'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം


കെ.എ ജോണിഗുജറാത്ത് കലാപം അടുത്തു നിന്ന് കണ്ട ഒരാള്‍ മാത്രമല്ല ആര്‍ബിഎസ്. കലാപത്തിന് കാരണക്കാരെന്ന് താന്‍ വിശ്വസിക്കുന്നവര്‍ക്കെതിരെ നിലപാടെടുക്കുകയും അതിനായുള്ള നിയമ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് അദ്ദേഹം. അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹം ഒരു മാദ്ധ്യമപ്രവര്‍ത്തകനുമായി നടത്തിയ സംഭാഷണം എന്ന നിലയ്ക്ക് കൂടി പ്രസക്തമാവുന്ന അഭിമുഖത്തില്‍ നിന്ന്:

EXCLUSIVE

ആർ ബി ശ്രീകുമാറിനെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജകരാക്കാനായി കൊണ്ടുവന്നപ്പോൾ| ഫോട്ടോ: പി.ടി.ഐ

കഴിഞ്ഞ രണ്ടാഴ്ചയായി ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറുമായി സംസാരിക്കുന്നുണ്ടായിരുന്നു. ' Gujarat : Behind The Curtain'(ഗുജറാത്ത് : തിരശ്ശീലയ്ക്ക് പിന്നില്‍ ) എന്ന പുസ്തകത്തിന്റെ പുതുക്കിയ പതിപ്പ് അടുത്തിടെയാണ് പുറത്തിറക്കിയത്. ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ദീര്‍ഘമായ ഒരു അഭിമുഖമായിരുന്നു ലക്ഷ്യം. അഭിമുഖം പൂര്‍ത്തിയാക്കി രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ( ജൂണ്‍ 24 ) ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ( Special Investigation Team) ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ സക്കിയ ജെഫ്രി (കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്സന്‍ ജെഫ്രിയുടെ ഭാര്യ) സമര്‍പ്പിച്ച പരാതിയില്‍ സുപ്രീംകോടതി വിധി പറഞ്ഞത്.

സന്നദ്ധ സേവന സംഘടന പ്രവര്‍ത്തക തീസ്ത സെതല്‍വാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ആര്‍ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ നിശിത വിമര്‍ശമാണ് സുപ്രീംകോടതി നടത്തിയത്. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 25 ന് ആര്‍ബിഎസിനെ ഒന്നുകൂടി വിളിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ തുടങ്ങിയ സംഭാഷണം ഒരു മണി വരെ നീണ്ടു. അന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് ആര്‍ബിഎസ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ഗുജറാത്ത് കലാപം അടുത്തു നിന്ന് കണ്ട ഒരാള്‍ മാത്രമല്ല ആര്‍ബിഎസ്. കലാപത്തിന് കാരണക്കാരെന്ന് താന്‍ വിശ്വസിക്കുന്നവര്‍ക്കെതിരെ സുധീരമായ നിലപാടെടുക്കുകയും അതിനായുള്ള നിയമ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് അദ്ദേഹം. അറസ്റ്റ് ചെയ്യപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹം ഒരു മാദ്ധ്യമപ്രവര്‍ത്തകനുമായി നടത്തിയ സംഭാഷണം എന്ന നിലയ്ക്ക് കൂടി പ്രസക്തമാവുന്ന അഭിമുഖത്തില്‍ നിന്ന്:

അതിനിശിതമായ വിമര്‍ശമാണ് സുപ്രീംകോടതി താങ്കള്‍ക്കെതിരെ നടത്തിയിരിക്കുന്നത്. അറസ്റ്റുണ്ടാകുമെന്ന് പേടിക്കുന്നുണ്ടോ?

അറസ്റ്റുണ്ടാകാം. എനിക്കും തീസ്തയ്ക്കും സഞ്ജിവ് ഭട്ടിനുമെതിരെ നടപടി എടുക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. വിധി വന്ന ശേഷം ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത് ചില പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ്. അതുകൊണ്ട്തന്നെ നടപടി ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ, പേടിയില്ല. ഞാന്‍ തയ്യാറെടുത്താണിരിക്കുന്നത്. എന്റെ അഭിഭാഷകരോട് സംസാരിച്ചിട്ടുണ്ട്.

സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നാണോ വ്യക്തമാക്കുന്നത്?

തീര്‍ച്ചയായും. ഇതില്‍ കൂടുതല്‍ വ്യക്തിപരമായ നഷ്ടങ്ങളും ഉപദ്രവങ്ങളുമുണ്ടായാലും പോരാട്ടം തുടരും. എന്നാട് പല സഹപ്രവര്‍ത്തകരും ചോദിച്ചിട്ടുണ്ട്. എന്തിനാണ് നല്ലൊരു കരിയര്‍ കളഞ്ഞ് കുളിച്ച് നിങ്ങള്‍ ഇങ്ങനെ അതിശക്തരായവരോട് ഏറ്റുമുട്ടുന്നതെന്ന്. ഗുജറാത്തില്‍ കലാപത്തിന് തൊട്ടു പിന്നാലെ ഇന്റലിജന്‍സ് വിഭാഗം മേധാവിയായ ആളാണ് ഞാന്‍. ഇന്റലിജന്‍സ് മേധാവി എന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ വലംകൈയ്യും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരിക്കും എന്നാണ് വെയ്പ്‌. എന്നാല്‍ എന്റെ കൂറ് ഇന്ത്യന്‍ ഭരണഘടനയോട് മാത്രമാണ്. കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ നിയമാവലികളല്ല ഇന്ത്യന്‍ ഭരണഘടനയാണ് ഞാന്‍ പിന്തുടരുന്നത്. സത്യം കര്‍മ്മത്തിലാണ് വളരുന്നതെന്ന ഋഷി വചനമാണ് എന്നെ നയിക്കുന്നത്.

ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഞാന്‍ 2007 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചതാണ്. ഇക്കഴിഞ്ഞ കാലം മുഴുവന്‍ ഭരണകൂടം കിണഞ്ഞ് ശ്രമിച്ചിട്ടും എനിക്കെതിരെ ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ടാണ് ഐഎസ്ആര്‍ഒ കേസ്‌ കുത്തിപ്പൊക്കി എന്നെ കുടുക്കാന്‍ നോക്കുന്നത്. അവിടെയും ഞാന്‍ തെറ്റായൊന്നും ചെയ്തിട്ടില്ല. നമ്പിനാരായണനെ ഞാന്‍ ചോദ്യം ചെയ്തിട്ടുപോലുമില്ല. ഐബിയിലായിരുന്നതിനാല്‍ നടന്ന കാര്യങ്ങള്‍ ഞാന്‍ അപ്പോഴപ്പോള്‍ അറിഞ്ഞിരുന്നു. നമ്പി നാരായണന്റേത് മറ്റൊരു കഥയാണ്. അതിപ്പോള്‍ സുപ്രീംകോടതിയുടെ മുന്നിലായതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടിയില്‍ ഞാന്‍ വിജയിച്ചതുകൊണ്ടാണ് ഗുജറാത്ത് കലാപത്തില്‍ ഉത്തരവാദികള്‍ക്കായവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഞാന്‍ ഗവര്‍ണ്ണര്‍ക്ക് കത്തെഴുതിയത്.

ഗവര്‍ണ്ണര്‍ നടപടി ആവശ്യപ്പെട്ട് ചീഫ്സെക്രട്ടറിക്ക് കത്തെഴുതുകയും ചെയ്തു. പക്ഷേ, ഒരു നടപടിയുമുണ്ടായില്ലെന്നു മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് കള്ളത്തരം മറുപടിയായി നല്‍കുകയും ചെയ്തു. നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് നടപടിയെടുക്കാന്‍ ആവശ്യപ്പെടണമെന്ന് അന്ന് കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞെങ്കിലും അവര്‍ക്കൊന്നും ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല.

ഗുജറാത്ത് കലാപമായാലും ഹരെന്‍ പാണ്ഡ്യ വധമായാലും ശരിക്കുമൊരു അന്വേഷണം നടത്താന്‍ 2004ല്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അന്നതിന് അവര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ, ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊരു വിധത്തിലാകുമായിരുന്നു എന്നും താങ്കള്‍ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്?

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിടിപ്പകേടു കൊണ്ടുണ്ടായതാണിത്. കോണ്‍ഗ്രസിന്റെ മതേതരത്വത്തോട് എനിക്ക് ഒട്ടും മതിപ്പില്ല. ഇന്ത്യയില്‍ രണ്ടു തരം വര്‍ഗ്ഗീയ വാദികളാണുള്ളത്. ഒന്ന് പ്രത്യക്ഷത്തില്‍ തന്നെ വര്‍ഗ്ഗീയത പറയുന്നവര്‍. ബിജെപി ഈ ഗണത്തിലുള്ളതാണ്. രണ്ട് അവസരോചിതമായി വര്‍ഗ്ഗീയത പുലര്‍ത്തുന്നവര്‍ - കോണ്‍ഗ്രസ് ഈ വിഭാഗത്തിലാണ് പെടുക. ഹിന്ദു വര്‍ഗ്ഗീയ വാദികളെയും മുസ്ലിം വര്‍ഗ്ഗീയ വാദികളെയും ഒരു പോലെ പ്രീണിപ്പിക്കുകയാണ് പലപ്പോഴും കോണ്‍ഗ്രസ് ചെയ്തിട്ടുള്ളത്.

സമാജ്വാദി പാര്‍ട്ടിയുടെ കപട മതേതരത്വത്തെയും താങ്കള്‍ വിമര്‍ശിക്കുന്നുണ്ട്. 2002 ല്‍ ഗോദ്ര സംഭവത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തുകൊണ്ടുവരാന്‍ അന്ന് യുപി ഭരിച്ചിരുന്ന മുലായംസിങ് സര്‍ക്കാരിനും കഴിയുമായിരുന്നു എന്നാണ് താങ്കള്‍ എഴുതുന്നത്. ഗോദ്ര തീപിടിത്തത്തിന് സാക്ഷികളായിരുന്ന യുപി പോലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് താങ്കള്‍ ഈ വിമര്‍ശം ഉന്നയിക്കുന്നത്?

മുലായം സിങ്ങിന്റെ പാര്‍ട്ടി ഒന്നും ചെയ്തില്ല. വര്‍ഗ്ഗീയതയെ ഊട്ടിയുറപ്പിക്കുന്ന നടപടികളാണ് ഇവരുടെയൊക്കെ ഭാഗത്ത് നിന്നുണ്ടായത്. പ്രഥമ യുപിഎ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്ന എകെ ആന്റണിക്കും ആഭ്യന്തരമന്ത്രിയായിരുന്ന സുശില്‍കുമാര്‍ ഷിന്‍ഡെയ്ക്കും ഞാന്‍ കത്തെഴുതിയിരുന്നു. അവരാരും തന്നെ ഗുജറാത്ത് കലാപം അന്വേഷിക്കുന്നതില്‍ ഒരൗത്സുക്യവും കാണിച്ചില്ല. ഇവരുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നും കിട്ടാതെ വന്നപ്പോള്‍ ഞാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെഴുതി. കത്ത് കിട്ടിയെന്നും കത്തിന്മേല്‍ നടപടി ആവശ്യപ്പെട്ട് പ്രതിരോധമന്ത്രാലയത്തിലേക്കും ആഭ്യന്തര മന്ത്രാലയത്തിലേക്കും പകര്‍പ്പ് അയച്ചിട്ടുണ്ടെന്നും കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി വന്നു. പക്ഷേ, തുടര്‍ന്നും ഒരു നടപടിയുമുണ്ടായില്ല.

വളരെ നിര്‍ണ്ണായകമായ ഒരു വെളിപ്പെടുത്തല്‍ താങ്കള്‍ ഈ പുസ്തകത്തില്‍ നടത്തുന്നുണ്ട്. മല്ലികാ സാരാബായ് സുപ്രീംകോടതിയില്‍ നല്‍കിയ കേസ് അട്ടിമറിക്കുന്നതിന് മോദി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ മല്ലികയുടെ അഭിഭാഷകര്‍ക്ക് നല്‍കിയെന്ന വെളിപ്പെടുത്തല്‍. ഇതൊന്ന് വിശദമാക്കാമോ?

നാനാവതി കമ്മീഷന് നല്‍കിയ എട്ടാമത്തെ സത്യവാങ്മൂലത്തില്‍ ഞാന്‍ ഇക്കാര്യം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 2002 ഏപ്രില്‍ പത്തിനാണ് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മോദി എന്നെയും സ്റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറൊയില്‍ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സഞ്ജിവ് ഭട്ടിനെയും വിളിപ്പിച്ചത്. സഞ്ജിവ് ഭട്ടാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്. അന്ന് ഭട്ടും മോദിയും വളരെ നല്ല ബന്ധമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാന സര്‍ക്കാര്‍ പോലിസ് വകുപ്പിന് നല്‍കുന്ന സീക്രറ്റ് സര്‍വ്വീസ് ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ ഭട്ടിന് നല്‍കണമെന്ന് മോദി എന്നോട് ആവശ്യപ്പെട്ടു.

എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഇത്തരം ഫണ്ട് സൂക്ഷിക്കുന്നുണ്ടോ?

ഉണ്ട്.

പോലിസ് വകുപ്പിന് മാത്രമാണോ ഈ ഫണ്ടുള്ളത്?

മറ്റ് വകുപ്പുകള്‍ക്കുണ്ടോ എന്നറിയില്ല. പോലിസിന് ഈ തുക എങ്ങിനെയൊക്കെയാണ് ചെലവഴിക്കാനാവുക എന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. ഈ ഫണ്ടിന് ഓഡിറ്റിങ്ങില്ല. ഓരോ റാങ്കിലുമുള്ളവര്‍ക്ക് എത്ര തുക ചെലവാക്കാം എന്നതിനും പരിധിയുണ്ട്. ക്രമസമാധാന പരിപാലനം, രഹസ്യ വിവരങ്ങളുടെ ശേഖരണം , വിഐപി സെക്യൂരിറ്റി എന്നിവയ്ക്ക് ഈ ഫണ്ട് ഇഷ്ടം പോലെ ഉപയോഗിക്കാം.

ഇത് ആര്‍ക്കൊക്കെ നല്‍കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശിക്കാനാവുമോ?

തീര്‍ച്ചയായും. മുഖ്യമന്ത്രിയാണ് ഈ ഫണ്ടിന്റെ കസ്റ്റോഡിയന്‍. അദ്ദേഹം പറയുന്നത് പോലെ ഇക്കാര്യത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടി വരും. അത് തീര്‍ത്തും നിയമപരമാണ്.

ഇന്റലിജന്‍സ് വകുപ്പിന്റെ കീഴിലുള്ള ഫണ്ടില്‍ നിന്നാണ് പത്ത് ലക്ഷം ഭട്ടിന് കൈമാറാന്‍ മോദി ആവശ്യപ്പെട്ടത്?

ഞാനും ഭട്ടും ഒന്നിച്ചാണ് മുഖ്യമന്ത്രിയെ കാണാന്‍ പോയത്. ഭട്ടിന് മോദിയുമായി മാത്രമല്ല അമിത് ഷായുമായും അടുപ്പമുണ്ടായിരുന്നു. ഭട്ടിന്റെ ഭാര്യയും അമിത്ഷായും ബന്ധുക്കളാണ് ( ഇരുവരും ജൈന സമുദായക്കാരാണ്.) മോദി ആദ്യം ചോദിച്ചത് മല്ലിക സാരാബായ് സുപ്രീംകോടതിയില്‍ കൊടുത്ത കേസിന്റെ രേഖകള്‍ വായിച്ചിട്ടുണ്ടോ എന്നാണ്. ഒന്നോടിച്ച് വായിച്ചിട്ടേയുള്ളുവെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ മോദി പറഞ്ഞത് ഇതാണ് : '' സഞ്ജിവ് ഭട്ടിനെ ഒരു കാര്യം ഏല്‍പിച്ചിട്ടുണ്ട്. അതിനായി പത്ത് ലക്ഷം രൂപ ഭട്ടിന് കൊടുക്കണം.''

മല്ലികയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ സിബിഐക്ക് കൈമാറുമോ എന്ന് മോദി പേടിച്ചിരുന്നോ?

അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്പേയിക്ക് മോദി ഗുജറാത്തില്‍ അധികാരത്തില്‍ തുടരുന്നതില്‍ താല്‍പര്യമുണ്ടായിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതും ചിലപ്പോള്‍ മോദിയെ അലട്ടിയിട്ടുണ്ടാവാം.

കലാപത്തിന് ശേഷം ഗോവയില്‍ ചേര്‍ന്ന ബിജെപിയുടെ ഉന്നത നേതൃ യോഗത്തില്‍ വാജ്പേയി മോദി മാറണമെന്ന് നിലപാടെടുത്തെങ്കിലും അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ കെ അദ്വാനിയാണ് മോദിയുടെ രക്ഷയ്ക്കെത്തിയതെന്ന് കേട്ടിരുന്നു?

ശരിയാണ്. അദ്വാനിയാണ് അന്ന് മോദിക്ക് പിന്നില്‍ നിലയുറപ്പിച്ചത്. പക്ഷേ, പിന്നീട് അതിനദ്ദേഹം കൊടുക്കേണ്ടി വന്ന വില കനത്തതായിരുന്നു.

മല്ലിക സാരാബായിയുടെ കേസ് അട്ടിമറിക്കാന്‍ അവരുടെ അഭിഭാഷകരെ വിലയ്ക്കെടുക്കുന്നതിനാണോ ആ പത്ത് ലക്ഷം രൂപ ഉപയോഗിച്ചത്?

അതെ. അവരെ വിലയ്ക്കെടുത്താണ് ആ കേസ് അട്ടിമറിച്ചത്. അന്ന് ഞങ്ങളുടെ കൈയ്യിലുള്ള ഫണ്ടില്‍ ഇത്രയും പണമുണ്ടായിരുന്നില്ല. ഡിജിപി ചക്രവര്‍ത്തി പണം ഏര്‍പ്പാടാക്കും എന്നാണ് മോദി പറഞ്ഞത്. അതനുസരിച്ച് ഞാന്‍ ഡിജിപിയെ കണ്ടു. അദ്ദേഹം അന്നു തന്നെ പത്ത് ലക്ഷം രൂപ എത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവായിരുന്ന വഖേരിയയാണ് ഈ കേസില്‍ മല്ലികയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകാനിരുന്നത്. അദ്ദേഹത്തിന് കൊടുക്കാനാണ് പണം എന്നാണ് ഭട്ട് പറഞ്ഞത്. സിഎം പറഞ്ഞതനുസരിച്ച് പൈസ തരികയാണെന്നും എന്നാല്‍ അന്യായമായി എന്തെങ്കിലും ചെയ്താല്‍ എനിക്ക് സപ്പോര്‍ട്ട് ചെയ്യാനാവില്ലെന്നും ഞാന്‍ പറഞ്ഞു. സീക്രറ്റ് സര്‍വ്വീസ് ഫണ്ടിന്റെ രജിസ്റ്ററില്‍ ഭട്ടിന്റെ കൈയ്യില്‍ നിന്ന് കിട്ടിയ രശീതി ചേര്‍ത്തിട്ടാണ് പണം കൈമാറിയത്.

പണം കൈപറ്റിയതിനുള്ള രശീതി ഭട്ട് തന്നു. പക്ഷേ, ഈ പണം എങ്ങിനെ ചെലവഴിക്കണമെന്ന് ഭട്ടിന് തീരുമാനിക്കാം. അതിന്റെ കണക്ക് ഭട്ട് നല്‍കേണ്ടതില്ല. അതായത് , പത്ത് ലക്ഷം രൂപയും ഭട്ട് ഇതിനായി ഉപയോഗിച്ചോ എന്ന് അറിയാനാവില്ല?

അത് ഭട്ടിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണ്. പണം എങ്ങിനെയൊക്കെ ചെലവഴിച്ചു എന്നതിന് വിശദമായ കണക്കുകള്‍ അദ്ദേഹം തരേണ്ടതില്ല.

കേസ് അട്ടിമറിച്ചോ?

അട്ടിമറിച്ചു. ഇതിനായി ഡെല്‍ഹിയില്‍ അഞ്ച് ദിവസമാണ് ഭട്ട് ചെലവഴിച്ചത്. വളരെ ദുര്‍ബ്ബലമായ വാദമാണ് സുപ്രീംകോടതിയില്‍ മല്ലികയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. അതോടെ മല്ലികയുടെ ആവശ്യം സുപ്രീംകോടതി തളളിക്കളഞ്ഞു.

മല്ലികയ്ക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടായിരുന്നോ?

ഉണ്ടായിരുന്നുവെന്നാണ് തോന്നുന്നത്. 2012 ല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു സത്യവാങ്മൂലം ഭട്ട് സുപ്രീം കോടതിയില്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ കിട്ടുന്നതിന് എന്നേയും ഭട്ടിനേയും വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ട് മല്ലിക നാനാവതി കമമ്മീഷന് കത്ത് നല്‍കി. ഇതേത്തുടര്‍ന്ന് ഇതിന്റെ വിശദാംശങ്ങള്‍ രേഖകള്‍ സഹിതം ഞാന്‍ നാനാവതി കമ്മീഷന് കൈമാറുകയും ചെയ്തു.

മോദിയെ ഒന്ന് വിവരിക്കാന്‍ പറഞ്ഞാല്‍ താങ്കളുടെ മറുപടി എന്തായിരിക്കും?

അദ്ദേഹം അസാമാന്യനായ ഒരു നേതാവാണ്. തന്റെ ലക്ഷ്യമെന്താണെന്നും അത് എങ്ങിനെയാണ് നേടിയെടുക്കേണ്ടതെന്നും കൃത്യമായി അറിയുന്ന നേതാവ്. ഈ ദൗത്യത്തെക്കുറിച്ച് അദ്ദേഹത്തിന് ഒരു തരത്തിലുള്ള അവ്യക്തതകളുമില്ല. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം എന്നതാണ് ആ ലക്ഷ്യം. ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ നേതാക്കളെയും ത്രാസിന്റെ ഒരു തട്ടിലും മറ്റെ തട്ടില്‍ മോദിയുടെ ചെരിപ്പും വെച്ചാല്‍ മോദിയുടെ ചെരിപ്പിരിക്കുന്ന തട്ട് താഴ്ന്ന് നില്‍ക്കും.

2024 ല്‍ മൂന്നാം വട്ടവും മോദി അധികാരത്തില്‍ വരുമോ?

ഒരു സംശയവുമില്ല. പ്രതിപക്ഷത്തിന്റെ ദയനീയ അവസ്ഥ കാണുമ്പോള്‍ അതിനാണ് എല്ലാ സാദ്ധ്യതയും. പക്ഷേ, ഇന്ത്യയെ അങ്ങിനെയങ്ങ് ഹിന്ദു രാഷ്ട്രമാക്കാനാവും എന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയുടെ ആധാര ശിലകള്‍ അതിന് സമ്മതിക്കില്ല. അടിസ്ഥാനപരമായി ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ബാബ്രി മസ്ജിദ് തകര്‍ത്തതിനെ ഹിന്ദു മതം അംഗീകരിക്കുന്നില്ല. ഏതു രൂപത്തിലും ഭാവത്തിലും എന്നെ ആരാധിക്കാമെന്നും ഞാന്‍ അനുഗ്രഹം ചൊരിയുമെന്നുമാണ് കൃഷ്ണന്‍ പറയുന്നത്. അടിസ്ഥാനപരമായി ഇന്ത്യ വര്‍ഗ്ഗീയമല്ല. ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികരികള്‍ക്ക് ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാന്‍ കഴിഞ്ഞില്ല. പോര്‍ച്ചുഗിസുകാര്‍ക്കും ഡച്ചുകാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും ഇന്ത്യയെ അവരുടെ മതരാഷ്ട്രമാക്കാനായില്ല.

ഇത് ഹിന്ദു മതമൗലികവാദികള്‍ക്കും ബാധകമാണ്?

തീര്‍ച്ചയായും. ആര്‍എസ്എസ്സും എസ്ഡിപിഐയും ഇരട്ട സഹോദരങ്ങളാണ്. ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍. ഇന്ത്യയുടെ ആന്തരീക ശക്തി ഗംഭീരമാണ്. എല്ലായിടത്തു നിന്നും വിശുദ്ധമായ ചിന്തകള്‍ വരട്ടെ എന്നതാണ് ഇന്ത്യയുടെ ആപ്തവാക്യം. ഇത് എന്റേതാണ്, ഇത് മറ്റെയാളുടേതാണ് എന്ന് കരുതുന്നവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണെന്നും ലോകംമുഴുവന്‍ ഒരു തറവാടാണ് ( വസുദൈവ കുടുംബകം) എന്ന് കരുതുന്നവരാണ് ഭാരതീയരെന്നുമാണ് നമ്മുടെ ഋഷികള്‍ പറഞ്ഞിട്ടുള്ളത്. അതിന്റെ നിരാകരണവും നിഷേധവുമാണെ് ഗുജറാത്തിലുണ്ടായത്. എന്തിനാണ് കരിയര്‍ നശിപ്പിച്ചത്? നിങ്ങളൊരു വിഡ്ഡിയാണ് ? എന്നൊക്കെ പലരും എന്നോട് പറയാറുണ്ട്. അവരോട് ഞാന്‍ പറയാറുള്ളത് ഇതാണ്: '' കള്ളം പറയേണ്ട ഒരു ബാദ്ധ്യതയും എനിക്കില്ല. അതുകൊണ്ടുള്ള ഒരു പുരോഗതിയും എനിക്കാവശ്യമില്ല.''

അഭിമുഖത്തിന്റെ പൂര്‍ണരൂപം അടുത്ത ലക്കം മാതൃഭൂമി ആഴ്ചപതിപ്പില്‍ വായിക്കാം

Content Highlights: R B Sreekumar interview

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented