രാഷ്ട്രീയത്തില്‍ ഒന്നും പ്രവചിക്കാനാവില്ല; എന്താണോ വരുന്നത് അതുപോലെ ചെയ്യുക- ശോഭന ജോര്‍ജ്


രമ്യ ഹരികുമാര്‍

ശോഭനാജോർജ്

ന്നേ ചെറുപ്പത്തില്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ച നേതാവാണ് ശോഭന ജോര്‍ജ്. കോണ്‍ഗ്രസ് നേതാവായിരുന്ന ശോഭന അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സി.പി.എമ്മിലെത്തുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാന് വേണ്ടി രംഗത്തിറങ്ങിയ ശോഭനയ്ക്ക് സി.പി.എം. നല്‍കിയ പാരിതോഷികമായിരുന്നു ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവി. മൂന്നു വര്‍ഷത്തിലേറെ നീണ്ടുനിന്ന പ്രവര്‍ത്തന കാലയളില്‍ ഖാദിയുടെ മുഖച്ഛായ തന്നെ ശോഭന മാറ്റിയെടുത്തു. നഷ്ടത്തില്‍നിന്നു പ്രതീക്ഷയിലേക്ക് ഖാദിയെ കൈപിടിച്ചുയര്‍ത്തി. ഖാദിയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും രാഷ്ട്രീയ ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് ശോഭന ജോര്‍ജ്.

ഖാദിയുടെ വൈസ് ചെയര്‍മാന്‍ പദവിയില്‍നിന്നുളള ഇറക്കം

ഞാന്‍ മാത്രമാണ് രാജി വെക്കാനായി താമസിച്ചത്. കുറേക്കാര്യങ്ങള്‍ തീര്‍ക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞതുകൊണ്ട് താമസിച്ചതാണ്. എനിക്ക് വേണ്ടി മാത്രം പാര്‍ട്ടിക്ക് തീരുമാനം മാറ്റാന്‍ സാധിക്കില്ലല്ലോ. മൂന്നര വര്‍ഷവും ശമ്പളമില്ലാതെ, ഒരു ആനുകൂല്യവും പറ്റാതെയാണ് ഞാന്‍ ജോലി ചെയ്തത്. ഒരു മുട്ടായി കടലാസ് പോലും ഖാദി ബോര്‍ഡില്‍നിന്ന് ഞാന്‍ എടുത്തിട്ടില്ല. ഒരു ചായ കുടിച്ചാല്‍ പോലും അതിന്റെ പൈസ കൈയില്‍നിന്ന് കൊടുക്കും. എന്റെ റൂം കണ്ടപ്പോള്‍ മന്ത്രി പോലും ചോദിച്ചു, ഇതെന്താണ് ഇങ്ങനെ പൊളിഞ്ഞ് ഇളകിയ മുറി. പക്ഷേ, എന്നേക്കാള്‍ കഷ്ടമാണ് ഖാദിക്ക് വേണ്ടി പണിയെടുക്കുന്ന എന്റെ പെണ്ണുങ്ങളുടെ ജീവിതം. അതറിയുന്ന ഞാന്‍ സുഖിക്കാനോ ആനുകൂല്യങ്ങള്‍ പറ്റാനോ വന്നതല്ല. ചരിത്രത്തില്‍ ആദ്യമായി എല്ലാ യൂണിയന്‍കാരും രണ്ടു മന്ത്രിമാരും കൂടി വന്ന് കേരള സര്‍ക്കാരിന്റെ ആദരവ് നല്‍കിയാണ് എനിക്ക് യാത്രയയപ്പ് തന്നത്.

ഖാദിയിലെ മൂന്നു വര്‍ഷങ്ങള്‍

ഖാദി ലാളിത്യത്തിന്റെ പ്രതീകമാണ്. മൂന്നേകാല്‍ വര്‍ഷത്തോളം ഖാദി ബോര്‍ഡില്‍ ഉണ്ടായിരുന്നു. ഞാന്‍ ചാര്‍ജെടുത്ത് ഒരു മാസം പോലും ആകുന്നതിന് മുമ്പാണ് ഓണം വരുന്നത്. ഓണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം സെറ്റാക്കി ഇരിക്കുമ്പോഴാണ് വെളളപ്പൊക്കം വരുന്നത്. ഒരുപാട് ഉല്പന്നങ്ങള്‍ വെളളപ്പൊക്കത്തില്‍ മുങ്ങിപ്പോയി.. ഒരുപാട് നാശനഷ്ടങ്ങള്‍ ഉണ്ടായ കാലമാണ് ആദ്യത്തെ വെള്ളപ്പൊക്കം. രണ്ടാമത്തെ വെളളപ്പൊക്കത്തിന് പക്ഷേ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ രക്ഷപ്പെട്ടു. ഖാദിയില്‍ ഓണക്കാലത്താണ് ഏറ്റവും കൂടുതല്‍ കച്ചവടം. 75 ശതമാനത്തോളം കച്ചവടവും നടക്കുന്നത് ഓണം സമയത്താണ്. ആ സമയത്താണ് വെളളപ്പൊക്കം. കച്ചവടം ഉണ്ടായില്ലെന്ന് മാത്രമല്ല, ഭീമമായ നഷ്ടവും.നമ്മുടെ തൊഴിലാളികള്‍ ആകെ പരിഭ്രാന്തരാകുന്ന സാഹചര്യം വന്നു.

പക്ഷേ, പിടിച്ചുനില്‍ക്കണ്ടേ. ആദ്യം നമ്മള്‍ സഖാവ് ഷര്‍ട്ട് ഇറക്കി. അത് ചര്‍ച്ചയായി. അതൊരു നല്ല തുടക്കമായി. അതിന് മുമ്പ് ഒരു ഫാഷന്‍ ഷോ നടത്തി. മുന്‍കാലത്തില്‍നിന്ന് വ്യത്യസ്തമായി പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിന് വേണ്ടിയുളള ഒരുപാട് മോഡല്‍ ഡ്രസുകള്‍ നമുക്ക് പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചു. മൊത്തത്തില്‍ ആളുകള്‍ക്ക് ഖാദി എന്നുപറയുന്ന ബ്രാന്‍ഡിനെ കുറിച്ച് കുറേക്കൂടി ഒരു അവബോധം നല്കാന്‍ ഇതുപോലെയുളള കാര്യങ്ങളില്‍നിന്ന് കഴിഞ്ഞു. സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രദര്‍ശനം സംഘടിപ്പിക്കുകയും അവിടെ ഉളള പുതിയ തലമുറയോട് ഖാദിയുടെ ഇപ്പോഴുളള അവസ്ഥയും ഖാദി മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് സ്ത്രീജനങ്ങളുടെ അസൗകര്യങ്ങളും പറഞ്ഞു. അതുകൊണ്ട് നിങ്ങള്‍ ഒരു തുണി മേടിച്ചാല്‍ അത് ഗുണം ചെയ്യുന്നത് ഒരു ജീവിതത്തെയാണ് എന്ന സന്ദേശം സമൂഹത്തില്‍ എത്തിച്ചു. സ്‌കൂളുകളിലും കാമ്പസുകളിലും ക്വിസ് മത്സരങ്ങള്‍ നടത്തി. ഖാദി മാന്‍ മത്സരം, മലയാളി മങ്ക മത്സരം സംഘടിപ്പിച്ചു. അതില്‍ ഖാദി വസ്ത്രങ്ങള്‍ ധരിച്ചുവേണം വരാന്‍. അതില്‍ നിരവധി പേര്‍ ഭാഗമായി.

ഖാദി ഷോപ്പുകള്‍ നവീകരിച്ചു. ഷോപ്പിലുളളവര്‍ക്ക് പരിശീലനം നല്‍കി. ഉപഭോക്താക്കളോട് കുറേക്കൂടി സൗഹൃദപരമായി പെരുമാറണം. ലൈറ്റ്, ഫാന്‍, കാര്‍പെറ്റ് എന്നിവയൊക്കെയായി ഖാദിയുടെ മുഖച്ഛായ മാറ്റിയെടുക്കാനുളള നടപടികള്‍ സ്വീകരിച്ചു. കാതലായ മാററം ഉണ്ടാക്കാന്‍ പറ്റി. എറണാകുളത്ത് ഒരു ഫാഷന്‍ സ്റ്റുഡിയോ ആരംഭിച്ചു. നല്ല സെയിലാണ്‌ അവിടെ നടക്കുന്നത് അതുപോലെ, സാരിയുടെ ഡിസൈനുകളിൽ മാറ്റം വരുത്തി. ഖാദിയുടെ മുദ്രഗാനം പുറത്തിറക്കി. രണ്ടാമത്തെ വെളളപ്പൊക്കത്തിന് ഖാദിയുടെ ഉല്പന്നങ്ങള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ രക്ഷിച്ചെടുത്തു. ഈ കാലഘട്ടത്തില്‍ ലൈവായിട്ട് ഖാദി മേഖലയെ നിലനിര്‍ത്താനുളള കാര്യങ്ങള്‍ ചെയ്തുപോന്നിട്ടുണ്ട്.

ഇന്ന് ഖാദി ബോര്‍ഡില്‍ കെട്ടിക്കിടക്കുന്ന തുണികളില്ല. കടഭാരങ്ങളില്ല. ഖാദി മാസ്‌ക് വിറ്റിട്ടായാലും തൊഴില്‍ കൊടുക്കാന്‍ സാധിക്കുന്നുണ്ട്. ഈ ഓണത്തിന്‌ കുറച്ച് കച്ചവടം കിട്ടി. അതുകൊണ്ട്, എല്ലാം കൊണ്ടും നല്ലൊരു പ്രതീക്ഷയുടെ വക്കില്‍ തന്നെയാണ് ഖാദി ഇപ്പോഴുളളത്.

ശോഭനാ ജോര്‍ജ്
ഖാദി ബോര്‍ഡ് പരസ്യചിത്രത്തില്‍
അഭിനയിക്കുന്ന ശോഭനാ ജോര്‍ജ്.(ഫയല്‍ ചിത്രം)

രാഷ്ട്രീയ ജീവിതം, കോണ്‍ഗ്രസില്‍നിന്നുളള പടിയിറക്കം

കോണ്‍ഗ്രസില്‍ പത്തു വര്‍ഷം അംഗത്വം പോലും തരാതെ അകറ്റി നിര്‍ത്തുകയും അങ്ങേയറ്റം അകറ്റി നിര്‍ത്തുകയും ചെയ്യുന്ന മനോഭാവം ഉണ്ടായപ്പോഴാണ് ഒരു തിരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുന്നത്. കോണ്‍ഗ്രസ് സീറ്റ് ആയിരുന്നില്ല ചെങ്ങന്നൂര്‍. കൈപ്പത്തി ചിഹ്നത്തില്‍ ആദ്യമായി ചെങ്ങന്നൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി ആയിരുന്നു ഞാന്‍. ചെങ്ങന്നൂരിനെ അവഗണിച്ചു, എന്നെ അപമാനിച്ചു. ഈ ഒരു സാഹചര്യത്തിലാണ് ഞാന്‍ സ്വതന്ത്രയായി മത്സരിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായി ഒരു സി.പി.എം. സ്ഥാനാര്‍ഥി അവിടെനിന്ന് ജയിക്കുന്നു. 25 വര്‍ഷത്തിന് ശേഷം യു.ഡി.എഫ്. സ്ഥാനാര്‍ഥി പരാജയപ്പെടുന്നു.

2018-ല്‍ കെ.കെ. രാമചന്ദ്രന്‍നായരുടെ മരണത്തോടെ ഉപതിരഞ്ഞെടുപ്പ് വരുന്നു. സി.പി.എമ്മിന് ബോധ്യം വന്നു. ശോഭന ജോര്‍ജ് കൂടെയുണ്ടെങ്കില്‍ അവിടെ സി.പി.എമ്മിന് സീറ്റ് നിലനിര്‍ത്താന്‍ കഴിയും അങ്ങനെ അവര്‍ വന്ന് കാണുന്നു. സംസാരിക്കുന്നു. ഞാന്‍ ഒറ്റ കണ്ടീഷനെ പറഞ്ഞുളളൂ. ചെങ്ങന്നൂരിനെ രക്ഷപ്പെടുത്തണം, ഭരണത്തിലുളള പാര്‍ട്ടിയാണ്. അങ്ങനെ ചെങ്ങന്നൂരില്‍ സജി ചെറിയാന് വേണ്ടി ഞാന്‍ ഇലക്ഷന്‍ പ്രചരണത്തിന് ഇറങ്ങുന്നു. സജി ചെറിയാന്‍ ജയിക്കുകയാണെങ്കില്‍ മാത്രമേ രാഷ്ട്രീയത്തില്‍ തുടരൂ. സജി ചെറിയാന്‍ പരാജയപ്പെടുകയാണെങ്കില്‍ ശോഭന ജോര്‍ജ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് ഞാന്‍ എടുത്ത തീരുമാനങ്ങള്‍ അനുകൂലിക്കാന്‍ പറ്റുന്നില്ലെങ്കില്‍ രാഷ്ട്രീയം തുടരുന്നതില്‍ കാര്യമില്ലല്ലോ. എന്റെ പഞ്ചായത്താണ് പുലിയൂര്‍ പഞ്ചായത്ത്, അവിടെ ചരിത്രത്തില്‍ ആദ്യമായി എല്‍.ഡി.എഫ്. ഭൂരിപക്ഷത്തില്‍ വന്നു. ഞാന്‍ ജനിച്ചു വളര്‍ന്ന വാര്‍ഡിലും ചരിത്രത്തില്‍ ആദ്യമായി എല്‍.ഡി.എഫ്. ഭൂരിപക്ഷത്തില്‍ വന്നു.

അങ്ങനെ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സജി ചെറിയാന്‍ ജയിച്ചു. അതുകഴിഞ്ഞ് രണ്ടാഴ്ച മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ സി.പി.എം. നേതൃത്വത്തില്‍നിന്ന് എന്നെ വിളിച്ചു, കേരള ഖാദി ബോര്‍ഡിന്റെ ചുമതല തന്നു. ആ ഖാദി ബോര്‍ഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നര വര്‍ഷക്കാലം ഞാന്‍ മുന്നോട്ടുപോയി. ഒരു ഇടതുപക്ഷ സഹയാത്രികയായി. ഒരു തരത്തില്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ എന്റെ ആശയങ്ങളോ ഒന്നും ഹനിക്കുന്ന ഒരു കാര്യങ്ങളും ഉണ്ടായിട്ടില്ല. വളരെ സന്തോഷമായിട്ട് തന്നെയാണ് അവിടെ പ്രവര്‍ത്തിച്ചത്.

Sobhana George
ഖാദി ബോര്‍ഡ് ചുമതലയൊഴിഞ്ഞപ്പോള്‍
ശോഭനാ ജോര്‍ജ്ജിന് നല്‍കിയ യാത്രയയപ്പ്

രാഷ്ട്രീയത്തില്‍ സ്ത്രീ നേരിടുന്ന തിരിച്ചടികള്‍

പുരുഷന്‍ കൈയടക്കിയ മേഖലയാണ്. ആ മേഖലയില്‍ ഒരു സ്ത്രീ കടന്നുവരണമെന്നുണ്ടെങ്കില്‍ ആ പുരുഷനെക്കാള്‍ ഒരുപാട് കഷ്ടപ്പെട്ടാലേ സത്രീക്ക് അംഗീകാരം ലഭിക്കുകയുളളു. പുരുഷന്‍ ജന്മം കൊണ്ടുതന്നെ സംരക്ഷിക്കപ്പെട്ടവനാണ്. പക്ഷേ, സ്ത്രീ എന്നുപറയുന്നത് അതല്ല. അവരുടെ കഴിവ് തെളിയിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് അവരുടെ സഥാനത്ത് പിടിച്ച് നില്‍ക്കാന്‍ കഴിയൂ. പല സഹോദരിമാരെയും ഞാന്‍ കണ്ടിട്ടുണ്ട്. മിന്നായം പോലെ വരും പിന്നെ കാണില്ല, പിടിച്ചുനില്‍ക്കാന്‍ കഴിയണം. അങ്ങനെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത് അത്ര എളുപ്പവുമല്ല അപൂര്‍വമായേ അത് ഉണ്ടാകുന്നുളളൂ.

സ്ത്രീയെ എവിടെയെല്ലാം അപമാനിക്കാമോ കൊച്ചാക്കാമോ അതില്‍ ആരും ആരും മോശമൊന്നുമല്ല. സംവരണം വന്നതുകൊണ്ടുമാത്രം ത്രിതല സംവിധാനത്തില്‍ സത്രീകള്‍ക്ക് സ്വീകാര്യത ഉണ്ടായി. എന്നാല്‍ പൊതുവേ നോക്കുമ്പോള്‍ മോശമായി, മോശമായി വരികയാണ് കേരളത്തിന്റെ സ്ഥിതി. അതുകൊണ്ട് അതുമനസ്സുവെച്ച് സ്ത്രീക്ക് പ്രമോഷന്‍ നല്‍കണം. ചിഞ്ചുറാണിയും വീണ ജോര്‍ജും വന്നില്ലേ എത്ര നാളുകള്‍കള്‍ക്ക് ശേഷമാണ് രണ്ടു വനിതാ മന്ത്രിമാര്‍. അത് മാറ്റത്തിന്റെ ഒരു തുടക്കമാവട്ടെ.

സ്ത്രീയെ ഉത്തരവാദിത്തപ്പെട്ട ഒരു പദവിയില്‍ ഇരുത്തിയാല്‍ ഐ.എ.എസുകാരിയാകട്ടെ, ഐ.പി.എസുകാരിയാകട്ടെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥയാകട്ടെ, കോവിഡ് കാലമല്ലേ എത്ര നഴ്‌സുമാരാണ് കോവിഡ് പ്രതിരോധ രംഗത്തുളളത്. വനിതകളുടെ ചങ്കൂറ്റം ഒന്നുകൊണ്ടു മാത്രമല്ലേ കോവിഡ് പ്രതിരോധത്തില്‍ നാം പിടിച്ചുനില്‍ക്കുന്നത്. അതുകൊണ്ട് എം.എല്‍.എ. പദവി മാത്രമല്ല, ഒരു പദവി സ്ത്രീക്ക് കൊടുത്താല്‍ അവര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍, അതിനു തക്കവണ്ണമുളള അംഗീകാരം സ്ത്രീക്ക് ലഭിക്കുന്നില്ല. അതാണ് സത്യം. ഞാന്‍ ഒരു മുഴം മുമ്പേ കാണുന്നു എന്നുളളതുകൊണ്ട് വരുന്ന പ്രതികൂല ഘടകങ്ങളെ അതിജീവിക്കാന്‍ മനസ്സുകൊണ്ട് കഴിഞ്ഞു. അതുകൊണ്ട് വെളളത്തിലെ ആമ്പലുപോലെ ഇങ്ങനെ താഴാതെ മുങ്ങാതെ ഇങ്ങനെ നിന്നുപോകുന്നു.

കോണ്‍ഗ്രസിന്റെ കാലിടര്‍ച്ച

ഇന്ത്യയുടെ ചരിത്രം എന്നുപറയുന്നത് കോണ്‍ഗ്രസിന്റെ ചരിത്രമാണ്. അതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യ മതേതരത്വ പാര്‍ട്ടിയാണ്. അത് ഒരിക്കലും ശോഷിച്ച് പോകാന്‍ പാടില്ല. അവിടെ ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ വി.ഡി.സതീശനെന്നോ അല്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് നിലനില്‍ക്കണം എന്നാണ്. വര്‍ഗീയതയ്‌ക്കെതിരായി പൊരുതണം എന്നുണ്ടെങ്കില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് നിലനില്‍ക്കണം എന്നുതന്നെയാണ്. അതില്‍ യാതൊരു തര്‍ക്കവുമില്ല.

പക്ഷേ, കോണ്‍ഗ്രസിലെ ഗ്രൂപ്പുകളികളെ കുറിച്ച് എന്തുപറയാനാണ്. കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്നുപറഞ്ഞാല്‍... ആരു പഠിക്കാനാണ്? ആര് പഠിപ്പിക്കാനാണ്? ഇവിടെ എല്ലാവരും ഗുരുക്കന്മാരാണ്, വിദ്യാര്‍ഥികളില്ലല്ലോ. അനുസരിപ്പിക്കാന്‍ ആരുമില്ലല്ലോ, ആര് ആരെ നിയന്ത്രിക്കാനാണ്. നിര്‍ത്തെന്ന് പറഞ്ഞാല്‍ നിര്‍ത്താനും മാറി നില്ക്കാന്‍ പറഞ്ഞാല്‍ മാറി നില്‍ക്കാനും ഒരു സംവിധാനം കോണ്‍ഗ്രസിന് ഉണ്ടാകേണ്ടേ? ഒരു ജനാധിപത്യ പാര്‍ട്ടിയാണ് അതിന്റെ അകത്ത് കുറേ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പക്ഷേ ഇതിങ്ങനെ അതിലും, അതിലുമപ്പുറത്തേക്ക് പോകുന്നു എന്ന് പറയുന്നത് സങ്കടകരമാണ്.

കെ. കരുണാകരനെന്ന ഗുരു

ഞാന്‍ വളരെ ചെറിയ കുട്ടിയാരിക്കുമ്പോഴാണ് ലീഡറെ കാണുന്നത്. എന്റെ കല്യാണം കഴിഞ്ഞു, എനിക്കൊരു കുട്ടിയായി, എന്റെ കുട്ടിക്ക് ഒരു കുട്ടിയായപ്പോഴും ലീഡര്‍ക്ക് ഞാന്‍ ചെറിയ കുട്ടിയായിരുന്നു. അമ്മൂമ്മയായി എന്നെ കാണുമ്പോഴും എന്താ കുട്ട്യേ എന്നുതന്നെയാണ് ചോദിക്കാറുളളത്. അതൊരു വലിയ വാത്സല്യമായിരുന്നു. ഇപ്പോഴുളള പലരും കാണിക്കുന്നതുപോലെ മറ്റുളളവരോട് പെരുമാറാന്‍ ഞാന്‍ ആഗ്രഹിക്കാത്തത് അതുകൊണ്ടാണ്. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് എന്റെ പൊതുജീവിതത്തില്‍ ലീഡറിന്റെ ഒരു കൈയൊപ്പ് എന്റെ തലയ്ക്ക് മീതെ ഉണ്ടെന്നുതന്നെയാണ്.

പിണറായിയുടെ സ്‌നേഹവും കരുതലും

ബാലജനസഖ്യം മുതല്‍ വളര്‍ന്നുവന്ന ആളല്ലേ. ചെറിയ പ്രായം മുതല്‍ മുതിര്‍ന്ന നേതാക്കളെ കാണാനും അടുത്ത് പെരുമാറാനും ഉളള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. നമ്മള്‍ ഒരു സ്ഥാനത്ത് വന്നതിന് ശേഷം അവരെ കാണുന്നതല്ല. രാഷ്ട്രീയ ജീവിതം ആരംഭിക്കുന്ന കാലം മുതല്‍ ഇവരെ കാണുന്നതിനുളള അവസരം ഉണ്ടായി. ഡല്‍ഹിയിലെ ഒരു ക്യാമ്പില്‍ വെച്ച് ഇന്ദിര ഗാന്ധിയെ ആദ്യം കാണുമ്പോള്‍ എനിക്ക് പത്തു വയസ്സു പോലുമില്ല. അതേ പ്രായം മുതല്‍ ഇദ്ദേഹവും എന്നെ കാണുന്നതാണ്. കേരളത്തില്‍ എനിക്ക് മാത്രം കിട്ടിയ അനുഗ്രഹമാണ്. ഒരു ആറു വയസ്സു മുതല്‍ പൊതുജീവിതം, ബാലജനസഖ്യത്തിലൂടെ തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ് വരുന്ന ഒരു കാലഘട്ടത്തിലുളള എല്ലാവരുമായി ഇടപഴകി ജീവിക്കാനുളള ഒരു അവസരം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു മുഖവുരയുടെ ആവശ്യമില്ല. ഞാന്‍ ആരാണെന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യമില്ല. എന്റെ നന്മയും തിന്മയും കുറവും കൂടുതലും എല്ലാം അദ്ദേഹത്തിന് അറിയാം. വ്യക്തിബന്ധത്തിലൂടെ, ഒരു അടുപ്പത്തില്‍ ഈ കേരള രാഷ്ട്രീയത്തില്‍ ഒരു സഹോദരി സ്ഥാനം എല്ലാവരില്‍നിന്നും ലഭിച്ച ആളാണ് ഞാനെന്ന് പറയാം.

അദ്ദേഹത്തോട് നമുക്കും വലിയ ആരാധനയും സ്‌നേഹവും ആണ്. കാരണം ആ തന്റേടവും, അഭിപ്രായം പറയുന്നതില്‍ ഒരു ഉറപ്പും ഒക്കെയുളള ഒരു നേതാവാണ് അദ്ദേഹം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ഇരിക്കുന്ന കാലത്താണ് അദ്ദേഹത്തെ ഞാന്‍ അറിയുന്നത്. അന്നുളള ആദരവും സ്‌നേഹവും ഇന്നും നിലനില്‍ക്കുന്നുണ്ട്.

പുതിയ ചുമതലകള്‍; തിരഞ്ഞെടുപ്പ് രാഷ്ട്രീയം

പുതിയ ചുമതലകളെ പറ്റി ഒന്നും അറിയില്ല.. രാഷ്ട്രീയത്തെ പറ്റിയാണെങ്കില്‍ ഒന്നും നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കില്ല. ആ സമയത്ത് വരുന്ന ഡെവലപ്പ്‌മെന്റ്‌സിലാണ് തീരുമാനമെടുക്കുക. എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ പറയുന്നതാണ്. എന്താണോ വരുന്നത് അപ്പോള്‍ അതുപോലെ ചെയ്യുക എന്നേയുളളൂ. അതുകൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുമോ എന്നൊന്നും ഇപ്പോള്‍ പറയാനാകില്ല.

Content Highlights: Shobhana George Special Interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented