'കോണ്‍ഗ്രസ് ഉത്തരം പറയണം, രാഹുലിനായി മേല്‍കോടതിയില്‍ പോകാതിരുന്നതെന്തുകൊണ്ട്?'


By മനോജ് മേനോന്‍

6 min read
Read later
Print
Share

കോണ്‍ഗ്രസ് ഒരു പ്രാദേശിക പാര്‍ട്ടിയെപോലെയായി കഴിഞ്ഞു. രാഹുലിനെ അയോഗ്യതയിലെത്തിച്ചത് ധാര്‍ഷ്ട്യവും അഹങ്കാരവും

അനുരാഗ് ഠാക്കൂർ | Photo: ANI

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യം, ദേശീയ രാഷ്ട്രീയം, പ്രതിപക്ഷ സമീപനം, ബി.ജെ.പിയുടെ നിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ മാതൃഭൂമിയോട് സംസാരിച്ചപ്പോള്‍.

രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരേ വിമര്‍ശനമുയര്‍ത്തിയതിന്റെ പേരിലാണ് നടപടിയെന്ന് കോണ്‍ഗ്രസും പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നു. എന്താണ് പ്രതികരണം?

ഇത് ആദ്യമായല്ല രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ മണ്ടത്തരം ചെയ്യുന്നത്. 2018ല്‍ രാഹുല്‍ സമാനമായ കേസില്‍ സുപ്രീംകോടതിയില്‍ മാപ്പ് എഴുതി നല്‍കിയിരുന്നു. ഭാവിയില്‍ ഇക്കാര്യത്തില്‍ അതീവശ്രദ്ധവേണമെന്നും ആവര്‍ത്തിക്കരുതെന്നും സുപ്രീം കോടതി അന്ന് നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല, ഇതുപോലെ രാഹുലിനെതിരേയുള്ള ഏഴ് അപകീര്‍ത്തി കേസുകള്‍ നടന്നുവരികയാണ്. ഇതിലെല്ലാം രാഹുല്‍ ജാമ്യത്തിലാണ്. എന്നാല്‍ വീണ്ടും രാഹുല്‍ മനഃപൂര്‍വം ഇത്തരത്തില്‍ അപകീര്‍ത്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. തെളിവുകളില്ലാതെ മറ്റുള്ളവര്‍ക്ക് മേല്‍ ചെളിവാരിയെറിഞ്ഞതിന് ശേഷം മാറിക്കളയുകയാണ് രാഹുലിന്റെ രീതി. സുപ്രീംകോടതി നിര്‍ദേശം മാനിക്കാതെ തുടര്‍ച്ചയായി ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ്. സൂറത്ത് കോടതിയും മാപ്പപേക്ഷ നല്‍കാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ രാഹുലിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം അതിന് തയ്യാറാകാതിരുന്നതാണ് അയോഗ്യത എന്ന സ്ഥിതിയില്‍ എത്തിച്ചത്.

ഒരു ജനപ്രതിനിധിക്ക് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചാല്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ആ നിമിഷം മുതല്‍ അയാള്‍ അയോഗ്യനാക്കപ്പെടും. ഇക്കാര്യത്തില്‍ ലോക്സഭാ സെക്രട്ടറിയേറ്റ് ഏതെങ്കിലും ഉത്തരവ് നല്‍കേണ്ട കാര്യമില്ല. അയാള്‍ക്ക് തുടര്‍ന്ന് മേല്‍കോടതിയെ സമീപിക്കാം. ശിക്ഷയില്‍ സ്റ്റേ വാങ്ങാം. എന്നാല്‍ രാഹുല്‍ അക്കാര്യത്തിലും അഹങ്കാരം കാട്ടി. പിന്നാക്കക്കാരെ അപമാനിച്ചു, അതിന് പിന്നാലെ മാപ്പ് പറഞ്ഞില്ല. മേല്‍കോടതിയില്‍ പോയില്ല. താന്‍ നിയമങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും മുകളിലാണെന്ന് കരുതുന്നു. ഇത് ഗാന്ധി കുടുംബതത്തിന്റെ അഹങ്കാരമാണ്. ആരാണ് രാഹുലിന്റെ പിന്നില്‍ കളിക്കുന്നതെന്നറിയില്ല. ഈ ചോദ്യം ഞാന്‍ ആദ്യം തന്നെ ഉയര്‍ത്തി. എന്നാല്‍ കോണ്‍ഗ്രസ് മറുപടി പറയാന്‍ തയ്യാറാകുന്നില്ല. രാഹുല്‍ ഗാന്ധിയുടെ ഈ അവസ്ഥക്ക് ആരാണ് കാരണം? ആരാണ് ഇതിന് പിന്നില്‍? പാര്‍ട്ടി രാജ്യസഭാ എം.പിമാരാക്കിയിരിക്കുന്ന എത്രയോ നിയമപണ്ഡിതന്‍മാര്‍ കോണ്‍ഗ്രസിലുണ്ട്. അതില്‍ ഒരാള്‍ പോലും മുന്നോട്ടുവന്ന് മേല്‍കോടതിയില്‍ രാഹുലിനായി ഹര്‍ജി കൊടുത്തില്ല. ആരാണ് കളിക്കുന്നത്. പകരം തെരുവില്‍ സമരം നടത്തിയാല്‍ അയോഗ്യത യോഗ്യതയാകുമോ?

പാര്‍ലമെന്റംഗമെന്ന നിലയില്‍ രാഹുലിന്റെ പ്രകടനം വിലയിരുത്തൂ. രാഹുല്‍ ഗാന്ധിയുടെ ശരാശരി ഹാജര്‍ നില പരിശോധിക്കു. രാഹുല്‍ ഗാന്ധി ശരാശരിയിലും താഴെയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ചരിത്രം നോക്കൂ. കാര്യമായി ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടില്ല. 2009-2014ല്‍ തന്റെ മണ്ഡലമായ അമേഠിയെക്കുറിച്ചോ സാധാരണ ജനങ്ങളെക്കുറിച്ചോ ഒരു ചോദ്യംപോലും രാഹുല്‍ ലോക്സഭയില്‍ ഉന്നയിച്ചിട്ടില്ല. യോഗ്യതാ വിഷയത്തില്‍ ഒരുകാര്യം കൂടിയുണ്ട്. വിദേശരാജ്യത്ത് പോയി ഇന്ത്യയെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ലഡാക്കിനെക്കുറിച്ചും അരുണാചല്‍ പ്രദേശിനെക്കുറിച്ചും സംസാരിക്കുന്നു. അരുണാചല്‍ പ്രദേശിലുള്ള ഇന്ത്യന്‍ സൈന്യത്തെ അധിനിവേശ സേന എന്നാണ് രാഹുല്‍ വിളിച്ചത്. ഈ പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ല എന്നാണോ രാഹുല്‍ കരുതുന്നത്. വിദേശരാജ്യങ്ങളില്‍ പോയി സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഇന്ത്യയെ അപമാനിക്കുകയാണ് രാഹുലിന്റെ രീതി. ഇത് വളരെ ഗരുതരമായ ചോദ്യമാണ് രാഹുലിന്റെ ശേഷിയെയും സമീപനത്തെയും കുറിച്ച് ഉയരുന്നത്.

രാഹുലിന്റെ ലോക്സഭാംഗത്വം തിടുക്കത്തില്‍ നഷ്ടമാകുന്നു.അതിന് തൊട്ടു പിന്നാലെ വീടൊഴിയാന്‍ നോട്ടീസ് നല്‍കുന്നു. ഈ തിടുക്കത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്ത് പറയുന്നു?

രണ്ടുവിഷയങ്ങളും തമ്മില്‍ ചേര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെ അപമാനിച്ചതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി ഉണ്ടായത്.ഒരു വ്യക്തിയെ ലാക്കാക്കി ഒരു സമുദായത്തെ മുഴുവനാണ് രാഹുല്‍ ലക്ഷ്യമിട്ടത്.രാഹുല്‍ ആ സമുദായത്തോട് മാപ്പ് പറയണമായിരുന്നു.ആദ്യമായൊന്നുമല്ലല്ലോ രാഹുല്‍ മാപ്പ് ചോദിക്കുന്നത്.അഹങ്കാരം കൊണ്ടാണ് രാഹുല്‍ ഒ.ബി.സി വിഭാഗത്തോട് മാപ്പ ചോദിക്കാതിരുന്നത്.കോടതി ശിക്ഷ വിധിച്ച ഉടന്‍ രാഹുല്‍ അയോഗ്യനാക്കപ്പെട്ടു.പാര്‍ലമെന്റ് അംഗമല്ലെങ്കില്‍ സര്‍ക്കാര്‍ വസതി ലഭിക്കില്ല.മുന്‍ അംഗമാണെങ്കില്‍ മാര്‍ക്കറ്റിലെ നിരക്കനുസരിച്ച് വാടക നല്‍കിയാല്‍ സര്‍ക്കാര്‍ വസതികളില്‍ താമസിക്കാം.ഇക്കാര്യത്തില്‍ കേന്ദ്ര ഭവനമന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത്.കോണ്‍ഗ്രസ് യഥാര്‍ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്.പിന്നാക്ക വിഭാഗങ്ങളെ അവഹേളിച്ചു എന്ന കേന്ദ്ര വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്.രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയില്ല.ആദ്യമായാണോ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ രാഹുല്‍ നടത്തുന്നത്.പ്രധാനമന്ത്രിക്കെതിരെ എത്രയോ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നു. താഴെക്കിടയിലുള്ളവന്‍, കാവല്‍ക്കാരന്‍ കള്ളനാണ്, ചായക്കാരന്‍, മരണത്തിന്റെ വ്യാപാരി അങ്ങനെ എന്തൊക്കെയാണ് പ്രധാനമന്ത്രിക്കെതിരേ പറഞ്ഞിരിക്കുന്നത്. ചരിത്രത്തില്‍ ഇത്രയും കോണ്‍ഗ്രസ് ഇതിന് മുമ്പ് തരം താഴ്ന്നിട്ടില്ല. രാഹുല്‍ ഗാന്ധി ലക്ഷ്മണരേഖ മറി കടന്നുകഴിഞ്ഞു. പിന്നാക്ക വിഭാഗങ്ങള്‍ രാഹുലിന് മാപ്പ് നല്‍കില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് ധര്‍ണയും പ്രതിഷേധ സമരങ്ങളും നടത്തിയിട്ട് ആരും പങ്കെടുക്കാത്തത്. എല്ലാവരും പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും ആരും പങ്കെടുക്കാനെത്തിയില്ല. രാഹുലിന്റെ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍തന്നെ എതിര്‍പ്പുണ്ട്. സവര്‍ക്കറെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ശിവസേനക്ക് പ്രയാസമുണ്ട്.മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതിഷേധമുണ്ട്.രണ്ട് വെറുപ്പുകളാണ് രാഹുല്‍ നേടിയത്. സവര്‍ക്കറുടെ പേരില്‍ മഹാരാഷ്ട്രയില്‍ നിന്ന്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനത്തിന്റെ പേരില്‍ രാജ്യവ്യാപകമായി.

എന്നാല്‍ ഈ ആരോപണങ്ങള്‍ ബി.ജെ.പി ഉയര്‍ത്തുന്നത് പ്രധാനവിഷയത്തില്‍ നിന്ന് അതായത്, അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് എന്നാണ് കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും ആരോപണം.രാഹുല്‍ നിരന്തരം അദാനി വിഷയമുയര്‍ത്തുന്നതില്‍ ബി.ജെ.പിയക്കുള്ള അസ്വസ്ഥതയാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ എന്ന് അവര്‍ പറയുന്നു.എന്താണ് പ്രതികരണം ?

അദാനി വിഷയത്തില്‍ ഞങ്ങള്‍ക്ക് മറച്ചു വയ്ക്കാനൊന്നുമില്ല.സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. എസ്.ബി.ഐ.യും എല്‍.ഐ.സിയും സെബിയും ആര്‍.ബി.ഐ.യും പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. രാജ്യത്തെ ധനമന്ത്രി തന്നെ ഇക്കാര്യം വിശദീകരിച്ചു കഴിഞ്ഞു. സര്‍ക്കാരിനോ ബി.ജെ.പിക്കോ ഒന്നും മറച്ചു വയ്ക്കാനില്ല. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു.രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ സംസാരിച്ചു. എന്നാല്‍ രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും കൃത്യമായ തെളിവുകള്‍ നല്‍കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. ആധികാരികമായ രേഖകള്‍ നല്‍കാന്‍ രാഹുലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ രാഹുല്‍ പാര്‍ലമെന്റില്‍ വന്നില്ല.അതെങ്ങനെ നടക്കും. പുറത്തിറങ്ങി നുണ പറയുക, സഭയ്ക്കുള്ളില്‍ പങ്കെടുക്കാതിരിക്കുക. സഭയില്‍ വന്നാലല്ലേ കാര്യങ്ങള്‍ അറിയൂ.

രാഹുലിന് ഔദ്യോഗിക വസതി നഷ്ടപ്പെടാന്‍ പോകുന്നു.എന്നാല്‍ ഇപ്പോള്‍ പാര്‍ലമെന്റംഗങ്ങളല്ലാത്ത അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും ഔദ്യോഗിക വസതി തുടരുന്നു.ഇതെങ്ങനെയെന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.അതില്‍ ശരിയുണ്ടോ ?

ഇതിന്റെ പ്രക്രിയ മനസ്സിലാക്കണം. അയോഗ്യത നിലവില്‍ വന്നാല്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെടും. ഔദ്യോഗിക വസതി ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഇല്ലാതാകും. എന്നാല്‍ പൂര്‍വ അംഗത്തിനും ബംഗ്ലാവ് നിലനിര്‍ത്താം. ബംഗ്ലാവ് വേണമെങ്കില്‍ അപേക്ഷിക്കണം. വാടക നല്‍കണം.

രാഹുലിനെതിരെയുള്ള നീക്കം യഥാര്‍ഥത്തില്‍ കൂടുതല്‍ പ്രതിപക്ഷ ഐക്യത്തിന് വഴിവെച്ചില്ലേ ?

എത്ര മാത്രം ഐക്യം പ്രതിപക്ഷ നിരയിലുണ്ടെന്ന് നോക്കു.കഴിഞ്ഞ ദിവസം ഖാര്‍ഗെ വിളിച്ചു ചേര്‍ത്ത അത്താഴ വിരുന്നില്‍ ശിവസേന പങ്കെടുത്തില്ല.അതിന് മുമ്പ് ടി.എം.സി പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ പങ്കെടുത്തില്ല.കോടതി ഉത്തരവില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ല.രാജ്യത്ത് നിയമം മൂലം അയോഗ്യനാക്കപ്പെട്ട ആദ്യത്തെ വ്യക്തി രാഹുല്‍ ഗാന്ധിയല്ല.2013 മുതല്‍ 2023 വരെ 12 ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.ഉദാഹരണത്തിന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍.അദ്ദേഹം ഒരൊറ്റ ദിവസം കൊണ്ട് അയോഗ്യനാക്കപ്പെട്ടു.കോടതി ശിക്ഷ വിധിക്കുന്ന നിമിഷം മുതല്‍ അംഗം അയോഗ്യനാണ്.അത് അടുത്ത ദിവസം മുതല്‍ അല്ല.ഫൈസല്‍ മേല്‍ കോടതിയില്‍ പോയി,ലാലു പ്രസാദ് യാദവ് മേല്‍ കോടതിയില്‍ പോയി.ജഗ്ദീശ് ശര്‍മ മേല്‍ കോടതിയില്‍ പോയി.എന്നാല്‍ രാഹുല്‍ ഗാന്ധി മാത്രം കോടതിയെ സമീപിച്ചില്ല.പവന്‍ ഖേഡയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് കോടതിയില്‍ പോയി.രാഹുലിന്റെ കാര്യത്തില്‍ എന്തു കൊണ്ട് കോടതിയില്‍ പോയില്ല.ആരാണ് രാഹുലിനെ ഇത്തരത്തില്‍ ഉപദേശിക്കുന്നത് ?

ജനാധിപത്യം സംരക്ഷിക്കുന്നത് തന്റെ തപസ്യയാണെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.ആ വാക്കുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാകില്ലേ ?രാഹുല്‍ എന്ന രാഷ്ട്രീയ നേതാവിനെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

രാഹുല്‍ ആരാണെന്ന് ആര്‍ക്കറിയാം.കുറെക്കാലം ഇന്ത്യയിലുണ്ടാകും.കുറെക്കാലം വിദേശത്ത്.പാര്‍ലമെന്റില്‍ തന്നെ വളരെ കുറച്ചാണ് രാഹുല്‍ വരുന്നത്. പാര്‍ലമെന്റ് നടത്താന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നുമില്ല.സഭയില്‍ ചര്‍ച്ചകള്‍ നടക്കണമെന്നതാണ് നമ്മുടെ ആവശ്യം.ചര്‍ച്ച,സംവാദം,തീരുമാനം -അങ്ങനെയായിരിക്കണം പാര്‍ലമെന്റ് നടക്കേണ്ടത്.ഞങ്ങള്‍ ജനാധിപത്യത്തിലും ജനാധിപത്യ നടപടി ക്രമത്തിലുമാണ് വിശ്വസിക്കുന്നത്.രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയായ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയപ്പോള്‍,ജനാധിപത്യ സംരക്ഷണത്തിനായി പോരാടിയവരാണ് ഞങ്ങള്‍.സവര്‍ക്കര്‍ക്കെതിരെയുള്ള രാഹുലിന്റെ പരാമര്‍ശം മഹാരാഷ്ട്രയില്‍ വളരെ പ്രധാനപ്പെട്ടതാണ്.1983 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഫിലിംസ് ഡിവിഷന്‍ സവര്‍ക്കറെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു.നെഹ്രു സവര്‍ക്കറെ പ്രശംസിച്ചിരുന്നു.കോണ്‍ഗ്രസില്‍ ചേരാന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തിലൂടെ രാഹുല്‍ നെഹ്രുവിനെയും ഇന്ദിരയെയും ചെറുതാക്കുകയല്ലായിരുന്നോ.

രാഹുല്‍ പിന്നാക്ക വിഭാഗങ്ങളെ അപമാനിച്ചിട്ടില്ല,അത് ബി.ജെ.പിയുടെ പ്രചരണമാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.എന്താണ് പ്രതികരണം?

ഒത്തിരി പുറകിലേക്ക് പോകണ്ട.രാഹുല്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിന് ശിക്ഷ കിട്ടിയാല്‍ എന്ത് പറയുമായിരുന്നു ?ഏഴ് കേസുകളില്‍ രാഹുല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.തെറ്റ് ചെയ്താല്‍ ഇതല്ലെങ്കില്‍ മറ്റൊരു കേസില്‍ ശിക്ഷ ലഭിക്കില്ലേ.പിന്നാക്ക വിഭാഗങ്ങളെ അപമാനിച്ചത് ഗുരുതര വിഷയമല്ലേ.അതിനെക്കുറിച്ച് കോണ്‍ഗ്രസിന് എന്ത് പറയാനുണ്ട്.ആര്‍.എസ്.എസിനെക്കുറിച്ച്,സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് എത്രയോ പരാമര്‍ശങ്ങള്‍ രാഹുല്‍ നടത്തിയിരിക്കുന്നു. ഒരു വ്യക്തിയുടെ അഹങ്കാരത്തിന്റെ പേരില്‍,പിന്നോക്ക വിഭാഗങ്ങളെ ഈ വ്യക്തി അപമാനിച്ചതിന്റെ പേരില്‍ ആ വ്യക്തിയെ സഹായിക്കാനായി കോണ്‍ഗ്രസ് സമരം നടത്തിയാല്‍ ജനങ്ങള്‍ മറുപടി നല്‍കും.

രാഹുലിനെതിരയുള്ള ആരോപണങ്ങളെ പ്രതിരോധിച്ച് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു.രക്തസാക്ഷിയുടെ മകനെയാണ് ബി.ജെ.പി അപമാനിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.എന്താണ് മറുപടി ?

ഇന്ദിരാജി,രാജീവ് ജി എന്നിവരെക്കുറിച്ച് ഞാനൊന്നും പറയില്ല.എനിക്ക് പ്രിയങ്കാ ഗാന്ധിയോട് ചോദിക്കാനുള്ളത്,പിന്നാക്ക വിഭാഗങ്ങളെ രാഹുല്‍ അപമാനിച്ചതിനെക്കുറിച്ച് പ്രിയങ്കാ ഗാന്ധിക്ക് എന്ത് പറയാനുണ്ട് എന്നാണ് എനിക്ക് പ്രിയങ്കാ ഗാന്ധിയോട് ചോദിക്കാനുള്ളത്.രാഹുലിന്റെ ഈ പരാമര്‍ശത്തെ അംഗീകരിക്കുന്നുണ്ടോ.സവര്‍ക്കറെ രാഹുല്‍ ഗാന്ധി അപമാനിക്കുന്നു.അദ്ദേഹത്തിന് നെഹ്രു,ഇന്ദിരാഗാന്ധി എന്നിവര്‍ എത്രയോ വലിയ ആദരവ് നല്‍കിയിരിക്കുന്നു.ആരെയാണ് പ്രിയങ്ക അംഗീകരിക്കുന്നത്.ഇന്ദിരയുടെയും രാജീവിന്റെയും നിലപാടാണോ അതോ രാഹുലിന്റെ നിലപാടാണോ.?രാഹുല്‍ ഗാന്ധിയുടെ തെറ്റുകളെ മൂടിവയ്ക്കാന്‍ പ്രയാസമാണ്.കോണ്‍ഗ്രസ് വളരെ പ്രയാസപ്പെടും.എന്തു കൊണ്ട് രാഹുല്‍ ഗാന്ധിക്കായി മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കിയില്ല എന്നും പ്രിയങ്ക വ്യക്തമാക്കണം.

വയനാട് മണ്ഡലത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുണ്ടോ ?

തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനിക്കേണ്ടത്.ഉപതിരഞ്ഞെടുപ്പ് വന്നാല്‍ എന്ത് വേണമെന്ന് ബി.ജെ.പി തീരുമാനിക്കും. അയോഗ്യത,അന്വേഷണ ഏജന്‍സികളുടെ തിരച്ചില്‍ തുടങ്ങിയ വിഷയങ്ങള്‍ ഉപയോഗിച്ച് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുമോ? ബി.ജെ.പി എങ്ങനെയാണ് നേരിടുക ?


കോണ്‍ഗ്രസ് ഇപ്പോള്‍ പ്രതിപക്ഷത്ത് നേതൃനിരയിലുള്ള പാര്‍ട്ടിയല്ല.ഇപ്പോള്‍ ഒരു പ്രാദേശിക പാര്‍ട്ടിയേ പോലെയാണ്.കൂടാതെ പ്രതിപക്ഷ നിരയില്‍ സ്വന്തം ശബ്ദവും സ്വന്തം രാഗവുമായി നിരവധി പ്രാദേശിക പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാര്‍ഥപരമായ അജണ്ടകളാണിവര്‍ക്ക്. മമത,കേജ്രിവാള്‍,ബി.ആര്‍.എസ്അതിലൊരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍.എന്നാല്‍,ഞങ്ങള്‍ ഞങ്ങളുടെ ശക്തിയുടെ അടിസ്ഥാനത്തില്‍ മത്സരിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടും.ലോകത്തിലെ ഏറ്റവും പോപ്പുലര്‍ നേതാവാണ് മോദി.അതാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ കരുത്ത്.സുതാര്യത,വിശ്വസ്തത,കൃത്യത,മികച്ച ഭരണം തുടങ്ങിയ ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഭാരത് ജോഡോ യാത്ര കൊട്ടിഘോഷിച്ച് നടത്തിയിട്ടും എന്ത് സംഭവിച്ചു.ഒന്നുമുണ്ടായില്ല.ജനാധിപത്യത്തില്‍ ബാലറ്റിന് ആണ് പ്രാധാന്യം.ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും.അതാണ് വ്യക്തമായ ചുവരെഴുത്ത്.ജനങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ആശയം തള്ളിക്കളഞ്ഞിരിക്കുന്നു.ജനങ്ങള്‍ പ്രധാനമന്ത്രിയുടെ നേതൃത്വം അംഗീകരിച്ചിരിക്കുന്നു.എത്രെയാക്കെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ രാഹുല്‍ ശ്രമിക്കുന്നുവോ അത്രതന്നെ മോദിയുടെ പ്രതിച്ഛായ വര്‍ധിക്കും.

കോണ്‍ഗ്രസ് വര്‍ഷങ്ങളായി പിന്നാക്കക്കാരെയും ദളിതരെയും അപമാനിക്കുകയാണ്.കേവലം വോട്ട്‌ കിട്ടാന്‍ വേണ്ടി മാത്രമാണ്‌ അവരെ ഉപയോഗിക്കുന്നത്. ഞങ്ങള്‍ ചെറിയ കാലം കൊണ്ട് എത്രയോ കാര്യങ്ങള്‍ ദളിത്,പിന്നാക്ക വിഭാഗങ്ങള്‍ക്കായി ചെയ്തു.ഞങ്ങള്‍ അവരെ ആദരിച്ചു.എന്നാല്‍ കോണ്‍ഗ്രസ് അവരെ അപമാനിച്ചു.ഞങ്ങള്‍ എല്ലാവര്‍ക്കുമൊപ്പമുണ്ട്.സബ്കാ സാഥ്,സബ്കാ വിശ്വാസ് എന്നതാണ് ഞങ്ങളുടെ സമീപനം.

Content Highlights: rahul disqualification; anurag thakur interview

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Premium

41:16

ഷീലയോട് ഞാന്‍ പറഞ്ഞു: വിവാഹത്തിന് മുന്‍പ് 'കുട്ടി' ഉണ്ടായിട്ടുണ്ട് | ചിറ്റിലപ്പിള്ളിയുമായി അഭിമുഖം

Apr 28, 2023


Dr. S.Abhilash
Interview

5 min

'അതിതീവ്രമഴ സാഹചര്യം നിലനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ അതീവജാഗ്രത വേണം'

Aug 3, 2022

Most Commented