സ്വാതന്ത്ര്യദിനത്തിലെ പതാക ഉയര്‍ത്തല്‍; സി.പി.എമ്മിന്റേത്‌ നയം മാറ്റമോ മനം മാറ്റമോ?


സി.പി.ജോണ്‍

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എകെജി സെന്ററിന് മുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ ദേശീയ പതാകപതാക ഉയർത്തിയപ്പോൾ| ഫോട്ടോ: ബിനുലാൽ ജി.

75-ാം സ്വാതന്ത്ര്യദിനത്തിലെ സി.പി.എം. ഓഫീസിലെ ദേശീയപതാക ഉയര്‍ത്തല്‍ ഒരു പക്ഷേ, അവര്‍ പ്രതീക്ഷിച്ചതിലുമധികം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും കേരളത്തില്‍ 'ശ്രദ്ധ തേടല്‍'(attention seeking) തന്ത്രമായിരുന്നു അതെങ്കില്‍ തല്ക്കാലം വിജയിച്ചുവെന്ന് തന്നെ പറയാം. പക്ഷേ, പൊതുമണ്ഡലത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തോടും ഭരണകൂടത്തോടുമുളള സമീപനം ചര്‍ച്ചയ്ക്ക് വിധേയമാകുന്നത് തികച്ചും സ്വാഭാവികമാണ്.

1920-ല്‍ രൂപീകൃതമായ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി, മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, നോതാജി, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കന്മാരോട് കിടപിടിക്കാനുളള നേതൃത്വത്തെ സൃഷ്ടിച്ചില്ലെങ്കിലും ആദ്യത്തെ രണ്ട് പതിറ്റാണ്ടിനകം തന്നെ എ.ഐ.യു.ടി.സിയിലൂടെ തൊഴിലാളികള്‍ക്കിടയിലും എ.ഐ.എസ്.എഫിലൂടെ വിദ്യാര്‍ഥികള്‍ക്കിടയിലും കിസാന്‍ സഭയിലൂടെ കര്‍ഷകര്‍ക്കിടയിലും നിര്‍ണായകശക്തിയായി മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ശ്രേണിയിലെ ജനകീയശ്രേണിയായി തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊളളുകയും വളരുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു പാര്‍ട്ടി. അതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കാണ്‍പുര്‍-പെഷവാര്‍ ഗൂഢാലോചനക്കേസുകളില്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരേയുളള ബ്രിട്ടീഷുകാരുടെ കുറ്റപത്രം. ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതായിരുന്നു കുറ്റം. ശിക്ഷയും കഠിനമായിരുന്നു.

പക്ഷേ, രണ്ടാം ലോക മഹായുദ്ധം കാര്യങ്ങള്‍ ആകെ മാറ്റിമറിച്ചു. സോവിയറ്റ് യൂണിയന്‍ ചെയ്യുന്നതെന്തോ അത് ചെയ്യുന്നതാണ് സാര്‍വദേശീയത എന്ന് ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ കരുതി. യുദ്ധത്തിന്റെ തുടക്കത്തില്‍ ഹിറ്റ്‌ലറുമായി സോവിയറ്റ് യൂണിയന്‍ സന്ധി ചെയ്തിരുന്നു(മൊളോട്ടോവ്- റിബ്ബെന്‍ട്രോപ് ഉടമ്പടി). അക്കാലത്ത് യുദ്ധത്തിനെതിരായ ശക്തമായ നിലപാട് തന്നെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും എടുത്തത്. ലോകത്തെ പങ്കിടാനുളള സാമ്രാജ്യവാദികളുടെ തന്ത്രമാണ് യുദ്ധമെന്ന നിലപാടായിരുന്നു പാര്‍ട്ടിയുടേത്, അത് ശരിയുമായിരുന്നു. പക്ഷേ, സോവിയറ്റ് - ജര്‍മന്‍ സഖ്യം തകരുകയും സോവിയറ്റ് യൂണിയനെ ജര്‍മനി ആക്രമിക്കുകയും ചെയ്തതോടെ യുദ്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ആശയക്കുഴപ്പത്തിലായി.

ശക്തമായ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജന സംഘടനാ പ്രവര്‍ത്തകരും നിന്നനില്‍പില്‍ കളം മാറി ചവിട്ടി. ബ്രിട്ടീഷ് അമേരിക്കന്‍ സഖ്യശക്തികളോടൊപ്പം സോവിയറ്റ് യൂണിയന്‍ ചേര്‍ന്നതുകൊണ്ട് ഇന്ത്യയിലും ബ്രിട്ടീഷ് ഭരണത്തെ ശല്യപ്പെടുത്തരുത് എന്നുളളതായിരുന്നു കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ തീരുമാനത്തിന്റെ കാതല്‍. എന്നാല്‍, ഇന്ത്യയിലാകട്ടെ സ്വാതന്ത്ര്യസമരം തിളച്ചുമറിയുകയായിരുന്നു. ഇന്ത്യന്‍ യുവത്വത്തിന്റെ സിരകളെ ത്രസിപ്പിച്ച ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിക്കപ്പെട്ടു.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, 'സാര്‍വദേശീയത'യുടെ പേരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരയില്‍നിന്ന് ദയനീയമായി ഒറ്റപ്പെട്ടു. എ.ഐ.യുടി.സി., എ.ഐ.എസ്.എഫ്., കിസാന്‍ സഭ പോലുളള സംഘടനകളുടെ നേതൃത്വം ഉണ്ടായിട്ടും അണികള്‍ കൂട്ടത്തോടെ ചോര്‍ന്നുപോയി. കമ്യൂണിസ്റ്റുകാരുടെ സ്വാധീനം കുറയ്ക്കാനുളള അവസരമായി കമ്യൂണിസ്റ്റ് വിരുദ്ധരും കമ്യൂണിസ്റ്റ് ഇതരരും ഈ സന്ദര്‍ഭം ഫലപ്രദമായി വിനിയോഗിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു അത്. ദേശീയ സമരത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് തെല്ലും മനസ്സിലായില്ല. സാര്‍വദേശീയ രംഗത്താകട്ടെ ഈ തീരുമാനം ഒരു ചലനവും ഉണ്ടാക്കിയതുമില്ല. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍ ഈ തീരുമാനം എടുക്കുന്നതിന് വേണ്ടി സ്വാധീനം ചെലുത്തിയ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയ താല്പര്യം സാര്‍വദേശീയതയുടെ പേരില്‍ ഇന്ത്യയുടെ കമ്യൂണിസ്റ്റുകാരുടെ തലയില്‍ കെട്ടിവെച്ചതാണോ എന്ന് സംശയിക്കുന്നവരും ഉണ്ട്.

യുദ്ധം അവസാനിച്ചതോടെ ഇന്ത്യയ്ക്കും മറ്റു നിരവധി കോളനി രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യം കിട്ടി, ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയും പാകിസ്താനുമായി വിഭജിക്കപ്പെട്ടു. പാര്‍ട്ടി അംഗങ്ങളും ഇരുരാജ്യങ്ങളുമായി വേര്‍പിരിഞ്ഞു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വീണ്ടും ഒരു വിചിത്രസമീപനം സ്വീകരിച്ചു. കിട്ടിയ സ്വാതന്ത്ര്യം യഥാര്‍ത്ഥമല്ലെന്നും ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍ അംഗമായിരിക്കുന്ന ഇന്ത്യ പൂര്‍ണ സ്വതന്ത്രയല്ലെന്നും പാര്‍ട്ടി വാദിച്ചു. വിഭജനംകൊണ്ട് കലുഷിതമായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍, റഷ്യയില്‍ കെറന്‍സ്‌കിയെ അട്ടിമറിക്കാന്‍ ലെനിന് കഴിഞ്ഞതുപോലെ ഇന്ത്യയില്‍ നെഹ്റുവിനെ അട്ടിമറിച്ച് അധികാരം പിടിക്കാമെന്ന് അന്നത്തെ ജനറല്‍ സെക്രട്ടറി ബി.ടി. രണ്‍ദിവെ ഒരു തീസിസ് അവതരിപ്പിച്ചു. അതാണ് കല്‍ക്കട്ട തീസിസ്.

പാര്‍ട്ടി നിരോധിക്കപ്പെട്ടു, അടിച്ചമര്‍ത്തപ്പെട്ടു. തടവുകാരെ ജയിലിന് പുറത്തു കൊണ്ടുവന്ന് വെടിവെച്ചു കൊന്നു(പാടിക്കുന്ന്). കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായി. സ്വാതന്ത്ര്യത്തിന് വേണ്ടി അഹോരാത്രം പൊരുതിയ എ.കെ. ഗോപാലന് ജയിലിന് പുറത്തുവരാന്‍ സ്വതന്ത്ര ഇന്ത്യയില്‍ കോടതി കയറേണ്ടി വന്നു.(A.K.Gopalan Vs State of Madras) പക്ഷേ, 1951-ല്‍ സ്റ്റാലിന്‍ തന്നെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതാക്കളെ മോസ്‌കോയിലേക്ക് രഹസ്യമായി വിളിച്ചുവരുത്തി നയം മാറ്റണമെന്ന് ആവശ്യപ്പെട്ടു.

ഇതിനകം തന്നെ ജനറല്‍ സെക്രട്ടറി ബി.ടി. രണ്‍ദിവെയെ തരംതാഴ്ത്തിയിരുന്നു. 51-ലെ നയപ്രഖ്യാപനം ഇന്ത്യ എന്ന ബൂര്‍ഷ്വാ ജനാധിപത്യ രാജ്യത്ത് പാര്‍ലമെന്ററി മാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടും വര്‍ഗബഹുജന സംഘടനകളുടെ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവന്നും ശക്തി സംഭരിച്ച് ഭരണം പിടിച്ചെടുക്കണമെന്ന പുതിയ നയത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ചു. ആ നയത്തിന്റെ ഭാഗമായാണ് 1957-ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റത്.

1957 ഓഗസ്റ്റ് 15-ന് ഇ.എം.എസ്. തിരുവനന്തപുരത്ത് ഉയര്‍ത്തിയ ദേശീയപതാക 2021-ല്‍ എ.കെ.ജി. സെന്ററില്‍ ഉയര്‍ത്തുന്നതില്‍ പ്രത്യേകിച്ച് ഒരു പുതുമയുമില്ല. നൂറു കണക്കിന് പഞ്ചായത്തുകളിലും പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റുകാര്‍ ദേശീയപതാക ഉയര്‍ത്തിക്കൊണ്ടേയിരിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകളില്‍ സ്വന്തം രാജ്യത്തെ ദേശീയ പതാകയ്ക്ക് ധ്വജ ആരോഹണ അനുമതി കിട്ടിയെന്ന് കേള്‍ക്കുമ്പോള്‍ പാര്‍ട്ടിയെ മതമായും ഓഫീസിനെ ദേവാലയമായും സങ്കല്പിച്ച് നടത്തുന്ന ശുദ്ധീകരണക്രിയ ആണോ ഇതെന്ന് തോന്നും.

57-ന് ശേഷം വെറും ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. ദേശീയ മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചുകൊണ്ട്, സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകം അവകാശപ്പെടുന്ന ഭരണാധികാരികള്‍ നടപ്പാക്കുമെന്ന് പറഞ്ഞതും നടപ്പാക്കാത്തതുമായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും അതിലൂടെ ഉയര്‍ന്നുവരുന്ന സമരശക്തി ഉപയോഗിച്ചുകൊണ്ട് സംസ്ഥാനങ്ങളിലും കഴിയുമെങ്കില്‍ കേന്ദ്രത്തിലും ഭരണം പിടിച്ചെടുക്കുകയാണ് വേണ്ടതെന്ന് നല്ലൊരു ശതമാനം കമ്യൂണിസ്റ്റ് നേതാക്കളും കരുതി.

പക്ഷേ 1964-ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവെച്ച ജനകീയ ജനാധിപത്യ വിപ്ലവ പദ്ധതി നേരത്തേ പറഞ്ഞ പാര്‍ട്ടി ലൈനിനെ തിരുത്തല്‍വാദ ലൈനായി മുദ്രകുത്തി. 54-ല്‍ സ്റ്റാലിന്റെ മരണശേഷം ക്രൂഷ്‌ചേവ് മുന്നോട്ടുവെച്ച സമാധനപരമായ പരിവര്‍ത്തനം എന്ന നയത്തെ സ്റ്റാലിനിസ്റ്റുകള്‍ ശക്തിയായി എതിര്‍ത്തു. സായുധ വിപ്ലവത്തിന്റെ നിഴലാട്ടം വീണ്ടുമുണ്ടായി. പാര്‍ട്ടി പിളര്‍ന്നു, സി.പി.ഐ.(എം) രൂപീകരിച്ചു. പക്ഷേ സി.പി.എമ്മിലും പ്രക്ഷോഭത്തിനപ്പുറം വിപ്ലവത്തിലേക്ക് പോകാനുളളവരുടെ എണ്ണം കുറവായിരുന്നു. ചൈനീസ് പാര്‍ട്ടി വീണ്ടും ഇടപെട്ടു, സി.പി.എമ്മിനെയും പിളര്‍ത്തി. 'ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്ത'ത്തിന്റെ ഇടിമുഴക്കമെന്ന് നക്‌സല്‍ബാരിയിലെ കലാപത്തെ കുറിച്ച് ചൈനീസ് റേഡിയോ പ്രഖ്യാപിച്ചു.സി.പി.എം. ആകട്ടെ ബംഗാളിലും കേരളത്തിലും ഇതിനകം മുന്നണി രാഷ്ട്രീയത്തിലൂടെ അധികാരത്തില്‍ വന്നിരുന്നു.(കേരളത്തില്‍ നേതൃകക്ഷിയായും ബംഗാളില്‍ രണ്ടാം കക്ഷിയായും)

കോണ്‍ഗ്രസിനെ ഭരണാധികാര വര്‍ഗ പാര്‍ട്ടിയായി കാണുകയും, കോണ്‍ഗ്രസ് വിരോധം ദൈനംദിന രാഷ്ട്രീയത്തിലെ വിപ്ലവബോധമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്ത പതിറ്റാണ്ടുകള്‍ കടന്നുപോയി. അതിനിടയിലാണ് തൊണ്ണൂറുകളില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നതും ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്നതും. ബി.ജെ.പിയുടെ തുരുപ്പുചീട്ട് ദേശീയതയാണ്. അതിന് വര്‍ഗീയതയുടെ കയ്പുണ്ട്. കോണ്‍ഗ്രസ് ദേശീയതയില്‍ എന്തെല്ലാം കുറവുണ്ടെങ്കിലും ഈ കയ്പ് ഉണ്ടായിരുന്നില്ല.

സി.പി.എം. മടിച്ചുമടിച്ചാണെങ്കിലും 1989-ല്‍ ഉപേക്ഷിക്കേണ്ടിയിരുന്ന കോണ്‍ഗ്രസ് വിരോധം ഉപേക്ഷിക്കാന്‍ കേരളം ഒഴിച്ചുളള മറ്റ് സംസ്ഥാനങ്ങളില്‍ തയ്യാറായിരിക്കുകയാണ്. ബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടിയിട്ടും കൂട്ടുകെട്ടിന്റെ ലക്ഷ്യം മമതാവിരോധം ആയിരുന്നതുകൊണ്ട് കോണ്‍ഗ്രസിനും ഇടതിനും ഒരൊറ്റ സീറ്റു പോലും ലഭിക്കാതെ പരാജയപ്പെട്ടു. കേരളത്തിലെ രണ്ടാം വിജയം സി.പി.എമ്മിന് ഏറെ ആശ്വാസകരമാണെങ്കിലും ദേശീയതലത്തിലെ അവരുടെ നില ആശാവഹമല്ല. ആണവക്കരാറിന്റെ പേരില്‍ യു.പി.എയെ തകര്‍ക്കാനുളള ശ്രമത്തിന് ശേഷം ലോകസഭയില്‍ അവരുടെ അംഗബലം 43-ല്‍ നിന്ന് മൂന്നായി ചുരുങ്ങിയത് സി.പി.എമ്മില്‍ വീണ്ടുവിചാരങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്ന് കരുതാം.

പാര്‍ട്ടി ഓഫീസിലെ പതാക ഉയര്‍ത്തല്‍കൊണ്ട് 'ശ്രദ്ധ തേടല്‍' ശ്രമം വിജയിപ്പിക്കാനായെങ്കിലും തിരുത്തല്‍ വരേണ്ടത് അടിസ്ഥാനപരമായ അതിന്റെ പ്രമേയത്തില്‍ തന്നെയാണ്. അതുകൊണ്ട് ,
1. ബി.ജെ.പിയെ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അടക്കമുളള മതേതര പാര്‍ട്ടികളുമായുളള ആത്മാര്‍ഥമായ സഖ്യം
2. മതേതര സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും വേണ്ട സാംസ്‌കാരികതലം വരെയുളള പ്രവര്‍ത്തനങ്ങള്‍3. കോവിഡ് 19 എന്ന മഹാദുരന്തത്തിന്റെ മുന്നില്‍ പകച്ചുനില്‍ക്കുന്ന ജീവനും ജീവിതമാര്‍ഗവും നഷ്ടപ്പെട്ട കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് വേണ്ടിയുളള പോരാട്ടം
എന്നിവ കോര്‍ത്തിണക്കാന്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്ക് ആകുമോ എന്നതാണ് മൗലികമായ ചോദ്യം.

ലോകമെമ്പാടും പരാജയപ്പെട്ടതും പരാജയത്തിന് കാത്തുനില്‍ക്കുന്നതുമായ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന കാലാഹരണപ്പെട്ട മുദ്രാവാക്യം ഉപേക്ഷിക്കാനും, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നന്മകള്‍ കവര്‍ന്നെടുത്ത വലതുപക്ഷത്തുനിന്ന് അത് തിരിച്ചുപിടിക്കാനും ബലം പ്രയോഗിച്ചുള്ള വിപ്ലവം(Armed Revolution) എന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ തല്ക്കാലം നടക്കാത്ത മുദ്രാവാക്യം ഉപേക്ഷിക്കുകയാണെന്ന് തുറന്നുപറയാനും ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ തയ്യാറാകുമോ?

ഇത് സി.പി.എമ്മിനോട് മാത്രം ചോദിക്കുന്ന ചോദ്യമല്ല. എല്ലാവരോടുമുളളതാണ്, മാവോവാദികളോടുള്‍പ്പടെ. പതാക ഉയര്‍ത്തലും താഴ്ത്തലും പോലുളള പരിഹാരക്രിയകളല്ല, മറിച്ച് മൗലികമായ നയസമീപനങ്ങളാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ കാതല്‍.

Content Highlights: CPM decision to hoist national flag in party offices, CMP leader CP John writes

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented