കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന പമ്പാനദി. പമ്പാ ത്രിവേണി പാലത്തിനടുത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: കെ.അബൂബക്കർ.
ലഘുമേഘ വിസ്‌ഫോടനം; ശനിയാഴ്ച കോട്ടയം പത്തനംതിട്ട ജില്ലകളിലെ അപ്രതീക്ഷിതമായ ദുരിതപ്പെയ്ത്തിന് കാരണം ഈ പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. വര്‍ഷകാലം കഴിഞ്ഞു ഇനി പ്രളയപ്പേടി വേണ്ടെന്ന് ആശ്വസിച്ചിരിക്കുന്നതിനിടയിലാണ് നിന്നുപെയ്ത ഒറ്റമഴയില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.എസ്.അഭിലാഷ്.കേരളത്തിന്റെ ഭൂപ്രകൃതികൂടി കണക്കിലെടുത്താല്‍ കേരളം കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്കെത്തുന്ന ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറയുന്നു.
ആഗോളതാപനം കേരളത്തിന്റെ കാലാവസ്ഥയെ എത്രത്തോളം പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്?
ആഗോള താപനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍ ദൃശ്യമായി തുടങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ പതിറ്റാണ്ടിലെ കേരളത്തിലെ അതിതീവ്ര കാലാവസ്ഥാ എടുത്ത് പരിശോധിച്ചാല്‍ വ്യക്തമാകും. കഴിഞ്ഞ ഒരു ആറുവര്‍ഷം, 2016 മുതലിങ്ങോട്ട് പരിശോധിച്ച് കഴിഞ്ഞാല്‍ 2016, കേരളം കണ്ട ഏറ്റവും വലിയ വരള്‍ച്ചാ വര്‍ഷമായിരുന്നു. നൂറുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ച വര്‍ഷമായിരുന്നു അത്. വലിയ വരള്‍ച്ചാ കാലഘട്ടത്തിലൂടെ കടന്നുപോയതോടെ നമ്മള്‍ ജലസംരക്ഷണ മാര്‍ഗങ്ങളിലേക്കും മഴക്കുഴികളിലേക്കുമെല്ലാം തിരിഞ്ഞു. ഇപ്പോള്‍ അന്ന് കുഴിച്ച കുഴിയിലെല്ലാം വലിയതോതില്‍ വെള്ളം നിറഞ്ഞ് വലിയ പ്രശ്‌നമാകുന്ന സ്ഥിതിയാണ്. ഇന്നലെ വലിയൊരു മഴസംഭരണി ഒലിച്ചുപോകുന്നത് നാം ടെലിവിഷനില്‍ കണ്ടതാണ്, അത്തരം അവസ്ഥയിലേക്ക് നമ്മള്‍ മാറി.
2016-ല്‍ വരള്‍ച്ചയായിരുന്നുവെങ്കില്‍ 2017-ല്‍ ഓഖിയായിരുന്നു.കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ അറബിക്കലില്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ അത് കേരള തീരത്തിന് ഏറ്റവും അടുത്തെത്തിയത് ഓഖിയുടെ രൂപത്തിലാണ്. കേരള തീരത്തിന് സമീപത്തിലൂടെ ഇത്തരം ചുഴലിക്കാറ്റുകള്‍ എല്ലാവര്‍ഷവും കടന്നുപോകുന്നത് അതിനുശേഷം പതിവായി മാറി. ആദ്യമെല്ലാം കിഴക്കന്‍ തീരപ്രദേശങ്ങളിലാണ് കൂടുതല്‍ ഭീഷണി നിലനിന്നിരുന്നതെങ്കില്‍ പടിഞ്ഞാറന്‍ തീരപ്രദേശത്തേക്ക്, കേരളത്തിന്റെ സമീപത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുന്നുവെന്നുളള ഒരു സ്ഥിതിവിശേഷത്തിലേക്ക് അറബിക്കടലും മാറിയിരിക്കുകയാണ്. ഈ വര്‍ഷമായാലും മണ്‍സൂണിന്റെ തുടക്കത്തില്‍ ഉണ്ടായ ചുഴലിക്കാറ്റ് കേരളത്തിന്റെ തീരപ്രദേശം മുഴുവന്‍ വലിയ പ്രശ്‌നങ്ങള്‍ വിതച്ചാണ് കടന്നുപോയത്.
നാം വരള്‍ച്ചയെയും ചുഴലിക്കാറ്റിനെപ്പറ്റിയും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് 2018-ല്‍ പൊടുന്നനെ കേരളത്തെ മുഴുവന്‍ മുക്കിക്കളയുന്ന പ്രളയം ഉണ്ടാകുന്നത്. 2018-ല്‍ നാം പറഞ്ഞത് നൂറ്റാണ്ടിലുണ്ടാകുന്ന പ്രളയം എന്നാണ്. ഇനി നൂറുവര്‍ഷം കൂടിക്കഴിഞ്ഞാലേ അത്തരം പ്രളയം ഉണ്ടാകൂ എന്ന് പറഞ്ഞിരിക്കുമ്പോള്‍ തൊട്ടടുത്തവര്‍ഷം വടക്കന്‍ കേരളത്തില്‍ പ്രളയമുണ്ടായി. ഇത്തവണ മണ്‍സൂണ്‍ സേഫായി കടന്നുപോയി എന്ന് ചിന്തയിലിരിക്കുന്ന സമയത്താണ് നിനച്ചിരിക്കാതെ പേമാരിയുണ്ടാകുന്നതും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതും. കേരളത്തിലെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തെ മഴക്കാലം പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും.
അനുഗ്രഹീതമായ കാലാവസ്ഥയായിരുന്നു കേരളത്തിന്റേത്. സുരക്ഷിതമായ കാലാവസ്ഥ നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നാണോ?
കേരളത്തിന്റെ സവിശേഷത എന്നുപറയുന്നത് അനുഗ്രഹീതമായിട്ടുളള കാലാവസ്ഥയാണ്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതയാണ് അതിന് കാരണം. എന്നാല്‍ ഭൂപ്രകൃതിതന്നെയാണ് നമ്മുടെ വെല്ലുവിളി. അങ്ങനെ പറയാന്‍ കാരണം കേരളം 700 കിലോമീറ്റര്‍ നീളത്തില്‍ 100 മുതല്‍ 50 കിലോമീറ്റര്‍ വീതിയില്‍ കിടക്കുന്ന ചെറിയൊരു സംസ്ഥാനമാണ്. ഇങ്ങനെ നൂലുപോലെ നീണ്ടുകിടക്കുന്ന മറ്റൊരു ഇന്ത്യന്‍ സംസ്ഥാനമില്ല. അതിവിശാലമായ ജൈവസമ്പത്തും ജൈവ വൈവിധ്യവുമെല്ലാം ഒക്കെയുളള ഭൂപ്രദേശമാണ് കേരളം.
കിഴക്ക് പശ്ചിമഘട്ട മലനിരയാണ്. Proximtiy to sea, അതായത് പടിഞ്ഞാറ് അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്നു കേരളം എന്നുളളതാണ് മറ്റൊരു സങ്കീര്‍ണത. കാരണം അറബിക്കടല്‍ ദ്രുതഗതിയില്‍ ചൂടായിക്കൊണ്ടിരിക്കുകയാണ്. മറ്റുസമുദ്രതടങ്ങള്‍ ചൂടാകുന്നത് നൂറുവര്‍ഷത്തില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിന് താഴെയാണെങ്കില്‍ അറബിക്കടല്‍ ഒരു ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇതിന്റെ ഫലമായിട്ട് ബാഷ്പീകരണ തോത് ഉയരുന്നു. അങ്ങനെ കൂടുതല്‍ നീരാവി അന്തരീക്ഷത്തില്‍ എത്തിച്ചേരുന്നു, മണ്‍സൂണ്‍ കാറ്റ് ആ നീരാവിയെ കേരളത്തിലേക്ക് വലിച്ചുകൊണ്ടുവരുന്നു. പശ്ചിമഘട്ട മലനിരകളുളളതിനാല്‍ അത് പുറത്തേക്ക് പോകാതെ ഇവിടെ തന്നെ തങ്ങി നില്‍ക്കുന്നതിന് കാരണമാവുകയാണ്. കൂടുതലായുളള ആ നീരാവി പേമാരിയായി മാറുകയാണ്. കേരളത്തിന്റെ ഭൂപ്രകൃതിയാണ് കേരളത്തിലെ കാലാവസ്ഥയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.
ആഗോള താപനത്തിന്റെ ഭാഗമായിട്ട് നമുക്കറിയാം സമുദ്ര ഉപരിതല താപനില 1 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുന്നതിന്റെ ഫലമായിട്ട് ഏഴുശതമാനം നീരാവിയാണ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നത്. ഇത്രയും കൂടുതല്‍ നീരാവിയാണ് ഒരു പ്രത്യേക സ്ഥലത്ത് മാത്രമായി പെയ്യുമ്പോള്‍ കൂടുതല്‍ മഴയായിട്ട് മാറുന്നത്. ഇത്തരത്തില്‍ അതിതീവ്ര മഴയ്ക്കുളള സാധ്യതയാണ് നമ്മുടെ ഭാവിയെ കാത്തിരിക്കുന്നത്. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതി തന്നെയാണ് കേരളത്തിന്റെ കാലാവസ്ഥയെ ഇത്ര സങ്കീര്‍ണമാക്കുന്നതെന്ന് ചുരുക്കം. ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകമായ കേരളത്തിന്റെ ഭൂപ്രകൃതി കണക്കിലെടുത്താല്‍ കേരളം ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്ക് പോകുന്ന ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.

തെക്കന്‍ കേരളത്തെ പ്രളയത്തിലാഴ്ത്തിയ കനത്ത മഴയ്ക്ക് പിന്നില്‍ ലഘു മേഘവിസ്‌ഫോടനം എന്ന പ്രതിഭാസമാണെന്നാണല്ലോ പറയുന്നത്. എന്താണ് ലഘു മേഘവിസ്‌ഫോടനം, ഇത് എത്രത്തോളം നാശംവിതയ്ക്കാന്‍ ശേഷിയുളളതാണ്?
2018-ലെ പ്രളയം എന്നുപറയുമ്പോള്‍ മെയ് മാസം മുതല്‍ മഴ കൂടി. ജൂണില്‍ കൂടി, ജൂലായില്‍ കൂടി ഒടുവില്‍ ഓഗസ്റ്റില്‍ വലിയൊരു പെയ്ത്തിലൂടെ കേരളത്തെ മുക്കുന്ന തരത്തില്‍ വലിയൊരു പ്രളയം ഉണ്ടായി. 2018-ല്‍ ഉണ്ടായ പ്രളയത്തേക്കാള്‍ നമുക്ക് ഭീഷണി ഉയര്‍ത്തുന്നത് 2019ലും 2021ലും ഉണ്ടായ പോലത്തെ മഴയാണ്. ഒരു ദിവസം 24 സെന്റീമീറ്ററിന് മുകളില്‍ മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.അതിതീവ്രമഴയെന്ന് പറയുമ്പോഴും മഴ എപ്പോള്‍ ലഭിക്കുന്നു എന്നുളളത് പ്രധാനമാണ്. ഈ 24 സെന്റീമീറ്റര്‍ മഴ ഒരു മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ വെച്ച് ലഭിക്കുകയാണെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ ഈ 24 സെന്റീമീറ്റര്‍ മഴ ഒന്നുരണ്ടുമണിക്കൂറിലേക്ക് കേന്ദ്രീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ അത് വലിയ ഭീഷണിയാണ്. കേരളം പോലുളള അതീവ പരിസ്ഥിതി ലോലമായിട്ടുളള പ്രദേശത്ത്, മലഞ്ചെരിവുകളില്‍ എല്ലാം ഇത് വന്‍നാശമാണ് ഉണ്ടാക്കുക.
ഒരു മണിക്കൂറില്‍ 10 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നതിനെയാണ് മേഘവിസ്‌ഫോടനം എന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് പറയുന്നത്. പക്ഷേ ഇങ്ങനെയുളള മഴ കൂടുതലായും ഹിമാലയന്‍ ഫൂട്ഹില്‍സിലും മധ്യഇന്ത്യയിലുമാണ് കാണുന്നത് കേരളത്തില്‍ അടുത്തകാലത്തൊന്നും ചരിത്രത്തില്‍ മണിക്കൂറില്‍ 10 സെന്റീമീറ്റര്‍ പെയ്യുന്ന മഴ ലഭിച്ചിട്ടില്ല. ഭാവിയില്‍ സംജാതമാകാം. എന്നാലും അതിനേക്കാള്‍ കുറച്ചുകൂടി തീവ്രത കുറഞ്ഞ രണ്ടുമണിക്കൂറില്‍ അഞ്ചുസെന്റീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന അവസ്ഥ അത് കേരളത്തെ സംബന്ധിച്ച് വലിയ ഭീഷണിയാണ്. അതിനെയാണ് നാം ലഘുമേഘവിസ്‌ഫോടനം എന്ന് ക്ലാസിഫൈ ചെയ്യുന്നത്. ഈ സമയത്ത് ഉണ്ടാകുന്ന മേഘങ്ങളുടെ ഘടനയിലും വലിയ മാറ്റങ്ങള്‍ ഉണ്ട്. ആ സമയത്ത് കൂമ്പാര മേഘങ്ങളായിരിക്കും കൂടുതല്‍ ഉണ്ടാകുന്നത്. ഇടിമിന്നല്‍ ഉണ്ടാകും. അത്തരം കട്ടിയായ മേഘങ്ങളില്‍ നിന്ന് കൂടുതല്‍ മഴയുണ്ടാകും. ശനിയാഴ്ച നോക്കിക്കഴിഞ്ഞാല്‍ കേരളം മുഴുവന്‍ മേഘാവൃതമായിരുന്നു. സാറ്റ്‌ലൈറ്റ് ഇമേജിലൂടെ കേരളം കാണാന്‍ കഴിയാത്ത തരത്തില്‍ മേഘാവൃതമായിരുന്നു തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള ജില്ലകള്‍. പക്ഷേ ഈ ഒരു മഴ പെയ്തത് പ്രത്യേകമേഖല കേന്ദ്രീകരിച്ചാണ്.
ഒരു മേഘക്കൂട്ടത്തില്‍ പലതരം മേഘങ്ങള്‍ ഇതില്‍ ഉള്‍ക്കൊളളുന്നുണ്ടാകും. ഉളളില്‍ കൂമ്പാരമേഘങ്ങള്‍ ഉണ്ടാകാനുളള സാധ്യത മലയോര മേഖലകള്‍ കേന്ദ്രീകരിച്ചാണ്. പക്ഷേ അത് എവിടെ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. ഇത്തരം കൂമ്പാര മേഘങ്ങള്‍ ഉണ്ടാകുന്നത് മലയോര മേഖലകളെ കേന്ദ്രീകരിച്ചാണ്. കവളപ്പാറയില്‍ സംഭവിച്ചത് അതാണ്, ഇന്നലെ ഇടുക്കി കോട്ടയം ജില്ലയുടെ പലഭാഗങ്ങളില്‍ സംഭവിച്ചതും അതാണ്. ഇത്തരം കൂമ്പാര മേഘങ്ങള്‍ അവിടെ കേന്ദ്രീകരിക്കപ്പെടുകയും അവിടം കേന്ദ്രീകരിച്ച് രണ്ടുമണിക്കൂറില്‍ അഞ്ചുസെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുകയും ചെയ്യുന്നു. ഇത്തരം മഴ ഒരു മിന്നല്‍ പ്രളയ(Flash Flood)ത്തിലേക്ക് നയിക്കും. അതാണ് ഇന്നലെ സംഭവിച്ചത്. നമ്മളുടെ മേഖലകളെ സംബന്ധിച്ച് രണ്ടുമണിക്കൂറില്‍ അഞ്ചുസെന്റീമീറ്റര്‍ മഴ ലഭിച്ചാല്‍ പോലും ഇത്തരം ചെങ്കുത്തായിട്ടുളള, പരിസ്ഥിതി ലോലമായിട്ടുളള പ്രദേശങ്ങളില്‍ വളരെയധികം നാശനഷ്ടങ്ങള്‍ വരുത്താന്‍ സാധ്യത ഉളളതുകൊണ്ട് അതിനെ മുന്‍കൂട്ടികണ്ട് നടത്തിയ ക്ലാസിഫിക്കേഷനാണ് ലഘുമേഘവിസ്‌ഫോടനം.
ലഘു മേഘവിസ്‌ഫോടനത്തിനെതിരേ നമുക്ക് എങ്ങനെയാണ് പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുക?
കേരളം മുഴുവന്‍ മേഘങ്ങള്‍ ഉണ്ടെങ്കിലും ഇത്തരം മേഘ രൂപീകരണം ഏതുഭാഗത്ത്,ഏത് ലൊക്കേഷനില്‍ ഉണ്ടാകുമെന്നൊന്നും നമുക്ക് ഒരു ദിവസം മുമ്പേ പറയാന്‍ സാധിക്കില്ല. റഡാര്‍ ഇമേജിലൂടെ, സാറ്റ്‌ലൈറ്റ് ഇമേജിലൂടെ നൗകാസ്റ്റിലൂടെ മൂന്നുമണിക്കൂറിനുളളില്‍ ഈ സ്ഥലത്ത് ഈ ഒരു മേഘരൂപീകരണം ഉണ്ടാകും എന്നേ പറയാനാകൂ. ആ മൂന്നുമണിക്കൂറിനുളളില്‍ പ്രദേശത്തെ ആള്‍ക്കാര്‍ക്ക് റെസ്‌പോണ്‍സ് ചെയ്യാനുളള സമയമേ ഉണ്ടാകൂ.. ഇത്തരം അതീവ പരിസ്ഥിതിലോല പ്രദേശങ്ങള്‍ കണ്ടെത്തി, മേഘവിസ്‌ഫോടനം പോലുളള ഈവന്റ് ഉണ്ടായാല്‍ ഇവിടെയുളള ആള്‍ക്കാരെ ഏറ്റവും ചുരുങ്ങിയ സമയത്തിനുളളില്‍ അവിടെ നിന്ന് മാറ്റാനുളള സംവിധാനങ്ങളാണ് ഉണ്ടാകേണ്ടത്. ശക്തമായ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ റേഡിയോ, ടിവി എന്നിവ ലഭ്യമാകണമെന്നില്ല, അപ്പോള്‍ വയര്‍ലെസ്സ് സംവിധാനങ്ങള്‍, ഹാം റേഡിയോ പോലുളള സംവിധാനങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറാന്‍ സാധിക്കണം. മൂന്നുമണിക്കൂറിനുളളില്‍ വിവരം നല്‍കി അവരെ മാറ്റിപ്പാര്‍പ്പിക്കുന്ന തരത്തിലേക്ക് ദുരന്ത നിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടണം. മാറുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതാണ് നാം ചെയ്യേണ്ടത്.

പ്രളയം ഇനിയുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു നാം, തുലാവര്‍ഷം വരുന്നേയുളളൂ..അതിനിടയിലാണ് അപ്രതീക്ഷിതമായി കനത്തമഴ തെക്കന്‍ കേരളത്തെ മുക്കിക്കളഞ്ഞത്. മഴക്കാലം കഴിഞ്ഞു എന്നോര്‍ത്ത് ആശ്വസിക്കാന്‍ കഴിയില്ലെന്നാണോ മനസ്സിലാക്കേണ്ടത്?
പ്രത്യേകമായ ഭൂപ്രകൃതി അനുസരിച്ച് ജനുവരി, ഫെബ്രുവരി ഒഴിച്ച് ബാക്കി എല്ലാ മാസത്തിലും മഴ ലഭിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. അതാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുന്നത്. ഇത്രയും വലിയ ജൈവവൈവിധ്യം ഉണ്ടാകാനുളള കാരണവും അതുതന്നെയാണ്. നേരത്തേ പറഞ്ഞതുപോലെ അതുതന്നെയാണ് വെല്ലുവിളിയായിട്ട് വരുന്നതും. 10 മാസവും മഴ ലഭിക്കുന്ന സ്ഥലമായതുകൊണ്ട് ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്തുമാസവും അതിതീവ്ര കാലാവസ്ഥ പ്രതീക്ഷിക്കാം എന്നാണ് നാം മനസ്സിലാക്കേണ്ടത്.
സെപ്റ്റംബറോടെ സാങ്കേതികമായി മണ്‍സൂണ്‍ അവസാനിച്ചു. എന്നാല്‍ മണ്‍സൂണ്‍ കേരളത്തില്‍ നിന്ന് പിന്‍വാങ്ങുന്നത് അതിനുശേഷമാണ്. തുലാവര്‍ഷം വരുന്നത് ഒക്ടോബര്‍ 15-20 ന് ശേഷമാണ് അതിനിടയിലുളള കാലഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്ന് പറയുമ്പോള്‍ നമുക്ക് പ്രത്യേകം സമയം എന്നൊന്നുമില്ല, എപ്പോള്‍ വേണമെങ്കിലും ഏതുസമയത്തും ഇങ്ങനെയുളള ലഘുമേഘവിസ്‌ഫോടനം പോലുളള സംഭവങ്ങള്‍ ഉണ്ടാകാം.അറബിക്കടലില്‍ ന്യൂനമര്‍ദം കൂടിക്കൂടി വരികയാണ്, ചുഴലിക്കാറ്റും കൂടി വരികയാണ്. അതിനാല്‍ ഏതുസമയത്തും കേരളത്തില്‍ ഇത് പ്രതീക്ഷിക്കാം അതിന് അനുസരിച്ചുളള പ്രതിരോധ നടപടികളാണ് നമ്മള്‍ സ്വീകരിക്കേണ്ടത്.
അടിക്കടി ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും അഭിമുഖീകരിക്കുകയാണ് നാം
ആഗോളതാപനത്തിന്റെ ഫലമായിട്ട് അന്തരീക്ഷവും കരയും ചൂടാവുന്നതിന് അനുസരിച്ച് സമുദ്രതടവും ചൂടായിക്കൊണ്ടിരിക്കുകയാണ്. മറ്റുസമുദ്രങ്ങളായിട്ടുളള പസഫിക്കും അറ്റ്‌ലാന്റിക്കും ചൂടാവുന്നതിനേക്കാള്‍ ദ്രുതഗതിയിലാണ് അറബിക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ചൂടാകുന്നത്. അത് ചുഴലിക്കാറ്റുകളുടെ തീവ്രത, എണ്ണം കൂട്ടിയില്ലെങ്കില്‍ കൂടി വര്‍ധിപ്പിക്കുന്നു.(അറബിക്കടലില്‍ ചുഴലിക്കാറ്റിന്റെ എണ്ണവും കൂടുന്നുണ്ട്) ഇത് ആഗോളതാപനത്തിന്റെ മറ്റൊരു പ്രതികരണമാണ്.
കേരളത്തില്‍ ഈ വര്‍ഷം പ്രളയത്തിന് സാധ്യതയുണ്ടോ?
പ്രളയത്തെ മുന്‍കൂട്ടി പ്രവചിക്കാനാവില്ല. യുകെയിലും യൂറോപ്പിലും വലിയ കാലാവസ്ഥാ സംവിധാനങ്ങള്‍ ഉളളതാണ്. ജര്‍മനിയില്‍ പ്രളയം വന്നിട്ട് എത്രയോ വലിയ നാശനഷ്ടമാണ് ഉണ്ടായത്. സാങ്കേതികമായി നാം അത്ര വളര്‍ന്നിട്ടില്ല. അനിശ്ചിതത്വം ഉണ്ട്. മൂന്നുമണിക്കൂറിനുമുമ്പേ ഇന്നലെയുണ്ടായതുപോലുളള കാലാവസ്ഥയെ കുറിച്ച് പ്രവചിക്കാന്‍ സാധിക്കൂ..അത് ഒരു വശമാണ്, പക്ഷേ മാറി നില്‍ക്കാന്‍ പറ്റില്ല. ഇത്തരം സംഭവങ്ങളുണ്ടാകാനുളള സാധ്യതകളുണ്ട്. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ എവിടെയെല്ലാം ദുരന്ത സാധ്യതകളുണ്ട് എന്ന് മനസ്സിലാക്കി മുന്നൊരുക്കങ്ങള്‍ നടത്തുക. ലഘു മേഘവിസ്‌ഫോടനങ്ങളെയും ചുഴലിക്കൊടുങ്കാറ്റുകളെയും തടയാന്‍ നമുക്ക് സാധിക്കില്ല. അതിനനുസരിച്ച് നമ്മള്‍ മാറുക. പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നമുക്ക് ചെയ്യാന്‍ സാധിക്കൂ..
Content Highlights: Smaller cloud burst phenomenon, heavy rain in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..