വിശ്വാസിയുടെ വികാരത്തെ വ്രണപ്പെടുത്തലല്ല യുക്തിവാദം; വിചാരത്തെ പിടിച്ചു കുലുക്കലാണ്- യു.കലാനാഥന്‍


നിലീന അത്തോളിവിശ്വാസിയാവുക എന്നതും രാഷ്ട്രീയക്കാരനാകുന്നതും എളുപ്പമാണ്. മതത്തെയും മതവിഭാഗങ്ങളെയും കുറിച്ച് സമഗ്രമായി പഠിക്കാതെ യുക്തിവാദിക്ക് ഒരിഞ്ചു മുന്നോട്ടു പോവാനാവില്ല. ശാസ്ത്രം മാത്രം പഠിച്ച് യുക്തിവാദം പ്രചരിപ്പിക്കാനാവില്ല.

In-Depth

യു. കലാനാഥൻ | ഫോട്ടോ: എൻ.എം പ്രദീപ്‌

ലയാളി മനസ്സുകളെ ചോദ്യങ്ങള്‍ ചോദിക്കാനും അന്ധവിശ്വാസം ചെറുക്കാനും പ്രാപ്തനാക്കിയ വാഗ്മി, യുക്തിവാദ ചിന്തകന്‍, കേരളത്തില്‍ ജനകീയാസൂത്രണം വരും മുമ്പ് ജനകീയാസൂത്രണം നടപ്പിലാക്കിയ പഞ്ചായത്ത് പ്രസിഡന്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജനത്തിനു ശേഷം പാര്‍ട്ടിയെ വള്ളിക്കുന്നില്‍ കെട്ടിപ്പൊക്കിയ നേതാവ് എന്നിങ്ങനെ തന്റെ ജീവിത കാലത്ത് എണ്ണിയാല്‍ തീരാത്ത സാമൂഹിക ഇടപെടല്‍ നടത്തിയ വ്യക്തിയാണ് യു. കലാനാഥന്‍ എന്ന കലാനാഥന്‍ മാഷ്. എന്നാല്‍ പാര്‍ട്ടി അല്ലെങ്കില്‍ യുക്തിവാദം, ഇതിലേന്തെങ്കിലും ഒന്ന് എന്ന നിര്‍ദേശം പാര്‍ട്ടി മുന്നോട്ടു വെച്ചതോടെ യുക്തിവാദ പ്രവര്‍ത്തനത്തിലേക്ക് തന്റെ മുഴുവന്‍ സമയവും കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. 54 വര്‍ഷമായി കേരളത്തിലെ യുക്തിവാദ സംഘത്തിന്റ ഔപചാരിക രംഗത്തുണ്ട് മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ യു. കലാനാഥന്‍. പത്ത് കൊല്ലം കേരള യുക്തിവാദ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു. 16 കൊല്ലം പ്രസിഡന്റും. 16 കൊല്ലം 89സംഘടനകള്‍ ചേര്‍ന്നുള്ള അഖിലേന്ത്യാ യുക്തിവാദ പ്രസ്ഥാനമായ ഫെറയുടെ ദേശീയ സെക്രട്ടറിയുമായിരുന്നു. യു. കലാനാഥനുമായി നടത്തിയ പഴയ അഭിമുഖത്തില്‍ നിന്നും..

എങ്ങനെയാണ് യുക്തിവാദ ജീവിതത്തിലേക്കെത്തുന്നത്?1962ൽ കോളേജില്‍ പഠിക്കുന്ന സമയത്താണ് അഷ്ടഗൃഹ യോഗം നടക്കുമെന്ന് ആഗോള തലത്തിലെ ജ്യോത്സ്യന്‍മാരുടെ കള്ളപ്രസ്താവന വരുന്നത്. ഈ യോഗം നടന്നാല്‍ ലോകം അവസാനിക്കുമെന്നായിരുന്നു ജ്യോത്സ്യ പ്രവചനം. യുക്തിവാദിയായ ജ്യോത്സ്യ പണ്ഡിതനായിരുന്ന പി.സി കടലുണ്ടിയെ കണ്ട് ജ്യോത്സ്യത്തിന്റെ വിശദ പാഠങ്ങള്‍ പഠിച്ചു. അങ്ങനെ കോളേജില്‍ ഇതിനെതിരേ പോസ്റ്റര്‍ തയ്യാറാക്കി. കൊമ്പന്‍ രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് നക്ഷത്രങ്ങള്‍ രൂപാന്തരപ്പെടുമ്പോള്‍ അപകടം ഉണ്ടാവുമെന്നായിരുന്നു ജ്യോത്സ്യന്‍മാരുടെ അവകാശവാദം. അതിനെതിരേ ഞാന്‍ പോസ്റ്റര്‍ തയ്യാറാക്കി ' കൊമ്പന്‍ രാശിയില്‍ നിന്ന് മീനം രാശിയിലേക്ക് നക്ഷത്രങ്ങള്‍ സാധാരണഗിയില്‍ പോകും, പക്ഷെ കേരളത്തിലെ ജ്യോത്സ്യന്‍മാര്‍ കൊമ്പന്‍രാശിയില്‍ നിന്ന് ഇളിഭ്യ രാശിയിലേക്ക് പ്രവേശിക്കുമെന്നായിരുന്നു' പോസ്റ്റര്‍. ലോകം അവസാനിച്ചില്ല. ആ പ്രചരണം വമ്പിച്ച വിജയമായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരേ ശാസ്ത്രീയാടിസ്ഥാനത്തില്‍ പടപൊരുതിയാല്‍ വിജയിക്കുമെന്ന ആത്മവിശ്വാസം അങ്ങനെയാണ് ഉണ്ടാവുന്നത്.

സാഹിത്യത്തിനോട് ചെറുപ്പത്തിൽ താത്പര്യമുണ്ടായിരുന്നു. പക്ഷെ വേരുറപ്പിച്ചത് യുക്തിവാദ പ്രസ്ഥാനത്തിലും. പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കുള്ള ആ യാത്രയ്ക്ക് പ്രചോദനമായ എന്തെങ്കിലുമുണ്ടോ?

ബാക്കിയെല്ലാ തിന്‍മകള്‍ക്കുമെതിരേ സംസാരിക്കാന്‍ സാഹിത്യ സാംസ്കാരിക സംഘടനകളും പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ഉണ്ട്. പക്ഷെ അന്ധ വിശ്വാസങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാന്‍ ആരുമില്ല. കോളേജ് കാലത്തെ പ്രവര്‍ത്തന മേഖല കവിതയെഴുത്തായിരുന്നു. സാഹിത്യം ജനജീവിതത്തെ മെച്ചപ്പെടുത്താനും സംസ്‌കരിക്കാനും പര്യാപ്തമാവുന്നില്ല എന്ന ബോധ്യത്തില്‍ നിന്നാണ് യുക്തിവാദ രംഗത്തിലേക്ക് കടന്നു വന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ആളെമ്പാടുമുണ്ട്. അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അധികാരം കിട്ടും. ആ സ്വാദ് നുണയാന്‍ ആളെമ്പാടുമെത്തും. എന്നാല്‍ യുക്തിവാദ രംഗത്തേക്ക് വരാന്‍ ആളുകള്‍ ഭയപ്പെടും. കാരണം അത്രവലുതാണ് നേരിടേണ്ടി വരുന്ന എതിര്‍പ്പുകള്‍. യുക്തിവാദം പറഞ്ഞത് കൊണ്ട് തലപോയ ദബോല്‍ക്കര്‍ മുതല്‍ ലങ്കേഷ് വരെയുള്ളവരെ നമുക്കറിയാം. ഭീഷണി നേരിടേണ്ടി വരും.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പൊതുയോഗം നടത്തിയാല്‍ നാലോ അഞ്ചോ മതവിഭാഗങ്ങളുടെ ചോദ്യങ്ങളുയരും. അപ്പോ യുക്തിവാദിയായി ജീവിക്കുക എളുപ്പമല്ല. വിശ്വാസിയാവുക എന്നതും രാഷ്ട്രീയക്കാരനാകുന്നതും എളുപ്പമാണ്. മതത്തെയും മതവിഭാഗങ്ങളെയും കുറിച്ച് സമഗ്രമായി പഠിക്കാതെ യുക്തിവാദിക്ക് ഒരിഞ്ചു മുന്നോട്ടു പോവാനാവില്ല. ശാസ്ത്രം മാത്രം പഠിച്ച് യുക്തിവാദം പ്രചരിപ്പിക്കാനാവില്ല. ആളുകളുടെ ദൗര്‍ബല്യങ്ങള്‍ ചൂണ്ടികാണിച്ച് ശാസ്ത്രീയ ചിന്തയും അവരുടെ ദൗര്‍ബല്യങ്ങളും താരതമ്യപ്പെടുത്തി പ്രകോപമനില്ലാതെ ബോധ്യപ്പെടുത്തുകയാണ് യുക്തിവാദിയുടെ ചരിത്രപരമായ കടമ. വിശ്വാസിയുടെ വികാരത്തെ വ്രണപ്പെടുത്തരുത്. പകരം വിചാരത്തെ പിടച്ചു കുലുക്കണം. അങ്ങനെയെങ്കില്‍ വിശ്വാസികളുടെ സംഘം നമുക്കൊപ്പമുണ്ടാവും. കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം സംഘടിതമായി രൂപപ്പെടുന്നത് 1967ലാണ്. ആ വര്‍ഷമാണ് കോഴിക്കോട് യുക്തിവാദികളുടെയും സംഘടനകളുടെയും ആദ്യ സമ്മേളനം നടക്കുന്നത്. അന്ന് സമ്മേളന സമയത്ത് കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു ഞാന്‍. കോഴിക്കോട് ജില്ലാ കമ്മറ്റി രൂപവത്കരണത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചത് തെരുവത്ത് രാമനായിരുന്നു. യുക്തിവാദികളുടെ യോഗം ചേരുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന കണ്ടാണ് ആദ്യമായി യോഗത്തില്‍ പങ്കുചേരുന്നത്. ആ യോഗത്തിലെ സംവാദത്തില്‍ പങ്കെടുത്ത ഞാന്‍ പരിപാടിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയാവുകയായിരുന്നു. 60കളുടെ ഉത്തരാര്‍ദ്ധമാണ് യുക്തിവാദപ്രസ്ഥാനത്തിന്റെ അസംഘടിതമായ സംഘാടനം ആരംഭിക്കുന്നത്. 70കളില്‍ സംഘടന രൂപം വന്നു. അന്ന് ഇടമറുകായിരുന്നു സംസ്ഥാനത്തെ പ്രധാന യുക്തിവാദ പ്രവര്‍ത്തകന്‍.

അന്നത്തെ സാഹചര്യമല്ല ഇന്ന്. ഇന്ന് മതവിമര്‍ശനം നടത്തിയാല്‍ ജീവനു വരെ ആപത്താണ്. ഭീഷണികളായി. സൈബര്‍ വാര്‍ വേറെയും?

ഇന്ത്യയിലെ അന്ധവിശ്വാസത്തിന്റെ അടിസ്ഥാന കാരണം സാമ്പത്തിക ദുരിതങ്ങളാണ്. അത് മാര്‍ക്‌സിയന്‍ ചിന്തയാണ്. സാമ്പത്തിക അടിത്തറയില്‍ നിന്നാണ് സാമൂഹികമായും സാംസ്‌കാരികമായുമുള്ള മേല്‍പ്പുര ഉയര്‍ന്നു വരുന്നത്. അടിത്തറ എത്ര ജീര്‍ണ്ണമാണോ അത്ര ജീര്‍ണ്ണമായിരിക്കും സാംസ്‌കാരിക മേല്‍പ്പുര എന്ന് മാര്‍ക്‌സ് അടിവരയിട്ട് പറയുന്നുണ്ട്. സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സാംസ്‌കാരിക പ്രശ്‌നവും അന്ധവിശ്വാസവും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കേരള യുക്തിവാദ പ്രസ്താനത്തിന്റെ 1979ലെ നയ പ്രഖ്യാപന രേഖയില്‍ പറയുന്നത്. വൈരുദ്ധ്യാത്മ ഭൗതികവാദത്തിന്റെ പ്രപഞ്ച വീക്ഷണം പ്രചരിപ്പിക്കണമെന്ന് അന്നത്തെ ഞങ്ങളുടെ നയപ്രഖ്യാപന രേഖയില്‍ പറയുന്നുണ്ട്. സാമൂഹിക ജീവിതത്തെ വിശകലനം ചെയ്യാനുള്ള ശാസ്ത്രീയ പഠനരീതിയാണത്. മാര്‍ക്‌സ് പറഞ്ഞു എന്ന് കരുതി അത് തള്ളിക്കളയാനാവില്ല. അന്നത്തെ ശാസ്ത്ര തത്വങ്ങള്‍ സാമൂഹിക ശാസ്ത്രത്തിൽ അപ്ലൈ ചെയ്തിട്ടാണ് മാര്‍ക്‌സും ഏംഗല്‍സും അത്തരമൊരു തത്വം രൂപപ്പെടുത്തുന്നത്. അതിന് അവരെ സഹായിച്ച ഘടകമാണ് ഡയലക്റ്റിക്കല്‍ ഹിസ്‌റോറിക്കല്‍ മെറ്റീരിയലിസം. ഡയലറ്റിക്കല്‍ രീതി ഉപയോഗിച്ച് യുക്തിവാദികള്‍ അവരുടെ വിഷയം കൈകാര്യം ചെയ്യുകയാണെങ്കില്‍ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കാന്‍ പറ്റുമെന്ന് അതില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ഗൗരവമേറിയ ഭീഷണി എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. വയനാട്ടിലെ ഒരു യോഗമൊഴികെ മറ്റ് യോഗങ്ങളൊന്നും ഇതുവരെ ആരും കലക്കിയിട്ടില്ല.

എതിര്‍പ്പ് നേരിട്ട ആ ഒരേയൊരു സംഭവം ഒന്നോര്‍ത്തെടുക്കാമോ?

80കളുടെ തുടക്കത്തില്‍ മുസ്ലിം ലീഗ് ചെറുപ്പക്കാര്‍ ഞാന്‍ സംസാരിച്ചു കൊണ്ടിരുന്ന യോഗം കലക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ ശരിയത്ത് വിമര്‍ശനം നടത്തുന്ന കാലമായിരുന്നു അത്. ഖുറാന്‍ എന്നോ ശരിയത്തെന്നോ ഉച്ചരിച്ചാല്‍ യോഗം അടിച്ചു തകര്‍ക്കണം എന്നാണ് അവര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശം. അവര്‍ യോഗം കലക്കി. കയ്യേറ്റം ചെയ്തു. അവരുമായി പിന്നീട് ചര്‍ച്ച ചെയ്തപ്പോള്‍ അവരുടെ കഴിവില്ലായ്മയും വിവരക്കേടും മനസ്സിലാക്കി ഞാന്‍ കേസ് പിന്‍വലിക്കുകയായിരുന്നു. ആ ഒരു ദുരനുഭവം മാത്രമേ ഉണ്ടായിട്ടുള്ളൂ. മാര്‍ക്‌സിയന്‍ അപ്രോച്ചായ ഡയലറ്റിക്കല്‍ രീതി ഞാന്‍ ഉപയോഗിച്ചതാണ് ഭീഷണികള്‍ നേരിടാതിരിക്കാനുള്ള പ്രധാന കാരണം. കേട്ടിരിക്കുന്ന സമൂഹത്തെ നാം ആദ്യം പഠിക്കണം. ന്യൂനപക്ഷം, ഭൂരിപക്ഷം ഏതാണെന്ന് നോക്കും. അവരുടെ ശത്രുക്കളെ വിമര്‍ശിച്ച ശേഷമാണ് ഞാന്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തെ വിമര്‍ശിക്കുന്നത്. ആ ഒരൊറ്റ കാരണം കൊണ്ട് അവര്‍ നമ്മുടെ വഴിക്ക് വരും.

ബിംബാരാധനക്കെതിരേ ജീവിച്ചയാളാണ് മുഹമ്മദ് നബി. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിംബാരാധനയെ എതിര്‍ത്തു എന്നത് മാത്രമല്ല അതെല്ലാ പള്ളികളിലും പ്രായോഗികമാക്കാനും കഴിഞ്ഞു. അതേസമയം ശരിയത്ത് ലോയില്‍ 12 ഐറ്റം ഉണ്ട് അതില്‍ ഒന്നും മനുഷ്യത്വപരമല്ല എന്ന് ഞാന്‍ പറയാറുണ്ട്. ഒരോ നിയമവും വായിച്ചു നോക്കി അത് സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു, പുരുഷന്‍മാരെ എങ്ങനെ ബാധിക്കുന്നു, പാവങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിച്ച് പുനഃപരിശോധന നടത്തണമെന്നാണ് ഞാന്‍ പറയാറ്. മാര്‍ക്‌സ് പറഞ്ഞത് കാലം മാറിക്കൊണ്ടിരിക്കും, പരിവര്‍ത്തനമാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന തത്വം എന്നാണ്. മാറുന്ന സമൂഹത്തിനു മുന്നില്‍ ഒരിക്കലും മാറാന്‍ തയ്യാറാവാത്ത മതഗ്രന്ഥങ്ങള്‍ വരുമ്പോള്‍ അവ കുത്തിയൊലിച്ചു പോവും. പ്രളയമുണ്ടായ സമയത്ത് പാറകള്‍ പോലും കുത്തിയയൊലിച്ചില്ലേ. അത്തരത്തില്‍ മാറേണ്ട ഘട്ടത്തിലേക്ക് മാറാന്‍ തയ്യാറാവാത്ത മതഗ്രന്ഥങ്ങളെ ചരിത്രമെത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

മതഗ്രന്ഥങ്ങളിൽ പറഞ്ഞതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിൽ പറഞ്ഞ കാര്യങ്ങളാണ് പുതിയ കണ്ടുപിടിത്തങ്ങളായവതരിക്കുന്നത് തുടങ്ങീ മതഗ്രന്ഥങ്ങളെ ശാസ്ത്രവുമായി ബന്ധിപ്പിച്ചു പറയുന്നതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്?

യൂറോപ്യന്‍ മേഖലയില്‍ ക്രിസ്തുമതം തകര്‍ന്നു കഴിഞ്ഞു. പലയിടങ്ങളിലും പള്ളികള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്, വാടകയ്ക്ക് നല്‍കി കൊണ്ടിരിക്കുകയാണ്. അത്തരമൊരു ഘട്ടത്തിലാണ് നില്‍ക്കുന്നത്. സംഘടനാപരമായ ശേഷി കുറഞ്ഞതു കൊണ്ടോ സാമ്പത്തിക ശേഷി കുറഞ്ഞതുകൊണ്ടോ അല്ല ക്രിസ്തുമതത്തിന് അത് സംഭവിച്ചത്. പകരം ആധുനികശാസ്ത്രത്തിന്റെ കൂരമ്പുകളേറ്റ് തടുക്കാനാവാതെ ശ്വാസം മുട്ടി ചത്തതാണത്. ക്രിസ്തുമതത്തിന് മാത്രമല്ല ഇസ്ലാം മതത്തിനും അത് സംഭവിച്ചു.

ശാസ്ത്രീയമായി മതത്തെ വ്യാഖ്യാനിച്ചില്ലെങ്കില്‍ മതത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മതപണ്ഡിതന്‍മാര്‍ തീരുമാനിക്കുകയാണ്. മത തീവ്രവാദത്തെ ഭൂമിയില്‍ സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടി ആകെ ഇനി കഴിയുന്നത് ശാസ്ത്രീയമായ ഉന്നത പാണ്ഡിത്യം മതനേതാക്കന്‍മാര്‍ക്കുണ്ടെന്നും ഞങ്ങളുടെ മതമാണ് ശാസ്ത്രത്തിന്റെ അടിത്തറ എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്. ശാസ്ത്രത്തിന്റെ മതവത്കരണത്തെ ചെറുക്കുകയും അതുപോലെ മതത്തെ ശാസ്ത്രീമായി പരിഷ്‌കരിക്കുകയും ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ മതവിഭാഗങ്ങള്‍ക്കോ യുക്തിവാദ ചിന്തകര്‍ക്കോ ഇനി ഈ ഭൂമിയില്‍ രക്ഷയില്ല. ശാസ്ത്ര കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പലതവണ നടത്തി. പല സര്‍വ്വകലാശാലകളിലെയും വിവരം കെട്ട വര്‍ഗ്ഗീയവാദികളെ വിളിച്ച് തിയറികള്‍ അവതരിപ്പിച്ചു. ഇത്തരം അസംബന്ധങ്ങള്‍ക്ക് സര്‍ക്കാരും പണം വിനിയോഗിക്കുകയാണ്.

ഫിലോസഫിക്കലായി സംസാരിക്കുന്ന വിജ്ഞാനികളായ ഹിന്ദു മത ആചാര്യന്‍മാരെ കാണാം. എന്നാൽ അവരുൾക്കൊള്ളുന്ന മതപരമായ പാതയിൽ നിന്ന് നവീകരണ ശ്രമങ്ങൾ പുതിയ കാലത്തുണ്ടാവുന്നില്ല എന്ന് കരുതുന്നില്ലേ?

ഇനിമുതല്‍ ദേവാലയങ്ങള്‍ വേണ്ട വിദ്യാലയങ്ങള്‍ മതി എന്ന് പറഞ്ഞ ചിന്തകന്‍ നാരായണ ഗുരു മാത്രമാണ്. മതപരമായ പാതയില്‍ നിന്ന് സ്വയം നവീകരണ ചിന്ത പങ്കുവെക്കാന്‍ നാരായണ ഗുരുവിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. പക്ഷെ നിക്ഷിപ്ത താത്പര്യക്കാരാണ് അവരുടെ അനുയായികളാവുന്നത്. പല അനുയായികള്‍ക്കും തത്വങ്ങള്‍ അറിയില്ല. അവര്‍ പഠിക്കാന്‍ തയ്യാറല്ല. തയ്യാറായാലും ജീവിതത്തില്‍ അവര്‍ പ്രായോഗികമാക്കാറുമില്ല. പഠിച്ച് പ്രയോഗിച്ചാലേ തത്വത്തിന് മൂല്യമുണ്ടാവൂ. ഹിന്ദുമതത്തെ ഫിലോസഫിക്കലായി വ്യാഖ്യാനിച്ച് ആധുനിക ശാസ്ത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് മതാനുകൂലമായി മാറ്റുന്ന പ്രക്രിയയുടെ ആചാരന്‍മാര്യാണ് അവര്‍. മതത്തെ ശാസ്ത്രീയമെന്ന് വരുത്തി തത്വശസാസ്ത്രമെന്ന് ഉയര്‍ത്തുന്ന രാഷ്ട്രീയ നീക്കമാണ് അവര്‍ മതരംഗത്ത് നടത്തുന്നത്.

സനാതന മതമാണ് ഹിന്ദുമതം. സനാതന മതത്തിന്റെ ഒരു വക്താവിനെപ്പോലും ആധുനിക ഇന്ത്യയില്‍ നിങ്ങള്‍ക്ക് കാണാനാവില്ല. വിവേകാനന്ദനോടു കൂടി ആ തലമുറ തീര്‍ന്നു. ഒരു അദ്വൈത ആശ്രമത്തിലെ പണ്ഡിതൻ ആര്‍എസ്എസ്സിന്റെ വാചകങ്ങളാണ് തിരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിക്കുന്നത്. ഇയാളെപ്പോലുള്ളവര്‍ ചവിട്ടിത്തെറിപ്പിക്കുന്നത് വിവേകാനന്ദനെപ്പോലുള്ളവരെയാണ്. വിവേകാനന്ദന്റെ പാരമ്പര്യമുള്ള സനാതന ഹൈന്ദവ മതത്തെയാണ് ഇവര്‍ അപകടത്തിലാക്കുന്നത്. ഹിന്ദുമതത്തിലെ നന്‍മയുടെ വശമായ സനാതനമതത്തെ തകര്‍ക്കുകയും തിന്‍മയുടെ വശമായ ആസുരമതത്തെ വളര്‍ത്തുകയും ചെയ്യുന്നു എന്നതാണ് ചില ഹിന്ദു മത പണ്ഡിതര്‍ ഇപ്പോള്‍ ഇന്ത്യയില്‍ ചെയ്തു കൊണ്ടിരിക്കുന്നത്.അത് ഹിന്ദുമതത്തിന്റെ തകര്‍ച്ചയുടെ ഒന്നാന്തരം ലക്ഷണമായാണ് ഞാന്‍ കാണുന്നത്. ഈ തകര്‍ച്ചയില്‍ നിന്ന് ഹിന്ദുമതത്തതെ രക്ഷപ്പെടുത്താന്‍ ഹിന്ദുക്കള്‍ക്ക് ചെയ്യാവുന്ന കാര്യം സനാതന മതത്തെ ഉയര്‍ത്തിപ്പിടിക്കുകയും ആസുരമതത്തെ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ്.

നന്‍മയിലേക്കുള്ള ധര്‍മ്മത്തിലേക്കുള്ള വഴിയായി മതത്തെ കാണുന്നതില്‍ എന്താണ് തെറ്റ്?

നന്‍മ മതത്തില്‍ നിന്നാണോ അല്ലാതെയാണോ വന്നത് എന്ന് നാം നോക്കേണ്ടതില്ല. നന്‍മ എവിടെ നിന്ന് വന്നാലും അത് ഗുണകരമാണ്. മതങ്ങള്‍ക്കുള്ളിലെ ദോഷങ്ങളെ നിഷ്‌കാസനം ചെയ്ത് അവര്‍ സ്വയം നന്നാവാന്‍ മുന്നോട്ടു വരുമ്പോള്‍ അവരെ സഹായിക്കേണ്ടത് ബുദ്ധിയുള്ള യുക്തിവാദികളുടെ ഉത്തരവാദിത്വമാണ്. വര്‍ഗ്ഗീയഭീകരവാദികളെ ഒതുക്കാന്‍ വേണ്ടി മതനേതാക്കന്‍മാര്‍ രംഗത്ത് വരണം. അതിനവര്‍ തയ്യാറാണെങ്കില്‍ അവരുമായി സഹകരിച്ചു പോവാന്‍ യുക്തിവാദികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് എന്റെ അഭിപ്രായം.

അതേസമയം ദൈവവവും മതവുമില്ലെങ്കില്‍ സദാചാരബോധവും സാമൂഹിക ബോധവും ഉണ്ടാവില്ലെന്നാണ് മതപണ്ഡിതന്‍മാര്‍ പറയുന്നത്. സദാചാരത്തെ രൂപപ്പെടുത്തുന്നത് സാമൂഹിക ജീവിതമാണ്. ഗോത്ര സമൂഹത്തിലെ സദാചാരമായിരിക്കില്ല ആധുനിക സമൂഹത്തില്‍. സദാചാര ബോധത്തെ ശാശ്വതവത്കരിക്കാന്‍ സാധിക്കില്ല. അത് മാറിക്കൊണ്ടിരിക്കും. 100 കൊല്ലം മുമ്പത്തെ സദാചാര നിയമം ഇന്ന് ദുരാചാരമാണ്. സാമൂഹിക മാറ്റത്തിന് വിധേയമായി മാറിക്കൊണ്ടിരിക്കുന്ന നിയമാവലിയാണ് സദാചാരം. 1000കണക്കിന് വര്‍ഷം മുമ്പ് മതഗ്രന്ഥങ്ങളില്‍ എഴുതി വെച്ചതല്ല സദാചാരം. അതെല്ലാം കൊണ്ടു തന്നെ സദാചാരത്തെ നിര്‍ണ്ണയിക്കുന്നതില്‍ മതത്തിന് ധാര്‍മ്മികമായ പങ്കില്ല. സാമൂഹികതയില്‍ നിന്നാണ് ധാര്‍മ്മികത വരേണ്ടത്.

യുക്തിവാദമെന്നാൽ ദൈവനിരാസം മാത്രമായി മാറുന്നു പലപ്പോഴും. യുക്തിവാദവും ശാസ്ത്രബോധവും നല്‍കിയ ശേഷമല്ലേ ദൈവ നിരാസത്തിലേക്ക് മനുഷ്യരെ കൊണ്ടെത്തിക്കേണ്ടതുള്ളൂ?

പ്രപഞ്ചത്തില്‍ ദൈവമില്ല, ദൈവം ഉണ്ടാകേണ്ട ആവശ്യമില്ല. ദൈവം നിലനില്‍ക്കേണ്ട സാഹചര്യവുമില്ല. പ്രപഞ്ചോത്പത്തിക്ക് പ്രപഞ്ചത്തിന്റെ ഭൗതിക സാഹചര്യങ്ങളും അതിന്റെ ആന്തരിക പ്രവര്‍ത്തനങ്ങളും തന്നെ ഉത്തരം കണ്ടെത്താന്‍ സാധിക്കും. സ്വയം പദാര്‍ഥമുണ്ടാകാന്‍ ഉള്ള ഭൗതിക ഘടകങ്ങള്‍ പ്രപഞ്ചത്തിലുണ്ടെന്നാണ് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞത്. ബിഗ് ബാങ് എപ്പോള്‍ ആരംഭിച്ചോ അപ്പോഴാണ് സ്ഥലവും കാലവുമുണ്ടാകുന്നത്. സ്ഥലമില്ലാത്ത കാലത്ത്, കാലമില്ലാത്ത കാലത്ത് എങ്ങനെ ദൈവം നിലനില്‍ക്കും. ബിഗ് ബാങ്ങിനു മുമ്പ് ഈശ്വരന്‍ എന്ന ഭൗതിക സവിശേഷത നിലനില്‍ക്കാന്‍ സാധ്യതയില്ല. അതിനാല്‍ ആ ഈശ്വരന് സൃഷ്ടി കര്‍മ്മത്തില്‍ പങ്കുവഹിക്കാന്‍ കഴിയില്ല.

നമ്മുടെ ഒന്നുമുതല്‍ 10വരെയുള്ള പാഠപുസ്തകങ്ങളില്‍ ശാസ്ത്രീയ ജീവിത വീക്ഷണം എന്നത് എവിടെയെങ്കിലും പഠിപ്പിക്കുന്നുണ്ടോ. ഞാന്‍ ശാസ്ത്രാധ്യാപകനായിരുന്നു. പക്ഷെ പാഠപുസ്തകങ്ങളില്‍ ശാസ്ത്രം പഠിപ്പിക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ ബോധം വളര്‍ത്തുന്നില്ല. സ്‌കൂളില്‍ നിന്ന് എല്ലാ വിഡ്ഢിത്തങ്ങളും പഠിച്ചു വരുന്നവരാണല്ലോ പൊതുജനം. വാര്‍പ്പു കാലത്ത് ശാസ്ത്രബോധം നല്‍കാന്‍ വിദ്യാഭ്യാസ സംവിധാനത്തെ ഉപയോഗിച്ചിരുന്നെങ്കില്‍ നിങ്ങള്‍ പറഞ്ഞത് ഫലപ്രദമാവുമായിരുന്നു. അത്‌ ചെയ്യാന്‍ തയ്യാറാവുന്നില്ല. താത്പര്യവും കാണിക്കുന്നില്ല. ശാസ്ത്രീയ ചിന്ത പ്രചരിപ്പിച്ചാല്‍ മതവിഭാഗത്തിന് ദോഷമാണ്. ആളുകളില്‍ ചോദ്യം ചെയ്യാനുള്ള വാസന വികസിക്കും.

കുപ്പായമുണ്ടാക്കാന്‍ മതം പങ്കുവഹിച്ചിട്ടുണ്ടോ, മരുന്നുണ്ടാക്കുന്നതിലും ഭക്ഷണം തയ്യാറാക്കുന്നതിലും മതത്തിന്റെ പങ്കുണ്ടോ. അന്തരീക്ഷ ശുചിത്വത്തെ കുറിച്ച് പഠിപ്പിച്ചത് മതമാണോ അതോ ശാസ്ത്രമാണോ. നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ശാസ്ത്രീയ ജീവിതവും അതിന്റെ ഉത്പന്നങ്ങളുമാണ്. ദുരിതം വന്ന ഒരാള്‍ക്ക് മറ്റൊരു സഹായവും ലഭിക്കാനില്ലെങ്കില്‍ വിളിച്ചു കൂവാനുള്ള ശബ്ദം മാത്രമാണ് ദൈവം എന്നത്. ദൈവത്തെ വിളിച്ചതു കൊണ്ട് കാന്‍സര്‍ മാറിയിട്ടുണ്ടോ. ദൈവം വിചാരിച്ചാല്‍ മാറുമോ. ശാസ്ത്രത്തിന്റെ മുന്നില്‍ രക്ഷപ്പെടാന്‍ മതത്തിന് യാതൊരു പഴുതുമില്ല. മനുഷ്യ ജീവിതത്തെ സമുദ്ധരിച്ചത് ശാസ്ത്രമാണ്. ജീവിതത്തിന്റെ ഒരു കോണിലും ശാസ്ത്രത്തിന്റെ അഭാവമില്ല. പക്ഷെ മതത്തിന് ജീവിതത്തില്‍ പ്രസക്തിയില്ല. മനുഷ്യ ജീവിതത്തെ പിന്തിരപ്പന്‍ ഘടകങ്ങളിലൂടെ വഴിതിരിച്ചു വിട്ട വഴുവഴുപ്പുള്ള പ്രതലമാണ് മതം.

സാംസ്‌കാരിക നിരാസം യുക്തിവാദികള്‍ അടിച്ചേല്‍പിക്കുന്നതായി തോന്നിയിട്ടുണ്ട് പലപ്പോഴും. മാവേലിയെ നന്‍മയുടെ ബിംബമായാണ് മലയാളികള്‍ കാണുന്നത്. പക്ഷെ അന്ധവിശ്വാസമായി കണ്ട് യുക്തിവാദികള്‍ അതിനെയും നിരാകരിക്കുന്നു. പുതിയ കാലത്ത് മാവേലിയെ ഉയർത്തിപ്പിടിക്കേണ്ടത് ഒരു രാഷ്ട്രീയ ബാധ്യതകൂടിയല്ലേ?

നേരത്തെ പറഞ്ഞ സാംസ്‌കാരിക രൂപങ്ങള്‍ യഥാര്‍ഥത്തില്‍ സാംസ്‌കാരിക രൂപങ്ങളല്ല. ജീര്‍ണ്ണ മതസാംസ്‌കാരിക രൂപങ്ങളാണ്. മാവേലിയെ ധ്യാനിച്ചാലോ ആദരിച്ചാലോ ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം കുറയില്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമാണ് . ആഗോളവത്കരണം തുടങ്ങിയത് നരസിംഹറാവുവിന്റെ കോണ്‍ഗ്രസ്സാണ്. ഒരു ശതമാനം സമ്പന്നര്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വിലസുമ്പോള്‍ 77% ഭക്ഷണം കിട്ടാതെ വലയുന്നു. ഇത് മറികടക്കാന്‍ നിങ്ങള്‍ മാവേലിയെ കൊണ്ടുവന്നിട്ട് കാര്യമുണ്ടോ. മാവേലിയെല്ലാം ചരിത്രകഥകളല്ലേ. കഥയില്‍ നിന്ന് മൂല്യമുണ്ടെങ്കില്‍ നല്ലതാണ്.

നാരായണ ഗുരുവിനെയും ടാഗോറിനെയും വരെ പരാമര്‍ശിച്ചു കൊണ്ടാണ് ബിജെപി കേരളജനതയിലേക്കെത്തുന്നത്. അതിനെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കുന്നുണ്ടോ?

സംഘപരിവാറുകാര്‍ പഠനം ആവിഷ്‌കരിക്കുക മാത്രമല്ല അത് പ്രയോഗിക്കുന്നതില്‍ കര്‍മ്മശേഷിയുള്ളവരായി പ്രവര്‍ത്തിക്കുന്നു. ആ ഒരു സംസ്‌കാരത്തിലേക്ക് ഇടതുപക്ഷമെത്തുന്നില്ല. അവരുടെ ആസൂത്രിതമായ നീക്കത്തെ തടുക്കാന്‍ ആസൂത്രിത തന്ത്രങ്ങളില്ല. മതനിരപേക്ഷത എന്ന് വീമ്പടിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതനിരപേക്ഷ കാപട്യം എന്താണെന്ന് അറിയുമോ. മതനിരപേക്ഷതയുടെ അടിസ്ഥാന തത്വം തന്നെ മതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേര്‍പ്പെടുത്തലാണ്. ഈ തത്വം ആദ്യമായി അവതരിപ്പിച്ചത് മാര്‍ക്‌സും ലെനിനിനുമല്ല പകരം അമേരിക്കന്‍ ഭരണഘടനയുടെ കര്‍ത്താവായ തോമസ് ജെഫേര്‍സണാണ്. അമേരിക്കന്‍ ഭരണഘടന മതത്തെ ഭരണകൂടത്തില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍തിരിച്ചിട്ടുണ്ട്. മതവിദ്യാഭ്യാസത്തെ അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്ന് വേര്‍തിരിച്ചിട്ടുണ്ട്.

നാല് വേര്‍തിരിവാണ് മതനിരപേക്ഷ രാഷ്ട്രം നടപ്പിലാക്കേണ്ടത്. ഒന്ന് മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം. ഭരണകൂടത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം. വിദ്യാഭ്യാസത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം. നിയമ വ്യവസ്ഥയില്‍ നിന്ന് മാറ്റിനിര്‍ത്തണം. മതനിയമങ്ങളൊന്നും വേണ്ട പൊതു നിയമങ്ങള്‍ മതി. ഈ നാല് വേര്‍തിരിവും നടത്തുന്ന ഒരു രാഷ്ട്രീയ സംവിധാനത്തെയാണ് മതനിരപേക്ഷത എന്ന് പറയുന്നത്. മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍പെടുത്തണമെന്ന വാചകം ഭരണഘടനയില്‍ ഇല്ലത്തിടത്തോളം ആ ഭരണഘടനയെ കപട മതനിരപേക്ഷ ഭരണഘടന എന്ന് വിളിക്കേണ്ടി വരും. പൊതു സര്‍ക്കാരിന്റെ ഫണ്ട് കൊണ്ട് നടത്തുന്ന വിദ്യാലയങ്ങളില്‍ മതബോധനം നടത്താന്‍ പാടില്ല. എന്നാല്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രക്ഷിതാക്കളുടെ സമ്മതമുണ്ടെങ്കില്‍ മതം പഠിപ്പിക്കാമെന്നാണ് പറയുന്നത്. എന്ത് നിയമമാണിത്.

ഫെറയുടെ ദേശീയ സെക്രട്ടറിയായിരുന്നപ്പോള്‍ മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍തിരിക്കാനായി സെപ്പറേഷന്‍ ഓഫ് റിലിജ്യണ്‍ ഫ്രം പൊളിറ്റിക്‌സ് എന്ന ബില്ലുണ്ടാക്കി. അത് പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും പ്രസിഡന്റിനും എല്ലാം പാര്‍ലമെന്റ് മാര്‍ച്ച് നടത്തി നല്‍കി. കേരള എംപിമാരെ പോയി കണ്ടു. എന്നാല്‍ ബില്ല് പരിഗണിക്കാന്‍ ആരും തയ്യാറായില്ല. ബില്ലില്‍ പോരായ്മ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് അവതരിപ്പിക്കാമായിരുന്നല്ലോ. എന്നാല്‍ അതിന് ആര്‍ജ്ജവമുള്ള ഒരു കമ്മ്യൂണിസ്റ്റ് എംപിമാരെയും കണ്ടില്ല. ഈ നാല് വേര്‍തിരിവും നടത്തിയെന്ന് കരുതി മതവിശ്വാസിക്ക് ഒന്നും സംഭവിക്കില്ല എന്നാണ് ഇത്തരക്കാര്‍ മനസ്സിലാക്കേണ്ടത്. മതവിശ്വാസിക്ക് അവരുടെ മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. നിങ്ങള്‍ മതപരമായ കടമകള്‍ ദേവാലയത്തില്‍ മാത്രമായി ഒതുക്കുക. അത് വിദ്യാലയങ്ങളിലേക്കും റോഡിലേക്കും കൊണ്ടുവരേണ്ട. ഭരണകാര്യം ഭൗതിക കാര്യമാണ് ആ കാര്യം ഭരണകൂടം നോക്കും. അതില്‍ ആത്മീയ വാദികള്‍ ഇടപെടേണ്ട. അങ്ങനെ മതത്തെ ഈ നാല് കാര്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചാല്‍ മതവും രാഷ്ട്രീയവും കൂടിക്കുഴയില്ല.

സമ്പൂർണ്ണ യുക്തിവാദ പ്രസ്ഥാനത്തിലേക്ക് വരുന്നതിനു മുമ്പ് താങ്കൾക്കൊരു സജീവ പാർട്ടി പ്രവർത്തന കാലം കൂടി ഉണ്ടായിരുന്നല്ലോ. ആ കാലത്തെ ഒന്നോർത്തെടുക്കാമോ ? പുതുതലമുറ പാർട്ടിക്കുള്ള ഒരോർമ്മപ്പെടുത്തൽ കൂടിയാണല്ലോ അത്.

1960കളില്‍ ചാലിയം ഹൈസ്‌ക്കൂളില്‍ മാഷായിരിക്കെ ഞാന്‍ പാര്‍ട്ടി ക്ലാസ്സുകള്‍ എടുത്തിരുന്നു. ഭിന്നിച്ചതിനു ശേഷം പാര്‍ട്ടി നിര്‍ജ്ജീവമായിരുന്നു. പഴയ നേതാക്കളെ കണ്ടപ്പോള്‍ അവര്‍ സഹകരിക്കാം എന്ന് പറഞ്ഞു. 1969ലാണ് ആദ്യത്തെ പാര്‍ട്ടി ഗ്രൂപ്പ് വള്ളിക്കുന്നിലുണ്ടാക്കുന്നത്. അവിടുത്തെ ആദ്യത്തെ എല്‍സിയില്‍ അംഗമായിരുന്നു. സജീവമായി പൊതുയോഗങ്ങളും സെമിനാറുകളും അടുക്കും ചിട്ടയുമായി നടത്തി പാര്‍ട്ടിയെ പുനരുദ്ധരിച്ചു. 1979ലേക്കുള്ള ഇലക്ഷനില്‍ മുസ്ലിം ലീഗുമായി ഐക്യമുണ്ടാക്കിയിട്ടേ പാര്‍ട്ടി മത്സരിക്കാന്‍ പാടുള്ളൂ എന്നായി മേല്‍ക്കമ്മറ്റിയുടെ നിര്‍ദേശം. ലീഗുമായി ഐക്യമുണ്ടാവുകയാണെങ്കില്‍ പാര്‍ട്ടി ഇലക്ഷനില്‍ പങ്കെടുക്കില്ല എന്ന് ഞാന്‍ അറിയിച്ചു. കാമ്പയിനു പോലും വരില്ലെന്ന പറഞ്ഞു. അങ്ങനെ ലീഗുമായി ഐക്യമുണ്ടാക്കാതെ 13 സീറ്റില്‍ 10 സീറ്റും കിട്ടി. അങ്ങനെ വള്ളിക്കുന്നിലെ പഞ്ചായത്ത് പ്രസിഡന്റായി. പടിഞ്ഞാറ് അറബിക്കടലും വടക്കും കിഴക്കും കടലുണ്ടിപ്പുഴയുമായി ആകെ പരപ്പനങ്ങാടിയുമായുള്ള ഭൂബന്ധമേ അന്ന് വള്ളിക്കിന്നുണ്ടായിരുന്നുള്ളൂ. 1979- 84 ലെ ഭരണ കാലത്ത് വള്ളിക്കുന്നിനെ ശ്വാസ സംവിധാനം കൊടുത്തു. റോഡ് വന്നു. റോഡ് വന്നതോടു കൂടി കോട്ടക്കടവിലെ പാലം നിര്‍മ്മാണം തുടങ്ങി. ഒലിപ്രം കടവ് പാലം നിര്‍മ്മാണം തുടങ്ങി. ഇലക്ട്രിസിറ്റി കൊണ്ടു വന്നു.

84ല്‍ കാലാവധി കഴിയുന്ന ദിവസമാണ് ഒന്നുകില്‍ യുക്തിവാദി സംഘം അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന അന്ത്യശാസനം പാര്‍ട്ടിയില്‍ നിന്ന് വരുന്നത്. അങ്ങനെ 11കൊല്ലം പാര്‍ട്ടിയുടെ പുറത്തായിരുന്നു. എല്‍സി യോഗത്തില്‍ എന്നെ വിളിക്കരുതെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ എല്‍സിയുടെ അജണ്ട എന്റെ വീട്ടില്‍ നിന്നായിരുന്നു തീരുമാനിച്ചത്. അന്ന് യാതൊരു പ്രാദേശിക ഐക്യമില്ലായ്മയും ഞങ്ങള്‍ തമ്മിലില്ലായിരുന്നു.

പിന്നീട് പാര്‍ട്ടി അംഗങ്ങളുടെ നിര്‍ബന്ധപ്രകാരം സ്വതന്ത്രനായി മത്സരിച്ച് വീണ്ടും പ്രസിഡന്റായി. അരിയല്ലൂരിലെയും വള്ളിക്കുന്നിലെയും എല്‍സി വീട്ടില്‍ വിളിച്ച് തന്റെ ആശയങ്ങള്‍ അറിയിക്കും. ജനകീയാസൂത്രണം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിനു മുന്നേ നടപ്പിലാക്കി. ഫണ്ടിന്റെ ലഭ്യതയില്ലായ്മയായിരുന്നു അത്തരമൊരാശയത്തലേക്ക് എത്തിച്ചത്. ഒരു വാര്‍ഡിന് അയ്യായിരം രൂപയായിരുന്നു അനുവദിച്ചിരുന്നത്. 65000 രൂപയാണ് ഗാന്ധി ജയന്തി കാലത്ത് ചിലവാക്കാന്‍ ഉണ്ടായിരുന്നത്. റോഡുണ്ടാക്കാന്‍ ഈ പണം കൊണ്ടാവില്ല. ഇടവഴി വീതികൂട്ടി ജനകീയ പ്രവര്‍ത്തനം നടത്തണം. ഒന്നുകില്‍ അധ്വാനമായോ സംഖ്യയായോ പിരിക്കണം. അങ്ങനെ അമ്മമാരും കുട്ടികളും പുരുഷന്‍മാരും എല്ലാ കൂടി ചേര്‍ന്ന് റോഡ് വീതി കൂട്ടി. അങ്ങനെയാണ് ജനകീയാസൂത്രണ പദ്ദതി ആദ്യമായി നടപ്പിലാക്കുന്നത്. 1995 ല്‍ ഓഗസ്റ്റ് 17നാണ് ജനകീയാസൂത്രണ പ്രഖ്യാപനം.പക്ഷെ വള്ളിക്കുന്നിൽ അതിനു മുന്നേ നമ്മള്‍ നടത്തി. മാര്‍ച്ചില്‍ 31നാണ് കാട്ടുങ്ങല്‍ തോട് നവീകരണം നടക്കുന്നത്. ഇതിന് 51000 രൂപയാണ് ആകെ ചിലവായത് എന്നാല്‍ ആകെ ആളുകളുടെ അധ്വാനം കണക്കാക്കുകയാണെങ്കില്‍ 2,47000 രൂപയുടെ പണി നടത്തി. ഇന്ന് 6 കോടി പഞ്ചായത്തിന് ലഭിക്കും. അന്ന് 56 ലക്ഷം രൂപയാണ് വികസനത്തിനുള്ളത്. 1600 മീറ്റര്‍ നീളവും പത്തടി വീതിയുമുള്ള കാട്ടുങ്ങല്‍ തോട് എട്ട് മണിക്കൂര്‍ കൊണ്ട് 2442 ആളുകള്‍ പങ്കെടുത്ത് കൊണ്ടാണ് വീതികൂട്ടിയത്. അത്തരത്തിലുള്ള ഏഴ് പരിപാടി വേറെ നടത്തി. അങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ.

പാര്‍ട്ടിയോ അല്ലെങ്കില്‍ യുക്തിവാദമോ ഏതെങ്കിലും ഒന്ന് എന്ന പാര്‍ട്ടിയുടെ ശാസനയില്‍ പതറാതെ യുക്തിവാദം തിരഞ്ഞെടുക്കാനിടയായ സാഹചര്യമെന്താണ്?

1983ല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദ സംഘം കാമ്പയിന്‍ നടത്തിയിരുന്നു.അതേ കുറിച്ച് ഇംഎംഎസ് കോഴിക്കോട് പ്രഭാഷണത്തിനിടെ പറഞ്ഞത് മുസ്ലിങ്ങളുടെ ശരീയത്ത് നിയമം ഭേദഗതി ചെയ്യണമെന്ന് അവരുടെ സമുദായമാണ് തീരുമാനിക്കേണ്ടത് അല്ലാതെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും യുക്തിവാദികളുമല്ല എന്നായിരുന്നു. അതെനിക്ക് പിടിച്ചില്ല. അന്ന് ഇഎംഎസ് പാര്‍ട്ടി സെക്രട്ടറിയാണ് ഞാന്‍ യുക്തിവാദ സംഘത്തിന്റെ കേരള സെക്രട്ടറിയും . അദ്ദേഹത്തിന്റെ ഈ അഭിപ്രായത്തോട് വിയോജിപ്പുണ്ടെന്ന് ഞാന്‍ യോഗത്തില്‍ വെച്ച് അദ്ദേഹത്തോട് പറഞ്ഞു.

1968ല്‍ ജന്തുപക്ഷി ബലി നിരോധന നിയമം ഇഎംഎസ് കൊണ്ടുവന്നപ്പോള്‍ ഹിന്ദു സമൂഹത്തിന്റെ അഭിപ്രായമെന്താണെന്ന് ചോദിച്ചിരുന്നോ. ഹിന്ദുക്കളുടെ കാര്യം വരുമ്പോള്‍ സമുദായ അഭിപ്രായം വേണ്ടെന്നും മുസ്ലിങ്ങളുടെ കാര്യം വരുമ്പോള്‍ അവരുടെ അഭിപ്രായം നോക്കണം എന്ന നിലപാട് ശരിയാണെന്ന് എനിക്ക് തോന്നിയില്ല. ഇടതിന്റെ ഈ നിലപാടിനെയാണ് ഞാന്‍ രാഷ്ട്രീയ അവസരവാദം എന്ന് പറയുന്നത്. മാതൃഭൂമിയും മനോരമയും അന്ന് എനിക്ക് പിന്തുണ തന്നു.. അടുത്തയാഴ്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് നിര്‍ദേശം വന്നു. ഒന്നുകില്‍ യുക്തിവാദ സംഘം അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഞാന്‍ യുക്തിവാദ സംഘം തിരഞ്ഞെടുത്തു.

പാര്‍ട്ടിയോടുള്ള വിയോജിപ്പു കൊണ്ട് രാജിവെക്കുന്നതല്ലെന്നും പാര്‍ട്ടിയെടുത്ത തീരുമാനം അംഗീകരിക്കാന്‍ വേണ്ടി പുറത്തു പോവുകയാണെന്നും പ്രദേശത്തെ സഖാക്കളെ ഞാന്‍ പറഞ്ഞു ബോധ്യപ്പെടുത്തി. മെമ്പര്‍ഷിപ്പ് അടക്കം നഷ്ടപ്പെട്ടെങ്കിലും അതിനു ശേഷവും പാര്‍ട്ടി എന്ത് കാര്യത്തിനു വിളിച്ചാലും സഹകരണം തുര്‍ന്നു. അന്നും കമ്മ്യൂണിസ്റ്റാണ് ഇന്നും കമ്മ്യൂണിസറ്റാണ്.

എന്നാല്‍ ആ സംഭവത്തിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്തു നിന്നുള്ള ചില നീക്കം കാരണം യുക്തിവാദ സംഘം ക്ഷീണിച്ചു പോയി എന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് ഞാന്‍. മാര്‍ക്‌സിസ്റ്റ് ദര്‍ശനം പിന്തുടരുന്ന യുക്തിവാദികളെ മാറ്റിനിര്‍ത്തിയതു വഴി വലിയ തെറ്റാണ് പാര്‍ട്ടി ചെയ്തത്. വള്ളിക്കുന്നില്‍ യുക്തിവാദ സംഘത്തിന്റെ യൂണിറ്റുണ്ടായിരുന്നു. അതില്‍ ഭൂരിപക്ഷവും പാര്‍ട്ടി അംഗങ്ങളായിരുന്നു. ഒന്നുകില്‍ പാര്‍ട്ടി അല്ലെങ്കില്‍ യുക്തിവാദ സംഘം എന്ന നിലപാടിനാല്‍ അവരെല്ലാം യുക്തിവാദസംഘത്തിന്റെ കമ്മറ്റി വിളിച്ചാല്‍ വരാതായി. വള്ളിക്കുന്നില്‍ മാത്രമല്ല കേരളത്തില്‍ മൊത്തം അങ്ങനെയായിരുന്നു.

ഇത്തരത്തില്‍ യുക്തിവാദികളെ പാര്‍ട്ടി പ്രോത്‌സാഹിപ്പിക്കാത്തതാണ് ശബരിമല വിഷയത്തില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിക്ക് കാരണം എന്ന് തോന്നിയിരുന്നോ

ശബരിമല സംവാദം നടക്കുമ്പോള്‍ ഞാന്‍ പോണ്ടിച്ചേരി ആശുപത്രിയില്‍ പോയതായിരുന്നു. ഒറ്റ ടിവിക്കാര് പോലും യുക്തിവാദികളെ സംവാദത്തിന് വിളിപ്പിച്ചില്ല. ആ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞങ്ങള്‍ക്കുള്ള പോലെ അവകാശം കേരളത്തില്‍ വേറെ ആര്‍ക്കാണുള്ളത്. അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ ഏറ്റുമുട്ടുമ്പോഴല്ലേ സത്യം ഉരുത്തിരിഞ്ഞ് വരൂ. എന്നിട്ടും ഒരു ചാനലുകാരും ചര്‍ച്ചയ്ക്ക് ഞങ്ങളെ ക്ഷണിച്ചില്ല. ഡയലറ്റിക്‌സ് പഠിച്ചിരുന്നെങ്കില്‍ ചാനലുകാര്‍ ഈ വിഡ്ഢിത്തം ചെയ്യില്ല. ഡയലറ്റിക്‌സ് സിദ്ധാന്തം പ്രകാരം വളരേണ്ട ആശയം വളരുകയും തളരേണ്ട ആശയം തളരുകയുമാണ് ചെയ്യുക. അത് തിരിച്ചറിയാന്‍ ബഹുജനങ്ങള്‍ക്ക് കഴിയും. വലതുപക്ഷത്തെ സഹായിക്കാന്‍ വേണ്ടി ചെയ്ത കുതന്ത്രത്തിന്റെ ഭാഗമായിട്ടായിരിക്കാം ഞങ്ങളെ ക്ഷണിക്കാതിരുന്നത്.

Content Highlights: rationalist freethinkers u kalanathan interview,nileena atholi, social, mathrubhumi,atheist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented