കോച്ചിങ് ക്ലാസിലെ ബോറടി മാറ്റാന്‍ ലഹരി തേടുന്ന കുട്ടികള്‍; വേണം തിരുത്ത്


വിഷ്ണു കോട്ടാങ്ങല്‍

ഋഷിരാജ് സിങ്

വിദ്യാര്‍ഥികളില്‍ പുതിയ സിന്തറ്റിക് ലഹരിയിലാണ് താത്പര്യമേറുന്നതെന്ന് മുന്‍ എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ് ഐപിഎസ്. വിദ്യാര്‍ഥികളെ പഠനത്തില്‍ മാത്രം തളച്ചിടാൻ വിദ്യാലയങ്ങള്‍ ശ്രമിക്കരുത്. ജീവിതത്തിലെ 30 ശതമാനം സമയം ചെലവഴിക്കുന്ന കലാലയങ്ങളിലെ സമ്മര്‍ദത്തില്‍ നിന്ന് രക്ഷതേടാന്‍ ലഹരിയെ കൂട്ടുപിടിക്കുന്ന സാഹചര്യം ഒഴിവാക്കണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങൾ എങ്ങനെ വേണമെന്ന് വിശദീകരിക്കവേ ഋഷിരാജ് സിങ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അഭിമുഖത്തിൽ നിന്ന്.....

ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കിയിരിക്കുകയാണ് സര്‍ക്കാരും എക്സൈസ് വകുപ്പും. എക്സൈസ് കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണം എങ്ങനെ ആയിരിക്കണമെന്നാണ് കരുതുന്നത്?ഈയൊരു രീതിയില്‍ ബോധവത്കരണം തുടരുന്നത് നല്ലതാണ്. കുട്ടികളായാലും മുതിര്‍ന്നവരായാലും അവര്‍ക്ക് മനസിലാക്കാനായി ഏത് രീതിയും ഉപയോഗിക്കാം. ഓണ്‍ലൈനായാലും സിനിമ ആയാലും സ്‌കിറ്റ് രൂപത്തിലായാലും ചിത്രങ്ങള്‍ വഴിയോ അതുമല്ലെങ്കില്‍ പോലീസ് നടപടിയുടെ രൂപത്തില്‍ ആയാലും അവര്‍ക്ക് കൃത്യമായി ഒരു മെസ്സേജ് കിട്ടുക എന്നതാണ് പ്രധാനം. കുട്ടികളില്‍ നല്ലൊരു വിഭാഗത്തിനും ലഹരി ഉപയോഗം നല്ലതല്ലെന്ന ചിന്തയുണ്ട്. അവര്‍ ഇത്തരം ബോധവത്കരണങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളതാണ്.

പക്ഷേ, ഈ ബോധവത്കരണം നമ്മള്‍ ഒന്നോരണ്ടോ ആഴ്ചകളോ മാസങ്ങള്‍ മാത്രം ചെയ്യേണ്ട ഒന്നല്ല. വര്‍ഷങ്ങളോളം തുടരേണ്ടതാണ്. എത്രത്തോളം ലഹരിമരുന്ന് പിടിച്ചു, എത്രപേരെ അറസ്റ്റ് ചെയ്തു എന്നൊക്കെ കണക്ക് എടുത്തിട്ട് കാര്യമില്ല. പിടിക്കുന്ന ലഹരിമരുന്നിന്റെ അളവ് കുറവാണെങ്കില്‍ പ്രതികള്‍ ജാമ്യത്തിലിറങ്ങും. ഇവരെയൊന്നും നമുക്ക് അധികകാലം അകത്തിടാനാകില്ല. ഇതൊരു ജനാധിപത്യരാജ്യമല്ലെ. പക്ഷേ, അവര്‍ വീണ്ടും അതേ തെറ്റ് ചെയ്യുന്നുവെങ്കില്‍ അവരെ വീണ്ടും പിടിക്കണം. അവര്‍ക്ക് ജാമ്യം കൊടുക്കാന്‍ പാടില്ലെന്നാണ് നിയമത്തില്‍ പറയുന്നത്. നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കാൻ മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കു.

എക്സൈസ് കമ്മീഷണറായിരുന്ന കാലത്തെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരുന്നു?

വിവിധ സ്‌കൂളുകളില്‍ ഞങ്ങള്‍ പോകുമായിരുന്നു. 18 വയസില്‍ താഴെ ഏതാണ്ട് 43 ലക്ഷം വിദ്യാര്‍ഥികള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. ഇവരുമായി സംസാരിച്ച് അവരെ ബോധവത്കരിച്ചാല്‍ ലഹരിയുടെ വരവ് കുറയ്ക്കാനാകും. ഇത് മനസിലാക്കി 1000 സ്‌കൂളുകളില്‍ പോയി ലഹരിവിരുദ്ധ സന്ദേശങ്ങള്‍ നല്‍കി. അതിന്റെ ഗുണമുണ്ടാകും. എസ്പി, എം.എൽ.എ, എം.പി, കലക്ടര്‍ തുടങ്ങിയ നിലയിലുള്ള ആളുകള്‍ വന്ന് സംസാരിക്കുമ്പോള്‍ അതിന്റേതായ ഗൗരവം കുട്ടികളിലുണ്ടാകും. കാരണം ഇവരൊക്കെ കുട്ടികളെ സംബന്ധിച്ചിടത്തോളം മാതൃകകളാണ്. ഒരുപാട് കുട്ടികളില്‍ ഇവര്‍ക്ക് സ്വാധീനമുണ്ടാക്കാന്‍ സാധിക്കും.

ആകെ ഞങ്ങള്‍ക്ക് 1600 സ്‌കൂളുകളിലേ പോകാന്‍ സാധിച്ചുള്ളു. ഇവിടെ ജനിച്ച്, ഇവിടെ വളര്‍ന്ന് ഇവിടെ തന്നെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും തങ്ങളുടെ പ്രദേശത്തെ ഒരു സ്‌കൂളിലെങ്കിലും പോയി സംസാരിച്ചുകൂടെ. അത് നടക്കുന്നില്ല. നമ്മള്‍ വാങ്ങുന്നതുകൊണ്ടാണ് കേരളത്തിലേക്ക് ലഹരിവസ്തുക്കള്‍ വരുന്നത്. കേരളത്തിലെവിടെയും ഇതിന്റെ ഉത്പാദനമില്ല. കഞ്ചാവ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുമ്പോള്‍ ഹെറോയിനുള്‍പ്പെടെയുള്ളവ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് എത്തുന്നത്. അത് നമുക്ക് എങ്ങനെ തടയാന്‍ സാധിക്കും.

ഏത് സമയത്ത് നോക്കിയാലും 10 ലക്ഷത്തോളം ആളുകള്‍ കേരളത്തിൽ വന്നുപോകുന്നുണ്ട്. നാനൂറോളം ട്രെയിനുകള്‍ വന്നുപോകുന്നു. 800 ഓളം വിമാന സര്‍വീസുകള്‍ കേരളത്തിലേക്കുണ്ട്. അതുകൊണ്ട് ഇതുകൊണ്ട് വരുന്നവരെ മുഴുവന്‍ പിടിക്കുക എന്നത് അസംഭവ്യമാണ്. നമ്മള്‍ തന്നെ ഇവിടെ വേണ്ട എന്ന് പറഞ്ഞാല്‍ മാത്രമേ ലഹരിയുടെ വല മുറിക്കാന്‍ സാധിക്കൂ.

കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് മുമ്പ് കൂടുതലും പിടിക്കുന്നത്. എന്നാല്‍ ഇന്ന് പുതിയ ലഹരികളാണ് വരുന്നത്. അതുയര്‍ത്തുന്ന വെല്ലുവിളിയെങ്ങനെയാണ്?

അതെ, ഇപ്പോള്‍ രീതികള്‍ ഒരുപാട് മാറി. കഞ്ചാവൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് വേണ്ട. സിന്തറ്റിക് ഡ്രഗ്സും പുകയില അടങ്ങുന്ന ലഹരിയുമാണ് കുട്ടികൾ വ്യാപകമായി ഉപയോഗിക്കിക്കുന്നത്. നാട്ടുകാരുടെ ഭാഗത്തുനിന്നുള്ള സഹകരണവും ഇക്കാര്യത്തില്‍ പ്രധാനമാണ്. അവര്‍ പലപ്പോഴും ഇതൊന്നും ഗൗനിക്കുന്നില്ല. വീട്ടിലെ കുട്ടികളെപ്പറ്റി ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്ക് സമയമില്ല. ഇനി വിവരമറിഞ്ഞാലും ഡി അഡിക്ഷന്‍ സെന്ററിലോ കൗണ്‍സിലറെ കാണിക്കാനോ ശ്രമിക്കുന്നില്ല. കുട്ടികളെന്തെങ്കിലും ചെയ്തുകളയുമോയെന്ന് അവര്‍ ഭയക്കുന്നു. അങ്ങനെ പേടിച്ച് ജീവിച്ചിട്ട് എന്ത് കാര്യം. വഷളാകാന്‍ തീരുമാനിച്ച ഒരാളെ തിരുത്താന്‍ ശ്രമിക്കുക പോലും ചെയ്യാതിരുന്നാലെങ്ങനെ ശരിയാകും.

പലപ്പോഴും വിദ്യാലയങ്ങളില്‍ അധ്യാപകര്‍ കുട്ടികളുടെ കാര്യത്തില്‍ അധികം ഇടപെടാറില്ല. ലഹരിയുടെ ഉപയോഗം ഏറ്റവും കൂടുതല്‍ നടക്കുന്നതും ക്ലാസുകളില്‍ തന്നെയാണെന്നതാണ് മറ്റൊരു സത്യം. കുട്ടികളുടെ ജീവിതത്തില്‍ 30 ശതമാനവും ചെലവഴിക്കുന്നത് സ്‌കൂളിലാണ്. പഠിത്തം മാത്രം ശ്രദ്ധിച്ചാല്‍ മതിയോ. വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് മാത്രം വാങ്ങിയാല്‍ മതിയോ. കുട്ടികള്‍ക്ക് ഒരുപാട് മാനസിക സംഘര്‍ഷങ്ങളുണ്ട്. ജെന്‍ഡര്‍ പ്രശ്നങ്ങള്‍, പഠനത്തിന്റെ സമ്മര്‍ദമുണ്ട്. ഇതൊക്കെ നോക്കാനായി സര്‍ക്കാരും കോടതിയുമൊക്കെ സ്‌കൂളുകളില്‍ കൗണ്‍സിലറെ ഏര്‍പ്പെടുത്തണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മിക്കവാറും സ്‌കൂളുകളില്‍ ഞാനും പോകാറുണ്ട്. സംസ്ഥാനത്തെ 90 ശതമാനം സ്‌കൂളുകളിലും കൗണ്‍സിലര്‍മാരില്ല എന്നതാണ് യാഥാര്‍ഥ്യം. അപ്പോള്‍ സ്‌കൂളുകളുടെ ഭാഗത്തുനിന്നും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ലഹരിവിരുദ്ധ ക്ലബ്ബുകളുണ്ടാക്കണം, കുട്ടികളെ പാഠ്യേതര വിഷയങ്ങളില്‍ കൂടുതലായി പങ്കെടുപ്പിക്കണം. സ്പോര്‍ട്സ്, കല, സാഹിത്യം അങ്ങനെ കുട്ടികളില്‍ സര്‍ഗവാസനയും മറ്റുമുണര്‍ത്താന്‍ പ്രോത്സാഹനം നല്‍കണം. അതൊക്കെ സ്‌കൂളിന്റെ ചുമതലയാണ്.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഏതെങ്കിലും സംഭവങ്ങള്‍ പങ്കുവെക്കാമോ?

ഒരുപാട് അനുഭവങ്ങളുണ്ട്. തിരുവനന്തപുരത്ത് തന്നെ ഏതാണ്ട് 600ലധികം കോച്ചിങ് സെന്ററുകളുണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ എക്സൈസ് കമ്മീഷണറായിരുന്ന സമയത്ത് കോച്ചിങ് ക്ലാസുകളില്‍ ലഹരിയുടെ ഉപയോഗം വ്യാപകമാകുന്നുവെന്ന് മനസിലാക്കിയിരുന്നു. അങ്ങനെ കുറച്ച് വിദ്യാര്‍ഥികളുമായി സംവദിക്കാനിടയായി. അന്ന് ഞാനവരോട് ചോദിച്ചു, എന്തിനാണ് നിങ്ങളിത് ഉപയോഗിക്കുന്നത്? അപ്പോഴവര്‍ പറഞ്ഞ മറുപടി എന്നെ വല്ലാതെ ഞെട്ടിച്ചുകളഞ്ഞു.

എഞ്ചിനീയറിങ് പഠിക്കാനോ മെഡിസിന് പഠിക്കാനോ താത്പര്യമില്ല. പക്ഷേ, രക്ഷിതാക്കളുടെ താത്പര്യത്തിന്റെ പുറത്ത് അവരെ നിര്‍ബന്ധിച്ച് അഡ്മിഷൻ എടുപ്പിക്കുന്നു. അപ്പോള്‍ താത്പര്യമില്ലാത്ത ക്ലാസുകളില്‍ എനിക്കൊന്നും ചെയ്യാനില്ല എന്നാണ് ഒരാള്‍ എന്നോട് പറഞ്ഞത്. അങ്ങനെയുള്ളപ്പോള്‍ സമയം കളയാന്‍ ക്ലാസ് കട്ട്ചെയ്ത് നടക്കുകയാണ് ആദ്യം. പിന്നെ ലഹരി ഉപയോഗിക്കുന്നതിലേക്ക് പോയി എന്ന് ആ വിദ്യാര്‍ഥി പറഞ്ഞു. അധ്യാപകര്‍ക്കും അതൊക്കെ അറിയാമെന്നും അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും അമ്പരന്നു. കുട്ടികള്‍ക്ക് താത്പര്യമില്ലാത്ത വിഷയങ്ങളില്‍ അവരെ നിര്‍ബന്ധിച്ചാല്‍ അവര്‍ ഇത്തരം അബദ്ധങ്ങളിലേക്ക് പെട്ടെന്ന് ചെന്നുചാടും.

കുട്ടികള്‍ തമാശയ്ക്ക് വേണ്ടി ആയാല്‍പോലും ലഹരി ഉപയോഗിക്കാതിരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു പ്രാവശ്യം ഉപയോഗിച്ചാല്‍ അത് വീണ്ടും വീണ്ടും വേണമെന്ന് തോന്നും. ലഹരിവസ്തുക്കളുടെ സ്വഭാവം ഇങ്ങനെയാണ്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള മേഖലകളിലേക്ക് അവരെ പോകാന്‍ പ്രോത്സാഹിപ്പിക്കുക. അല്ലാതെ തങ്ങളുടെ ആഗ്രഹങ്ങളും മറ്റും കുട്ടികളുടെമുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതിരിക്കണം.

ഡോക്ടറാകാന്‍ താത്പര്യമില്ലാത്ത ആളിനെ അതിന് പഠിക്കാന്‍ വിടാതിരിക്കുക. അങ്ങനെയുള്ള കുട്ടികളെ ലക്ഷങ്ങള്‍ മുടക്കി പഠിപ്പിച്ച് ഡോക്ടറാക്കിയിട്ട് കാര്യമില്ല. അവര്‍ ചിലപ്പോള്‍ ഡോക്ടറാകണമെന്നുതന്നെയില്ല. പണം വെറുതെ കളയുന്നത് മാത്രം മിച്ചം. കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ളമേഖലകളില്‍ അത് പാട്ടായാലും ഡാന്‍സായാലും കായിക ഇനങ്ങളിലായാലും അതിലൊക്കെ നന്നായി പങ്കെടുക്കാന്‍ അനുവദിക്കണം. അങ്ങനെ അവരിലെ സമ്മര്‍ദം കുറയ്ക്കണം. അവരുടെ ആരോഗ്യം നോക്കണം, നന്നായി വ്യായാമം ചെയ്യിക്കണം അങ്ങനെ മാത്രമേ അവരെ ലഹരിയില്‍ നിന്ന് അകറ്റി നിര്‍ത്താനാകു.

Content Highlights: rishiraj singh talking about drug usage, valicheriyoo vishalokam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented