യുവരക്തങ്ങളെയും പുതുമുഖങ്ങളെയും നേതൃനിരയില്‍ എത്തിച്ച് കോണ്‍ഗ്രസ് നവചൈതന്യം ആര്‍ജിക്കണം-തരൂര്‍


ശശി തരൂര്‍

ബി.ജെ.പിയെ നേരിടാന്‍ പ്രതിപക്ഷ ഐക്യനിര രൂപവത്കരിക്കുന്നതിനെക്കുറിച്ച് രാജ്യത്തുടനീളം ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ അവസരത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിന്റെ ഭൂതകാല പ്രതാപം വീണ്ടെടുക്കാനുളള ചില ആശയങ്ങള്‍ മുന്നോട്ടുവെക്കുകയാണ് ഇവിടെ

ശശി തരൂർ

ക്കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നേരിട്ട വലിയ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍, കോണ്‍ഗ്രസിന്റെ 'ഇന്ത്യ' എന്ന ആശയവും അത് മുന്നോട്ടുവെക്കുന്ന ആദര്‍ശരാഷ്ട്രീയവും ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ടതുണ്ട്. ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ഭരണകക്ഷിയുടെ പരാജയങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല. കോണ്‍ഗ്രസില്‍നിന്ന് ജനങ്ങള്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് പ്രതീക്ഷാവഹമായ സന്ദേശമാണ്. നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും വിമര്‍ശിക്കുന്നതിനൊപ്പം നിങ്ങള്‍ എന്തുചെയ്യാന്‍ പോകുന്നു എന്നുകൂടി പറയാന്‍ ജനങ്ങള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നു.

ആദ്യമേ പറയട്ടെ, മോദിയെയും ബി.ജെ.പി.യെയും വിമര്‍ശിക്കുന്നത് ഉത്തരവാദിത്വപ്പെട്ട ഒരു പ്രതിപക്ഷത്തിന്റെ ധര്‍മമാണ്. ഭരണകക്ഷിയെ വിമര്‍ശിക്കുന്നത് നിഷേധാത്മക സമീപനമാണെന്ന വാദത്തോടും യോജിക്കാനാവില്ല. രാജ്യത്തിന് ഉചിതമായതെന്ത് എന്ന വ്യക്തമായ ബോധ്യത്തില്‍ നിന്നാണ് അത്തരം വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്. അവ വെറും പ്രതികരണങ്ങളല്ല, രാജ്യത്തിന് ഗുണപരമായ പാതയില്‍നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുന്നതിലുള്ള ആശങ്കകളാണ്.

മൂല്യങ്ങളെ ഊട്ടിയുറപ്പിക്കേണ്ട സമയം

സ്വാതന്ത്ര്യകാലംമുതല്‍ സ്വാംശീകരിച്ച മൂല്യങ്ങളാണ് കോണ്‍ഗ്രസിന്റെ അടിസ്ഥാനതത്ത്വങ്ങളില്‍ പ്രതിഫലിക്കുന്നത്. സമഗ്രവളര്‍ച്ച, സാമൂഹിക നീതി, ദാരിദ്ര്യനിര്‍മാര്‍ജനം, ന്യൂനപക്ഷത്തിന്റെയും സ്ത്രീകളുടെയും ദളിതരുടെയും ആദിവാസികളുടെയും സംരക്ഷണം എന്നിവ അതില്‍ ഉള്‍പ്പെടുന്നു. സഹജവും ആത്മാര്‍ഥവുമായ ഈ പ്രതിബദ്ധതയെ വോട്ടുബാങ്ക് രാഷ്ട്രീയം എന്ന് വികലമാക്കി ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍, അരികുവത്കരിക്കപ്പെടുന്നവരുടെ ശബ്ദമായി എന്നത്തെക്കാളും ഊര്‍ജസ്വലതയോടെ കോണ്‍ഗ്രസ് തുടരണം.

ഇന്ത്യന്‍ ബഹുസ്വരതയുടെ രാഷ്ട്രീയരൂപമാണ് കോണ്‍ഗ്രസ്. മതേതരത്വം സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം അതിന്റെ സവിശേഷതയും. ഇപ്പോള്‍ ഈ മൂല്യങ്ങളെയും വിശ്വാസങ്ങളെയും ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കേണ്ട സമയമാണ്. കാരണം, ഹിന്ദുരാഷ്ട്രമെന്ന വ്യാമോഹത്തിന്റെപേരില്‍ ബഹുസ്വരതയെ അധിക്ഷേപിക്കുന്ന ബി.ജെ.പി. ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ഇന്ത്യയുടെ ഏറ്റവും വലിയ സാംസ്‌കാരികസമ്പന്നതയ്ക്ക് തുരങ്കംവെക്കുകയുമാണ്.

ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസങ്ങള്‍ പ്രകടമാണ്. കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളെ ചേരികളിലേക്ക് തള്ളിവിടുന്നതിന് പകരം ശാക്തീകരിക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസ് എല്ലാ മതവിഭാഗങ്ങളില്‍നിന്നുമുള്ള സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തുന്നു. ലോക്സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു മുസ്ലിം അംഗംപോലുമില്ലാത്ത പാര്‍ട്ടി ഭരണം നടത്തുന്നത്. സംശയാസ്പദമായ ആ കുറവ് പരിഹരിക്കുന്നതില്‍ രണ്ടാം മോദിസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെടുകയും ചെയ്തു.

വര്‍ഗീയത വളര്‍ത്തുന്നതിനായി ബി.ജെ.പി. പ്രവര്‍ത്തകര്‍ ന്യൂനപക്ഷവിരുദ്ധ കലാപങ്ങള്‍ ആസൂത്രണം ചെയ്യുന്നു. കോണ്‍ഗ്രസ് അതിലേക്ക് എണ്ണ പകരുകയല്ല, തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ നയം.

അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുന്നിട്ടിറങ്ങണം

ഇനി നമുക്ക് വികസനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാം. എവിടെയാണ് എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം? എവിടെയാണ് അച്ഛേ ദിന്‍? പത്തുവര്‍ഷത്തെ യു.പി.എ. ഭരണകാലത്താണ് രാജ്യത്ത് തൊഴിലുറപ്പുപദ്ധതി, വിവരാവകാശനിയമം, വിദ്യാഭ്യാസ അവകാശനിയമം, ഭക്ഷ്യസുരക്ഷ, പണനിക്ഷേപമുള്ള ദശലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ ഒട്ടേറെ സാമൂഹികവിപ്ലവങ്ങള്‍ നടന്നത്.

സാമൂഹികനീതിയോട് എല്ലാ പ്രതിബദ്ധതയും പുലര്‍ത്തിക്കൊണ്ടുതന്നെ സമ്പദ്വ്യവസ്ഥയെ ഉദാരവത്കരിച്ചതും കോണ്‍ഗ്രസാണ്. തീര്‍ച്ചയായും സാമ്പത്തികവികസനം വേണം. അതോടൊപ്പം വികസനത്തിന്റെ ഫലങ്ങള്‍ താഴേക്കിടയിലുള്ള പാവങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പിക്കുകയും വേണം.

പട്ടിണിയെ തുരത്തൂ (ഗരീബീ ഹഠാവോ) എന്നത് ഇന്ന് പഴകിത്തേഞ്ഞ മുദ്രാവാക്യമായി തോന്നാം. എന്നാല്‍, കോണ്‍ഗ്രസ് അതിന്റെ ഭരണകാലത്ത് ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയില്‍നിന്ന് രക്ഷിച്ചെന്നും കൂടുതല്‍പ്പേരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമം തുടരുകയാണെന്നും അഭിമാനത്തോടെ പറയാനാകും. തിളക്കം എല്ലാവരിലും ദൃശ്യമാകാതെ ഇന്ത്യ തിളങ്ങുകയില്ല.

നഗരങ്ങളില്‍ വോട്ടര്‍മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുവേണ്ടി കോണ്‍ഗ്രസ് മുന്നിട്ടിറങ്ങണം. നഗര ഗതാഗതം, ഗുണനിലവാരമുള്ള നിരത്തുകള്‍, സാമ്പത്തികബാധ്യത കുറഞ്ഞ പാര്‍പ്പിടപദ്ധതികള്‍, ശുദ്ധമായ കുടിവെള്ളം, സര്‍ക്കാര്‍സ്‌കൂളുകളില്‍ മാന്യമായ വിദ്യാഭ്യാസം, ആരോഗ്യസേവന സംവിധാനം, പാര്‍ക്കുകള്‍, ശുദ്ധമായ വായു, മാലിന്യസംസ്‌കരണം എന്നിവയ്ക്കുവേണ്ടി വാദിക്കണം. നഗരപരിപാലനത്തിന്റെ അടിസ്ഥാനകാര്യങ്ങളില്‍പ്പോലും ബി.ജെ.പി.യുടെ പ്രകടനം എത്രത്തോളം നിരാശാവഹമാണെന്ന് വസ്തുതകള്‍ നിരത്തി ജനങ്ങളെ ബോധ്യപ്പെടുത്തണം.

ഗ്രാമീണ ഇന്ത്യയുടെ ആവശ്യങ്ങള്‍ അറിയണം

ഗ്രാമീണ ഇന്ത്യയുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയസാധ്യതകളിലേക്കുള്ള സൂചനകളാണ്. വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകള്‍, ആവശ്യത്തിന് പണമില്ലാത്ത തൊഴിലുറപ്പ് പദ്ധതി, കര്‍ഷകര്‍ക്ക് പ്രധാന വിളകള്‍ക്കുപോലും താങ്ങുവില ഉയര്‍ത്തിനല്‍കാത്തത്, ഗ്രാമാതിര്‍ത്തികളിലെ കുടിയേറ്റപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കോണ്‍ഗ്രസ് ഏറ്റെടുക്കണം. ഭരണത്തിലുണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസ് ഇത്തരം പ്രശ്‌നങ്ങളെ നേരിടാന്‍ വ്യത്യസ്തപദ്ധതികള്‍ അസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ലോണ്‍ എഴുതിത്തള്ളല്‍, കുറഞ്ഞകൂലി, തൊഴിലുറപ്പിന് കൂടുതല്‍ പണം, ഉയര്‍ന്ന താങ്ങുവില എന്നിങ്ങനെ പലതും പരീക്ഷിച്ചു. വിമര്‍ശകര്‍ക്ക് ഇതിനെ ക്ഷേമരാഷ്ട്രീയം എന്നു പരിഹസിക്കാം. എന്നാല്‍, പാവങ്ങളുടെ ക്ഷേമത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് കോണ്‍ഗ്രസിന് അഭിമാനം തന്നെയാണ്.

ദേശീയതയുടെ കുത്തക തങ്ങള്‍ക്കാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങളെയും നമ്മള്‍ പ്രതിരോധിക്കണം. ദേശീയതാത്പര്യം സംരക്ഷിക്കുന്നതില്‍ ഏറ്റവുമധികം അനുഭവസമ്പത്തുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ദേശീയതാസങ്കല്പത്തെ അഭിമാനത്തോടെ അവതരിപ്പിക്കാനും ദേശസുരക്ഷ, വിദേശനയം എന്നിവ ബി.ജെ.പി. തെറ്റായി കൈകാര്യം ചെയ്യുന്നതിനെതിരേ ജാഗ്രത പാലിക്കാനും നമുക്കു സാധിക്കണം.

ഇന്ത്യന്‍ സ്വാഭിമാനത്തെക്കുറിച്ച് കോണ്‍ഗ്രസിനുള്ള ദര്‍ശനം ബി.ജെ.പി.യില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഭരണം ദുരുപയോഗംചെയ്ത് രാഷ്ട്രരക്ഷകരായി ചമയാനുള്ള ബി.ജെ.പി. ശ്രമം അനുവദിച്ചുകൂടാ.

ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും തിരഞ്ഞെടുപ്പ് നേരിടാനുള്ള യന്ത്രം മാത്രമായി കോണ്‍ഗ്രസ് മാറരുത്. തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. സര്‍ക്കാരുമായും പോലീസുമായും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരുമായും ഇടപെടേണ്ടിവരുന്ന സാധാരണക്കാര്‍ക്കൊപ്പം കോണ്‍ഗ്രസുണ്ടാകണം. അര്‍ഹരായവര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് കിട്ടാനും പെന്‍ഷന്‍ ലഭ്യമാക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. സ്വാശ്രയരല്ലാത്തവരെ സഹായിക്കുന്ന സാമൂഹികപ്രവര്‍ത്തനമെന്ന നിലയില്‍ രാഷ്ട്രീയത്തിന്റെ ധാര്‍മികതയിലേക്ക് മടങ്ങണം.

ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണം

ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കാനും ആഭ്യന്തരകലഹങ്ങള്‍ പരിഹരിക്കാനും പാര്‍ട്ടിനേതൃത്വം നടപടി സ്വീകരിക്കുന്നത് ഗുണകരമാകും. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗത്വം ഉള്‍പ്പെടെ എല്ലാ പ്രധാന സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തണം. അനുകൂലിക്കുന്ന കുറച്ചുപേരുടെ മാത്രമല്ല, പാര്‍ട്ടിയിലെ എല്ലാ പ്രമുഖരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടുവേണം തീരുമാനങ്ങളെടുക്കാന്‍. പുതിയ നേതാക്കള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.

ബി.ജെ.പി.യെ നേരിടാന്‍ പ്രതിപക്ഷ ഐക്യനിര രൂപവത്കരിക്കുന്നതിനെക്കുറിച്ച് രാജ്യത്തുടനീളം ചര്‍ച്ചകള്‍ നടക്കുകയാണ്. പൊതുതാത്പര്യം മുന്‍നിര്‍ത്തി പ്രാദേശികകക്ഷികളെ ഒപ്പം ചേര്‍ക്കുന്നതിന് കോണ്‍ഗ്രസിന് സാധിക്കണം.

ഈ നിര്‍ദേശങ്ങള്‍ സമ്പൂര്‍ണമല്ല. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അനുഭവപരിചയമുള്ളതുമായ ഒരു പാര്‍ട്ടിക്ക് അതിന്റെ ഭൂതകാലപ്രതാപം വീണ്ടെടുക്കാന്‍ എന്റെ കാഴ്ചപ്പാടില്‍ തോന്നിയ ചില ആശയങ്ങള്‍ മാത്രം. ഇന്ത്യക്ക് അത് ആവശ്യമാണ്. കോണ്‍ഗ്രസ് വെല്ലുവിളി ഏറ്റെടുക്കണം.

യുവനേതൃത്വം വരട്ടെ

അടിസ്ഥാനഘടകംമുതല്‍ ദേശീയതലംവരെ യുവരക്തങ്ങളെയും പുതുമുഖങ്ങളെയും നേതൃനിരയില്‍ എത്തിച്ച് കോണ്‍ഗ്രസ് നവചൈതന്യം ആര്‍ജിക്കേണ്ടതുണ്ട്. തങ്ങളുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കുന്ന ഒരു സര്‍ക്കാരിനെ നയിക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന് രാജ്യത്തെ യുവജനങ്ങളെ ബോധിപ്പിക്കണം. തീര്‍ച്ചയായും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസിന്റെ അടിസ്ഥാനതത്ത്വങ്ങള്‍തന്നെ ഉറപ്പുനല്‍കുന്നുണ്ട്. അക്കാര്യം നമ്മള്‍ രാജ്യംമുഴുവന്‍ കേള്‍ക്കേ അഭിമാനത്തോടെ വിളിച്ചുപറയണം.

ഇന്ത്യയിലെ ഭൂരിപക്ഷംവരുന്ന യുവജനങ്ങളുടെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുംവിധം ഭാവിയിലേക്കുള്ള കാഴ്ചപ്പാട് രൂപവത്കരിക്കണം. 45 ശതമാനം വോട്ടര്‍മാര്‍ 35 വയസ്സില്‍ത്താഴെയുള്ളവരാണ്. നമ്മള്‍ എന്തുചെയ്തുവെന്നും എന്തു ചെയ്യുമെന്നും അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്. വിദ്യാഭ്യാസം, നൈപുണിവികസനം എന്നിവയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിച്ചിരുന്നില്ല. ഈ കുറവ് പരിഹരിക്കുംവിധം ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതികള്‍ ആസൂത്രണംചെയ്ത് നടപ്പാക്കുകയും കേന്ദ്രത്തില്‍ അവയ്ക്കായി സമ്മര്‍ദം ചെലുത്തുകയും വേണം.


(കോണ്‍ഗ്രസ് നേതാവും എം.പി.യുമാണ് ലേഖകന്‍)

Content Highlights: Shashi Tharoor writes about Indian national Congress's future

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented