കോഴിക്കോട് വിമാനത്താവളം
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങണമെങ്കില്‍ റണ്‍വേ നീളംകൂട്ടണമെന്നും അതിന് 18.5 ഏക്കര്‍ ഭൂമികൂടി ആവശ്യമാണെന്നുമുള്ള കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവനയെ ആശ്വാസകരം എന്നു വിശേഷിപ്പിക്കേണ്ടിവരും. വിമാനത്താവള വികസനത്തിനായി ഇതുവരെ ആവശ്യപ്പെട്ടതില്‍ ഏറ്റവുംകുറഞ്ഞ സ്ഥലമാണിത്. ഈ അവസരം പാഴാക്കരുത്.
കോഴിക്കോട് വിമാനത്താവളവികസനം ഇപ്പോഴില്ലെങ്കില്‍ ഒരിക്കലുമില്ല എന്ന അവസ്ഥയിലെത്തിനില്‍ക്കുകയാണ്. വിമാനത്താവള വികസനത്തിന് 125 മുതല്‍ 400 ഏക്കര്‍വരെ ഭൂമി വേണമെന്ന നിലപാടില്‍നിന്നാണ് 18.5 ഏക്കര്‍ ഭൂമി കിട്ടിയാല്‍ റണ്‍വേവികസനം നടക്കുമെന്നും അതോടെ വലിയവിമാനങ്ങള്‍ക്ക് ഇറങ്ങാമെന്നും മന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയത്. ഈ അവസരം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ കോഴിക്കോട് വിമാനത്താവള വികസനം മരീചികയായി മാറും. 2002 മുതല്‍ 2015 വരെ പതിമ്മൂന്നുവര്‍ഷം ജംബോ വിമാനങ്ങളിറങ്ങിയിരുന്നു കോഴിക്കോട് വിമാനത്താവളത്തില്‍.
2002-ല്‍ 430 പേര്‍ക്ക് സഞ്ചരിക്കാവുന്ന ആദ്യ ജംബോ ഹജ്ജ് സര്‍വീസിനായാണ് ഉപയോഗിച്ചത്. അന്ന് ലോകത്തെ വലിയ വിമാനങ്ങളിലൊന്നായിരുന്നു അത്. പിന്നെ 500 പേര്‍ക്ക് കയറാവുന്ന ബോയിങ് 747 ജംബോ വിമാനവും കോഴിക്കോട്ടുനിന്ന് പറന്നുയര്‍ന്നു. 2016-ല്‍ റണ്‍വേ കാര്പ്പറ്റിങ്ങിനായി വലിയവിമാനങ്ങളുടെ സര്‍വീസ് തത്കാലം നിര്‍ത്തിവെച്ചതാണ് പിന്നീട് തിരിച്ചടിയായി രൂപാന്തരപ്പെട്ടത്. ആറുമാസംകൊണ്ട് തീരുമെന്നുപറഞ്ഞ റണ്‍വേ കാര്‍പ്പറ്റിങ് മുഴുമിപ്പിക്കാന്‍ രണ്ടുവര്‍ഷമെടുത്തു. തുടര്‍ന്ന് നല്കിയ റിപ്പോര്‍ട്ടില്‍ റണ്‍വേയ്ക്ക് ബലക്ഷയമുണ്ടെന്നും വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടി. നേരത്തേ മംഗലാപുരത്ത് നടന്ന വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളുടെ കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയിരുന്നു. വിമാനത്താവളം വികസിക്കുന്നതിന് എതിരുനില്ക്കുന്നവര് ഇതെല്ലാം സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
2019-ലാണ് പ്രക്ഷോഭത്തിന്റെ ഫലമായി വീണ്ടും 'വലിയ'വിമാനങ്ങള്‍ കോഴിക്കോട്ടുനിന്നു പറന്നുയര്‍ന്നത്. 300 പേര്‍ക്ക് സഞ്ചരിക്കാന്പറ്റുന്ന കോഡ് ഇ, എയര്‍ ബസ് വിമാനങ്ങളാണ് സര്‍വീസ് തുടങ്ങിയത്. 13 വര്‍ഷം പ്രശ്നമില്ലാതെ പറന്നുയര്‍ന്ന ജംബോ പക്ഷേ, പിന്നീടൊരിക്കലും കരിപ്പൂരിന്റെ മണ്ണുതൊട്ടില്ല. 2020 ഓഗസ്റ്റില്‍ നടന്ന വിമാനാപകടത്തോടെ നിലവിലുണ്ടായിരുന്ന വലിയവിമാനങ്ങളും സര്‍വീസ് നിര്‍ത്തി. അപകടത്തിന് റണ്‍വേയുടെ വലുപ്പവുമായി ബന്ധമില്ലെന്ന് അന്വേഷണക്കമ്മിഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടും വലിയ വിമാനമെന്ന കോഴിക്കോടിന്റെ സ്വപ്നത്തിന് വീണ്ടും ചിറകുമുളച്ചില്ല. ആ സ്വപ്നം യാഥാര്‍ഥ്യമാവാനുള്ള സാധ്യതയുടെ വാതിലാണ് മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലൂടെ തുറന്നുകിട്ടിയിരിക്കുന്നത്. അത് കൊട്ടിയടയ്ക്കാനുള്ള നടപടികള്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ ഭാഗത്തുനിന്നുണ്ടാവരുത്.
ഒരു വിമാനത്താവളത്തിന്റെ വികസനത്തിന് പതിനെട്ടര ഏക്കര്‍ ഭൂമിയെന്നത് വളരെക്കുറഞ്ഞ സ്ഥലമാണ്. 370 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് കോഴിക്കോട്ടേത്. ലോകത്ത് മറ്റെവിടെയെങ്കിലും ഇത്ര ചെറിയസ്ഥലത്ത് അന്താരാഷ്ട്രവിമാനത്താവളം പ്രവര്‍ത്തിക്കുന്നോ എന്നത് സംശയമാണ്. തൊട്ടടുത്ത കണ്ണൂര്‍ വിമാനത്താവളം 2300 ഏക്കറിലാണ് പ്രവര്‍ത്തിക്കുന്നത്. നെടുമ്പാശ്ശേരിയിലും ബെംഗളൂരുവിലുമെല്ലാം ഏറക്കുറെ ഇതേ അളവില്‍ വിമാനത്താവളങ്ങള്‍ക്ക് ഭൂമിയുണ്ട്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വിദേശ വിമാനസര്‍വീസുകള്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രണ്ടുനാള്‍ക്കകം വീണ്ടും പറന്നുയരുകയാണ്. 200 പേര്‍ക്ക് സഞ്ചരിക്കാവുന്ന സര്വീസുകളാവുമിത്. സംസ്ഥാനത്ത് തിരുവനന്തപുരം കഴിഞ്ഞാല്‍ രണ്ടാമതായി വരുന്നതാണ് കോഴിക്കോട് വിമാനത്താവളം. നിലവില്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക വിമാനത്താവളവും ഇതുതന്നെ. കേന്ദ്ര വ്യോമയാനമന്ത്രിയുടെ പ്രസ്താവനയെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് നഷ്ടമായ പ്രതാപം വീണ്ടെടുക്കാനുള്ള അവസരമായിക്കണ്ട് ആവശ്യപ്പെട്ട 18.5 ഏക്കര്‍ ഭൂമി കൈമാറാനുള്ള നീക്കം എത്രയുംവേഗം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവണം.
കേന്ദ്ര വ്യോമയാനമന്ത്രിയുടെ പ്രസ്താവനയെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് നഷ്ടമായ പ്രതാപം വീണ്ടെടുക്കാനുള്ള അവസരമായിക്കണ്ട് ആവശ്യപ്പെട്ട 18.5 ഏക്കര്‍ ഭൂമി കൈമാറാനുള്ള നീക്കം എത്രയുംവേഗം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവണം
Content Highlights: expansion of calicut airport
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..