. (Photo: .)
റഷ്യന്‍സൈന്യത്തെ യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ തുടങ്ങിയത് 2021 നവംബറിലായിരുന്നു. അന്നുമുതല്‍ റഷ്യ യുദ്ധഭീതി ഉയര്‍ത്തിയിരുന്നെങ്കിലും സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയായിരുന്നു ലോകത്തിനുണ്ടായിരുന്നത്. റഷ്യയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതായപ്പോള്‍ റഷ്യ സൈന്യത്തെ യുക്രൈന്റെ രണ്ടുപ്രവിശ്യകളിലേക്ക് അയക്കുകയാണുണ്ടായത്. ആ പ്രവിശ്യകളെ സ്വതന്ത്രരാജ്യങ്ങളായി റഷ്യ അംഗീകരിക്കുകയുംചെയ്തു.
എന്നാല്‍, ഫെബ്രുവരി 21-ന് പുതിന്‍ ചെയ്ത ദീര്‍ഘമായ പ്രസംഗം കേട്ടിട്ടുള്ളവര്‍ക്ക് വ്യക്തമായിക്കിട്ടിയ സന്ദേശം അടുത്തുതന്നെ റഷ്യ യുക്രൈനെ ആക്രമിക്കുമെന്നുതന്നെയായിരുന്നു. യുക്രൈന്‍ എന്ന രാജ്യത്തിന് ഒരു സ്വതന്ത്രരാജ്യമായി തുടരാനുള്ള അവകാശമില്ലെന്ന് ചരിത്രം ഉദ്ധരിച്ചുകൊണ്ട് പുതിന്‍ പ്രഖ്യാപിച്ചു.
''ആധുനിക യുക്രൈന്‍ പരിപൂര്‍ണമായും സൃഷ്ടിച്ചത് ബോള്‍ഷെവിക്, കമ്യൂണിസ്റ്റ് റഷ്യയാണ്. 1917-നുശേഷംതന്നെ ലെനിനും കൂട്ടരും റഷ്യയുടെ താത്പര്യങ്ങള്‍ക്കെതിരായാണ് പ്രവര്‍ത്തിച്ചത്. ചരിത്രപരമായി റഷ്യയുടെ ഭാഗങ്ങളായിരുന്ന റഷ്യന്‍ഭൂമിയെ മറ്റുരാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് കമ്യൂണിസ്റ്റ് റഷ്യ ചെയ്തത്. അത് ആ പ്രദേശങ്ങളിലെ ജനങ്ങളോട് ആലോചിക്കാതെയാണ് ചെയ്തതെന്നും ഓര്‍ക്കേണ്ടതാണ്''
പുതിന്റെ അഭിപ്രായത്തില്‍ സോവിയറ്റ് യൂണിയനില്‍ ചേര്‍ന്ന പ്രദേശങ്ങള്‍ക്ക് ദേശീയത്വം നല്‍കിയതും അവയ്ക്ക് സോവിയറ്റ് യൂണിയനില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള അവകാശം നല്‍കിയതും വലിയ തെറ്റുകളായിരുന്നു. 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന്റെ ഉത്തരവാദിത്വം ലെനിനുതന്നെ ആയിരുന്നു.
സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനുശേഷവും യുക്രൈനെ 1991മുതല്‍ 2013വരെ നിലനിര്‍ത്തുന്നതില്‍ റഷ്യ 250 ബില്യന്‍ ഡോളറിലധികം ചെലവാക്കി. മറ്റുപല സഹായങ്ങളും നല്‍കിയെങ്കിലും യുക്രൈന്‍ നിരുത്തരവാദപരമായാണ് പെരുമാറിയിരുന്നതെന്ന് പുതിന്‍ പറയുന്നു. അതോടൊപ്പംതന്നെ യുക്രൈന്‍ പാശ്ചാത്യരാജ്യങ്ങളോട് അടുക്കുകയും അവരുടെ നയങ്ങള്‍ സ്വീകരിക്കുകയുംചെയ്തു. അതിന്റെ ഫലമായി 2014-ലെ വിപ്‌ളവമുണ്ടായി.
ഇതിനെല്ലാം ഉപരിയായാണ് യുക്രൈന്‍ നാറ്റോയുടെ സൈനികസഹായം നേടിയതും നാറ്റോയിലെ അംഗമാകാന്‍ ശ്രമിച്ചതും. ഈ സാഹചര്യത്തില്‍ പുതിന്‍ അമേരിക്കന്‍ പ്രസിഡന്റ് ക്‌ളിന്റനോട് റഷ്യയ്ക്ക് നാറ്റോയില്‍ ചേരാന്‍ കഴിയുമോ എന്ന് 2000-ല്‍ ചോദിച്ചെന്ന് ആദ്യമായി വെളിപ്പെടുത്തുകയുണ്ടായി. പക്ഷേ, ശക്തമായ ഒരു റഷ്യ ഉണ്ടാകാന്‍ പാടില്ല എന്നതായിരുന്നു അമേരിക്കയുടെ പ്രതികരണം. റഷ്യയെ ആക്രമിക്കാനുള്ള ഒരു പാലമായാണ് അമേരിക്ക യുക്രൈനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതികരിക്കാന്‍ റഷ്യയ്ക്ക് അവകാശമുണ്ടെന്നും അതായിരിക്കും റഷ്യ ചെയ്യുക എന്നും പുതിന്‍ തറപ്പിച്ചുപറഞ്ഞു.
എന്നാല്‍, ഈ പ്രസംഗത്തിനുശേഷവും അമേരിക്കയും നാറ്റോ രാജ്യങ്ങളും ലഘുവായ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. അത് തികച്ചും ഫലപ്രദമായില്ല എന്നതുകൊണ്ടാണ് പുതിന്‍ യുക്രൈനെ ആക്രമിച്ചത്.
റഷ്യയുടെ ഇപ്പോഴത്തെ ആവശ്യം യുക്രൈന്‍ ആയുധംവെച്ച് കീഴടങ്ങണമെന്നാണ്. അതിന് യുക്രൈന്‍ തയ്യാറാകാത്തതുകൊണ്ടും അമേരിക്കയുടെ ഇടപെടല്‍ എന്തായിരിക്കുമെന്ന് തീര്‍ച്ചയില്ലാത്തതുകൊണ്ടും ഗുരുതരമായ നാശനഷ്ടങ്ങളായിരിക്കും യുക്രൈനില്‍ ഉണ്ടാകുക. ഐക്യരാഷ്ട്രസംഘടനയുടെ രക്ഷാസമിതി സമ്മേളിച്ചെങ്കിലും റഷ്യയ്ക്ക് വീറ്റോ ഉള്ളതുകൊണ്ടും റഷ്യ ഈമാസം സമിതിയുടെ പ്രസിഡന്റായതുകൊണ്ടും സമിതി നിര്‍വീര്യമായിരിക്കും. ജനറല്‍ അസംബ്‌ളി സമ്മേളിക്കുകയും റഷ്യയ്‌ക്കെതിരായി പ്രമേയം പാസാക്കുകയും ചെയ്താല്‍പോലും ഒരു പ്രയോജനവുമുണ്ടാവില്ല. കാരണം, ജനറല്‍ അസംബ്‌ളി പ്രമേയങ്ങള്‍ നടപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഇല്ല എന്നതാണ്.
ഇന്ത്യ ഇപ്പോഴും നിഷ്പക്ഷത പാലിക്കുകയാണെങ്കിലും അഫ്ഗാനിസ്താന്റെ കാര്യത്തില്‍ ചെയ്തതുപോലെ, റഷ്യയുടെ പേരുപറയാതെ ഒരു രാജ്യവും മറ്റൊരു രാജ്യത്തെ ആക്രമിക്കാന്‍ പാടില്ല എന്നായിരിക്കും ഇന്ത്യയുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുക. അതുകൊണ്ട് ഇന്ത്യ ചരിത്രത്തിന്റെ തെറ്റായവശത്താണ് നില്‍ക്കുന്നതെന്ന് അമേരിക്ക പ്രസ്താവിച്ചുകഴിഞ്ഞു.
അതിഗുരുതരമായ ഒരു അധ്യായത്തിലേക്കാണ് ലോകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത മണിക്കൂറുകളും ദിവസങ്ങളുമായിരിക്കും കോവിഡനന്തര ലോകത്തെ സ്ഥിതിഗതികള്‍ സൃഷ്ടിക്കപ്പെടുക. ചൈന-റഷ്യ ബാന്ധവവും പാകിസ്താന്‍ പ്രധാനമന്ത്രി മോസ്‌കോയില്‍ പുതിന്റെ അതിഥിയായി എത്തിയിരിക്കുന്നെന്നുള്ളതും ഇന്ത്യക്ക് ഒട്ടും ശുഭോദര്‍ക്കമല്ല.
(വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായിരുന്നു ലേഖകന്‍)
Content Highlights: russia ukraine war
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..