അഭയാര്ഥികളുണ്ടാകുന്നതിന് രണ്ട് കാരണങ്ങളാണ് പ്രധാനമായുള്ളത്. ഒന്ന് വിഭജനം. രണ്ട് യുദ്ധം. ഇതിന് രണ്ടിനും ഇന്ത്യ സാക്ഷിയായിട്ടുണ്ട്. 1947-ലെ ഇന്ത്യ-പാക് വിഭജനത്തെത്തുടര്‍ന്നുണ്ടായ മനുഷ്യപലായനം ലോകചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ നിര്‍ബന്ധിത കുടിയേറ്റങ്ങളിലൊന്നാണ്. ഏതാണ്ട് 18 ദശലക്ഷം ആളുകള്‍ക്കാണ് അന്ന് ജന്മദേശം ഉപേക്ഷിക്കേണ്ടി വന്നത്. ബംഗ്ലാദേശിന്റെ പിറവിക്ക് കാരണമായ യുദ്ധത്തെത്തുടര്‍ന്ന് എട്ടു മുതല്‍ ഒന്‍പത് ദശലക്ഷം വരെ ആളുകള്‍ ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്. അതില്‍ ബഹുഭൂരിപക്ഷവും അഭയം കണ്ടെത്തിയത് പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലാണ്.
പലായനം ചെയ്തവരിലും അഭയംതേടി വന്നവരിലും വിവിധ മതക്കാര്‍ ഉണ്ടായിരുന്നു. അതുപോലെത്തന്നെ ഒട്ടേറെ ഹിന്ദുക്കളും മുസ്ലിങ്ങളും വെല്ലുവിളികളെ അതിജീവിച്ച് സ്വദേശത്ത് തുടരുകയും ചെയ്തിട്ടുണ്ട്. പാകിസ്താനിലേക്ക് പോകാതെ ദശലക്ഷക്കണക്കിന് മുസ്ലിങ്ങളാണ് ഇന്ത്യയില്‍ വിശ്വാസമര്‍പ്പിച്ചത്. ആയിരക്കണക്കിന് ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് വരാതെ പാകിസ്താനില്‍ത്തന്നെ ജീവിക്കാന്‍ തീരുമാനിച്ചു. ബംഗ്ലാദേശിലുമുണ്ട് ഇതുപോലെ ഒട്ടേറെ ഹിന്ദുക്കള്‍. ഈ മൂന്ന് രാജ്യങ്ങളില്‍ പ്രഖ്യാപിത മതനിരപേക്ഷ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ ഇന്ത്യയും ബംഗ്ലാദേശുമാണ്. എന്നാല്‍, ഇന്ന് ഈ രണ്ടു രാജ്യങ്ങളും കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു.
പരമ്പരാഗതമായി ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിങ്ങള്‍ ഇന്ന് മതപരമായി കടുത്ത വിവേചനം നേരിടുകയാണ്. കേന്ദ്രസര്‍ക്കാര്‍ അവരെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല, ആക്രമണങ്ങളെ അപലപിക്കാന്‍പോലും തയ്യാറാവുന്നില്ല. ഇന്ത്യന്‍ മുസ്ലിങ്ങളുടെ കാര്യത്തില്‍ മറ്റേതെങ്കിലും രാജ്യം ആശങ്ക പ്രകടിപ്പിച്ചാല്‍ ഉടന്‍ 'ആഭ്യന്തര കാര്യത്തില്‍ ബാഹ്യശക്തികള്‍ ഇടപെടരുത്' എന്ന് പറഞ്ഞ് അവരെ വിലക്കും.
അങ്ങനെയെങ്കില്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കളും ഹിന്ദു ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടപ്പോള്‍ മോദി സര്‍ക്കാര്‍ അഭിപ്രായപ്രകടനം നടത്തിയത് സ്വന്തം നയത്തിനുതന്നെ വിരുദ്ധമാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയാകട്ടെ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തെ ശക്തമായി വിമര്‍ശിക്കുകയും കലാപകാരികള്‍ക്കെതിരേ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രിക്ക് നിര്‍ദേശം നല്‍കുകയുമാണ് ചെയ്തത്.
ഈ അവസരത്തില്‍ ആര്‍.എസ്.എസിന്റെ സ്ഥാപകരില്‍ ഒരാളായ എം.എസ്. ഗോള്‍വാള്‍ക്കര്‍ നാം അഥവാ നമ്മുടെ രാഷ്ട്രം (We or Our Nationhood Defined) എന്ന പുസ്തകത്തില്‍ എഴുതിയത് ഓര്‍ക്കുന്നു. 'ഹിന്ദു വംശത്തെയും സംസ്‌കാരത്തെയും പുകഴ്ത്തുക എന്നതല്ലാതെ മറ്റൊന്നിനെപ്പറ്റിയും മുസ്ലിങ്ങള്‍ ആലോചിക്കേണ്ടതില്ല... ഇവിടെ വസിക്കുന്നതുവരെ അവര്‍ ഹിന്ദുരാഷ്ട്രത്തിന് വിധേയരാകണം... മുസ്ലിങ്ങള്‍ ഒന്നും അവശ്യപ്പെടാന്‍ അര്‍ഹരല്ല; പൗരാവകാശങ്ങള്‍പോലും.' ഇന്നത്തെ ആര്‍.എസ്.എസ്./ ബി.ജെ.പി. നേതാക്കള്‍ ഈ ആശയത്തില്‍നിന്ന് അകലം പാലിക്കുന്നുണ്ടെന്ന് കരുതാന്‍ ഒരു കാരണവുമില്ല.
അത്യന്തം വിവേചനപരമായ പൗരത്വനിയമ ഭേദഗതിയെ ഒരു മതേതര രാജ്യത്തിന് എങ്ങനെയാണ് ന്യായീകരിക്കാനാവുക? ഈ നിയമത്തിന്റെ ബലത്തില്‍ ആയിരക്കണക്കിന് മുസ്ലിങ്ങളെ വിദേശികള്‍ എന്നുപറഞ്ഞ് തടവിലാക്കാന്‍ ശ്രമിച്ചതിന്റെ പ്രത്യാഘാതമല്ല ബംഗ്ലാദേശിലുണ്ടായതെന്ന് ഉറപ്പിക്കാനാകുമോ?
ഇന്ത്യക്കാരില്‍ ചിലരെങ്കിലും ഇവിടത്തെ മുസ്ലിങ്ങളെ ദ്രോഹിക്കാന്‍, ഭീകരവാദികളെന്ന് മുദ്രകുത്താന്‍, ഉന്മൂലനം ചെയ്യാന്‍ യുക്തിരഹിതമായ കാരണങ്ങള്‍ കണ്ടെത്തുന്നുണ്ട്. അതേ യുക്തിരാഹിത്യമാണ് മറ്റു രാജ്യങ്ങളില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും വിനയാകുന്നത്.
പരസ്പര ബന്ധിതമായ ഈ ഉപഭൂഖണ്ഡത്തില്‍ പ്രവൃത്തിയും പ്രത്യാഘാതവും ഒരുപോലെയാണ്. വൈവിധ്യമെന്ന യാഥാര്‍ഥ്യത്തെ അംഗീകരിച്ചേ മതിയാകൂ. വിവിധ സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും ഭാഷകളെയും ഉള്‍ക്കൊള്ളാന്‍ ഓരോ രാജ്യവും പ്രാപ്തമാകണം. സഹിഷ്ണുതയും പരസ്പരബഹുമാനവുമാണ് ഏതൊരു രാജ്യത്തെയും ഏകോപിപ്പിക്കുക. ഹിംസ ഹിംസയെ മാത്രമേ വളര്‍ത്തുകയുള്ളൂ. കണ്ണിന് കണ്ണ് എന്നാണെങ്കില്‍ ലോകം തന്നെ ഇരുട്ടിലാകും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രആഭ്യന്തര/ധനകാര്യമന്ത്രിയുമാണ് ലേഖകന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..