നൊബേല്‍ പറയുന്നു-മാധ്യമം കരുത്തു കുറയാത്ത ആയുധമാണ്


എന്‍.പി രാജേന്ദ്രന്‍

ജനാധിപത്യം നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ എത്ര വിലയേറിയ പങ്കാണ് വഹിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും തന്നെയാണ് നോബല്‍ സമ്മാനം ചരിത്രത്തിലാദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നോബല്‍ സമ്മാനം നല്‍കുന്നത്. ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്.

നൊബേൽ സമ്മാന ജേതാക്കൾ | Photo: AP

പുതിയ കാലഘട്ടത്തില്‍ എല്ലാറ്റിന്റെയും അജന്‍ഡ നിശ്ചയിക്കുന്നത് സാമൂഹിക മാധ്യമങ്ങളാണെന്നും പരമ്പരാഗത മാധ്യമങ്ങള്‍ കൂടുതല്‍ അപ്രസകതവും ദുര്‍ബലവുമാവുകയാണെന്നുമുള്ള പ്രവചനങ്ങള്‍ക്കു നിഷേധം കുറിച്ചിരിക്കുന്നു ലോകം വിലമതിക്കുന്ന നൊബേല്‍ സമ്മാനസമിതി. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കുക വഴി അവര്‍ ലോകത്തിനു മുന്നില്‍ ജനാധിപത്യം എത്ര വിലപിടിച്ചതാണ്, മാധ്യമം എത്ര വിലയേറിയതാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്.

ലോകത്തെമ്പാടും നിരവധി ഭരണകൂടങ്ങള്‍ കടുത്ത തോതില്‍ ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തുകയാണ് ഇപ്പോള്‍. റഷ്യയും ഫിലിപ്പീൻസും ഇതില്‍പ്പെട്ട രണ്ടു രാജ്യങ്ങളാണ്. വേറെയും പല രാജ്യങ്ങളുണ്ട്. അവയുടെ എണ്ണം കുറയുകയല്ല കൂടുകയാണ്. പഴയ ഏകാധിപത്യങ്ങളുടെ സ്വഭാവമല്ല പുതിയ ഏകാധിപത്യങ്ങളുടേത്. അവര്‍ ജനാധിപത്യത്തിന്റെ മറയില്‍നിന്നു കൊണ്ടുതന്നെ ഏകാധിപത്യനയങ്ങള്‍ നടപ്പാക്കുന്നു. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നു. എതിരാളികളെ നിഷ്‌കരുണം തടവറകള്‍ക്കുള്ളിലടക്കുന്നു. നല്ല ഉദ്ദേശങ്ങളുടെ ലേബല്‍ ഒട്ടിച്ച് ജനപ്രതിനിധിസഭകള്‍ അംഗീകരിക്കുന്ന നിയമങ്ങള്‍ ഉപയോഗിച്ചുതന്നെ ഇവര്‍ ജനാധിപത്യപരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും തകര്‍ക്കുന്നു. ഏകാധിപത്യം ശക്തിപ്പെടുത്താനുള്ള വഴികള്‍ ജനാധിപത്യ ഭരണക്രമങ്ങളിലൂടെ തന്നെ വെട്ടിയുണ്ടാക്കുന്നു.

വലിയ അനുഗ്രഹങ്ങളല്ല, വെല്ലുവിളികളാണ് സാമൂഹിക മാധ്യമങ്ങള്‍ എന്ന യാഥാര്‍ത്ഥ്യം സ്വന്തം രാജ്യങ്ങളുടെ അനുഭവങ്ങളിലൂടെ എടുത്തുകാട്ടിയവരാണ് ഇത്തവണ നൊബേല്‍ സമ്മാനത്തിനു തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരും. വ്യാജവാര്‍ത്തകളിലൂടെ എതിരാളികളെ തകര്‍ക്കാനും പൊതുധാരണകളെ വഴിതിരിച്ചുവിടാനും ഭരണകൂടങ്ങള്‍ ഉപയോഗിക്കുന്നത് നവമാധ്യമങ്ങളെയാണ്. പരമ്പരാഗത മാധ്യമങ്ങളിലെ പുതിയ തലമുറക്കാര്‍ ജനാധിപത്യമൂല്യങ്ങളിൽ ഉറച്ചുനില്‍ക്കുന്നുണ്ട്. പക്ഷേ, അവര്‍ നേരിടുന്നത് പുതിയ ഭീഷണികളാണ്, വെല്ലുവിളികളാണ്. ഭൂരിപക്ഷം ജനങ്ങള്‍തന്നെ ചിലപ്പോള്‍ അവര്‍ക്കെതിരായിത്തിരിയുന്നു.

ജനങ്ങള്‍ക്കു വേണ്ടി എന്നു മുദ്രയടിച്ച് ഭരണകൂടം ഓടിച്ചുവിടുന്ന പീരങ്കികളും ആയുധങ്ങളും ജനങ്ങളെ കൊന്നൊടുക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ഫിലിപ്പീൻസിലെ മനുഷ്യാവകാശപ്രവര്‍ത്തകരും മറിയ റെസ്സയെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ജനങ്ങള്‍ക്കെതിരേ നടക്കുന്ന ഒരു സായുധയുദ്ധത്തിലെന്ന പോലെ അനേകായിരം ആളുകളാണ് മയക്കുമരുന്നിനെതിരായ പോരാട്ടമെന്നു വിളിക്കുന്ന ഭരണകൂട സായുധാക്രമണങ്ങളില്‍ മരിച്ചുവീഴുന്നത്. സമ്മാനിതയായ മറിയ റെസ്സ ഈ പോരാട്ടത്തില്‍ ജനങ്ങളുടെ പക്ഷത്തുനിന്നു പൊരുതുന്ന മാധ്യമപ്രവര്‍ത്തകയാണ്. സ്വന്തം ജീവന്‍ പണയം വെച്ചുകൊണ്ടുള്ള ഈ പോരാട്ടത്തിന് സ്വന്തം നാട്ടില്‍ ചിലപ്പോള്‍ അംഗീകാരം കിട്ടിയില്ലെന്നും വരാം. പുതിയ കാലത്ത് പല രാജ്യങ്ങളിലെയും ഏകാധിപത്യങ്ങള്‍ക്ക് ജനങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും അവരെ തെറ്റിദ്ധരിപ്പിക്കാനും കഴിയുന്നുണ്ട്. പുതിയ സാമൂഹികമാധ്യമ സംവിധാനങ്ങള്‍ എങ്ങനെ ഇതിനായി ഉപയോഗിക്കണമെന്നും അവര്‍ക്കറിയാം.

റഷ്യയിലെ ദിമിത്രി മുറടോവ് അനേകവര്‍ഷങ്ങളായി മാധ്യമസ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുകയാണ്. സ്റ്റാലിന്റെ സോവിയറ്റ് യൂണിയന്‍ കാലത്ത് ഭരണകൂടങ്ങള്‍ ചെയ്യാന്‍ മടിച്ച കാര്യങ്ങള്‍ ചെയ്യാന്‍ മടിക്കാത്ത ഭരണകൂടങ്ങളെയാണ് വോട്ടെടുപ്പിലൂടെ ജനങ്ങള്‍ പല ദശകങ്ങള്‍ തുടര്‍ച്ചയായി തിരഞ്ഞെടുക്കുന്നത്. റഷ്യയിലെ പുടിന്‍ ഉദാഹരണം മാത്രം. അപകടകരമായ ഒരു പോരാട്ടമാണ് മുറടോവിന്റെ നവോജ ഗസറ്റ മാധ്യമം 24 വര്‍ഷമായി നടത്തുന്നത്. നവോജ ഗസറ്റ പത്രത്തിന് എതിരെ ഭരണകൂടവും അവരെ പിന്താങ്ങുന്നവരും ഭീഷണിയും അക്രമവും പച്ചയായ കൊലപാതകവും ഒരു മടിയുമില്ലാതെ ഉപയോഗിക്കുകയാണ്. സ്ഥാപനത്തിലെ അര ഡസന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. പത്രം പക്ഷേ തങ്ങളുടെ സ്വതന്ത്ര നയം മാറ്റാന്‍ തയ്യാറല്ല. സത്യമായ കാര്യങ്ങള്‍ മാധ്യമധാര്‍മികതയുടെ പരിധിക്കകത്തുനിന്നു റിപ്പോര്‍ട്ടു ചെയ്യാന്‍ സ്വന്തം പത്രപ്രവര്‍ത്തകര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കുന്ന പത്രം എന്ന സല്‍പ്പേര് നവോജ ഗസറ്റ നിലനിര്‍ത്തുന്നു, നിരന്തരം ഉയരുന്ന വധഭീഷണികള്‍ക്കിടയിലും.

media freedom

ജനാധിപത്യം ഒരു മറയായി മാത്രം നിലനിര്‍ത്തുകയും ജനാധിപത്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നാമമാത്രമായി ചുരുക്കുകയും ഭരിക്കുന്നവരുടെ ഹിതം തന്നെയാണ് ജനഹിതം എന്നു സ്ഥാപിക്കുകയും ചെയ്യുന്ന രാഷ്ടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുണ്ട്. ഇന്ത്യയെയും അത്തരം രാജ്യമായി പരിഗണിക്കുന്നതിനുള്ള കാരണങ്ങളും വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും വ്യക്തിഗത സ്വാധീനവും ജനപ്രീതിയും ഉള്ളവരാണ് പുതിയ ഭരണാധിപന്മാര്‍ എല്ലാം. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചുതന്നെ ഇവര്‍ക്ക് തങ്ങളുടെ സ്വാധീനം വളര്‍ത്താനും നിലനിര്‍ത്താനും തുടര്‍ച്ചയായി അധികാരത്തില്‍ വരാനും കഴിയുന്നു. അതുകൊണ്ടുതന്നെ ഭരണകൂട നയങ്ങളെ ചോദ്യം ചെയ്യുന്ന മാധ്യമങ്ങളും ജനാധിപത്യപ്രസ്ഥാനങ്ങളും ജനവിരുദ്ധരായി മുദ്ര കുത്തപ്പെടുന്നു. ഒരു തവണ അധികാരത്തില്‍വന്നാല്‍ പുറന്തള്ളുക എളുപ്പമല്ല എന്നതാണ് മിക്ക രാജ്യങ്ങളുടെയും അനുഭവം.

ജനപ്രീതി നേടുന്നതിന് പഴയ രീതികളാവില്ല പല പുത്തന്‍ ഭരണാധികാരികള്‍ ഉപയോഗപ്പെടുത്തുന്നതും ഫലം ഉണ്ടാക്കുന്നതും. മിക്കപ്പോഴും ഏതെങ്കിലും ഭൂരിപക്ഷ മതവിഭാഗങ്ങളെയോ ഭാഷാവിഭാഗങ്ങളുടെയോ മറ്റേതെങ്കിലും ഉപദേശീയതകളെയോ ആണ് ഇവര്‍ മുന്നില്‍ നിര്‍ത്തുക. വര്‍ഗീയത പോലുള്ള ഏതെങ്കിലും വികാരങ്ങളിലൂടെ ഭൂരിപക്ഷത്തിന്റെ പിന്തുണ നേടുന്നതോടെ രാജ്യത്തെ തിരഞ്ഞെടുപ്പുതന്നെ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള വിഫല പോരാട്ടമായി മാറുന്നു. ഈ ഭൂരിപക്ഷം ഒരിക്കലും ന്യൂനപക്ഷമാവുകയില്ല. ന്യൂനപക്ഷം ഭൂരിപക്ഷവും ആവില്ല. ബി.ആര്‍ അംബേദ്കര്‍ വളരെക്കാലം മുന്‍പേ മുന്നറിയിപ്പ് നല്‍കിയത് മതംപോലുള്ള ഭൂരിപക്ഷങ്ങള്‍ ശാശ്വതമായി നിലനില്‍ക്കും, ആ ഭൂരിപക്ഷമല്ല ശരിയായ ജനാധിപത്യത്തിന്റെ ഭൂരിപക്ഷം എന്നാണ്. ഒരു തിരഞ്ഞെടുപ്പിലൂടെയും അതു മാറ്റാനാവില്ല്. രാജ്യങ്ങള്‍ക്കനുസരിച്ച് ഇതു മാറിക്കൊണ്ടിരിക്കും.

മനുഷ്യരാശിക്കു നേരെ തന്നെ ഉയരുന്ന വലിയൊരു ഭീഷണിയുടെ അപകടസാധ്യതയിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിനും ജനാധിപത്യം നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ എത്ര വിലയേറിയ പങ്കാണ് വഹിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും തന്നെയാണ് നോബല്‍ സമ്മാനം ചരിത്രത്തിലാദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നോബല്‍ സമ്മാനം നല്‍കുന്നത്. ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്.

Content Highlights: Nobel prize for journalists, what it means-feature

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented