സില്‍വര്‍ലൈന്‍:സര്‍ക്കാര്‍ ധൃതികാട്ടുന്നതിനുപിന്നില്‍ ദുരൂഹത- വി.ഡി.സതീശന്‍ എഴുതുന്നു


വി.ഡി. സതീശന്‍, പ്രതിപക്ഷനേതാവ്

2 min read
Read later
Print
Share

കേന്ദ്രസര്‍ക്കാരിന്റെയോ റെയില്‍വേ മന്ത്രാലയത്തിന്റെയോ അന്തിമാനുമതി ലഭിക്കാത്ത ഒരു പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ ഇത്രയും ധൃതികാട്ടുന്നതിനുപിന്നില്‍ ദുരൂഹതയുണ്ട്

പ്രതീകാത്മക ചിത്രം

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാതപഠനങ്ങള്‍ നടത്താതെയുമാണ് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 64,941 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്ന ഈ പദ്ധതി, കേരളത്തെ തെക്കുവടക്ക് വന്‍മതിലായി വെട്ടിമുറിക്കുന്നതിനൊപ്പം കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ വേര്‍തിരിക്കുന്ന വന്‍കോട്ടയായി മാറും. നിതി ആയോഗിന്റെ കണക്കുപ്രകാരം ഈ പദ്ധതിക്ക് 1.33 ലക്ഷം കോടി രൂപ ചെലവുവരും. ഇതിനായി 1383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരും.

പഠിക്കാത്ത പദ്ധതി

ഈ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം പേരിനുമാത്രമാണ് നടത്തിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് എന്ന അംഗീകാരമില്ലാത്ത സ്ഥാപനമാണ് ഇതിന്റെ പരിസ്ഥിതിയാഘാത പഠനം നടത്തിയിരിക്കുന്നത്. ഇത് കാര്യക്ഷമമല്ലാത്തതിനാല്‍ വീണ്ടും 96 ലക്ഷം രൂപ മുടക്കി പഠനംനടത്താന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്.

ഏരിയല്‍ സര്‍വേ രീതി പ്രയോജനപ്പെടുത്തിയാണ് ഡി.പി.ആര്‍. അടക്കം തയ്യാറാക്കിയിരിക്കുന്നത്. സിസ്ട്ര എന്ന ഫ്രഞ്ച് കമ്പനിക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഈ പദ്ധതിയുടെ പഠനത്തിനുമാത്രമാണ് തത്ത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

പരിസ്ഥിതിപ്രവര്‍ത്തകരുടെ അഭിപ്രായത്തില്‍ ചുരുങ്ങിയത് 20,000 കുടുംബങ്ങള്‍ കുടിയൊഴിക്കപ്പെടുകയും 50,000 കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കേണ്ടിവരുകയും ചെയ്യും. 145 ഹെക്ടര്‍ നെല്‍വയല്‍ നികത്തണം. 1000-ത്തിനു മേല്‍പ്പാലങ്ങളോ അടിപ്പാതകളോ നിര്‍മിക്കണം. ഇത്രയും വലിയ പദ്ധതി നടപ്പാക്കുന്നതിനുമുമ്പ് സാമൂഹികാഘാത പഠനം അനിവാര്യമാണ്. അതുപോലും നടത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

ക്ഷണിച്ചുവരുത്തുന്നത് പരിസ്ഥിതിദുരന്തം

15 മുതല്‍ 30 അടി ഉയരത്തിലും അതിന് ആനുപാതികമായ വീതിയിലുമാണ് സില്‍വര്‍ ലൈന്‍ 292 കിലോമീറ്റര്‍ ദൂരം (മൊത്തം ദൂരത്തിന്റെ 55 ശതമാനം) വന്‍മതില്‍പോലെയാണ് നിര്‍മിക്കപ്പെടുന്നത്. ബാക്കിസ്ഥലത്ത് റെയിലിന് ഇരുവശത്തും മതിലും കെട്ടണം. പദ്ധതി നിലവില്‍വന്നാല്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തില്‍ മാറ്റംവരുമെന്നും 164 സ്ഥലങ്ങളിലെ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ തടസ്സപ്പെടുമെന്നും സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ത്തന്നെ പറയുന്നുണ്ട്. എവിടെയൊക്കെ സ്വാഭാവിക ജലനിര്‍ഗമനമാര്‍ഗങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ടോ, അത് താഴ്ന്നപ്രദേശങ്ങളാണെങ്കില്‍ വെള്ളപ്പൊക്കവും മലയോരമേഖലകളാണെങ്കില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കുമെന്നതിന് ഇനിയൊരു പഠനത്തിന്റെയും ആവശ്യമില്ല.

പശ്ചിമഘട്ടത്തിലൂടെയല്ല പദ്ധതി കടന്നുപോകുന്നതെന്ന ന്യായവാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍, പദ്ധതിക്ക് ആവശ്യമായ കല്ലും മണ്ണും പശ്ചിമഘട്ടത്തില്‍നിന്നല്ലാതെ എവിടെനിന്ന് കണ്ടെത്തും? കേന്ദ്രസര്‍ക്കാരിന്റെയോ റെയില്‍വേ മന്ത്രാലയത്തിന്റെയോ അന്തിമാനുമതി ലഭിക്കാത്ത ഒരു പദ്ധതിക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ ഇത്രയും ധൃതികാട്ടുന്നതിനുപിന്നില്‍ ദുരൂഹതയുണ്ട്.

ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി (ഐ.പി.സി.സി.)ന്റെ റിപ്പോര്‍ട്ടുകൂടി വന്ന സാഹചര്യത്തില്‍ കേരളം അപകടമേഖലയിലാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഒരു മണിക്കൂര്‍ നിര്‍ത്താതെ മഴപെയ്താല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന ഒരു സംസ്ഥാനത്ത് ഇത്തരം പദ്ധതികള്‍ കൊണ്ടുവരുമ്പോള്‍ ഗൗരവമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. എവിടെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ പദ്ധതി?

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് വന്നപ്പോള്‍ കേരളത്തിന്റെ പരിതാപകരമായ സമ്പദ്വ്യവസ്ഥയെക്കുറിച്ച് നമുക്ക് ബോധ്യമായി. എന്നിട്ടും ഇത്രയും വലിയ ബാധ്യത ഏറ്റെടുത്ത് കേരളത്തിനെ ഇനിയും കടത്തിന്റെ കാണാക്കയങ്ങളിലേക്ക് തള്ളിയിടാനുള്ള ഈ നീക്കത്തെ എങ്ങനെ ന്യായീകരിക്കും? നിയമസഭയില്‍ ഞങ്ങള്‍ ഉന്നയിച്ച ഗൗരവമായ ചോദ്യങ്ങള്‍ക്ക് ഇതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

ഇത്രയും വലിയ ബാധ്യത ഏറ്റെടുത്ത് കേരളത്തിനെ ഇനിയും കടത്തിന്റെ കാണാക്കയങ്ങളിലേക്ക് തള്ളിയിടാനുള്ള ഈ നീക്കത്തെ എങ്ങനെ ന്യായീകരിക്കും? നിലവിലെ ദുരന്തസാഹചര്യവും സാമ്പത്തികനിലയും പരിഗണിച്ച്, കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ തകര്‍ക്കുന്ന ഈ പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented