വഴിയില്‍ കുഴിയില്ല വെറും തോന്നല്‍ മാത്രം!


ഒ.കെ. ജോണി

film poster

ഒരു സിനിമാ പോസ്റ്ററിനെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളില്‍ ടെലിവിഷന്‍ ചാനലുകളില്‍ കേള്‍ക്കാനിടയായ ചര്‍ച്ചകള്‍ ശരിക്കും എന്നെ പേടിപ്പെടുത്തുന്നു. ജനാധിപത്യാവകാശങ്ങളെ ഒന്നൊന്നായി റദ്ദാക്കാനും എതിര്‍ശബ്ദങ്ങളെ അക്രമാസക്തമായി തെരുവില്‍ നേരിടാനും മടിയില്ലാതായ ബി.ജെ.പിയുടെയും സംഘപരിവാരസംഘടനകളുടെയും മാരകമായ സ്വാധീനം ഇടതുപക്ഷക്കാരെന്നവകാശപ്പെട്ടുകൊണ്ട് സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരിലും കണ്ടുതുടങ്ങിയതാണ് ആ പേടിയുടെ കാരണം. സാമൂഹികമാദ്ധ്യമങ്ങളിലെ വിവാദങ്ങളല്ല, അതേക്കുറിച്ച് വാര്‍ത്താ ചാനലുകളില്‍ കാണാനിടയായ ചര്‍ച്ചകളാണ് എന്റെ അവലംബം.

നരേന്ദ്ര മോദിയെക്കുറിച്ചോ കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചോ നേരിയ വിമര്‍ശനമുന്നയിക്കുന്നവരെപ്പോലും വേട്ടയാടുന്ന ബി.ജെ.പിയുടെ അജണ്ടയെയും വര്‍ഗ്ഗീയവാദികളുടെ അക്രമാസക്തമായ ആള്‍ക്കൂട്ടങ്ങളെയും പ്രതിരോധിക്കുവാനും ഒരു സ്വതന്ത്രസമൂഹത്തിനുവേണ്ടി ശബ്ദമുയര്‍ത്തുവാനും മുന്നിലുണ്ടാവുമെന്ന് എന്നെപ്പോലുള്ള സ്വകാര്യ മാര്‍ക്സിസ്റ്റുകള്‍ ഇപ്പോഴും വിശ്വസിക്കുന്ന ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇത്തരം അസഹിഷ്ണുതയുടെയും അജ്ഞതയുടെയും ആക്രോശങ്ങള്‍ കേള്‍ക്കുമ്പോള്‍ പേടിക്കാതിരിക്കുന്നതെങ്ങിനെ?

വഴിയില്‍ കുഴിയുണ്ട്, എന്നാലും എത്തണേ എന്ന സിനിമയിലെ പരസ്യവാചകം കേരളത്തിലെ പൊതുമരാമത്ത് വകുപ്പിനെയും അതുവഴി സര്‍ക്കാരിനെയും പരിഹസിക്കുവാനാണെന്ന വാദവുമായാണത്രെ ഇടതുപക്ഷാനുകൂലികളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ ആക്രോശിക്കുന്നത്. അവര്‍ സ്വയം വീണുകിടക്കുന്നത് സ്വന്തം അജ്ഞതയുടെ ചതിക്കുഴികളിലാണ്. പൊതുമരാമത്ത് വകുപ്പ് വിചാരിച്ചാലൊന്നും അവരെ കരകയറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

വഴിയില്‍ കുഴിയുണ്ടെന്നും സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നും പൊലീസ് ലോക്കപ്പുകളില്‍ കൊലപാതകം നടക്കുന്നുണ്ടെന്നും നടിയെ പീഡിപ്പിച്ച കേസിലെ പ്രതികളുടെ പ്രമാണികളായ അഭിഭാഷകര്‍ നടത്തിയ നഗ്‌നമായ നിയമലംഘനങ്ങളെ നിയമത്തിന്റെ മുന്നില്‍കൊണ്ടുവരുന്നില്ലെന്നും കെ-റെയില്‍ വേണ്ടെന്നുമൊക്കെ പറയാനുള്ള പൗരന്മാരുടെ അവകാശം ഇപ്പോഴും രാജ്യത്തുണ്ടായിരിക്കെ, റോഡില്‍ കുഴിയുണ്ടെന്ന സത്യന്ധവും നിര്‍ദ്ദോഷവും രസകരവും ആലോചനാമൃതവുമായ ഒരു പരസ്യവാചകത്തെ സര്‍ക്കാര്‍ വിരുദ്ധമെന്നാരോപിച്ച് ആക്രമിക്കാനൊരുമ്പെടുന്നവര്‍ രാജാവിനോക്കാള്‍ രാജഭക്തി പ്രകടിപ്പിച്ച് കേമന്മാരാവാന്‍ ശ്രമിക്കുന്ന അല്‍പ്പബുദ്ധികളാണ്. പൊതുമരാമത്ത് മന്ത്രിപോലും ആ പരസ്യത്തെ രസകരമായ ഒരു ആക്ഷേപഹാസ്യമായി ആസ്വദിച്ചുവെന്നോര്‍ക്കുക. യുവാവായ മന്ത്രിയുടെ ജനാധിപത്യബോധവും സഹൃദയത്വും എന്തുകൊണ്ട് അദ്ദേഹത്തെ സംരക്ഷിക്കാനെന്ന നാട്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ഇടതുപക്ഷനിരീക്ഷകര്‍ക്കില്ല?

നിരുപാധികമായ ഭരണകൂടഭക്തി ജനാധിപത്യബോധമുള്ളവരുടെ ലക്ഷണമല്ല. അത് മനസിലാക്കാതെ സര്‍ക്കാരിനുവേണ്ടി വാദിക്കാനിറങ്ങുന്ന ഇടതുപക്ഷനിരീക്ഷകരേക്കാള്‍ ഇടതുപക്ഷാഭിമുഖ്യമുള്ള ഒരു സമൂഹമാണ് കേരളം. അതുകൊണ്ടാണ് നാമതിനെ പുരോഗമനകേരളം എന്ന് വിളിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വിമര്‍ശിക്കുവാനുള്ള പൗരന്മാരുടെ അവകാശത്തെ ചോദ്യംചെയ്യുന്നവരുടെ നാണംകെട്ട ഭരണകൂടവിധേയത്വം ഇടതുപക്ഷക്കാര്‍ക്ക് ഭൂഷണവുമല്ല. പൊതുനിരത്തിലെ കുഴികളെച്ചൊല്ലി പ്രതിപക്ഷമുണ്ടാക്കുന്ന കോലാഹലങ്ങളുടെ ഭാഗമാണ് ആ സിനിമയും അതിന്റെ പരസ്യവുമെന്ന തോന്നല്‍ ഗൂഢാലോചനാസിദ്ധാന്തത്തില്‍നിന്നുയരുന്ന വെറും ഭയമാണ്.

ഒരു പ്രധാനപ്പെട്ട വാര്‍ത്താ ചാനലിലെ ചര്‍ച്ചയില്‍ കേട്ട ഇടതുപക്ഷനിരീക്ഷകന്റെ വാദം രസകരമായിത്തോന്നി. വഴിയില്‍ ചിലേടത്തെല്ലാം കുഴികളുണ്ടെന്നല്ല വഴികളിലാകെ കുഴിയാണെന്ന് പറഞ്ഞതുകൊണ്ടാണ് ആ പരസ്യം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്ന് താന്‍ പറഞ്ഞതെന്നായിരുന്നു ഒരിടതുപക്ഷ നിരീക്ഷകന്റെ വാദം. കേരളത്തിലെ വഴികളിലാകെ കുഴികളാണെന്ന് വരുത്തിത്തീര്‍ക്കുന്നതാണ് ഈ പരസ്യമെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. സര്‍ക്കാരിന്റെ പ്രചരണവിഭാഗം ചെയ്യേണ്ട ജോലി സിനിമാപ്പരസ്യമെഴുത്തുകാരില്‍ അടിച്ചേല്‍പ്പിക്കരുതെന്നേ അറിവുള്ള ആ സ്നേഹിതനോട് സ്നേഹത്തോടെ പറയാനുള്ളൂ. സിനിമാപ്പരസ്യം എങ്ങിനെയായിരിക്കണമെന്ന് അദ്ദേഹം പറയുന്നതുകേട്ടപ്പോള്‍ ആ പരസ്യം ഇങ്ങനെയൊരു വിരുദ്ധോക്തിയിലായിരുന്നെങ്കിലോ എന്നുതോന്നി: വഴിയില്‍ കുഴികളേയില്ല, വെറും തോന്നല്‍ മാത്രം.

കേരള പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറുടെ അനുമതിയില്ലാത്ത സിനിമാപ്പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുവാനുള്ള ഒരു നിയമം വേണമെന്ന ആവശ്യം ഭാഗ്യവശാല്‍ ഇതുവരെ ആരും ഉന്നയിച്ചുകേട്ടില്ല. അതുംകൂടിയാവാമായിരുന്നുവെന്ന് തോന്നി.. എങ്കിലേ കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും (ചുരുങ്ങിയപക്ഷം ഇടതുപക്ഷ നിരീക്ഷകരും വലതുപക്ഷനിരീക്ഷകരും) തമ്മിലുള്ള വ്യത്യാസം പൂര്‍ണ്ണമായും ഇല്ലാതാക്കാനാവൂ. അതിനുവേണ്ടിയുള്ള പലതരം ശ്രമങ്ങള്‍ പുറത്തുനിന്നെന്നപോലെ അകത്തുനിന്നും ഉണ്ടാവുന്നുമുണ്ടല്ലോ. കെ റെയിലിനെതിരെ നടന്ന ജനകീയപ്രക്ഷോഭങ്ങളോടുള്ള പ്രതികരണങ്ങളിലെ ധാര്‍ഷ്ട്യം മാത്രം മതി അതുമനസിലാക്കുവാന്‍. വാസ്തവത്തില്‍, ഇടതുപക്ഷത്തിന്റെ ഇത്തരം പാളിച്ചകളെ ചൂണ്ടിക്കാണിക്കുന്നവരാണ് യഥാര്‍ത്ഥ ഇടതുപക്ഷം എന്ന വിശ്വാസത്തിലാണ് ഞാനീ കുറിപ്പെഴുതുന്നത്. എന്നാല്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുകയും അതിന്റെ തെറ്റുകള്‍ വിളിച്ചുപറയുകയുംചെയ്യുന്നവരെ മുഖ്യശത്രുക്കളായിക്കാണുന്ന രീതിയും ഇവിടെ അപൂര്‍വ്വമല്ല.

ടി.വി ചാനലുകളിലിരുന്ന് അഹങ്കാരത്തോടെ അസംബന്ധംപറയുന്ന ചില ബി.ജെ.പി നേതാക്കളുടെ നിലവാരത്തിലേക്ക് ഇടതുപക്ഷ സഹയാത്രികരും നിരീക്ഷകരും പതിക്കുന്നതുകാണുമ്പോഴുള്ള ലജ്ജകൊണ്ടുപറഞ്ഞുപോയതാണ്. അവര്‍ തെറ്റുതിരുത്തി ശരിയായ മാര്‍ക്സിയന്‍ വിമര്‍ശനരീതിയിലേക്ക് മുതിരണമെന്നാണ് എന്റെ ആഗ്രഹം. ജനാധിപത്യത്തെയും സര്‍ഗ്ഗാത്മകതയെയും നിരാകരിക്കുന്ന സാമൂഹികവിമര്‍ശനങ്ങള്‍ മാര്‍ക്സിസ്റ്റ് വിരുദ്ധമാണെന്ന് സ്വന്തം സൈബര്‍പ്പോരാളികളെ പഠിപ്പിക്കേണ്ടവര്‍തന്നെ ചതിക്കുഴികളില്‍ വീഴുന്നതുകാണുമ്പോള്‍ മിണ്ടാതിരിക്കാനാവുകയില്ല. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളോ മന്ത്രിമാരോ ആ പരസ്യത്തിനെതിരെ രംഗത്തുവന്നിട്ടില്ലെന്നത് നേരാണ്. എന്നാല്‍ ഇടതുപക്ഷത്തിനുവേണ്ടിയെന്ന മട്ടില്‍ വിവാദമുണ്ടാക്കിയവരെ പരസ്യമായി തിരുത്തുവാനും അവര്‍ക്ക് ബാദ്ധ്യതയുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ ഇടതുപക്ഷത്തിന്റെ രീതിയല്ലെന്ന് പരസ്യമാക്കേണ്ടതും ആവശ്യമാണ്. ശത്രുക്കളെ നിശ്ശബ്ദരാക്കാന്‍ മാത്രമല്ല, മിത്രങ്ങളുടെ ഇത്തരം ജനാധിപത്യവിരുദ്ധരീതികളെ തിരുത്താനും.

Content Highlights: enna than case kodu, film poster, kunchacko boban


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented