ചേക്കുട്ടിപ്പാവ, അമ്മൂമ്മത്തിരി, ചൂലാല, ശയ്യ....! പുത്തനാശയങ്ങളുടെ ആശാനാണീ ലക്ഷ്മി


ബിജു രാഘവന്‍/bijuraghavan@mpp.co.in

9 min read
Read later
Print
Share

ലക്ഷ്മി മേനോൻ

ണ്ടു തരം മനുഷ്യരേ ഈ ഭൂമുഖത്തുള്ളൂവെന്ന് തോന്നിപ്പോകും. പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ചിന്തിക്കുന്നൊരു കൂട്ടര്‍. പ്രശ്നങ്ങളെ എങ്ങനെ മറികടക്കുമെന്ന് തല പുകയ്ക്കുന്ന മറ്റൊരു കൂട്ടരും. ഇതിലൊന്നും പെടാത്ത ഒരാളുണ്ട് കൊച്ചി തൃപ്പൂണിത്തുറയില്‍. പ്രശ്നങ്ങളെ വരൂ, വരൂ.... എന്നാണ് കക്ഷിയുടെ പതിവ് പ്രാര്‍ത്ഥന. അതുകേട്ട് ചിലപ്പോള്‍ പേമാരിപോലെ പ്രശ്നങ്ങള്‍ പെയ്തിറങ്ങും. അതിലേക്ക് നനഞ്ഞിറങ്ങിക്കൊണ്ട് അതിനൊരു പരിഹാരവും കണ്ടെടുത്തേ ഈ കൊച്ചിക്കാരി തിരിച്ച് കയറാറുള്ളൂ. അങ്ങനെയാണ് കേരളത്തെ ആവേശം കൊള്ളിച്ച പല സാമൂഹിക മുന്നേറ്റങ്ങളുടെയും പിറവി. പ്രായമായവര്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം പകര്‍ന്നുനല്‍കിയ അമ്മൂമ്മത്തിരിയും പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ കുഞ്ഞുകൈകളിലേക്ക് തന്നെ തുറന്നുവെച്ചുകൊടുത്ത വിത്തുപേനയും രൂപപ്പെട്ടത് ഇങ്ങനെ വന്ന ചില ചെറുപ്രശ്നങ്ങളില്‍നിന്നുതന്നെ. തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കൊരു കിടക്ക സമ്മാനിച്ച ശയ്യ പദ്ധതിയും ചേക്കുട്ടിപാവകളെ പുനരുജ്ജീവിച്ചതുമൊക്കെ ഈ മലയാളി യുവതിയുടെ മനസ്സില്‍ മിന്നിമറഞ്ഞ ചില പ്രശ്നങ്ങളാണെന്നതാണ് കൗതുകം ജനിപ്പിക്കുന്ന സത്യം. സന്നദ്ധ സേവനരംഗത്ത് കേരളത്തിന് വഴികാട്ടുന്ന പല ആശയങ്ങളുടെയും ഉടമയും പ്രചാരകയുമായ ലക്ഷ്മി മേനോന്‍ ഇപ്പോഴും പ്രശ്നങ്ങള്‍ അന്വേഷിച്ചുകൊണ്ട് നമുക്കിടയിലൂടെ നടപ്പുണ്ട്.

'പ്രശ്നങ്ങളെ തപ്പി നടക്കുന്നത് എന്റെയൊരു സ്വഭാവമായി മാറിയിരിക്കുന്നു. ഓരോ പ്രശ്നങ്ങള്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ സന്തോഷമാണ്. അതിനൊരു പരിഹാരം കിട്ടുമ്പോള്‍ അതിലേറെ ആഹ്ലാദവും.' ലക്ഷ്മി മേനോന്‍ നയം വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വനിതാരത്നം പുരസ്‌കാര ജേതാവു കൂടിയാണ് ലക്ഷ്മി മേനോന്‍.

ഈയടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ലക്ഷ്മി ഉദയാസ്തമന പൂജയ്ക്ക് പോയിരുന്നു. അവിടുത്തെ ചില കാഴ്ചകളാണ് ഇപ്പോള്‍ മനസ്സിലുദിച്ചുയരുന്ന പുതിയ പ്രശ്നങ്ങള്‍. 'ഇത്രയും വരുമാനമുള്ള അമ്പലത്തെ ഇനിയും വൃത്തിയായി സൂക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാമെന്നാണ് ഇപ്പോഴത്തെ ആലോചന. മുമ്പ് അവിടെ തോര്‍ത്തൊക്കെ വിരിച്ച് കിടന്നുറങ്ങുന്നവരെ കണ്ടപ്പോഴാണ് ശയ്യ എന്ന പ്രോജക്ട് മനസ്സില്‍ ഉദിക്കുന്നത്. ഇപ്പോള്‍ ഗുരുവായൂരില്‍ കൂടുതല്‍ ശുചിത്വം ഉറപ്പാക്കാന്‍ എന്തു ചെയ്യുമെന്നാണ് ചിന്തിക്കുന്നത്. തിരുപ്പതി അമ്പലം പോലെ ഗുരുവായൂരിനെയും മാറ്റിയെടുക്കാന്‍ പറ്റണം...' ലക്ഷ്മി പുതിയ പ്രശ്നം കിട്ടിയ സന്തോഷത്തില്‍ ചിരിക്കുന്നു. എന്തുകൊണ്ടാവും ഈ യുവതിയിങ്ങനെ പ്രശ്‌നങ്ങളുടെ പിന്നാലെ കൂടിയിരിക്കുന്നത്. ആ കഥ തിരയുംമുന്നേ മറ്റൊരു സംഭവം കേള്‍ക്കാം.

സ്റ്റാര്‍ പ്ലസ് ചാനല്‍ ഇന്ത്യയെ മാറ്റിമറിച്ച പതിമൂന്ന് സ്ത്രീകളിലൊരാളായി ലക്ഷ്മിയെ തിരഞ്ഞെടുത്തിരുന്നു. അതിന്റെ അവതാരകനായ അമിതാഭ്‌ ബച്ചനോട് മിണ്ടിയും പറഞ്ഞുമിരിക്കുമ്പോഴാണ് ലക്ഷ്മിക്കൊരു സത്യം ബോധ്യപ്പെട്ടത്. 'സമൂഹത്തിലൊരു ചലനം ഉണ്ടാക്കാന്‍ നമ്മള്‍ റോക്കറ്റ് സയന്‍സൊന്നും പഠിക്കാന്‍ പോകേണ്ടതില്ല. അമുല്‍ കുര്യന്‍ ഒരു തുള്ളിപാല് കൊണ്ടാണ് ഒരു വിപ്ലവം ഉണ്ടാക്കിയത്. അതു പോലെ ഒരു നൂല്‍ത്തിരി മതി, ജീവിതം മാറ്റിമറിക്കാന്‍. ഈ ലോകത്തെ മാറ്റാന്‍ ചെറിയ ആശയങ്ങളുടെ ആവശ്യമേയുള്ളൂ എന്ന് ബോധ്യപ്പെട്ടതോടെ വലിയ സമാധാനം കിട്ടി. അതോടെയാണ് വിത്തുപേനയും ചേക്കുട്ടിപാവയുമൊക്കെ അവതരിപ്പിക്കാന്‍ എനിക്ക് ആത്മവിശ്വാസം കൈവന്നത്...'

ലക്ഷ്മി മേനോന്‍ ആ ചെറിയ വലിയ കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ ജീവിതം നല്‍കിയ വെല്ലുവിളികളെയും അതിനെ ഉള്ളുറപ്പോടെ നേരിടുന്ന ഒരു സ്ത്രീയുടെ തന്റേടവും ആ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാം.

വിത്തുപേന, ചേക്കൂട്ടിപാവ, അമ്മൂമ്മത്തിരി... എവിടെ നിന്നാണ് ഇത്രയധികം ആശയങ്ങള്‍ വരുന്നത്?

ചെണ്ടപ്പുറത്ത് കോല് വെക്കുന്നിടത്തൊക്കെ എത്തുന്നൊരാളാണ് ഞാന്‍. പലരുടെ അടുത്തും സംസാരിക്കുമ്പോള്‍ ഒരുപാട് പ്രശ്നങ്ങളൊക്കെ മനസ്സിലാക്കാന്‍ പറ്റും. ചേക്കുട്ടി പദ്ധതി ചെയ്തപ്പോള്‍ ഞാന്‍ ഒരു ഫാഷന്‍ ഡിസൈനര്‍ കൂടെയായിരുന്നു. അപ്പോള്‍ നെയ്ത്തുശാലകളില്‍ ആളുകള്‍ പണിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവുമായിരുന്നു. ഒരു ഹാന്‍ഡ്ലൂമിനകത്ത് പാവിടുന്നതിനു വേണ്ടിയൊക്കെ ഒരാള്‍ എത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന്‌ എനിക്ക് കണ്ട് മനസ്സിലായതാണ്. പഞ്ഞിക്കുരുവില്‍നിന്നു പഞ്ഞി എടുക്കുന്നത് തൊട്ട് അതിന്റെ ഓരോ ഘട്ടങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് വസ്ത്രമുണ്ടാക്കി ബാക്കിവരുന്ന തുണി കത്തിച്ചു കളയുന്നതിനെക്കുറിച്ച് ഓര്‍ത്ത് സങ്കടം വന്നത്. അപ്പോഴാണ് അതില്‍നിന്ന് പാവയുണ്ടാക്കാം എന്നൊരു ആശയം ഉദിക്കുന്നത്. അങ്ങനെ ചേക്കുട്ടി പാവകള്‍ പിറന്നു. ഓരോ മേഖലയെക്കുറിച്ചും ചെറിയൊരു അറിവുണ്ടെങ്കില്‍ അവിടുത്തെ പ്രശ്നങ്ങള്‍ കണ്ടെത്താനും അതിന് പരിഹാരം കണ്ടെത്താനും എളുപ്പമാണെന്നതാണ് യാഥാര്‍ത്ഥ്യം.

ജീവിതത്തില്‍ സന്തോഷം തിരയുന്ന ഒരാള്‍ക്ക് തന്നെയേ പ്രശ്നങ്ങളെയും ഇങ്ങനെ പോസിറ്റീവായി കണ്ട് അതിനെ നേരിടാനും പറ്റൂ...
ഇടയ്ക്ക് ഞാന്‍ പാത്രനിര്‍മാണത്തെക്കുറിച്ച് പഠിച്ചിരുന്നു. ആ സമയത്ത് ഏത് പാത്രം കണ്ടാലും അതിനോട് വല്ലാത്തൊരു ആകര്‍ഷണം തോന്നുമായിരുന്നു. ഒരു പാത്രത്തിന്റെ മടക്കുകളും വളവുകളുമൊക്കെ കാണുമ്പോള്‍ ദൈവമേ ഇത് ഇവര്‍ എങ്ങനെ ഉണ്ടാക്കി എന്ന് ആലോചിച്ചു നിന്നു പോകും. ബാക്കിയുള്ളവര്‍ ഒരു പാത്രമെടുത്ത് ഇത് വലിയ തരക്കേടില്ല എന്ന് പറഞ്ഞു വാങ്ങിപ്പോകുമ്പോള്‍ എനിക്കങ്ങനെ പറ്റാറില്ല. ഞാനതിന്റെ പിന്നിലെ മനുഷ്യാധ്വാനത്തെക്കുറിച്ചും കലാവിരുതിനെക്കുറിച്ചുമൊക്കെ ആലോചിച്ചിരുന്നു പോകും. അപ്പോള്‍ ജീവിതം മനോഹരമായി തോന്നും. ചുറ്റിലുമുള്ള ഓരോന്നിന്റെയും പിന്നിലുള്ള പരിശ്രമവും അധ്വാനവുമൊക്കെ മനസ്സിലാക്കാനും അത് ഉള്‍ക്കൊള്ളാനുമൊക്കെ പറ്റും.

ഇങ്ങനെ ചുറ്റുപാടുകളിലേക്കുള്ള നോട്ടം തുടങ്ങിയത് എപ്പോഴാണ് ?

കൊച്ചിലേയുണ്ട്. എന്റെ അച്ഛന്‍ റബ്ബര്‍ ബോര്‍ഡില്‍ കമ്മീഷണറായിരുന്നു. അച്ഛന്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ സൈഡില്‍ ഇരുന്ന് ആള്‍ക്കാര്‍ റബ്ബര്‍ നടാന്‍ വേണ്ടി കുഴിയെടുത്ത് തുടങ്ങുമെന്നാണ് പലരും പറയാറ്. ആളുകളോടുള്ള ആശയവിനിമയത്തില്‍ അത്രയും വിദഗ്ധനായിരുന്നു അച്ഛന്‍. കൃഷിയാണ് പഠിച്ചത്. പക്ഷേ, ഡാന്‍സിന് പോലും അച്ഛന്‍ വിധികര്‍ത്താവായി പോകും. എല്ലാത്തിലും താല്പര്യമുള്ളൊരാളാണ്. ഞങ്ങള്‍ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ഒരു വീട് കണ്ടാല്‍ അച്ഛന്‍ പറയും, എന്ത് രസമാണ് ആ വീട്. അത് ഇത്തിരി കൂടി മുഖം തിരിച്ചുവച്ചിരുന്നാല്‍ അടിപൊളി ആയെനെ എന്നൊക്കെ. ഇതൊക്കെ കണ്ടുകണ്ട് ഞാനും ഒരു നിരീക്ഷണക്കാരിയായി. എന്ത് കണ്ടാലും വെറുതെ വിടാതായി. എല്ലാത്തിനകത്തും നമുക്കൊരു അഭിപ്രായം പറയാനുണ്ടാകുമെന്നായി.

പലപ്പോഴും സാമൂഹ്യപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരുടെ കഥയില്‍ അവരെ വേദനിപ്പിച്ച എന്തെങ്കിലും ഒരു അനുഭവം പറയാനുണ്ടാവും. അതു മറക്കാന്‍ വേണ്ടിയാവും അവര്‍ സമൂഹത്തിലേക്ക് ഇറങ്ങുന്നത്. അങ്ങനെ എന്തെങ്കിലും?

സന്തോഷം മാത്രം തിരഞ്ഞ് കണ്ടുപിടിക്കുന്ന ചില ആളുകളുണ്ട്. ഞാനും ആ കൂട്ടത്തില്‍ പെട്ടതാണ്. ഹാപ്പി ജീനുമായി ജനിച്ച ഒരാള്‍. ജനിച്ചതു മുതല്‍ എവിടെയാണ് എന്റെ സന്തോഷം എന്ന് കണ്ടുപിടിച്ചു. പല കാര്യങ്ങള്‍ക്കും ഏതിലാണ് മുന്‍ഗണന എന്ന് തീരുമാനിക്കാന്‍ പറ്റി. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതൊക്കെ എന്റെ പ്രായത്തിലുള്ള ഒരാളെക്കാളും കൂടുതല്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സ്വന്തമായൊരു കുഞ്ഞ് വേണമെന്ന് തോന്നാഞ്ഞതും. അതിനകത്ത് വലിയൊരു ഉത്തരവാദിത്വമുണ്ട്. ഒരു കുഞ്ഞുണ്ടാവുകയാണെങ്കില്‍ ആ കുഞ്ഞിന് നല്ലൊരു ലോകം വാഗ്ദാനം ചെയ്യാന്‍ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി. കുഞ്ഞു ജനിച്ചാല്‍ പിറ്റേന്ന് തൊട്ട് ഇവിടെ ശുദ്ധവായുവില്ല, ശുദ്ധജലം ഇല്ല, സുരക്ഷയില്ല എന്നൊക്കെ പറയേണ്ടിവരും. അങ്ങനെയൊരു ലോകത്ത് ഒരു കുഞ്ഞിനെ വളരാന്‍ വിടാതിരിക്കുന്നതാണ് നല്ലത്. നമുക്ക് ഇഷ്ടപ്പെടാനാണെങ്കില്‍ പതിനായിരക്കണക്കിന് പിള്ളേരുണ്ട്. അവരെ പിന്തുണയ്ക്കാം. എന്നിട്ട് ഇതില്‍ കൂടുതല്‍ പരിശ്രമവും ചിന്തകളുമെല്ലാം ഉപയോഗിക്കാന്‍ പറ്റുന്ന ഒരുപാട് മേഖലകള്‍ ഉണ്ട്. അവിടെയൊക്കെ നമ്മുടെ ശ്രദ്ധയും നവീനമായ ആശയങ്ങളും പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് സമൂഹത്തിന് ഗുണം ചെയ്യും.

ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ കുടുംബത്തിനുള്ളില്‍ ഒരു സ്ത്രീ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമല്ലോ?

തീര്‍ച്ചയായും. അതും ഉണ്ടായിട്ടുണ്ട്. മടി കാരണമാണ്, ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പറ്റാഞ്ഞിട്ടാണ് കുഞ്ഞിനെ വേണ്ടെന്ന് വെച്ചത് എന്നൊക്കെ പറഞ്ഞവരുണ്ട്. പക്ഷേ, എന്റെ ജീവിതത്തില്‍ എന്തുവേണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ടല്ലോ. ഇപ്പോള്‍ എന്റെ പല സുഹൃത്തുക്കളും ചോദിക്കാറുണ്ട്, തനിക്ക് അന്ന് അത്രയും ബുദ്ധി എങ്ങനെ ഉണ്ടായെടോ എന്ന്. ഞാന്‍ വേറിട്ട രീതിയിലാണ് ജീവിക്കാന്‍ ശ്രമിച്ചതെന്നേ എനിക്ക് മറുപടി പറയാനുള്ളൂ.

മനുഷ്യസ്നേഹി എന്ന് താങ്കളെ വിശേഷിപ്പിക്കാം. പക്ഷേ, ആ പദം ഈ കാലത്ത് തെറ്റിദ്ധരിക്കപ്പെടുന്നുണ്ടോ?

ഞാന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നേയുള്ളൂ. ചെറിയൊരു സഹായം ചെയ്താല്‍ കുറച്ചു പേരുടെ ജീവിതം കുറച്ചു മെച്ചപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നത് കൊണ്ട് അതിനായി പരിശ്രമിക്കുന്നു. നമ്മുടെ ചുറ്റിലും കാണുന്ന കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. കാഴ്ചാപരിമിതിയുള്ളവരുടെ അടുത്ത് പോകുമ്പോള്‍ ഓര്‍ത്തുപോകാറുണ്ട്, ഈശ്വരാ, ജീവിതത്തെക്കുറിച്ച് എന്ത് പരാതിയാണ് എനിക്കിനി പറയാനുള്ളതെന്ന്. കാഴ്ചയില്ലാത്തവരോട് നമുക്ക് യാത്രയെക്കുറിച്ച് പറയാന്‍ പറ്റില്ല, സൂര്യനെ കുറിച്ച് പറയാന്‍ പറ്റില്ല, നിറത്തെക്കുറിച്ചോ ഡിസൈനെ കുറിച്ചോ സംസാരിക്കാന്‍ പറ്റില്ല. ഇന്‍സ്റ്റഗ്രാമിനെ കുറിച്ചോ സോഷ്യല്‍ മീഡിയയെക്കുറിച്ചോ പറഞ്ഞിട്ട് കാര്യമില്ല. സിനിമയെക്കുറിച്ചോ നമ്മള്‍ ഇട്ടിരിക്കുന്ന ഉടുപ്പിനെ കുറിച്ചോ പോലും പറയാന്‍ പറ്റില്ല. അപ്പോഴാണ് നമ്മള്‍ ഇട്ടിരിക്കുന്ന ഉടുപ്പിന്റെ നിറങ്ങള്‍ തമ്മില്‍ ചേരുന്നില്ല എന്നൊക്കെ പറഞ്ഞ് ആഗോളപ്രശ്നങ്ങളാക്കി മാറ്റുന്നത്. കാഴ്ച പരിമിതിയുള്ളവരുടെ ഇടയില്‍ നിന്നപ്പോഴാണ് അവര്‍ക്കുവേണ്ടി ചൂലാല എന്നൊരു പദ്ധതി ആവിഷ്‌കരിച്ചത്.

അമ്മൂമ്മത്തിരിയുടെ പിറവിയും ഇതുപോലെയായിരുന്നുവല്ലോ?

വൃദ്ധസദനങ്ങളിലൊക്കെ ജീവിക്കുന്ന അമ്മൂമ്മമാരെ കണ്ടപ്പോള്‍ അവരുടെ കുഞ്ഞ് ആഗ്രഹങ്ങള്‍ക്ക് വേണ്ടി, അതിനൊരു ചെറിയ തുകയെങ്കിലും അവര്‍ക്ക് കിട്ടണമെന്ന ആഗ്രഹത്തിനൊടുവിലാണ് അമ്മൂമ്മത്തിരി എന്ന ആശയത്തിന്റെ പിറവി. അവരില്‍ പലരും പറഞ്ഞ വേദന നിറഞ്ഞ കഥകള്‍ എന്റെ ഉള്ളിലുണ്ട്. അവരുടെ ഒരു സുഹൃത്ത് മരിച്ചാല്‍,അവരെ കാണാന്‍ പോകാന്‍ ബസ് കൂലി പോലും കൈയില്‍ ഇല്ലാതെ വിഷമിച്ചവരുണ്ട്.അങ്ങനെയാണ് അവര്‍ക്ക് വലിയ പ്രയാസമില്ലാതെ ചെയ്യാന്‍ പറ്റുന്ന ജോലി ആലോചിച്ചത്. അതാണ് വിളക്കുതിരികളിലെത്തിയത്. ഇപ്പോള്‍ അതില്‍നിന്ന് മാസം ആറായിരം രൂപ വരെയൊക്കെ ഉണ്ടാക്കുന്നവരുണ്ട്.
പ്രകൃതിയില്‍നിന്ന് പ്ലാസ്റ്റിക്കിനെ എങ്ങനെ അകറ്റാം എന്ന ചിന്തയാണ് കടലാസ് പേന എന്ന ആശയത്തിലേക്ക് വഴി തുറന്നത്. പാഴ്ക്കടലാസില്‍നിന്നുണ്ടാക്കിയ പേനയുടെ അകത്തൊരു വിത്ത് കൂടെ വെച്ചപ്പോള്‍ അത് മറ്റൊരു ശ്രമമായി. ഈ പേന ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുമ്പോള്‍ മണ്ണില്‍ വീണ് അത് മുളച്ചോട്ടെ എന്ന് കരുതി. നൂറില്‍ ഒന്നെങ്കിലും മുളയ്ക്കാന്‍ സാധ്യതയുണ്ടല്ലോ. അങ്ങനെ ഒരു മരം വളരട്ടെ. ഇതിനെല്ലാം പിന്നില്‍ സ്ത്രീകളാണ്. അവരില്‍ അവശരായവരുണ്ട്. രോഗികളുണ്ട്. അങ്ങനെ എത്രയോ പേരുടെ മനസ്സും അധ്വാനവും ചേരുമ്പോഴാണ് ഈ ആശയങ്ങള്‍ക്കെല്ലാം ജീവന്‍ വെക്കുന്നത്.

എന്താണ് ചൂലാലയ്ക്ക് പിന്നിലെ കഥ?

ഞാനൊരു ആയുര്‍വേദ റിസോര്‍ട്ടില്‍ താമസിക്കുമ്പോഴാണ് അതിന്റെ ആശയം വരുന്നത്. അതിനു പുറത്തെ തെങ്ങിന്‍ തോപ്പില്‍ കുറെ ചേച്ചിമാര്‍ ഓല വെട്ടിയിടുന്നത് കണ്ടു. അവരോട് ഞാന്‍ പറഞ്ഞു, കുറച്ച് ഓല കൊണ്ടുത്തരാമോ, എനിക്ക് ഇതുകൊണ്ട് ചൂലുണ്ടാക്കാന്‍ നല്ല ഇഷ്ടമാണെന്ന്. അങ്ങനെ ഞാന്‍ ദിവസവും ചൂലുണ്ടാക്കാന്‍ തുടങ്ങി. അത് കണ്ട് അവിടെയെത്തിയ വിദേശികളും പിന്നാലെ കൂടി. അപ്പോഴാണ് ഒരു കുടുംബശ്രീ യൂണിറ്റിന് ഇങ്ങനെ ചൂലുണ്ടാക്കിക്കൂടേ എന്ന് ചിന്തിക്കുന്നത്. എല്ലാ വീടിനും ചൂലു വേണം. നമുക്കാണെങ്കില്‍ ഇഷ്ടംപോലെ ഓലയുമുണ്ട്. 250 രൂപയൊക്കെയാണ് പലയിടത്തും ചൂലിന് വില. ദിവസം നാല് ചൂലുണ്ടാക്കിയാല്‍ ഒരു സ്ത്രീ എന്തിന് തൊഴിലുറപ്പിന് പോകണം? സാധാരണ ചൂല് അല്ലാതെ കുറച്ചൊരു ക്രിയേറ്റീവ് ആക്കി ചെയ്യണമെന്ന് തീരുമാനിച്ചു. അപ്പോഴാണ് ഒരു സുഹൃത്ത് വിളിച്ച് ബ്ലൈന്‍ഡ് അസോസിയേഷന്റെ കാര്യം പറയുന്നത്. കോവിഡായപ്പോള്‍ അവര്‍ക്കൊരു പണിയും ഇല്ലാതായി. ആരും സ്പോണ്‍സര്‍ ചെയ്യാനുമില്ല. ഏതെങ്കിലുമൊരു പ്രോജക്ടില്‍ അവരെ കൂടെ സഹകരിപ്പിക്കാമോ എന്ന് ചോദിച്ചു. അങ്ങനെയാണ് ചൂലാല പ്രൊജക്ടുമായി അവരിലെത്തുന്നത്. ഇപ്പോള്‍ 1200 രൂപ വരെ ദിവസം ഉണ്ടാക്കാന്‍ അവര്‍ക്ക് പറ്റുന്നുണ്ട്. വിദേശത്തൊക്കെ അലങ്കാരം പോലെ ചൂലുകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളുണ്ട്. ഇതിനെ ഫങ്ഷണല്‍ ആര്‍ട്ട് എന്നാണ് പറയുന്നത്. ആ ഒരു വിഭാഗത്തിലേക്കാണ് ഞങ്ങളും ഇതിനെ പ്ലേസ് ചെയ്തിരിക്കുന്നത്. ഇതിനെക്കൊണ്ട് വേറെ എന്ത് ചെയ്യാം എന്ന് ആലോചിച്ചപ്പോള്‍ അതൊരു ജ്വല്ലറി പോലെ ഡിസൈന്‍ ചെയ്യാമെന്ന് തോന്നി. കേരളത്തില്‍ നടന്ന പല അന്തര്‍ദേശീയ പരിപാടികള്‍ക്കും അതിഥികള്‍ക്ക് സമ്മാനമായി ഇതാണ് കൊടുത്തത്. ഒരു കഥക് ഡാന്‍സര്‍ അവരുടെ നൃത്തത്തിന്റെ ആഭരണമായി ഇതൊന്ന് പരീക്ഷിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചിട്ടുണ്ട്, ഞാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു. ഒരു പീസിന് 7500 രൂപയൊക്കെ വില വരുന്ന ജ്വല്ലറിയാണ് ഈര്‍ക്കിലി കൊണ്ട് ഞങ്ങള്‍ ഉണ്ടാക്കുന്നത്.

ഇത്തരം പ്രവര്‍ത്തനങ്ങളിലേക്കൊക്കെ വന്നപ്പോള്‍ ലക്ഷമിയുടെ വ്യക്തിത്വത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായി?

ഇപ്പോള്‍ സമതുലിതമാണ് ജീവിതം. നേരത്തെ ചില പ്രവര്‍ത്തനങ്ങളൊക്കെ നടത്തുമ്പോള്‍ ഇടയ്ക്കൊക്കെ നിരാശ തോന്നുമായിരുന്നു. അമ്മൂമ്മത്തിരിയുമായി ചെന്നപ്പോള്‍ ചില ക്ഷേത്രങ്ങളിലൊന്നും അത് എടുത്തിരുന്നില്ല. അതോടെ ഡിപ്രഷന്‍ പോലെയൊക്കെ വന്നു. പക്ഷേ, അപ്പോഴും നിര്‍ത്തിപ്പോകാം എന്നതിന് പകരം ഞാന്‍ ചിന്തിച്ചത് ഇതിനകത്ത് എവിടെയോ ഒരു കുഴപ്പമുണ്ടാവും അത് കണ്ടെത്താം എന്നായിരുന്നു. എങ്ങനെ വ്യത്യസ്തമായി മാര്‍ക്കറ്റ് ചെയ്യാമെന്നു ചിന്തിച്ചപ്പോഴാണ് ഒരു പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തെ സമീപിച്ചത്. അവര്‍ രാമായണം ഇറക്കുമ്പോള്‍ അതിന്റെ കൂടെ ഒരു തിരി കൂടെ വെക്കാമെന്ന് പറഞ്ഞു. അങ്ങനെ മൂന്ന് ലക്ഷം തിരിക്കുള്ള ഓര്‍ഡര്‍ കിട്ടി. പിന്നെ ഫ്ളിപ്കാര്‍ട്ടില്‍ കോംപ്ലിമെന്റ് പോലെ ഇത് കൊടുക്കാന്‍ തുടങ്ങി. അതോടെ അമ്മൂമ്മത്തിരി ആളുകളിലേക്കെത്തി. ഇതിനെക്കുറിച്ച് പലയിടത്തും സംസാരമായി. അമിതാഭ് ബച്ചന്‍ സ്റ്റാര്‍പ്ലസില്‍ ഇതിനെക്കുറിച്ച് പ്രോഗ്രാം ചെയ്തു. ഇതോടെ നേരത്തെ എന്നെ തിരിച്ചയച്ചവരോട് ഞാന്‍ നന്ദി പറഞ്ഞു. കാരണം അന്നവര്‍ എന്നോട് നോ പറഞ്ഞിരുന്നില്ലെങ്കില്‍ ഇത് എവിടെയും എത്താതെ പോകുമായിരുന്നു. ഇപ്പോള്‍ ഏത് പദ്ധതിക്കും തടസ്സം വരുമ്പോള്‍ ഞാന്‍ കൂടുതല്‍ എക്സൈറ്റഡാവുകയാണ് ചെയ്യാറ്. കഷ്ടപ്പെടുന്ന ആളുകളെ എന്ത് വില കൊടുത്തും പിന്തുണയ്ക്കണമെന്ന്‌ ചിന്തിക്കുമ്പോള്‍ മുന്നില്‍ വഴികള്‍ തുറന്നുവരികതന്നെ ചെയ്യും.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് കിട്ടുന്ന സമ്പാദ്യം എന്താണ്?

ഇതില്‍നിന്ന് വരുമാനം കിട്ടി ജീവിക്കേണ്ട കാര്യം എനിക്കില്ല. ഏതെങ്കിലും പ്രൊജക്ടിനു വേണ്ടി കൈയില്‍നിന്ന് പൈസ ഇറക്കിയാലും ഞാന്‍ പട്ടിണിയാവുകയുമില്ല. എന്റെ കാര്യങ്ങളെയൊന്നും അത് ബാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇതൊരു വരുമാന മാര്‍ഗമല്ല. എനിക്ക് വനിതാരത്നം അവാര്‍ഡ് കിട്ടി. ജ്വല്ലറിയുടെ മോഡലായി. പക്ഷേ, ഞാന്‍ ഇടുന്ന ആഭരണമാണെങ്കില്‍ ഈര്‍ക്കിലിന്റേതും. നമ്മുടെ കൈയിലുള്ളതിന് വില കൊടുത്താല്‍ ഇത്രയൊക്കെയേ ആവശ്യമുള്ളൂ. ഞാന്‍ തന്നെ ഒരു ബ്രാന്‍ഡാണെന്ന് കരുതും. അല്ലാതെ വേറെ ഒരു ബ്രാന്‍ഡ് ഇട്ടുകൊണ്ട് ഞാന്‍ വലിയ ആളാണെന്ന് കാണിക്കേണ്ട ആവശ്യമില്ല ഇങ്ങനെയൊക്കെ ആവുമ്പോള്‍ നമ്മള്‍ക്ക് എന്തൊരു സ്വാതന്ത്ര്യമാണെന്നോ.

സ്വയം മറന്ന് സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുമ്പോള്‍ വ്യക്തിജീവിതത്തില്‍ എന്തെങ്കിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടോ?

ഒരിക്കലുമില്ല. അതിന് കാരണം എന്റെ കുടുംബത്തിന്റെ പിന്തുണയാണ്. ഞാനൊരു പ്രോജക്ടിന് ഇറങ്ങിയാല്‍ എന്താ ചെയ്യേണ്ടത് എന്നും ചോദിച്ച് എപ്പോഴും അമ്മ കൂടെയുണ്ടാവും. എന്റെ കൈയില്‍ സേവിങ്സ് ആയിട്ട് ഒന്നുമില്ല. പക്ഷേ, എന്തെലും പ്രൊജക്ട് വരുമ്പോള്‍ ചേട്ടന്‍ എപ്പോഴും ചോദിക്കും, എത്ര പൈസയാണ് വേണ്ടതെന്ന്. അപ്പോള്‍ തന്നെ പണം അയച്ചും തരും. ഇടയ്ക്ക് ചൂലാല പ്രോജക്ടിന് ഒന്ന് വേഗം കുറഞ്ഞപ്പോള്‍ ചേട്ടന്‍ ഓര്‍മിപ്പിച്ചു, എന്താ നീ ഇപ്പോള്‍ ചൂലിന് വേണ്ടി പഴയപോലെ ഇറങ്ങാത്തതെന്ന്‌. അതും പറഞ്ഞാണ് കുറ്റപ്പെടുത്തുന്നത്. അപ്പോ നമുക്ക് സമ്മര്‍ദം വരികയാണ്. സാമൂഹിക പ്രവര്‍ത്തനത്തിന് പോകാതെ ഇരുന്നാല്‍ വീട്ടില്‍നിന്ന് തന്നെ കുറ്റപ്പെടുത്തല്‍ കേള്‍ക്കുന്ന അവസ്ഥ ആയതുകൊണ്ട് പിറ്റേന്ന് തന്നെ പുറത്തേക്കിറങ്ങിപ്പോകും.

സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ സ്ത്രീകള്‍ വന്നുകഴിഞ്ഞാല്‍ കേരള സമൂഹത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കാന്‍ പറ്റും?

ഞങ്ങള്‍ സ്ത്രീകളുടെ യുക്തിവിചാരം, നിരീക്ഷണപാടവം, പ്രായോഗികരീതികള്‍ തുടങ്ങിയവയൊക്കെ വേറെ ലെവലിലാണ്. ഞങ്ങള്‍ കുറെക്കൂടി ക്രിട്ടിക്കലാണ്. ഇപ്പോള്‍ ഒരുമാതിരി എല്ലാ മേഖലയിലും ഞങ്ങളുണ്ട്. അതിന്റെയൊരുമാറ്റം സമൂഹത്തില്‍ വരുന്നുണ്ട്. രാവിലെ ടോയ്ലെറ്റ് കഴുകുമ്പോള്‍ പോലും ഞാന്‍ ആലോചിച്ചുപോവാറുണ്ട്. ഈ ഒരു ക്ലോസെറ്റ് ഡിസൈന്‍ ചെയ്തത് ഒരു പെണ്ണായിരുന്നുവെങ്കില്‍ ടോയ്ലെറ്റ് ശുചിയാക്കുമ്പോഴുള്ള പല പ്രായോഗിക പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടായേനെ എന്ന്. ഒരു പുരുഷന്‍ പലപ്പോഴും ടോയ്ലെറ്റ് ക്ലീന്‍ ചെയ്തിട്ടുണ്ടാവില്ല. അതുകൊണ്ടാവും ക്ലോസറ്റിന്റെ ഡിസൈനില്‍ പലയിടത്തും വളവുകളൊക്കെ കൊടുത്തിരിക്കുന്നത്. വലിയൊരു ഹോട്ടല്‍ ശൃംഖലയുടെ ഹൗസ് കീപ്പിങ് വിഭാഗം മേധാവിയായി ഒരു സ്ത്രീ വന്നപ്പോഴുണ്ടായ മാറ്റത്തിന്റെ കഥ കേട്ടിട്ടുണ്ട്. നാലായിരം ബ്രാഞ്ചുകളുള്ള സ്ഥാപനമാണത്. അവിടെ ആകെ എത്ര സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട് എന്നവര്‍ അന്വേഷിച്ചു.നോക്കുമ്പോള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് സ്ത്രീകള്‍ക്ക് പറ്റുന്ന ടോയ്ലെറ്റുകള്‍ അവരുടെ ഒരു സ്ഥാപനത്തിലും ഇല്ലെന്ന്. അതുകൊണ്ട് അവര്‍ ചുമതലയേറ്റപ്പോള്‍ ആദ്യം തന്നെ തീരുമാനിച്ചത് നാലായിരം സെന്ററുകളിലും ഒരു ടോയ്ലെറ്റ് പണിയാനാണ്. അപ്പോള്‍ പത്ത് സ്ത്രീകളെങ്കിലും അധികമായി ജോലിക്ക് വരും. ഒരു സ്ത്രീ മേധാവിയായി വന്നതുകൊണ്ട് മാത്രമുണ്ടായ മാറ്റമാണിത്. ആണൊരിക്കലും അങ്ങനെ ചിന്തിക്കുന്നുണ്ടാവില്ല.

അമിതാഭ്‌ ബച്ചനൊപ്പം സ്റ്റാര്‍ പ്ലസിലെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ എന്തുതോന്നി?

അതിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വിളി വന്നപ്പോള്‍ എന്നെ പറ്റിക്കാന്‍ വേണ്ടി ആരോ വിളിക്കുന്ന പോലെയാണ് ആദ്യം തോന്നിയത്. പക്ഷേ, പിന്നെയാണത് സത്യമാണെന്ന് മനസ്സിലായത്. ഇവിടെയുള്ളവര്‍ അമ്മൂമ്മത്തിരി എന്ന ആശയത്തോട് മുഖം തിരിച്ച് നില്‍ക്കുന്ന കാലമാണത്. അന്ന് ബി.ബി.സിയില്‍നിന്ന് അമ്മൂമ്മത്തിരി അന്വേഷിച്ച് വിളിച്ചപ്പോള്‍ സത്യത്തില്‍ എന്റെ കിളി പറന്നുപോയി. ഇന്ത്യയില്‍ മാറ്റം സൃഷ്ടിച്ച പതിമൂന്ന് പേരെ അവതരിപ്പിക്കുന്ന പരിപാടിയാണെന്ന് അവര്‍ പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ പറഞ്ഞത്, ഇതിന്റെ അവതാരകന്‍ അമിതാഭ്‌ ബച്ചനാണെന്ന്. അതോടെ ആവേശമായി. ബോംബെയില്‍ നിന്ന് രണ്ടുപേര്‍ ഇവിടെ വന്ന് എന്റെ പ്രവര്‍ത്തനങ്ങളെല്ലാം സത്യമാണോ എന്ന് അന്വേഷിച്ചു. പിന്നെ നാലുപേര്‍ വന്ന് നാലു ദിവസം അതെല്ലാം ഷൂട്ട് ചെയ്തു. പരിപാടിക്ക് ഹിന്ദിയില്‍ സംസാരിക്കണമായിരുന്നു. ഒടുവില്‍ അമിതാഭ്‌ ബച്ചനെ നേരില്‍ കണ്ടു. എന്റെ വര്‍ക്കുകളെക്കുറിച്ച് വായിച്ചെന്നും എന്റെ വീഡിയോ കണ്ടെന്നുമൊക്കെ അദ്ദേഹം പറഞ്ഞു. അങ്ങനെ കുറെ വര്‍ത്തമാനം പറഞ്ഞു. ഞാന്‍ ഹിന്ദി സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥലങ്ങളെത്തുമ്പോള്‍ അദ്ദേഹം ചില വാക്കുകള്‍ ഇട്ടുതരും. അതില്‍ പിടിച്ചുകയറിയാണ് ഞാന്‍ മുന്നോട്ട് പോയത്.

ആത്മവിശ്വാസത്തിന്റെ ഉള്‍ത്തുടിപ്പുകളാണ് ലക്ഷ്മിയുടെ ഓരോ പ്രവര്‍ത്തനത്തിലും കാണാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെയാണ് അവര്‍ക്ക് തന്റെ ജീവിതത്തിന്റെ വിജയരഹസ്യത്തെ ഇങ്ങനെ ലളിതമായി വിവരിക്കാന്‍ പറ്റുന്നതും. 'പിന്‍മാറാനാണെങ്കില്‍ എല്ലാത്തില്‍നിന്നും നിങ്ങളങ്ങനെ ചെയ്തുകൊണ്ടിരിക്കും. വെല്ലുവിളികള്‍ ഇല്ലാത്ത ഒന്നും ജീവിതത്തിലില്ലല്ലോ. ഞാന്‍ എല്ലാത്തില്‍നിന്നും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. മറ്റൊരാളെ ആശ്രയിച്ചിട്ടല്ല എന്റെ സന്തോഷം ഉണ്ടാവുന്നത്. ഞാന്‍ അത് സ്വന്തമായി സൃഷ്ടിച്ചെടുക്കുന്നു. അതുകൊണ്ടുതന്നെ അതെപ്പോഴും എന്റെ കൂടെത്തന്നെയുണ്ട്.'

Content Highlights: Vanitha ratnam 2022 award winner Lekshmi Menon Interview, She talks by Biju Raghavan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented