-
ഥപ്പടിലെ അമൃതയുടെയും ഗുന്‍ജന്‍ സക്‌സേന ദി കാര്‍ഗില്‍ ഗേളിലെ ഗുന്‍ജന്റേയും അച്ഛന്മാര്‍ എന്തുകൊണ്ടാണ് ഇത്രയധികം ആഘോഷിക്കപ്പെടുന്നത്? അമൃതയുടേയും ഗുന്‍ജന്റേയും അമ്മമാര്‍ക്ക് മകളുടെ സ്വപ്‌നങ്ങള്‍ക്കോ തീരുമാനങ്ങള്‍ക്കൊപ്പമോ ചേര്‍ന്നുപോകാന്‍ സാധിക്കാത്തത് എന്തുകൊണ്ട്? സ്ത്രീകളുടെ മാനസികനിലയെ അവള്‍ക്കെതിരെതന്നെ തിരിക്കുന്നതില്‍ പാട്രിയാര്‍ക്കി നേടിയ വിജയത്തിന്റെ പ്രതീകങ്ങളാണ് ആ സിനിമകളിലെ രണ്ട് അമ്മമാരും. കാരണം പാട്രിയാര്‍ക്കിയില്‍ വേരൂന്നിക്കൊണ്ടുളളതാണ് ഇന്നും ഇന്ത്യന്‍ കുടുംബങ്ങളിലെ സ്ത്രീയുടെയും പുരുഷന്റെയും പങ്കുകള്‍.
സ്വപ്‌നങ്ങളല്ല, വിവാഹം കഴിഞ്ഞാല്‍ കുടുംബത്തിനാണ് പ്രധാനമെന്ന് എന്നോട് അമ്മയാണ് പറഞ്ഞത്. അമ്മയോട് അവരുടെ അമ്മയാണ് പറഞ്ഞത് അതുതന്നെയാണ് താനും മകളോട് പറയാന്‍ ശ്രമിക്കുന്നതെന്ന് അമൃതയുടെ അമ്മ പറയുമ്പോള്‍ സ്ത്രീയുടെ ഉത്തരവാദിത്വം കുടുംബവും കുട്ടികളും മാത്രമാണെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധിയെയാണ് അവിടെ കാണാന്‍ കഴിയുന്നത്.
അവര്‍ക്കും സ്വപ്‌നങ്ങളുണ്ടായിരുന്നു ഒരു പാട്ടുകാരിയാകണമെന്ന്..അവരുടെ അച്ഛനും ആഗ്രഹിച്ചിരുന്നു മകളെ പാട്ടുകാരിയാക്കണമെന്ന് പക്ഷേ കഴിഞ്ഞില്ല. ആരായിരുന്നു തടസ്സം? വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലെത്തി പാട്ടുംപാടിയിരുന്നാല്‍ ആളുകള്‍ അതുമിതും പറയാന്‍തുടങ്ങുമെന്നായിരുന്നു അവരുടെ ഭയം. സ്ത്രീ ഇങ്ങനെമാത്രമായിരിക്കണമെന്ന് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് സ്ത്രീകളിലൂടെ തന്നെ കൈമാറുന്നതില്‍ പാര്‍ട്രിയാര്‍ക്കി നേടിയ വിജയമാണ് ആ ഭയത്തിന്റെ അടിസ്ഥാനം. തെറ്റ് നിന്റെയല്ല, ഞങ്ങള്‍ അമ്മമാരുടെയാണെന്ന് അമൃതയുടെ അമ്മായിയമ്മ ഒടുവില്‍ കുമ്പസരിക്കുന്നത് അതുകൊണ്ടാണ്.

