മുത്തശ്ശി, അച്ഛന്‍, ഏകാന്തത...രാഷ്ട്രീയമില്ലാതെ തന്നിലേക്ക് ഒതുങ്ങിയ നാളുകളെക്കുറിച്ച് പ്രിയങ്ക


പ്രിയങ്കാഗാന്ധി വദ്ര/ പ്രദീപ് ചിബ്ബർ, ഹർഷ് ഷാ

സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നപ്പോഴും അവരുടെ നിഴലിൽ മിന്നിമാഞ്ഞിരുന്ന വ്യക്തിത്വമായിരുന്നു പ്രിയങ്കാഗാന്ധി വദ്ര. തന്റെ സ്വകാര്യജീവിതത്തെ മറ്റെന്തിനെക്കാളും വിലമതിച്ച അവർ മിക്കകാലത്തും തികഞ്ഞ ഒരു കുടുംബിനിയും അമ്മയുമായിക്കഴിഞ്ഞു. എന്നാൽ,

പ്രിയങ്ക ഗാന്ധി, Image Credit: Getty Images

ന്ത്യൻ ജനതയുടെ വലിയൊരു വിഭാഗത്തിനും എല്ലായ്‌പ്പോഴും ഒരു പ്രഹേളികയായിരുന്നു പ്രിയങ്കാഗാന്ധി വദ്ര. അതിനുകാരണം, മുത്തശ്ശി ഇന്ദിരാഗാന്ധിയുമായി കാഴ്ചയിലും പെരുമാറ്റത്തിലും അവർക്കുണ്ടായിരുന്ന അപൂർവമായ സാമ്യമായിരുന്നു. കൂടാതെ, അവർ ഏറെ പ്രസരിപ്പുള്ളയാളും നെഹ്രു-ഗാന്ധി പരമ്പരയുടെ യഥാർഥ അനന്തരാവകാശിയുമാണെന്ന് പലരും കരുതുന്നു. ‘ഇല്ലേ? അവർക്കു കഴിയില്ലേ’, ‘അവർ ഔദ്യോഗികമായി രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ ഇല്ലയോ’ തുടങ്ങിയ ചോദ്യങ്ങൾ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ ഏറെ ഊഹാപോഹങ്ങൾക്കു കാരണമായിരുന്നു. അത് അവരുടെ പ്രഭാവം കൂട്ടാനിടയാക്കുകയും ചെയ്തു. അതേസമയം, തിരക്കുകളിൽനിന്ന് ഏറെ മാറിനിന്നിരുന്ന, തന്നിലേക്കുമാത്രം ഒതുങ്ങി ജീവിക്കുന്ന പ്രിയങ്കയെ ആരും അറിഞ്ഞതുമില്ല.

1999-ൽ 27-ാം വയസ്സിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന തീരുമാനമെടുക്കാനാവാതെ വിഷമിക്കുകയായിരുന്നു പ്രിയങ്ക. ഡൽഹി വിട്ട് എവിടെയെങ്കിലും ഒറ്റയ്ക്ക് മാറിനിന്ന് ആലോചിച്ചാൽ തീരുമാനമെടുക്കാനാവുമെന്ന് അവരുടെ സുഹൃത്ത് ഉപദേശിച്ചു. അങ്ങനെ യാദൃച്ഛികമായി, പത്തുദിവസത്തെ ധ്യാനപരിശീലനത്തിനായി അവർ ‘വിപാസന സെന്ററി’ലെത്തി. താൻ രാഷ്ട്രീയത്തിൽ ചേരാനാഗ്രഹിക്കുന്നില്ലെന്ന് അവിടെനിന്ന് അവർ തിരിച്ചറിഞ്ഞു. തന്റെ പിതാവിന്റെ എട്ടുവർഷംമുമ്പത്തെ മരണത്തിലുള്ള ദേഷ്യവും സങ്കടവുമൊക്കെ ഇപ്പോഴും തന്നിൽ അവശേഷിക്കുന്നതായും അവർക്ക് സ്വയം ബോധ്യമായി. അടുത്ത രണ്ടുപതിറ്റാണ്ടിലെ അധികസമയവും അവർ അവരുടെ മനസ്സിനൊത്താണ് പെരുമാറിയത്. അവരുടെ രാഷ്ട്രീയ ഇടപെടൽ അമ്മയുടെയും സഹോദരന്റെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾപോലുള്ള ചെറിയ കാര്യങ്ങളിലൊതുങ്ങി.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്കുമുമ്പ് തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് പ്രിയങ്ക സർവരെയും ഞെട്ടിച്ചു. അതിലേറ്റവും ശ്രദ്ധേയമായത്, ദേശീയതലത്തിൽ അവർ വലിയൊരു ചുമതല ഏറ്റെടുക്കുകയോ ഒരു സീറ്റിൽ മത്സരിക്കുകയോ ചെയ്തില്ലെന്നുള്ളതാണ്. പകരം, എ.ഐ.സി.സി. ജനറൽ സെക്രട്ടറിയെന്നനിലയിൽ ഏറ്റവും വെല്ലുവിളിനിറഞ്ഞ യു.പി.യിലെ പാർട്ടി സംഘടനയും സൗഭാഗ്യങ്ങളും തിരിച്ചുപിടിക്കുകയെന്നതാണ് അവർ തിരഞ്ഞെടുത്തത്. അതിലവർക്ക് ഏറെ പ്രശംസയും മാധ്യമശ്രദ്ധയും പിടിച്ചുപറ്റാനായി. പാർട്ടിയിൽ ചേരാൻ സഹോദരനിൽനിന്ന് സമ്മർദമുണ്ടായിരുന്നെങ്കിലും ദീർഘമായ ആത്മപരിശോധനയ്ക്കുശേഷമാണ് അവർ ആ തീരുമാനത്തിലെത്തിയത്.

പ്രിയങ്കയുടെ പ്രത്യേകമായ കുടുംബചരിത്രവും അത് അവരിലുണ്ടാക്കിയ സ്വാധീനവും മനസ്സിലാക്കാതെ അവരുടെ രീതികളെ അഭിനന്ദിക്കാനാവില്ല. അവരുടെ കാര്യത്തിൽ, ചെറുപ്പംമുതലേ വ്യക്തിപരമായതും രാഷ്ട്രീയവുമായ കാര്യങ്ങൾ തമ്മിൽ വേർപിരിക്കാനാവാത്തവിധം ഇഴചേർന്നുകിടക്കുകയാണ്. ഇക്കാരണത്താൽത്തന്നെ അവരുമായുള്ള ഞങ്ങളുടെ അഭിമുഖം വ്യത്യസ്തമായിരുന്നു. ഏറെസമയവും അവരുടെ വ്യക്തിജീവിതത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്. മുത്തശ്ശിയുടെയും അച്ഛന്റെയും വധം പ്രിയങ്കയുടെ വളർച്ചയിൽ ചെലുത്തിയ സ്വാധീനം, സഹോദരൻ രാഹുൽഗാന്ധിയുമായുള്ള അവരുടെ ബന്ധം, തന്റെ കുട്ടികളെ ഏറെ ബാധിച്ച ഭർത്താവ് റോബർട്ട് വദ്രയ്ക്കെതിരായ ആരോപണങ്ങളോടുള്ള അവരുടെ സമീപനം തുടങ്ങിയവയെക്കുറിച്ചെല്ലാം ഞങ്ങൾ സംസാരിച്ചു. തികച്ചുമൊരു സ്വകാര്യജീവിതം നയിക്കുന്ന അവർ ഞങ്ങളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് വൈവിധ്യമാർന്ന പല വിഷയങ്ങളെക്കുറിച്ചും ആദ്യമായി തുറന്നുസംസാരിക്കാൻ തയ്യാറായി.

രാഷ്ട്രീയത്തിനപ്പുറം പ്രിയങ്കയുടെ താത്പര്യങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് ജനങ്ങൾക്കറിയില്ല. അവയെക്കുറിച്ചു പറയാമോ? ഒഴിവുസമയങ്ങളിൽ എന്തുചെയ്യാനാണ് താങ്കൾ ആഗ്രഹിക്കുന്നത്. വർഷങ്ങളായി ഞാനൊരു വീട്ടമ്മയാണ്. അതുകൊണ്ടുതന്നെ, ഒഴിവുസമയങ്ങളിൽ അടുക്കള വൃത്തിയാക്കുകയും എന്തെങ്കിലും പാചകം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. ഫൊട്ടൊഗ്രഫി എനിക്കിഷ്ടമാണ്. ഞാനൊരു സ്‌കൂബാ ഡൈവർ കൂടിയാണ്. ഉപകരണങ്ങളൊന്നും വെക്കാതെ ഡൈവ് ചെയ്യാനുള്ള പരിശീലനവും സഹോദരനൊത്ത് എനിക്ക് കിട്ടിയിട്ടുണ്ട്. കാട് എനിക്ക് ഏറെ ഇഷ്ടമാണ്. പറ്റുമ്പോഴെല്ലാം കുട്ടികളൊത്ത് ഞാൻ കാട് കാണാൻ പോകാറുണ്ട്. ഏറെ വായിക്കാറുണ്ട്; കുറച്ചൊക്കെ എഴുതാറുമുണ്ട്.

എന്താണ് എഴുതാറുള്ളത്
ലോകത്ത് പൊതുവേ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ വർഷങ്ങളായി രേഖപ്പെടുത്തിവെക്കാറുണ്ട്. പക്ഷേ, ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. എന്റെ അച്ഛനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത വനിതകളിലൊരാളുമായുള്ള എന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള വാഗ്ദാനം എനിക്ക് അടുത്തിടെ ലഭിച്ചിരുന്നു. ഓർമക്കുറിപ്പുപോലുള്ള ഒന്നാണത്.

ഇന്ദിരാഗാന്ധി വധത്തിനു തൊട്ടുപിന്നാലെ താങ്കളുടെ അച്ഛൻ രാജീവ് ഗാന്ധി ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുകയുണ്ടായി: ‘‘കുട്ടികളുടെ ജീവിതമാണ് ഏറ്റവും ബുദ്ധിമുട്ടിലായത്. അവർക്ക് പുറത്തുപോകാനോ കളിക്കാനോ പറ്റുന്നില്ല. സാധാരണ കുട്ടികളെപ്പോലെയാകാൻ അവർക്ക് കഴിയുന്നില്ല. ആർക്കെങ്കിലും യഥാർഥ ത്യാഗം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെങ്കിൽ അത് കുട്ടികൾക്കാണ്.’’ താങ്കളുടെ വിദ്യാഭ്യാസം താളംതെറ്റിയെന്നുപോലും അദ്ദേഹം പറയുകയുണ്ടായി. താങ്കളുടെ വളർച്ചയെപ്പോലും ബാധിക്കപ്പെട്ടുവെന്ന് പറയാനാവുമോ? മറയ്ക്കപ്പെട്ട, സംരക്ഷിത വലയത്തിൽപ്പെട്ട ബാല്യമാണോ താങ്കൾക്കുണ്ടായിരുന്നത്‌

കുടുംബത്തിലുണ്ടായ സംഭവവികാസങ്ങൾ ഞങ്ങളുടെ വളർച്ചയെയും വിദ്യാഭ്യാസത്തെയും സാരമായി ബാധിച്ചു. എനിക്ക് പന്ത്രണ്ടും സഹോദരന് പതിന്നാലും വയസ്സുള്ളപ്പോഴാണ് മുത്തശ്ശിക്ക് വെടിയേൽക്കുന്നത്. മുത്തശ്ശിക്കൊപ്പം അതേ വീട്ടിൽത്തന്നെയാണ് ഞങ്ങളും താമസിച്ചിരുന്നത്.

അതിന് കുറച്ചു മാസങ്ങൾക്കുമുമ്പ് ‘ബ്ലൂസ്റ്റാർ ഓപ്പറേഷ’ന്റെ കാലത്തൊക്കെ ഞങ്ങളുടെ ജീവിതം തികച്ചും സാധാരണപോലെയായിരുന്നു. അംഗരക്ഷകരൊക്കെ ഉണ്ടായിരുന്നെങ്കിലും ഞങ്ങളത് ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. സാധാരണ വേഷത്തിലായിരുന്നു അവർ. സ്കൂളിലൊക്കെ സഹായികളും മറ്റുമൊക്കെയായിരുന്നു. പക്ഷേ, ഞങ്ങൾക്കതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഞങ്ങളെക്കുറിച്ച് ആളുകൾ കരുതിയിരുന്നതുപോലെ, ഞങ്ങളുടെ കുടുംബം വലിയ സമ്പന്നരോ ആഡംബരമുള്ളവരോ പ്രകടനാത്മകതയുള്ളവരോ ആയിരുന്നില്ല. മുത്തശ്ശി പ്രധാനമന്ത്രിയായിരുന്നതോ അച്ഛൻ പൈലറ്റായിരുന്നതോ കണക്കിലെടുക്കുമ്പോൾ വളരെ മിതവ്യയമുള്ള വീട്ടിലാണ് ഞങ്ങൾ വളർന്നത്. തെരുവിൽ മറ്റു കുട്ടികളോടൊത്ത് ഞങ്ങൾ കളിച്ചിട്ടുണ്ട്. 30 മുതൽ 40 വരെ കുട്ടികളുള്ള സംഘമായിരുന്നു ഞങ്ങളുടേത്. അവിടെയെല്ലാം ഞങ്ങൾ സൈക്കിൾ ചവിട്ടുകയും കുസൃതികൾ കാണിക്കുകയും ചെയ്തിരുന്നു. മുത്തശ്ശിക്കു വെടിയേൽക്കുന്നതിന് ഒന്നരമാസംമുമ്പ് ബോർഡിങ് സ്കൂളിൽനിന്ന് ഞങ്ങളെ പിൻവലിച്ചു. ഒരുദിവസം ആരോ വന്ന് ഞങ്ങളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അതിനുശേഷം ഞങ്ങളെ ഡൽഹിയിലെ സ്കൂളിൽ ചേർത്തു.

ഡൽഹിയിലെ സ്കൂളിൽ ചേർന്ന് ഒന്നരമാസത്തിനുശേഷം ഞങ്ങളെ തട്ടിക്കൊണ്ടുപോകാനെന്നു സംശയിക്കുന്ന ഒരു സംഭവമുണ്ടായി. പിന്നീട് മുത്തശ്ശിക്കു വെടിയേറ്റു. അതോടെ, ഞങ്ങളെ സ്കൂളിൽനിന്ന് പിൻവലിച്ചു. അന്ന്, പന്ത്രണ്ടാം വയസ്സുമുതൽ കോളേജിൽ പോകുന്നതുവരെ ഞങ്ങൾ വീട്ടിലിരുന്നാണു പഠിച്ചത്. അതുകൊണ്ടുതന്നെ, ഞങ്ങളുടെ വിദ്യാഭ്യാസത്തെയും സാമൂഹികമായ ഇടപെടലിനെയുമെല്ലാം വലിയതോതിൽ ബാധിച്ചു. ഞങ്ങളുടെ പ്രായത്തിലുള്ള ഒന്നോ രണ്ടോ കുട്ടികളുമായി മാത്രം ഞങ്ങളുടെ ഇടപെടൽ നിയന്ത്രിക്കപ്പെട്ടിരുന്നതിനാൽ അക്കാര്യത്തിൽ ഞങ്ങൾ ഒറ്റപ്പെട്ടിരുന്നു. പക്ഷേ, മറ്റു കാര്യങ്ങളിൽ ഞങ്ങൾക്ക് ഒറ്റപ്പെടലുണ്ടായിരുന്നില്ല. കാരണം, ഞങ്ങൾ മുതിർന്നവരുടെ ഒരു ലോകത്തായിരുന്നു.

രാഷ്ട്രീയപ്രശ്നങ്ങളാണ് ഞങ്ങൾ കേട്ടുകൊണ്ടിരുന്നത്. എന്റെ അച്ഛൻ അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങൾ, മാധ്യമങ്ങളും പ്രതിപക്ഷവും അച്ഛനെതിരായി നടത്തിയിരുന്ന ആക്രമണങ്ങൾ നേരിടുന്ന രീതി, അധികാരം വരുന്നതിനും പോകുന്നതിനുമനുസരിച്ച് എന്റെ മാതാപിതാക്കൾക്കു ചുറ്റുമുള്ളവർക്കിടയ്ക്കുള്ള ചലനങ്ങൾ അതിദ്രുതം മാറുന്നത്... അങ്ങനെയൊക്കെ വളരെ ചെറുപ്രായത്തിൽത്തന്നെ മുതിർന്നവരുടെ ലോകത്തായിരുന്നു ഞങ്ങൾ. അതേസമയം തന്നെ, ഒരു സാധാരണ ബാല്യത്തിൽനിന്ന് ഞങ്ങൾ അകലെയായിരുന്നു. ആഴ്ചാവസാനം ഒരു മണിക്കൂറോ മറ്റോ ഒഴിച്ചാൽ ഞങ്ങളെ പുറത്തുപോകാൻ അനുവദിച്ചിരുന്നില്ല. ഒരേ സ്ഥലത്തുതന്നെ ഞങ്ങൾക്ക് പോകാനാവുമായിരുന്നില്ല. അതുപോലുള്ള നിയന്ത്രണങ്ങളുണ്ടായിരുന്നു.

അതുകൊണ്ടാണോ താങ്കൾ ഏകാന്തത ഇഷ്ടപ്പെടുന്ന ആളായി മാറിയതും തന്നിലേക്കു മാത്രം ഒതുങ്ങിക്കൂടിയതും
യഥാർഥത്തിൽ, പിന്നീടാണ് ഞാൻ ഏകാന്തത ഇഷ്ടപ്പെട്ടുതുടങ്ങിയത്. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ബാഹ്യലോകത്തിൽ അതീവ തത്പരയും മത്സരബുദ്ധിയുമുള്ള കുട്ടിയായിരുന്നു. എല്ലാറ്റിലും ഞാൻ പങ്കെടുക്കുമായിരുന്നു. പലതിലും എന്നെ പങ്കെടുപ്പിക്കുമായിരുന്നു. കാരണം, അവർ കരുതിയിരുന്നത് എന്റെ മുത്തശ്ശി അതൊക്കെ കാണാൻ അവിടെ വരുമെന്നാണ്. ഇത്തരമൊരു ലോകത്ത് വളരുമ്പോൾ ബുദ്ധിമുട്ടേറിയ ഒരു കാര്യമെന്തെന്നാൽ, നിങ്ങൾക്ക് നിങ്ങളെത്തന്നെ അളക്കാൻ കഴിയില്ലെന്നതാണ്. മുത്തശ്ശി വന്ന് കാണുമെന്നുള്ളതുകൊണ്ടാണോ അതോ നല്ല ജിംനാസ്റ്റ് ആയതുകൊണ്ടാണോ ജിംനാസ്റ്റിക് ടീമിൽ ഇടംപിടിച്ചതെന്ന് നിങ്ങൾക്കറിയില്ല. ഒരു കുട്ടിയെന്നനിലയ്ക്ക് അതൊരു പ്രശ്നമായിരുന്നു.

മാധ്യമങ്ങളിൽനിന്നുള്ള സമ്മർദങ്ങൾ കൂടിയതോടെയാണ് പിന്നീട് ഞാൻ ഒറ്റപ്പെട്ടുനിൽക്കാൻ തുടങ്ങിയത്. സത്യത്തിൽ, വളരെ സ്വകാര്യമായ ജീവിതം നയിച്ചിരുന്നവരാണു ഞങ്ങൾ. വീട്ടിൽ അമ്മ ഞങ്ങളുടെയും അവരുടെയും വ്യക്തിജീവിതം തികച്ചും സ്വകാര്യമായി സംരക്ഷിച്ചിരുന്നു. അമ്മയ്ക്ക് അച്ഛൻ രാഷ്ട്രീയത്തിൽ വരുന്നതിൽ താത്പര്യമില്ലായിരുന്നു. അച്ഛനുമൊത്തുള്ള സ്വകാര്യജീവിതം അമ്മ നിധിപോലെ കണക്കാക്കിയിരുന്നു. ഔദ്യോഗിക പരിപാടികളിലൊഴിച്ച് മാധ്യമങ്ങളിൽനിന്നകന്നാണ് ഞങ്ങൾ വളർന്നത്. മുതിർന്നപ്പോൾ ഞാൻ കൂടുതൽ ഏകാന്തവാസിയായത് എനിക്ക് കുട്ടികളുണ്ടായപ്പോഴാണ്. മാധ്യമലോകം ആകെ മാറി. അത് കൂടുതൽ എല്ലാറ്റിലും അനാവശ്യമായി തലയിടുന്ന അവസ്ഥയിലായി. എന്റെയും കുട്ടികളുടെയും സ്വകാര്യത സംരക്ഷിക്കാനുള്ള ഒരു രീതിയായിരുന്നു എന്റെ അകന്നുനിൽക്കൽ.

സുപ്രധാന രാഷ്ട്രീയ കുടുംബത്തിന്റെ ഭാഗമായിരുന്നതും ഒരു കുട്ടിയെന്നനിലയിൽ ഏറെ ബാധിക്കപ്പെട്ട് വളർന്നുവന്നതുമായ സാഹചര്യങ്ങൾ താങ്കളുടെ കുടുംബത്തെയും കുട്ടികളെയും മുന്നോട്ടുകൊണ്ടുപോകുന്നതിലുള്ള സമീപനത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
ആദ്യത്തെ കാര്യമെന്തെന്നുവെച്ചാൽ, ഞങ്ങൾ നേരിട്ട അക്രമവും മനഃക്ലേശങ്ങളും അനുഭവിക്കുന്നതിൽനിന്ന് എന്റെ കുട്ടികളെ തടയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്റെ മുത്തശ്ശിക്ക് വെടിയേറ്റത് എനിക്ക് 12 വയസ്സുള്ളപ്പോഴായിരുന്നു. എന്റെ അച്ഛൻ കൊല്ലപ്പെട്ടത് എനിക്ക് 19 വയസ്സുള്ളപ്പോഴായിരുന്നു. രണ്ടിനുമിടയ്ക്കുള്ള ഏഴുവർഷം ഞങ്ങൾ യഥാർഥത്തിൽ ജീവിച്ചത് എന്റെ അച്ഛൻ വധിക്കപ്പെടുമെന്ന ഭീതിയിലായിരുന്നു. അച്ഛൻ രാത്രി തിരിച്ചുവരുന്നതുവരെ ഞാൻ ഉറങ്ങാറില്ലായിരുന്നു. അച്ഛൻ പുറത്തുപോകുമ്പോഴൊക്കെ ഞാൻ കരുതിയിരുന്നത് ഇനി അച്ഛൻ തിരിച്ചുവരില്ലെന്നാണ്. അതുകൊണ്ട് ഞാൻ ഏറെയും ശ്രമിച്ചത് എന്റെ കുട്ടികൾക്ക് സാധാരണ ബാല്യം നൽകാനാണ്.

ഞാൻ വളർന്നതിനെക്കാൾ വളരെ വ്യത്യസ്തമായാണ് അവർ വളർന്നത്. അവർ ഏറെ സ്വാതന്ത്ര്യത്തോടെയാണു ജീവിച്ചിരുന്നത്. അവർക്ക് അംഗരക്ഷകരുള്ള അവസ്ഥയൊക്കെയുണ്ടായിട്ടുണ്ട്. പക്ഷേ, അവർക്ക് സാധാരണ ബാല്യം നൽകാനും മാധ്യമശ്രദ്ധയിൽനിന്നു മാറ്റിനിർത്താനുമാണ് ഞാൻ ശ്രമിച്ചിരുന്നത്. ഉദാഹരണത്തിന്, അവർക്ക് അവരുടെ സ്വന്തം പേരിൽ സാമൂഹിക മാധ്യമ അക്കൗണ്ടില്ല. കാരണം, അവരുടെ വ്യക്തിജീവിതം സ്വകാര്യമായി സംരക്ഷിക്കാൻ ഞാൻ അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അവർക്ക് വ്യത്യസ്തമായ യൂസർ നെയിമുകളാണുള്ളത്. അവരുടെ സുഹൃത്തുക്കൾക്കറിയാം, അവർക്ക് സ്വകാര്യ അക്കൗണ്ടുകളുള്ള കാര്യം.

അഞ്ചോ ആറോ ക്ലാസിലെത്തുന്നതുവരെ എന്റെ മകൾക്ക് ആരാണ് പ്രധാനമന്ത്രിയെന്നറിയില്ലായിരുന്നു. അവരുടെ കുടുംബമെന്താണെന്ന കാര്യം അവർക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല. ഉദാഹരണത്തിന്, എന്റെ മകന് അവൻ ഡൂൺ സ്കൂളിൽ പോയശേഷമാണ് എല്ലാവർക്കും അവന്റെ കുടുംബത്തെക്കുറിച്ച് അറിയാമായിരുന്നെന്നും എല്ലാവർക്കും അഭിപ്രായമുണ്ടായിരുന്നെന്നും തിരിച്ചറിയുന്നത്. 12-13 വയസ്സാകുന്നതുവരെ കുട്ടികൾക്ക് ഇതിൽനിന്നെല്ലാം മാറിനിൽക്കാൻ കഴിഞ്ഞു. സ്കൂളിൽ എല്ലാവർക്കുമൊപ്പം അവരും വളർന്നു. അവർ സാധാരണപോലെ വീട്ടിൽ വരുകയും പോവുകയും ചെയ്തിരുന്നു. എന്റെ വീടിന് അതിനെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. അത് എല്ലാവരെയും പോലെതന്നെയായിരുന്നു.


ലേഖകര്‍: പ്രദീപ്‌ ചിബ്ബർ: കാലിഫോർണിയയിലെബർക്‌ലി സർവകലാശാലയിൽ ​പ്രൊഫസർ, ഹർഷ്‌ ഷാ: ബർക്‌ലി സർവകലാശാലയിലെ പഠനത്തിനുശേഷം ഹാർവർഡ്‌ ബിസിനസ്‌ സ്കൂളിൽ വിദ്യാർഥി

പരിഭാഷ: സന്തോഷ് വാസുദേവ്

Content Highlights: Priyanka spoke openly about her life and politics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented