പ്രധാനമന്ത്രി നരേന്ദ്രമോദി | Photo:PTI
രാജനൈതികരംഗത്ത് സമാനതകളില്ലാത്ത നേട്ടത്തിനുടമയാവുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അരനൂറ്റാണ്ടിലെ പൊതുപ്രവര്‍ത്തനത്തിനിടയില്‍ രണ്ടു പതിറ്റാണ്ടുനീണ്ട പൊതുസേവനത്തിന്റെ അസുലഭ ഭാഗ്യം. നരേന്ദ്രമോദി തുടര്‍ച്ചയായി ഭരണാധികാരിയായി തിളങ്ങാന്‍ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടാവുകയാണ്. അദ്ദേഹത്തിന്റെ 71-ാം ജന്മദിനവും ഇന്നുതന്നെ.
മോദിമോഡല്‍
രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവ് എന്നതിനപ്പുറം, ഏറ്റവും പുതിയ സര്‍വേകള്‍ പുറത്തുവരുമ്പോള്‍, അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഏറ്റവും അംഗീകാരമുള്ള ഭരണാധികാരിയായി തിളങ്ങുകയാണ് മോദി. 2014 മേയില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ അദ്ദേഹം ഏഴുവര്‍ഷംകൊണ്ട് ശക്തമായ തീരുമാനങ്ങള്‍കൊണ്ടും ജനപ്രിയനടപടികള്‍കൊണ്ടും തലയെടുപ്പോടെ രാജ്യത്തെ നയിക്കുന്നു. ജന്മനാടായ ഗുജറാത്തില്‍ കേശുഭായ് പട്ടേലിന്റെ പകരക്കാരനായാണ് 2001 ഓഗസ്റ്റില്‍ അധികാരരാഷ്ട്രീയത്തിലേക്കുള്ള മോദിയുടെ അരങ്ങേറ്റം. ഭരണരംഗത്ത് മുന്‍പരിചയമില്ലാതെ അന്‍പതാം വയസ്സില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ മോദി, പെട്ടെന്നു ജനപ്രിയനായി. പരമ്പരാഗത ശൈലിവിട്ട് ചടുലമായ നീക്കങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും ഗുജറാത്തില്‍ വികസനമുന്നേറ്റത്തിന്റെ പെരുമഴ പെയ്യിക്കാന്‍ അദ്ദേഹത്തിനായി. ഒരു വികസന അജന്‍ഡതന്നെ അദ്ദേഹം ഗുജറാത്തിനായി തയ്യാറാക്കി. എല്ലാ മേഖലകളിലും അത് പ്രാവര്‍ത്തികമാക്കി. ഒരു 'മോദി ടച്ച്'! അതോടെ മോദിയുടെ കീര്‍ത്തി ഗുജറാത്ത് പിന്നിട്ട് രാജ്യമാകെ പടര്‍ന്നു. 'ഗുജറാത്ത് മോഡല്‍' രാജ്യവും ലോകവും ചര്‍ച്ചചെയ്തു. കുത്തുവാക്കുകള്‍ കൊണ്ട് സത്കീര്‍ത്തി തകര്‍ക്കാന്‍ എതിരാളികള്‍ ശ്രമിച്ചെങ്കിലും 2014-ലെ തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ ബി.ജെ.പി. മോദിയെ നിയോഗിച്ചതോടെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രംതന്നെ തിരുത്തിക്കുറിക്കപ്പെടുകയായിരുന്നു.
2014-ലെ തിരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റായി മാറിയ മോദിപ്രഭാവം, ചരിത്രംകുറിച്ചുകൊണ്ട് ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചു. ബി.ജെ.പി.ക്കുമാത്രം 282 സീറ്റു നേടാനായി. തുടര്‍ന്നുള്ള നാളുകള്‍ ബി.ജെ.പി.യുടെയും സഖ്യകക്ഷികളുടേതുമായി മാറി. ഇരുപതോളം സംസ്ഥാനങ്ങളില്‍ ഭരണം നേടാന്‍ എന്‍.ഡി.എ.യ്ക്കു കഴിഞ്ഞു. 2019-ലെ തിരഞ്ഞെടുപ്പില്‍ 303 സീറ്റ് ബി.ജെ.പി. ഒറ്റയ്ക്കും എന്‍.ഡി.എ. ഒട്ടാകെ 352 സീറ്റും നേടി തകര്‍പ്പന്‍ തിരച്ചുവരവു നടത്തിയപ്പോള്‍ നരേന്ദ്രമോദി അക്ഷരാര്‍ഥത്തില്‍ ആഗോളതലത്തില്‍ത്തന്നെ ഒരു വലിയ ചര്‍ച്ചാവിഷയമാവുകയായിരുന്നു.
എന്താണ് മോദി മാജിക്
എന്താണ് മോദി മാജിക്? പലരും ചോദിക്കുന്നതു കാണാറുണ്ട്. ഒന്നുമില്ല, അദ്ദേഹം വിഭാവനംചെയ്യുന്ന പദ്ധതികളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഇന്ത്യയാണ്, ഇന്ത്യയുടെ ജനതയാണ്. അതാണ് മാജിക്. അവര്‍ക്ക് എന്തു നേടിക്കൊടുക്കാനാവുമെന്നാണ് അദ്ദേഹം ഓരോ നിമിഷവും ആലോചിക്കുന്നത്. ഇന്ത്യയുടെ അടുത്ത തലമുറയ്ക്കായി രാജ്യത്തെ സ്വപ്നംകാണുന്ന മോദിയെയാണ് ഇക്കഴിഞ്ഞ ഇരുപതുവര്‍ഷം രാജ്യം കണ്ടത്. ഒരു സാധാരണ ചായക്കടക്കാരന്റെ മകനായി ജീവിച്ചുവളര്‍ന്ന അനുഭവങ്ങളില്‍നിന്ന് അധികാരം തന്റെ സഹജീവികള്‍ക്കുള്ളതാണെന്ന ബോധ്യത്തിലേക്കാണ് നരേന്ദ്രമോദി എത്തിച്ചേര്‍ന്നത്. അദ്ദേഹം വിഭാവനംചെയ്ത ഓരോ പദ്ധതികളിലും ആ ചിന്ത നിഴലിക്കുന്നതു കാണാം. 'ഇദം ന മമ' എന്നുപറയാറില്ലേ. എല്ലാം സമാജത്തിനുവേണ്ടിയാണ് എന്ന ചിന്ത. ഒരു സന്ന്യാസിയുടെ മനസ്സുള്ള ഒരാള്‍ക്കേ ആ നിലയിലേക്ക് സ്വയം എത്താനാവൂ. അതാണ് നാം മോദിയില്‍ കണ്ടത്, കാണുന്നതും.
അടിസ്ഥാന ജനവിഭാഗത്തിന്റെ സ്വപ്നങ്ങള്‍ക്കു ചിറകുനല്‍കിയ പ്രധാനമന്ത്രി എന്നായിരിക്കും ഭാവിഭാരതം മോദിയെ രേഖപ്പെടുത്തുക. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും തെരുവില്‍ക്കഴിയുന്നവര്‍ക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കുമടക്കം സമസ്ത ജനവിഭാഗത്തിനും പുതുജീവിതം നല്‍കിയ വ്യക്തിത്വം. അവര്‍ക്കൊക്കെ ഭാവിയെക്കുറിച്ച് ചിന്തിക്കാനും തീരുമാനിക്കാനും കെല്പും സാധ്യതകളും സമ്മാനിച്ച പ്രധാനമന്ത്രി.
തലയുയര്‍ത്തി ഇന്ത്യ
സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളുമ്പോള്‍ത്തന്നെ ശക്തമായ നിലപാടുകളിലൂടെ രാജ്യവിരുദ്ധ ശക്തികളോടു പൊരുതിയും കര്‍ശന നീക്കങ്ങളിലൂടെ ശത്രുരാജ്യങ്ങളോട് പോരാടിയും മോദി തന്റെ ശക്തി തെളിയിച്ചിരിക്കുന്നു. ശക്തമായ നയതന്ത്ര നീക്കങ്ങളിലൂടെ മറ്റു വികസിത ലോകരാജ്യങ്ങള്‍ക്കൊപ്പം തലയുയര്‍ത്തിനില്‍ക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റാനും മോദിഭരണകൂടത്തിനായി. ലോകം നേരിടുന്ന കോവിഡ് മഹാമാരിയുടെ കാലത്ത് വാക്‌സിനിലൂടെയും ഔഷധങ്ങളിലൂടെയും രോഗപ്രതിരോധത്തില്‍ നായകസ്ഥാനത്തെത്താനായതും ഇന്ത്യന്‍ പ്രധാനമന്ത്രിയെ ലോകാരാധ്യനാക്കി മാറ്റിയിരിക്കുന്നു. പ്രതിപക്ഷപ്പാര്‍ട്ടികള്‍ നിരന്തരം നടത്തുന്ന പ്രതിലോമപ്രവര്‍ത്തനങ്ങള്‍ കാണാതെ പോയിക്കൂടാ. എന്നാല്‍, അവയ്ക്ക് സര്‍ക്കാരിന്റെ സത്പ്രവൃത്തികൊണ്ട് തിരിച്ചടിനല്‍കുന്ന രാഷ്ട്രതന്ത്രത്തിലാണ് മോദിക്കു വിശ്വാസം.
പറയുന്നതു പ്രാവര്‍ത്തികമാക്കുക, നടപ്പാക്കാനാവുന്നതു മാത്രം പറയുക എന്നതാണ് മോദിസിദ്ധാന്തം. അധികാരമേറ്റയുടന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ രാജ്യത്ത് വന്‍ചലനം സൃഷ്ടിച്ചു എന്നതോര്‍ക്കുക. ജീവിതത്തില്‍ ശുചിത്വത്തിനുള്ള പ്രാധാന്യത്തിന്റെ സന്ദേശവുമായി സ്വച്ഛ് ഭാരത്, എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ജന്‍ ധനയോജന, വീട്ടമ്മമാര്‍ക്കെല്ലാം ഗ്യാസ് കണക്ഷന്‍, എല്ലാവീട്ടിലും ശൗചാലയം, വൈദ്യുതി, കുടിവെള്ളം, എല്ലാവര്‍ക്കും വിദ്യാഭ്യാസം തുടങ്ങിയ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായുള്ള നടപടികള്‍ ഗ്രാമീണഭാരതത്തിന്റെ മുഖച്ഛായതന്നെ മാറ്റുകയാണ്. ഇവയെയൊക്കെ ഇന്ത്യന്‍ജനത കൈനീട്ടി സ്വീകരിക്കുന്നതിന്റെ തെളിവാണ് ഓരോദിവസവും വര്‍ധിക്കുന്ന കേന്ദ്രസര്‍ക്കാരിനുള്ള ജനപിന്തുണ. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എല്ലാം ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടുനല്‍കുന്നത് നടപ്പാക്കി രാജ്യത്തെ അഴിമതിമുക്തമാക്കുന്നതിന് തുടക്കമിട്ടു. കാര്‍ഷികവിഭവങ്ങള്‍ക്ക് തറവില നിരന്തരം ഉയര്‍ത്തിയും കര്‍ഷകര്‍ക്ക് നേരിട്ട് സാമ്പത്തികസഹായം നല്‍കിയും വളത്തിന് സബ്സിഡി കുട്ടിയും കര്‍ഷകര്‍ക്കായി വിപ്‌ളവകരമായി മാറ്റങ്ങള്‍ സൃഷ്ടിച്ചു.
വില്‍പ്പന, സേവന നികുതികള്‍ ഏകീകരിച്ച് ജി.എസ്.ടി. നടപ്പാക്കി നികുതിരംഗം സുതാര്യമാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ് രാജ്യത്താകമാനം പൗരന്മാര്‍ സമന്മാരാണെന്ന തത്ത്വം പ്രാവര്‍ത്തികമാക്കി.
ഇതിനൊക്കെയിടയിലും രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമായി മുന്നേറുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. അഞ്ച് ട്രില്യണ്‍ ഇക്കണോമി എന്നതാണ് മോദി ലക്ഷ്യംവെച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി കുറെയൊക്കെ വിഷമങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതില്‍നിന്നൊക്കെ കരകയറി മുന്നേറാന്‍ ഇന്ത്യക്കായി എന്നതാണല്ലോ ഈ സാമ്പത്തികവര്‍ഷത്തെ ഒന്നാംപാദത്തിലെ ജി.ഡി.പി. വളര്‍ച്ചനിരക്ക് കാണിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനതയ്ക്ക് സൗജന്യമായി മഹാമാരിയെ തടയാനുള്ള വാക്‌സിനേഷന്‍ നടപ്പാക്കിയ സര്‍ക്കാരിന് ഇത്രയ്‌ക്കൊക്കെ കഴിയുന്നു എന്നതാണ് കാണേണ്ടത്. ഇന്നിപ്പോള്‍ നമ്മുടെ ഓഹരിവിപണി എവിടെ നില്‍ക്കുന്നു എന്നു നോക്കൂ; 58,250-നടുത്ത്. നമ്മുടെ വിദേശനാണ്യശേഖരം 642.453 ബില്യണ്‍ യു.എസ്. ഡോളറിലെത്തി. കയറ്റുമതി എന്നത്തെക്കാളും ഭേദപ്പെട്ട അവസ്ഥയില്‍. ഏതു രാജ്യത്തിനാണ് ഇത്തരത്തില്‍ എത്തിപ്പെടാന്‍ സാധിക്കുക, അതാണ് നരേന്ദ്രമോദിയുടെ ഇന്ത്യ.
(ബി.ജെ.പി. സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..