നിയമങ്ങളല്ല, കര്‍ഷകരോടുള്ള സമീപമാണ് സര്‍ക്കാര്‍ ആദ്യം തിരുത്തേണ്ടത് - കെ.സി. വേണുഗോപാല്‍ എഴുതുന്നു


കെ.സി. വേണുഗോപാല്‍

കര്‍ഷകപ്പോരാളികളുടെ തളരാത്ത വീര്യത്തിനും മുട്ടുമടക്കാത്ത നിശ്ചയദാര്‍ഢ്യത്തിനും മുന്നിലാണ് അഹന്ത മുഖമുദ്രയാക്കിയ മോദിസര്‍ക്കാര്‍ തലകുനിച്ചത്

കാർഷിക നിയമങ്ങൾ പിൻവലിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് ആഹ്ലാദം പ്രകടിപ്പിക്കുന്ന കർഷകർ ഫോട്ടോ എ.എഫ്.പി.

രാജ്യതലസ്ഥാനത്ത് തെരുവുകളില്‍ അതിജീവനപ്പോരാട്ടത്തിലേര്‍പ്പെട്ട കര്‍ഷകസഹോദരങ്ങളെ നോക്കി, 'മോദിസര്‍ക്കാരിനെതിരേ നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുമോ' എന്ന് സംശയം പ്രകടിപ്പിച്ചവര്‍ ഏറെയാണ്. ചമ്പാരന്‍പോലുള്ള ദീപ്തമായ പോരാട്ടമാതൃകകളായിരുന്നു അപ്പോഴെല്ലാം അവര്‍ക്കുമുമ്പിലുണ്ടായിരുന്നത്. കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം പാര്‍ലമെന്റിനകത്തും വിവിധ സംസ്ഥാനങ്ങളിലും ജനവികാരം പ്രതിഫലിപ്പിച്ചു.

കര്‍ഷകപ്പോരാളികളുടെ തളരാത്ത പോരാട്ടവീര്യത്തിനും മുട്ടുമടക്കാത്ത നിശ്ചയദാര്‍ഢ്യത്തിനും മുന്നിലാണ് അഹന്ത മുഖമുദ്രയാക്കിയ മോദിസര്‍ക്കാര്‍ തലകുനിച്ചത്. കര്‍ഷകക്ഷേമത്തിനാണെന്ന് അവകാശമുന്നയിച്ച്, താങ്ങുവിലയും മണ്ഡി സമ്പ്രദായവും എടുത്തുകളഞ്ഞ് കാര്‍ഷികമേഖലയെക്കൂടി സ്വകാര്യ കുത്തകമുതലാളിമാരുടെ ലാഭക്കൊതിക്ക് തീറെഴുതാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വര്‍ധിതവീര്യത്തോടെയാണ് രാജ്യത്തെ കര്‍ഷകര്‍ പ്രതിരോധിച്ചത്. പാര്‍ലമെന്റില്‍ ചര്‍ച്ചനടത്താതെയും സഭാനിയമങ്ങള്‍ കാറ്റില്‍പ്പറത്തിയും പ്രതിഷേധിച്ച എം.പി.മാരെ പുറത്താക്കിയും ഈ കരിനിയമങ്ങള്‍ നടപ്പാക്കാന്‍ ഏതുമാര്‍ഗവും സ്വീകരിക്കുമെന്നുള്ള ധാര്‍ഷ്ട്യമായിരുന്നു തുടക്കംമുതലേ സര്‍ക്കാരിനുണ്ടായിരുന്നത്. ലോക്സഭയിലും രാജ്യസഭയിലും ചട്ടവിരുദ്ധമായി പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐതിഹാസികമായ സമരപരമ്പരയ്ക്കാണ് രാജ്യം സാക്ഷ്യംവഹിച്ചത്. എഴുന്നൂറിലധികം കര്‍ഷകരുടെ വിലപ്പെട്ട ജീവനാണ് സര്‍ക്കാരിന്റെ കടുംപിടിത്തംമൂലം ബലികൊടുക്കേണ്ടിവന്നത്. രാജ്യചരിത്രത്തിലെ കറുത്ത ഏടായി അതു നിലനില്‍ക്കും.

കരുത്തുപകര്‍ന്ന സമരപരമ്പരകള്‍

'നിങ്ങള്‍ എന്റെ വാക്കുകള്‍ കുറിച്ചുവെച്ചുകൊള്ളുക. സര്‍ക്കാരിന് കര്‍ഷകനിയമങ്ങള്‍ നിശ്ചയമായും പിന്‍വലിക്കേണ്ടിവരും' -കഴിഞ്ഞ ജനുവരി 14-ന് തമിഴ്നാട്ടിലെ മധുരയില്‍ പൊങ്കല്‍ ആഘോഷത്തോടനുബന്ധിച്ചുനടന്ന ജെല്ലിക്കെട്ടില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകള്‍ അന്വര്‍ഥമായിരിക്കയാണ്. നിയമം പാസാക്കിയ അന്നുമുതല്‍ പാര്‍ലമെന്റിനകത്തും പുറത്തും കര്‍ഷകരും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളും നടത്തിയ പ്രക്ഷോഭങ്ങളുടെ ഏറ്റവും വലിയ വിജയംകൂടിയാണ് നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം. രാജ്യതലസ്ഥാനത്തുമാത്രം ഒതുങ്ങിനില്‍ക്കാതെ രാജ്യത്തിന്റെ മുക്കിലും മൂലയിലും കരിനിയമങ്ങള്‍ക്കെതിരേ അതിശക്തമായ നിലപാടുമായി കോണ്‍ഗ്രസ് പാര്‍ട്ടി മുന്നില്‍നിന്നു. പഞ്ചാബിലും ഹരിയാണയിലും ഒതുങ്ങിനിന്ന പ്രക്ഷോഭം ഡല്‍ഹിയിലേക്കുള്‍പ്പെടെ വ്യാപിച്ചത് 2020 ഒക്ടോബര്‍ ആദ്യവാരം പഞ്ചാബില്‍ രാഹുല്‍ഗാന്ധി നയിച്ച ട്രാക്ടര്‍ റാലിക്കുശേഷമായിരുന്നു. 'ഖേതി ബച്ചാവോ യാത്ര' എന്ന പേരില്‍ അമ്പതുകിലോമീറ്റര്‍ താണ്ടിയ ട്രാക്ടര്‍റാലി മറ്റുസംസ്ഥാനങ്ങളിലേക്കും കര്‍ഷകപ്രക്ഷോഭം വ്യാപിപ്പിക്കാന്‍ പ്രചോദനമായി.

ലഖിംപുര്‍ എന്ന നടുക്കം

കര്‍ഷകസമരത്തിലെ ഏറ്റവും കറുത്ത അധ്യായമായിരുന്നു ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ, കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്റെ നേതൃത്വത്തില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം. ഈ ദാരുണമായ കൊലപാതകത്തില്‍ ജീവന്‍നഷ്ടമായ കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ യാത്രതിരിച്ച പ്രിയങ്കാഗാന്ധിയെ നിയമവിരുദ്ധമായി യോഗിസര്‍ക്കാര്‍ അറസ്റ്റുചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ചും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനങ്ങള്‍ നടത്തി.

പോരാട്ടത്തിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലുള്‍പ്പെടെ സഹായധനം പ്രഖ്യാപിച്ചു. ജനരോഷത്തിന് എത്രമാത്രം വ്യാപ്തിയുണ്ടെന്ന് പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുഫലങ്ങള്‍ വിളിച്ചോതി. ഹരിയാണയിലുള്‍പ്പെടെ ബി.ജെ.പി. നേതാക്കളെ ജനം കായികമായി നേരിട്ടു. ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് കനത്ത ആഘാതം ഏല്‍ക്കേണ്ടിവന്നു. അഞ്ചുസംസ്ഥാനത്ത് ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളെ കാത്തിരിക്കുന്ന ജനവികാരമെന്തെന്ന് തിരിച്ചറിഞ്ഞശേഷമാണ് കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദിസര്‍ക്കാര്‍ തയ്യാറായത്.

രാജ്യത്തെ അന്നദാതാക്കളില്‍ എഴുന്നൂറിലേറെപ്പേരുടെ ജീവരക്തം ചിതറിയതും പാര്‍ലമെന്റിലുള്‍പ്പെടെ കോടികളുടെ ധനനഷ്ടം വരുത്തിയതും സര്‍ക്കാരിന്റെ പിടിവാശിമൂലമാണ്. ഇപ്പോള്‍ കാണിച്ച വിവേകം നേരത്തേ കാണിച്ചിരുന്നെങ്കില്‍ അതെല്ലാം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. നിയമങ്ങളല്ല, കര്‍ഷകരോടുള്ള സമീപമാണ് സര്‍ക്കാര്‍ ആദ്യം തിരുത്തേണ്ടത്. സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരേയുള്ള ജനവികാരം പ്രതിഫലിപ്പിക്കാനും താഴെയിറക്കാനുമുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരുകതന്നെചെയ്യും.


(എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented