ഗുരുവായൂർ നഗരസഭയിലെ പാലുവായിലുള്ള കുടുംബശ്രീ ധാന്യമിൽ(File Photo)
കുടുംബശ്രീപ്രസ്ഥാനത്തിന് തുടക്കംകുറിച്ചുകൊണ്ട് കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ പുതിയൊരധ്യായത്തിനാണ് 1998-ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ തുടക്കമിട്ടത്. ദരിദ്രവനിതകളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണെങ്കിലും കുടുംബശ്രീ ഇന്ന് എല്ലാ സ്ത്രീകളും പ്രതിനിധാനംചെയ്യുന്ന ഒരു മഹാപ്രസ്ഥാനമായി മാറിയിരിക്കുന്നു. നിലവില്‍ കുടുംബശ്രീയില്‍ 45 ലക്ഷത്തോളം സ്ത്രീകളാണ് അംഗങ്ങളായുള്ളത്. ഇവരില്‍ 18-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ വെറും 10 ശതമാനം മാത്രമാണ്. ഈ യുവതികളിലേക്ക് കുടുംബശ്രീയുടെ പദ്ധതികള്‍ വഴിയുള്ള ഗുണഫലങ്ങള്‍ വേണ്ടത്ര ലഭ്യമാവാത്ത അവസ്ഥയുണ്ട്. ഏറ്റവും ഊര്‍ജസ്വലമായ യൗവന കാലഘട്ടത്തിലുള്ള യുവതികളുടെ ആശയോത്പാദനവും നിര്‍വഹണ പാടവവും കുടുംബശ്രീക്ക് ലഭ്യമാകുന്നില്ല എന്ന കുറവുകൂടി ഇതോടൊപ്പം കാണണം. ഈ പശ്ചാത്തലത്തിലാണ് യുവതി ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപവത്കരിക്കാന്‍ തീരുമാനിക്കുന്നത്.
കേരളജനതയുടെ 57 ശതമാനം 20-നും 59-നും ഇടയില്‍ പ്രായമുള്ളവരാണ്. ഇതില്‍ 53 ശതമാനം സ്ത്രീകളാണ്. പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് തൊഴില്‍രഹിതര്‍. 2020-ലെ കേരള ഇക്കണോമിക് റിവ്യൂവിലെ കണക്കുപ്രകാരം, കേരളത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീകളുടെ എണ്ണം തൊഴില്‍രഹിത സ്ത്രീകളുടെ ദേശീയ ശരാശരിയെക്കാള്‍ മൂന്ന് ഇരട്ടിയോളം കൂടുതലാണ്. അഭ്യസ്തവിദ്യരായിട്ടും സ്വന്തം കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ 'വീട്ടമ്മ'മാരായി ഒതുങ്ങിക്കഴിയുന്ന യുവതികള്‍ അനുഭവിക്കുന്ന മാനസികപ്രയാസങ്ങള്‍ സമൂഹത്തില്‍ കൂടിവരുന്നുമുണ്ട്. അവരുടെ പ്രശ്‌നങ്ങളും മറ്റും പങ്കുവെക്കാനുള്ള ഒരു വേദി നിലവിലില്ല.
തൊഴിലെടുക്കുന്നതിനും ജീവനോപാധികള്‍ കണ്ടെത്തുന്നതിനും സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും സഹായകമാകുന്ന വേദി ഒരുക്കുന്നതിലൂടെ യുവതികളുടെ കാര്യശേഷിയും ഇടപെടല്‍ശേഷിയും വര്‍ധിപ്പിക്കാനും അതുവഴി സാമൂഹികപുരോഗതിക്ക് ആക്കം കൂട്ടാനും കഴിയും. യുവതീകൂട്ടായ്മകളായി മാറുന്ന ഓക്‌സിലറി ഗ്രൂപ്പുകള്‍ ഇതിന് പര്യാപ്തമാവും. കുടുംബശ്രീയില്‍ ഒരു കുടുംബത്തിലെ ഒരു വനിതയ്ക്ക് മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ. അമ്മ അംഗമായുള്ള കുടുംബശ്രീയില്‍ മകള്‍ക്കോ, മരുമകള്‍ക്കോ അംഗമാവാന്‍ നിലവില്‍ സാധ്യമല്ല. പത്തുവര്‍ഷത്തിനു മുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു അയല്‍ക്കൂട്ടത്തിലേക്ക് പുതിയ ഒരാള്‍ അംഗമാവുമ്പോള്‍ നിലവിലുള്ളവരുടെ നിക്ഷേപം വഴിയുള്ള സമ്പാദ്യവും പുതുതായി ചേരുന്നവരുടെ സമ്പാദ്യവും തമ്മില്‍ വലിയ അന്തരമുണ്ടാകും. യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും ഇവരെ പൊതുധാരയില്‍ കൊണ്ടുവരുന്നതിനും സാമൂഹിക, സാമ്പത്തിക സ്ത്രീശാക്തീകരണ വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവര്‍ക്ക് വിവിധ തൊഴില്‍സാധ്യതകളെക്കുറിച്ചുള്ള അറിവുകള്‍ നല്‍കുന്നതിനുമുള്ള ഒരു പൊതുവേദി സൃഷ്ടിക്കുകയെന്നത് അടിയന്തരപ്രാധാന്യമുള്ള കാര്യമാണ്.
നാളിതുവരെ പല കാരണങ്ങളാലും കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍ ചേരാന്‍ കഴിയാതിരുന്ന കുടുംബങ്ങളിലെ യുവതികള്‍ക്ക് ഇതിലൂടെ അവസരം നല്‍കണം. ഈ സാഹചര്യത്തിലാണ് കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളിലും 18 മുതല്‍ 40 വയസ്സുവരെയുള്ള യുവതികളെ അംഗങ്ങളാക്കിയുള്ള ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപവത്കരിക്കുന്നത്. പുതിയ തലമുറയിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക, സാമൂഹിക ശാക്തീകരണം സാധ്യമാക്കാനും അവരുടെ തീരുമാനങ്ങളും കാഴ്ചപ്പാടുകളും സ്വതന്ത്രമാക്കാനും സാധിക്കും. വരുമാനം ഉറപ്പിക്കുന്ന ഒരു തൊഴില്‍ ലഭിച്ചശേഷം വിവാഹം എന്ന കാഴ്ചപ്പാടിലേക്ക് കേരളത്തിലെ യുവതികള്‍ ഉയരേണ്ട സമയം അതിക്രമിച്ചു. യുവതീ ഓക്‌സിലറി ഗ്രൂപ്പുകള്‍ അതിന് സഹായകമാവും. യുവജന കമ്മിഷന്‍, യുവജന ക്ഷേമബോര്‍ഡ് തുടങ്ങി വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും പരിചയപ്പെടാനും അവയില്‍ പങ്കാളികളാകാനും ഓക്‌സിലറി ഗ്രൂപ്പിനെ പര്യാപ്തമാക്കും.
സംസ്ഥാനത്ത് ഇതുവരെയായി 20,116 കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ചെയ്തുകഴിഞ്ഞു. ഒക്ടോബര്‍ രണ്ടിനായിരുന്നു രജിസ്ട്രേഷന്‍ ആരംഭിച്ചത്. 3,25,000-ത്തിലേറെ യുവതികള്‍ ഓക്‌സിലറി ഗ്രൂപ്പുകളില്‍ അംഗങ്ങളായി. ഒരു യൂണിറ്റില്‍ അമ്പത് യുവതികള്‍ക്ക് അംഗങ്ങളാവാം. ആ പരമാവധി അംഗസംഖ്യ ഓരോ യൂണിറ്റും യാഥാര്‍ഥ്യമാക്കും. തൊഴില്‍ മുടങ്ങിയവരും കോഴ്സുകളൊക്കെ പൂര്‍ത്തിയാക്കിയപ്പോള്‍ വിവാഹിതരാവുകയും തുടര്‍ന്ന് 'വീട്ടമ്മ'മാരായി മാറിയതുമായ ഒട്ടേറെ യുവതികള്‍ സംസ്ഥാനത്തുണ്ട്. ഇവര്‍ക്ക് നൈപുണി വികസനത്തിനുള്ള അവസരമൊരുക്കുമ്പോള്‍ കേരളത്തില്‍ യുവതികളുടെ മെച്ചപ്പെട്ട ഒരു തൊഴില്‍സേനതന്നെ ഉണ്ടാവും.
തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ്മന്ത്രിയാണ് ലേഖകന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..