'രാഹുല്‍ ബുദ്ധിമാനാണ്, കുട്ടികളായിരിക്കുമ്പോള്‍ ഭ്രാന്തമായി ഞങ്ങള്‍ തമ്മിലടിച്ചു'


പ്രിയങ്കാഗാന്ധി വദ്ര/ പ്രദീപ് ചിബ്ബർ, ഹർഷ് ഷാ

ജീവതത്തിലെ അനുഭവങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും അതുണ്ടാക്കിയ തിരിച്ചറിവുകളെക്കുറിച്ചും രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുമെല്ലാം പ്രിയങ്കാഗാന്ധി തുറന്നുപറയുന്നു..

Image: PTI

സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നപ്പോഴും അവരുടെ നിഴലിൽ മിന്നിമാഞ്ഞിരുന്ന വ്യക്തിത്വമായിരുന്നു പ്രിയങ്കാഗാന്ധി വദ്ര. തന്റെ സ്വകാര്യജീവിതത്തെ മറ്റെന്തിനെക്കാളും വിലമതിച്ച അവർ മിക്കകാലത്തും തികഞ്ഞ ഒരു കുടുംബിനിയും അമ്മയുമായിക്കഴിഞ്ഞു. എന്നാൽ, ഈയടുത്ത് സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചെങ്കിലും മാധ്യമങ്ങളിൽനിന്ന്‌ അവർ അകന്നുനിന്നു. ഓക്സ്‌ഫഡ് ബുക്സ് പുറത്തിറക്കുന്ന ‘INDIA TOMORROW-CONVERSATIONS WITH THE NEXT GENERATION OF POLITICAL LEADERS’എന്ന പുസ്തകത്തിനനുവദിച്ച സുദീർഘമായ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പ്രിയങ്ക തുറന്നു സംസാരിച്ചു. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ


ചെറുപ്പത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ അമര്‍ഷവും വേദനയുമാണ് ഇപ്പോഴുള്ളതെന്ന് താങ്കള്‍ കരുതുന്നുണ്ടോ...

ഇത്തരം വിഷമങ്ങളെ ആര്‍ക്കും മറികടക്കാനാവില്ലെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. പക്ഷേ, അതിനു കഴിയുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് പഴയതുപോലെ ഇനിയൊരിക്കലും ദേഷ്യംവരില്ല. ഇത്തരം മാനസികാഘാതമുണ്ടാവുമ്പോള്‍ സ്വാഭാവികമായും എല്ലാവരും തകര്‍ന്നുപോകും. അത് ജീവിതത്തിന്റെ ഒരു രീതിയാണ്. ഞങ്ങള്‍ വീട്ടിലായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടിവന്നു. ശൂന്യമായ വീട്ടില്‍ ഞങ്ങളിരുവരും കറങ്ങിനടന്നു.

മാതാപിതാക്കള്‍ അധികസമയവും ജോലിസംബന്ധമായി പുറത്തായിരുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളും വേദനകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നേരിടുന്നതും ഒറ്റയ്ക്കാവുന്നതും ഞങ്ങള്‍ക്ക് ശീലമായിരുന്നു. യഥാര്‍ഥ കാഴ്ചപ്പാടില്‍ നോക്കിക്കാണാനാവുമെങ്കില്‍ അതെല്ലാം മറികടക്കാനെളുപ്പമാണെന്ന് ഞാന്‍ കരുതുന്നു. 'ഇര' എന്ന ആശയത്തിലാണ് അത് കിടന്നുതിരിയുന്നത്. ആ ആശയം മറികടക്കാനാവുമെങ്കില്‍ വേദന എളുപ്പത്തില്‍ ഇല്ലാതാക്കാം.

ശക്തയായൊരു വനിതയ്‌ക്കൊപ്പമാണ് താങ്കള്‍ വളര്‍ന്നത്. വനിതകള്‍ രാഷ്ട്രീയത്തില്‍ നേരിടുന്ന എന്തെങ്കിലും പ്രത്യേകമായ വെല്ലുവിളികളുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്താണ് താങ്കളുടെ അനുഭവം

ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരുഷന്മാരെക്കാള്‍ കൂടുതല്‍ വെല്ലുവിളികള്‍ സ്ത്രീകള്‍ നേരിടുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. രാഷ്ട്രീയത്തില്‍, പ്രത്യേകിച്ചും അടിസ്ഥാന തലത്തില്‍. ഒരു സ്ത്രീ രാഷ്ട്രീയത്തില്‍ സജീവമാണെന്നു കണ്ടാല്‍ ഞാനവരെ പ്രശംസിക്കുകയും ബഹുമാനിക്കുകയും ചെയ്യും. കാരണം, എനിക്കറിയാം അവരെന്തുമാത്രം സമ്മര്‍ദങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന്. ഉദാഹരണത്തിന്, വൈകുന്നേരം അഞ്ചിന് ഉള്‍ഗ്രാമത്തില്‍ ഒരു റാലിക്കെത്തണമെങ്കില്‍ ഒരു സ്ത്രീക്ക് പുരുഷനെക്കാള്‍ ബുദ്ധിമുട്ടാണ്. 50 സ്ത്രീകളെ സംഘടിപ്പിക്കാനും അവരെ കാറില്‍ എത്തിക്കാനും ഒരു സ്ത്രീക്ക് ഏറെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും, ഉള്‍നാടുകളിലും നഗരങ്ങളല്ലാത്ത പ്രദേശങ്ങളിലും.

സ്ത്രീകള്‍ക്ക് ഒരേസമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടിവരും. ഞങ്ങള്‍ ഒരേസമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവരാണ്. എന്റെ മകളുടെ ഐ.ബി. പ്രസന്റേഷന്‍ ഇന്നലെ രാത്രി രണ്ടുമണിക്കാണ് ഞാന്‍ പൂര്‍ത്തിയാക്കിയത്. ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ട ചില ഫയലുകള്‍ ശരിയാക്കാനായി ഇന്നുരാവിലെ ആറിന് എഴുന്നേറ്റു. ഒമ്പതുമണിക്ക് ഇതാ ഇവിടെ നിങ്ങള്‍ക്കുമുമ്പിലാണ് ഞാന്‍. ഇന്ന് രാത്രി വീട്ടില്‍ അത്താഴത്തിന് ചിലര്‍ വരും. അതെനിക്ക് ഏര്‍പ്പാടാക്കേണ്ടതുണ്ട്. അതുകൊണ്ട്, സ്വാഭാവികമായിത്തന്നെ സ്ത്രീകള്‍ക്ക് അവര്‍ ചെയ്യുന്ന ജോലികള്‍ നോക്കിയാല്‍ ഏറെ ചെയ്യാനുണ്ടാകും. ഇന്ത്യയിലും വിദേശത്തുമൊക്കെ പുരുഷന്മാര്‍ക്കില്ലാത്ത സാമൂഹിക സമ്മര്‍ദങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. അതുകൊണ്ട്, ഒരു സ്ത്രീ പ്രത്യേകിച്ചും സമ്പന്നമല്ലാത്ത പശ്ചാത്തലത്തില്‍നിന്നുള്ള ഒരാള്‍ മുന്നോട്ടുവരുകയും പൊതുവായ എന്തെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് തികച്ചും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

വീട്ടില്‍ സഹോദരന്‍ രാഹുലുമൊത്ത് താങ്കള്‍ ഏറെസമയം ചെലവഴിച്ചിട്ടുണ്ട്. ഒരുമിച്ചു വളര്‍ന്നത്, ദുരന്തങ്ങള്‍, ഇത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ ഏറെസമയം ഒരുമിച്ചു ചെലവഴിച്ചത്... മറ്റേതൊരു സഹോദരങ്ങളെക്കാളും വ്യത്യസ്തമായ ബന്ധമായിരിക്കും താങ്കള്‍ക്ക് രാഹുലുമായി ഉണ്ടായിരുന്നത്. രാഹുലുമായി താങ്കള്‍ക്ക് എത്രത്തോളം സാമ്യമുണ്ട്? ഏതൊക്കെ വിധത്തിലാണ് നിങ്ങളിരുവരും വ്യത്യസ്തരായിരിക്കുന്നത്

എന്നേക്കാള്‍ ശാന്തനാണ് രാഹുല്‍. എനിക്കുള്ളതിനേക്കാള്‍ കുറച്ച് ദേഷ്യമേ രാഹുലിനുള്ളൂ. രാഹുല്‍ ബുദ്ധിമാനാണ്. എന്നേക്കാള്‍ കൂടുതല്‍ ചിന്തിക്കുന്നവനാണ്. ഞാന്‍ ഈ നിമിഷത്തില്‍ ജീവിക്കുന്നവളാണ്. പതിനഞ്ചു വര്‍ഷം മുന്‍കൂട്ടിക്കണ്ട് ചിന്തിക്കുന്നയാളാണ് രാഹുല്‍. പതിനഞ്ചു വര്‍ഷത്തിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ച് നിങ്ങളെന്നോടു ചോദിച്ചാല്‍, ഞാന്‍ അഞ്ചു ദിവസത്തിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതില്‍ വ്യാപൃതയായിരിക്കും. അത്രയുമേ എനിക്കു കഴിയൂ. അതൊക്കെയാണ് അടിസ്ഥാനപരമായി ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം.

ജീവിതത്തെയും ലോകത്തെയും കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഞങ്ങള്‍ ഒരുപോലെയാണ്. ഞങ്ങളിരുവരും അഹിംസയില്‍ വിശ്വസിക്കുന്നു. പരമാവധി സത്യസന്ധരായിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കാറുള്ളത്. ഞങ്ങളുടെ മൂല്യങ്ങളെല്ലാം സമാനമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഏറെ അടുപ്പവുമുണ്ട്. കുട്ടികളായിരിക്കുമ്പോള്‍ ഭ്രാന്തമായി ഞങ്ങള്‍ തമ്മിലടിച്ചു. അതൊരുപക്ഷേ, വീട്ടില്‍ മറ്റൊന്നും ഞങ്ങള്‍ക്ക് ചെയ്യാനില്ലാത്തതുകൊണ്ടായിരിക്കാം. ഔദ്യോഗിക പരിപാടികളില്‍ ഞങ്ങളെ വേര്‍തിരിച്ച് ഇരുത്തണമായിരുന്നു.

ഒരിക്കല്‍ ഞങ്ങള്‍ റഷ്യയിലായിരുന്നപ്പോള്‍, തമ്മില്‍ത്തല്ലാതിരിക്കാന്‍ അമ്മ ഞങ്ങളിലൊരാളെ പിടിച്ചുവെക്കുമായിരുന്നു. അച്ഛനപ്പോള്‍ ഏതെങ്കിലും യുദ്ധസ്മാരകത്തിലായിരിക്കും. ഞങ്ങളൊരുപാട് പോരടിച്ചിരുന്നു. അതേസമയം, ഞങ്ങള്‍ക്ക് പരസ്പരം ഏറെ അടുപ്പവുമുണ്ടായിരുന്നു. ഇപ്പോഴെനിക്ക് പറയാനാവും, രാഹുല്‍ എന്റെ മികച്ച സുഹൃത്താണെന്ന്. ഞാന്‍ ചിന്തിക്കുന്നതിനേക്കാള്‍ രാഹുല്‍ ആഴത്തില്‍ ചിന്തിക്കുകയും അവസാനം ശരിയിലേക്കെത്തുകയും ചെയ്യുന്നു. രാഹുല്‍ പറയുന്നത് എന്റെ നല്ലതിനുവേണ്ടിയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. രാഹുലിനോട് എനിക്ക് തുറന്നമനസ്സാണുള്ളത്.

താങ്കള്‍ പറഞ്ഞു, രാഷ്ട്രീയത്തില്‍ വരാന്‍ തീരെ താത്പര്യമില്ലായിരുന്നെന്നും രാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ താങ്കള്‍ക്കു യോജിക്കുന്നതല്ലെന്നും. രാഷ്ട്രീയജീവിതത്തിലെ ഏതെല്ലാം കാര്യങ്ങളോടാണ് താങ്കള്‍ക്കു യോജിപ്പില്ലാത്തത്

1999ലും ഇന്നുമൊക്കെ ഞാന്‍ ഭയപ്പെടുന്ന ഒരു കാര്യം പൊതുജനമധ്യത്തിലെ വെളിപ്പെടലാണ്. മാധ്യമങ്ങളുമായി നിരന്തരം ഇടപെടേണ്ടിവരും. അതെനിക്ക് വിഷമമാണ്. ആ ഒരു കാര്യം ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഞാനൊഴിവാക്കും. ഇക്കാര്യങ്ങളൊഴിച്ച് മറ്റൊന്നും എനിക്ക് കുഴപ്പമില്ല.

രണ്ടു പതിറ്റാണ്ടുമുമ്പ് വിപാസനയില്‍ പോയതുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നും രാഷ്ട്രീയപ്രവേശം വേണ്ടതില്ലെന്നും താങ്കള്‍ക്ക് തീരുമാനിക്കാന്‍ കഴിഞ്ഞു. 2019-ല്‍, ഇതാണ് രാഷ്ട്രീയപ്രവേശത്തിനു പറ്റിയ സമയമെന്ന തീരുമാനത്തിലെത്താന്‍ താങ്കള്‍ക്ക് എങ്ങനെയാണു കഴിഞ്ഞത്

ആദ്യം വിപാസനയില്‍ പോകുമ്പോള്‍ ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ചെറുപ്പക്കാര്‍ പലപ്പോഴും ചിന്തിക്കുക 'എനിക്ക് ലോകത്തെ രക്ഷിക്കാനാവുമോ' എന്നമട്ടിലായിരിക്കും. വിപാസന എന്നെ മൂന്നുദിവസംകൊണ്ട് 'ഭൂമിയിലേക്ക്' കൊണ്ടുവന്നു. എന്റെ മനസ്സിലുണ്ടായിരുന്നത് നിസ്സാരവും ചെറുതുമായ കാര്യങ്ങളാണെന്നും എന്റെ ചിന്ത ഞാന്‍ സങ്കല്പിച്ചിരുന്നതിനേക്കാളും ചെറുതും യാഥാര്‍ഥ്യവുമായിരുന്നെന്നും ഞാന്‍ തിരിച്ചറിഞ്ഞു. അതാണ്, രാഷ്ട്രീയപ്രവേശത്തിനു ഞാന്‍ പാകമായിട്ടില്ലെന്ന് എനിക്കു തോന്നിയത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന തോന്നലിനുണ്ടായ കാരണങ്ങള്‍ വളരെ അപര്യാപ്തമായിരുന്നു. അതുകൊണ്ട് ഞാനതില്‍നിന്ന് അകന്നുനിന്നു. ഇപ്പോള്‍ ഞാന്‍ ജീവിതത്തില്‍ മറ്റൊരു ഘട്ടത്തിലെത്തിനില്‍ക്കുകയാണ്. സ്വകാര്യമായൊരു ജീവിതം നയിച്ചിരുന്നതിനാല്‍ ഞാനെന്റെ ഭര്‍ത്താവിനൊപ്പം ജീവിച്ചു, സ്വന്തം കാര്യങ്ങള്‍ ചെയ്തു, കുട്ടികളെ വളര്‍ത്തിവലുതാക്കി. ഞാനും എന്റെ ചുറ്റുമുള്ള രാഷ്ട്രീയ ലോകവുമായി ഞാനെന്റെ മനസ്സില്‍ ഒരു ബന്ധമില്ലായ്മ ഉണ്ടാക്കിവെച്ചിരുന്നു. അതുകൊണ്ട്, ഞാന്‍ കരുതി, ഈ തീരുമാനങ്ങളൊക്കെ എടുത്തതു കാരണം ആളുകള്‍ എന്നെപ്പറ്റി കരുതിയിരുന്നതുപോലെ എനിക്ക് പുറംേലാകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല എന്ന്.

ഞാന്‍ പൂര്‍ണമായും അതില്‍നിന്നകന്നുനിന്നു. ആളുകള്‍ കരുതിയിരുന്നതുപോലെ, ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഞാന്‍ പങ്കെടുത്തില്ല, ഒരു രാഷ്ട്രീയതീരുമാനത്തിലും ഭാഗഭാക്കായില്ല. ഞാന്‍ എന്നെ വേറെത്തന്നെയാണു കണ്ടിരുന്നത്. എന്നാല്‍, നിങ്ങള്‍ ലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന രീതി ചിലപ്പോള്‍ നിങ്ങള്‍ ആഗ്രഹിച്ചാല്‍പ്പോലും വിച്ഛേദിക്കാനാവുകയില്ലെന്ന് ഒരു ഘട്ടത്തില്‍ മനസ്സിലാക്കാന്‍ തുടങ്ങും. എനിക്കുണ്ടായിരുന്ന ഒട്ടേറെ അനുഗ്രഹങ്ങള്‍, എനിക്കുള്ള ഏറെ ജീവിതം... എല്ലാം ഞാന്‍ രാഷ്ട്രീയ ലോകത്തിന്റെ ഭാഗമാണെന്ന വസ്തുത വെളിച്ചത്തുകൊണ്ടുവരുന്നു. ഭൗതികമായ അനുഗ്രഹങ്ങളെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. ഉദാഹരണത്തിന്, അസാധാരണ സാഹചര്യങ്ങളില്‍ ആളുകളെ അടുത്തുനിന്ന് നിരീക്ഷിക്കാന്‍ എനിക്കു ലഭിച്ചിരുന്ന അവസരം. മുതിരുമ്പോള്‍ ഇതൊക്കെ കൂടുതല്‍ ആഴത്തില്‍ തിരിച്ചറിയാന്‍ കഴിയും. അത് എങ്ങനെയായാലും സംഭവിക്കും. അതൊരു വ്യക്തിപരമായ പ്രക്രിയയുമാണ്. അതു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഉത്തരവാദിത്വങ്ങള്‍ വളരെ വ്യത്യസ്തമാണ്.

വായിക്കാം : മുത്തശ്ശി, അച്ഛന്‍, ഏകാന്തത...രാഷ്ട്രീയമില്ലാതെ തന്നിലേക്ക് ഒതുങ്ങിയ നാളുകളെക്കുറിച്ച് പ്രിയങ്ക

'ഞാനിതിലൊന്നും ഇടപെടാന്‍ പോകുന്നില്ല. ഞാനെന്റെ കുട്ടികളെ മാത്രം നോക്കിയിരിക്കാന്‍ പോകുകയാണ്' എന്ന് പറയാനുള്ള കഴിവ് എനിക്ക് കുറഞ്ഞുവരുകയാണ്. കാരണം, ഒരു പ്രത്യേക ദിശയില്‍ എനിക്ക് എന്റേതായ വളര്‍ച്ചയുള്ളതുകൊണ്ടും രാജ്യത്തും എനിക്കു ചുറ്റിലും നടക്കുന്ന സംഭവങ്ങള്‍കൊണ്ടും. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ പൊരുതിയതും കെട്ടിപ്പടുത്തതുമായ എല്ലാറ്റിന്റെയും നമ്മള്‍ കാണുന്നതിനേക്കാളുമപ്പുറമുള്ള തകര്‍ച്ചയെക്കുറിച്ചാണ് ഞാന്‍ ആകുലയാകുന്നത്. എല്ലാ ജനാധിപത്യസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളാകട്ടെ, നീതിന്യായവ്യവസ്ഥയാകട്ടെ, വിവരാവകാശമാകട്ടെ എല്ലാം. ചുറ്റും നടന്നുകൊണ്ടിരിക്കുന്ന ഇതെല്ലാം കണ്ടുകൊണ്ട്, കുട്ടികളെ നോക്കിയിരിക്കാമെന്നും ചിന്തിച്ചുകൊണ്ട്, ഇതില്‍ നിങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ഭാവിച്ചുകൊണ്ട് നില്‍ക്കുക അസംഭവ്യമായിത്തോന്നി.

ഒട്ടേറെ കാര്യങ്ങള്‍ തെറ്റായി സംഭവിക്കുന്നുണ്ടെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. ഞാനൊരിക്കലും ഒരു കുരിശുയുദ്ധം നയിക്കുന്നയാളല്ല. അത് 'ലോകത്തെ രക്ഷിക്കലും' മറ്റുമല്ല. പക്ഷേ, തീര്‍ച്ചയായും ചിലതൊക്കെ നിങ്ങള്‍ക്ക് ചെയ്യാനാവും. ഇന്നത്തെപ്പോലെ ഒരവസ്ഥയില്‍ പത്തുപേരുടെ മനസ്സ് മാറ്റുന്നതാണെങ്കില്‍പ്പോലും നിങ്ങളതു ചെയ്യണം. അതാണ് പ്രാഥമികമായ പ്രചോദനം. അത് എന്റെമാത്രം തീരുമാനമായിരുന്നു. ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ, ഞാന്‍ രാഷ്ട്രീയത്തില്‍ ചേരുന്നുവെങ്കില്‍ എനിക്കതു തോന്നിയിട്ടാണ്. അല്ലാതെ ആരുടെയെങ്കിലും സമ്മര്‍ദംകൊണ്ടല്ല.


ലേഖകര്‍: പ്രദീപ്‌ ചിബ്ബർ: കാലിഫോർണിയയിലെബർക്‌ലി സർവകലാശാലയിൽ ​പ്രൊഫസർ, ഹർഷ്‌ ഷാ: ബർക്‌ലി സർവകലാശാലയിലെ പഠനത്തിനുശേഷം ഹാർവർഡ്‌ ബിസിനസ്‌ സ്കൂളിൽ വിദ്യാർഥി

പരിഭാഷ: സന്തോഷ് വാസുദേവ്

Content Highlights: Priyanka spoke openly about her life and politics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented