ഡോ. ജേക്കബ് ജോൺ | Photo: Dr. Jacob John
ഒമിക്രോണ്‍ മാരകമല്ലെന്നതുകൊണ്ട് നമ്മള്‍ ജാഗ്രത കുറയ്ക്കരുതെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഡോക്ടര്‍ ജേക്കബ് ജോണ്‍. '' ഒമിക്രോണ്‍ അവസാനത്തെ വകഭേദമാണോ എന്ന് നമുക്കറിയില്ല. നിലവിലുള്ള പ്രതിരോധം മറികടന്നാണ് ഒമിക്രോണ്‍ മനുഷ്യരെ ബാധിക്കുന്നതെന്ന് മറക്കരുത്. '' തിങ്കളാഴ്ച വെല്ലൂരിലെ വീട്ടില്‍ നിന്നും mathrubhumi.com നോട് സംസാരിക്കുകയായിരുന്നു ഡോക്ടര്‍ ജേക്കബ് ജോണ്‍.
ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ ഡയറക്ടര്‍ ഹാന്‍സ് ക്ലുഗെ പറയുന്നത് ഒമിക്രോണ്‍ കോവിഡ് മഹാമാരിയെ പുതിയ ഘട്ടത്തിലേക്ക എത്തിച്ചിരിക്കുകയാണെന്നും യൂറോപ്പില്‍ കോവിഡ് വ്യാപനം അവസാനിക്കുകയാണെന്നുമാണ്. അങ്ങിനെയാണെങ്കില്‍ ഒമിക്രോണിന്റെ വരവിനെ പോസിറ്റീവ് ആയല്ലേ കാണേണ്ടത്?
ഞാനങ്ങിനെ പറയില്ല. ഒമിക്രോണിന്റെ വരവ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ തുടങ്ങിയ വകഭേദങ്ങള്‍ വുഹാന്‍ വൈറസില്‍ നിന്ന് നേരെ വന്നതാണ്. പക്ഷേ, ഒമിക്രോണിലേക്കെത്തുമ്പോഴേക്കും ചിലപ്പോള്‍ പത്ത് പതിനഞ്ച് വകഭേദങ്ങളെങ്കിലും സംഭവിച്ചു കാണും.
ഒമിക്രോണിനും വുഹാന്‍ വൈറസിനും ഇടയില്‍ പൊക്കിള്‍ക്കൊടി ബന്ധമില്ലെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്?
ഒമിക്രോണ്‍ ഒരു പുതിയ വൈറസ് പോലെയാണെന്ന് പറയേണ്ടി വരും. പത്ത് പതിനഞ്ച് ഭാവമാറ്റങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ആ വൈറസിനെ വേരിയന്റ് എന്ന് വിളിക്കാനാവില്ല. ഞാന്‍ അതുകൊണ്ട് ഒമിക്രോണിനെ 'ഡീവിയന്റ്' എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. വകഭേദങ്ങളുടെ വല്ലാത്ത ആധിക്യമാണ് ഒമിക്രോണിലുള്ളത്. വുഹാന്‍ വൈറസിനും ഒമിക്രോണിനും ഇടയിലുള്ള കണ്ണികളെക്കുറിച്ച് നമുക്കൊരു പിടിയുമില്ല.
ഒമിക്രോണിന് ചുറ്റും ഒരു തരം ദുരൂഹതയുണ്ടെന്നാണോ?
അതെ, ഒറിജിനല്‍ വൈറസില്‍ നിന്നും വളരെ അധികം അകലെയാണ് ഒമിക്രോണ്‍. ഇത്തരം ഒരു വകഭേദം ഉണ്ടാവാന്‍ സാധാരണ ഗതിയില്‍ നാലഞ്ച് വര്‍ഷമെങ്കിലും വേണം. പക്ഷേ, ഒമിക്രോണിന് രണ്ട് വര്‍ഷമേ വേണ്ടിവന്നിട്ടുള്ളു.
ഒമിക്രോണിന്റെ വരവില്‍ പ്രകൃതിയുടെ അദൃശ്യ കരം ഉണ്ടെന്നാണോ പറഞ്ഞുവരുന്നത്?
വേണമെങ്കില്‍ അങ്ങിനെ പറയാം. മറ്റ് വകഭേദങ്ങളേക്കാള്‍ ഒമിക്രോണ്‍ അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഡെല്‍റ്റ അടക്കമുള്ള മറ്റ് വകഭേദങ്ങള്‍ ശ്വാസകോശം അടക്കുമള്ള ആന്തരീക അവയവങ്ങളെ ബാധിക്കുകയും ന്യൂമോണിയയ്ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഒമിക്രോണ്‍ നമ്മുടെ ആന്തരീക അവയവങ്ങളെ ബാധിക്കുന്നില്ല. മൂക്ക് , തൊണ്ട , ശ്വാസനാളം എന്നിവയെയാണ് ഒമിക്രോണ്‍ ബാധിക്കുന്നത്. അസുഖത്തിന്റെ കാര്യത്തിലുള്ള അടിസ്ഥാനപരമായ വ്യത്യസ്തതയും വകഭേദത്തിലുള്ള ആധിക്യവുമാണ് പുതിയൊരു വൈറസാണ് ഒമിക്രോണ്‍ എന്ന് വിശേഷിപ്പിക്കാന്‍ പ്രേരണയാവുന്നത്.
നമുക്ക് നമ്മുടെ ആദ്യ ചോദ്യത്തിലേക്ക് തിരിച്ചുവരാം. ഒമിക്രോണ്‍ ഒരു പോസിറ്റീവ് സംഭവവികാസമാണോ?
സംഗതി ഒമിക്രോണില്‍ അവസാനിക്കുകയാണെങ്കില്‍ നമ്മള്‍ സുരക്ഷിതരാണ്. പക്ഷേ, അങ്ങിനെയൊരു ' വ്യാജ ' ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ നമുക്കാവില്ല. ഒമിക്രോണിന്റെ വരവ് നമുക്ക് മുന്‍കൂട്ടികാണാനായില്ല. അതുകൊണ്ടുതന്നെ ഒമിക്രോണിനു ശേഷം മറ്റെന്തു തരം വകഭേദമാണ് വരാന്‍ പോകുന്നതെന്നും നമുക്കറിയില്ല. നമ്മള്‍ ഇതുവരെ ആര്‍ജ്ജിച്ച പ്രതിരോധ ശേഷിയെ മറികടന്നാണ് ഒമിക്രോണ്‍ വരുന്നതെന്ന കാര്യം മറക്കരുത്.
നമ്മള്‍ ജാഗ്രത കൈവിടരുതെന്നാണോ താങ്കള്‍ വ്യക്തമാക്കുന്നത്?
തീര്‍ച്ചയായും. ഒരുതരത്തിലും നമുക്ക് ആലസ്യത്തിലേക്ക് വഴുതിവീഴാനാവില്ല. വാക്സിനേഷന്‍, മുഖകവചം , ശാരീരിക അകലം എന്നിവ തുടരുക തന്നെ വേണം.
കേരളവും തമിഴ്നാടും പോലുള്ള സംസ്ഥാനങ്ങള്‍ ഇപ്പോള്‍ ഞായറാഴ്ച ലോക്ഡൗണ്‍ നടപ്പാക്കുന്നുണ്ട്. ഇതില്‍ എന്തെങ്കിലും കാര്യമുണ്ടോ?
വൈറസ് മുനുഷ്യനോട് ചെയ്തത് കടുത്ത ദ്രോഹമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതിലും വലിയ ദ്രോഹമാണ് നമ്മുടെ ഭരണകൂടങ്ങള്‍ ചെയ്തത്. വിവേകം തൊട്ടുതെറിച്ചിട്ടില്ലാത്ത തീരുമാനങ്ങളിലൂടെ അവര്‍ നമ്മുടെ സമ്പദ് വ്യവസ്ഥ തകര്‍ത്തു. ഞായറാഴ്ച ലോക്ഡൗണ്‍ കൊണ്ട് വലിയ കാര്യമൊന്നുമില്ല. മറ്റ് ദിവസങ്ങളില്‍ വൈറസ് അവധിയൊന്നുമെടുക്കുന്നില്ലല്ലോ! എങ്കിലും ഞായറാഴ്ച ലോക്ക്ഡൗണ്‍ വലിയ ഉപദ്രവമൊന്നുമുണ്ടാക്കുന്നില്ല. എന്തായാലും ഞായറാഴ്ച അവധിയാണല്ലോ! മാത്രമല്ല ഞായറാഴ്ച ലോക്ഡൗണ്‍ ഒരു തരം ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. കൊറോണയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള അലംഭാവവും പാടില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍.
പക്ഷേ, സ്‌കൂളുകളും കോളേജുകളുമൊക്കെ അടച്ചിടുന്നത് ഇതുപോലെയല്ല. വാക്സിന്‍ ആവശ്യത്തിനുള്ളപ്പോള്‍ എന്തിനാണ് നമ്മള്‍ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത്. വാക്സിനേഷനിലാണ് സര്‍ക്കാര്‍ ശ്രദ്ധ ഊന്നേണ്ടത്. ഇപ്പോഴും ഇന്ത്യന്‍ ജനതയുടെ പകുതിക്ക് താഴെ ( 18 വയസ്സിനു താഴെയുള്ളവരെക്കൂടി ഉള്‍പ്പെടുത്തുുമ്പോള്‍ ) മാത്രമേ രണ്ട് ഡോസ് വാക്സിന്‍ കിട്ടിയിട്ടുള്ളു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. മരണത്തിനെതിരെ നമുക്കുള്ള ഏക പ്രതിരോധമാണ് വാക്സിന്‍. എന്റെ കുടുംബത്തില്‍ എനിക്കും ഭാര്യയ്ക്കും മാത്രമാണ് ഇതുവരെ കോവിഡ് പിടിപെടാത്തത്. ഞങ്ങള്‍ രണ്ടുപേരും ബൂസ്റ്റര്‍ ഡോസും എടുത്തിട്ടുണ്ടെന്നത് മറക്കരുത്. വാക്സിനേഷന്‍ മറന്നിട്ടുള്ള ഒരു പരിപാടിയും കോവിഡിന്റെ കാര്യത്തിലുണ്ടാവരുത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..