'സര്‍വീസ് ബാങ്കുകള്‍ എന്നത് വെറും വിളിപ്പേരു മാത്രമല്ല' - മന്ത്രി വി.എന്‍. വാസവന്‍ സംസാരിക്കുന്നു


പ്രാഥമിക സഹകരണ ബാങ്കുകള്‍ 'ബാങ്ക്' എന്ന് പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളില്‍നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ല... ഇങ്ങനെ പോകുന്നു ആര്‍.ബി.ഐ.യുടെ നിബന്ധനകള്‍. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ. ഇക്കാര്യങ്ങളെല്ലാം പറയുന്നത്. എന്നാല്‍, കേന്ദ്ര നിയമത്തിലില്ലാത്ത അധികാരങ്ങള്‍പോലും ആര്‍.ബി.ഐ. പ്രയോഗിച്ചിട്ടുണ്ട്.

മന്ത്രി വി.എൻ. വാസവൻ

കേരളത്തിലെ സഹകരണമേഖലയെ ഒന്നാകെ ബാധിക്കുന്ന ചില നിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ളത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ 'ബാങ്ക്' എന്ന് പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളില്‍നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ല... ഇങ്ങനെ പോകുന്നു ആര്‍.ബി.ഐ.യുടെ നിബന്ധനകള്‍. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ. ഇക്കാര്യങ്ങളെല്ലാം പറയുന്നത്. എന്നാല്‍, കേന്ദ്ര നിയമത്തിലില്ലാത്ത അധികാരങ്ങള്‍പോലും ആര്‍.ബി.ഐ. പ്രയോഗിച്ചിട്ടുണ്ട്. ഇതേക്കുറിച്ച്, സഹകരണ മന്ത്രി വി.എന്‍. വാസവന്‍ മാതൃഭൂമി പ്രതിനിധി ബിജു പരവത്തുമായി സംസാരിക്കുന്നു

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം എങ്ങനെയാണ് സര്‍ക്കാര്‍ കാണുന്നത്?

റിസര്‍വ് ബാങ്കിന്റെ നടപടിയില്‍ പലകാര്യങ്ങളുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ച് സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്നിങ്ങനെ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. 2020 സെപ്റ്റംബറിലുണ്ടായ ഭേദഗതിക്കുശേഷമാണ് സഹകരണം സംസ്ഥാന വിഷയമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മറ്റൊരുകാര്യം. ഒരു സഹകരണസംഘത്തിലെ അംഗങ്ങളെ, അവര്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്നു നോക്കി തരംതിരിച്ചുകണക്കാക്കേണ്ടതില്ലെന്ന് ആദായനികുതി ഇളവ് അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ടുസാഹചര്യങ്ങളും കണക്കിലെടുക്കാതെയാണ് റിസര്‍വ് ബാങ്ക് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അതുകൊണ്ട്, കേരളത്തിലെ സാഹചര്യങ്ങള്‍ വിശദീകരിച്ച് ഈ നിബന്ധനകളില്‍നിന്ന് ഇളവുനേടാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

കേരളത്തിനു മാത്രമായി റിസര്‍വ് ബാങ്ക് ഇളവ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

കേരളത്തിനെ മാത്രമായി ബാധിക്കുന്ന പ്രശ്‌നങ്ങളാണ് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചവയില്‍ ഏറെയുമെന്നതാണ് കാണേണ്ടത്. സംസ്ഥാനവിഷയമെന്ന് സുപ്രീംകോടതി തീര്‍ത്തുപറഞ്ഞിട്ടും സംസ്ഥാന സഹകരണ നിയമത്തിന് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളിലെ അംഗങ്ങളെ വിഭജിച്ചുകാണാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകുന്നത് നിയമപരമായിത്തന്നെ ശരിയല്ല. കേന്ദ്ര ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ സംസ്ഥാനനിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളിലെ അംഗങ്ങളെക്കുറിച്ച് പറയുന്നില്ല. അങ്ങനെയൊരു നിര്‍വചനം കേന്ദ്രനിയമത്തില്‍ നല്‍കാനുമാവില്ല. അത് ഫെഡറലിസത്തിന് എതിരാണ്. രണ്ടാമത്തെ കാര്യം ബാങ്ക് എന്ന് ഉപയോഗിക്കുന്നതിലാണ്. കേരളത്തിലെ സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നാല്‍, സേവനവും വായ്പയും ഒരേസമയം നാടിനു നല്‍കുന്ന സഹകരണസ്ഥാപനമാണ്. അംഗങ്ങളുടെ നിക്ഷേപം സ്വീകരിക്കുകയും വായ്പ നല്‍കുകയും ചെയ്യുന്നതിനൊപ്പം, ആംബുലന്‍സുകള്‍, നീതി സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ലാബുകള്‍ എങ്ങനെ ഒട്ടേറെ നാട്ടുസേവനങ്ങളും ഒരുക്കുന്നുണ്ട്. വിത്ത് നല്‍കുന്നതില്‍ തുടങ്ങി വിളകള്‍ക്ക് വിപണി ഒരുക്കുന്നതുവരെ കര്‍ഷകര്‍ക്ക് ഒപ്പം നില്‍ക്കുന്ന സ്ഥാപനമാണിത്. ഇത് റിസര്‍വ് ബാങ്ക് വിവക്ഷിക്കുന്ന ബാങ്കുകളല്ല. കോര്‍പ്പറേറ്റ് ബാങ്കുകളെപ്പോലെ പ്രവര്‍ത്തിക്കാനും അവയ്ക്കാവില്ല. സാധാരണക്കാരന് ആശ്രയിക്കാന്‍ പാകത്തില്‍ ബാങ്കുകളായും സേവനകേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. സര്‍വീസ് ബാങ്കുകള്‍ എന്നത് വെറും വിളിപ്പേരു മാത്രമല്ല. മറ്റൊരു സംസ്ഥാനത്തും ഈ രീതിയില്ല. ഇക്കാര്യം റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്താനാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

പ്രാഥമിക സഹകരണബാങ്കുകളില്‍ നിക്ഷേപിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഈ നിക്ഷേപത്തിന് കേന്ദ്ര നിക്ഷേപ ഗാരന്റി കോര്‍പ്പറേഷന്റെ പരിരക്ഷയില്ലെന്നാമാണ് ആര്‍.ബി.ഐ.യുടെ മുന്നറിയിപ്പ്

അത് മറ്റൊരു തെറ്റിദ്ധാരണയാണ്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലേത് മാത്രമല്ല, എല്ലാ സഹകരണ സംഘങ്ങളുടെയും നിക്ഷേപത്തിന് പരിരക്ഷയുണ്ട്. അത് കേന്ദ്ര നിക്ഷേപ ഗാരന്റി കോര്‍പ്പറേഷന്റേതല്ല.

സംസ്ഥാനത്ത് സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡ് എന്ന ഒരു പ്രത്യേകസ്ഥാപനമുണ്ട്. കേന്ദ്ര കോര്‍പ്പറേഷന്റെ പരിരക്ഷ ഒരുലക്ഷം രൂപയായിരുന്നപ്പോള്‍, സംസ്ഥാനത്ത് അത് രണ്ടുലക്ഷമായിരുന്നു. കേന്ദ്രം ഇപ്പോള്‍ അഞ്ചുലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തും ഈ പരിധി ഉയര്‍ത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അതു മാത്രമല്ല, ഒരു സഹകരണ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായാല്‍, അവിടെ നിക്ഷേപിച്ചവര്‍ക്ക് ബോര്‍ഡിന്റെ പരിരക്ഷയുള്ള പണം താമസമില്ലാതെ ലഭ്യമാക്കാനുള്ള കാലോചിത പരിഷ്‌കാരവും ഇതില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് ബാങ്കുകളിലേതുപോലെ ആരാണെന്നുപോലും അറിയാത്ത മുതലാളിമാരും, മുഖപരിചയം പോലുമില്ലാത്ത ജീവനക്കാരുമല്ല, സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമുള്ളത്. ഇടപാടുകാര്‍ക്ക് പേരെടുത്തു വിളിക്കാന്‍ കഴിയുന്നവരാണ്. ആ വിശ്വാസം, ആര്‍.ബി.ഐ. നല്‍കുന്ന ഉറപ്പിനെക്കാളും വലുതാണ്.

ഇനി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

കേരളത്തിന്റെ സാഹചര്യങ്ങളടക്കം ചില കാര്യങ്ങള്‍ റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതു ചെയ്യും. സര്‍വീസും ബാങ്കിങ്ങും ഒരേപോലെ നിര്‍വഹിക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലെ സഹകരണബാങ്കുകളെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിന് കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം, റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളും കേന്ദ്രനിയമത്തിന് അനുസരിച്ചുവരുന്ന ചില പരിഷ്‌കാരങ്ങളും മറ്റു സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളെയും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

സമാന പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ അവരുമായി കൂടിയാലോചിച്ച് ഒരു കൂട്ടായശ്രമം നടത്തും. ചിലത് നിയമപരമായ പരിഹാരം തേടേണ്ടതുണ്ടാകും. അതിനുള്ള നടപടി സ്വീകരിക്കും. ജനകീയമായുംനേരിടേണ്ടതുണ്ട്. സഹകരണ വിഷയത്തില്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കുന്നതാണ് കേരളത്തിന്റെ അനുഭവം. നോട്ട് നിരോധനഘട്ടത്തില്‍ അത് കണ്ടതാണ്. അത്തരത്തില്‍ സഹകാരി കൂട്ടായ്മകളുടെ പ്രതിരോധവും തീര്‍ക്കും.

ജനങ്ങളുടെ അനുഭവത്തിന്റെ കരുത്തും വിശ്വാസവുമാണ് സഹകരണമേഖലയുടെ നട്ടെല്ല്. അതിന് ഒന്നും സംഭവിക്കില്ല. സര്‍ക്കാരിന് ഒട്ടും ആശങ്കയുമില്ല. ഏത് പ്രതിസന്ധിയും അതിജീവിക്കാനുള്ളശേഷി കേരളത്തിലെ സഹകരണപ്രസ്ഥാനത്തിനുണ്ട്.

Content Highlights: RBI and Co-operative banking- Minister V N Vasavan Interview

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented