'പീക്ക് ലോഡ് സമയത്ത് ഫ്രിഡ്ജ് ഓഫാക്കിയാല്‍ 300 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലാഭിക്കാം'


By എ.കെ.ബാലന്‍

4 min read
Read later
Print
Share

താത്കാലികമായെങ്കിലും പ്രതിസന്ധി മുറിച്ചുകടക്കാനുള്ള മാര്‍ഗം ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളാണ്.

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

ല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. അത് കേരളത്തെയും ബാധിക്കും. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ട് താത്കാലികമായെങ്കിലും പ്രതിസന്ധി മുറിച്ചുകടക്കാനുള്ള മാര്‍ഗം ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളാണ്. പ്രത്യേകിച്ച് പീക്ക് ലോഡ് സമയത്ത് (വൈകീട്ട് ആറര മുതല്‍ രാത്രി 10വരെയുള്ള സമയത്ത്) 10 ശതമാനം ഊര്‍ജ ഉപഭോഗം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ ഇതിനെ തരണംചെയ്യാന്‍ നമുക്കുകഴിയും.

പഴയ മാതൃക

ഊര്‍ജസംരക്ഷണപദ്ധതി 2006 - 2011 ഘട്ടത്തില്‍ കെ.എസ്.ഇ.ബി. ഫലപ്രദമായി നടപ്പാക്കിയിരുന്നു. ജനങ്ങള്‍ സ്വമേധയാ സഹകരിച്ചു. അന്ന് പീക്ക് ലോഡ് സമയത്തെ 150 മെഗാവാട്ട് കുറവ് പരിഹരിച്ചത് 75 ലക്ഷം വീടുകളില്‍ സൗജന്യനിരക്കില്‍ ഒന്നരക്കോടി സി.എഫ്.എല്‍. ബള്‍ബുകള്‍ നല്‍കിയതുകൊണ്ടാണ്. കേന്ദ്രവിഹിതം 1200 മെഗാവാട്ടില്‍നിന്ന് 800 മെഗാവാട്ടായി കുറച്ച ഘട്ടത്തിലാണ് ഈ ഇടപെടല്‍ അന്നത്തെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തിയത്. മാതൃകാപരമായ ഈ പ്രവര്‍ത്തനത്തിന് കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡും നല്‍കി. അന്നത്തെ ഊര്‍ജവകുപ്പ് ജോയന്റ് സെക്രട്ടറി ആയിരുന്നു ഇന്നത്തെ കേരളത്തിന്റെ ചീഫ് സെക്രട്ടറി.

100 മെഗാവാട്ട് കൂടിയ വിലയില്‍ പവര്‍ എക്‌സ്ചേഞ്ച് വഴി കേരളം വാങ്ങുന്നതിന് ദിനംപ്രതി രണ്ടു കോടി രൂപ വേണ്ടിവരുമെന്നും ഈ പണം കെ.എസ്.ഇ.ബി.ക്ക് സര്‍ക്കാര്‍ തരണമെന്നും വൈദ്യുതിവകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. ഈ ബാധ്യത ഒഴിവാക്കാനാണ് ഊര്‍ജസംരക്ഷണത്തിന് പ്രാധാന്യം കൊടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് എടുത്തുപറയാന്‍ ആഗ്രഹിക്കുന്നത്.

പ്രതിസന്ധി തരണം ചെയ്യാന്‍

ഊര്‍ജസംരക്ഷണംകൊണ്ട് വൈദ്യുതിപ്രതിസന്ധി താത്കാലികമായി മുറിച്ചുകടക്കാം. പക്ഷേ, കേരളം പോലുള്ള ഒരു മാതൃകാ സംസ്ഥാനത്തിന് ഊര്‍ജ പ്രതിസന്ധി സ്ഥായിയായി പരിഹരിക്കാനും ഊര്‍ജ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ഇതുകൊണ്ടൊന്നും കഴിയില്ല. ഈ ദിശയില്‍ വലിയമാറ്റത്തിന് തുടക്കംകുറിച്ചത് പിണറായി വിജയന്‍ വൈദ്യുതി വകുപ്പ് മന്ത്രിയായ 1996- 2001 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്. വൈദ്യുതി മേഖലയില്‍ ഏറ്റവും കൂടുതല്‍ ജനറേഷന്‍ വര്‍ധന അക്കാലത്താണുണ്ടായത്. എന്നാല്‍, അന്ന് തുടക്കം കുറിച്ചതും പൂര്‍ത്തീകരിച്ചതുമായ കായംകുളം താപവൈദ്യുതനിലയം അടക്കമുള്ള ചില പദ്ധതികള്‍, നാഫ്തയുടെ താങ്ങാന്‍ പറ്റാത്ത വിലവര്‍ധന കാരണം നിര്‍ത്തിവെക്കേണ്ടിവന്നു. ഇത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെറ്റായ നയത്തിന്റെ ഫലമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിന്നീടുവന്ന വി.എസ്. സര്‍ക്കാര്‍, ശ്രദ്ധിക്കപ്പെട്ട വന്‍കിട പദ്ധതികള്‍ക്ക് രൂപംനല്‍കാന്‍ നിര്‍ബന്ധിക്കപ്പെട്ടത്. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിക്ക് തുടക്കംകുറിച്ചതും ഈ ഘട്ടത്തിലാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ല (പാലക്കാട് ജില്ല) സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. അന്നത്തെ കേന്ദ്ര ഊര്‍ജവകുപ്പ് മന്ത്രി സുശീല്‍ കുമാര്‍ ഷിന്ദേ ഒറ്റപ്പാലത്ത് ഇതിന്റെ പ്രഖ്യാപനം നടത്തി.

ഇല്ലാതാക്കിയ പദ്ധതികള്‍

പ്രധാനപ്പെട്ട വന്‍കിട പദ്ധതിയായിരുന്ന ചീമേനി വൈദ്യുതപദ്ധതിക്കുവേണ്ടി ആ ഘട്ടത്തിലാണ് 2000 ഏക്കര്‍ ഭൂമി കൃഷിവകുപ്പില്‍നിന്ന് കെ.എസ്.ഇ.ബി. ഏറ്റെടുത്തത്. അന്ന് കൃഷിവകുപ്പ് മന്ത്രിയായിരുന്ന മുല്ലക്കര രത്‌നാകരന്‍ ഒരു തടസ്സവുമില്ലാതെയാണ് ഈ ഭൂമി കൈമാറിയത്. 4000 മെഗാവാട്ട് പദ്ധതി ആയിരുന്നു ലക്ഷ്യം. ഈ പദ്ധതി പാരിസ്ഥിതിക വിവാദത്തില്‍ കുടുങ്ങി. ഭരണപക്ഷ-പ്രതിപക്ഷ വിഭാഗങ്ങളില്‍നിന്നുവന്ന എതിര്‍പ്പുകാരണം, കേരളത്തെ വൈദ്യുതി സ്വയംപര്യാപ്തതയിലേക്ക് നയിക്കാന്‍ കഴിയുമായിരുന്ന പദ്ധതി ഇല്ലാതായി.

രണ്ടാമത്തെ വന്‍കിട പദ്ധതി ആയിരുന്നു ഒഡിഷയിലെ വൈതരണി താപവൈദ്യുത പദ്ധതി. ഒഡിഷയില്‍ 4000 മെഗാവാട്ട് ഉത്പാദനശേഷിയുള്ള, താപവൈദ്യുതിക്ക് ആവശ്യമായിട്ടുള്ള കല്‍ക്കരിപ്പാടം ഒഡിഷ, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കി. കേരളത്തെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അന്ന് ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയില്‍ ശക്തമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരില്‍ നടത്തിയിരുന്നു. അങ്ങനെ കല്‍ക്കരിപ്പാടം ഒഡിഷയിലെ വൈതരണിയില്‍ ലഭ്യമായതിനുശേഷം മൂന്നു സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ഒരു കമ്പനി രൂപവത്കരിച്ചു. 4000 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള താപവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതില്‍ കേരളത്തിന്റെ വിഹിതം ആയിരം മെഗാവാട്ട് ആയിരുന്നു. എന്നാല്‍, പിന്നീട് വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ 2011-2016 ഘട്ടത്തില്‍, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വകുപ്പ് മന്ത്രിയും ആയിരുന്ന ഘട്ടത്തില്‍, എല്‍.ഡി.എഫ്. സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതി മുന്നോട്ടുകൊണ്ടുപോയില്ല.

അതിരപ്പിള്ളി പദ്ധതി വേണ്ടതായിരുന്നു

വി.എസ്. സര്‍ക്കാര്‍ രണ്ട് ഇടത്തരം ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. അതിരപ്പിള്ളി, പാത്രക്കടവ് എന്നീ ജലവൈദ്യുത പദ്ധതികള്‍. പരിസ്ഥിതിപ്രശ്‌നത്തിന്റെ പേരില്‍ ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഇച്ഛാശക്തി കുറവുകാരണം രണ്ടും അവസാനിപ്പിക്കേണ്ടിവന്നു. അതിരപ്പിള്ളി പദ്ധതിയുടെ കാര്യമാണ് ഏറ്റവും ദുഃഖകരം. 15 വര്‍ഷത്തെ ശക്തമായ നടപടികളിലൂടെ മൂന്നുതവണ പരിസ്ഥിതി ക്ലിയറന്‍സ് കിട്ടി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തോടെ അവാര്‍ഡ് ചെയ്ത പദ്ധതിയാണ് ഈ ലേഖകന്‍ മന്ത്രിയായിരുന്ന ഘട്ടത്തില്‍ അവസാനിപ്പിക്കേണ്ടിവന്നത്.

അന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന ജയറാം രമേഷ് ഫയലില്‍ എഴുതിവെച്ചത് ഇങ്ങനെയാണ് 'എനിക്ക് സ്വയം ബോധ്യപ്പെട്ടു, അതിരപ്പിള്ളി പദ്ധതി പരിസ്ഥിതിക്ക് ഹാനികരമാണ്. മാത്രമല്ല, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ക്കും ഇതേ അഭിപ്രായമാണ്'. അതായത്, രണ്ട് വ്യക്തികള്‍ക്ക് തോന്നിയ വ്യക്തിപരമായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ 15 വര്‍ഷം പഴക്കമുള്ള ഒരു പദ്ധതി, 250 മെഗാവാട്ടിന്റെ ഒരു ജലവൈദ്യുത പദ്ധതി ഇല്ലാതായി.

Fridge
കുറച്ചുനേരത്തേക്ക് ഫ്രിഡ്ജ് ഓഫാക്കൂ

കല്‍ക്കരിക്ഷാമത്തിന്റെ ഭാഗമായി വൈദ്യുതി നിയന്ത്രണത്തിന്റെ പേരില്‍ കേരളത്തില്‍ പവര്‍കട്ടോ ലോഡ്ഷെഡ്ഡിങ്ങോ ഇപ്പോള്‍ ആവശ്യമില്ല. ഒരുകാര്യം വൈദ്യുതി ഉപഭോക്താക്കള്‍ ശ്രദ്ധിക്കുമോ? പീക്ക് ലോഡ് സമയത്ത് (വൈകീട്ട് ആറര മുതല്‍ രാത്രി 10 മണി വരെ) വൈദ്യുതി ഉപഭോക്താക്കള്‍ ഫ്രിഡ്ജ് ഓഫാക്കിയാല്‍ 300 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലാഭിക്കാന്‍ കഴിയും. അതോടുകൂടി തീരാവുന്നതാണ് ഈ പ്രശ്‌നം. ഇപ്പോള്‍ പീക്ക് ലോഡ് ഡിമാന്‍ഡ് 3800 മെഗാവാട്ടാണ്. ഇതിന്റെ 10 ശതമാനം ഊര്‍ജം സംരക്ഷിക്കാന്‍ ഇതുവഴി നമുക്ക് സാധിക്കും.

പാത്രക്കടവും മുടക്കി

സൈലന്റ് വാലി പദ്ധതിക്ക് പൊതുസമൂഹം എതിരായിരുന്നു. എന്നാല്‍, പാത്രക്കടവ് പദ്ധതിയുടെ കാര്യം അതായിരുന്നില്ല. സൈലന്റ് വാലിയില്‍നിന്ന് വരുന്ന വെള്ളം കുന്തിപ്പുഴ വഴി അറബിക്കടലില്‍ പോയി പതിക്കുകയാണ്. ഇതിനിടയില്‍ മണ്ണാര്‍ക്കാടിനു സമീപം ഒരു പാരിസ്ഥിതികപ്രശ്‌നവുമില്ലാതെ 'റണ്‍ ഓഫ് ദി റിവര്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതി നടപ്പാക്കാന്‍ കഴിയുമായിരുന്നു. നേരത്തേ സൂചിപ്പിച്ചതുപോലെ ചില വ്യക്തികളുടെ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍, പരിസ്ഥിതി വക്താക്കളുടെ സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തില്‍ ആ പദ്ധതിയും ഇല്ലാതായി.

കാറ്റാടിയേയും അട്ടിമറിച്ചു

ജലവൈദ്യുത പദ്ധതികളുടെ കാര്യം ഇതാണെങ്കില്‍ പാരമ്പര്യേതര മാര്‍ഗങ്ങളുപയോഗിച്ച് ഇത്തിരി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കാറ്റാടി വഴി കഴിയുമായിരുന്നു. ആ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇടുക്കിയിലെ രാമക്കല്‍മേട്ടിലും പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും ഒരു ശ്രമം നടത്തിയത്. 100 മെഗാവാട്ട് ആയിരുന്നു ലക്ഷ്യം. 38 മെഗാവാട്ട് ഉത്പാദിപ്പിച്ചു. അപ്പോഴേക്കും വിവാദമാക്കി. ആദിവാസിഭൂമി നഷ്ടപ്പെടുത്തി, കാറ്റിന്റെ ഗതിയെ മാറ്റുന്നതാണ് കാറ്റാടി പദ്ധതിയെന്ന കള്ളപ്രചാരണം നടത്തി.

സ്വയംപര്യാപ്തമാവണം

കേരളത്തെ വൈദ്യുതിമേഖല സ്വയംപര്യാപ്തമാക്കാന്‍ ഇപ്പോഴും നമുക്ക് കഴിയും. വൈദ്യുതി മിച്ചം ഉണ്ടാക്കി പുറത്തു നല്ലവിലയ്ക്ക് വില്‍ക്കാനും കഴിയും. ആയിരം മെഗാവാട്ട് സൗരോര്‍ജ പദ്ധതി പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിയണം. പ്രശ്‌നമിതാണ്. ഭരണപക്ഷവും പ്രതിപക്ഷവും ശക്തമായ നിലപാട് സ്വീകരിക്കുമോ? വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ 25 വര്‍ഷത്തേക്ക് ഏതാണ്ട് 65,000 കോടി രൂപ ചെലവില്‍ 800 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ കരാര്‍ ഒപ്പിട്ട സംസ്ഥാനമാണ് കേരളം എന്നുകൂടി ഓര്‍ക്കുക.


2006 - 2011 കാലത്ത് വി.എസ്. മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു ലേഖകന്‍

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.

2 min

ജാമ്യം അനുവദിക്കുന്നതിനൊപ്പം അന്തിമതീർപ്പു കല്പിക്കുന്ന തരത്തിലാണ് വിധിന്യായമെന്നതാണ് പ്രത്യേകത

Aug 19, 2022


pettimudi landslide

5 min

ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍

Aug 13, 2020

Most Commented