സീതാറാം യെച്ചൂരി | ഫോട്ടോ: സാബു സ്‌കറിയ
ഏപ്രിലില്‍ കണ്ണൂര്‍ വേദിയാവുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിനു തയ്യാറെടുക്കുകയാണ് സി.പി.എം. പാര്‍ട്ടിയുടെ നയം പ്രഖ്യാപിച്ച് കരടുരാഷ്ട്രീയപ്രമേയവും പുറത്തിറക്കിക്കഴിഞ്ഞു. ബി.ജെ.പി.യെ അധികാരത്തില്‍നിന്നു താഴെയിറക്കുക എന്നതുതന്നെയാണ് പ്രഖ്യാപിതലക്ഷ്യം. ഇതിനായി ഇടതുജനാധിപത്യ പരിപാടിയും നിര്‍ദേശിക്കുന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ ഐക്യത്തിനും ആഹ്വാനംചെയ്യുന്നു. കര്‍ഷകസമരത്തിന്റെ അനുഭവപാഠത്തില്‍ പാര്‍ട്ടിയെ സമരോത്സുകമാക്കുകയാണ് പ്രമേയത്തിന്റെ കാതല്‍
എന്താണ് കരടുരാഷ്ട്രീയപ്രമേയത്തിന്റെ രാഷ്ട്രീയപ്രാധാന്യം
രാജ്യത്തെ വര്‍ത്തമാനസാഹചര്യം വ്യക്തമായി തിരിച്ചറിയുന്നു എന്നതാണ് കരടുപ്രമേയത്തിന്റെ രാഷ്ട്രീയപ്രസക്തി. ഇന്ത്യന്‍ ഭരണഘടനയുടെ മതേതരജനാധിപത്യസ്വഭാവം സംരക്ഷിക്കുക, ബി.ജെ.പി.യെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രഥമദൗത്യം. അതിനായി സി.പി.എം. സ്വന്തമായും അതിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷവും ശക്തിപ്പെടണം. ജനകീയപ്രക്ഷോഭങ്ങള്‍ ഏറ്റെടുത്ത് ഇടതുജനാധിപത്യഐക്യം വാര്‍ത്തെടുക്കുകയും തുടര്‍ന്ന്, എല്ലാ മതേതരശക്തികളുടെയും വിശാലമായ ചേരി കെട്ടിപ്പടുത്ത് ബി.ജെ.പി.യെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം നിറവേറ്റുകയും ചെയ്യണം. രാജ്യത്തിന്റെ താത്പര്യം മുന്‍നിര്‍ത്തി ബി.ജെ.പി.യെ പരാജയപ്പെടുത്താനുള്ള ലക്ഷ്യംതന്നെയാണ് കരടു രാഷ്ട്രീയപ്രമേയത്തിന്റെ പ്രാധാന്യം.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്നു വ്യത്യസ്തമായി, ബി.ജെ.പി. സര്‍ക്കാരിന് ഫാസിസ്റ്റ് മുഖമാണെന്ന് ഇത്തവണ പ്രമേയം വിലയിരുത്തുന്നു. എന്താണിതിനു കാരണം
ഒന്നാം മോദി സര്‍ക്കാരിലും 2019-നുശേഷവും രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങള്‍ നടക്കുന്നു. 2019-ലെ തിരഞ്ഞെടുപ്പു കഴിഞ്ഞയുടന്‍ ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മുകശ്മീരിനെ വിഭജിച്ചു. ഭരണഘടനയിലെ 370-ാം വകുപ്പും 35 എ-യും റദ്ദാക്കി. ഇത് ആര്‍.എസ്.എസിന്റെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. അതിനുശേഷം മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പൗരത്വനിയമഭേദഗതി നടപ്പാക്കി. തുടര്‍ന്ന്, സുപ്രീംകോടതിയില്‍ അയോധ്യാകേസില്‍ വിധിവന്നു. ക്ഷേത്രം നിര്‍മിക്കാന്‍ പൊതുട്രസ്റ്റ് രൂപവത്കരിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ലംഘിച്ച് ആ ചുമതല സര്‍ക്കാര്‍തന്നെ ഏറ്റെടുത്തു. ഇതും ആര്‍.എസ്.എസിന്റെ മുഖ്യ അജന്‍ഡയായിരുന്നു. ഇങ്ങനെ, രാജ്യത്ത് വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാന്‍ ഫാസിസ്റ്റ് രീതികള്‍ നടപ്പാക്കിയതിനു പുറമേ, ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളിലും ബി.ജെ.പി. കടന്നാക്രമണം നടത്തുന്നു.
യു.എ.പി.എ.യും രാജ്യദ്രോഹക്കേസുകളുമൊക്കെ ഉദാഹരണങ്ങളായി കാണാം. ഇതിനെല്ലാം പുറമേ, വന്‍തോതിലുള്ള സ്വകാര്യവത്കരണം, പൊതുമുതല്‍ കൊള്ളയടിക്കല്‍, തൊഴില്‍നിയമങ്ങള്‍ റദ്ദാക്കല്‍, കാര്‍ഷികരംഗത്തുള്ള കടന്നാക്രമണം തുടങ്ങിയ നവ ഉദാരീകരണനയങ്ങള്‍ അതിവേഗം നടപ്പാക്കുന്നു. ആര്‍.എസ്.എസിന്റെ സമഗ്രമായ പാക്കേജാണ് ഇതൊക്കെ. ഇന്ത്യയുടെ ജനാധിപത്യ മതേതര റിപ്പബ്ലിക്കിനെ ഫാസിസോന്മുഖ ഹിന്ദുത്വരാഷ്ട്രമാക്കിമാറ്റുക എന്ന ആര്‍.എസ്.എസിന്റെ പ്രഖ്യാപിതലക്ഷ്യം നിറവേറ്റാനാണ് ശ്രമം. അതുകൊണ്ടാണ് മോദി സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് അജന്‍ഡ നിറവേറ്റുന്നെന്ന് ഞങ്ങളുടെ വിമര്‍ശനം.
രാഷ്ട്രീയപ്രമേയത്തില്‍ ഇടതുജനാധിപത്യ പരിപാടി നിര്‍ദേശിക്കുന്നു. എന്താണതിന്റെ കാതല്‍
ഭരണവര്‍ഗത്തിനും അവരുടെ നയങ്ങള്‍ക്കുമുള്ള ബദലാണ് ഇടതുജനാധിപത്യപരിപാടി. ജനങ്ങളുടെ സ്വത്തായ പൊതുമുതല്‍ സംരക്ഷിക്കുകയെന്നതാണ് ഇതിന്റെ കാതല്‍. പൊതുമേഖല പ്രതിരോധിക്കല്‍, തൊഴില്‍നിയമങ്ങളടക്കം തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണം, കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സംരക്ഷണം തുടങ്ങിയവയൊക്കെ ഉള്‍പ്പെടും. ഇന്ത്യ മുന്നോട്ടുപോവാന്‍ വേണ്ടത്, വിദേശമൂലധനത്തിന്റെ ജൂനിയര്‍ പങ്കാളിയാവുകയല്ല. പകരം, പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയവ പരിഹരിച്ചും ജനങ്ങളുടെ ജീവനോപാധി മെച്ചപ്പെടുത്തിയും സ്വതന്ത്രവും സുസ്ഥിരവുമായി വളരുക എന്നതാണ്. ഇതാണ് ഇടതുജനാധിപത്യ പരിപാടിയുടെ കാതല്‍. ഇതൊരു നയപരമായ ബദലാണ്.
പാര്‍ലമെന്റില്‍ ശക്തിയില്ലെങ്കില്‍ക്കൂടിയും ഞങ്ങളുടെ ഈ ബദല്‍നയങ്ങളോട് ജനങ്ങള്‍ പ്രതികരിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ തൊഴിലാളികളുടെ ദേശീയ പണിമുടക്ക് രാജ്യം കണ്ടു. കര്‍ഷകസമൂഹം മുഴുവന്‍ ഇടതുപക്ഷത്തിനുപിന്നില്‍ അണിനിരന്ന് നാസിക്ക് മുതല്‍ മുംബൈവരെ ലോങ് മാര്‍ച്ച് നടന്നു. അത് പിന്നീട് കാര്‍ഷികനിയമങ്ങള്‍ക്കെതിരേയുള്ള വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചു. ജനപങ്കാളിത്തത്തിലുള്ള വിശ്വാസയോഗ്യമായ ബദലാണ് ഇടതുജനാധിപത്യപരിപാടി. ഉദാഹരണത്തിന് കാര്‍ഷികനിയമങ്ങള്‍. ഉത്പാദനം വര്‍ധിപ്പിക്കാന്‍ കാര്‍ഷികരംഗം തകര്‍ക്കുകയല്ല, ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് ഞങ്ങള്‍ പറയുന്നു. അതെങ്ങനെയാണ്? സഹകരണാടിസ്ഥാനത്തിലുള്ള കാര്‍ഷികോത്പാദനം നടക്കണം. സഹകരണസ്ഥാപനങ്ങള്‍ കേവലം ധനകാര്യസ്ഥാപനങ്ങള്‍ മാത്രമായി പ്രവര്‍ത്തിച്ചാല്‍ പോരാ. അവ ഉത്പാദനത്തിലും വിപണനത്തിലുമൊക്കെ പങ്കാളിയായാല്‍ മാത്രമേ കാര്‍ഷികരംഗം ശക്തിപ്പെടൂ. ഇതിന് സഹകരണമേഖലയും ശക്തിപ്പെടുത്തണം. ഇതാണ് ഇന്ത്യന്‍ കാര്‍ഷികമേഖലയെ സംരക്ഷിക്കാനുള്ള വഴി. അതാണ് സാധ്യമായ ജനകീയബദല്‍.
ഒരു സംസ്ഥാനത്ത് ചുരുങ്ങിയെങ്കിലുമുള്ള ഇടതുപ്രത്യയശാസ്ത്രം അപകടകരമാണെന്ന് പ്രധാനമന്ത്രി
ഇടതുപക്ഷത്തിന്റെ പാര്‍ലമെന്ററി സാന്നിധ്യം ചെറുതായിരിക്കാം. പക്ഷേ, മതേതരജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇടതുപക്ഷമാണ് മുന്നില്‍. ഫാസിസോന്മുഖ ഹിന്ദുത്വ അജന്‍ഡ നേരിടാന്‍ പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ഇടതുപക്ഷത്തിനാണ് ശേഷി. അതാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് ഒരു കാരണം. ബി.ജെ.പി.ക്കെതിരേ വലിയതോതിലുള്ള ബഹുജനപ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുന്ന രാഷ്ട്രീയശക്തി ഇടതുപക്ഷമാണെന്നതാണ് മറ്റൊരു കാരണം.
എന്താണ് സി.പി.എമ്മിനും ഇടതുപക്ഷത്തിനും കര്‍ഷകപ്രക്ഷോഭത്തില്‍നിന്നുള്ള പാഠം
ഇതുവരെ വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തില്‍ ഭൂവുടമകളും ഭരണവര്‍ഗവും ഒന്നിച്ചായിരുന്നു. ഇവരെ പിന്തുണയ്ക്കുന്നവരായിരുന്നു ധനികകര്‍ഷകരും മറ്റു വിഭാഗങ്ങളും. ഇപ്പോള്‍ ഇവരെല്ലാം വന്‍കിട ബൂര്‍ഷ്വാസിക്കെതിരേ നില്‍ക്കുന്നതുകാണാം. അദാനിയും അംബാനിയും വന്‍കിട ബൂര്‍ഷ്വാസിയാണ്. കാര്‍ഷികനിയമങ്ങള്‍ അവര്‍ക്കു കൂടുതല്‍ ലാഭമുണ്ടാക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ദരിദ്രകര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമൊപ്പം കര്‍ഷകസമൂഹമാകെ വന്‍കിട ബൂര്‍ഷ്വാസിക്കെതിരേ അണിനിരന്നു. ഇങ്ങനെ, വന്‍കിട ബൂര്‍ഷ്വാസിയും ഇതര ബൂര്‍ഷ്വാസികളും തമ്മിലുള്ള വൈരുധ്യം മൂര്‍ച്ഛിച്ചതായി കാണാം. മോദി സര്‍ക്കാരിന്റെ നയങ്ങള്‍ ബൂര്‍ഷ്വാസികളില്‍ വലിയൊരു വിഭാഗത്തെ സാരമായി ബാധിച്ചു.
അനൗദ്യോഗികമേഖല അഥവാ ചെറുകിട ഇടത്തരം ബൂര്‍ഷ്വാസികളുടെ പ്രവര്‍ത്തനരംഗമായ ചെറുകിട ഇടത്തരം വ്യവസായമേഖല പാടേ തകര്‍ന്നു. ഗുണഫലം കിട്ടിയതു മുഴുവന്‍ വന്‍കിട ബൂര്‍ഷ്വാസിക്കായിരുന്നു. അങ്ങനെയും ഈ ബൂര്‍ഷ്വാസികള്‍ക്കിടയില്‍ വൈരുധ്യം പ്രകടമായി. കേന്ദ്രഭരണകൂടവും സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള പ്രാദേശിക പാര്‍ട്ടികളും തമ്മിലുള്ളതാണ് മൂന്നാമത്തെ വൈരുധ്യം. മോദി സര്‍ക്കാരിന്റെ സമീപനമാണ് ഇതിനു കാരണം. പാര്‍ലമെന്റില്‍ കേന്ദ്രത്തെ പിന്തുണയ്ക്കാന്‍ പല പ്രാദേശിക പാര്‍ട്ടികളും താത്പര്യപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറുകയാണ് മോദി സര്‍ക്കാര്‍. ഉദാഹരണത്തിന്, വിദ്യാഭ്യാസം പൊതുപട്ടികയിലുള്ള വിഷയമാണെങ്കിലും സംസ്ഥാനങ്ങളുമായി മതിയായ ചര്‍ച്ചനടത്താതെ പുതിയ വിദ്യാഭ്യാസനയം കേന്ദ്രം നടപ്പാക്കി. സംസ്ഥാന പട്ടികയിലുള്ള സഹകരണമേഖലയ്ക്കായി അമിത് ഷായുടെ ചുമതലയില്‍ പ്രത്യേക മന്ത്രാലയമുണ്ടാക്കി. ജി.എസ്.ടി. നഷ്ടപരിഹാരം മുഴുവനായി നല്‍കുന്നില്ല. സ്വന്തം സ്രോതസ്സുകളിലൂടെയും സ്വതന്ത്രമായും വരുമാനമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കുന്നില്ല. അവര്‍ക്ക് കേന്ദ്രത്തെ ആശ്രയിക്കേണ്ടിവരുന്നു. ഫലത്തില്‍ ഭിക്ഷാപാത്രവുമായി കേന്ദ്രത്തിന്റെ വാതിലില്‍ മുട്ടേണ്ടിവരുന്നു.
കേരളത്തില്‍ ആര്‍.എസ്.പി.യും ഫോര്‍വേര്‍ഡ് ബ്ലോക്കും ഇടതുമുന്നണിയിലല്ല. ബംഗാളിലും മറ്റും സി.പി.ഐ. (എം.എല്‍.) പോലുള്ള പാര്‍ട്ടികള്‍ വേറെനില്‍ക്കുന്നു.
ചില ഇടതുപാര്‍ട്ടികള്‍ വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. എങ്കിലും ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം ഞങ്ങള്‍ തിരിച്ചറിയുന്നു. ഇടതുജനാധിപത്യ മുന്നണിയുടെ അവിഭാജ്യഘടകമാണ് ഈ ഐക്യം. അതിനുവേണ്ടിയാണ് ഇടതുജനാധിപത്യ പരിപാടി. അതിനാല്‍, അഭിപ്രായഭിന്നത പരിഹരിക്കാനും ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താനും ക്ഷമയോടെ പ്രവര്‍ത്തിക്കണമെന്ന് ഞങ്ങള്‍ കരടു രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു. ഒന്നിച്ചുള്ള പ്രക്ഷോഭങ്ങളും ഏറ്റെടുക്കണം.
ബി.ജെ.പി.വിരുദ്ധചേരിയില്‍ കോണ്‍ഗ്രസിനെ വിലകുറച്ചു കാണുന്നുണ്ടോ
ബി.ജെ.പി.ക്കെതിരേയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തുന്നില്ല. അത് പ്രമേയത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'ആര്‍.എസ്.എസുമായി അടിസ്ഥാനബന്ധമുള്ള ബി.ജെ.പി.യാണ് കേന്ദ്രത്തില്‍ അധികാരത്തില്‍. അവരാണ് മുഖ്യഭീഷണി. ബി.ജെ.പി.യെയും കോണ്‍ഗ്രസിനെയും തുല്യഭീഷണിയായി കരുതാനാവില്ല. എന്നാല്‍, കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം സാധ്യമല്ല.' ഇതാണ് പ്രമേയത്തിലെ വിലയിരുത്തല്‍. കോണ്‍ഗ്രസിനും ഒരു പങ്കുവഹിക്കാനുണ്ടെന്ന് സുവ്യക്തം. ഐക്യമുന്നണി സര്‍ക്കാരിലും യു.പി.എ. സര്‍ക്കാരിലും ഞങ്ങള്‍ സഖ്യത്തിലായിരുന്നില്ല. പുറമേനിന്നുള്ള പിന്തുണയായിരുന്നു. ബി.ജെ.പി.യെ പരാജയപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിനും പങ്കുവഹിക്കാനുണ്ട്.
ചൈനീസ് അനുകൂലികളെന്ന് ആരോപണമുണ്ടല്ലോ
അതൊന്നും പുതിയതല്ല. കോണ്‍ഗ്രസും ബി.ജെ.പി.യുമൊക്കെ ഇതു നേരത്തേയും ചെയ്തിട്ടുണ്ട്. ചൈനയും ഇന്ത്യയും തമ്മിലുള്ള തര്‍ക്കത്തില്‍ എന്തായിരുന്നു സി.പി.എമ്മിന്റെ സമീപനം? മോദി സര്‍ക്കാരിന്റെ സമീപനത്തെയും പരിശ്രമങ്ങളെയും വ്യക്തമായി സി.പി.എം. പിന്തുണച്ചിട്ടുണ്ട്. അവരുടെ പ്രസ്താവനകളെയും ഞങ്ങള്‍ അനുകൂലിച്ചു. ഗാല്‍വന്‍ സംഭവത്തിനുശേഷം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സി.പി.എമ്മിനുവേണ്ടി ഞാന്‍ പങ്കെടുത്തിരുന്നു. നയതന്ത്രസൈനികതല ചര്‍ച്ചകളിലൂടെ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമാധാനം ഉറപ്പാക്കാനും ശ്രമിക്കുമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ പ്രസ്താവന. അതിനെ ഞങ്ങള്‍ പൂര്‍ണമായും പിന്തുണച്ചു. അപ്പോഴെങ്ങനെയാണ് സി.പി.എം. ചൈനാ അനുകൂലികളെന്ന് ആക്ഷേപിക്കാനാവുക? അങ്ങനെയെങ്കില്‍ മോദി സര്‍ക്കാരും ചൈനീസ് അനുകൂലികളാണെന്നു പറയേണ്ടിവരില്ലേ?
ചൈനയുടെ ആഗോളസാന്നിധ്യവും പങ്കും വര്‍ധിച്ചെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. വളരുന്ന ചൈനയെ തങ്ങളുടെ ആഗോള ആധിപത്യത്തിനു ഭീഷണിയായി അമേരിക്ക കരുതുന്നു. അതിനാല്‍ ചൈനയെ ഒറ്റപ്പെടുത്താന്‍ അമേരിക്കന്‍ സാമ്രാജ്യത്വം ശ്രമിക്കുന്നു. ഈ സ്ഥിതി ആഗോളതലത്തില്‍ പുതിയ വൈരുധ്യവും സൃഷ്ടിക്കുന്നു. അമേരിക്കയുടെ ലക്ഷ്യം ചൈനയെ ഒതുക്കുക എന്നതില്‍നിന്നും ഒറ്റപ്പെടുത്തുക എന്നായിമാറി. ആ പ്രക്രിയയില്‍ ഇന്ത്യ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയുമായി. അന്താരാഷ്ട്രതലത്തില്‍ സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുധ്യവും മൂര്‍ച്ഛിക്കുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള ഇപ്പോഴത്തെ വൈരുധ്യം അതില്‍ പ്രതിഫലിക്കുന്നുണ്ട്.
Content Highlights: Sitaram Yechury Interview


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..