ചിദംബരം
2022 ഫെബ്രുവരിയില്‍ കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ വായിക്കുകയായിരുന്നു ഞാന്‍. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ, പണത്തിന്റെ ഉപഭോഗം എന്നിവയുടെ ഉത്തരവാദിത്വം ധനമന്ത്രാലയത്തിനാണ്. അതുകൊണ്ടുതന്നെ അവരുടെ റിപ്പോര്‍ട്ടിലെ ആത്മപ്രശംസ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, രാജ്യത്തിന്റെ ധനപരമായ നടത്തിപ്പിനെക്കുറിച്ച് റിസര്‍വ് ബാങ്ക്, വിമര്‍ശനാത്മകമായി തുറന്നു സംസാരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഈ രണ്ടുറിപ്പോര്‍ട്ടുകളും വായിച്ചശേഷം ഇതു രണ്ടും ഒരേയാള് തന്നെ എഴുതിയതാണോ എന്നായിരുന്നു എന്റെ സംശയം.
'ആഗോള സമ്പദ് വ്യവസ്ഥയാകെ ഭീഷണികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഒമിക്രോണ്‍ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്. എക്കാലത്തെയും ഉയരത്തിലേക്കുപോകുന്ന പണപ്പെരുപ്പവും വികസിത, വികസ്വര സമ്പദ് വ്യവസ്ഥകളടക്കം പണനയം കര്‍ശനമാക്കാന്‍ തിരക്കുകൂട്ടുന്നതിനെയും റിസര്‍വ് ബാങ്ക് നിരീക്ഷിച്ചുവരുകയാണ്. ആഗോള സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം തീര്‍ച്ചയായും ഭീഷണിയിലാണ്' - എന്ന വരണ്ട കുറിപ്പോടെയാണ് ആര്.ബി.ഐ. റിപ്പോര്‍ട്ട് തുടങ്ങുന്നത്.
മറ്റൊരു ഭയാനകമായ കുറിപ്പുകൂടി റിപ്പോര്‍ട്ടിലുണ്ട്. 'ചില്ലറവിലയിലുണ്ടായ വര്‍ധനയും വിതരണശൃംഖലയില്‍ നിലനില്‍ക്കുന്ന തടസ്സങ്ങളും കാരണം പണപ്പെരുപ്പം സമ്പദ് വ്യവസ്ഥയിലുടനീളം വേരൂന്നിയിരിക്കുന്നു. അനിശ്ചിതത്വത്തിന്റെ മൂര്‍ധന്യത്തിലാണ് ആഗോള സ്ഥൂലസാമ്പത്തിക സാഹചര്യം. ഭീഷണികളെല്ലാം തകര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നു' - തുടക്കംമുതല്‍ ഒടുക്കംവരെ ആര്.ബി.ഐ. റിപ്പോര്‍ട്ടും ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും തമ്മില്‍ ഒരു മാറ്റവുമില്ല.
'അടുത്തിടെയുണ്ടായ ഭൗമരാഷ്ട്രീയ വികാസങ്ങള്‍ അടുത്ത സാമ്പത്തികവര്‍ഷത്തെ സാമ്പത്തികവളര്‍ച്ചയുടെയും പണപ്പെരുപ്പത്തിന്റെയും കാര്യത്തില്‍ അനിശ്ചിതത്വം കൊണ്ടുവന്നിട്ടുണ്ട്' എന്ന ഒറ്റപ്പെട്ട കുറിപ്പ് ഒഴിച്ചുനിര്‍ത്തിയാല്‍ ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് സന്തോഷദായകവും സ്വയം പുകഴ്ത്തലുമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
അസ്വസ്ഥജനകമായ വസ്തുതകള്‍
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മികച്ചു നില്‍ക്കണമെന്നുതന്നെയാണ് എന്റെയും ആഗ്രഹമെങ്കിലും ചില ആശങ്കകള്‍ പങ്കുവെക്കേണ്ടത് ഉചിതമാണെന്നു തോന്നുന്നു.
എല്ലാ പ്രധാന സമ്പദ് വ്യവസ്ഥകളുടെയും എല്ലാ മേഖലകളുടെയും പ്രതീക്ഷിത ആഭ്യന്തര വളര്‍ച്ചനിരക്കില്‍ അന്താരാഷ്ട്ര നാണ്യനിധി ശരാശരി 1.5 ശതമാനം കുറവു വരുത്തിയിട്ടുണ്ട്. യു.എസിന്റെ വളര്‍ച്ചനിരക്കില്‍ രണ്ടുശതമാനത്തിന്റെയും ചൈനയുടെ വളര്‍ച്ചനിരക്കില്‍ 3.2 ശതമാനവുമാണ് കുറച്ചത്. അതേസമയം, ഇന്ത്യയുടെ വളര്‍ച്ചനിരക്കില്‍ 0.5 ശതമാനത്തിന്റെ കുറവുമാത്രമേയുണ്ടാകൂവെന്നും 2022-'23 ലെ ജി.ഡി.പി. ഒമ്പത് ശതമാനത്തില്‍ തുടരുമെന്നുമുള്ള അനുമാനം അവിശ്വസനീയമാണ്.
എല്ലാ വികസിത-വികസ്വര സമ്പദ് വ്യവസ്ഥകളെയും പണപ്പെരുപ്പം ബാധിച്ചിട്ടുണ്ട്. സ്വര്‍ണം, ഭക്ഷണം, ചില്ലറ ഉപഭോഗവസ്തുക്കള്‍ ഇവയുടെയെല്ലാം വില കുതിക്കുകയാണ്. ഇന്ത്യയുടെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 13.1 ശതമാനവും ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.1 ശതമാനവുമാണ്. ഭക്ഷ്യവിലയില്‍ 5.9 ശതമാനവും ഉത്പാദന മേഖലയില്‍ 9.8 ശതമാനവും ഇന്ധന-ഊര്‍ജ മേഖലയില്‍ 8.7 ശതമാനവുമായി പണപ്പെരുപ്പം വര്‍ധിച്ചിട്ടുണ്ട്.
നിക്ഷേപകരിലും ചാഞ്ചാട്ടമുണ്ടായി. ഓഹരിവിപണി താഴ്ന്നനിലയിലാണ്. ബോണ്ട് വിലകള്‍ വര്‍ധിപ്പിച്ചു. പലിശനിരക്ക് കൂട്ടുമെന്ന് കേന്ദ്രബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
തൊഴിലിനെ സംബന്ധിച്ചാണെങ്കില്‍, ഇന്ത്യയുടെ തൊഴില്‍ പങ്കാളിത്ത നിരക്കിലും തൊഴിലുള്ളവരുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്.
ചെലവിന്റെ കാര്യത്തില്‍, മൂലധനച്ചെലവിനെ ആശ്രയിച്ചാണ് സര്‍ക്കാരിന്റെ നിലനില്‍പ്പ്. (സ്വകാര്യ നിക്ഷേപകരുടെ വലിയ നിരയുണ്ടെന്ന സര്‍ക്കാരിന്റെ വാദം ചര്‍ച്ചാവിഷയമാണ്). മൂലധനച്ചെലവിന്റെ കാര്യത്തിലെ സര്‍ക്കാര്‍ അനുമാനം സംശയാസ്പദമാണ്. കൂടാതെ ഒരേയിനംതന്നെ രണ്ടുതവണ കൂട്ടുന്നതിനുള്ള (ഡബിള്‍ കൗണ്ടിങ്) സാധ്യതയുമുണ്ട്. മൂലധനച്ചെലവിനുള്ള പണം പ്രധാനമായും വരുന്നത് വിപണിയില്‍നിന്ന് കടമെടുക്കുന്നതിലൂടെയാണ്.
ക്ഷേമപ്രവര്‍ത്തനം വികസനമോ?
ഈ സാഹചര്യം അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെടുന്നു. ദൈനംദിന വളര്‍ച്ചാ സൂചകങ്ങള്‍ രാജ്യത്തെ സമ്പന്ന-ഇടത്തരം കുടുംബങ്ങളുടെ സാമ്പത്തികസാഹചര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഉയരുന്ന പണപ്പെരുപ്പവും തൊഴിലില്ലായ്മയും ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പാവപ്പെട്ടവരുടെ അവസ്ഥയാണ് ആശങ്കാജനകം.
തൊഴില്‍ സംബന്ധിച്ച് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന വിവരങ്ങള്‍ സംശയാസ്പദമാണ്. വിദ്യാഭ്യാസവും നൈപുണിയും കുറഞ്ഞ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ആഗ്രഹിക്കാനാകാത്ത തരം തൊഴിലുകളാണ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അവര്‍ക്കു പാടങ്ങളിലും സൂക്ഷ്മ-ഇടത്തരം വ്യവസായങ്ങളിലുമാണ് ജോലി വേണ്ടത്.
അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന അഞ്ചുസംസ്ഥാനങ്ങളിലും ഭൂരിപക്ഷം ജനങ്ങളും വികസനമാഗ്രഹിച്ചിരുന്നുവെന്ന് സര്‍വേകളായ സര്‍വേ മുഴുവന്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും അവര്‍ ഭരണകക്ഷി തുടരാന്‍ വോട്ടുചെയ്തു. ക്ഷേമപദ്ധതികള്‍ ഉപയോഗപ്രദം തന്നെ. പക്ഷേ, അവയൊരിക്കലും സുസ്ഥിരവും യഥാര്‍ഥവുമായ വികസനത്തിന് പകരമാവില്ല. സമൂല പരിഷ്കാരങ്ങള്‍, കുറഞ്ഞ സര്‍ക്കാര്‍ നിയന്ത്രണം, ഉയര്‍ന്ന മത്സരക്ഷമത, ഭയമില്ലാത്ത അന്തരീക്ഷം, വ്യത്യാസങ്ങള്‍ അംഗീകരിക്കാനുളള സഹിഷ്ണുത, ശരിയായ ഫെഡറലിസം എന്നിവയിലൂടെ മാത്രമേ യഥാര്‍ഥവും സുസ്ഥിരവുമായ വികസനം കൈവരിക്കാനാകൂ. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ജനങ്ങള്‍ മാറ്റത്തെക്കാള്കൂടുതല് തുടര്‍ച്ചയ്ക്ക് വോട്ടുചെയ്തതായി തോന്നുന്നു. മുന്‍പ് പറഞ്ഞതിലുമപ്പുറം, അവര്‍ ശരിക്കും ശരിയായ വികസനത്തിനെതിരായി വോട്ടുചെയ്തതാണോ. കാലം പറയും.
Content Highlights: P Chidambaram writes about RBI report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..