അതുകൊണ്ടാണ് അമൃതയുടെ അച്ഛന് (കുമുദ് മിശ്ര അവതരിപ്പിച്ച കഥാപാത്രം)പുരുഷാധിപത്യ ആശയങ്ങള്‍ക്കെതിരേ സ്വന്തം ഭാര്യയോട് പോലും മത്സരിക്കരിക്കേണ്ടി വരുന്നത്. ഗര്‍ഭിണിയാണെന്നറിഞ്ഞതിന് ശേഷം വിവാഹമോചനം എന്ന തന്റെ തീരുമാനമാനവുമായി മുന്നോട്ടുപോകാന്‍ അമൃത ശ്രമിക്കുമ്പോള്‍ ചെറിയൊരു ശങ്ക അവളുടെ മനസ്സിലുണരുന്നുണ്ട്. ഞാന്‍ ചെയ്യുന്നത് ശരിയല്ലേ അച്ഛാ എന്നവളെക്കൊണ്ട് ചോദിപ്പിക്കുന്നത് അതാണ്. ശരിയാണെന്ന് മനസ്സുപറയുന്നതിനൊപ്പം യാത്ര തുടരാനും ആ ശരികള്‍ എല്ലായ്‌പ്പോഴും സന്തോഷം മാത്രമായിരിക്കില്ല സമ്മാനിക്കുകയെന്നും പറഞ്ഞ് അച്ഛന്‍ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ചുണ്ടില്‍ ചിരിവിരിയിക്കാന്‍ ശ്രമിക്കുന്ന അവളുടെ അമ്മയുടെ നെഞ്ചിലുയരുന്നത് ഒരു ദീര്‍ഘനിശ്വാസമാണ്.

പുരുഷനായി പിറന്നതിന്റെ എല്ലാ പ്രിവിലെജുകളും അനുഭവിച്ചുവളര്‍ന്നയാളാണ് അമൃതയുടെ അച്ഛന്‍. അവളുടെ ചിന്തകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ അച്ഛന് അമ്മയേക്കാള്‍ വേഗത്തില്‍ കഴിയുന്നതിന്റെ കാരണങ്ങളില്‍ അതുകൂടിയുണ്ട്. അതേ അച്ഛന്‍ എന്തുകൊണ്ടാണ് ഭാര്യയുടെ സ്വപ്‌നങ്ങളെ കാണാന്‍ കഴിയാതെ പോയത്? മകളെ പരസ്യമായി മരുമകന്‍ അടിക്കുമ്പോള്‍ സമൂഹത്തെ കരുതി പ്രതികരിക്കാതെ നിന്നത്? പാട്രിയാര്‍ക്കിയുടെ ഇര തന്നെയാണ് ആ അച്ഛനും. പക്ഷേ അയാള്‍ തിരുത്തലിന് മുതിരുന്നുണ്ട്. മകള്‍ക്ക് കിട്ടിയ അടി കണ്ണുതുറപ്പിച്ചത് അച്ഛന്റേതുകൂടിയാണ്. അതുകൊണ്ടാണ് ഭാര്യ സ്വന്തം സ്വപ്‌നങ്ങളെ ഉപേക്ഷിച്ചതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ തനിക്കുപറ്റിയ തെറ്റ് അംഗീകരിക്കുന്നത്. ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയോട് മകന്‍ അപമര്യാദയായി പെരുമാറുമ്പോള്‍ ക്ഷമ ചോദിക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നത്. മകള്‍ക്ക് വേണ്ടി ഉയര്‍ത്താനാകാത്ത ശബ്ദം മരുമകളാകാന്‍ പോകുന്ന പെണ്‍കുട്ടിക്ക് വേണ്ടി അയാള്‍ ഉയര്‍ത്തുന്നത്. മറ്റുളളവരുടെ അഭിപ്രായത്തേക്കാള്‍, അഭിമാനപ്രശ്‌നത്തേക്കാള്‍ തനിക്ക് പ്രിയപ്പെട്ടവരുടെ സമാധാനം ആഗ്രഹിക്കുന്ന രീതിയിലേക്ക് പക്വമായി ചിന്തിക്കാന്‍ ആ പിതാവിന് കഴിയുന്നത്. തനിക്ക് പുറത്തുളള ലോകവുമായി നിത്യേന സംവദിക്കുന്ന അച്ഛന്റെ മാനസികനിലകളില്‍ വന്ന മാറ്റങ്ങള്‍ മററുളളവരെ സന്തോഷിപ്പിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച വീടെന്ന ഇട്ടാവട്ടത്ത് ചുറ്റിത്തിരിയുന്ന ഒരമ്മയില്‍ നിന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും?
അമൃതയുടെ അച്ഛന്‍ ജയന്തിനെപ്പോലൊരു അച്ഛന്‍ നമുക്ക് അപരിചിതനല്ല, സുപരിചിതനും. സമൂഹത്തിന്റെ മൈന്‍ഡ്‌സെറ്റില്‍ മാറ്റം വരുത്തുന്നതില്‍ ഈ ഫെമിനിസ്റ്റ് അച്ഛന്മാര്‍ക്ക് വലിയ പങ്കുണ്ട്. എന്തുംസഹിച്ചൊരു വിവാഹബന്ധത്തില്‍ കടിച്ചുതൂങ്ങുകയല്ല ജീവിതമെന്ന് പറഞ്ഞുകൊടുക്കുന്ന,പാട്രിയാര്‍ക്കല്‍ മൂല്യങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് പകരം മകള്‍ക്ക് ഫെമിനിസത്തെ കുറിച്ചും തുല്യതയെ കുറിച്ചും പറഞ്ഞുകൊടുക്കുന്ന അച്ഛന്മാര്‍. അവരില്‍ ഒരാളാണ് ഗുന്‍ജനിന്റെ അച്ഛന്‍ അനുപ് സക്‌സേന(പങ്കജ് ത്രിപാഠി അവതരിപ്പിച്ച കഥാപാത്രം)

ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന സിനിമയാണ് ഗുന്‍ജന്‍ സക്‌സേന ദ കാര്‍ഗില്‍ ഗേള്‍. തൊഴിലിടത്തില്‍ സ്ത്രീ നേരിടുന്ന വിവേചനത്തെ ഇത്ര ശക്തമായി അവതരിപ്പിച്ച ഒരു സിനിമ ഇല്ലെന്ന് തന്നെ പറയാം. (ജാന്‍വിക്ക് പകരം താപ്‌സി ഗുന്‍ജന്‍ ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയെങ്കിലും) ചെറുപ്പത്തില്‍ തന്നെ തുല്യതയുടെ പാഠം മകള്‍ക്കും മകനും സക്‌സേന ഒരുപോലെ പറഞ്ഞുകൊടുക്കുന്നുണ്ട്. ആണായാലും പെണ്ണായാലും വിമാനം പറത്തുന്നവനെ പൈലറ്റ് എന്നാണ് പറയുന്നതെന്നതില്‍ തന്റെ നിലപാട് സക്‌സേന വ്യക്തമാക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയായതിന്റെ പേരില്‍ ഒരു സ്വപ്‌നം പിന്തുടരുന്നതിനും വിലക്കില്ലെന്ന് മകള്‍ക്ക് കുട്ടിക്കാലത്തേ മനസ്സിലാക്കിക്കൊടുന്ന അച്ഛനാണ് സക്‌സേന. പക്ഷേ സഹോദരിയെ ആണ്‍കുട്ടികളെ പോലെ ക്രിക്കറ്റ് കളിക്കാനും അര്‍ദ്ധരാത്രി സിനിമയ്ക്കും കൊണ്ടുപോകുന്ന അച്ഛന്റെ പ്രവൃത്തിയെ മകളോടുളള വാത്സല്യക്കൂടുതല്‍ മാത്രമായിട്ടാണ് ഗുന്‍ജന്റെ സഹോദരന് കാണാനാവുന്നത്. അച്ഛനേക്കാള്‍ സമൂഹത്തോട് ഇടപഴകുന്ന മകനില്‍ പാട്രിയാര്‍ക്കി വരുത്തിയ സ്വാധീനമാണ് അവനെക്കൊണ്ട് അത് പറയിക്കുന്നത്. അവന്റെ കൂട്ടുകാരന്മാരുടെ സഹോദരിമാരൊന്നും ആണ്‍കുട്ടികള്‍ക്കൊപ്പം മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതോ, രാത്രി സിനിമക്ക് പോകുന്നതോ അവന്‍ കണ്ടിട്ടില്ല. സഹോദരനെപ്പോലെ പാട്രിയാര്‍ക്കിയുടെ കരുത്തരായ പ്രതിനിധികള്‍ നിരവധിയുണ്ട് ചിത്രത്തില്‍.
പത്താംതരത്തില്‍ 94 ശതമാനം മാര്‍ക്കുവാങ്ങിയ മകള്‍ വിവാഹിതയായി സ്വസ്ഥമായൊരു കുടുംബജീവിതം നയിക്കുന്നതാണ് ഗുന്‍ജന്റെ അമ്മയുടെ സ്വപ്‌നം. മാതാപിതാക്കളുടെ കൈയില്‍ പണമില്ലാതിരുന്നതിനാല്‍ തുടര്‍ന്നുപഠിക്കാന്‍ സാധിക്കാതിരുന്ന, ആ സ്വപ്‌നം മകളിലൂടെ പൂര്‍ത്തീകരിച്ചുകാണാന്‍ ആഗ്രഹിക്കുന്ന അമ്മ. മകളുടെ വിമാനം പറത്തണമെന്ന ആഗ്രഹത്തെ അമ്മയ്ക്ക് ബാലിശമായി മാത്രമേ കാണാനാവുന്നുളളൂ. ഒന്നാമത് അത് പെണ്‍കുട്ടികളുടെ മേഖലയല്ല, രണ്ടാമത് വിമാനം പറത്തി നടന്നാല്‍ വിവാഹം? എന്നാല്‍ വീട്ടിലെ വിമര്‍ശകര്‍ക്കെതിരെ നടന്നു സക്‌സേന.

വ്യോമസേയിലേക്കുളള തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെത്തുന്ന ഗുന്‍ജനെ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും വില പഠിപ്പിക്കുന്നത് അച്ഛനാണ്. പരിശീലനകാലയളവില്‍ നേരിടേണ്ടി വന്ന ലിംഗവിവേചനത്തില്‍ മനസ്സുമടുത്ത് വീട്ടിലേക്ക് ഒളിച്ചോടിയ, കൂട്ടുകാരിയെപ്പോലെ താനും വിവാഹം കഴിച്ച് ജീവിതം സ്വസ്ഥമാക്കാനാന്‍ ആഗ്രഹിക്കുന്നു എന്നുപറഞ്ഞ മകളെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭര്‍തൃവീട്ടിലെ അടുക്കളയില്‍ പുകഞ്ഞ് തീരേണ്ടതല്ലെന്ന് ഓര്‍മിപ്പിക്കുന്നതും അച്ഛനാണ്. സക്‌സേന തികഞ്ഞൊരു ഫെമിനിസ്റ്റായിരുന്നു. 'തുംസേ നഹി ഹോഗാ ഗുന്‍ജന്‍' എന്ന് കുട്ടിക്കാലം മുതല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പുരുഷശബ്ദങ്ങളെ കേട്ടില്ലെന്ന് നടിച്ച് വിജയത്തെ ഗുന്‍ജന്‍ പോരാടി നേടുന്നത് അച്ഛന്‍ ഒരാള്‍ നല്‍കിയ പിന്തുണയുടെ ബലത്തിലാണ്.

ഈ രണ്ട് അച്ഛനമാരും മുന്നോട്ട് വെക്കുന്നത് സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവരുടെ ഇടം അനുവദിക്കണമെന്ന വാദമാണ്. ശബ്ദമുയര്‍ത്തുന്നതും ആജ്ഞാപിക്കുന്നതുമാണ് പൗരുഷമെന്ന ധാരണകളെക്കൂടി തിരുത്തി ശാന്തരായാണ് രണ്ടുപേരും അതിനുവേണ്ടി പ്രയത്‌നിക്കുന്നതും. മകളെ കേള്‍ക്കാനും അവളുടെ സുഹൃത്താകാനും സെക്‌സിസം അവളോട് ചെയ്യുന്നതെന്താണെന്ന് മനസ്സിലാക്കാനും മകളുടെ സ്വാതന്ത്ര്യത്തിന്റെ കാവല്‍ക്കാരനാകാനും അവള്‍ തിരഞ്ഞെടുക്കുന്ന രീതിയില്‍ ജീവിക്കാന്‍ പ്രാപ്തമാക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാന്‍ കഴിയുന്നിടത്താണ് ഇവര്‍ ഫെമിനിസ്റ്റ് അച്ഛന്മാരായി മാറുന്നത്. 'സിനിമകള്‍ മനുഷ്യരെ മാറ്റില്ലെന്ന് എനിക്കറിയാം. പക്ഷേ അവരുടെ മനസ്സില്‍ ചിന്തക്ക് തുടക്കമിടാന്‍ സാധിക്കും. ആ ചിന്തയുണ്ടെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ അല്പം മാറിയേക്കാം. അതുകൊണ്ട് ആ ചിന്തയുണ്ടാകേണ്ടത് പ്രധാനമാണ്. സിനിമയില്‍ ഞാനത് കൈകാര്യം ചെയ്തുവെന്ന് കരുതുന്നു.' ഇടതടവില്ലാത്ത അഭിനന്ദന സന്ദേശങ്ങളോട് ഗുന്‍ജന്റെ ഓണ്‍സ്‌ക്രീന്‍ പിതാവായ പങ്കജ് ത്രിപാഠി പ്രതികരിച്ചത് ഇങ്ങനെയാണ്.
പക്ഷേ ഇവര്‍ക്കൊപ്പം നാളെ പ്രാതലിന് എന്തുണ്ടാക്കുമെന്ന് ആലോചിക്കുന്ന അമ്മമാരെയല്ല, നാളെ ഓഫീസിലെ പ്രസന്റേഷന്‍ എങ്ങനെ നന്നാക്കുമെന്നാലോചിക്കുന്ന അമ്മമാരെക്കൂടി ആവശ്യമുണ്ട്. കൈയില്‍ ക്രിക്കറ്റ് ബാറ്റും ബാഡ്മിററണ്‍ റാക്കറ്റുമായി പുറത്തുകളിക്കാന്‍ പോകുകയോ ബൈക്കില്‍ കറങ്ങുകയോ ചെയ്യുന്നതിനൊപ്പം അടുക്കളയില്‍ കയറി പാചകം ചെയ്യുന്ന സഹോദരന്മാരെയും കാണേണ്ടതുണ്ട്. (ആരായാലും പാചകം പഠിക്കേണ്ടത് തന്നെയാണ്.മറ്റൊരുവീട്ടില്‍ ചെന്നുകയറേണ്ടതുകൊണ്ടല്ല, സ്വയംപര്യാപ്തരാകുന്നതിന് വേണ്ടി.)
എന്തൊക്കെയായാലും മകള്‍ക്ക് പ്രണയം പോലും നിഷേധിച്ച, 'കുടുംബത്തിന്റെ അഭിമാന'ത്തിന് മകളുടെ സന്തോഷത്തേക്കാള്‍ വിലകല്‍പിച്ച ഡിഡിഎല്‍ജെയിലെ അമരീഷ് പുരിയുടെ അച്ഛന്‍ കഥാപാത്രത്തില്‍ നിന്ന് ഗുന്‍ജന്റെ പിതാവിലേക്കെത്തുമ്പോള്‍ അച്ഛന്‍ കഥാപാത്രങ്ങളെ സ്ത്രീയുടെ സുഹൃത്തും വഴികാട്ടിയുമാക്കാന്‍ ബോധപൂര്‍വമായ ശ്രമം ബോളിവുഡ് നടത്തിയിട്ടുണ്ടെന്ന് കാണാം. ഗ്ലാമറിനും, ഐറ്റം നമ്പറിനുമുപരിയായി സ്ത്രീ കഥാപാത്രങ്ങളെ ഗൗരവത്തോടെ ബോളിവുഡ് സമീപിച്ചുതുടങ്ങിയിരിക്കുന്നു.
Content Highlights: The feminist fathers of Gunjan And Amu in movies Gunjan Saxena and Thappad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..