കേരള നഗര-ഗ്രാമാസൂത്രണ ഭേദഗതി വികസനം സ്തംഭിപ്പിക്കും


ജേക്കബ് ഈശോ

പ്രതീകാത്മക ചിത്രം | ഫോട്ടോ മാതൃഭൂമി

രു നിയമം കാലഹരണപ്പെട്ടാല്‍ തീര്‍ച്ചയായും പരിഷ്‌കരിക്കേണ്ടതാണ്. പക്ഷേ, ഇപ്പോള്‍ നിയമസഭയില്‍ പാസായ കേരള നഗര-ഗ്രാമാസൂത്രണ ഭേദഗതിനിയമത്തിലെ ചില നിര്‍ദേശങ്ങള്‍ കേരളത്തിന്റെ ഭാവിവികസനത്തെ പിന്നിലേക്ക് നയിക്കുന്നതാണ്. 2018-ലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി, പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളെ സജ്ജമാക്കുന്ന തരത്തില്‍ നഗരാസൂത്രണനിയമത്തില്‍ പറഞ്ഞിട്ടുള്ള മാസ്റ്റര്‍പ്‌ളാനിന്റെ ഉള്ളടക്കത്തിലും നടപടിക്രമത്തിലും മാറ്റങ്ങള്‍ നിര്‍ദേശിക്കുകയുണ്ടായി. ഈസാഹചര്യം ചൂഷണംചെയ്ത് 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമത്തില്‍ ഒരുചര്‍ച്ചയും നടത്താതെ പിന്‍വാതിലിലൂടെ കടന്നുവന്നതാണ് ഈ ഭേദഗതി. അശാസ്ത്രീയവും പക്ഷപാതവുമാണ് ഈ നിയമഭേദഗതിയിലെ ചില വ്യവസ്ഥകള്‍. 1996-ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാതൃക-ഗ്രാമാസൂത്രണ നിയമത്തിന് വിപരീതവുമാണ്.

ഒഴിവായ എക്‌സിക്യൂഷന്‍ പ്‌ളാന്‍

നഗര-ഗ്രാമാസൂത്രണ നിയമപ്രകാരം ഒരു 'പ്‌ളാന്‍' തയ്യാറാക്കിയാണ് വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതും ക്രമീകരിക്കുന്നതും. ഇത് നടപ്പാക്കി ഇപ്പോഴത്തെയും ഭാവിയിലെയും താമസക്കാര്‍ക്ക് മെച്ചപ്പെട്ട നിലവാരങ്ങളും ആവശ്യങ്ങളും ലഭ്യമാക്കുന്നു. ഇതിനായി ഒരുപ്രദേശത്തിന് അനുയോജ്യമായ നിലയില്‍ ഭൗതികവും സാമൂഹികവും സാമ്പത്തികവുമായ എല്ലാ മാനങ്ങളെയും സ്പര്‍ശിക്കുന്നതും അടുത്ത ഇരുപതുവര്‍ഷം മുന്നില്‍ക്കണ്ടുകൊണ്ടുള്ളതുമായ വികസനലക്ഷ്യങ്ങളും തന്ത്രങ്ങളും നയങ്ങളുമാണ് ദീര്‍ഘകാല പ്‌ളാന്‍. ഈ ദീര്‍ഘകാലപ്‌ളാനാണ് നമ്മുടെ നഗര-ഗ്രാമാസൂത്രണ നിയമത്തില്‍ പെര്‍സ്‌പെക്ടീവ് പ്‌ളാന്‍ അഥവാ മാസ്റ്റര്‍പ്‌ളാന്‍ എന്നുവിളിച്ചിരിക്കുന്നത്.

ഇരുപതുവര്‍ഷത്തെ പെര്‍സ്‌പെക്ടീവ് പ്‌ളാനില്‍ ഭൗതികം, ഭൂമിശാസ്ത്രപരം, പ്രകൃതിവിഭവം, പരിസ്ഥിതി എന്നിവ നിര്‍ണായകമായ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ മാസ്റ്റര്‍പ്‌ളാനുകള്‍ക്ക് റെഗുലേറ്ററി സ്വഭാവമാണ് കൂടുതല്‍. വളരെ കര്‍ക്കശമായ നിയമനടപടിക്രമമാണ് ഇതിന് നഗര-ഗ്രാമാസൂത്രണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. മാസ്റ്റര്‍പ്‌ളാന്‍ ഒരു നഗരാതിര്‍ത്തിക്കുള്ളില്‍ ഒതുക്കാന്‍ സാധിക്കുകയില്ല. കൂടുതല്‍സമയവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പുറത്തുള്ള സമിതികളുടെ പ്‌ളാനായിട്ടാണ് വരുക. ഒരു ദീര്‍ഘകാലപ്‌ളാന്‍ നടപ്പാക്കുന്നത് പഞ്ചവത്സരകാലത്തേക്കുള്ള നിര്‍വഹണ രൂപരേഖയിലൂടെയാണ്. ഇതിന് 'എക്‌സിക്യൂഷന്‍ പ്‌ളാനെ'ന്നാണ് ഇപ്പോഴത്തെ നഗര-ഗ്രാമാസൂത്രണ നിയമത്തില്‍ കൊടുത്തിരിക്കുന്ന പേര്. വിവിധ വികസനമേഖലയിലെ നയങ്ങള്‍, തന്ത്രം, നിര്‍ദേശങ്ങള്‍, പ്രോജക്ടുകളും പരിപാടികളും നിര്‍ണയിക്കല്‍, മുന്‍ഗണന, സാമ്പത്തിക വിഭവസമാഹരണം എന്നിവയാണ് എക്‌സിക്യൂഷന്‍ പ്‌ളാനിന്റെ ഉള്ളടക്കം. നിര്‍വഹണ രൂപരേഖ വികസനോമുഖ രൂപരേഖയെന്ന തരത്തില്‍ രാഷ്ട്രനിര്‍മാണപ്രക്രിയയ്ക്ക് ഊന്നല്‍ നല്‍കി തയ്യാറാക്കാനാണ് നിലവിലെ നഗര-ഗ്രാമാസൂത്രണ നിയമത്തില്‍ വിഭാവനംചെയ്യപ്പെട്ടിരിക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പദ്ധതിരൂപരേഖകള്‍ക്ക് നല്‍കുന്നതുപോലുള്ള കേവലം ഒരു അനുമതിമാത്രമാണ് 2016-ലെ നഗര-ഗ്രാമാസൂത്രണ നിയമത്തില്‍ നിര്‍വഹണരൂപരേഖ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പക്ഷേ, ഈ ഭേദഗതിയിലൂടെ എക്‌സിക്യൂഷന്‍ പ്‌ളാന്‍ ഒഴിവാക്കുകയാണ്.

മാസ്റ്റര്‍പ്‌ളാന്‍ ഇരുമ്പുലക്കയല്ല

ജനാധിപത്യത്തില്‍ ഒരു മാസ്റ്റര്‍പ്‌ളാന്‍ ഒരിക്കലും ഇരുമ്പുലക്കയാകരുത്. നമ്മുടെ പ്രദേശം ദിനംപ്രതി മാറ്റത്തിന് വിധേയമാണ്. അതുകൊണ്ട് ഒരു പ്രദേശത്തിന്റെ വികസന-മുന്‍ഗണനാക്രമം നിശ്ചലമാക്കുമ്പോള്‍ വികസനത്തെ സ്തംഭനത്തിലേക്ക് നയിക്കുന്നത് അശാസ്ത്രീയവുമാണ്. അഞ്ചുവര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനകീയ പ്രാദേശിക സര്‍ക്കാരുകളുടെ അവകാശമാണ് അട്ടിമറിക്കപ്പെടുന്നത്.

36-ാം വകുപ്പിലെ ഭേദഗതിയിലെ മാസ്റ്റര്‍പ്‌ളാന്‍ തയ്യാറാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും അനുമതി നല്‍കുന്നതിനുമുള്ള നടപടിക്രമത്തിലാണ് ചീഫ് ടൗണ്‍ പ്‌ളാനര്‍ (സി.ടി.പി.) രാജിന്റെ മര്‍മം. ഈ ഭേദഗതിയില്‍ എട്ട് ഉപവിഭാഗ ഭേദഗതിയാണുള്ളത്. 'സി.ടി.പി. മുഖേന' എന്ന ക്‌ളിപ്ത നിബന്ധന എട്ടുതവണയില്‍ കൂടുതല്‍ ഈ ഭേദഗതിയില്‍ നിബന്ധന നടത്തുന്നു. ഒരു സമിതി (സ്വയംഭരണസ്ഥാപനം) തയ്യാറാക്കുന്ന പ്‌ളാന്‍ സമര്‍പ്പിക്കുമ്പോള്‍ ഒരു ഉദ്യോഗസ്ഥനല്ലാതെ ഒരു സമിതിക്ക് (ഡി.സി.പി./സര്‍ക്കാര്‍) കൈമാറുകയെന്ന ആശയമായിരുന്നു 2016-ലെ ആക്ടില്‍ പിന്തുടര്‍ന്നത്. ഈ ആശയം ലംഘിച്ചുകൊണ്ട് സി.ടി.പി. രാജ് നടപ്പാക്കുന്നു ഈ ഭേദഗതിയില്‍. മാത്രമല്ല, 38-ഉം 39-ഉം ഭേദഗതി സര്‍ക്കാരിന് സ്വമേധയാ മാസ്റ്റര്‍പ്‌ളാന്‍ തയ്യാറാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും അനുമതി നല്‍കുന്നതിനും നിര്‍ദേശിക്കുന്നു. ചുരുക്കത്തില്‍ സി.ടി.പി.യില്‍ ഈ എല്ലാ അധികാരവും നിയോഗിക്കപ്പെടാം.

ദിശാബോധമില്ലാത്ത സ്ഥലപര പ്‌ളാന്‍

ദിശാബോധമില്ലായ്മയാണ് ഈ ഭേദഗതി ചേര്‍ക്കുന്ന പ്രത്യേക പ്രദേശത്തിനുവേണ്ടിയുള്ള സ്ഥലപര പ്‌ളാന്‍. റീബില്‍ഡ് കേരളയുടെ റിപ്പോര്‍ട്ടില്‍ ഇടക്കാല മാസ്റ്റര്‍പ്‌ളാന്‍ തയ്യാറാക്കാനുള്ള നിര്‍ദേശം മുതലെടുത്ത് സ്ഥലപര ആസൂത്രണത്തിന്റെ ഒരു 'സ്വതന്ത്രവിപണി'തന്നെ ഭേദഗതിയില്‍ കൈവരിക്കുകയെന്നതാണ് ലക്ഷ്യം. സ്ഥലപര പ്‌ളാന്‍ എന്ന നാമകരണം സാങ്കേതികമായി അവ്യക്തമാണ്. ഈ ആക്ടിലെ എല്ലാ പ്‌ളാനിനെയും സ്ഥലപര പ്‌ളാന്‍ എന്നുവിളിക്കാം. സര്‍ക്കാരിന് ഇതൊരു തുകയെഴുതാതെ ഒപ്പിട്ട ചെക്ക് കിട്ടുന്നതുപോലെയാണ്. മുനിസിപ്പാലിറ്റിയോ പഞ്ചായത്തോ വികേന്ദ്രീകരണമോ എന്നത് ഇവിടെ പ്രശ്‌നമല്ല. സി.ടി.പി.യുടെ ഒരു റിപ്പോര്‍ട്ട് സംഘടിപ്പിച്ചാല്‍ സര്‍ക്കാരിന്റെ എന്തു പ്‌ളാനും നടപ്പാക്കാം.

ഭരണഘടനാവിരുദ്ധം

ജില്ലാ ആസൂത്രണക്കമ്മിറ്റിക്ക് ഭരണഘടന നല്‍കിയിരിക്കുന്ന അധികാരത്തെ പരിമിതപ്പെടുത്തുകയാണ് ഭേദഗതിയില്‍ മറ്റൊരു വകുപ്പ്. ഇത് ഭരണഘടനാവിരുദ്ധമാണ്. വികസനപ്രവര്‍ത്തനങ്ങളെ ഒന്നിച്ചുകൂട്ടുക അഥവാ സംയോജനമാണ് വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന തത്ത്വം. ഇതിനായി കരട് ജില്ലാ വികസനരൂപരേഖ തയ്യാറാക്കാനാണ് ഭരണഘടന 243ദഉ(3) അനു?േഛദം വിഭാവനംചെയ്തിരിക്കുന്നത്. ഈ സംയോജിത ജില്ലാ വികസനരൂപരേഖയെ വിവിധ അറകളായി തിരിച്ച് നഗര-ഗ്രാമാസൂത്രണ വകുപ്പിന്റെ വക ഒരു പ്‌ളാന്‍ തയ്യാറാക്കുകയാണ് പുതിയ ഭേദഗതി. അങ്ങനെ ഈ ജില്ലാ വികസനപ്‌ളാനിനെ ഒരു 'കഷണമായി' സ്ഥലപര ജില്ലാ പെര്‍സ്‌പെക്ടീവ് പ്‌ളാന്‍ എന്ന നാമകരണമാണ് ഭേദഗതിയില്‍ നല്‍കിയിരിക്കുന്നത്. കേരള നഗര-ഗ്രാമാസൂത്രണ നിയമം സംസ്ഥാനത്തിനും ജില്ലയ്ക്കും മെട്രോപൊളിറ്റന്‍ പ്രദേശത്തിനും മുനിസിപ്പാലിറ്റികള്‍ക്കും പഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള നിയമമാണ്. ഭരണഘടനയിലെ ഒരു വകുപ്പിന് അനുരൂപമായി സംസ്ഥാനം ഒരു നിയമനിര്‍മാണം നടത്തുമ്പോള്‍ ഭരണഘടനയുടെ അന്തസ്സത്ത ഒട്ടും ചോര്‍ന്നുപോകാതെ സമഗ്രമായിവേണം നടത്തേണ്ടത്. ഈ സമഗ്രതയാണ് പുതിയ ഭേദഗതിയില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. പക്ഷേ, ഈ സംയോജനത്തിനായി നഗര-ഗ്രാമാസൂത്രണ വകുപ്പിനെ 'തദ്ദേശസ്വയംഭരണവകുപ്പ് (പ്‌ളാനിങ്)' എന്ന് ഭേദഗതി ഈ ആക്ടില്‍ ചെയ്യുന്നു എന്നതാണ് ഇതിലെ മറ്റൊരു രസാപകര്‍ഷം.


മുന്‍ അഡീഷണല്‍ ചീഫ് ടൗണ്‍ പ്‌ളാനറാണ് ലേഖകന്‍

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented