-
സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ സങ്കീര്‍ണമായ വെല്ലുവിളികള്‍ നേരിടുന്നു എന്നുള്ളത് വസ്തുതയാണ്. എന്നാല്‍, ദേശീയരാഷ്ട്രീയത്തില്‍ ഒരു ദിവസം മാത്രം ചര്‍ച്ചാവിഷയമായ കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട വിമര്‍ശനം വാസ്തവവിരുദ്ധവും വൈരനിര്യാതനബുദ്ധിയോടെ എഴുതപ്പെട്ടതുമാണ്.
കൂടുമാറ്റത്തിന്റെ പിറകില്‍
കാലുമാറ്റവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളുടെ ഒരു പ്രധാനപ്രശ്‌നം, 'മനംമയക്കുന്നതും സത്യവിരുദ്ധവുമായ മോഹനവാഗ്ദാനങ്ങള്‍' നല്‍കി പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന ഒരു നിഷ്‌കളങ്കനായിരുന്നു കനയ്യ എന്നമട്ടിലുള്ള വ്യാഖ്യാനമാണ്. അതല്ല വസ്തുത. സി.പി.ഐ.യുടെ ദൗര്‍ബല്യവും പരിമിതികളും മനസ്സിലാക്കാതെ തെറ്റിദ്ധാരണമൂലം പാര്‍ട്ടിയില്‍വന്ന ഒരാളല്ല കനയ്യകുമാര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പൊതുവിലും ബിഹാര്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും, പാര്‍ലമെന്ററിരംഗത്ത് സി.പി.ഐ. തിരിച്ചടിനേരിടുന്ന കാലഘട്ടത്തില്‍ തന്നെയാണ് കനയ്യകുമാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആഴത്തില്‍ വേരുകളുള്ള ബേഗുസരായയിലെ ഒരു ഗ്രാമത്തില്‍നിന്ന് ഒരു സാധാരണ എ.ഐ.എസ്.എഫ്. പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചിട്ടാണ് കനയ്യകുമാര്‍ ജവാഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ എത്തുന്നത്. പിന്നീട് അദ്ദേഹം ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായപ്പോള്‍, പാര്‍ട്ടിക്ക് ചെയ്യാന്‍പറ്റുന്ന ഏറ്റവും പ്രധാനകാര്യം പാര്‍ട്ടി ചെയ്തു. ഒന്നാമത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍തന്നെ കനയ്യയെ ദേശീയ എക്‌സിക്യുട്ടീവ് അംഗമാക്കി.
മോദി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം, കനയ്യ വേഗംപോരാ എന്ന് ആക്ഷേപിക്കുന്ന സി. പി.ഐ., ഒട്ടേറെ പരിപാടികള്‍ നടത്തിയിട്ടുണ്ട്. യുവജനവിദ്യാര്‍ഥിസംഘടനകള്‍ നടത്തിയ അഖിലേന്ത്യാ ലോങ് മാര്‍ച്ച് മുതല്‍ ട്രേഡ് യൂണിയനുകള്‍ നടത്തിയ അസംഖ്യം സമരങ്ങള്‍. കര്‍ഷകസമരത്തിലെ പങ്കാളിത്തം തുടങ്ങിയ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി സംഘടിപ്പിച്ചത് സി.പി.ഐ. തന്നെയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സൗകര്യങ്ങളും സാധ്യതകളും അധികാരങ്ങളും ഇല്ലാതിരുന്നിട്ടും അണികള്‍ മറ്റുപാര്‍ട്ടികളിലേക്ക് പ്രത്യേകിച്ച് ബി.ജെ.പി.യിലേക്ക് ചേക്കാറാതെ ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയം പാര്‍ട്ടി അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ സി.പി.ഐ.ക്ക് കഴിഞ്ഞിട്ടുണ്ട്. വര്‍ഗീയഫാസിസത്തെ നേരിടാന്‍ സി.പി.ഐ.ക്ക് വേഗം പേരാ എന്ന് ആക്ഷേപിക്കുമ്പോള്‍ അതിനെക്കാള്‍ വേഗംകൂടിയ പാര്‍ട്ടിയിലേക്കാണല്ലോ പോകേണ്ടത്. ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുള്ള പ്രസക്തി കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. പക്ഷേ, ബി.ജെ.പി.ക്ക് ഇന്ധനവും ഊര്‍ജവും കൊടുക്കുന്ന പ്രവൃത്തികളാണ് ഒരുവശത്ത് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. സംഘപരിവാറിനെതിരേ രാജ്യം മുഴുവനും അലയടിക്കുന്ന ഒരൊറ്റ പ്രതിഷേധസമരംപോലും നടത്താത്ത, മുഴുവന്‍സമയ പ്രസിഡന്റുപോലും ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
കാലുമാറ്റവും തക്കാളിയേറും
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തെ മുന്‍നിര്‍ത്തി സ്റ്റാലിനിസത്തിന്റെ ബലിയാട് എന്നൊക്കെ കനയ്യയെ വിശേഷിപ്പിക്കുന്നത് അര്‍ഥശൂന്യമാണ്. എല്ലാ ഘടകങ്ങളിലും ജനാധിപത്യപരമായ ചര്‍ച്ചനടക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. കൊല്ലത്തുനടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വന്തം പാര്‍ട്ടിയെ 'കണ്‍ഫ്യൂസ്ഡ് പാര്‍ട്ടി ഓഫ്' എന്ന് വിമര്‍ശിച്ച ആളാണ് കനയ്യ. പാര്‍ട്ടി സഖാക്കള്‍ക്ക് ആ പരാമര്‍ശത്തില്‍ അതിയായ വേദനയുണ്ടായെങ്കിലും കാരണമുണ്ടാകുമെന്നുകരുതി ആ വിമര്‍ശനത്തെ ജനാധിപത്യപരമായി ഉള്‍ക്കൊള്ളുകയാണ് ചെയ്തത്. ഇതേ പ്രസംഗം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേയാണെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് കബില്‍ സിബലിന്റെ വീടിനുമുന്നില്‍നടന്ന തക്കാളിയേറ് കാണിച്ചുതരുന്നുണ്ട്. അതുകൊണ്ട് സ്റ്റാലിനിസം എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് സ്റ്റാലിനെയും സി.പി.ഐ.യെയും അറിയില്ലെന്ന് വ്യക്തം. ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ആശയവിനിമയവും സംവാദവുമുള്ള പാര്‍ട്ടിതന്നെയാണ് സി.പി.ഐ.
സി.പി.ഐ.ക്ക് ഒറ്റമൂലി നിര്‍ദേശിക്കുന്നവര്‍ മറക്കുന്ന മറ്റൊരു പ്രധാനകാര്യമുണ്ട്. സി.പി. ഐ.യുടെ ചരിത്രത്തില്‍ ധാരാളം തവണ പലരും സമഗ്രമായ പരിഷ്‌കരണത്തെക്കുറിച്ച് ചര്‍ച്ചനയിക്കുകയും അത് ചിലപ്പോള്‍ പാര്‍ട്ടി ഉള്‍ക്കൊള്ളുകയും ചിലപ്പോള്‍ തള്ളിക്കളയുകയുംചെയ്ത സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍, കനയ്യകുമാര്‍ ഒരിക്കലും ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.ഐ. എങ്ങനെ സ്വയം മെച്ചപ്പെടുത്തണം എന്നുള്ളതിനെക്കുറിച്ച് ക്രിയാത്മകവും പ്രായോഗികവുമായ പദ്ധതികള്‍ മുന്നോട്ടുവെക്കുകയോ അത് പാര്‍ട്ടി തള്ളിക്കളയുകയോ ചെയ്യുന്ന അവസരം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, കനയ്യയുടെ ഈ നിലപാട് അവസരവാദപരം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ.
സി.പി.ഐ.-കോണ്‍ഗ്രസ് ബന്ധം
കനയ്യയുടെ കാലുമാറ്റം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നുള്ള സി.പി.ഐ.യുടെ 'പടിയിറക്കം' എന്നമട്ടിലുള്ള ജല്പനം നടത്തുന്നവര്‍ ഓര്‍മിക്കേണ്ടത്, അവര്‍ എപ്പോഴാണ് നിഷ്പക്ഷതയോടെയും വസ്തുനിഷ്ഠതയോടെയും സമഗ്രതയോടെയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തെ സമീപിച്ചത് എന്നാണ്. കോണ്‍ഗ്രസുമായുള്ള ബന്ധം 1978-ലെ ഭട്ടിന്‍ഡ കോണ്‍ഗ്രസില്‍വെച്ച് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് തെറ്റായിരുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കാതെപോയ ഒരു വസ്തുതയുണ്ട്. ആ കോണ്‍ഗ്രസില്‍ പങ്കെടുത്ത പ്രമുഖ കമ്യൂണിസ്റ്റ് നേതാവായ സഖാവ് മോഹിത് സെന്‍ തന്റെ ആത്മകഥയായ 'എ ട്രാവലര്‍ ആന്‍ഡ് ദ റോഡ് ജേണി ഓഫ് ആന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്' എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നതുപോലെ രാജേശ്വര്‍ റാവുവിനെയും മറ്റു നേതാക്കളെയും അന്ന് ഏറ്റവുമധികം സ്വാധീനിച്ചത് പാര്‍ട്ടി കോണ്‍ഗ്രസില്‍ അസുഖംമൂലം പങ്കെടുക്കാത്ത സി. അച്യുതമേനോന്‍ കോണ്‍ഗ്രസ് ബന്ധം വിടുന്നതാണ് അഭികാമ്യം എന്നെഴുതിയ ഒരു കത്തായിരുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് കേരളത്തില്‍ ഏഴുവര്‍ഷം ഭരണംനടത്തിയ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്-സി.പി.ഐ. സഖ്യത്തിന്റെ ഏറ്റവും പ്രധാനകണ്ണിയായ അച്യുതമേനോന്‍ തന്നെ, പ്രായോഗിക അനുഭവത്തിന്റെ വെളിച്ചത്തില്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കണം എന്ന നിലപാടെടുത്തു എന്നതാണ് വാസ്തവം.
സി.പി.ഐ. നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ച നടത്താനും കാലോചിതമായ രീതിയില്‍ പരിഷ്‌കരിക്കാനും പാര്‍ട്ടി എപ്പോഴും സന്നദ്ധമാണ്. എന്നാല്‍, ഒരു സന്ദര്‍ഭം വന്നപ്പോള്‍ പാര്‍ട്ടിവിരോധത്തിന്റെ കോടാലിക്കൈ സകലമറയുംനീക്കി പുറത്തുവരുന്നത് നിസ്സംഗതയോടെ കണ്ടുനില്‍ക്കാന്‍ കഴിയില്ല.
(സി.പി.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..