സ്വയംപര്യാപ്ത മുതലാളിത്തവുമായി വഴിപിരിയുമ്പോൾ ചൈന കിതയ്‌ക്കുമോ?


By കെ.പി.സേതുനാഥ്‌

4 min read
Read later
Print
Share

ചൈനയിലെ ഷെൻസെനിൽ എവർഗ്രാൻഡെ ആസ്ഥാനത്ത്‌ കൂടിയവരെഒഴിപ്പിക്കുന്ന പോലീസ്‌

'പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതിയെന്ന' (1) ചൈനയുടെ ശുദ്ധ പ്രായോഗികവാദം തലകീഴ് മറിയുമോ? മറിയുമെന്നാണ് പാശ്ചാത്യനാടുകളിലെ ചൈനനോക്കികളായ വിദഗ്ധരുടെ അഭിപ്രായം. ഈ വിദഗ്ധരുടെ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായെങ്കില്‍ ഈ കുറിപ്പ് വേണ്ടിവരുമായിരുന്നില്ല എന്നുകൂടി പറയേണ്ടതുണ്ട്. കാരണം, ചൈനീസ് സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയെപ്പറ്റി കഴിഞ്ഞ 20 വര്‍ഷമായി മുടങ്ങാതെ അവര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇതുവരെ ഒരു കരയില്‍ എത്തിയിട്ടില്ല. വിദഗ്ധരുടെ പ്രവചനങ്ങള്‍ ലക്ഷ്യംകാണുമെന്നു തീര്‍ച്ചയില്ലെങ്കിലും ചൈന അതിന്റെ സമീപകാല ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവിലാണെന്ന കാര്യത്തില്‍ സംശയമില്ല.

ചായുമോ ചെരിയുമോ ചൈന

റിയല്‍ എസ്റ്റേറ്റ് തകര്‍ച്ച, വൈദ്യുതിക്ഷാമം, കോവിഡിന്റെ ശേഷിപ്പുകള്‍ ഇവ മൂന്നുംകൂടി ചേരുമ്പോള്‍ 'ഇക്കണോമിസ്റ്റിന്റെ' കണക്കെടുപ്പില്‍ ചൈനയുടെ പ്രതിസന്ധി രൂക്ഷമാകുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സെപ്റ്റംബറില്‍ അവസാനിച്ച 2021-ലെ മൂന്നാം പാദത്തില്‍ ജി.ഡി.പി. വളര്‍ച്ച (മൊത്തം ആഭ്യന്തരോത്പാദനം) 4.9 ശതമാനം മാത്രം രേഖപ്പെടുത്തിയത് സാമ്പത്തികവളര്‍ച്ച മന്ദഗതിയിലാവുന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. പ്രതീക്ഷിത വളര്‍ച്ച 5.2 ശതമാനമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ചൈനയുടെ വളര്‍ച്ചയുടെ തോതും വേഗവും അവസാനിച്ചെന്ന ചിന്തകള്‍ വ്യാപകമാകുന്നതിന്റെ അടിയന്തരസാഹചര്യം മേല്‍പ്പറഞ്ഞവയാണ്.

സാമ്പത്തികമേഖലയിലെ ആന്തരിക വൈരുധ്യങ്ങള്‍, പ്രത്യേകിച്ചും ധനമേഖല, അകമേ നിന്നുള്ള പൊട്ടിത്തെറിയില്‍ അവസാനിക്കുമെന്നാണ് പാശ്ചാത്യരാജ്യങ്ങളിലെ വിശകലന വിദഗ്ധരുടെ അഭിപ്രായം. 2008-ലെ സബ് പ്രൈം പ്രതിസന്ധി അമേരിക്കയിലും മറ്റു രാജ്യങ്ങളിലും സാമ്പത്തികമാന്ദ്യത്തിനു വഴിതെളിച്ചതിന് സമാനമായ സ്ഥിതിയാണ് ചൈന ഇപ്പോള്‍ നേരിടുന്നതെന്നും അവര്‍ കണക്കുകൂട്ടുന്നു. അമേരിക്കയിലെ സ്ഥിതിഗതികളുമായി ചൈനയെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും ഇപ്പോഴത്തെ പ്രതിസന്ധി ചൈന മറികടക്കുമെന്നും വാദിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇരുകൂട്ടരുടെയും വാദങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് വസ്തുതാപരമായ ചില വിവരങ്ങള്‍ അഭികാമ്യമായിരിക്കും.

ഊര്‍ജപ്രതിസന്ധി

കോവിഡിനെ നിയന്ത്രിക്കുന്നതില്‍ വലിയ വിജയം കൈവരിച്ചെങ്കിലും പ്രാദേശികമായ രോഗവ്യാപനവും അടച്ചിടലുകളും ഇപ്പോഴും ചൈനയെ അലട്ടുന്നു. അടച്ചിടലുകള്‍ പ്രാദേശികതലത്തിലാണെങ്കിലും സാമ്പത്തികക്രമത്തിന്റെ താളം സാധാരണനില കൈവരിച്ചിട്ടില്ല. ചെറുകിട വ്യാപാരം, ഹോട്ടല്‍, വ്യോമഗതാഗതം എന്നിവയെല്ലാം ഇതുവരെ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതിനു പുറമേയാണ് ഊര്‍ജമേഖലയില്‍ ദൃശ്യമായ പ്രതിസന്ധി. ചൈനയുടെ വൈദ്യുതിയുത്പാദനത്തിന്റെ 60 ശതമാനവും സംഭാവനചെയ്യുന്ന കല്‍ക്കരി ഉത്പാദനത്തിലെ ഇടിവ് സാമ്പത്തികവളര്‍ച്ചയെ ഇനിയും മന്ദഗതിയിലാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇന്ധന ഉപഭോക്താവായ ചൈനയുടെ കല്‍ക്കരിയുത്പാദനം സെപ്റ്റംബറില്‍ 334.1 ദശലക്ഷം ടണ്ണായിരുന്നു.

ഓഗസ്റ്റിലെ 335.24 ദശലക്ഷം ടണ്ണിനെക്കാള്‍ കുറവായിരുന്നു ഉത്പാദനം. ജൂലായില്‍ ഹെനാന്‍ പ്രവിശ്യയിലും ഒക്ടോബറില്‍ ഷാന്‍ക്സിയിലുമുണ്ടായ വെള്ളപ്പൊക്കം, കല്‍ക്കരി ഉത്പാദനത്തിന്റെ 25 ശതമാനവും സംഭാവനചെയ്യുന്ന മംഗോളിയന്‍ മേഖലയിലെ അഴിമതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം, കല്‍ക്കരി നിലയങ്ങളുടെയും ഖനികളുടെയും സുരക്ഷാ പരിശോധനകള്‍, കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന വൈദ്യുതിനിലയങ്ങള്‍ ക്രമേണ നിര്‍ത്തലാക്കുന്നതിനുള്ള തീരുമാനം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഊര്‍ജപ്രതിസന്ധിയുടെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിയല്‍ എസ്റ്റേറ്റ് സോംബികള്‍

ജി.ഡി.പി.യുടെ 20 ശതമാനത്തോളം സംഭാവന ചെയ്യുന്ന കെട്ടിടനിര്‍മാണമേഖല (റിയല്‍ എസ്റ്റേറ്റ്) നേരിടുന്ന തകര്‍ച്ചയാണ് ചൈനയുടെ സാമ്പത്തിക മേഖലയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നതിനുള്ള പ്രധാനകാരണം. ചൈനയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ചയുണ്ടാക്കിയ അനിശ്ചിതത്വങ്ങളുടെ പിന്നാലെയാണ് ഊര്‍ജപ്രതിസന്ധിയും പൂര്‍ണമായും വിട്ടുമാറാത്ത കോവിഡിന്റെ ശേഷിപ്പുകളുടെ ഭാഗമായ കഷ്ടനഷ്ടങ്ങളും ആഗോളശ്രദ്ധയാവുന്നത്. എവര്‍ഗ്രാന്‍ഡെ പ്രതിസന്ധി മൂര്‍ധന്യത്തില്‍ നില്‍ക്കുന്നതിനിടയില്‍ മറ്റൊരു കെട്ടിടനിര്‍മാണക്കമ്പനിയും തങ്ങളുടെ കടപ്പത്രം വഴി സമാഹരിച്ച പണം കാലാവധി കഴിഞ്ഞപ്പോള്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കുന്നതില്‍ പരാജയപ്പെട്ടു.

ഒക്ടോബര്‍ നാലാം തീയതിയാണ് ഫന്റാസിയ ഹോള്‍ഡിങ്സ് എന്ന സ്ഥാപനം 206 ദശലക്ഷം ഡോളറിന്റെ കടപ്പത്രബാധ്യത സമയത്തു തീര്‍ക്കാനാവില്ലെന്ന കാര്യം തുറന്നുപറഞ്ഞത്. ചുരുക്കത്തില്‍, ചൈനയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ 15-20 ശതമാനം കമ്പനികളും സോംബി എന്ന ഗണത്തില്‍ വരുന്ന സ്ഥിതിയിലാണ്. ശമ്പളം, വാടക, പലിശയുടെ തിരിച്ചടവ് എന്നിവ കിഴിച്ചുകഴിഞ്ഞാല്‍ മൂലധന ചെലവുകള്‍ക്കും കടം വാങ്ങിയ തുക മടക്കിനല്‍കുന്നതിനും ശേഷിയില്ലാതായ സ്ഥാപനങ്ങളാണ് സോംബി എന്നു വിശേഷിപ്പിക്കുക. ഈയൊരു സ്ഥിതിവിശേഷം ചൈനയുടെ മാത്രം പ്രത്യേകതയല്ല. മിക്കവാറും മുന്‍നിര മുതലാളിത്തരാജ്യങ്ങളിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ 15-20 ശതമാനം സോംബി ഗണത്തില്‍ വരുന്നവയാണ്.

ഘടനാപരമായ പ്രതിസന്ധികള്‍

ചൈനയുടെ സമ്പദ്വ്യവസ്ഥ നേരിടുന്ന ഘടനാപരമായ പ്രതിസന്ധികളുടെ അടയാളമായി ഇപ്പോഴത്തെ സംഭവവികാസങ്ങളെ വിലയിരുത്തുന്നതില്‍ സാമ്പത്തികപണ്ഡിതര്‍ യോജിക്കുന്നു. അതിനുള്ള കാരണങ്ങളും പരിഹാരങ്ങളും എന്താണെന്ന കാര്യത്തിലാണ് അഭിപ്രായഭിന്നതകള്‍. വിപണിയുടെ സൈ്വരവിഹാരത്തിന് ഭംഗംവരുത്തുന്ന സര്‍ക്കാരിന്റെ ഇടപെടലുകളാണ് പ്രതിസന്ധിയുടെ കാരണമെന്നാണ് മുഖ്യധാരയിലെ വിദഗ്ധരുടെ നിഗമനങ്ങള്‍.

പാര്‍ട്ടി-ഉദ്യോഗസ്ഥ തലങ്ങളിലെ കുത്തകാധികാരവും അഴിമതിയും അതിന്റെ പ്രഭവകേന്ദ്രങ്ങളായും ഈ വിലയിരുത്തലുകളില്‍ തെളിയുന്നു. സ്വകാര്യ മൂലധനത്തിന്റെ പ്രവര്‍ത്തനമേഖല കൂടുതല്‍ വിപുലമാക്കുകയും കെട്ടിടനിര്‍മാണ മേഖലയില്‍ മൂലധനനിക്ഷേപം നടത്തിയിട്ടുള്ളവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നതിനായി അവര്‍ മുന്നോട്ടുവെക്കുന്ന പരിഹാരനിര്‍ദേശങ്ങള്‍. ജോര്‍ജ് സോറോസിനെ പോലുള്ള പാശ്ചാത്യനിക്ഷേപകരുടെ വിലയിരുത്തലുകള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും.

ചൈന ഗുരുതരമായ സാമ്പത്തികപ്രശ്‌നങ്ങള്‍ നേരിടുന്നുവെങ്കിലും പാശ്ചാത്യനാടുകളില്‍ ദൃശ്യമായതുപോലെ സാമ്പത്തികമേഖലയെ മൊത്തം ബാധിക്കുന്ന മാന്ദ്യമായി ഇപ്പോഴത്തെ പ്രതിസന്ധി വളരുന്നതിനുള്ള സാധ്യതകള്‍ വിരളമാണെന്ന് മൈക്കല്‍ റോബര്‍ട്സിനെപ്പോലുള്ള സാമ്പത്തിക പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. സമ്പദ്ഘടനയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഗണ്യമായി തുടരുന്നതാണ് അതിനുള്ള കാരണമെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ വിഷമവൃത്തത്തില്‍നിന്നു പുറത്തുകടക്കുന്നതിനുള്ള പോംവഴികള്‍ എന്താണെന്ന കാര്യത്തിലും ഭിന്നവീക്ഷണങ്ങളാണ് സാമ്പത്തികപണ്ഡിതര്‍ പുലര്‍ത്തുന്നത്.

ഷിയുടെ നിലപാടുകള്‍

ചൈനയിലെ കേന്ദ്ര-പ്രാദേശിക സര്‍ക്കാരുകള്‍ കഷ്ടത്തിലായ റിയല്‍ എസ്റ്റേറ്റ് കമ്പനികളെ രക്ഷിക്കണമെന്ന് ഒരുവിഭാഗം വാദിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തനം കമ്പനികളെ വീണ്ടും ഉഷാറാക്കുമെന്നും അതുവഴി സാമ്പത്തികവളര്‍ച്ച ത്വരപ്പെടുത്തുമെന്നും അവര്‍ വിലയിരുത്തുന്നു. ചൈനയിലെ സര്‍ക്കാര്‍ അത്തരമൊരു നടപടി സ്വീകരിക്കുന്നതിനുള്ള സാധ്യത വിരളമാണെന്ന് കണക്കാക്കുന്നവരാണ് കൂടുതല്‍ പേരും.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഊഹക്കച്ചവടങ്ങളെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ച നിയന്ത്രിക്കുന്നതിനുള്ള നയപരമായ തീരുമാനത്തില്‍ പ്രസിഡന്റ് ഷി ജിന്‍പെങ്ങിന്റെ നേതൃത്വം ഉറച്ചുനില്‍ക്കുന്നതാണ് അതിനുള്ള കാരണം. മുടങ്ങിക്കിടക്കുന്ന ഭവനപദ്ധതികള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഇതിനകംതന്നെ ഏറ്റെടുക്കാന്‍ തുടങ്ങിയെങ്കിലും ബോണ്ട് നിക്ഷേപകരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ചൈനയുടെ അദ്ഭുതകരമായ വളര്‍ച്ചയുടെ ചാലകശക്തിയായിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ സര്‍ക്കാര്‍ കൈവിടുന്നപക്ഷം പകരം എന്താണെന്നുള്ള വിഷയം ബാക്കിയാവുന്നു. സ്വയംപര്യാപ്തമായ മുതലാളിത്തവുമായി ചൈനയുടെ സമ്പദ്ഘടന അതിന്റെ അതിജീവനസാധ്യതകള്‍ നിലനിര്‍ത്തുന്നതില്‍ എത്രത്തോളം വിജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഉത്തരം.

(1) മാവോ സേ തുങ്ങിന്റെ മരണശേഷം ചൈനയുടെ നേതൃപദവിയിലെത്തിയ ദെങ്സിയാവോ പിങ്ങിന്റെ പ്രശസ്തമായ നിരീക്ഷണം.


മലബാര്‍ ജേണലിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ലേഖകന്‍

Content Highlights: China's financial crisis

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented