ചൈനയുടേതു പോലെയല്ല; വരുന്നത് ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന സ്‌പേസ് സ്റ്റേഷന്‍


വിഷ്ണു കോട്ടാങ്ങല്‍ ചൈനയുടെ പോലെയാകില്ല നമ്മുടെ ബഹിരാകാശ നിലയം. അങ്ങനെ ഒന്ന് സ്ഥാപിക്കുന്നെങ്കില്‍ അത് വ്യത്യസ്തമായിരിക്കും. കൃഷി മുതല്‍ മത്സ്യബന്ധനം, വനമേഖല സംരക്ഷണം എന്നിങ്ങനെ ബഹിരാകാശ മേഖലയുടെ സാധ്യതകള്‍ അനന്തമാണ്. അതൊക്കെയും വായിച്ചറിയാം.  വിക്രം സാരാഭായ് സ്പേസ് സെന്റര്‍ മേധാവി ഡോ. ഉണ്ണികൃഷ്ണന്‍ നായരുമായുളള അഭിമുഖം രണ്ടാം ഭാഗം

interview

.

ബഹിരാകാശ യുഗത്തോടുകൂടി ബഹിരാകാശ മാലിന്യമെന്ന അവസ്ഥ സംജാതമായി. സ്വകാര്യ കമ്പനികള്‍ വന്നതോടു കൂടി ഇപ്പോള്‍ നിരവധി വിക്ഷേപണങ്ങളാണ് നടക്കുന്നത്. റോക്കറ്റ് വിക്ഷേപണങ്ങള്‍ മൂലമുണ്ടായ ബഹിരാകാശ മാലിന്യങ്ങള്‍ ഒരു പ്രതിസന്ധിയല്ലെ? എന്താണ് ഒരു പ്രതിവിധി?

വളരെ പ്രധാനപ്പെട്ടൊരു പ്രശ്‌നമാണിത്. പണ്ട് കാലത്ത് വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമേ ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നുള്ളു എന്നതുകൊണ്ടും വളരെ കുറച്ച് വിക്ഷേപണങ്ങള്‍ മാത്രമേ നടന്നിരുന്നുള്ളുവെന്നതുകൊണ്ടും അതൊരു പ്രശ്‌നമായിരുന്നില്ല. ഇപ്പോഴങ്ങനെയല്ല. കൂടുതല്‍ രാജ്യങ്ങള്‍ വിക്ഷേപണത്തിലേക്ക് വരുന്ന സാഹചര്യമുണ്ടാകുന്നു. ഇങ്ങനെയുണ്ടാകുന്ന റോക്കറ്റ് അവശിഷ്ടങ്ങള്‍ വര്‍ഷങ്ങള്‍ വേണ്ടി വരും തിരികെ ഭൂമിയിലേക്ക് പ്രവേശിച്ച് കത്തിത്തീരുന്നതിന്. ഈയൊരു പ്രശ്‌നം നേരിടുന്നതിന് യു.എന്നിന്റെ നേതൃത്വത്തില്‍ ചില മാർഗനിർദേശങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ഇപ്പോള്‍ രാജ്യങ്ങള്‍ പിന്തുടരുന്നത്.

റോക്കറ്റ് വിക്ഷേപിച്ച് കഴിഞ്ഞാല്‍ അവസാനത്തെ സ്റ്റേജ് ഭ്രമണപഥത്തിലെത്തും. ഇതാണ് പേലോഡിനെ ഭ്രമണപഥത്തിലേയ്ക്ക് കൊണ്ടുപോകുന്നത്. പേലോഡിനെ എത്തിച്ച് കഴിഞ്ഞാല്‍ ഇതിനെ എന്ത് ചെയ്യാന്‍ സാധിക്കും എന്നതായിരുന്നു ഒരു പ്രശ്‌നം. റോക്കറ്റിന്റെ ഈ ഘട്ടത്തിലും അതിനുള്ളില്‍ തീപിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമായ വാതകങ്ങൾ കാണും. ഇത് പൊട്ടിത്തെറിച്ചാല്‍ നിരവധി ചെറിയ കഷണങ്ങളായി മാറാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ട് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചു കഴിഞ്ഞാല്‍ റോക്കറ്റിന്റെ ഈ ഭാഗത്തെ ഡി പ്രഷറൈസ് ചെയ്ത് അതിനെ ഒരു പാസീവ് സിസ്റ്റം ആക്കി മാറ്റുക എന്നതൊരു പോംവഴിയാണ്.

ഭൂസ്ഥിര ഭ്രമണപഥത്തിലേക്കാണ് റോക്കറ്റ് പോകുന്നതെങ്കില്‍ പേലോഡിനെ വേര്‍പെടുത്തിയതിന് ശേഷമുള്ള അവശേഷിക്കുന്ന ഇന്ധനം ഉപയോഗിച്ച് റോക്കറ്റ് ഭാഗത്തെ കൂടുതല്‍ ഉയരത്തിലേക്ക് തള്ളിവിടുന്നതാണ് മറ്റൊരു മാര്‍ഗം. ഉപഗ്രഹങ്ങളുടെ ശവപ്പറമ്പെന്നാണ് ഈ ഭാഗത്തെ ബഹിരാകാശ മേഖലയെ ലോകം വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ പ്രധാനമായും ചെയ്യുന്നത് ഇത്തരം മാലിന്യങ്ങളെ ട്രാക്ക് ചെയ്യുക എന്നതാണ്. 10 സെന്റീമീറ്ററിലധികം വലുപ്പമുള്ള അവശിഷ്ടങ്ങളെ ഇപ്പോള്‍ നമുക്ക് ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഇത്തരം അവശിഷ്ടങ്ങളൊക്കെ വളരെ വലിയ വേഗതയിലാണ് ഭൂമിക്കു ചുറ്റും കറങ്ങുന്നത്. സെക്കന്റില്‍ എട്ട് കിലോമീറ്റര്‍ മുതല്‍ 16 കിലോമീറ്റര്‍ പെര്‍ സെക്കന്‍ഡ് വരെ വേഗം ഇത്തരം അവശിഷ്ടങ്ങള്‍ക്കുണ്ടാകും.

ഇവയെ ട്രാക്ക് ചെയ്യുന്നതുകൊണ്ട് ഇപ്പോള്‍ ചെയ്യുന്ന കാര്യം ബഹിരാകാശ നിലയങ്ങളടക്കമുള്ളവയുടെ ഭ്രമണപഥം മാറ്റി കൂട്ടിയിടിയില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്യുന്നത്. 10 സെന്റീമീറ്റര്‍ താഴെയുള്ള അവശിഷ്ടങ്ങള്‍ വന്നിടിച്ചാല്‍ അതിനെ പ്രതിരോധിക്കാവുന്ന തരത്തില്‍ ഡിസൈനിങ്ങില്‍ മാറ്റം വരുത്തുക എന്നതാണ് മറ്റൊരു പോംവഴി. ഇത്തരം അവശിഷ്ടങ്ങളെ ശക്തമായ വല ഉപയോഗിച്ച് ശേഖരിക്കുക, ഇവയെ എല്ലാം ഒരുമിച്ച് കൂട്ടിയെടുക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ പരീക്ഷണത്തിലാണ്. ചെറിയ അവശിഷ്ടങ്ങളെ തിരികെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തള്ളിവിടുക എന്നതും പ്രായോഗികമാണ്.

ഈ രംഗത്ത് വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ വരേണ്ടതുണ്ട്. നമ്മുടെ ലോഞ്ച് വെഹിക്കിളില്‍ എല്ലാം സാറ്റലൈറ്റുകളെ ഓര്‍ബിറ്റിലെത്തിച്ചതിനെ ശേഷം ബാക്കിവരുന്ന ഭാഗത്തെ നിര്‍വീര്യമാക്കി മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതിന് പുറമെ നമ്മുടെ പി.എസ്.എല്‍.വി വിക്ഷേപണ സമയത്ത് അതിന്റെ അവസാന സ്റ്റേജാണ് പി.എസ്.-4. സാറ്റലൈറ്റിനെ വിക്ഷേപിച്ച് കഴിഞ്ഞാല്‍ പിന്നെ ഇതിന് ജോലിയില്ല. ഇതിനെ ഒരു ഓര്‍ബിറ്റിങ് പ്ലാറ്റ്‌ഫോമാക്കി മാറ്റുകയാണ് ചെയ്യുന്നത്. പി.എസ്.എല്‍.വി.- സി 53 യില്‍ ഇതിന്റെ പരീക്ഷണം നടത്തി. ഇതിന് പോയെം എന്ന പേരാണ് നമ്മള്‍ കൊടുത്തിരിക്കുന്നത് ( PSLV Orbiting Experimental Microgravtiy platform ) . ഇതില്‍ നമുക്ക് പരീക്ഷണങ്ങള്‍ നടത്താം, ഗവേഷണ സ്ഥാപനങ്ങള്‍ക്ക് മൈക്രോ ഗ്രാവിറ്റി പ്ലാറ്റ് ഫോമായി ഉപയോഗിക്കാം.ഇതിനാവശ്യമായ സോളാര്‍ പാനലും പ്രൊപ്പല്‍ഷന്‍ സിസ്റ്റവും ഒക്കെ ചേര്‍ത്താണ് നമ്മള്‍ ലോഞ്ച് ചെയ്യുന്നത്. ഇതിപ്പോള്‍ വിജയകരമായി ഭൂമിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ബഹിരാകാശ മാലിന്യമുണ്ടാകുന്നത് കുറയ്ക്കുക മാത്രമല്ല അതിനെ പുനരുപയോഗിക്കുക കൂടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഉപഗ്രഹ വിക്ഷേപണ വിപണിയില്‍ മത്സരം കടുക്കുകയാണ്, ഈ രംഗത്ത് എന്തൊക്കെ മുന്നേറ്റങ്ങളാണ് നമുക്ക് നടത്താനാകുക?

കാലത്തിനൊത്ത് നമ്മളും മാറേണ്ടിയിരിക്കുന്നു. നമ്മുടെ ചെലവേറിയ വിക്ഷേപണ വാഹനങ്ങള്‍ ഭാവിയില്‍ സാമ്പത്തികമായി മെച്ചമുണ്ടാക്കില്ല. അതുകൊണ്ട് നേരത്തെ ക്രൂ എസ്‌കേപ്പ് മൊഡ്യൂളിന്റെ പരീക്ഷണത്തിന് വേണ്ടി വികസിപ്പിച്ച സിംഗിള്‍ സ്റ്റേജ് റോക്കറ്റിനെ എങ്ങനെ വിക്ഷേപണത്തിന് ശേഷം തിരികെ സുരക്ഷിതമായി തറയില്‍ ഇറക്കാമെന്ന് പഠനം നടത്തുന്നുണ്ട്. അതുപോലെ വിമാനങ്ങളേപ്പോലെ ചിറകുകള്‍ ഘടിപ്പിച്ച റീയൂസബിള്‍ ലോഞ്ച് വെഹിക്കിളിന്റെ ഗവേഷണവും പുരോഗമിക്കുകയാണ്. വിക്ഷേപിച്ചതിന് ശേഷം ബഹിരാകാശത്ത് വെച്ച് ചില പരീക്ഷണങ്ങള്‍ നടത്തി തിരികെ ഭൂമിയിലേക്ക് എത്തിച്ച് വിമാനത്തേപ്പോലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്ന സംവിധാനമാണ് ഇതില്‍ ഉപയോഗിക്കുക.

ഇങ്ങനെ ചെലവ് കുറഞ്ഞ സംവിധാനങ്ങള്‍ നമ്മള്‍ സ്വയം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ രാജ്യങ്ങള്‍ക്കും ഇങ്ങനെ റോക്കറ്റ് വിക്ഷേപണത്തിന് അവരുടേതായ ചെലവ് ചുരുക്കല്‍ സംവിധാങ്ങളുണ്ട്. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ഇപ്പോള്‍ നമ്മുടെ വിക്ഷേപണങ്ങള്‍ എല്ലാം നടക്കുന്നത്. ഇങ്ങനെ ലോഞ്ച് പാഡില്‍ നിന്ന് ഉയര്‍ന്നുപോകുന്ന റോക്കറ്റിന്റെ ഭാഗങ്ങള്‍ വീഴുന്ന സ്ഥലങ്ങളുണ്ട്. ഇത്തരം സ്ഥലങ്ങള്‍ മറ്റേതെങ്കിലും രാജ്യത്താണോ, അന്താരാഷ്ട്ര സമുദ്ര മേഖലയിലാണോ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ പരിഗണിക്കണം. അതിനനുസരിച്ചാണ് ഓരോ രാജ്യങ്ങളും റോക്കറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നമ്മളും രാജ്യത്തിന് അനുയോജ്യമായ ടെക്‌നോളജിയാണ് വികസിപ്പിക്കേണ്ടത.ചെലവ് കുറയ്ക്കാനുള്ള ഗവേഷണങ്ങളും മറ്റും വിവിധ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Read More: വ്യോമമിത്ര: ശബ്ദവും മനുഷ്യരുടെ മുഖവും തിരിച്ചറിയാം; അപകടസാധ്യതയുള്ള ചില ജോലികള്‍ ചെയ്യിക്കാം

റോക്കറ്റ് വിക്ഷേപണത്തില്‍ റോക്കറ്റുകളുടെ കരുത്ത് വെച്ച് നോക്കായാല്‍ ഇന്ന് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണ്?

നമ്മള്‍ തുടങ്ങിയത് എസ്.എല്‍.വിയെന്ന വെറും 40 കിലോ വിക്ഷേപിക്കാവുന്ന റോക്കറ്റിലാണ്. ഇതിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍ കലാം. ഇതിന് ശേഷം എ.എസ്.എല്‍.വി. അവിടെ നിന്ന് വലിയൊരു കുതിച്ചു ചാട്ടമായിരുന്നു പി.എസ്.എല്‍.വിയിലേക്ക്. എസ്.എല്‍.വി, എ.എസ്.എല്‍.വി ഇതൊക്കെ റോക്കട്രിയെക്കുറിച്ച് പഠിക്കാനുള്ള ചെറിയ പടവുകളായിരുന്നു. ഇപ്പോള്‍ പ്രൊഡക്ഷനിലില്ല. രണ്ട് ടണ്ണോളം വരുന്ന പേലോഡിനെ 800 കിലോമീറ്റര്‍ അകലെയുള്ള പോളാര്‍ ഓര്‍ബിറ്റിലേക്ക് എത്തിക്കുന്നതിനാണ് പി.എസ്.എല്‍.വി ഉപയോഗിക്കുന്നത്.

എ.എസ്.എല്‍.വിയില്‍ നിന്ന് പി.എസ്.എല്‍.വിയിലേക്ക് വന്നപ്പോള്‍ ഖര ഇന്ധനത്തിനൊപ്പം ദ്രവ ഇന്ധനവും ഉപയോഗിക്കാന്‍ തുടങ്ങി. പ്രൊപ്പല്‍ഷന്റെ കാര്യക്ഷമത ഖര ഇന്ധനത്തേക്കാള്‍ ദ്രവ ഇന്ധനത്തിനാണ് കൂടുതല്‍. ഏറ്റവും കൂടുതല്‍ കാര്യക്ഷമത ക്രയോ ഇന്ധനത്തിനാണ്.

പി.എസ്.എല്‍.വിയില്‍ നിന്ന് ജി.എസ്.എല്‍.വിയിലേക്ക് വന്നപ്പോള്‍ ഖര, ദ്രവ ഘട്ടത്തിനൊപ്പം ക്രയോ സാങ്കേതികവിദ്യയും നമുക്ക് സ്വന്തമാക്കാനായി. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കരുത്തുള്ളത് എല്‍.വി.എം-3 എന്ന റോക്കറ്റാണ്. അതിലും തദ്ദേശീയമായി വികസിപ്പിച്ച ഖര, ദ്രവ, ക്രയോ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ നമ്മുടേതായ എല്ലാ സാറ്റലൈറ്റുകളെയും വിക്ഷേപിക്കാനുള്ള ശേഷി ഇന്ന് ഇന്ത്യയ്ക്കുണ്ട്.

ഏറ്റവും കൂടുതല്‍ നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ത്യയുടേത്, കൃഷി, ജലസേചനം, സുരക്ഷ ഇവയില്‍ ഉപഗ്രഹങ്ങളുടെ പങ്ക്?

ബഹിരാകാശമേഖലയുടെ മറ്റൊരു സാധ്യതയാണ് സ്‌പെയ്‌സ് ആപ്ലിക്കേഷന്‍. ഈയൊരു കാര്യത്തില്‍ ഇന്ത്യ മാതൃകാപരമായ ഒരു റോളാണ് കൈകാര്യം ചെയ്യുന്നത്. പലവിധ കാര്യങ്ങള്‍ക്ക് നമ്മള്‍ ബഹിരകാശ ഡേറ്റകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. കാര്‍ഷികമേഖലയിലെ കാര്യമെടുക്കാം. ഇതുവഴി ഓരോ വിളകളുടെയും ആകെയുള്ള വിളവ് കണക്കാക്കാന്‍ സാധിക്കും. ഓരോ സസ്യജാലങ്ങളും വ്യത്യസ്ത തരംഗദൈര്‍ഘ്യത്തിലുള്ള വികരണങ്ങളെയാണ് പ്രതിഫലിപ്പിക്കുക. പരിചയമുള്ള ആളെ രാത്രിയില്‍ മുഖം വ്യക്തമല്ലെങ്കിലും ഏകദേശ രൂപം കണ്ട് ആളിനെ മനസിലാക്കില്ലെ അതുപോലെ, വിളകള്‍ പ്രതിഫലിപ്പിക്കുന്ന തരംഗദൈര്‍ഘ്യത്തിന്റെ വിവരങ്ങള്‍ കൈവശമുണ്ടെങ്കില്‍ ഏതൊക്കെ വിളകള്‍ എവിടെയൊക്കെയുണ്ട്, അതിന്റെ ആകെയുള്ള കൃഷിയുടെ വലിപ്പം, ഏതൊക്കെ സ്ഥലങ്ങളിലുണ്ട് എന്നൊക്കെ ഇതിലൂടെ മനസിലാക്കാന്‍ സാധിക്കും.

വിസ്തൃതമായ രാജ്യമാണ് നമ്മുടേത്. ഓരോ സ്ഥലങ്ങളും എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്ന് തീരുമാനിക്കാന്‍ ഉപഗ്രഹ ഡേറ്റകള്‍ ഉപയോഗിക്കാനാകും. ഹിമാലയം പോലെയുള്ള ഹിമാനികള്‍ ഉരുകുന്നത്, അതുമൂലം പ്രളയമുണ്ടാകാനുള്ള സാധ്യത, കാലാവസ്ഥ തുടങ്ങിയ പ്രയോജനങ്ങള്‍ അവയില്‍ ചിലതാണ്.

നമുക്ക് വിസ്തൃതമായ തീരപ്രദേശമാണുള്ളത്. മത്സ്യബന്ധനം പ്രധാനപ്പെട്ടൊരു മേഖലകൂടിയാണ്. ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് മത്സ്യങ്ങള്‍ വരാന്‍ സാധ്യതയുള്ള സ്ഥലം കണ്ടെത്താന്‍ സാധിക്കും. സമുദ്രത്തിന്റെ താപനില, മത്സങ്ങളുടെ ഭക്ഷണമായ പ്ലവഗങ്ങളും ആല്‍ഗകളും കൂടുതല്‍ കാണപ്പെടുന്ന മേഖലകള്‍ എന്നിവ ഉപഗ്രങ്ങള്‍ വഴി കണ്ടെത്താന്‍ സാധിക്കും. 85 മുതല്‍ 95 ശതമാനം വരെ കൃത്യതയോടെ മത്സ്യക്കൂട്ടങ്ങളുടെ സാധ്യത പ്രവചിക്കാന്‍ ഇതിലൂടെ സാധിക്കും.

ഈയൊരു ഡാറ്റ മത്സ്യബന്ധനത്തിന് പോകുന്ന ആള്‍ക്കാര്‍ക്ക് കൊടുത്താല്‍ അവര്‍ക്ക് നേരെ അങ്ങോട്ട് പോയാല്‍ മതി. അല്ലാതെ വെറുതെ കടലില്‍ ഒരുപാട് നേരം അലഞ്ഞ് തിരയേണ്ടിവരില്ല. ഇതിലൂടെ ഇന്ധനം, സമയം അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ലാഭിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ഏകദേശം അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ യൂണിറ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.

ആര്‍ക്ക് വേണമെങ്കിലും ഇത്തരം ഡാറ്റകള്‍ ഉപയോഗിച്ച് പുതിയ സംവിധാനങ്ങള്‍ കണ്ടെത്താം. ഉപഗ്രഹ ഡാറ്റകള്‍ ഗതാഗതം, നഗരാസൂത്രണം, വാര്‍ത്താവിനിമയം ഇങ്ങനെ അനന്ത സാധ്യതകളാണ് ബഹിരാകാശ മേഖലയുടെ ഉപയോഗത്തിലൂടെ നമുക്ക് ലഭിക്കുന്നത്. വനമേഖലയുടെ വിസ്തൃതയുടെയും സംരക്ഷണത്തിന്റെയും കാര്യത്തില്‍ ഉപഗ്രഹങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാം. ഏതൊക്കെ തരത്തിലുള്ള സസ്യങ്ങളാണ് വനമേഖലയില്‍ ഉള്ളതെന്ന് നമുക്ക് കണക്കാക്കാനും സാധിക്കും.

മുകളില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ വ്യത്യസ്തമാണ്. പണ്ട് കാലങ്ങളില്‍ കൊട്ടാരങ്ങളിലും കോട്ടകളിലും കാവല്‍ക്കാര്‍ ഉയര്‍ന്ന ടവറുകളിലും മറ്റുമാണ് നിരീക്ഷണത്തിനായി നിന്നിരുന്നത്. മുകളില്‍ നിന്ന് നോക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പെട്ടെന്ന് ലഭിക്കും. ഇതേപോലെ ഉപഗ്രഹങ്ങള്‍ ഭൂമിയെ ആകമാനം നിരീക്ഷിക്കുകയാണ്.

ചൈന സ്വന്തം സ്‌പേസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നു, നമുക്കെന്ന് സാധിക്കും...?

ആദ്യകാലത്ത് സോവിയറ്റ് യൂണിയനും അമേരിക്കകയ്ക്കും വ്യത്യസ്ത ബഹിരാകാശ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതിന് ശേഷമാണ് കുറെ രാജ്യങ്ങള്‍ അമേരിക്കയും റഷ്യയുമടക്കം ചേര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉണ്ടാകുന്നത്. ഇപ്പോള്‍ ചൈന സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുന്നു. അവിടെ ആളുകള്‍ കൂടുതല്‍ കാലം താമസിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നു. 2024ല്‍ റഷ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വേര്‍പിരിഞ്ഞ് സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നാണ് പറയുന്നത്. ഇങ്ങനെ ഒന്നിച്ച് പ്രവര്‍ത്തിക്കുക, വേര്‍പിരിയുക തുടങ്ങിയ പ്രവണതകള്‍ അതിലുണ്ട്.

ബഹിരാകാശ നിലയം എന്നത് വലിയ ചെലവേറിയ ഒന്നാണ്. നമ്മള്‍ ഇപ്പോളതില്‍ ശ്രദ്ധകൊടുക്കുന്നില്ല. ഒരു പഠനം അനൗദ്യോഗികമായി നടത്തി നോക്കിയിരുന്നു. നമുക്ക് അത് സാധിക്കുമോ ഇല്ലയോ എന്ന്. ജിഎസ്.എല്‍.വി മാര്‍ക്-3 റോക്കറ്റിനെ ഉയോഗിച്ച് പലതവണ വിക്ഷേപിച്ച് ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാവുന്നതേയുള്ളു.

പക്ഷേ, അതേസമയം പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാമോ എന്നാണ് നോക്കേണ്ടത്. ഉദാഹരണത്തിന് ബഹിരാകാശ നിലയത്തിന്റെ എല്ലാ ഭാഗങ്ങളും ലോഹമുപയോഗിച്ച് നിര്‍മിക്കുന്നതിന് പകരം ആവശ്യത്തിനനുസരിച്ച് ചുരുക്കാനും വികസിപ്പിക്കാനും സാധിക്കുന്ന ഇന്‍ഫ്‌ളേറ്റബിള്‍ ഹാബിറ്റാറ്റ് ആണ് ആലോചനയിലുള്ളത്. ഇതിന്റെ പ്രയോജനമെന്നത് നമ്മുടെ റോക്കറ്റില്‍ കൂടുതല്‍ മൊഡ്യൂളിനെ ഒരേസമയം വിക്ഷേപിക്കാന്‍ സാധിക്കുമെന്നതാണ്. ഇതിന്റെ സാങ്കേതികവിദ്യയുടെ പരിശോധന ഓഗസ്റ്റ് മാസത്തില്‍ നമ്മുടെ സൗണ്ടിങ് റോക്കറ്റ് വെച്ച് നടത്തി നോക്കുന്നുണ്ട്.

നമുക്ക് ഭാവിയില്‍ വേണ്ടിവരുന്ന ടെക്‌നോളജികളൊക്കെ വിവിധ കേന്ദ്രങ്ങളില്‍ വികസിപ്പിച്ച് വെക്കും. പിന്നീട് അതിനെ ഒന്നിപ്പിച്ച് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് നമ്മള്‍ എസ്.ആര്‍.ഇ (സ്‌പേസ് കാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ്) നടത്തിയതും മാന്‍ മിഷന്‍ നടത്താന്‍ പോകുന്നതും. അതുപോലെതന്നെ സ്‌പേസ് സ്റ്റേഷന്റെ കാര്യത്തിലും അതുതന്നെയാണ് ചെയ്യുന്നത്. പക്ഷെ അതിന് അതിന്റേതായ സമയമെടുക്കും.

സര്‍വകലാശാലകളും എന്തിനേറെ ലോകമെമ്പാടുമുള്ള സ്വകാര്യ കമ്പനികള്‍ക്കും ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ ധാരാളമുള്ള കാലമാണ്. ഇത്തരം ഉപഗ്രഹങ്ങളുടെ ആധിക്യവും ഒരു പ്രതിസന്ധിയല്ലെ...?

തീര്‍ച്ചയായും , അതാണ് ഞാന്‍ നേരത്തെ പറഞ്ഞ സ്റ്റാര്‍ ലിങ്ക് പോലുള്ള ഉപഗ്രഹങ്ങള്‍. പക്ഷേ, ഇപ്പോഴവര്‍ ചെയ്യുന്നത് ഉപഗ്രഹങ്ങളെ സ്മാര്‍ട്ടാക്കുകയാണ്. രണ്ട് ഉപഗ്രഹങ്ങള്‍ അടുത്തടുത്ത് വന്നാല്‍ സ്വയം മാറാന്‍ കഴിയുന്നവയാണ് ഇപ്പോഴുള്ളവ. ധാരാളം ഉപഗ്രഹങ്ങളുള്ള ഒരു സ്ഥലത്തേക്ക് വിക്ഷേപണം നടത്തുമ്പോള്‍ നമുക്കും നമ്മുടെ ഉപഗ്രഹങ്ങളെ ഇന്റലിജന്റാക്കേണ്ടിവരും. മറ്റുള്ളവ ഇടിക്കാന്‍ വരുമ്പോള്‍ സ്വയം പ്രൊപ്പല്‍ഷന്‍ ഉപയോഗിച്ച് ഉയരുന്ന സംവിധാനമുള്ളവയാക്കണം.

ഇതുപോലെ ഉപഗ്രഹാധിക്യമുള്ള സ്ഥലത്ത് സുരക്ഷിതമായിരിക്കുക എന്നത് കുറച്ച് സങ്കീര്‍ണമാണ്. പക്ഷെ ഇതിനൊക്കെ ചില അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. അതൊക്കെ പിന്തുടര്‍ന്നാണ് ഉപഗ്രഹ വിക്ഷേപണങ്ങളെങ്കില്‍ നമുക്ക് പ്രശ്‌നങ്ങളില്ല. ഉപഗ്രഹങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അപകടങ്ങള്‍ക്കുള്ള സാധ്യത കൂടും. അതുകൊണ്ട് അതിന്റേതായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇതുപോലെ സ്വയം നിയന്ത്രിത ഉപഗ്രഹങ്ങളുടെ നിര്‍മാണം അവിടെ പ്രധാനമാണ്.

Content Highlights: VSSC director Dr. Unnikrishnan Nair Interview

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented