രാജസേനൻ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി. തൊട്ടുപിന്നാലെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗവുമായി. എന്നാല്‍, ബി.ജെ.പിയില്‍നിന്ന് സ്വയം പുറത്തു പോവുകയാണ് സംവിധായകന്‍ രാജസേനന്‍. കലാകാരന്മാര്‍ക്ക് ബി.ജെ.പി. പ്രാധാന്യം നല്‍കുന്നില്ലെന്നാണ് രാജസേനന്‍ പറയുന്നത്. സ്ഥാനാര്‍ഥിത്വവും പാര്‍ട്ടിയില്‍ താന്‍ നേരിട്ട അവഗണനയെപ്പറ്റിയും മാതൃഭൂമി ഡോട്ട് കോമിനോട് രാജസേനന്‍ പങ്കുവെക്കുന്നു.
ബി.ജെ.പി. വിട്ട് സി.പി.എമ്മിനൊപ്പം പോകുന്നുവെന്ന പ്രഖ്യാപനം അടുത്തിടെയാണ് താങ്കള്‍ നടത്തിയത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കാണുകയും ചെയ്തു. ബി.ജെ.പിയില്‍നിന്ന് പോകാനുള്ള കാരണം?
മുമ്പ് കമ്മ്യൂണിസ്റ്റ് ചിന്താഗതിയുണ്ടായിരുന്ന ഒരാളാണ് ഞാന്‍. അങ്ങനൊരു കുടുംബത്തിലെ അംഗവും കൂടിയാണ്. കേന്ദ്രത്തില്‍ മോദി അധികാരത്തില്‍ വരികയും രാജ്യം മുന്നേറുകയും ചെയ്യുന്ന സമയം, നമ്മള്‍ മലയാളികള്‍ കേരളത്തിലെ കാര്യങ്ങള്‍ മാത്രമല്ല രാജ്യത്തിന്റെ മുഴുവന്‍ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ടല്ലോ. അങ്ങനെയാണ് ഞാന്‍ ബി.ജെ.പിയിലേക്ക് കടന്നുവന്നത്.
അത് വലിയൊരു സ്വാഗതമായിരുന്നു. പൂജപ്പുര മൈതാനത്ത് രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തില്‍ നടന്ന വലിയ സമ്മേളനത്തിലാണ് ഞാന്‍ ബി.ജെ.പി. അംഗത്വമെടുക്കുന്നത്. കുമ്മനം രാജശേഖരനായിരുന്നു അന്ന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍. കുമ്മനത്തിന്റെ വിമോചനയാത്ര തീരുന്ന ദിവസമായിരുന്നു ഞാന്‍ പാര്‍ട്ടി അംഗമാകുന്നത്. അന്നുതന്നെ രാത്രി കെ. സുരേന്ദ്രന്‍ എന്നെ വിളിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഓഫര്‍ ചെയ്തു.
മത്സരിക്കാനും മന്ത്രിയാകാനുമൊന്നും വന്നയാളല്ല എന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. എനിക്ക് കലാരംഗത്ത് സജീവമായി പ്രവര്‍ത്തിക്കണം. പക്ഷെ, മത്സരിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സ്ഥാനാര്‍ഥിത്വത്തിന്റെ പ്രാധാന്യമൊക്കെ അദ്ദേഹം പറഞ്ഞു. അങ്ങനെ ആദ്യം തിരുവനന്തപുരം സീറ്റ് എനിക്ക് ഓഫര്‍ ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അത് നെടുമങ്ങാട് സീറ്റായി. തിരുവനന്തപുരത്തെന്ന പോലെ നെടുമങ്ങാടും രണ്ടു ദിവസം ഉത്സവപ്പറമ്പില്‍ എഴുന്നള്ളിക്കുന്നതുപോലെ പോയി. അവിടെ ചുവരെഴുത്ത് തുടങ്ങിയ സമയത്താണ് എന്നെ അരുവിക്കരയിലേക്ക് മാറ്റുന്നത്.
അരുവിക്കരയ്ക്ക് മാറ്റിയതോടെ എന്റെ സുഹൃത്തുക്കളെല്ലാം അത് സ്വീകരിക്കേണ്ടതില്ല എന്നാണ് നിര്‍ദ്ദേശിച്ചത്. ഞാന്‍ സുരേന്ദ്രനെ വിളിച്ച് മത്സരിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി അവിടെ മത്സരിച്ചു.
അരുവിക്കരയില്‍ മത്സരിക്കാന്‍ മറ്റൊരു ബി.ജെ.പി. നേതാവിന് താത്പര്യമുണ്ടായിരുന്നു. അക്കാര്യം അദ്ദേഹം എന്നെ വിളിച്ച് പറയുകയും ചെയ്തിരുന്നു. സീറ്റ് നഷ്ടപ്പെട്ടതിന്റെ ബുദ്ധിമുട്ട് അദ്ദേഹത്തിനും കാണുമല്ലോ. അതൊക്കെ തിരഞ്ഞെടുപ്പ് പ്രചരണത്തിലൊക്കെ പ്രതിഫലിച്ചുവെന്നാണ് എന്റെ കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ എന്നെ സംസ്ഥാന കമ്മിറ്റി അംഗമാക്കുകയും ചെയ്തു. അത് പാര്‍ട്ടിയിലുള്ള പലര്‍ക്കും രസിച്ചില്ല എന്നുള്ളതാണ് സത്യം. ഒരു കലാകാരന്‍ വന്ന് പെട്ടെന്ന് വളരുമ്പോള്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല.
അപ്പോള്‍ കലാകാരനായി പ്രവര്‍ത്തിക്കാന്‍ ബി.ജെ.പിയില്‍ സാധ്യമല്ല എന്നാണോ പറയുന്നത്?
അതെ, കലാകാരന്മാര്‍ക്ക് പൊതുവില്‍ ഒരു പ്രാധാന്യം ബി.ജെ.പിയില്‍ കിട്ടുന്നില്ല. ഒരുപാട് ആശയങ്ങള്‍ ഞാന്‍ സംസ്ഥാന നേതൃത്വവുമായി പങ്കുവെച്ചിട്ടുണ്ട്. ശബരിമല വിഷയം സജീവമായി നടക്കുന്ന സമയത്ത് പാര്‍ട്ടി നിലപാട് അവതരിപ്പിക്കുന്ന നര്‍മം കലര്‍ത്തിയ സിനിമ ഉള്‍പ്പെടെ ഒരുപാട് ആശയങ്ങള്‍ ഞാന്‍ നേതൃത്വത്തിന് മുന്നില്‍ വെച്ചു.
മാത്രമല്ല, ഞാന്‍ വന്നതിന് ശേഷം ഒരുപാട് തിരഞ്ഞെടുപ്പുകള്‍ വന്നിരുന്നു. സ്റ്റേജ് ആര്‍ട്ടിസ്റ്റുകളെ ചേര്‍ത്ത് സംഘകലാവേദി എന്നൊരു സംഘടന ഞാന്‍ തുടങ്ങിയിരുന്നു. ബി.ജെ.പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അത്. ഒരുപാട് കലാകാരന്മാരുണ്ട് അതില്‍. എല്ലാ ജില്ലയിലും കമ്മിറ്റിയൊക്കെയുണ്ട്. അതില്‍ നല്ല എഴുത്തുകാരൊക്കെയുണ്ട്. തിരഞ്ഞെടുപ്പിന് വേണ്ടി അവരെ ഉപയോഗപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും പരിഗണിച്ചില്ല.
വന്ദേമാതരം പാടാന്‍ പോലും അതിലെ പാട്ടുകാരെ പാര്‍ട്ടി സമ്മേളനങ്ങളില്‍ വിളിക്കാറില്ല. കൈയില്‍നിന്ന് പണം മുടക്കി കുറെനാള്‍ സംഘകലാവേദിയെ മുന്നോട്ടുകൊണ്ടുപോയി. കലാകാരന്മാരുടെ പിന്തുണ പാര്‍ട്ടിക്ക് കിട്ടണമെന്ന ഉദ്ദേശത്തോടെയാണ് അന്നത് ചെയ്തിരുന്നത്.
സി.പി.എമ്മൊക്കെ വളര്‍ന്നതിന് പിന്നില്‍ കലാ- സാംസ്‌കാരിക രംഗത്തുള്ളവരുടെ പിന്തുണയും ഒരു ഘടകമാണ്. അതെനിക്ക് വ്യക്തിപരമായി അറിവുള്ള കാര്യം കൂടിയാണ്. സാംബശിവനേപ്പോലെയുള്ള കലാകാരന്മാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനങ്ങളിലുണ്ടാക്കിയ സ്വീകാര്യത വളരെ വലുതാണ്. ഇത്തരം കാര്യങ്ങളൊക്കെ ഞാന്‍ ബി.ജെ.പി. നേതൃത്വത്തിനോട് പറഞ്ഞിരുന്നതാണ്. അതൊന്നും അവര്‍ക്ക് ദഹിക്കില്ല. കുമ്മനമായാലും പിന്നീട് വന്ന ശ്രീധരന്‍ പിള്ള ആയാലും സുരേന്ദ്രനായാലും നേതൃത്വത്തില്‍ ആര് വന്നാലും സമീപനം ഒന്നുതന്നെ.
കലാകാരനായി പ്രവര്‍ത്തിക്കാന്‍ സി.പി.എം. മാത്രമാണോ മികച്ച ചോയ്സ് എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത് ?
അതെ, കേരളത്തിന്റെ ചരിത്രം അതാണ്. ഏത് എഴുത്തുകാരനെ എടുത്താലും സാഹിത്യകാരിയെ എടുത്താലും ഗായകരെ എടുത്താലും സിനിമ മേഖലയിലുള്ളവരെ എടുത്താലും ആരാണ് ഇടതുപക്ഷത്തില്ലാത്തത്...! ഏകദേശം എല്ലാവരും ഇടതുപക്ഷത്തുള്ളവരാണ്. ഒരുകാലത്ത് ഏറ്റവും വലിയ ജനകീയ കല ആയിരുന്നു കഥാപ്രസംഗം. കെടാമംഗലം സദാനന്ദന്‍, സാംബശിവന്‍ ഇവരൊക്കെ ഇടതു ചിന്താഗതിക്കാരായിരുന്നു.
അവരുടെ പാത പിന്തുടര്‍ന്നുവന്ന മിക്ക കലാകാരന്മാരും ഇടതുപക്ഷത്തുള്ളവരായിരുന്നു. കലാകാരന്മാര്‍ എവിടെ സുരക്ഷിതരാണോ അവിടെ അവരെത്തും. പഴയകാലത്ത് വലിയ വേതനമൊന്നും കിട്ടിയിരുന്നില്ല. അപ്പോളാണ് ഇവരൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. നിസാര സംഖ്യയ്ക്കാണ് ഇതെല്ലാം ചെയ്തുകൊണ്ടിരുന്നത്. പണത്തിന് പകരം ഒരു സംരക്ഷണം ഇവര്‍ ആഗ്രഹിച്ചിരുന്നു എന്നുള്ളതിന്റെ തെളിവാണ് അത്. ഒരു 60 വര്‍ഷത്തെ ചരിത്രം എടുത്ത് നോക്കിയാല്‍ നമുക്ക് അത് കൃത്യമായി മനസിലാകും.
കുടുംബ ബന്ധങ്ങളുടെ മൂല്യമുള്ള സിനിമകള്‍ മലയാളത്തില്‍ കുറയുന്നുവെന്ന് തോന്നുന്നുണ്ടോ?
അതൊരു പ്രശ്നമായി എനിക്ക് തോന്നാറുണ്ട്. കാരണം ലോകത്തിലെ ഏറ്റവും വലിയ ജനകീയ കലയാണ് സിനിമ. അതില്‍ ബന്ധങ്ങളുടെ മൂല്യം ഇല്ലാതെ വന്നാല്‍ വരുന്ന തലമുറയ്ക്ക് അതൊരു വലിയ നഷ്ടമായി മാറും. മുത്തച്ഛനെന്താണ്, അമ്മാവനെന്താണ്, അമ്മായി എന്താണ്, അപ്പച്ചി ആരാണ് തുടങ്ങി ഇതൊന്നും മനസിലാകാത്ത അവസ്ഥയിലേക്ക് സമൂഹം പോകുമെന്ന് ഞാന്‍ ഭയപ്പെടുന്നു. എന്നാല്‍, ഈ അടുത്ത കാലത്തൊക്കെ ചില സിനിമയില്‍ ഗുണപരമായ മാറ്റമുണ്ടാകുന്നുണ്ട്.
സിനിമ ഒരു കലയാണ്, അതൊരു വ്യവസായമാണ്. പക്ഷെ ചില ആശയങ്ങള്‍ ശ്രേഷ്ഠമാണ്, ചിലരൊക്കെ മോശക്കാരാണ് എന്നൊക്കെ വരുത്തി തീര്‍ക്കുന്ന രീതിയില്‍ സിനിമയെ ഒരു പ്രോപ്പഗാണ്ട ടൂളായി മാറ്റുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ?
അങ്ങനത്തെ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, അത്ഭുതമെന്ന് പറയട്ടെ അത്തരം സിനിമയ്ക്ക് വലിയ വരവേല്‍പ്പ് ഇവിടെ കണ്ടില്ല. അങ്ങനെ ഗൂഢലക്ഷ്യവുമായി വന്ന പല സിനിമകളും പരാജയത്തിലേക്കാണ് പോയതെന്നാണ് എന്റെ വിശ്വാസം. ഇത്തരം രീതികള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു പ്രത്യേക സാഹചര്യത്തെപ്പറ്റിയുള്ളതാണെങ്കിലോ, ഒരു നേതാവിനെ പറ്റിയോ സംഭവങ്ങളെ പറ്റിയോ സത്യസന്ധമായി പറയുന്ന സിനിമയാണ് വരുന്നതെങ്കില്‍ അതില്‍ ഒരു തെറ്റും ഇല്ലെന്നാണ് എന്റെ അഭിപ്രായം. സത്യസന്ധത അതില്‍ ഉണ്ടാകണം.
ആരെയെങ്കിലും വെറുതെ വരച്ചുകാണിക്കാന്‍ വേണ്ടി മാത്രമാകരുത് എന്നാണ് എന്റെ അഭിപ്രായം. അത്തരം സൃഷ്ടികള്‍ ചെയ്യുമ്പോള്‍ അസാമാന്യമായൊരു പാണ്ഡിത്യം അതില്‍ വേണം. ശക്തരായ നിര്‍മാതാക്കള്‍ വേണം. കാരണം അത്തരം കാലഘട്ടങ്ങള്‍ കാണിക്കാനൊക്കെ വലിയ സാമ്പത്തിക ചെലവുണ്ടാകും. കേരളത്തില്‍ അടുത്തിടെ ഇറങ്ങിയ സമാനമായൊരു ചിത്രത്തില്‍ അതൊന്നുമില്ല. അത് റെഗുലറായി തീയേറ്ററില്‍ കളിച്ചുവെന്ന് പോലും എനിക്ക് അറിയില്ല.
സിനിമയില്‍ ലഹരിയുടെ അമിത സ്വാധീനമുണ്ടാകുന്നുണ്ട് എന്നൊരു ആരോപണം പല കോണില്‍നിന്നും വരുന്നുണ്ട്. അത്തരം വസ്തുതകളെപ്പറ്റി എന്താണ് അഭിപ്രായം?
സിനിമയിലും അതില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ആളുകളും ലഹരി ഉപയോഗിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. സിനിമകളിലും അത്തരം രംഗങ്ങള്‍ പഴയ കാലത്തേക്കാള്‍ കൂടി വരുന്നുണ്ട്. അതുകൊണ്ട് മാത്രം ചെറുപ്പക്കാര്‍ ലഹരി ഉപയോഗിക്കാനായി ആകര്‍ഷിക്കപ്പെടുന്നുവെന്ന് പറയാനാകില്ല. അങ്ങനെയാണെങ്കില്‍ നന്മ നിറഞ്ഞ ഒരുപാട് രംഗങ്ങള്‍ സിനിമകളിലുണ്ട്, ആ നന്മകൂടി നമ്മുടെ ഉള്ളിലേക്ക് വരേണ്ടതല്ലെ. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരു കഥാപാത്രത്തെ കണ്ട് എനിക്കും അതുപയോഗിക്കണമെന്ന് തോന്നാന്‍ മാത്രം മണ്ടന്മാരാണ് മലയാളി പ്രേക്ഷകരെന്ന് എനിക്ക് തോന്നുന്നില്ല.
Content Highlights: Rajasenan, BJP, CPM
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..