Photo: Mathrubhumi
കണ്ണൂര്‍:സി.പി.എം അടക്കമുള്ള ഇടത്പക്ഷ പാര്‍ട്ടികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണത്തിന്റെ പശ്ചാത്തലത്തില്‍ കാര്യമായ ആത്മപരിശോധന നടക്കേണ്ടതായുണ്ടെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പറയുന്നു. '' ജനകീയ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ നേതൃത്വത്തിനാവുന്നില്ല.'' സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ഏപ്രില്‍ പത്തിന് നാളെ സമാപനമാവാനിരിക്കെ വ്യാഴാഴ്ച വൈകീട്ട് കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് ബേബി ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:
സിപിഎമ്മിന് സംഭവിച്ച രണ്ട് മണ്ടത്തരങ്ങളെക്കുറിച്ച് ചരിത്രകാരനായ രാമചന്ദ്ര ഗുഹ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. 1996 ല്‍ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്നതാണ് ആദ്യത്തേത്. 2004 ല്‍ യുപിഎ മന്ത്രിസഭയില്‍ ചേരാതെ വിട്ടുനിന്നതാണ് രണ്ടാമത്തേത്. ആദ്യത്തേതിനേക്കാള്‍ വലിയ മണ്ടത്തരമായിരുന്നു രണ്ടാമത്തേത് എന്നാണ് ഗുഹ ചൂണ്ടിക്കാട്ടുന്നത്. കാരണം ജ്യോതി ബസുവിന് പകരം പ്രധാനമന്ത്രിയായ ദേവഗൗഡയ്ക്ക് ഒരു കൊല്ലം കഷ്ടിച്ച് ഭരിക്കാനായില്ല. പക്ഷേ, രണ്ട് തവണ തുടര്‍ച്ചയായി യുപിഎ സര്‍ക്കാര്‍ പത്ത് വര്‍ഷം അധികാരത്തിലിരുന്നു. അന്ന് ആ പത്തു വര്‍ഷം സി.പി.എമ്മിന് ആരോഗ്യം , വിദ്യാഭ്യാസം, പോലുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യാനാകുമായിരുന്നെങ്കില്‍ അത് പാര്‍ട്ടിക്ക് അഖിലേന്ത്യ തലത്തില്‍ നല്കുമായിരുന്ന മുന്നേറ്റം വളരെ വലുതാകുമായിരുന്നു. അന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഒരാളെന്ന നിലയില്‍ താങ്കള്‍ ഇതിനോട് പ്രതികരിക്കുന്നത് എങ്ങിനെയാണ്?
ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഞാന്‍ കേന്ദ്ര കമ്മിറ്റിയിലുണ്ടായിരുന്നു. പക്ഷേ, ഞങ്ങളുടെ പാര്‍ട്ടിയുടെ കീഴ്വഴക്കമനുസരിച്ച് ഇതെക്കുറിച്ച് എനിക്കിപ്പോള്‍ മറുപടി പറയാനാവില്ല.
96 ലെ സംഭവത്തിന് ശേഷം ഇപ്പോള്‍ കാല്‍നൂറ്റാണ്ട് പിന്നിട്ടു. ഇനിയും അതെക്കുറിച്ച് ആത്മപരിശോധന നടത്തുന്നതില്‍ നിന്നും പിന്വലിയേണ്ടതുണ്ടോ?
ടൈംസ് ഒഫ് ഇന്ത്യയുടെ പത്രാധിപരായിരുന്ന ദിലിപ് പട്ഗൊങ്കര് ഒരിക്കല്‍ എന്നോട് ഇതെക്കുറിച്ച് ചോദിച്ചിരുന്നു. പാര്‍ട്ടി അന്നെടുത്ത തീരുമാനത്തിന് വ്യക്തമായ ചരിത്ര പശ്ചാത്തലമുണ്ടായിരുന്നു.
അന്ന് കേന്ദ്ര കമ്മിറ്റിയില്‍ ബസുവിനെ പ്രധാനമന്ത്രിയാക്കുന്നതിനെതിരായാണോ വോട്ട് ചെയ്തത്?
അന്ന് ചര്‍ച്ചകളില്‍ ഇ.എം.എസ്സും നായനാരും ചടയന്‍ ഗോവിന്ദനുമൊക്കെയുണ്ടായിരുന്നു. പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ കാര്യമായ അംഗബലമില്ലാത്തതിനാല്‍ സഖ്യ കക്ഷികളുടെ താല്പര്യങ്ങള്ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുമെന്ന ചിന്തയാണ് അന്ന് പാര്‍ട്ടിയെ ബസുവിനുള്ള ഓഫര്‍ ഏറ്റെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പും ശിഥിലമായിരിക്കുന്ന സമയവുമായിരുന്നു അത്. അങ്ങിനെ ആ ചരിത്ര നിയോഗം പാര്‍ട്ടി നിരസിച്ചു. ഇന്ത്യയിലെ ഏറ്റവും അധികാരമുള്ള പദവി വേണ്ടെന്നു വെയ്ക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. പക്ഷേ, അതിന് ശേഷം നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത്തരം സാഹചര്യങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നു. ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരിമിതമായ തോതിലാണെങ്കിലും അവസരവും അധികാരവും കിട്ടിയാല്‍ അത് വിനിയോഗിക്കാം എന്ന കാഴ്ചപ്പാടാണ് പാര്‍ട്ടി പരിപാടി ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്നത്.
2004ല്‍ സി.പി.എമ്മിന് ലോക്സഭയില്‍ 43 അംഗങ്ങളുണ്ടായിരുന്നു. ആ സ്ഥാനത്ത് ഇപ്പോഴുള്ളത് മൂന്നംഗങ്ങളാണ്. പാര്‍ട്ടിക്ക് സംഭവിച്ച ഈ ശോഷണം എങ്ങിനെ കാണുന്നു?
എത്രയോ തിരിച്ചടികള്‍ നേരിട്ടാണ് സി.പി.എം വളര്‍ന്നത്. പുന്നപ്ര വയലാറില്‍ ഞങ്ങളുടെ സഖാക്കളെ നിഷ്കരുണം വെടിവെച്ചു കൊല്ലുകയായിരുന്നു. മരിക്കാതിരുന്നവരെ ജീവനോടെ കത്തിച്ചു. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയിലും ഭീകരമായ പീഢനമാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലയളവിലാണ് പാമ്പ് കടിയേറ്റ് 42 ാമത്തെ വയസ്സില്‍ പി.കൃഷ്ണപിള്ള മരിച്ചത്. നിരോധനത്തെ തുടര്‍ന്ന് ഒളിവിലായിരുന്നതുകൊണ്ട് ആശുപത്രിയിലെത്താന്‍ വൈകിയതുകൊണ്ടാണ് സഖാവിന് മരിക്കേണ്ടി വന്നത്. രണ്ടു കൊല്ലത്തോളം ഇ.എം.എസിന് പുറം ലോകം കാണാതെ കഴിച്ചുകൂട്ടേണ്ടി വന്നു. പതിനായിരം രൂപയാണ് അന്ന് ഇ.എം.എസ്സിന്റെ തലയ്ക്ക് ഭരണകൂടം വിലയിട്ടത്. അത് പുല്ലുപോലെ തള്ളിക്കളഞ്ഞാണ് പൊക്കനെപ്പോലുള്ള തൊഴിലാളികള്‍ ഇ.എം.എസ്സിനെ സംരക്ഷിച്ചത്.
തിരിച്ചടികളും പ്രതിസന്ധികളും ഞങ്ങള്‍ ഏറെ നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പാര്‍ലമെന്റില്‍ അംഗബലം കുറയുന്നതില്‍ ഞങ്ങള്‍ക്ക് വേവലാതിയില്ല. അടുത്തിടെ നടന്ന കര്‍ഷക സമരത്തില്‍ പാര്‍ട്ടി സഖാക്കള്‍ വഹിച്ച പങ്ക് നിസ്തുലമായിരുന്നു. കര്‍ഷക സമരവേദിയില്‍ അണിനിരക്കാന്‍ കഴിഞ്ഞ ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം ഇടതുപക്ഷത്തിന്റേതായിരുന്നു എന്ന് കാണാതിരിക്കരുത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ഡെല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ക്കൊപ്പം ട്രാക്റ്റര്‍ ഓടിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, കര്‍ഷകര്‍ അതിന് അനുവദിച്ചില്ല. രാഹുല്‍ വയനാട്ടില്‍ വന്നാണ് പിന്നെ ട്രാക്റ്റര്‍ ഓടിച്ചത്. അതേസമയം സഖാവ് കെ കെ രാഗേഷ് കര്‍ഷകര്‍ക്കൊപ്പം ഡെല്‍ഹിയിലെ അതിര്‍ത്തിയില്‍ ട്രാക്റ്റര്‍ ഓടിച്ച് സമരത്തില്‍ പങ്കെടുത്തു. അതാണ് കര്‍ഷകര്‍ ഞങ്ങളുടെ പ്രസ്ഥാനത്തിന് നല്കുന്ന വിശ്വാസവും പിന്തുണയും. അതേസമയം തിരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാവില്ല. പാര്‍ട്ടി നേതൃത്വത്തിന് വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് നേതൃത്വത്തിനായില്ല തീര്‍ച്ചയായും കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വയം വിമര്‍ശം നടത്തേണ്ടതായുണ്ട്.
ഇന്ത്യന്‍ യാഥാര്‍ഥ്യം കാണുന്നതില്‍ സി.പി.എം അടക്കമുള്ള ഇടത്പക്ഷം പരാജയപ്പെട്ടുവെന്ന് വിമര്‍ശനമുണ്ട്. ജാതി എന്ന തീക്ഷ്ണ യാഥാര്‍ഥ്യം തിരിച്ചറിയുന്നതില്‍ പറ്റിയ വീഴ്ചയാണോ ഇടത്പക്ഷത്തെ ദുര്‍ബലമാക്കിയ പ്രധാന ഘടകം?
1930 കളിലും നാല്പതുകളിലുമൊക്കെ തന്നെ ജാതിയെക്കുറിച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. കേരളത്തില്‍ ജാതിക്കെതിരായ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ച ഒരാളേയുള്ളു. അത് വടക്കന്‍ പറവൂരിലെ പാലിയം ( ചേന്ദമംഗലം) സത്യാഗ്രഹത്തില്‍ കൊല്ലപ്പെട്ട സഖാവ് എജി വേലായുധനാണ്. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ എകെജിയും പി കൃഷ്ണപിള്ളയും വഹിച്ച പങ്ക് മറക്കാനാവുമോ?
പാര്‍ട്ടി പരിപാടിക്ക് ഈ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ടായിരുന്നു. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പാര്‍ട്ടി ശ്രദ്ധയൂന്നിയത് വര്‍ഗ്ഗ സമരത്തിലായിരുന്നു. രണ്ടായിരത്തില്‍ പാര്‍ട്ടി പരിപാടി ഒന്നുകൂടി കാലോചിതമാക്കി. സാമൂഹിക നീതിക്ക് സാമ്പത്തിക നീതിക്കൊപ്പം പ്രാധാന്യം നല്കുന്ന നടപടിയായിരുന്നു അത്.
ഭൂപരിഷ്കരണം നടപ്പാക്കിയപ്പോള്‍ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്കല്ല ഭൂമി കിട്ടിയതെന്ന് പ്രൊഫസര്‍ എം കുഞ്ഞാമനെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ട്ടിയുടെ തലപ്പത്ത് ബ്രാഹ്മണ , ഫ്യൂഡല്‍ , ഭൂഉടമ വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു എന്നതുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന ആരോപണത്തോടുള്ള പ്രതികരണം എന്താണ്?
ബ്രിട്ടീഷ് ഇന്ത്യയിലെ മദിരാശി പ്രൊവിന്‍സില്‍ ഭൂ ഉടമ ബന്ധം പഠിക്കാന്‍ നിയോഗിക്കപ്പെട്ട കുട്ടികൃഷ്ണമേനോന് കമ്മിറ്റിയില്‍ അംഗമായിരുന്ന ഇഎംഎസ് എഴുതിയ വിയോജനക്കുറിപ്പ് ശ്രദ്ധേയമാണ്. ഭൂ ഉടമ ബന്ധത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാവണമെന്നും ക്ഷേത്രങ്ങളും ഇതര മതസ്ഥാപനങ്ങളും വന്‍കിട ഭൂ ഉടമകളും കൈയ്യാളുന്ന ഭൂമി കര്‍ഷകതൊഴിലാളികള്‍ക്ക് പുനര്‍ വിതരണം ചെയ്യണമെന്നും അന്നേ ഇഎംഎസ് വാദിച്ചിരുന്നു. പാര്‍ട്ടിയുടെ തലപ്പത്ത് സവര്‍ണ്ണ വിഭാഗത്തില്‍ നിന്നുള്ളവരുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ, സ്വന്തം വര്‍ഗ്ഗ താല്പര്യം നിരാകരിച്ചകൊണ്ടാണ് ഈ സഖാക്കള്‍ തൊഴിലാളി വര്‍ഗ്ഗത്തിനായി നിലയുറപ്പിച്ചത്.
കീഴാള വിഭാഗങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ മാത്രമേയുള്ളുവെന്നും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ ഇടത്പക്ഷം ശ്രദ്ധിക്കുന്നില്ലെന്നുമുള്ള വിമര്‍ശം എങ്ങിനെ കാണുന്നു?
ഇടത്പക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണം ശരിയായ കാഴ്ചപ്പാടില്‍ കാണാനാാവാത്തതാണ് കുഞ്ഞാമനെപ്പോലുള്ള സാമൂഹിക ശാസ്ത്രജ്ഞരുടെ പ്രശ്നം. ഒരു തുണ്ട് ഭൂമി സ്വന്തമായി കിട്ടിയ ലക്ഷക്കണക്കിന് മനുഷ്യരാണ് കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. കുഞ്ഞാമന്റെ വിമര്‍ശം ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പക്ഷേ, ഇന്നിപ്പോള്‍ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയൊരുകാരണമായ മണിയോര്‍ഡര്‍ ഇക്കോണമി രൂപപ്പെട്ടതിന് പിന്നില്‍ ഭൂപരിഷ്കരണവും ഇഎംഎസ് സര്‍ക്കാര്‍ കൊണ്ടുവന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതിയും ഉണ്ടെന്ന കാര്യം മറക്കരുത്. ഇന്നിപ്പോള്‍ ഇടത്പക്ഷത്തെ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള പരിസരം ഒരുക്കിക്കൊടുത്തത് ഇടത്പക്ഷ സര്‍ക്കാരുകളുടെ പ്രവര്‍ത്തനമാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊച്ചിയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച നവ കേരള വികസന രേഖ ഇതുവരെ സിപിഎം പിന്തുടര്ന്നിരുന്ന നയങ്ങളുടെ വ്യതിയാനമാണെന്ന് ശക്തമായ വിമര്‍ശമുണ്ട്. സാമൂഹിക നീതി അപ്പാടെ നിരാകരിക്കുന്ന നവ ഉദാരവത്കരണ നയങ്ങളുടെ ഏറ്റെടുക്കലാണ് ഇതെന്ന ആക്ഷേപത്തോട് എന്ത് പറയുന്നു?
കേരളം ഒരു സ്വതന്ത്ര, പരമാധികാര റിപ്പബ്ബളിക്കല്ല. ഇന്ത്യ എന്ന രാജ്യത്തെ ഒരു സംസ്ഥാനം മാത്രമാണ്. സ്വകാര്യ മൂലധനത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുക്കുന്ന നിയമങ്ങള്‍ നമുക്കും പാലിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ പരിഹരിക്കാന്‍ മാരക്സിന് പോലുമാവില്ല. കാരണം കേരളം സാമ്പത്തിക സ്വാതന്ത്ര്യമുള്ള രാജ്യമല്ല. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ കോണ്‍ഗ്രസ് , ബിജെപി സര്‍ക്കാരുകള്‍ വിറ്റഴിക്കുമ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് ഒരു വേവലാതിയുമില്ല.
ഇടത്പക്ഷത്തെ കൂടുതലായി വിമര്‍ശിക്കുന്നത് ജനങ്ങള്‍ക്ക് ഇടത്പക്ഷത്തില്‍ കൂടുതല്‍ പ്രതീക്ഷയുണ്ടെന്നതുകൊണ്ടല്ലേ?
ശരിയാണ്. പക്ഷേ, ഇടത്പക്ഷം നടപ്പാക്കുന്ന ശരിയായ പദ്ധതികള്‍ ഇവര്‍ കാണാതെ പോകുന്നതെന്തുകൊണ്ടാണ്. കമ്മ്യൂണിസ്റ്റ്കാരനല്ലാത്ത അമര്‍ത്യ സെന്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യം ഞാന്‍ ഈ വിമര്‍ശകരെ ഓര്‍മ്മിപ്പിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ വികസിത രാജ്യമായ അമേരിക്കയില്‍ ഒരു ചേരിയില്‍ ജനിച്ചു വീഴുന്ന കറുത്ത വര്‍ഗ്ഗക്കാരനായ കുഞ്ഞ് അതിജീവിക്കാനുള്ളതിനേക്കാള് സാദ്ധ്യത ഇതേ സാഹചര്യത്തില്‍ കേരളത്തില്‍ ജനിച്ചുവീഴുന്ന ഒരു കീഴാള വിഭാഗത്തില്‍ പെട്ട കുഞ്ഞിനുണ്ട്. ഇത് സാദ്ധ്യമാക്കിയത് ഇടത്പക്ഷമാണ്.
സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പാര്‍ട്ടി ഏറെ വിമര്‍ശിക്കപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുന്നോട്ടുവെയ്ക്കുന്ന പദ്ധതികള്‍ പാര്‍ട്ടി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാവുകയാണ് എന്ന ആരോപണത്തെ എങ്ങിനെ കാണുന്നു?
പിണറായി വിജയന് എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെക്കുറിച്ച് വ്യക്തമായറിയാത്തവരാണ് ഇത്തരം വിമര്‍ശം ഉയര്‍ത്തുന്നത്. ഏതെങ്കിലും ഓഫീസില്‍ ഇരിക്കുന്നവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരാളല്ല പിണറായി വിജയന്. അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ നിന്ന് വളര്‍ന്നു വന്നയാളാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് കൃത്യമായറിയാം. പാര്‍ട്ടിയുടെ ബന്ധപ്പെട്ട ഫോറങ്ങളില്‍ സില്‍വര്‍ലൈനിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത് സര്‍ക്കാര്‍ നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിമര്‍ശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തീരുമാനങ്ങളില്‍ മാറ്റം വരുത്തുന്നതിനും അദ്ദേഹം തയ്യാറാണ്. പോലിസ് നിയമ ഭേദഗതി പിന്‍വലിച്ച നടപടി നമ്മള് കാണാതെ പോവരുത്. പിണറായി വിജയന് എന്ന ഒരുവ്യക്തിയാണ് ഈ കാര്യങ്ങള്‍ എന്ന് വരുത്തിത്തീരക്കാന് മാധ്യമങ്ങള്‍ക്ക് താത്പര്യമുണ്ടാവും. പക്ഷേ, വസ്തുത അതല്ല. മുഖ്യമന്ത്രി എന്ന നിലയില്‍ ഒന്നാം നമ്പര്‍ വണ്ടിയില്‍ സഞ്ചരിക്കുന്ന ആള് മാത്രമല്ല പിണറായി വിജയന്. പാര്‍ട്ടി ഏല്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റുന്നതില്‍ അദ്ദേഹം പരാജയപ്പെടാറില്ല.
സില്‍വര്‍ലൈന്‍ സി.പി.എമ്മിന് കേരളത്തില്‍ മറ്റൊരു നന്ദിഗ്രാം - സിംഗുര്‍ ആയി മാറുമോ എന്ന ചോദ്യത്തോടുള്ള പ്രതികരണം എന്താണ്?
നന്ദിഗ്രാമില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് ഭൂമി ഏറ്റെടുക്കാന്‍ നീക്കമുണ്ടായത്. കേരളത്തില്‍ അങ്ങിനെയല്ല. ജനങ്ങളുടെ ആവലാതികളും ആശങ്കകളും പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സില്‍വര്‍ലൈന്‍ ഭാവി കേരളത്തിന്റെ ഒരു പദ്ധതിയാണ്. സാമൂഹിക, പരിസ്ഥിതി, സാമ്പത്തിക ആഘാതങ്ങള്‍ പഠിച്ചതിന് ശേഷം മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായം പാരിസ്ഥിതിക ആഘാത പഠനത്തിന് ഇങ്ങനെ മഞ്ഞക്കുറ്റികള്‍ കൊണ്ടുപോയി സ്ഥാപിക്കേണ്ട കാര്യമില്ലെന്നാണ്.
സില്‍വര്‍ലൈനിന് ബദല്‍ മാര്‍ഗമുണ്ടെന്നും അത് പരിശോധിക്കാതെയാണ് ഇത്തരമൊരു വമ്പന്‍ പദ്ധതിയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നതെന്നും വിമര്‍ശിക്കുന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഇടത് സഹയാത്രികനായ ആര്‍വിജി മേനോനെപ്പോലുള്ളവരുമാണ്?
ആര്‍വിജി മേനോനോട് വലിയ ആദരവുള്ള വ്യക്തിയാണ് ഞാന്‍. അദ്ദേഹം ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. ഒരു ലഘു പുസ്തക രൂപത്തില്‍ ഈ മറുപടികള്‍ ലഭ്യമാണ്. അതുകൊണ്ട് ഞാന്‍ അതിലേക്ക് കടക്കുന്നില്ല. കേരളത്തിന്റെ വികസനത്തില്‍ വലിയ പ്രാധാന്യമുള്ള മേഖലയാണ് ടൂറിസം. വിനോദസഞ്ചാര മേഖലയുടെ വികസനത്തില്‍ സില്‍വര്‍ലൈന്‍ കൊണ്ടുവരുന്ന മാറ്റം വളരെ വലുതായിരിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആദ്യം എതിര്‍ത്തവരില്‍ ഞാനുമുണ്ടായിരുന്നു. ഇന്നിപ്പോള്‍ നമുക്ക് മനസ്സിലാകും ആ വിമാനത്താവളം എത്രമാത്രം അനിവാര്യമാണെന്ന്.
ടൂറിസം മെച്ചപ്പെടുത്താന്‍ ഏറ്റവുമാദ്യം വേണ്ടത് മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സമഗ്ര പദ്ധതിയല്ലേ? അത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നതിന് പകരം സില്ര്ലൈന് എന്ത് വില കൊടുത്തും നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിപറയുന്നത്. സര്‍ക്കാര്‍ എന്തിനാണിങ്ങനെ ശാഠ്യം പിടിക്കുന്നത്?
പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷമാണ് ശാഠ്യം പിടിക്കുന്നത്. ഒരു വിഭാഗം മാധ്യമങ്ങളും അതിന് കൂട്ടുനില്‍ക്കുന്നു. സി.പി.എമ്മിന് ഈ വിഷയത്തില്‍ ഒരു ശാഠ്യവുമില്ല. അതിവേഗപ്പാത കൊണ്ടുവരാനൊരുങ്ങിയവരാണ് ഇപ്പോള്‍ സില്‍വര്‍ലൈനിന് എതിരെ ബഹളം വെയ്ക്കുന്നത്.
കണ്ണൂരില്‍ നടക്കുന്ന 23 ാം പാര്‍ട്ടി കോണ്‍ഗ്രസിനെ കാലവും ചരിത്രവും ഉറ്റുനോക്കുന്നുണ്ട്. പാര്‍ട്ടിയുടെ പരമോന്നത അധികാര സമിതിയായ പോളിറ്റ്ബ്യൂറോയില്‍ ഒരു ദളിത് സമുദായാംഗമെത്തുന്നത് ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ കാണാനാവുമോ?
പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ ഇപ്പോള്‍ അര ഡസനോളം പേര് ദളിതരാണ്. എന്നാല്‍ പിബിയില്‍ ദളിതര്‍ ആരുമില്ലെന്നത് കുറവ് തന്നെയാണ്. ഇത് സ്ത്രീ പ്രാതിനിധ്യത്തിലും ഉണ്ടായിരുന്നു. ഏറ്റവും പ്രഗത്ഭരായിരുന്ന ഇഎംഎസ്സും സുന്ദരയ്യയുമൊക്കെ പാര്‍ട്ടിക്ക് നേതൃത്വം നല്കിയിരുന്നപ്പോള് പിബിയില്‍ സ്ത്രീകളുണ്ടായിരുന്നില്ല. ഇപ്പോള്‍ പക്ഷേ, രണ്ട് പേര് - ബൃന്ദ കാരാട്ടും സുഭാഷിണി അലിയും - പിബിയിലുണ്ട്. വൈകിയാണെങ്കിലും പാര്‍ട്ടി എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കുമന്നൊണ് ഇതിന്റെ അര്‍ഥം. ഇതുപോലെ തന്നെ ദളിത് പ്രാതിനിധ്യം പാര്‍ട്ടിയുടെ എല്ലാതലങ്ങളിലും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി ഇപ്പോഴുള്ളത്.
ഈ പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രപരമാവും എന്നാണ് താങ്കള്‍ പറഞ്ഞുവരുന്നത്?
ചരിത്രപരമായ പല തീരുമാനങ്ങളും ഈ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാവും. നമ്മള് ആഗ്രഹിക്കുന്ന കുറെയധികം തീരുമാനങ്ങളുണ്ടാവും. എന്നാല്‍ എല്ലാ തീരുമാനങ്ങളും ഉണ്ടാവുമോയെന്നത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ പറയാനാവുകയുള്ളു.
1987 ല്‍ കെ ആര് ഗൗരിയമ്മയ്ക്ക് കിട്ടേണ്ടിയിരുന്ന മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടു എന്ന വിമര്‍ശം സിപിഎം നേരിടുന്നുണ്ട്?
നമുക്ക് ഭാവിയെക്കുറിച്ച് സംസാരിക്കാം. ഇക്കുറി ഇതാദ്യമായി പാര്‍ട്ടിയുടെ കേരളത്തിലെ ജില്ലാ സെക്രട്ടറിയേറ്റില്‍ വനിത പ്രാതിനിധ്യമുറപ്പ് വരുത്തിയിട്ടുണ്ട്. കര്‍ണാടകത്തില്‍ മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ വനിതകളാണ്. ഇതൊക്കെ പാര്‍ട്ടിയുടെ വ്യക്തമായ ഇടപെടലിലൂടെ സംഭവിക്കുന്നതാണെന്ന് മറക്കരുത്.
ഇടപെടാനുള്ള സവിശേഷ ബുദ്ധിയാണല്ലോ മനുഷ്യരെ വ്യതിരിക്തരാക്കുന്നത്. അങ്ങിനെവരുമ്പോള്‍ പാര്‍ട്ടിയുടെ ഇടപെടലിലൂടെ എപ്പോഴാണ് ഒരു വനിത സംസ്ഥാന സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയുമുണ്ടാവുക?
ആര്യ രാജേന്ദ്രന് തിരുവനന്തപുരത്ത് മേയറായില്ലേ! അധ്യാപികയായി വിരമിച്ച ബീന ഫിലിപ് കോഴിക്കോട്ട് മേയറായില്ലേ! ഈ പ്രവണത ഇനിയങ്ങോട്ട് കൂടുതല്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്ന് ഉറച്ച് വിശ്വസിക്കാം.
Content Highlights: Party Leadership Should Make Introspection CPM Polit Bureau Member MA Baby Interview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..