അന്ന് മർദനമേറ്റു, ഇപ്പോഴെങ്കിലും ഇടതുപക്ഷത്തിന് നയംമാറ്റമുണ്ടായല്ലോ-ടി.പി ശ്രീനിവാസൻ


കെ.പി നിജീഷ് കുമാര്‍1994 നവംബര്‍ 25 ന് നടന്ന കൂത്തുപറമ്പ് വെടിവെപ്പും അത് അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ ജീവനെടുക്കുന്നതിലേക്കും നയിച്ചത് ഉന്നത വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാരോപിച്ചുള്ള സമരത്തിന്റെ ഭാഗമായിരുന്നു.

Premium

ടി.പി ശ്രീനിവാസൻ.ഫോട്ടോ:മധുരാജ് മാതൃഭൂമി

സ്വാശ്രയമെന്ന് കേള്‍ക്കുമ്പോള്‍ സമരത്തിനിറങ്ങുന്ന ഒരു കാലമുണ്ടായിരുന്നു ഇടതുപക്ഷത്തിന്, പ്രത്യേകിച്ചും സി.പി.എമ്മിന്. 1994 നവംബര്‍ 25 ന് നടന്ന കൂത്തുപറമ്പ് വെടിവെപ്പും അത് അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ ജീവനെടുക്കുന്നതിലേക്കും നയിച്ചത് ഉന്നത വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാരോപിച്ചുള്ള സമരത്തിന്റെ ഭാഗമായിരുന്നു. കാലം മാറി, പാര്‍ട്ടിയുടേ നേതൃത്വത്തില്‍ സ്വാശ്രയ കോളേജുകള്‍ ഉയർന്നുവരാൻ തുടങ്ങി. അതുംകഴിഞ്ഞ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകളെ ക്ഷണിച്ചുകൊണ്ടുള്ള ആഗോളവിദ്യാഭ്യാസ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കിയ ടി.പി. ശ്രീനിവാസനെന്ന മുന്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥനെ തെരുവില്‍ എസ്.എഫ്.ഐ. വിദ്യാര്‍ഥികള്‍ കൈകാര്യം ചെയ്യുന്നതിന് പോലും കേരളം സാക്ഷിയാകേണ്ടി വന്നു. തിരുവനന്തപുരത്ത് വെച്ച് 2016 ജനുവരി 29 നായിരുന്നു സംഭവം. ഒടുവില്‍ നാണംകെട്ട് അന്നത്തെ സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനടക്കമുള്ളവര്‍ക്ക് ടി.പി. ശ്രീനിവാസനോട് ക്ഷമ ചോദിക്കേണ്ടി വന്നു. സംഭവം ഏഴാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മറ്റൊരു ജനുവരി മാസത്തില്‍ അന്ന് സ്വകാര്യ, വിദേശ സര്‍വകലാശാലകളെ എതിര്‍ത്ത ഇടതുപക്ഷം മനംമാറ്റത്തിന്റെ പാതയിലാണ്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ സഹായകരമാണെങ്കില്‍ സ്വകാര്യ സര്‍വകലാശാലകളെ നിഷേധിക്കില്ലെന്നും, ആവശ്യമെങ്കില്‍ വിദേശ നിക്ഷേപമാവാമെന്നും എല്‍.ഡി.എഫ്. നിലപാടെടുത്തിരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ടി.പി. ശ്രീനിവാസന്‍ മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിക്കുകയാണ്.

  • വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജനുവരിയിലാണ് താങ്കള്‍ എസ്.എഫ്.ഐക്കാരുടെ അക്രമത്തിനിരയാവുന്നത്. മറ്റൊരു ജനുവരിയെത്തുമ്പോള്‍ താങ്കള്‍ ഉന്നയിച്ച അതേ കാര്യത്തെ ഇടതുപക്ഷം അംഗീകരിച്ചിരിക്കുകയാണ് എന്ത് തോന്നുന്നു ?
പത്ത് വര്‍ഷം നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് മാത്രമാണ് എനിക്ക് ഇതിനെ പറ്റി പറയാനുള്ളത്. പത്ത് വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞ കാര്യം ഇപ്പോള്‍ ഇടതുപക്ഷം അംഗീകരിച്ചിരിക്കുന്നു. അതില്‍ സന്തോഷമുണ്ട്. അന്നേ അനുവാദം നല്‍കിയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒന്നോ രണ്ടോ സ്വകാര്യ സര്‍വകലാശാലകള്‍
ഇവിടെ വന്നിട്ടുണ്ടാകുമായിരുന്നു. വിദ്യാര്‍ഥികള്‍ പഠനം തുടങ്ങിയിട്ടുണ്ടാവുമായിരുന്നു. വിദേശ സര്‍വകലാശാകളെ സംബന്ധിച്ച് അത് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമായതിനാല്‍ നമുക്ക് നേരിട്ട് ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാമായിരുന്നു. വൈകിയാലും ഇപ്പോഴെങ്കിലും അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. 2016-ജനുവരിയിലായിരുന്നു എനിക്കെതിരേ കോവളത്തുവെച്ച് എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ അക്രമമുണ്ടായത്. ഞാന്‍ നിലത്ത് വീണു. രക്ഷപ്പെട്ടോടിയത് അടുത്ത വീട്ടിലേക്കാണ്. അതിഥികളെ സ്വീകരിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. അന്ന് എട്ട് സര്‍വകലാശാളകളിലെ വി.സിമാരെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. പക്ഷെ എനിക്കെതിരേയുള്ള പ്രതിഷേധം കണ്ടപ്പോള്‍ അവരെല്ലാം ഭയപ്പെട്ട് പോവുകയാണുണ്ടായത്. നിങ്ങള്‍ക്കെതിരേ ഇങ്ങനെയാണെങ്കില്‍ ഞങ്ങളെത്തിയാല്‍ എങ്ങനെയായിരിക്കുമെന്ന ചോദ്യമാണ് അവരെന്നോട് ചോദിച്ചത്.

ടി.പി ശ്രീനിവാസൻ|PTI

  • സ്വാശ്രയ സമരം നടത്തി രക്തസാക്ഷികളുണ്ടായ ഒരു പാര്‍ട്ടി ഇപ്പോള്‍ പറയുന്നത് അന്നത് ശരിയായിരുന്നുവെന്നും ഇന്നത് ശരിയല്ലെന്നും മാറ്റത്തിനൊപ്പം സഞ്ചരിക്കണമെന്നുമാണ്?
നയം മാറ്റം നല്ലതാണ്. പ്രത്യയശാസ്ത്രത്തിന്റെ അയഥാര്‍ഥമായ ലോകത്ത് നിന്ന് യാഥാര്‍ഥ്യത്തിലേക്ക് വരുന്ന ലക്ഷണം കാണുന്നുണ്ട്. പണ്ട് ഇതേ അവസ്ഥയില്‍ കമ്പ്യൂട്ടറിന്റെ വരവിനെ എതിര്‍ത്തു. പിന്നീടതിനെ അംഗീകരിച്ചു. അതുപോലെയാണിത്. ഇതിന്റെ ഫലമെന്താണെന്ന് വെച്ചാല്‍ നമ്മുടെ കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെടുക മാത്രമാണുണ്ടായത്. ഇതിനപ്പുറം വലിയ സാമ്പത്തിക നഷ്ടവും സര്‍ക്കാരിന് വരുത്തിവെച്ചു. പത്ത് വര്‍ഷം മുമ്പുണ്ടായ ചെലവല്ലല്ലോ ഇപ്പോഴുള്ളത്. ഇപ്പോള്‍ തീരുമാനമെടുത്തുവെങ്കിലും കൃത്യമായ ടൈംഫ്രയിം വെച്ച് കാര്യങ്ങള്‍ നടപ്പിലാക്കുകയും ഇത്തരം സര്‍വകലാശാലകള്‍ക്ക് അനുവാദം നല്‍കുകയുമാണ് വേണ്ടത്. അല്ലെങ്കില്‍ ഇത് വീണ്ടും വൈകുകയും കുട്ടികള്‍ക്കുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യും. നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോവാന്‍ അവര്‍ക്ക് മുന്നില്‍ നിരവധി വഴികളുണ്ട്. അത് ഉപയോഗിക്കുക തന്നെ വേണം. പക്ഷെ അത് ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന ചില അഭിപ്രായ പ്രകടനങ്ങള്‍ നിക്ഷേപത്തിനായി മുന്നോട്ട് വരുന്നവരെ പിന്നോട്ടടിപ്പിക്കും. അങ്ങനെയുണ്ടാവരുത്.

  • താങ്കള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായിരിക്കേയായിരുന്നു അന്നത്തെ സംഭവം നടന്നത് -ആ വിദ്യാഭ്യാസ സമ്മേളനത്തിന്റെ ലക്ഷ്യമെന്തായിരുന്നു?
പരമാവധി സ്വകാര്യ സര്‍വകലാശാലകളെ കേരളത്തിലെത്തിക്കുകയെന്നത് തന്നെയായിരുന്നു ലക്ഷ്യം. അക്കാദമിക് സിറ്റിയടക്കമുള്ള കാര്യങ്ങള്‍ അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യ സര്‍വകലാശാലകളില്ലാതെ അക്കാദമിക് സിറ്റിയടക്കമുള്ളവയെ കുറിച്ച് ചിന്തിക്കുന്നതില്‍ കാര്യമില്ല. നമ്മുടെ സംസ്ഥാന യൂണിവേഴിസിറ്റികള്‍കൊണ്ട് മാത്രം കഴിയുന്നതായിരുന്നില്ല ഇത്. നിക്ഷേപകരെ ക്ഷണിച്ചാല്‍ മാത്രമേ നമുക്ക് വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാവുകയുള്ളൂ. അതാണ് ഇപ്പോള്‍ അവര്‍ അംഗീകരിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തുള്‍പ്പടെ നിക്ഷേപത്തിന് തടസ്സമില്ലെന്നാണ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞത്. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

  • അന്ന് അങ്ങനെയൊരു ആക്രമണമുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
പ്രതിഷേധമുണ്ടാവുമെന്ന് വിവരം ലഭിച്ചിരുന്നുവെങ്കിലും അതൊരു ശാരീരിക അക്രമത്തിലേക്ക് പോവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പരിപാടിയില്‍ പ്രതിഷേധമുണ്ടാകുമെന്നും മുഖ്യമന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കരുതെന്നും പോലീസ് വൃത്തങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതുകൊണ്ടാണോയെന്നറിയില്ല, അവര്‍ പങ്കെടുത്തിരുന്നുമില്ല. ഇക്കാര്യം ഉമ്മന്‍ചാണ്ടി എന്റെ പുസ്തകം പ്രകാശനം ചെയ്യുമ്പോള്‍ പറഞ്ഞിരുന്നു. സമ്മേളനത്തിന് മുമ്പ് ഒമ്പത് പഴയ വൈസ് ചാന്‍സിലേഴ്‌സിന്റെ ഒരു പ്രസ്താവനയുണ്ടായിരുന്നു. ആഗോള വിദ്യാഭ്യാസ കോണ്‍ഫറന്‍സ് വിദ്യാഭ്യാസ കച്ചവടമാണെന്നൊക്കെ പറഞ്ഞ്. ഇതിന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. പക്ഷ വി.സിമാരുടെ അന്നത്തെ പ്രസ്താവന വിദ്യാര്‍ഥികളില്‍ കൂടുതല്‍ പ്രകോപനമുണ്ടാക്കുകയാണ് ചെയ്തത്. പത്തിരുന്നൂറ് പേര്‍ അവിടെ ക്യാമ്പ് ചെയ്താണ് അക്രമം അഴിച്ചുവിട്ടത്. അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു.

ടിപി ശ്രീനിവാസൻ.ഫോട്ടോ:PTI

  • കേന്ദ്രം അനുവദിച്ചാല്‍ വിദേശ സര്‍വകലാശാലകള്‍ക്ക് പോലും കേരളത്തില്‍ അനുവാദം നല്‍കാമെന്നാണ് പുതിയ ഇടതു നയം. ഇങ്ങനെയൊരു തീരുമാനമെടുക്കുമ്പോള്‍ ഇടതു സംഘടനകള്‍ താങ്കളോട് മാപ്പ് പറഞ്ഞിട്ട് വേണ്ടേ മുന്നോട്ട് പോവാന്‍ ?
എന്നോട് മാപ്പ് പറയാനുള്ള പക്വതയിലൊന്നും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിയിട്ടില്ല. എന്നാലും കുഴപ്പമില്ല. അവര്‍ക്ക് മനംമാറ്റമുണ്ടായത് തന്നെ ഭാഗ്യം. സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ കേരളത്തിലെത്തുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തന്നെ മാറും. കൊളംബിയ യൂണിവേഴ്‌സിറ്റിയോ, ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയോ തിരുവനന്തപുരത്ത് വന്നെന്നിരിക്കട്ടെ അത് വിദ്യാര്‍ഥികളിലുണ്ടാക്കുന്ന ആത്മവിശ്വാസം എത്രയായിരിക്കും. അത് തുറന്നിടുന്ന തൊഴിലവസരങ്ങള്‍ എത്രയായിരിക്കും. മാത്രമല്ല കൂടുതല്‍ വിദ്യാഭ്യാസ രംഗം കൂടുതല്‍ മത്സരാധിഷ്ഠിതമാവുകയും ചെയ്യും. പണ്ട് നമ്മുടെ ബാങ്കിംഗ് സംവിധാനം എങ്ങനെയായിരുന്നു. ഒരിടപാട് നടത്തണമെങ്കില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കണം, ടോക്കണെടുക്കണം അങ്ങനെയങ്ങനെ തീരാത്ത കടമ്പകളായിരുന്നു. പക്ഷെ സ്വകാര്യ ബാങ്കുകളുടെ രംഗപ്രവേശനം ബാങ്കിംഗ് സംവിധാനത്തെ മാറ്റിമറിച്ചില്ലേ. കയ്യിലൊരു മൊബൈലുണ്ടെങ്കില്‍ ബാങ്കുകള്‍ നമ്മുടെ പോക്കറ്റുകളിലായി മാറി. അല്ലാതെ പിടിച്ച് നില്‍ക്കാനാവില്ലെന്നവര്‍ക്ക് മനസ്സിലായി. അതേ അവസ്ഥയാണ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുമുണ്ടാവുക. നമ്മുടെ സര്‍വകലാശാലകള്‍ക്കൊണ്ട് മാത്രം എത്രകാലം മുന്നോട്ടുപോവാനാവുമെന്നത് ഇപ്പോള്‍ തന്നെ ചര്‍ച്ചയാണ്. ഇതാണ് സ്വകാര്യ സര്‍വകലാശാലയടക്കമുള്ളവര്‍ക്ക് അനുമതി നല്‍കാമെന്ന ധാരണയിലെത്താന്‍ കാരണം.

  • കല്‍പിത പദവി ലഭിക്കുകയും സ്വയം സര്‍വകലാശാലയായി മാറുകയും ചെയ്യുമ്പോള്‍ പണമുള്ളവര്‍ക്ക് മാത്രമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുമെന്ന അവസ്ഥ വരുമോ. ഏത് തരത്തിലുള്ള മാനദണ്ഡമാണ് കൊണ്ടു വരേണ്ടത്?
വിദേശ സര്‍വകലാശാലകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് യു.ജി.സി ഒരു ഡ്രാഫ്റ്റിറക്കിയിട്ടുണ്ട്. അതില്‍ സംവരണം വേണ്ട പകരം മെറിറ്റ് മാത്രം മതി, സ്വന്തം നിലയ്ക്കുള്ള ഫീസ് ഘടന, സ്വന്തം കോഴ്‌സ്ഘടന, പ്രോഫിറ്റ് ഷെയറിംഗ് തുടങ്ങി ഒന്നിനും നിയന്ത്രണമില്ല. പക്ഷെ ഇത് പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരുമ്പോള്‍ കുറേ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. സംവരണമൊക്കെ അനുവദിച്ചില്ലെങ്കിലും സ്‌കോളര്‍ഷിപ്പ് പോലുള്ള കാര്യങ്ങളെങ്കിലും നടപ്പിലാക്കേണ്ടി വരും. അങ്ങനെയെങ്കില്‍ മാത്രമേ പാവപ്പെട്ട വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് പഠനം നടത്താനാവുകയുള്ളൂ. ഞാന്‍ സമര്‍പ്പിച്ച ഒരു ഡ്രാഫ്റ്റില്‍ സ്‌കോളര്‍ഷിപ്പടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ കൃത്യമായ മാനദണ്ഡമുണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ. ഭൂമി പരന്നതാണെന്ന വിശ്വാസം അറിവുണ്ടായപ്പോള്‍ മാറ്റി അതുപോലെ തന്നെ മാറ്റാവുന്നതേയുള്ളൂ സ്വകാര്യ-കല്‍പിത സര്‍വകവാശാലകളോടുള്ള നിലപാടെന്നാണ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ എം.വി ജായരാജന്‍ പറഞ്ഞത്. പക്ഷെ ഇപ്പോഴും ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടര്‍ ഇവിടെയുണ്ട്. അവരെപോലുള്ളവര്‍ ഇനിയും മാറേണ്ടതുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്.


Content Highlights: TP Sreenivasan Interview about private university in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented