. (Photo: AFP)
ലോകസമാധാനത്തിനു ഭീഷണിയായി യുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. യുക്രൈനുമേലല്ല, മാനവരാശിക്കുമേലുള്ള അധിനിവേശമാണ് റഷ്യ നടത്തിയിരിക്കുന്നത്. നാസികള്‍ നരഹത്യയെ ഉത്സവമാക്കിമാറ്റിയ രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കംകുറിച്ച അതേ മേഖലയില്‍ യുക്രൈനെ ആക്രമിക്കുന്നതിനെ പുതിന്‍ വിശേഷിപ്പിച്ചത് യുദ്ധമെന്നല്ല, സമാധാനമുണ്ടാക്കാനുള്ള ശ്രമമെന്നാണ്. റഷ്യന്‍ പ്രസിഡന്റിന്റെ ആ അവകാശവാദം സമാധാനദൗത്യം എന്ന ആശയത്തെത്തന്നെ അപഹസിക്കുന്നതാണെന്ന് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറല്‍ തുറന്നടിക്കുകയും ചെയ്തു. എന്നാല്‍, ലോകപൊതുജനാഭിപ്രായത്തോടു മുഖംതിരിക്കുകയും പുറത്തുള്ളവര്‍ ഇടപെട്ടാല്‍ പ്രത്യാഘാതം അചിന്ത്യമായിരിക്കുമെന്ന ഭീഷണിയുയര്‍ത്തുകയുമാണ് പുതിന്‍.
അതിര്‍ത്തിത്തര്‍ക്കമോ പെട്ടെന്നുണ്ടായ എന്തെങ്കിലും പ്രകോപനമോ കാരണമല്ല, റഷ്യന്‍ സേനകള്‍ യുക്രൈനെ പലഭാഗത്തുനിന്നായി ആക്രമിക്കാന്‍ തുടങ്ങിയത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മൂന്നു പതിറ്റാണ്ടുമുമ്പ് സ്വാതന്ത്ര്യം പ്രാപിച്ച ഒരു പരമാധികാരരാഷ്ട്രമാണ് യുക്രൈന്‍. എന്നാല്‍, അതിനെ ഒരു അയല്‍രാജ്യമായി കണക്കാക്കുന്നില്ല, റഷ്യന്‍ ദേശീയതയുടെ അവിഭാജ്യഭാഗമാണ് എന്ന അവകാശവാദമുന്നയിക്കുന്നതിലൂടെ രണ്ടാംലോകയുദ്ധകാലത്തെ അതിദേശീയതാവാദത്തിന്റെ ബഹിര്‍സ്ഫുരണമാണ് പുതിനില്‍നിന്നുണ്ടാകുന്നത്. പാശ്ചാത്യശക്തികളുടെ പാവയാണ് യുക്രൈന്‍ ഭരണകൂടമെന്നും യുക്രൈനെ നിരായുധീകരിക്കുകയും 'നാസിമുക്ത'മാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നുമുള്ള പുതിന്റെ യുദ്ധപ്രഖ്യാപനപ്രസംഗം അതിദേശീയത ഊതിവീര്‍പ്പിക്കുന്നതിനുള്ള ഏകാധിപത്യതന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. 