പ്രതീകാത്മക ചിത്രം
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കേ മുലായംസിങ് യാദവ്, കേരളാ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് ഹിന്ദിയില്‍ കത്തെഴുതിയതും നായനാര്‍ മലയാളത്തില്‍ അതിന് മറുപടിയെഴുതിയതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മൂന്നുപതിറ്റാണ്ടിലേറെ മുമ്പുനടന്ന ഈ കത്തെഴുത്തുവിവാദം ഇപ്പോഴും പ്രസക്തമാകുന്നത് ഭാഷകള്‍ തമ്മില്‍ ഉച്ചനീചത്വമുണ്ടെന്നുവരുത്തുന്നതിന് പ്രത്യക്ഷമായും പരോക്ഷമായും ശ്രമംനടക്കുന്നു എന്നതിനാലാണ്. ഔദ്യോഗികഭാഷയുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതിയുടെ യോഗത്തില്‍ അധ്യക്ഷതവഹിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് ഹിന്ദിയിലായിരിക്കണമെന്നാണ്. ഇത് യാദൃച്ഛികമായി പറഞ്ഞതല്ലെന്നതാണ് ഗൗരവമുളവാക്കുന്നത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ് ഏതാനും മാസത്തിനകം അദ്ദേഹം, 'ഒരു രാഷ്ട്രം ഒരു ഭാഷ' എന്ന ആശയം ഉയര്‍ത്തിയിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രദേശങ്ങളിലായി ഏറ്റവും കൂടുതലാളുകള്‍ സംസാരിക്കുന്ന ഹിന്ദി നമ്മുടെ രാഷ്ട്രഭാഷ തന്നെയാണ്. സ്വാതന്ത്ര്യസമര വേളയില്‍ മഹാത്മജി രാജ്യത്തെ മുറുകെപ്പിടിക്കാന്‍ ഉപയോഗിച്ച ഭാഷ. ഉത്കൃഷ്ടമായ സാഹിത്യരചനകളാല്‍ സമ്പന്നമായ സുന്ദരമായ ഭാഷ. എന്നാല്‍, ഹിന്ദിയെ ഭാഷയ്ക്കുപരി ഒരു രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നത് പലതരത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വ്യത്യസ്തഭാഷയും സംസ്‌കാരവുമുള്ള നാടുകളടങ്ങിയ ഇന്ത്യ നാനാത്വത്തില്‍ ഏകത്വം എന്ന അച്ചുതണ്ടിലാണ് ചുറ്റുന്നത്. ഇതരഭാഷകളുടെ സ്വത്വം ഇല്ലായ്മ ചെയ്ത് ഒരു പ്രത്യേക ഭാഷയ്ക്ക് അധീശത്വം കല്‍പ്പിക്കുന്നത് ശരിയായരീതിയല്ല. ഒരു ഭാഷ മറ്റൊരു ഭാഷയ്ക്കും മേലെയുമല്ല, താഴെയുമല്ല.
ഭരണഘടനയില്‍ ഹിന്ദിയെയും ഇംഗ്ലീഷിനെയുമാണ് രാജ്യത്തിന്റെ ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുള്ളത്. ഔദ്യോഗികഭാഷയെന്നാല്‍ ഭരണപരമായ കാര്യങ്ങള്‍ക്കുള്ള ബന്ധഭാഷയെന്നല്ലാതെ രാഷ്ട്രത്തിന്റെ പൊതുഭാഷ എന്നര്‍ഥമാക്കുന്നില്ല. ഭരണഘടനയുടെ 343-ാം ഖണ്ഡത്തില്‍ ഹിന്ദി ഔദ്യോഗികഭാഷയെന്ന് രേഖപ്പെടുത്തിയതിന്റെ തുടര്‍ച്ചയായി ഇംഗ്ലീഷുകൂടി 15 വര്‍ഷത്തേക്ക് ഔദ്യോഗികഭാഷയായി തുടരുമെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍, രാജ്യത്തെ കൂടുതല്‍ സംസ്ഥാനങ്ങളും എതിര്‍ക്കുകയും ജനരോഷമുയരുകയും ചെയ്തതിനാല്‍ ആ കാലപരിധി മാറ്റേണ്ടിവന്നു. ഇംഗ്ലീഷ് ഔദ്യോഗികബന്ധഭാഷ അല്ലാതാകണമെങ്കില്‍ ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ നിയമസഭകളുടെ അനുമതി ആവശ്യമാണെന്ന് 1967-ല്‍ ഭരണഘടനാഭേദഗതി കൊണ്ടുവന്നത് രാജ്യത്തെ ജനവികാരംമാനിച്ചാണെന്നത് മറന്നുപോകരുത്. എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും ലിപി ദേവനാഗരിയാകുന്നതാവും നല്ലത് എന്ന ഒരു പ്രചാരണവും മെല്ലെ മെല്ലെ ഉയര്‍ന്നുവരുന്നുണ്ടെന്ന് മലയാളത്തില്‍ ലിപി പരിഷ്‌കരണം നടപ്പാക്കുന്ന ഈ വേളയില്‍ ഓര്‍മയിലുണ്ടാവണം. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലും പ്രാദേശികഭാഷകളുടെ നിലനില്‍പ്പും വികാസവും ലക്ഷ്യമാക്കുന്നില്ലെന്ന വിമര്‍ശനം നിലവിലുണ്ടുതാനും.
ഭാഷ എന്നത് കേവലമായ ആശയവിനിമയോപാധി മാത്രമല്ല, ഒരു ജനതയുടെ പാരമ്പര്യത്തിന്റെയും സാംസ്‌കാരികസ്വത്വത്തിന്റെയും സഞ്ചിതനിധികൂടിയാണ്. അതിനെ തകര്‍ക്കുകയോ ക്ഷീണിപ്പിക്കുകയോ ചെയ്യുന്നത് ആത്മാഭിമാനമുള്ള ആരും അനുവദിച്ചുകൊടുക്കില്ല. ഭാഷാപ്രശ്നം പലതവണ കലാപങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നത് ഓര്‍ക്കാതെയല്ല വീണ്ടും ആ വിവാദം കുത്തിപ്പൊക്കുന്നതെന്നതും ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തെ ആറ് ശ്രേഷ്ഠഭാഷകളില്‍ നാലും ദ്രാവിഡഗോത്രത്തില്‍പ്പെട്ടതാണ്, ദക്ഷിണേന്ത്യയിലെ ആറുസംസ്ഥാനങ്ങളിലെ മാതൃഭാഷകളാണ്. ഹിന്ദിയെയല്ല, ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന പ്രസ്താവനയോടെ തമിഴ്നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും കര്‍ണാടകത്തിലെ പ്രതിപക്ഷനേതാവുമടക്കമുള്ളവര്‍ പുതിയ നീക്കത്തിനെതിരേ രംഗത്തുവന്നുകഴിഞ്ഞു. ബഹുത്വമാണ്, വൈവിധ്യമാണ് മഹത്തായ ഇന്ത്യന്‍ ദേശീയതയുടെ ചൈതന്യം എന്നത് വിസ്മരിച്ച് യാന്ത്രികമായി ഏകതാവാദമുയര്‍ത്തുന്നത് രാഷ്ട്രതാത്പര്യത്തിന് നിരക്കുന്നതല്ല.
Content Highlights: controversy over Hindi language
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..