Palanivel Thiagarajan| photo:PTI
* നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്താന്‍ , സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍, റിസ്ക് മാനേജ്മെന്റ് ഒന്നുകൂടി കാര്യക്ഷമമാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നതാണ് എനിക്ക് ഏറ്റവുമധികം ആനന്ദം പകര്‍ന്നു തരുന്നത്. ഞാന്‍ ഈ കസേരയില്‍ നിന്നും ഇറങ്ങുമ്പോള്‍ എന്റെ പിന്‍ഗാമിക്ക് ഞാന്‍ കൈമാറുന്നത് കൂടുതല്‍ മെച്ചപ്പെട്ട സംവിധാനമായിരിക്കണം. അതിന്റെ ഘടനയില്‍ ഗുണപരമായ മാറ്റമുണ്ടാവണം. എനിക്ക് ശേഷം ഈ കസേരയില്‍ ഇരിക്കുന്നയാള്‍ക്ക് എന്നേക്കോള് നന്നായി ജോലി ചെയ്യാന്‍ കഴിയണം. ഈ നേട്ടമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം മെയില്‍ തമിഴ്നാട് ധനമന്ത്രിയായി സ്ഥാനമേറ്റ ഉടനെ പഴനിവേല്‍ ത്യാഗരാജനുമായി അഭിമുഖം നടത്താന്‍ അവസരം കിട്ടിയിരുന്നു. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും എം.ഐ.ടി സ്ലൊവാന്‍ സ്കൂള്‍ ഒഫ് മാനേജ്മെന്റില്‍ നിന്ന് എംബിഎയും നേടിയ ശേഷം ലീമന് ബ്രദേഴ്സിലും സ്റ്റാന്‍ഡേഡ് ബാങ്കിലും പ്രവര്‍ത്തിച്ച പഴനിവേല്‍ ത്യാഗരാജന് തമിഴ്നാട് മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന പിതാവ് പഴനിവേല്‍ രാജന്റെ അകാലമരണത്തെ തുടര്‍ന്നാണ് തമിഴകത്തേക്ക് തിരിച്ചെത്തിയതും സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായതും. ഇന്നിപ്പോള്‍ ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാന ധനമന്ത്രിയാരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം പഴനിവേല്‍ ത്യാഗരാജന് എന്നായിരിക്കും. അധികാരമേറ്റ് ഒന്നര വര്‍ഷം കഴിയുമ്പോള്‍ തമിഴ്നാട് ധനമന്ത്രിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്:
2016ലാണ് താങ്കള്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചതും ജയിച്ചതും. തുടര്‍ന്ന് അഞ്ച് വര്‍ഷം പ്രതിപക്ഷത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിഎംകെ അധികാരം തിരിച്ചുപിടിച്ചപ്പോള്‍ തമിഴകത്തിന്റെ ധനമന്ത്രിയായി മുഖ്യമന്ത്രി എംകെ സ്റ്റാലിന് തിരഞ്ഞെടുത്തത് താങ്കളെയാണ്. പ്രതിപക്ഷത്ത് ഇരിക്കുന്നത് പോലെയല്ല ഭരണകൂടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് . ഇക്കഴിഞ്ഞ ഒന്നര വര്‍ഷം എങ്ങിനെ കാണുന്നു?
വലിയ അനുഭവമായിരുന്നു. ചെയ്യുന്ന ജോലി എങ്ങിനെ മെച്ചപ്പെടുത്താമെന്ന് ഞാന്‍ ഓരോ ദിവസവും പഠിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും രണ്ടു കാര്യങ്ങളാണ് മനസ്സിലാക്കാനായത്. 1 , എങ്ങിനെ മാറ്റമുണ്ടാക്കാം, എങ്ങിനെ നല്ല ഫലമുണ്ടാക്കാം. 2, എല്ലാ കാര്യങ്ങളും എപ്പോഴും തുറന്നുപറയേണ്ടതില്ല. സുതാര്യത നല്ലതാണ് പക്ഷേ, ചിലപ്പോള്‍ അതുകൊണ്ട് അനാവശ്യമായ പൊല്ലാപ്പുകള്‍ ഉണ്ടാവും. കാര്യങ്ങള്‍ ഒന്നുവളച്ചുകെട്ടി പറയുന്നതാണ് ചിലപ്പോള്‍ നല്ലത്. നമുക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളില്‍ നമ്മള് തലയിടരുത്.
ജഗ്ഗി വാസുദേവ് വിവാദം
കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ഇഷ ഫൗണ്ടേഷന് സ്ഥാപകന്‍ ജഗ്ഗി വാസുദേവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണോ എല്ലാ കാര്യങ്ങളും തുറന്നുപറയേണ്ടതില്ല എന്ന നിലപാടിലേക്ക് താങ്കളെ എത്തിച്ചത്?
അതൊരു സംവാദമായിരുന്നു. അതിന്റെ രണ്ടു വശങ്ങളെക്കുറിച്ചും പറയാം. ചിലര്‍ പറയുന്നത് സമൂഹത്തില്‍ വന്ചലനമുണ്ടാക്കുന്ന എല്ലാ വിഷയങ്ങളിലും ഞാന്‍ അഭിപ്രായം പറയണമെന്നാണ്. കാരണം ഭയരഹിതമായി സംസാരിക്കാന്‍ കഴിയുന്നവരുടെ എണ്ണം വളരെ കുറവാണ്. ചില തടസ്സങ്ങള്‍ മറികടക്കാന്‍ പേടിക്കുന്നവര്‍ക്ക് ഇങ്ങനെയുള്ള സംസാരങ്ങള്‍ വലിയ പിന്ബലമാകും. മറ്റൊരു വിഭാഗം ആളുകള്‍ എന്നോട് പറയുന്നത് പ്രതിപക്ഷത്തിരിക്കുമ്പോള്‍ എനിക്ക് എന്റെ പാര്‍ട്ടിയോടും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോടും മാത്രമേ കടപ്പാടുള്ളു. പക്ഷേ, ഇപ്പോള്‍ ഞാന്‍ ഭരണപക്ഷത്താണ് , പ്രവര്‍ത്തിച്ച് ഫലമുണ്ടാക്കുക എന്നതാണ് എന്റെ ജോലി. അപ്പോള്‍ നിങ്ങളുടെ ജോലിയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന പ്രക്രിയകളില്‍ ഏര്‍പ്പെടുന്നത് ശരിയാവില്ല. ഈ വാദത്തോടാണ് ഞാനിപ്പോള്‍ ചേര്‍ന്ന് നില്‍ക്കുന്നത്. മന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ തുടക്കത്തില്‍ പ്രതിപക്ഷത്തിരുന്നതിന്റെ ഹാങ്ങ്ഓവര്‍ വിട്ടുപോയിരുന്നില്ല. സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ ലേശം സമയമെടുത്തു. എന്റെ നിയന്ത്രണത്തില്‍ ഇല്ലാത്ത പ്രശ്നങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്.
പക്ഷേ, ഇത്തരം വിഷയങ്ങളില്‍ താങ്കളെപ്പോലുള്ളവര്‍ ഇടപെടുമ്പോള്‍ അത് ജനാധിപത്യത്തിന്റെ തുറസ്സുകള്‍ ഒന്നുകൂടി വികസിപ്പിക്കുന്നുണ്ട്?
ശരിയാണ്. ഭരണകൂടത്തിന്റെ ഭാഗമാണെന്നതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ എന്റെ വീക്ഷണങ്ങള്‍ മാറുന്നില്ല. അധികാരമേറ്റ ഉടനെ ജഗ്ഗി വാസുദേവിനെ കേന്ദ്രീകരിച്ച് ഒരു ചര്‍ച്ച എന്റെ ലക്ഷ്യമായിരുന്നില്ല. ധനമന്ത്രിയായി ചുമതലയേറ്റ അന്ന് അഭമുഖത്തിനെത്തിയ പത്രപ്രവര്ത്തകന് എന്നോട് ജഗ്ഗിയെക്കുറിച്ച് ചോദിച്ചു. ഞാന്‍ മറുപടി പറഞ്ഞു. ജഗ്ഗി വാസുദേവിനോട് എനിക്ക് പലതലങ്ങളിലും വിയോജിപ്പുണ്ട്. പണവും സ്വാധീനവും ഉള്ളതുകൊണ്ടാണ് ജഗ്ഗി പലപ്പോഴും രക്ഷപ്പെടുന്നത്. അത് ഞാന്‍ തുറന്നു പറഞ്ഞു. വാസ്തവത്തില്‍ അന്നത്തെ അഭിമുഖം ധനമന്ത്രിയെന്ന നിലയില്‍ ഞാന്‍ എന്തൊക്കെയാണ് നടപ്പാക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ചായിരുന്നു. അതിനിടയില്‍ വന്ന ഒരു ചോദ്യം മാത്രമായിരുന്നു ജഗ്ഗിയുമായി ബന്ധപ്പെട്ടത്. പക്ഷേ, ആ പത്രപ്രവര്ത്തകന് ജഗ്ഗിയെക്കുറിച്ചുള്ള എന്റെ മറുപടി പ്രത്യേകം വാര്ത്തയാക്കിക്കൊടുത്തു. തമിഴ്നാടിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങളേക്കാള്‍ പ്രാധാന്യം ആ മറുപടിക്കാണ് അവര്‍ കൊടുത്തത്. വാസ്തവത്തില്‍ ജഗ്ഗി എന്റെ വിഷയമല്ല. അത്തരം കാര്യങ്ങള്‍ നോക്കുന്നതിന് ഹിന്ദു മത സംസ്ഥാപന മന്ത്രിയുണ്ട്, നിയമ മന്ത്രിയുണ്ട്, സാമൂഹ്യ ക്ഷേമ മന്ത്രിയുണ്ട്. ഞാന്‍ എന്റെ ജോലിയിലാണ് ശ്രദ്ധിക്കേണ്ടത്. എല്ലാ വിഷയങ്ങളിലും എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ടാവും. പക്ഷേ, അതൊക്കെ ഞാന്‍ തുറന്നു പറയേണ്ട കാര്യമില്ല. കാരണം ഇപ്പോള്‍ ഞാന്‍ തമിഴ്നാടിന്റെ ധനമന്ത്രിയാണ്. ഇപ്പോള്‍ ഞാന്‍ എന്തിനെക്കുറിച്ച് സംസാരിച്ചാലും തമിഴ്നാട് ധനമന്ത്രി എന്ന ലേബല്‍ അവിടെയുണ്ടാവും.
ചൊല്ലും ചെയ്തിയും
താങ്കള്‍ ഈ കാലയളവില്‍ പഠിച്ച മറ്റ് പ്രധാന പാഠങ്ങള്‍ എന്തൊക്കെയാണ്?
രണ്ട് , മൂന്ന് മുഖ്യ പാഠങ്ങളുണ്ട്. നമ്മുടെ ദര്‍ശനങ്ങള്‍ , പ്രത്യയശാസ്ത്രം എന്നിവയെപ്പോലെയോ അതിനേക്കാളേറെയോ സുപ്രധാനമാണ് പറയുന്നത് പ്രവര്‍ത്തിക്കാന്‍ നമുക്കാവുന്നുണ്ടോ എന്നുള്ളത്. നമുക്കൊരു പ്രത്യേക കാഴ്ചപ്പാടോ ദര്‍ശനമോ ഉണ്ടെന്നുള്ളളതുകൊണ്ട് അത് വിജയകരമായി നടപ്പാക്കാന്‍ കഴിയണമെന്നില്ല. അതിന് മറ്റ് പല വൈദഗ്ദ്യങ്ങളും വേണം. വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അവരുടെ ഉദ്ദേശ്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നത്. പലപ്പോഴും മുദ്രാവാക്യങ്ങള്‍ മുദ്രാവാക്യങ്ങളായി അവശേഷിക്കുന്നു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രശ്നകരമായ ഭാഗം പദ്ധതികളുടെ നടത്തിപ്പാണ്. കാര്യക്ഷമതയില്ലായ്മ നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിന്റെ കൂടപ്പിറപ്പാണ്. കരാറുകാര്‍ , എഞ്ചിനീയര്‍മാര്‍ , തേഡ്പാര്ട്ടീസ്, വ്യവഹാരങ്ങള്‍ എന്നിങ്ങനെ ഒരു കാര്യം നടത്തുന്നതിനിടയില്‍ ഒരു പാട് കടമ്പകള്‍ മറികടക്കേണ്ടതായുണ്ട്. ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ചേറ്റവും മോശമായ നിലയിലാണ് നമ്മുടെ പല സര്‍ക്കാര്‍ സംവിധാനങ്ങളും രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഈ പ്രതിസന്ധികള്‍ക്കിടയിലും കാര്യങ്ങള്‍ നടത്തുന്നവര്‍ സൂപ്പര്‍ ഹീറോസ് ആയി വാഴ്ത്തപ്പെടുന്നത് അതുകൊണ്ടാണ്. രണ്ടാമത്തെ കാര്യം നമ്മുടെ ജനാധിപത്യത്തിന്റെ ശാപമെന്ന് പറയുന്നത് അധികാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ളത് വളരെ കുറച്ച് പേര്‍ക്ക് മാത്രമാണെന്നതാണ്. എല്ലാവര്ക്കും തുല്യ നീതിയും തുല്ല്യ പരിഗണനയും ഉറപ്പാക്കണമെന്ന അടിസ്ഥാനപരമായ ജനാധിപത്യ ദര്‍ശനമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരും നിരാലബരുമായ ഭൂരിപക്ഷത്തിന്റെയും ശബ്ദം കേള്‍ക്കപ്പെടാതെ പോവുന്നു.
രാഷ്ട്രീയ സ്വാതന്ത്ര്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാമൂഹ്യ , സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നില്ലെന്ന് ഭരണഘടന ശില്പിയായ ബിആര്‍ അംബദ്കര്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശങ്കകള്‍ ഇപ്പോഴും പ്രസക്തമാണെന്നാണ് താങ്കളുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്?
ഒരാള്‍ക്ക് ഒരു വോട്ട് എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്ന്. മൂലധനത്തിന് വലിയ പ്രാമുഖ്യം നല്‍കുകയും അദ്ധ്വാനം വില കുറച്ചു കാണുകയും ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ സ്വഭാവം തകര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം. അസമത്വം കഴിയാവുന്നത്ര ഇല്ലാതാക്കുകയും എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നതിലൂടെ മാത്രമേ ജനാധിപത്യം പരിപോഷിപ്പിക്കാനാവുകയുള്ളു. മുഖ്യമന്ത്രിയുടെ ഓഫീസുമായി നിത്യേന ബന്ധപ്പെടുന്നതിനുള്ള വിഭവങ്ങളും സാമഗ്രികളും കുറച്ചുപേര്‍ക്ക് മാത്രമേയുള്ളു. നമ്മള് അങ്ങോട്ട് അന്വേഷിച്ചുപോകുന്നില്ലെങ്കില് ഭൂരിപക്ഷം പേര്‍ക്കും ഡെപ്യൂട്ടി സെക്രട്ടറിയുടെ ഓഫീസില്‍ പോലും എത്താനാവില്ല. പണമുള്ളവരും പ്രബലരും കാര്യങ്ങള്‍ നടത്തിക്കിട്ടാന്‍ ഏതറ്റം വരെയും പോകും.
എല്ലാവര്ക്കും തുല്ല്യ നീതി , തുല്ല്യ അവസരം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് താങ്കളുടെ പാര്‍ട്ടിയുടെ സ്ഥാപകന്‍ അണ്ണാദുരൈ 1967 ല്‍ തമിഴക മുഖ്യമന്ത്രിയായത്. അണ്ണായുടെ ലക്ഷ്യം ഇപ്പോഴും നിറവേറാതെ നില്ക്കുകയാണോ?
ഡിഎംകെയുടെ പൂര്‍വ്വരൂപമായിരുന്ന ജസ്റ്റിസ് പാര്‍ട്ടിയുടെ മുദ്രാവാക്യവും ഇതായിരുന്നു. ചെന്നൈ കടപ്പുറത്ത് അണ്ണായുടെ സ്മൃതി മണ്ഡപത്തില്‍ അണ്ണായുടെ വാക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട് : '' സഹോദരാ, പോയി ജനങ്ങള്‍ക്കിടയില്‍ ജീവിക്കൂ, അവരില്‍ നിന്നും പഠിക്കൂ, അവര്‍ക്കൊപ്പം വളരൂ.'' രാഷ്ട്രീയം ജനങ്ങളില്‍ നിന്നാണ് വരേണ്ടതെന്ന ആശയമാണത്. പറയാന്‍ എളുപ്പവും പ്രാവര്‍ത്തികമാക്കാന്‍ വിഷമകരവുമായ ആശയം.
മുഖ്യമന്ത്രിയുടെ പിന്തുണ സുപ്രധാനം
ഭരണകൂടത്തിന് , പ്രത്യേകിച്ച് ഉദ്യോഗസ്ഥ വൃന്ദത്തിന് അതിന്റേതായ നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. ഈ താല്പര്യങ്ങള് താങ്കള്‍ മറികടക്കുന്നത് എങ്ങിനെയാണ്?
ഇതിന് ഏറ്റവും അത്യാവശ്യം രാഷ്ട്രീയ ഇച്ഛാശക്തിയാണ്. അതില്‍ നിര്‍ണ്ണായക പങ്ക് മുഖ്യമന്ത്രിക്കാണുള്ളത്. മുഖ്യമന്ത്രിയുടെ ആശയങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അപ്പുറത്ത് പ്രവര്‍ത്തിക്കാന്‍ ഒരു ഭരണകൂടത്തിനും മന്ത്രിമാര്‍ക്കും കഴിയില്ല. അതുകൊണ്ട് തന്നെ , എനിക്ക് എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള ബഹുമതി മുഖ്യമന്ത്രിക്കുള്ളതാണ്. അദ്ദേഹമാണ് എനിക്കാവശ്യമുള്ള സഹായവും പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നത്. മുഖ്യമന്ത്രിയുടെ പിന്തുണയില്ലെങ്കില്‍ ഒരു മന്ത്രിക്കും ഒന്നും ചെയ്യാനാവില്ല. അതാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം. പക്ഷേ, അതുകൊണ്ട് മാത്രമായില്ല. മാറ്റം കൊണ്ടുവരുന്നതില്‍ എന്നെപ്പോലൊരാള്‍ക്ക് ചില മികവുകളുണ്ട്. കഴിഞ്ഞ 18 മാസങ്ങള്‍ നോക്കൂ. ചില മേഖലകളില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. ഇതിനുള്ള ഒരു കാരണം പ്രാഥമികമായും ഞാന്‍ മാറ്റങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ആളാണെന്നതാണ്. കാര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആഗ്രഹം എന്റെ രക്തത്തിലുള്ളതാണ്. അതിനുള്ള ഒരു കാരണം സാമ്പത്തികമായും തൊഴില്‍പരമായും എനിക്കുള്ള സ്വാതന്ത്ര്യമാണ്. മന്ത്രിപ്പണി എനിക്ക് ഉപജീവന മാര്‍ഗ്ഗമല്ല. മന്ത്രിയാവുന്നതിന് മുമ്പ് തന്നെ എന്റെ സാമ്പത്തിക നില സുഭദ്രമായിരുന്നു. രാഷ്ട്രീയത്തിലേക്കിറങ്ങിയില്ലെങ്കില് എനിക്ക് ചെയ്യാവുന്ന മറ്റ് പല കാര്യങ്ങളുമുണ്ട്. തെഴില്പരമായി സാമ്പത്തിക, ഭരണ, മാനേജ്മെന്റ് മേഖലകളിലേക്ക് എനിക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോവാം. പരാജപ്പെടുന്നതില് എനിക്ക് പേടിയോ വേവലാതിയോ ഇല്ല. ഇവിടെ പരാജയപ്പെട്ടാല്‍ ചെയ്യാന്‍ ജീവിതത്തില്‍ മറ്റ് പല സംഗതികളുമുണ്ട്.
മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി താങ്കള്‍ക്ക് വളരെ നല്ല ബന്ധമാണല്ലോ ഉള്ളത്?
അതെക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ എനിക്ക് താല്പര്യമില്ല. നിയമസഭയില്‍ പറഞ്ഞ കാര്യം മാത്രം ഇവിടെ ആവര്‍ത്തിക്കാം. എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ്.നമുക്ക് ചില കണക്കുകള്‍ നോക്കാം. തമിഴ്നാടിന്റെ വരുമാനക്കമ്മി 16,000 കോടി രൂപയോളമാണ് കുറക്കാനായത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനും കോവിഡ് മഹാമാരിയെ നേരിടുന്നതിനും 20,000 കോടി രൂപയോളം കൂടുതലായി ചെലവഴിച്ചതിന് ശേഷമാണ് ഈ നേട്ടമുണ്ടാക്കാനായത്. മാത്രമല്ല പ്രതീക്ഷിച്ച വരുമാനത്തില്‍ പതിനായിരം കോടി രൂപയുടെ കുറവുണ്ടാവുകയും ചെയ്തു. അടിസ്ഥാനപരമായി 40,000 കോടി രൂപയുടെ പുരോഗതിയാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ഈ വര്‍ഷം മറികടക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. 2024- 25 ല്‍ 12,000 കോടി രൂപയുടെ വരുമാനക്കമ്മിയാണ് ബജറ്റ് കാണിക്കുന്നതെങ്കിലും എന്റെ ലക്ഷ്യം വരുമാനക്കമ്മി പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ്. അത് നിറവേറ്റാനായാല്‍ 2014 നും 2021നുമിടയില്‍( സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ജയളിത ജയിലില്‍ പോവുകയും ഡിഎംകെ അധികാരത്തില്‍ വരികയും ചെയ്ത കാലയളവ്) സംസ്ഥാന ഖജനാവിന് സംഭവിച്ച ശോഷണം , അതായത് എട്ട് കൊല്ലം കൊണ്ട് തമിഴ്നാടിനുണ്ടായ സാമ്പത്തിക പ്രയാസം മൂന്ന് കൊല്ലം കൊണ്ട് ഞങ്ങള്‍ പരിഹരിച്ചിരിക്കും. അതെന്നെ സംബന്ധിച്ചിടത്തോളം എടുത്തുപറയേണ്ട നേട്ടമാണ്. പക്ഷേ, എന്റെ കാഴ്ചപ്പാടില്‍ ഏറ്റവും വലിയ നേട്ടം അതല്ല. ചില സംഗതികള്‍ മെച്ചപ്പെടുത്താതെ നിങ്ങള്‍ക്ക് നല്ല ഫലം കിട്ടില്ല. ഒരേ പ്രക്രിയ തന്നെ തുടര്‍ന്നാല്‍ കൂടുതല്‍ മികച്ച ഫലമുണ്ടാക്കാനാവില്ല. നിലവിലുള്ള സംവിധാനം മെച്ചപ്പെടുത്താന്‍ , സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ , റിസ്ക് മാനേജ്മെന്റ് ഒന്നുകൂടി കാര്യക്ഷമമാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നതാണ് എനിക്ക് ഏറ്റവുമധികം ആനന്ദം പകര്‍ന്നു തരുന്നത്. ഞാന്‍ ഈ കസേരയില്‍ നിന്നും ഇറങ്ങുമ്പോള്‍ എന്റെ പിന്‍ഗാമിക്ക് ഞാന്‍ കൈമാറുന്നത് കൂടുതല്‍ മെച്ചപ്പെട്ട സംവിധാനമായിരിക്കണം. അതിന്റെ ഘടനയില്‍ ഗുണപരമായ മാറ്റമുണ്ടാവണം. എനിക്ക് ശേഷം ഈ കസേരയില്‍ ഇരിക്കുന്നയാള്‍ക്ക് എന്നേക്കോള് നന്നായി ജോലി ചെയ്യാന്‍ കഴിയണം. ഈ നേട്ടമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.
രണ്ടോ മൂന്നോ വ്യവസായ ഗ്രൂപ്പുകളുടെ കുത്തക ആശാസ്യമല്ല
ഒരു ധനമന്ത്രി മൂന്ന് കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് താങ്കള്‍ ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു- പണപ്പെരുപ്പം നിയന്ത്രിക്കുക, സാമ്പത്തിക വളര്‍ച്ച, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക. ഈ മൂന്ന് മേഖലകളിലും താങ്കള്‍ക്ക് എന്താണ് ചെയ്യാനായത്?
സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോവേണ്ടത് സര്‍ക്കാരാണ് എന്ന് ഞാന്‍ കരുതുന്നില്ല.ഒരു സെന്‍ട്രല്‍ ബാങ്കിന്റെ അധികാരത്തെക്കുറിച്ച് വലിയ ചര്‍ച്ച നടക്കുന്നുണ്ട്.റിസര്‍വ്വ് ബാങ്കായാലും, യുഎസ് െഫഡറല്‍ റിസര്വ്വായാലും ബാങ്ക് ഒഫ് ഇംഗ്ലണ്ടായാലും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കായാലും പൊതുവെയുള്ള വിലയിരുത്തല്‍ സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുന്നതിനേക്കാള്‍ കാര്യക്ഷമമായി ഇവ പ്രവര്‍ത്തിക്കുന്നത് പണപ്പെരുപ്പം തടയുന്നതിലാണെന്നാണ്. വിപണിയില്‍ കൂടുതല്‍ പണമെത്തണമെന്ന സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ ട്രില്യണ്‍സ് ഒഫ് ഡോളേഴ്സാണ് 15 കൊല്ലത്തോളം ആഗോള തലത്തില്‍ സെന്‍ട്രല്‍ ബാങ്കുകള്‍ ഇറക്കിയത്.പക്ഷേ, ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കും മഹാമാരിക്കുമിടയില്‍ ലോക സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയായിരുന്നു. സെന്‍ട്രല്‍ ബാങ്കുകള്‍ കൂടുതല്‍ കാര്യക്ഷമത കാട്ടുന്നത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലാണ് എന്ന വസ്തുതയാണ് ഇതൊരിക്കല്‍ കൂടി തെളിയിച്ചത്. ഇതുപോലെ തന്നെയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിക്കുകയാണ് എന്ന കാഴ്ചപ്പാട്.ശരിയായ പ്ലാറ്റ്ഫോമുകള് ഒരുക്കാന്‍ സര്‍ക്കാരിനായാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് മുന്നേറ്റമുണ്ടാവും. നല്ല ഭക്ഷണം ലഭിക്കുന്ന, ഉന്നത വിദ്യാഭ്യാസമുള്ള , ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള തൊഴിലാളികളെ ലഭ്യമാക്കാന്‍ സര്‍ക്കാരിനായാല്‍ അത് സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പേകും. സമ്പത്ത് സൃഷ്ടിക്കേണ്ടത് സ്വകാര്യ സംരംഭകരാണ്. ഇതിനുള്ള പരിസരം തീര്‍ക്കുകയും നിലനിര്‍ത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
പക്ഷേ, വിപണിയില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടങ്ങളില്ലേ? വല്ലാതെ വിലക്കയറ്റമുണ്ടായപ്പോള്‍ അമ്മ ഉപ്പ്, അമ്മ സിമന്റ് എന്നിങ്ങനെയുള്ള സംരഭങ്ങളുമായി ജയലളിത സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടിരുന്നു. താങ്കളുടെ സമീപനമെന്താണ്?
വിപണി തകരുകയാണെങ്കില്‍, കുത്തകകളും കോര്‍പറേറ്റ് കൂട്ടായ്മകളും വിപണിയെ ഞെരുക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ഇടപെടണം. ഉദാഹരണത്തിന് , ദേശീയ തലത്തില്‍ വിപണിയുടെ സിംഹഭാഗവും രണ്ടോ മൂന്നോ വ്യവസായ ഗ്രൂപ്പുകള്‍ കൈയ്യടക്കുകയാണെങ്കില് അത് വിപണിയുടെ കാര്യക്ഷമതയെ ബാധിക്കും. സാധാരണ സാഹചര്യങ്ങളില്‍ ഇതിന്റെ ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. എട്ട് ശതമാനം ബാദ്ധ്യതയിലാണ് തമിഴ്നാട് സര്‍ക്കാര്‍ വായ്പ എടുക്കുന്നതെന്നാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.പക്ഷേ, നമ്മുടെ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികളിന്മേലുള്ള വരവ് .8 ശതമാനം മാത്രമാണ്. സര്‍ക്കാരിന് ബിസിനസ് നന്നായി ചെയ്യാനാവും എന്നതിന് വലിയ തെളിവുകളൊന്നുമില്ല.ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ലാഭം പ്രതീക്ഷിക്കേണ്ടതില്ലാത്ത മേഖലകളിലും സര്‍ക്കാരിന് നന്നായി പ്രവര്‍ത്തിക്കാനാവും. അവസാനത്തെ ഉപയോക്താവിനെയാണ് നമ്മള് എപ്പോഴും മുന്നില്‍ കാണേണ്ടത്. ഞാന്‍ ഇവിടെ നിന്ന് വെള്ളം തുറന്ന് വിട്ടാല്‍ ലൈനിന്റെ അങ്ങേയറ്റത്ത് നില്‍ക്കുന്നയാള്‍ക്ക് വെള്ളം കിട്ടുന്നുണ്ടോ എന്നതാണ് ചോദ്യം.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായോ?
സര്‍ക്കാരിന്റെ ജോലി ജനങ്ങളെ കൂടുതല്‍ തൊഴില്ക്ഷമതയുള്ളവരാക്കുക, തൊഴില്‍ സന്നദ്ധരാക്കുക എന്നതാണ്. അടുത്തിടെ ഒരു ദിവസം ഞാന്‍ കൊച്ചിയിലുണ്ടായിരുന്നു. കേരളത്തില്‍ ഞാന്‍ കണ്ട ഒരു വ്യത്യാസം അവിടെ സേവന മേഖലകളില്‍ മലയാളി ചെറുപ്പക്കാര്‍ ധാരാളമുണ്ടെന്നതാണ്. തമിഴ്നാട്ടില്‍ സേവന മേഖലകളില്‍ കൂടുതലും ഉത്തരേന്ത്യയില്‍ നിന്നുള്ള ചെറുപ്പക്കാരാണ്. ഒരു ദിവസത്തെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇത് പറയുന്നത്. അതുകൊണ്ട് ഞാന്‍ പറയുന്നത് പൂര്‍ണ്ണമായും ശരിയാവണമെന്നില്ല. നിര്‍മ്മാണ മേഖലകളില്‍ കേരളം കുറച്ച് പിന്നാക്കമായതാവാം ഇതിനുള്ള ഒരു കാരണം. മറ്റൊരു കാരണം കേരളത്തില്‍ ഇത്തരം തൊഴിലുകള്ക്കാവശ്യമായ വിദ്യാഭ്യാസം കുറെക്കൂടി നന്നായി ലഭ്യമാണെന്നതാവാം.
വിദ്യാഭ്യാസവും തൊഴിലും തേടി കൂടുതല്‍ ചെറുപ്പക്കാര്‍ പുറം രാജ്യങ്ങളിലേക്ക് പോവുന്നുവെന്ന പ്രതിഭാസവും കേരളം ഇപ്പോള്‍ നേരിടുന്നുണ്ട്?
അത് മറ്റൊരു കാര്യമാണ്. അത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ഇന്ത്യയില്‍ ഏറ്റവും മികച്ച രോഗി- ഡോക്ടര്‍ അനുപാതമുള്ള സംസ്ഥാനമാണ് തമിഴ്നാട്. അമേരിക്കയേക്കാള്‍ മുന്നിലാണ് ഇക്കാര്യത്തില്‍ ഞങ്ങള്‍. ഡോക്ടര്‍മാരുടെ ആധിക്യമാണ് ഞങ്ങള്‍ ഇപ്പോള്‍ നേരിടുന്ന ഒരു പ്രശ്നം. 11 പുതിയ മെഡിക്കല്‍ കോളേജുകളാണ് തമിഴ്നാട്ടില്‍ പ്രവര്‍ത്തനക്ഷമമാവാന്‍ പോവുന്നത്. പുറം രാജ്യങ്ങളിലോ ഇന്ത്യയിലെ തന്നെ ഇതര സംസ്ഥാനങ്ങളിലോ തൊഴില്‍ കിട്ടുന്നില്ലെങ്കില്‍ ഈ ഡോക്ടര്‍മാരുടെ നില പരുങ്ങലിലാവും. മെച്ചപ്പെട്ട വേതനം ലഭിക്കുന്നതില്‍ പ്രശ്നമുണ്ടാവും. തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതും ഇതോട് ചേര്‍ത്ത് വായിക്കണം. തമിഴ്നാട്ടിലെ പ്രത്യുത്പാദന ശേഷി നിരക്ക് 1.6 ശതമാനമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കാവശ്യമായ തൊഴില്‍ വൈദഗ്ദ്യം വികസിപ്പിക്കുകയാണ് വേണ്ടത്.ഡിഎംകെ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ' നാന് മുതല്വന്' എന്ന പദ്ധതി ഈ ദിശയിലുള്ളതാണ്. യുവാക്കളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുന്ന പദ്ധതി. വളരെ നല്ല ഫലങ്ങളാണ് ഞങ്ങള്‍ കാണുന്നത്.
ദക്ഷിണേന്ത്യ - ഉത്തരേന്ത്യ സംഘര്‍ഷങ്ങള്‍
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കുറയുന്നതിനെക്കുറിച്ച് താങ്കള്‍ സൂചിപ്പിച്ചു. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ലോക്സഭ സീറ്റുകള്‍ പുനര്‍നിര്‍ണ്ണയം ചെയ്യപ്പെടേണ്ട കാലവധി മരവിപ്പിച്ചിരുന്നത് 2026 ല്‍ അവസാനിക്കും. ജനസംഖ്യ കുറച്ചതടക്കമുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ് സംജാതമാവുന്നതെന്ന് വിമര്‍ശമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഈ ആശങ്കകള്‍ ഗൗരവതരമായി കാണുന്നില്ലെന്നും ആക്ഷേപമുണ്ട്. താങ്കള്‍ക്കെന്താണ് പറയാനുള്ളത്?
ഇതൊരു കുഴപ്പം പിടിച്ച പ്രശ്നമാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്നം അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുന്നുണ്ടോ എന്നെനിക്കറിയില്ല. ഞാന്‍ കേന്ദ്ര സര്ക്കാരിലായിരുന്നെങ്കില് തീര്‍ച്ചയായും ഇതിനെ ഗൗര്വപൂര്വ്വം കാണുമായിരുന്നു. ഇതിനുള്ള ഒരു പരിഹാരം സംസ്ഥാനങ്ങളുമായി കൂടുതല്‍ അധികാരം പങ്ക്വെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുക എന്നതാണ്. ലോകത്തെ ഏറ്റവും വികസിതവും ജനാധിപത്യപരവുമായ രാജ്യങ്ങള്‍ അതാണ് ചെയ്യുന്നത്. വിദേശ നയം, കറന്‍സി ഇടപാടുകള്‍, പ്രതിരോധം, ആഗോള വ്യാപാരം എന്നിവയില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ഊന്നുകയും മറ്റ് വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുകയും ചെയ്താല്‍ ജനസംഖ്യാനുസൃതമായുള്ള പ്രാതിനിധ്യം പ്രശ്നമാവില്ല. നമ്മള് ഒരൊറ്റ രാജ്യമാണ്. നമ്മുടെ രാജ്യം കൂടുതല്‍ ശക്തമാവണമെന്നും പുരോഗതി പ്രാപിക്കണമെന്നുമാണ് നമ്മള് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ, പഞ്ചായത്ത് തലത്തില്‍ നിര്‍വ്വഹിക്കേണ്ട കാര്യങ്ങള്‍ക്ക് പോലും ഡെല്‍ഹിയെ ആശ്രയിക്കേണ്ടി വന്നാല്‍ ജനസംഖ്യാനുസൃതമായ പ്രാതിനിധ്യം പ്രശ്നമാവും. ലോക്സഭയിലെ മൂന്നില്‍ രണ്ട് ഭാഗം സീറ്റുകളും ഉത്തരേന്ത്യയില്‍ നിന്നാണ്. ലോക്സഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ അധികാരവും സ്വായത്തമാക്കുന്നതെങ്കില് അത് ദക്ഷിണേന്ത്യന്‍ ജനതയോടുള്ള അനീതിയാവും.
കേന്ദ്ര സര്‍ക്കാര്‍ കോഓപ്പറേറ്റീവ് ഫെഡറലിസം കൂടുതല്‍ ശക്തമാക്കണമെന്നും അധികാര വിനിയോഗത്തില്‍ കൂടുതല്‍ ജനാധിപത്യപരമാവണം എന്നുമാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്?
അതെ. നേരിട്ടുള്ള നികുതി പിരിവ് അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാവണം.കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയും ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്കയും ഈ വഴിക്കാണ് നീങ്ങുന്നത്. ഇത്രയധികം അധികാരം കേന്ദ്ര സര്‍ക്കാരില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ലോകത്തെ ഏക രാജ്യമാണ് ഇന്ത്യ. സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യയെന്ന് ഭരണഘടന പറയുന്നുണ്ട്. ചിതറിക്കിടന്നിരുന്ന നിരവധി നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചാണ് ഇന്ത്യയ്ക്ക് രൂപം നല്‍കിയത്. അതുകൊണ്ടുതന്നെ ഇന്ത്യ നിലനില്ക്കണമെങ്കില് ശക്തമായ കേന്ദ്രം വേണമെന്ന് ഭരണഘടന നിര്‍മ്മാതാക്കള്‍ക്ക് തോന്നിയതില്‍ തെറ്റുപറയാനാവില്ല. ആ ലക്ഷ്യം നമ്മള് കൈവരിച്ചു. ഇന്ത്യ ഇന്നിപ്പോള്‍ ശക്തമായ രാജ്യമാണ്. പക്ഷേ, വല്ലാതെ അധികാരം കേന്ദ്രീകരിക്കപ്പെട്ട ഒരു കേന്ദ്ര സര്‍ക്കാര്‍ സംഘര്‍ഷങ്ങള്‍ക്കും അസന്തുലിതാവസ്ഥയ്ക്കും കാരണമാവുന്നുണ്ട്. ലോകത്തെ ഒരു മാനദണ്ഡവും യുക്തിയും ഇത്രയും അധികാരം കൈയ്യാളുന്നതിനെ ന്യായീകരിക്കുന്നില്ല.
ഈ സവിശേഷ സാഹചര്യത്തില്‍ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് അതീവ നിര്ണ്ണായകമല്ലേ?
ഓരോ തിരഞ്ഞെടുപ്പും നിര്‍ണ്ണായകമാണ്. പക്ഷേ, കാര്യങ്ങള്‍ മാറിമറിയാന്‍ അധികം സമയമൊന്നും വേണ്ട.എല്ലാ സ്ഥാപനങ്ങളും അധികാരവും രണ്ട് വ്യക്തികളുടെ നിയന്ത്രണത്തിലാണെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ശുഭകരമല്ല. ഇത് തുടരാനാണ് സാദ്ധ്യത എന്നാവും ഈ വ്യവസ്ഥയുടെ പ്രചാരകര്‍ നമ്മളോട് പറയുക. ഞാന്‍ ഇതിനോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. പഴയ ഒരു ചൊല്ലുണ്ട് '' രാഷ്ട്രീയത്തില്‍ ഒരാഴ്ച എന്നു പറയുന്നത് ഒരു ജിവിത കാലത്തിന് സമമാണ്.'' പൊതു തിരഞ്ഞെടുപ്പിന് ഇനിയും 70 ആഴ്ചകളോളമുണ്ട്. അതായത് 70 ജിവിത കാലം. ഇതിനിടയില്‍ എന്തും സംഭവിക്കാം. ഉദാഹരണത്തിന് പത്ത് ദിവസം മുമ്പ് ഞാന്‍ ഡെല്‍ഹിയില്‍ സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. അതില്‍ എന്നെ ഞെട്ടിപ്പിച്ച ഒരു കാര്യം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ പരാതികളാണ്. സാധാരണഗതിയില്‍ കേരളവും തമിഴ്നാടും ഉന്നയിക്കുന്ന പരാതികള്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ ഉന്നയിക്കുന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഞങ്ങളുടെ വിഹിതം എന്താണ് തരാത്തതെന്നാണ് ഈ സംസ്ഥാന ധനമന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചത്. തങ്ങളുടെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ എല്ലാവര്ക്കും എപ്പോഴും കഴിയില്ല എന്നല്ലേ ഇത് വ്യക്തമാക്കുന്നത്?
അതെല്ലാവര്‍ക്കും ബാധകമാണ്. ആത്യന്തികമായി സത്യം വിജയിക്കുക തന്നെ ചെയ്യും. പക്ഷേ, അപ്പോഴേക്കും എന്ത് മാത്രം പരിക്കുണ്ടായിട്ടുണ്ടാവും എന്നതാണ് ചോദ്യം.
രാഷ്ട്രീയത്തില്‍ തുടരും
ഞങ്ങള്‍ മാദ്ധ്യമ പ്രവര്ത്തകരുടെഇടയില് ഒരു ചൊല്ലുണ്ട്. ഒരു എഡിറ്ററുടെ കീശയില്‍ രാജിക്കത്ത് എപ്പോഴുമുണ്ടാവും. ഒരു വിധത്തിലും മുന്നോട്ടു പോകാനാവില്ലെന്ന് വന്നാല്‍ രാജി മാത്രമാവും പോംവഴി. താങ്കള്‍ അങ്ങിനെയൊരു രാജിക്കത്ത് കീശയില്‍ സൂക്ഷിക്കുന്നുണ്ടോ?
ഇല്ല. ഞാന്‍ രാഷ്ട്രീയത്തില്‍ വൈകി എത്തിയ ആളാണ്. അതുകൊണ്ടുതന്നെ അത്രനേരത്തെ എനിക്കിവിടം വിട്ടു പോകാനാവില്ല. കാരണം ഇത്രയും അര്‍ത്ഥവത്തായതും സംതൃപ്തിയേകുന്നതും ഫലപ്രദവുമായ ജോലി ഞാന്‍ ഇതിനു മുമ്പ് ചെയ്തിട്ടില്ല. രണ്ട് കാര്യങ്ങളില്‍ എനിക്ക് ആയിരം ശതമാനം ഉറപ്പുണ്ട്. ഒന്ന്, എനിക്കിപ്പോഴത്തേതിനേക്കാള് സാമ്പത്തികമായി കൂടുതല്‍ മെച്ചമുള്ള ഒരു ഗ്ലോബല്‍ എക്സിക്യൂട്ടിവിന്റെയോ ഇന്വെസ്റ്ററുടേയോ ബാങ്കറുടെയോ ജിവിതം നയിക്കാം. രണ്ട്, ഇതുപോലെ തന്നെ എനിക്ക് ആയിരം ശതമാനം ഉറപ്പുളള മറ്റൊരു കാര്യം പൊതു സേവന മേഖലയില്‍ ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി പോലെ ദിശാബോധവും സംതൃപ്തിയും മറ്റൊരിടത്തു നിന്നും എനിക്ക് ലഭിക്കില്ല. സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള അവസരം പോലെ മറ്റെന്താണുള്ളത്? എന്റെ ആദര്‍ശങ്ങള്‍ കൈവെടിയാതെ ചെയ്യാന്‍ കഴിയുന്നതത്രയും ചെയ്യനാണ് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ ഇവിടെയുണ്ടാവും. രാഷ്ട്രീയത്തില്‍ നിന്നുള്ള പിന്മാറ്റം ഇപ്പോള്‍ എന്റെ അജണ്ടയില്‍ ഇല്ല.
Content Highlights: palanivel thiagarajan, Tamil Nadu, Finance Minister
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..