2014-ല്‍ ഇതേദിവസമാണ് റഷ്യന്‍ പട്ടാളം യുക്രൈന്റെ ക്രൈമിയ പ്രവിശ്യയിലേക്കിരച്ചുകയറി അവിടത്തെ പാര്‍ലമെന്റ് മന്ദിരം പിടിച്ചടക്കി റഷ്യന്‍ പതാക ഉയര്‍ത്തിയത്. യൂറോപ്യന്‍ യൂണിയനെയും അമേരിക്കയെയും പിന്താങ്ങുന്ന പടിഞ്ഞാറന്‍ യുക്രൈനെയും റഷ്യന്‍ ആഭിമുഖ്യമുള്ള ക്രൈമിയയടക്കമുള്ള കിഴക്കന്‍ യുക്രൈനെയും വെവ്വേറെയാക്കി സ്വതന്ത്രമാക്കിനിര്‍ത്തി സ്വന്തം താത്പര്യം സംരക്ഷിക്കാനാണ് അന്ന് റഷ്യ ശ്രമിച്ചത്. അന്ന് പാതിവഴിയിലായ യത്‌നം പൂര്‍ത്തിയാക്കുന്നതിനായി വട്ടംകൂട്ടിയ ഇപ്പോഴത്തെ അധിനിവേശം കൂടുതല്‍ വ്യാപ്തിയാണ് ലക്ഷ്യമിടുന്നത്. യുക്രൈനിലെ വിമതപ്രവിശ്യകളായ ഡൊണെറ്റ്സ്‌കിനെയും ലുഹാന്‍സ്‌കിനെയും സ്വതന്ത്രറിപ്പബ്ലിക്കുകളായി അംഗീകരിച്ച് അവരുടെ രക്ഷയ്‌ക്കെന്നനിലയില്‍ക്കൂടിയാണ് റഷ്യന്‍ സേനകളുടെ കടന്നുകയറ്റം. സൈബര്‍യുദ്ധത്തിലൂടെ 'ശത്രുരാജ്യ'ത്തിന്റെ ഭരണസംവിധാനത്തെ അലങ്കോലപ്പെടുത്തുകയെന്ന പുതിയ യുദ്ധശൈലിയും റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നു.
രണ്ടാം ലോകയുദ്ധാനന്തരം നാലുപതിറ്റാണ്ടിലേറെ ലോകം പുകഞ്ഞത് അമേരിക്കയും സോവിയറ്റ് യൂണിയനും നേതൃത്വംനല്‍കിയ സഖ്യരാഷ്ട്രങ്ങളുടെ ശീതയുദ്ധത്തിലാണ്. സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തകര്‍ച്ചയെത്തുടര്‍ന്ന് ആ രാജ്യങ്ങളില്‍ റഷ്യയെയും ചൈനയെയും ലാക്കാക്കി അമേരിക്കയും നാറ്റോയും സൈനികതാവളങ്ങള്‍ തുറക്കുകയും ആയുധശാലകള്‍ നിറയ്ക്കുകയും ചെയ്യുന്നതായി ആക്ഷേപമുള്ളതാണ്. യുക്രൈന്‍ നാറ്റോയില്‍ ചേരുന്നതോടെ സ്വന്തം മേഖലയോടുചേര്‍ന്ന് വലിയൊരു വെടിപ്പുരയാണ് തുറക്കുകയെന്ന നിഗമനമാണ് റഷ്യയെ ആക്രമണത്തിന്റെ പാതയിലെത്തിച്ചത്. യുദ്ധഭീതിവളര്‍ത്തി യുക്രൈനെക്കൊണ്ട് ആയുധക്കൂമ്പാരംതന്നെ വാങ്ങിപ്പിച്ചെന്നും ബൈഡന്‍ഭരണകൂടത്തിനെതിരേ ആക്ഷേപമുയര്‍ന്നതാണ്. പുതിന്‍ തള്ളിപ്പറയുന്ന മുന്‍ സോവിയറ്റ് ഭരണാധികാരികള്‍ 1956-ല്‍ ഹംഗറിയിലും 1968-ല്‍ ചെക്കോസ്ലൊവാക്യയിലും സൈന്യത്തെയയച്ച് ജനകീയപ്രക്ഷോഭം അമര്‍ച്ചചെയ്തതും പാശ്ചാത്യരാഷ്ട്രീയ ശക്തികളുടെ നുഴഞ്ഞുകയറ്റം ആരോപിച്ചായിരുന്നു.
റഷ്യന്‍ ആക്രമണത്തെ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച നാറ്റോ യുക്രൈനുവേണ്ടി നേരിട്ടല്ലാതെ യുദ്ധരംഗത്തിറങ്ങുന്നതായാണ് സൂചനകള്‍. നാറ്റോയുടെ യുദ്ധക്കോപ്പുകള്‍ വര്‍ധിപ്പിക്കുന്നതിനായി പോളണ്ടിലേക്ക് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ കൂടുതലായി എത്തിക്കൊണ്ടിരിക്കുകയാണ്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം എന്നതില്‍നിന്നുമാറി റഷ്യയും, അമേരിക്കയുടെയും 30 രഷ്ട്രങ്ങളടങ്ങിയ നാറ്റോയുടെയും പിന്തുണയുള്ള യുക്രൈനും തമ്മിലുള്ള പോരായി യുദ്ധം വളര്‍ന്നാല്‍ അത് ലോകത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും. കയറ്റിറക്കുമതിയിലും ബാങ്കിങ് മേഖലയിലുമടക്കം റഷ്യയ്‌ക്കെതിരേ സമ്പൂര്‍ണ ഉപരോധമേര്‍പ്പെടുത്തുകകൂടിയായതോടെ പരോക്ഷമായി ലോകയുദ്ധത്തിന്റെ പ്രതീതിതന്നെയായിരിക്കുന്നു. യുക്രൈനെ പ്രതീകമാക്കി, രാഷ്ട്രീയലക്ഷ്യത്തോടെയുള്ള യുദ്ധം എല്ലാത്തരത്തിലും രാജ്യത്തെ ദോഷകരമായി ബാധിക്കുന്ന ഈ സാഹചര്യത്തില്‍ വൈകാരികമായി പ്രതികരിക്കാതെ രാജ്യത്തിന്റെ ഉത്തമതാത്പര്യത്തെപ്രതി സംയമനത്തോടെയുള്ള പ്രതികരണമാണ് ഇന്ത്യയില്‍നിന്നുണ്ടായത്. പഴയ ചേരിചേരാനയത്തെ ഓര്‍മിപ്പിക്കുന്ന പ്രതികരണം.
യുദ്ധം ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഫെബ്രുവരി ആദ്യം വീപ്പയ്ക്ക് 89 ഡോളറായിരുന്ന അസംസ്‌കൃത എണ്ണവില നൂറുഡോളറും കടന്നു പൊങ്ങുകയാണ്. ഇന്ത്യയില്‍നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെയും തേയിലയുടെയും കയറ്റുമതിയുടെ പ്രധാനകേന്ദ്രങ്ങളാണ് റഷ്യയും യുക്രൈനും. ഭക്ഷ്യോത്പന്നങ്ങള്‍ക്കടക്കം വന്‍വിലക്കയറ്റത്തിലേക്കും ക്ഷാമത്തിലേക്കുമെത്തിച്ചേക്കാവുന്നതാണ് സാഹചര്യം. ഇന്ത്യക്കാരായ പതിനെണ്ണായിരംപേര്‍ ആശങ്കയോടെ യുക്രൈനില്‍ കഴിയുന്നുമുണ്ട്. അതിവേഗം വെടിനിര്‍ത്തി സമധാനപരമായ ചര്‍ച്ചയ്ക്കു തയ്യാറാവാന്‍ ഇരുശക്തികളെയും പ്രേരിപ്പിക്കുന്ന നയതന്ത്രസമ്മര്‍ദം മാത്രമാണ് ഇന്ത്യക്ക് കരണീയമായിട്ടുള്ളത്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം എന്നതില്‍നിന്നുമാറി റഷ്യയും, അമേരിക്കയുടെയും നാറ്റോയുടെയും പിന്തുണയുള്ള യുക്രൈനും തമ്മിലുള്ള പോരായി യുദ്ധം വളര്‍ന്നാല്‍ അത് ലോകത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും
Content Highlights: russia ukraine war
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..