'വിപണി വില പിടിച്ചുനിര്‍ത്തുമ്പോള്‍ അന്നം മുട്ടുന്നത് കര്‍ഷകന്'; കെ.കൃഷ്ണന്‍കുട്ടി എഴുതുന്നു


കെ.കൃഷ്ണന്‍കുട്ടി

-

വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുകയും സമരംചെയ്ത കര്‍ഷകര്‍ ആഹ്ലാദംപങ്കിടുകയുംചെയ്യുന്ന വാര്‍ത്തകളും ചിത്രങ്ങളും നാം കണ്ടു. ഈ സമരവിജയത്തിന്റെ ആഹ്ലാദത്തില്‍ മുങ്ങി നമ്മള്‍ വെറുതേയിരിക്കരുത്. ഈ വിജയം ഇനിയുള്ള സമരങ്ങള്‍ക്ക് ഊര്‍ജമാകണം. ഇങ്ങനെ പറയാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്.

ഇന്നും നിലനിന്നുപോരുന്ന പല നിയമങ്ങളും പല പരിഷ്‌കാരങ്ങളും അതിലുപരി കാര്‍ഷികരംഗത്ത് കുത്തകകളുടെ കടന്നുകയറ്റങ്ങളും നാം കാണാതെ പോവുകയാണ്. ഇതിന്റെ പരിണതഫലമായി ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ എണ്ണവും കൃഷി ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിക്കുന്നു.

ഇപ്പോള്‍ ജയിച്ച ഈ സമരംപോലും എന്തിനുവേണ്ടിയായിരുന്നെന്ന് നമ്മുടെ രാജ്യത്തെ ഭൂരിഭാഗം കര്‍ഷകര്‍ക്കും അറിയില്ല. കാരണം, അവര്‍ ഈ നിയമത്തിന്റെ സാങ്കേതികവശങ്ങളോ അതിന്റെ പ്രത്യാഘാതങ്ങളോ ഒന്നുംതന്നെ മനസ്സിലാക്കാതെ മുഴുവന്‍സമയവും കൃഷിയിടങ്ങളില്‍ പണിയെടുക്കുകയായിരുന്നു. ശമ്പളവര്‍ധനയ്ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി സമരംചെയ്യുന്ന സര്‍ക്കാര്‍ജീവനക്കാരോ മറ്റുമേഖലയിലുള്ള ജീവനക്കാരോ തൊഴിലാളികളോ ആരുമായിക്കൊള്ളട്ടെ, അവര്‍ ജോലിയില്‍നിന്നുമാറിയാണ് സമരംചെയ്യുന്നത് എന്നോര്‍ക്കുക.

വേണം, മാന്യമായ സ്ഥിരവരുമാനം

കര്‍ഷകരുടെ ക്ഷേമത്തിനും വരുമാനവര്‍ധനയ്ക്കുമായി അനേകവകുപ്പുകളും കോര്‍പ്പറേഷനുകളും നിലവിലുണ്ട്. ഇതില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിന്റെ പത്തിലൊന്നുപോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് നാം പരിശോധിക്കണം.

2016-ലെ സാമ്പത്തികസര്‍വേ പരിശോധിച്ചാല്‍ ഒരു കര്‍ഷകന്റെ ശരാശരി വാര്‍ഷികവരുമാനം വെറും 20,000 രൂപയാണ്.അതായത്, പ്രതിമാസം 1700 രൂപയില്‍ത്താഴെ. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ സിറ്റുവേഷണല്‍ അസസ്മെന്റ് സര്‍വേ 2019-ലെ റിപ്പോര്‍ട്ടുപ്രകാരം ഒരു കര്‍ഷകന് തന്റെ കൃഷിയില്‍നിന്നുള്ള ശരാശരി വരുമാനം പ്രതിദിനം വെറും 27 രൂപമാത്രമാണ്. രാജ്യത്ത് 308 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളും 325 ദശലക്ഷം ടണ്‍ പഴങ്ങളും പച്ചക്കറികളും വിളവെടുക്കുന്ന സമയത്താണ് ഈ തുക എന്നത് നാം മനസ്സിലാക്കണം. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം, ഇന്ത്യയിലെ ഭക്ഷ്യോത്പാദനത്തിന്റെ ആകെമൂല്യം 400,722,025 ഡോളറാണ്. അതായത്, 1999 മുതല്‍ ശരാശരി 8.25 ശതമാനം പ്രതിവര്‍ഷ വളര്‍ച്ചയാണ് സൂചിപ്പിക്കുന്നത്. ഇവിടെ നാം ശ്രദ്ധിക്കേണ്ടത് കാര്‍ഷികവിഭവങ്ങളിലൂടെ ഇത്രയധികം സാമ്പത്തികവളര്‍ച്ചയുണ്ടാകുമ്പോള്‍ നമ്മുടെ കര്‍ഷകന് കുമ്പിളില്‍ത്തന്നെയാണ് കഞ്ഞി എന്നുള്ളതാണ്.

ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് താങ്ങുവില (എം.എസ്.പി.) നിയമപരമായ അവകാശമാക്കണമെന്ന ആവശ്യം വലിയ സാമ്പത്തികാര്‍ഥമുള്ളതാണ്. കര്‍ഷകര്‍ ആവശ്യപ്പെടുന്നത് മുഴുവന്‍ ഉത്പന്നങ്ങളും സര്‍ക്കാര്‍ വാങ്ങണമെന്നല്ല. മറിച്ച്, പ്രഖ്യാപിച്ച എം.എസ്.പി.യെക്കാള്‍താഴെ ഒരു കച്ചവടവും നടക്കുന്നില്ല എന്നെങ്കിലും ഉറപ്പുവരുത്തണം. അഗ്രിക്കള്‍ച്ചര്‍ കോസ്റ്റ് ആന്‍ഡ് പ്രൈസ് കമ്മിഷന്‍ (സി.എ.സി.പി.) പോലും അതിന്റെ സമീപകാല നയറിപ്പോര്‍ട്ടുകളിലൊന്നില്‍ നിര്‍ദേശിച്ചത് ഇതാണ്. ചില സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിക്കുന്നതുപോലെ ഇതൊരു ക്ഷേമനടപടിയല്ല. മറിച്ച്, കാര്‍ഷികമേഖല ആവശ്യപ്പെടുന്ന യഥാര്‍ഥ പരിഷ്‌കരണമാണ്. അധിക സാമ്പത്തികബാധ്യത പ്രതിവര്‍ഷം 1.5 ലക്ഷം കോടിമുതല്‍ 2.5 ലക്ഷം കോടി രൂപവരെ കവിയില്ലെന്ന് പഠനങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, അതിലും പ്രധാനമായി, അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് നല്‍കുന്ന കുതിച്ചുചാട്ടത്തെക്കുറിച്ച് നിശ്ശബ്ദരായിരിക്കയാണ്.

ഉത്പാദനച്ചെലവ് എങ്ങനെ?

ഇനി എങ്ങനെയാണ് കാര്‍ഷികോത്പാദനച്ചെലവ് കണക്കാക്കുന്നതെന്ന് പരിശോധിക്കാം? ഉത്പാദനച്ചെലവ് കണക്കാക്കുന്നതിനുള്ള അധികാരം കാര്‍ഷികവില നിര്‍ണയ കമ്മിഷനാണ്. പ്രധാനമായി ഉത്പാദനച്ചെലവ് കണക്കാക്കുന്നത് A2, FL, C2 എന്നീ മൂന്നുഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇവ എന്താണെന്ന് മനസ്സിലാക്കാം.

A2 ഘടകത്തില്‍ ഉള്‍പ്പെടുന്ന പ്രധാന ചെലവുകള്‍ ഉത്പാദനവുമായി നേരിട്ട് ബന്ധമുള്ളവയാണ്. ഉദാഹരണമായി വിത്തുകള്‍, തൊഴിലാളിക്കുനല്‍കുന്ന കൂലി, വളങ്ങള്‍, ഇന്ധനം, ജലസേചനം, വൈദ്യുതി, ഉപകരണങ്ങളുടെ വാടക തുടങ്ങിയവയാണ്.

FL ഘടകത്തില്‍ ഉള്‍പ്പെടുന്നത് പ്രധാനമായും കൃഷിയുമായി നേരിട്ട് ബന്ധമുള്ള കുടുംബാംഗങ്ങളുടെ കൂലിയാണ്

C2 മേല്‍ സൂചിപ്പിച്ച രണ്ടുഘടങ്ങള്‍ ഉള്‍പ്പെടെ കൃഷിഭൂമിയുടെ വാടക, മുതല്‍മുടക്കിന്റെ പലിശ എന്നിവ ഉള്‍പ്പെടും.

ഉത്പാദനച്ചെലവ് കണക്കാക്കുമ്പോള്‍ C2 ഘടകം എപ്പോഴും അ2+എഘ ഘടകത്തെക്കാള്‍ കൂടുതലായിരിക്കും. എം.എസ്. സ്വാമിനാഥന്‍ ഉത്പാദനച്ചെലവായി ഇ2വിനെ പരിഗണിക്കാനും അതിന്റെ ഒന്നരമടങ്ങ് താങ്ങുവിലയായി കര്‍ഷകര്‍ക്ക് നല്‍കണമെന്നുമാണ് ശുപാര്‍ശ ചെയ്തിരുന്നത്. ഇതുതന്നെയാണ് കര്‍ഷകരും കര്‍ഷകസംഘടനകളും കേന്ദ്രത്തോട് ആവശ്യപ്പെട്ടതും. എന്നാല്‍, ഇതില്‍നിന്ന് വ്യത്യസ്തമായി താങ്ങുവിലയായി കേന്ദ്രം പ്രഖ്യാപിച്ചത് A2+FL എന്ന ഘടകങ്ങളുടെ ഒന്നരമടങ്ങാണ്. സ്വാഭാവികമായും നേരത്തേ സൂചിപ്പിച്ചതുപോലെ ഇത് C2 ഘടകത്തിന്റെ ഒന്നരമടങ്ങിനെക്കാളും കുറവായിരിക്കും.

മറ്റൊരുകാര്യം, ഇവിടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ രീതിയിലാണ് ഉത്പാദനച്ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. കാരണം, ഉദാഹരണമായി കര്‍ഷകത്തൊഴിലാളിക്കുനല്‍കുന്ന കൂലിതന്നെ എടുക്കാം. കേരളത്തില്‍ നല്‍കുന്ന കൂലി മറ്റുസംസ്ഥാനങ്ങളെക്കാളും കൂടുതലാണ്. അതുപോലെത്തന്നെയാണ് മറ്റ് അനുബന്ധവസ്തുക്കളുടെ വിലകളും. ഏകീകരിച്ച ഉത്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ താങ്ങുവില നല്‍കിയാല്‍ ഏറ്റവും നഷ്ടം കേരളത്തിലെ കര്‍ഷകര്‍ക്കുതന്നെയായിരിക്കും.

പുതുക്കിയ താങ്ങുവില പ്രഖ്യാപനത്തിലൂടെ കര്‍ഷകര്‍ വിഡ്ഢികളാക്കപ്പെട്ടു എന്നുപറയാന്‍ കാരണം പല ഉത്പന്നങ്ങള്‍ക്കും 2017-'18ല്‍ പ്രഖ്യാപിച്ച താങ്ങുവിലയെക്കാളും വലിയ വ്യത്യാസം ഒന്നുംതന്നെ ഇപ്പോള്‍ പ്രഖ്യാപിച്ചതിലില്ല എന്നുള്ളതാണ്. ഉത്പാദനച്ചെലവ് എന്ന സാങ്കല്പികകണക്കിന്റെ 50 ശതമാനം വര്‍ധന മാറ്റിനിര്‍ത്തിയാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ താങ്ങുവിലയെക്കാള്‍ നിസ്സാരമായ വര്‍ധനയാണുണ്ടായിട്ടുള്ളത്.

ഉത്തരമുണ്ടോ...

കര്‍ഷകരുടെ സമരത്തിനുവഴങ്ങി കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിച്ചപ്പോള്‍ സമൂഹത്തിലെ ഒരു വിഭാഗം ഉന്നയിക്കുന്ന ചോദ്യം ഇതാണ്: 'സര്‍ക്കാര്‍ കീഴടങ്ങിയില്ലേ, ഇനിയും കര്‍ഷകര്‍ കരയേണ്ടതുണ്ടോ.' അവരോട് കര്‍ഷകരുടെ ചോദ്യമിതാണ്:

• ഒരു ദിവസം 27 രൂപകൊണ്ട് ജീവിക്കാന്‍ സാധിക്കുമോ?

• പത്തുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലും കര്‍ഷകരുടെ വരുമാനത്തിലും എത്ര ശതമാനം വര്‍ധനയാണുണ്ടായത്?

• ഞങ്ങളുടെ മക്കള്‍ക്കും ഉന്നതവിദ്യാഭ്യാസം നല്‍?േകണ്ടേ?

• നല്ല ചികിത്സ ലഭിക്കേണ്ടേ?

• കര്‍ഷകര്‍ക്കൊഴികെ സമൂഹത്തിലെ ബാക്കി എല്ലാവര്‍ക്കും ദിവസവരുമാനവും മാസവരുമാനവും ലഭിക്കുന്നു. ഞങ്ങള്‍ക്കുമാത്രം വിപണിവിലയെ ആശ്രയിച്ചും വിളവെടുപ്പിനെ ആശ്രയിച്ചും വരുമാനം ലഭിക്കുന്നു. അതുവരെ എങ്ങനെ ഞങ്ങള്‍ ജീവിക്കും?

• കയറിക്കിടക്കാന്‍ ഒരു വീടുവേണ്ടേ?

ഇതിനൊന്നും ഉത്തരം തരാന്‍ ഒരു സാമ്പത്തികവിദഗ്ധനും കഴിയില്ല. വിപണിയില്‍ തക്കാളിക്കോ ഉള്ളിക്കോ 10 രൂപ കൂടിയാല്‍ ഈ വിദഗ്ധരെല്ലാം വില കുറയ്ക്കുന്നതിനുള്ള ആശയങ്ങളുമായി വരുന്ന കാഴ്ചയും നാം കാണുന്നുണ്ട്. സമൂഹത്തില്‍ വിപണിവില പിടിച്ചുനിര്‍ത്തുമ്പോള്‍ അന്നം മുട്ടുന്നത് കര്‍ഷകനാണ് എന്നുകൂടി നാം ഓര്‍ക്കണം

കണക്കിലെ കളികള്‍

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രധാന വിളകളുടെ ഉത്പാദനം സ്തംഭനാവസ്ഥയിലാണ്. 2014-നുശേഷം പരുത്തി ഉത്പാദനത്തില്‍ ഏതാണ്ട് മാറ്റമൊന്നും ഉണ്ടായിട്ടില്ല. നെല്ലുവിളവ് പ്രതിവര്‍ഷം ശരാശരി ഒരു ശതമാനം എന്ന തോതിലും ഗോതമ്പ് വിളവ് ശരാശരി 2.5 ശതമാനം എന്ന തോതിലുംമാത്രമാണ് വര്‍ധിച്ചത്.

അധികചെലവും വിളകളുടെ ഉത്പാദനമുരടിപ്പും കണക്കിലെടുക്കുമ്പോള്‍, കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാനുള്ള ഏകമാര്‍ഗം കുറഞ്ഞത് പണപ്പെരുപ്പനിരക്കിന് മുകളില്‍ താങ്ങുവില വര്‍ധിപ്പിക്കുക എന്നതാണ്. വിലക്കയറ്റത്തിനനുസൃതമായി താങ്ങുവില വര്‍ധനയുണ്ടായില്ല എന്നതാണ് കര്‍ഷകരുടെ അവസ്ഥ വഷളാക്കിയതിന്റെ പ്രധാന ഘടകം.

കര്‍ഷകന് തന്റെ ഉത്പന്നങ്ങള്‍ക്ക് വില നിര്‍ണയിക്കാനുള്ള സംവിധാനമില്ലെന്ന് അറിയുക; കാര്‍ഷികമേഖലയില്‍ പതിറ്റാണ്ടുകളായി സ്വതന്ത്രവിപണി പ്രവര്‍ത്തിക്കുന്ന അമേരിക്കയില്‍പ്പോലും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. ഉപഭോക്തൃവില നിര്‍ണയിക്കുന്നത് വിപണികളല്ല എന്ന ലളിതമായ കാരണത്താല്‍ വ്യാവസായികോത്പന്നങ്ങളില്‍ ഇത് സംഭവിക്കുന്നില്ല. അസംസ്‌കൃതവസ്തുക്കളുടെ വില ഉയരുന്നതിനാല്‍ വിലക്കയറ്റം ഒഴിവാക്കാനാവില്ലെന്നാണ് മറ്റുവ്യവസായകമ്പനികളുടെ വാദം. ഇങ്ങനെ ലക്ഷക്കണക്കിന് സ്ഥാപനങ്ങളാണ് അനുദിനം വിലവര്‍ധനയിലേക്ക് തിരിയുന്നത്. എന്നാല്‍, വിപണിയുമായി തളച്ചിട്ടിരിക്കുന്ന കര്‍ഷകന് വില വര്‍ധിപ്പിക്കാനുള്ള അവകാശമില്ല. വിത്തിനും വളങ്ങള്‍ക്കും ഇന്ധനങ്ങള്‍ക്കും തുടങ്ങി അവനെ ബാധിക്കുന്ന ഏത് 'ഇന്‍പുട്ട്' വില വര്‍ധിച്ചാലും വിപണിവിലയ്ക്ക് അടിമപ്പെട്ട് ജീവിക്കാനാണ് അവന്റെ വിധി.

എന്നാല്‍, ഒരു കര്‍ഷകന്‍ എന്നനിലയ്ക്ക് എനിക്ക് മുന്നോട്ടുെവക്കാനുള്ള നിര്‍ദേശം ഇതാണ്: ഇന്നത്തെ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു കുടുംബത്തിന് ജീവിക്കാനുള്ള (മിനിമം ഒരു ക്ലാസ് ഫോര്‍ ജീവനക്കാരന്റെ ശമ്പളം എങ്കിലും) തുക നിശ്ചയിച്ച് പ്രതിമാസം ലഭിക്കാനുള്ള പദ്ധതികള്‍ അഥവാ ഒരു വരുമാനനയം തയ്യാറാക്കുക. രാജ്യത്തെ കര്‍ഷകരില്‍ കേവലം ആറുശതമാനത്തിനുമാത്രമാണ് താങ്ങുവിലയുടെ ഗുണം ലഭിക്കുന്നത്. ബാക്കി 94 ശതമാനവും വിപണിയെ ആശ്രയിച്ചും ഇടനിലക്കാരുടെ ചൂഷണത്തിന് വിധേയമായുമാണ് ജീവിക്കുന്നത് എന്നതുകൂടി നാം ഓര്‍ക്കണം.

പുതിയ ഫോര്‍മുലവേണം

കാര്‍ഷികവിളകളുടെ താങ്ങുവിലയെക്കുറിച്ചുള്ള കര്‍ഷകരുടെ ആശങ്കകള്‍ കണക്കിലെടുത്ത്, താങ്ങുവില നിശ്ചയിക്കുന്നതില്‍ ഒരു പുതിയ ഫോര്‍മുലയിലൂടെ കൂടുതല്‍ സുതാര്യത കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇപ്പോഴത്തെ സങ്കീര്‍ണമായ ഉത്പാദനച്ചെലവ് അടിസ്ഥാനമാക്കിയുള്ള താങ്ങുവില നിശ്ചയിക്കുന്ന രീതി മാറ്റി പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി, പുതിയ ഫോര്‍മുല ഉപയോഗിച്ച് താങ്ങുവില നിശ്ചയിക്കണം.

നിലവില്‍ ഉപഭോക്തൃവിലസൂചികകളില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക്, ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത (ഡി.എ.), ശമ്പള പരിഷ്‌കരണം, വേതനപരിഷ്‌കരണം തുടങ്ങിയ വരുമാനവുമായി ബന്ധപ്പെട്ട സൂചകങ്ങളില്‍ വര്‍ധന തീരുമാനിക്കുന്നതിനുള്ള ഒരു പ്രധാന കാര്യമാണെന്ന് ഓര്‍ക്കുക. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി താങ്ങുവില നിശ്ചയിക്കുന്നതിനുള്ള പുതിയ ഫോര്‍മുലയും അതിന്റെ വിശദമായ രീതിശാസ്ത്രവും പാര്‍ലമെന്റില്‍ നിയമം പാസാക്കി, നിയമപരിരക്ഷയോടുകൂടി അനുവദിക്കേണ്ടതാണ്.

ഇത്തരം പദ്ധതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, സര്‍ക്കാരിന് അധികബാധ്യതയില്ലാതെതന്നെ ഇത് പരിഹരിക്കാന്‍ കഴിയും. കര്‍ഷകരുടെ ക്ഷേമത്തിനായി ഏര്‍പ്പെടുത്തിയിരുന്ന 'കൃഷികല്യാണ്‍ സെസ്' ജി.എസ്.ടി.യുടെ വരവോടെ നിര്‍ത്തലാക്കി. കര്‍ഷകരുടെ ക്ഷേമത്തിനായി പകരം ഒരു വരുമാന സ്രോതസ്സ് നിലവിലില്ല. ഇതിന് നിര്‍ദേശിക്കാനുള്ളത്, തുക കണ്ടെത്തുന്നതിന് കര്‍ഷകരുടെ ഉത്പന്നങ്ങളില്‍നിന്ന് കോടികള്‍ ലാഭംകൊയ്യുന്ന കമ്പനികളുടെ ലാഭത്തിന്റെ ഒരു ശതമാനം അവകാശലാഭമായി കര്‍ഷകരുടെ ക്ഷേമത്തിനായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്. അല്ലെങ്കില്‍ വീണ്ടും ഒരു പുതിയ സെസ് ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കണം.

ഇനിയുമൊരു സമരമുഖത്തേക്ക് കര്‍ഷകരെ തള്ളിവിടാതെ അവര്‍ക്ക് മാന്യമായി ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കാനുള്ള സത്വരനടപടികള്‍ സ്വീകരിച്ചേ മതിയാവൂ. സംസ്ഥാനങ്ങളുമായും കര്‍ഷകനേതാക്കളുമായും കൂടിയാലോചിച്ച് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനമെടുക്കണം.. അതിനുവേണ്ട വരുമാനസ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് നിതി ആയോഗിനെ ചുമതലപ്പെടുത്തണം.


സംസ്ഥാന വൈദ്യുതി മന്ത്രിയാണ് ലേഖകന്‍


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented