെ അവസാനിപ്പിച്ചപ്പോള്‍ ലോകം പ്രതീക്ഷയിലായിരുന്നു. എന്നാല്‍, പതിനായിരക്കണക്കിന് റഷ്യന്‍ ഭടന്മാര്‍ സര്‍വസന്നാഹവുമായി യുക്രൈന്‍ തലസ്ഥാനത്തെ വലയംചെയ്യാന്‍ നീക്കം തുടങ്ങിയത് മണിക്കൂറുകള്‍ക്കകമാണ്. ചര്‍ച്ചയുടെ പേരില്‍ ആക്രമണത്തിന് ശക്തികുറയ്ക്കുകയും അതുവഴി പ്രതിരോധത്തില്‍ അയവുവരുത്താന്‍ യുക്രൈനെ നിര്‍ബദ്ധമാക്കുകയും ഇടവേളയ്ക്കിടയില്‍ വലിയ സേനാവ്യൂഹത്തിന്റെ കടന്നുകയറ്റത്തിന് വഴിയൊരുക്കുകയുമെന്ന തന്ത്രമാണ് റഷ്യ നടപ്പാക്കിയതെന്നാണ് അനുമാനിക്കേണ്ടത്. 64 കിലോമീറ്ററോളം നീളുന്ന സൈനിക വാഹനവ്യൂഹമാണ് കീവ് ലക്ഷ്യമാക്കി നീങ്ങുന്നതെന്നാണ് വാര്‍ത്ത.
യുദ്ധത്തിന്റെ വ്യാപ്തി കുറവായിരിക്കുമെന്ന സൂചനയാണ് ആദ്യദിവസങ്ങളില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. യുദ്ധം കൂടുതല്‍ രക്തരൂഷിതമാവുന്ന സാഹചര്യത്തില്‍ യുദ്ധഭൂമിയിലെ നമ്മുടെ പൗരരെ ഏറ്റവും പെട്ടെന്ന് തിരിച്ചെത്തിക്കുന്നതിനുള്ള തീവ്രയത്‌നം വേണം. യുദ്ധം തുടങ്ങി ആറുദിവസമായിട്ടും ഗംഗാദൗത്യത്തിലൂടെ രണ്ടായിരത്തോളം പേരെ മാത്രമാണ് തിരിച്ചെത്തിക്കാനായത്. ഇന്ത്യക്കാരായ പതിമ്മൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ ഷെല്‍വര്‍ഷം ഭയന്നും അര്‍ധപട്ടിണിയിലും മരവിപ്പിക്കുന്ന തണുപ്പിലും കടുത്ത മനോസമ്മര്‍ദത്തോടെ അവിടെ കഴിയുന്നു. തലസ്ഥാനമായ കീവിലേക്ക് റഷ്യന്‍ സേനകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ പൗരന്മാരെല്ലാം കീവില്‍നിന്ന് എങ്ങനെയെങ്കിലും പുറത്തേക്ക് കടക്കണമെന്നാണ് ഇന്ത്യന്‍ എംബസി ഒടുവില്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് കീവിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുകയും എംബസി അടയ്ക്കുകയും ചെയ്തു.
നവീന്‍ ശേഖരപ്പയുടെ മരണം അവിടെ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെയും ഇവിടെ അവരുടെ ബന്ധുക്കളെയും നാട്ടുകാരെയും ആശങ്കയിലാക്കുകയാണ്. ഗംഗാദൗത്യം തുടങ്ങാന്‍ വൈകിയതും കൂടുതല്‍ വിമാനങ്ങളയക്കാന്‍ കഴിയാത്തതും രക്ഷാദൗത്യം മന്ദഗതിയിലാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി സ്ഥിതിഗതികള്‍ അവലോകനംചെയ്തശേഷം രക്ഷാദൗത്യം വേഗത്തിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാകുമെന്ന് കരുതാം. ഏകോപനത്തിന് മന്ത്രിതലസംഘത്തെ അയച്ചതും വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ വ്യോമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ അടക്കമുള്ള വിമാനങ്ങള്‍ അയക്കാനുള്ള തീരുമാനവും ഉചിതമായി.
യുദ്ധഭൂമിയിലെ നമ്മുടെ പൗരരെ ഏറ്റവും പെട്ടെന്ന് തിരിച്ചെത്തിക്കുന്നതിനുള്ള തീവ്രയത്‌നം വേണം.
ഇന്ത്യക്കാരായ പതിമ്മൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ ഷെല്‍വര്‍ഷം ഭയന്നും അര്‍ധപട്ടിണിയിലും മരവിപ്പിക്കുന്ന തണുപ്പിലും കടുത്ത മനോസമ്മര്‍ദത്തോടെ അവിടെ കഴിയുന്നു
Content Highlights: russia ukraine war
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..