പ്രതീകാത്മക ചിത്രം | മാതൃഭൂമി
വീടാണെങ്കില്‍ അടുക്കളയും വേണമെന്നാണ് സങ്കല്പം. എന്നുവെച്ച് എല്ലാവീട്ടിലും എല്ലാം എന്തിന് പാചകം ചെയ്യണം? ഒരു അടുക്കളയില്‍ പാചകംചെയ്ത് അയലത്തുകാര്‍ പങ്കിട്ടാല്‍ പോരേ? ഇതാണ് പൊന്നാനിയിലെ തൃക്കാവ് പ്രദേശത്ത് 10 വീട്ടുകാര്‍ ചെയ്യുന്നത്. 10 വീട്ടുകാര്‍ക്കുംവേണ്ട പ്രഭാതഭക്ഷണം, ഉച്ചയ്ക്കും വൈകുന്നേരത്തുംവേണ്ട കറികള്‍ എന്നിവ ഒരു പൊതുഅടുക്കളയില്‍ പാചകംചെയ്യുന്നു. ടിഫിന്‍ കാരിയറുകളിലായി എട്ടുമണിക്കുമുമ്പ് 10 പേരുടെയും വീടുകളിലെത്തിക്കുന്നു. വീടുകളില്‍ ചോറും ചായയും മറ്റുംമാത്രമേ വെക്കാറുള്ളൂ. വീട്ടിലെ പാചകജോലിയും കുടുംബച്ചെലവും കുറയും. ഒരു കുടുംബത്തിന് തൊഴിലുമാകും.
സമൂഹ അടുക്കള
ഇപ്പോള്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് പരിഗണിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന സമൂഹ അടുക്കളയില്‍നിന്ന് വ്യത്യസ്തമാണ് മേല്‍പ്പറഞ്ഞ മാതൃക. സമൂഹ അടുക്കളവഴി പൊതുജനങ്ങള്‍ക്ക് ചുരുങ്ങിയവിലയ്ക്ക് ഭക്ഷണംനല്‍കുന്നു; അല്ലെങ്കില്‍, പാവപ്പെട്ടവര്‍ക്ക് സൗജന്യമായി. തമിഴ്‌നാട്ടിലെ അമ്മ ഭക്ഷണശാല, കേരളത്തിലെ ജനകീയ ഹോട്ടല്‍ എന്നിവ ഉദാഹരണങ്ങളാണ്. കേരളത്തില്‍ തുടക്കം സര്‍ക്കാര്‍ നേരിട്ടുനടത്തിയ മാവേലി ഹോട്ടലുകളാണ്. പക്ഷേ, ഇത് വേണ്ടത്ര വിജയിച്ചില്ല. ജനകീയ ഹോട്ടലുകള്‍ ആവിഷ്‌കരിച്ചത് ആലപ്പുഴയിലെ ജനകീയ ഭക്ഷണശാല/ജനകീയ അടുക്കളകളിലെ അനുഭവത്തില്‍നിന്നാണ്. പാലിയേറ്റീവ് സംഘടനകളാണ് ആലപ്പുഴയില്‍ ഇവ നടത്തിയത്. 600-ഓളം കുടുംബങ്ങള്‍ക്ക് നാലുവര്‍ഷമായി സൗജന്യഭക്ഷണം നല്‍കുന്നു. ഇതിനുപുറമേ ന്യായവിലയ്ക്കും ഭക്ഷണം കൊടുക്കുന്നു.
ഏകീകൃതരൂപത്തിനും സര്‍ക്കാര്‍ സഹായം ഉറപ്പുവരുത്തുന്നതിനും കുടുംബശ്രീവഴിയാണ് ജനകീയഹോട്ടലുകള്‍ നടത്തുന്നത്. 20 രൂപയ്ക്ക് ഊണ് ലഭിക്കും, സ്‌പെഷ്യലിന് അധികപണം നല്‍കണം, 10 ശതമാനംവരെ ഊണ് പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കണം, സര്‍ക്കാര്‍ സബ്‌സിഡി നല്‍കും-ഇതാണ് ജനകീയഹോട്ടലുകളുടെ പ്രത്യേകതകള്‍. ലോക്ഡൗണ്‍ കാലത്താണ് ആരംഭിച്ചതെങ്കിലും അവയിന്നും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.
പൊതുഅടുക്കള
മുകളില്‍ വിവരിച്ച സമൂഹ അടുക്കളയില്‍നിന്ന് വ്യത്യസ്തമാണ് അയലത്തെ പൊതുഅടുക്കള. ഇവിടെ ഭക്ഷണം പാചകംചെയ്യുന്നത് അംഗങ്ങളായ അയലത്തെ കുടുംബങ്ങള്‍ക്കുവേണ്ടിമാത്രമാണ്. ഭക്ഷണം എന്തെന്ന് തീരുമാനിക്കുന്നതും ഇവരെല്ലാം ഒരുമിച്ചാണ്. ചെലവ് വിഭജിച്ചെടുക്കുകയാണ് രീതി.
പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള സമൂഹ അടുക്കളകള്‍ ലോകത്തെമ്പാടുമുണ്ട്. ക്ഷാമകാലത്തും സാമ്പത്തികതകര്‍ച്ചയുടെ കാലത്തും പാശ്ചാത്യരാജ്യങ്ങളില്‍വരെ സമൂഹ അടുക്കളകള്‍ വ്യാപകമാകും. എന്നാല്‍, അയലത്തുകാര്‍ക്കുള്ള പൊതുഅടുക്കള അനുഭവങ്ങള്‍ പ്രായേണ ഇല്ലെന്നുതന്നെ പറയാം.
ഇരട്ടിഭാരം
നമ്മുടെ നാട്ടിലും സ്ത്രീകള്‍ കൂടുതല്‍ പുറംജോലികള്‍ക്ക് പോകുന്നുണ്ട്. സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം ഗണ്യമായി ഉയര്‍ത്തണമെന്നുള്ളതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍, പുരുഷനെപ്പോലെത്തന്നെ പുറത്ത് ജോലിക്കുപോകുന്ന സ്ത്രീ വീട്ടില്‍വന്നാല്‍ ഗാര്‍ഹികജോലികളെല്ലാം ചെയ്‌തേതീരൂ. ഇതിനെയാണ് ഇരട്ടിഭാരം എന്നുപറയുന്നത്. വീട്ടുജോലികളുടെ ഭാരം ആരും കാണുന്നുമില്ല, വിലമതിക്കപ്പെടുന്നുമില്ല.
പാശ്ചാത്യരാജ്യങ്ങളില്‍ രണ്ടുരീതിയിലാണ് ഗാര്‍ഹികജോലിഭാരം കുറച്ചത്. കൂടുതല്‍ ഭക്ഷണം ഹോട്ടലുകളില്‍നിന്നും കാന്റീനുകളില്‍നിന്നും കഴിക്കുക. രണ്ട്, കുടുംബജോലികള്‍ ലഘൂകരിക്കാന്‍ യന്ത്രങ്ങളെ ഉപയോഗപ്പെടുത്തുക. അടുക്കള സ്മാര്‍ട്ടാകും. ഇതാണ് കേരളസര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയുടെ ഉദ്ദേശ്യം. അയലത്തെ പൊതു അടുക്കള ഒരുപടികൂടി മുന്നോട്ടുപോകുന്നു.
കാണാപ്പണിയല്ല, തൊഴിലാണ്
ഈ സമ്പ്രദായത്തിന് വരാവുന്ന ഒരു വിമര്‍ശനം, പൊതു അടുക്കളയിലും സ്ത്രീയാണ് ജോലിചെയ്യുന്നത്; അവരെ മറ്റുള്ളവര്‍ ചൂഷണംചെയ്യുന്നില്ലേ? പൊതു അടുക്കളയില്‍ സ്ത്രീതന്നെ ജോലി ചെയ്യണമെന്നില്ല. ഹോട്ടലുകളിലുംമറ്റും പുരുഷന്മാരല്ലേ പാചകം. ഇനി സ്ത്രീതന്നെ ചെയ്താലും അത് കാണാപ്പണിയല്ല. അവര്‍ സ്വമേധയാ സ്വീകരിച്ചിരിക്കുന്ന തൊഴിലാണ്. സര്‍ക്കാര്‍ പാചകക്കാര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന മിനിമം കൂലിയെക്കാള്‍ ഗണ്യമായി അധികവരുമാനം ഇവര്‍ക്കു ലഭിക്കുന്നുണ്ട്. ഇനി പോരായെന്നുണ്ടെങ്കില്‍ വര്‍ധിപ്പിക്കാന്‍ കൂട്ടായി തീരുമാനിച്ചാല്‍ മതി. ഏതായാലും അംഗങ്ങള്‍ ഭക്ഷണസാധനങ്ങള്‍ പുറത്തുവിറ്റ് ലാഭമുണ്ടാക്കാനല്ലല്ലോ പൊതു അടുക്കള നടത്തുന്നത്.
മാജിതയുടെ സാക്ഷ്യം
പൊന്നാനി പൊതുഅടുക്കള പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരിയായ മാജിത പറയുന്നു: ''ഇന്നുഞാന്‍ പോക്‌സോ കേസുകളിലെ സര്‍ക്കാര്‍ വക്കീലാണ്. ഈ പൊതു അടുക്കള തുടങ്ങുന്നതിനുമുന്‍പ്, ഉറക്കമുണര്‍ന്നാല്‍ നേരെ അടുക്കളയിലേക്ക് പ്രവേശിക്കുകയും ഊണിലും ഉറക്കത്തിലുംവരെ അടുക്കളയില്‍ എന്തുണ്ടാക്കണമെന്ന ചിന്തയിലുമായിരുന്നു. അഭിഭാഷകവൃത്തിയില്‍ ഒരിക്കലും മനസ്സുറപ്പിച്ച് നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ എന്റെ പങ്കാളി ഖലിമും എന്നോടൊപ്പം അടുക്കളയില്‍ പരമാവധി സമയങ്ങളില്‍ ഉണ്ടാകുമെങ്കില്‍പ്പോലും കുഞ്ഞുങ്ങള്‍ക്ക് ഇലക്കറികളും മറ്റും ചേര്‍ത്തുള്ള പോഷകസമ്പുഷ്ടമായ ഭക്ഷണം വല്ലപ്പോഴുംപോലും ഉണ്ടാക്കി നല്‍കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. തിരക്കുകള്‍ക്കിടയില്‍ അടുക്കളജോലി ഒരു എളുപ്പത്തില്‍ ക്രിയചെയ്യലായി മാറിയിരുന്നു. ഇപ്പോള്‍ എഴുന്നേറ്റാല്‍ ഒരു ചായയുമിട്ട്, എന്നെ സര്‍ക്കാര്‍ ഏല്‍പ്പിച്ച ജോലിയിലേക്ക് എനിക്ക് നേരിട്ട് കടക്കാന്‍ കഴിയുന്നു. ഇരകളാക്കപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളോട് ആത്മാര്‍ഥത പുലര്‍ത്തി ജോലിചെയ്യാന്‍ എന്നെ ഈ പ്രസ്ഥാനം സഹായിക്കുന്നു''. ഈ വാക്കുകളെക്കാള്‍ വലിയ സാക്ഷ്യം പൊതുഅടുക്കള പ്രസ്ഥാനത്തിന് വേണ്ടതില്ല.
സാമ്പത്തികം
പൊന്നാനിയിലെ പൊതു അടുക്കളയിലൂടെ വിളമ്പുന്ന ഭക്ഷ്യസാധനങ്ങള്‍ നാലുപേരടങ്ങുന്ന വീട്ടില്‍ പാചകംചെയ്യുകയാണെങ്കില്‍ എന്തുചെലവുവരുമെന്ന് കണക്കാക്കി നോക്കി. ഓരോ ദിവസവും പൊതു അടുക്കളയിലേക്കുവാങ്ങുന്ന സാധനങ്ങളുടെ കണക്ക് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇടുന്നുണ്ട്. നാലുപേരുടെ കുടുംബത്തിന് പയറുവര്‍ഗങ്ങളും പച്ചക്കറികളും മത്സ്യവുംമറ്റും വാങ്ങാന്‍വേണ്ടി 5000 രൂപ ചെലവുവരും. പിന്നെ പാചകത്തിന് വൈദ്യുതി, ഗ്യാസ്, വെള്ളം തുടങ്ങിയവയ്‌ക്കൊക്കെ 1500 രൂപ ചെലവുവരും. അങ്ങനെ മൊത്തം 6500 രൂപ. ശരാശരി ഒരു ദിവസം ഒരാള്‍ക്ക് 55 രൂപ.
എന്നാല്‍, മേല്‍കണക്കില്‍ ഒരു പ്രധാനകാര്യം വിട്ടുകളഞ്ഞിട്ടുണ്ട്. പാചകക്കാരി സ്ത്രീയുടെ കൂലി. തൊഴിലുറപ്പുകൂലി ഇട്ടാല്‍പ്പോലും പ്രതിമാസം 8730 രൂപ വരും. ഇതടക്കം ഒരാള്‍ക്ക് പ്രതിദിന ഭക്ഷണച്ചെലവ് 127 രൂപ. എന്നാല്‍, പൊതു അടുക്കളയിലേക്ക് പ്രതിദിനം പ്രതിദിനം 70 വച്ചേ നല്‍കേണ്ടതുളളൂ.
പൊതുഅടുക്കളയില്‍ ജോലി ചെയ്യുന്നയാള്‍ക്ക് ഏതാണ്ട് 20,000 രൂപയെങ്കിലും പ്രതിമാസം ലഭിക്കും. ഇത് അവരുടെതന്നെ സാക്ഷ്യം. അത് കൂടുകയല്ലാതെ കുറയില്ല. ഇതിനുപുറമേ പാചകക്കാരിയുടെ കുടുംബത്തിന് സൗജന്യമായി ഭക്ഷണവും ഇതില്‍നിന്ന് ലഭിക്കും.
ഇടത്തരക്കാരുടെയോ?
അടുത്ത വിമര്‍ശനം പൊതുഅടുക്കള ഇടത്തരക്കാര്‍ക്കുവേണ്ടിയാണ്, പാവപ്പെട്ടവര്‍ക്ക് അനുയോജ്യമല്ല എന്നാണ്. ഇടത്തരക്കാര്‍ക്ക് ഇതിന് താത്പര്യമുണ്ടാവില്ലെന്നതാണ് സത്യം. പുറത്ത് ജോലിചെയ്യാന്‍ പോകുന്ന താഴ്ന്ന ഇടത്തരം ജീവനക്കാരുടെയും പ്രൊഫഷണലുകളുടെയും വീടുകളിലാണ് ഇത്തരം സംവിധാനം അനിവാര്യമായി വരുന്നത്.
പാവപ്പെട്ടവര്‍ക്കും പൊതു അടുക്കളകളാകാം. ഭക്ഷണം എത്ര ചെലവുള്ളതാകണമെന്നത് അംഗങ്ങള്‍ തന്നെയാണല്ലോ തീരുമാനിക്കുന്നത്. പൊതുഅടുക്കള സംബന്ധിച്ച് എത്ര പരതിയിട്ടും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞ ചുരുക്കം ചില മാതൃകകളിലൊന്ന് പെറുവിലെ ഖനിത്തൊഴിലാളികള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പിന്തുണയോടെ ആരംഭിച്ച പൊതുഅടുക്കളകളാണ്.
ചെലവുകുറയ്ക്കാന്‍
ചെലവുകുറയ്ക്കാനും ഗുണം കൂട്ടാനും മാര്‍ഗങ്ങള്‍ ഏറെയുണ്ട്. പൊന്നാനിയില്‍ ഇപ്പോള്‍ രണ്ട് അടുക്കളകളായിട്ടുണ്ട്. ബാലുശ്ശേരിയിലും ഒന്നുണ്ട്. ഒരു പ്രദേശത്തുതന്നെ ഒട്ടേറെ പൊതു അടുക്കളകളുണ്ടായാല്‍ ഇവര്‍ക്ക് ഗുണമേന്മയേറിയ സാധനങ്ങള്‍ വാങ്ങി പാചകത്തിന് റെഡിയാക്കിനല്‍കാനും ഒരു തൊഴില്‍ഗ്രൂപ്പ് ആരംഭിക്കാം. ഗുണമേന്മയേറിയ കറിമസാല പൗഡറുകളും അച്ചാറുകളും മാവും മറ്റും ഉണ്ടാക്കുന്നതിന് മറ്റൊരു തൊഴില്‍ ഗ്രൂപ്പാകാം. കേരള സര്‍ക്കാരിന്റെ സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി പൊതുഅടുക്കളയോട് ബന്ധപ്പെടുത്തിയാല്‍ അവിടത്തെ ജോലിഭാരവും കുറയും. കൂടുതല്‍ വൃത്തി ഉറപ്പുവരുത്താനുമാകും.
ഒരു കാര്യം തീര്‍ച്ച. കേരളം വളരെ ഗൗരവമായി ചര്‍ച്ചചെയ്യേണ്ടുന്ന ഒരു നൂതന പരീക്ഷണമാണ് പൊന്നാനിയിലെ പൊതുഅടുക്കള.
Content Highlights: Common Kitchen; Ponnani Model Kitchen - Dr. Thomas Isaac writes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..