ചേന്ദമംഗലൂർ പുൽപ്പറമ്പിൽനിന്ന് ശേഖരിച്ച വവ്വാലിന്റെ വിസർജ്യം, കടിച്ചു തുപ്പിയ പഴങ്ങൾ എന്നിവയുമായി മടങ്ങുന്ന ആരോഗ്യപ്രവർത്തകൻ | ഫോട്ടോ: മാതൃഭൂമി
സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്ന സാഹചര്യത്തില്‍ നിപ വ്യാപകമായി പടരില്ലെന്ന് എപ്പിഡെമിയോളജിസ്റ്റും മഞ്ചേരി മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന് അസോ. പ്രൊഫസറുമായ ഡോ.എ.അല്‍ത്താഫ്. ആരോഗ്യപ്രവര്‍ത്തകരും പൊതുജനങ്ങളും മാസ്ക് ധരിക്കുന്നുണ്ട്. കോവിഡ് പ്രതിരോധിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണോ സ്വീകരിക്കുന്നത് അത് തന്നെയാണ് നിപക്കും പ്രതിരോധമാര്‍ഗം. നമ്മള് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെങ്കില്‍ നിപ പകരില്ല. അത് നൂറ് ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേരളം വീണ്ടുമൊരു നിപ ഭീതിയുടെ നിഴലില്‍ നില്‍ക്കെ ഡോ.എ.അല്‍ത്താഫ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
കേരളത്തില്‍ ഒരാളില്‍ നിപ സ്ഥിരീകരിച്ചുവെങ്കിലും മറ്റെല്ലാവരുടെയും പരിശോധനാഫലവും നെഗറ്റീവായി. ഈ സാഹചര്യത്തിലും എത്രത്തോളം ഗൗരവതരമാണ് കാര്യങ്ങള്‍?
നിപയുടെ കാര്യത്തില്‍ 1998 മുതല്‍ ഇന്നുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകെ ആകെ 26 ഔട്ട്ബ്രേക്കുകളാണ് ഉണ്ടായിട്ടുള്ളത്. മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ഇന്ത്യയില്‍ ബംഗാളിലും കേരളത്തിലും. സാധാരണ ഒന്നോ രണ്ടോ കേസുകളായിരിക്കും. മലേഷ്യയിലെ ആദ്യത്തെ ഔട്ട് ബ്രേക്ക് ഒഴിച്ച് മറ്റുള്ളതെല്ലാം വളരെ കുറച്ച് കേസുകളാണ് ഉണ്ടായിരിക്കുന്നത്. അതില്‍ തന്നെ ആദ്യത്തെ കേസില്‍ (Index case ) നിന്ന് ഒന്നോ രണ്ടോ കേസുകളാകും ഉണ്ടായിട്ടുണ്ടാകുക. ചിലപ്പോള്‍ ഒന്നോ രണ്ടോ, അല്ലെങ്കില്‍ എട്ടോ പത്തോ പതിനാലോ കേസുകള്‍. എന്നാല്‍ ബംഗാളിലെ സിലിഗുരിയില്‍ 66 കേസും ബംഗ്ലാദേശില്‍ 30 കേസും ഉണ്ടായ സംഭവങ്ങളുണ്ട്. കേരളത്തിന്റെ കാര്യത്തില്‍ ആദ്യത്തെ ഔട്ട്ബ്രേക്കില്‍ 23 കേസുകള്‍ ഉണ്ടായി. സ്ഥീരീകരിച്ച 18 കേസും സാധ്യത കണക്കാക്കുന്ന അഞ്ച് കേസും. അതില്‍ 21 പേരും മരിച്ചു. രണ്ട് പേര് രോഗമുക്തരായി. ആദ്യത്തെ ഔട്ട്ബ്രേക്കിലെ 23 കേസുകളിൽ ഒരെണ്ണം മാത്രമാണ് പ്രകൃതിയില്‍നിന്ന് ഉണ്ടായിട്ടിള്ളത്. ബാക്കിയുള്ള 22 കേസുകളും മറ്റ് രോഗബാധിതരിൽ നിന്ന് പകര്‍ന്നതാണ്. ആദ്യത്തെ കേസില്‍ നിന്ന് 19 കേസ് ഉണ്ടായി. അതില്‍ നിന്ന് നിന്ന് മൂന്ന് പേരിലേക്ക് പകര്‍ന്നു.
പല രോഗങ്ങളും രോഗം ബാധിച്ച് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ശേഷമാണ് പകരുക. ചില രോഗങ്ങള്‍ രോഗലക്ഷണം വരുന്നതിന് മുമ്പ് തന്നെ പകര്‍ന്നുതുടങ്ങും. ഉദാഹരണത്തിന് ചിക്കന്‍പോക്സ്. ശരീരത്തില്‍ കുരുക്കള്‍ വരുന്നതിന് മുമ്പ് തന്നെ അത് ചെറുതായി മറ്റുള്ളവരിലേക്ക് പകര്‍ന്നുതുടങ്ങും. കോവിഡിന്റെ കാര്യത്തിലും അങ്ങനെ ഒരു പ്രശ്നമുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമാക്കാതെ തന്നെ അത് പകരും. എന്നാല്‍, രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിന് മുമ്പ് നിപ പകരില്ല. രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ഘട്ടത്തിലും അത് പകരില്ല. നിപ ബാധിച്ച ഒരു രോഗി മരണപ്പെടാന്‍ പോകുന്നതിന്റെ തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് രോഗപ്പകര്‍ച്ച ഉണ്ടായിട്ടുള്ളത്. നേരത്തെയുള്ള ഔട്ട് ബ്രേക്കുകളിലെല്ലാം ഒരു മനുഷ്യനില്‍നിന്ന് മറ്റൊരു മനുഷ്യനിലേക്ക് രോഗം പകര്‍ന്നതെല്ലാം രോഗി ഗുരുതരാവസ്ഥയിലാകുന്ന സമയത്ത് മാത്രമാണ്. അങ്ങനെയുള്ള സമയങ്ങളിലെല്ലാം ആദ്യത്തെ ഇന്‍ഡക് കേസ് മരണപ്പെട്ടിട്ടുണ്ടകും. ഗുരുതരാവസ്ഥയിലാകുന്ന സമയത്ത് രോഗി, ഒരിക്കലും ആരോഗ്യമുള്ള വ്യക്തിയെപ്പോലെ സമൂഹത്തില്‍ ഇടപെടാറില്ല. അയാള്‍ സിനിമാ തീയേറ്ററില്‍ പോകുകയോ ബസ് സ്റ്റോപ്പില്‍ പോയി നില്‍ക്കുകയോ ട്രെയിനില്‍ യാത്ര ചെയ്യുകയോ ഒന്നുമില്ല. അയാള്‍ ആ സമയത്ത് ആശുപത്രിയിലായിരിക്കും. ചിലപ്പോള്‍ ഐസിയുവില്‍ അല്ലെങ്കില്‍ വാര്‍ഡില്‍.
നിലവിലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്ന സാഹചര്യത്തില്‍ എല്ലാ ആശുപത്രികളിലും ഇന്ഫെക്ഷന് കണ്ട്രോള് മെക്കാനിസം കൃത്യമായി പാലിക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരെല്ലാം കൃത്യമായി മാസ്ക് ധരിക്കുന്നുണ്ട്. അതിനൊപ്പം പൊതുജനങ്ങള്‍ പോലും മാസ്ക് ധരിക്കുന്നുണ്ട്. കോവിഡ് പ്രതിരോധിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളാണോ സ്വീകരിക്കുന്നത് അത് തന്നെയാണ് നിപക്കും പ്രതിരോധ മാര്‍ഗം. നമ്മള് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെങ്കില്‍ നിപ പകരില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. മറ്റൊന്ന് സാധാരണഗതിയില്‍ നിപ പകരുന്ന സാഹചര്യം അത് നേരത്തെ തിരിച്ചറിയാന്‍ പറ്റാത്തത് കൊണ്ടുകൂടിയാണ്. കൊച്ചിയില്‍ 2019ലുണ്ടായ ഔട്ട്ബ്രേക്ക് തുടക്കത്തില്‍ തന്നെ കണ്ടെത്തി. രോഗി രക്ഷപ്പെടുകയും ചെയ്തു. മറ്റാര്‍ക്കും പകര്‍ന്നതുമില്ല. ഇത്തവണത്തെ ഔട്ട് ബ്രേക്കില്‍ ദൗര്‍ഭാഗ്യകരമായി രോഗി മരണപ്പെട്ടുവെങ്കിലും മൂന്നുനാല് ആശുപത്രികള്‍ മാറേണ്ടി വന്നുവെങ്കിലും രോഗം കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ രോഗപ്പകര്ച്ചയുണ്ടാകാനുള്ള സാധ്യതയില്ല.
ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത്കൊണ്ടാണോ നമുക്ക് നിപയെ വരുതിയിലാക്കാന്‍ സാധിക്കുന്നത്?
പ്രഥമിക ഘട്ടത്തില്‍ തിരിച്ചറിയുക എന്നത് പ്രധാന കാര്യമാണ്. അതുപോലെ തന്നെ തുല്യപ്രാധാന്യമുള്ളതാണ് ഇന്ഫെക്ഷന് കണ്ട്രോള്. നിപ പകരുന്നുവെങ്കില്‍ അത് ആശുപത്രികള്‍ക്കുള്ളില്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. അല്ലാതെ ഒരിക്കലും കമ്യൂണിറ്റി സ്പെഡ് ഉണ്ടാകുകയില്ല. ആശുപത്രികളെല്ലാം ഇന്ഫെക്ഷന് കണ്ട്രോള് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും അവിടെ വ്യാപനം ഉണ്ടാകില്ല. അത് കോവിഡ് ഇല്ലെങ്കില്‍ പോലും. അതിന് ഉദാഹരണമാണ് 2018 ലെ ഔട്ട് ബ്രേക്ക്. അന്ന് 22 കേസുകള്‍ സ്പ്രെഡ് ചെയ്തിരിക്കുന്നത് ഗവണ്മെന്റ് ആശുപത്രികളിലാണ്. അഞ്ചോളം സ്വകാര്യ ആശുപത്രികള്‍ ചികിത്സ നല്‍കിയെങ്കിലും അവിടെ ഒരാള്‍ക്കും പകര്‍ന്നില്ല. അതിന് കാരണം അന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ഫെക്ഷന് കണ്ട്രോള് പ്രാക്റ്റീസ് ഇല്ലായിരുന്നു. അത് കൃത്യമായി പാലിക്കുന്നുണ്ടെങ്കില്‍ രോഗം പകരില്ല.
ഇനിയുള്ള കാലത്തും നിപ വന്നേക്കാം. ഓരോ നിപ കേസും ഓരോ ഔട്ട്ബ്രേക്കും ഓരോ ഇന്‍ഡക്സ് കേസും പ്രകൃതിയില്‍നിന്ന് നേരിട്ട്, ഒന്നുകില്‍ വവ്വാലില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ജന്തുക്കളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ പഴവര്ഗങ്ങളില്നിന്നോ വേറെ ഏതെങ്കിലും മാര്‍ഗത്തിലോ ആണ് പകരുന്നത്. അത് ആവര്‍ത്തിച്ച് സംഭവിച്ചേക്കാം. കോവിഡുമായി താരതമ്യപ്പെടുത്തിയാല്‍, കോവിഡിന്റെ 20 കോടി കേസുകള്‍ ഉണ്ടായത് ഒരൊറ്റ ഇന്‍ഡെക്സ് കേസില്‍ നിന്നാണ്. വുഹാനിലെ ഒരു രോഗിയില്‍ നിന്നാണ് ലോകത്താകമാനം രോഗം പകര്‍ന്നത്. ആദ്യത്തെ ഒരു രോഗിക്ക് മാത്രമാണ് പ്രകൃതിയില്‍ നിന്ന് രോഗം കിട്ടിയത്. അതേസമയം നിപയുടെ കാര്യത്തില്‍ ഓരോ ഔട്ട് ബ്രേക്കും ഓരോ പ്രാവശ്യവും പ്രകൃതിയില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നു. അത് ആവര്‍ത്തിച്ച് വന്നുകൊണ്ടിരിക്കുന്നു.

നിപ ഔട്ട് ബ്രേക്കുകള്‍ വീണ്ടും ആവര്ത്തിക്കാമെന്നിരിക്കെ, നമ്മുടെ ആശുപത്രികളും ആശുപത്രിയിലെത്തുന്ന രോഗികളും കൃത്യമായ പ്രോട്ടോക്കോളുകള്‍ ഭാവിയിലും സ്വീകരിക്കേണ്ടിവരില്ലേ?
തീര്‍ച്ചയായും. നമ്മുടെ ആരോഗ്യ പരിചരണ സംവിധാനത്തിന്റെ നിലവാരം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയായിരുന്നു 2018ലെ ആദ്യത്തെ നിപ ഔട്ട് ബ്രേക്ക് ചൂണ്ടിക്കാണിച്ച് തന്നത്. ആശുപത്രികളില്‍ നിന്ന് രോഗം പകരുന്നത് സംബന്ധിച്ച പ്രതിരോധം ശരിയായ രീതിയിലായിരുന്നില്ല എന്ന് തെളിയിച്ചു തന്നതായിരുന്നു ആദ്യത്തെ ഔട്ട് ബ്രേക്ക്. എന്നാല്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ ആരോഗ്യസംവിധാനവും പരിവര്ത്തിച്ചുകൊണ്ടിരിക്കുകയാണ്. നമ്മളും തീര്‍ച്ചയായും ഒരുപാട് മാറിയിട്ടുണ്ട്. അതിനിയും ഒരുപാട് മെച്ചപ്പെടുത്തേണ്ടതുണ്ട്. കാരണം രോഗങ്ങള്‍ ഒരു കോവിഡ് കൊണ്ടോ ഒരു നിപ കൊണ്ടോ തീരില്ല എന്നതാണ്. എമര്‍ജിങ് ഇന്‍ഫെക്ഷന്‍സ് തുടരെ, തുടരെ വരാനുള്ള സാധ്യതയാണ് ഇനിയുമുള്ളത്. കാലാവസ്ഥാ വ്യതിയാനം, ഹ്യൂമന്‍ അനിമല്‍ ഇന്റര്‍ഫെയ്സ് കൂടുതല്‍ കൂടുതല്‍ ഉണ്ടാകുന്നതെല്ലാം ഇതിന് കാരണമാണ്. അതുപോലെ തന്നെ ഇത്തരം രോഗങ്ങള്‍ പെട്ടന്ന് പകരുന്നതിന് കാരണമായി പറയുന്നത് മനുഷ്യന്റെ മൈഗ്രേഷനും റാപ്പിഡ് ട്രാസ്പോര്‍ട്ട് സംവിധാനങ്ങളും വര്‍ധിച്ചതുമെല്ലാമാണ്.
കോവിഡിന്റെ സമയത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത് കേരളത്തിലാണ്. അതുപോലെ തന്നെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഏറ്റവും അധികം യാത്രകള്‍ നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ രോഗം പകരാനുള്ള സാധ്യത ഇതുപോലെയുള്ള സമൂഹങ്ങളിലുണ്ട്. ജനസാന്ദ്രത, മൈഗ്രേഷന്‍, കാലാവസ്ഥയില്‍ വരുന്ന വ്യതിയാനം ഇതെല്ലാം രോഗപ്പകര്‍ച്ചയെ ട്രിഗര്‍ ചെയ്യും. അതോടൊപ്പം പരിസ്ഥിതിനാശം ഇതിനൊരു ഘടകമായേക്കാം എന്നാണ് പൊതുവേ വിലയിരുത്തുന്നത്. മലേഷ്യയിലെ ആദ്യത്തെ ഔട്ട് ബ്രേക്കിന്റെ പശ്ചാത്തലമായി പറയുന്നത് 1998ന് മുമ്പുള്ള എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്ന് അവിടുത്തെ കാടുകള്‍ നശിക്കപ്പെട്ടതും വവ്വാലുകള്‍ മനുഷ്യരുടെ ഇടയില്‍ വാസം ഉറപ്പിച്ചതും കൊണ്ടാവാമെന്നാണ് അനുമാനിക്കുന്നത്. അതുമാത്രമല്ല, എബോളയൊക്കെ പോലെ വേറെയും പുതിയ രോഗങ്ങള്‍ വന്നിട്ടുണ്ട്. മുമ്പ് വ്യാപകമായി കണ്ടിട്ടില്ലാത്ത ഒരുപാട് രോഗങ്ങൾ വരുന്നുണ്ട്. അതിന്റെ കാരണം ഇതുപോലെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രശ്നമാണ്.

മൃഗജന്യ രോഗങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചേക്കാം എന്നൊരു പഠനം ഉണ്ടായിരുന്നല്ലോ, ഈ സാഹചര്യത്തില്‍ നമ്മള് എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കേണ്ടിവരും?
ട്രോപ്പിക്കൽ രോഗങ്ങളുടെ ഒരു ഗാലറി പോലെയാണ് കേരളം ഇപ്പോള്‍. ലോകത്ത് എവിടെ ഇത്തരം രോഗങ്ങള്‍ ഉണ്ടായാലും അതെല്ലാം ഏതെങ്കിലും രീതിയില്‍ ഇവിടെ എത്തിപ്പെടുന്ന സാഹചര്യമാണുള്ളത്. തീര്‍ച്ചയായും അത് നമുക്കൊരു വലിയ വെല്ലുവിളി തന്നെയാണ്. ഏതെങ്കിലും ഒരു രോഗത്തില്‍ മാത്രം നമ്മള് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ പോര എന്ന അവസ്ഥ. ഓരോ രോഗവും പകരുന്ന രീതി വ്യത്യസ്തമായിരിക്കാം. ഓരോന്നും ഗുരുതരമാകുന്നതും അല്ലാത്തതുമാകുന്ന സ്ഥിതി വ്യത്യസ്തമായിരിക്കാം. ചികിത്സയും മരണനിരക്കും വ്യത്യസ്തമായിരിക്കാം. ഉദാഹരണത്തിന് സിക വൈറസ്. അതിന്റെ മരണനിരക്ക് കുറവാണ്. പക്ഷേ, നിപയുടെ കാര്യത്തില്‍ വരുമ്പോള്‍ മരണനിരക്ക് വളരെ കൂടുതലാണ്.
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍, കൃത്യമായി പറഞ്ഞാൽ 80 കളുടെ മധ്യം മുതലാണ് പുതിയ രോഗങ്ങള്‍ കേരളത്തില്‍ വന്നുതുടങ്ങിയത്, അല്ലെങ്കില്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് എന്നു പറയാം. 80 കളുടെ തുടക്കത്തിലാണ് കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച പകര്‍ച്ചവ്യാധികള്‍ കണ്ടെത്താനുള്ള സംവിധാനം ആരംഭിച്ചത്. അതിനേത്തുടര്‍ന്നാണ് കേരളത്തില്‍ ഡെങ്കിപ്പനിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 90 കളില്‍ ജപ്പാന് ജ്വരം, എലിപ്പനി (രോഗം അതിന് മുമ്പും ഉണ്ടായിരിക്കാം അപ്പോഴാണ് അത് തിരിച്ചറിഞ്ഞത്) അതിന് പിന്നാലെ മലേറിയയും തിരിച്ചുവന്നു. നമ്മള് അറുപതുകളുടെ അവസാനവും എഴുപതുകളുടെ തുടക്കത്തിലുമായി നിര്‍മാര്‍ജനം ചെയ്ത രോഗമായിരുന്നു അത്. 2006 ചിക്കന്‍ഗുനിയ വന്നു. 2009ല്‍ എച്ച്വണ്എന്വണ് വന്നു. ഇങ്ങനെ നിരവധി രോഗങ്ങള്‍. കഴിഞ്ഞ 30-35 വര്‍ഷത്തിനിടയില്‍ നിരവധി വൈറല്‍ രോഗങ്ങളും അല്ലാത്ത രോഗങ്ങളും കേരളത്തില്‍ വന്നു.
സര്‍ക്കാര്‍ സ്വാകാര്യ മെഡിക്കല്‍ കോളേജുകള്‍, ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ഇതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് സുസജ്ജമായ ആരോഗ്യ നിരീക്ഷണ സംവിധാനം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് എന്നതാണ് ഇതെല്ലാം കാണിക്കുന്നത്. രോഗം തിരിച്ചറിയാന്‍ ഓരോ ദിവസം വൈകുംതോറും അപകടാവസ്ഥ കൂടും. രോഗിയുടെ കാര്യത്തിലും രോഗം മറ്റുള്ളവരിലേക്ക് പടരുന്ന കാര്യത്തിലും. അതുകൊണ്ട് എത്രയും നേരത്തെ രോഗം തിരിച്ചറിയാന്‍ കഴിയണം. അതിന് ശക്തമായ രോഗനിരീക്ഷണ സംവിധാനം വേണം. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റേയും ഡല്‍ഹിയില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെയും മാതൃകയില്‍ കേന്ദ്രം കേരളത്തില്‍ വേണം. ഇത്തരം രോഗങ്ങളുടെ തുടര്‍ ഗവേഷണങ്ങള്‍ ഈ കേന്ദ്രത്തില്‍ നടത്താന്‍ സാധിക്കണം.
മറ്റൊന്ന് മരുന്നുകളും വാക്സിനും വികസിപ്പിക്കാനുള്ള സാധ്യതയാണ്. കേരളത്തിന് ആരോഗ്യമേഖലയില്‍ വളരെ വലിയ മനുഷ്യവിഭവ ശേഷിയുണ്ട്. ഏതാണ്ട് 85,00 ത്തോളം ഡോക്ടര്‍മാരും 35 ത്തോളം മെഡിക്കല്‍ കോളേജും നിരവധി സര്‍ക്കാര്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും അടക്കം വളരെ വിപുലമായ ശേഷിയുണ്ട്. രണ്ട് ലക്ഷത്തോളം നേഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരുമുണ്ട്. ഇവരെയെല്ലാം കോര്‍ത്തിണക്കിക്കൊണ്ട് മരുന്നുകളുടേയും വാക്സിനുകളുടേയും ഗവേഷണം നടത്താവുന്നതാണ്. ശ്രദ്ധേയമായ കാര്യം, തിരുവിതാംകൂറിലെ പബ്ലിക്ക് ഹെല്‍ത്ത് ലാബിന്റെ കീഴില്‍ നൂറ് വര്‍ഷം മുമ്പ് നമ്മള് വാക്സിന് ഇവിടെ നിര്‍മിച്ചിരുന്നു. ആ രീതിയില്‍ വാക്സിന് വികസനത്തിന് കേന്ദ്രങ്ങള്‍ വേണം.
അതുപോലെ മരുന്നുകളുടെ വികസനം. കെ.എസ്.ഡി.പിയൊക്കെ മരുന്ന് ഉല്പാദനം മാത്രമാണുള്ളത്. പുതിയ മരുന്നുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍ വേണം. അതോടൊപ്പം ശ്രീചിത്രയും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി അടക്കമുള്ള മറ്റ് ഗവേഷണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം വേണം. ഇതിനെയെല്ലാം ഏകോപിപ്പിച്ചുകൊണ്ടുള്ള സമീപനമുണ്ടെങ്കില്‍ നമുക്ക് ആരോഗ്യ ഗവേഷണ മേഖലയില്‍ ലോകത്തെ തന്നെ അമ്പരപ്പിക്കുന്ന റിസര്‍ട്ട് ഉണ്ടാക്കാന്‍ സാധിക്കും.
ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മള് മുന്നിലാണെങ്കിലും നിപയെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരുന്നോ?
അടിസ്ഥാന സൗകര്യം ഉണ്ടായിരുന്നോ എന്ന് പറയണമെങ്കില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് വേണ്ടത്. ഒന്ന് വളരെ നേരത്തെ കണ്ടുപിടിക്കാന്‍ പറ്റിയോ എന്നറിയണം. രണ്ട് രോഗിക്ക് മതിയായ ചികിത്സ കൊടുത്ത് അവരെ രക്ഷപ്പെടുത്താന്‍ പറ്റിയോ എന്ന്. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടു കാര്യത്തിലും നമുക്ക് പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ഇത്തവണത്തെ ഔട്ട്ബ്രേക്കില്‍, രോഗം ബാധിച്ച ആ കുഞ്ഞ് മരണപ്പെട്ടു. വീണ്ടും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് അത്. കാരണം നമ്മള് ആരോഗ്യ ഗവേഷണത്തിന്, ചികിത്സക്ക് കൂടുതല്‍ ഫണ്ട് നീക്കിവെയ്ക്കണം. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. അതിന് വേണ്ടി ആരോഗ്യ മേഖലയില്‍ കുറച്ചുകൂടെ സസമര്പ്പിതമായ നേതൃത്വം വേണ്ടിവരും. ആരോഗ്യ ഗവേഷണത്തെക്കുറിച്ച് പറയുമ്പോള്‍ ഒരുപാട് നിക്ഷേപം വേണ്ടിവരും നമുക്ക് അതിനുള്ള റിസോഴ്സ്സ് ഇല്ല എന്നൊക്കെ പൊതുവേ പറയാറുണ്ട്. യഥാര്‍ഥത്തില്‍ നമുക്ക് അതില്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ ചെയ്യാന്‍ സാധിക്കും.
നിപയുടെ കാര്യത്തില്‍ ദൗര്‍ഭാഗ്യകരമായ മറ്റൊരു കാര്യം ഇതിപ്പോള്‍ കേരളത്തില്‍ മാത്രമാണുള്ളത് എന്നതാണ്. മുമ്പ് ബംഗാളിലും ബംഗ്ലാദേശിലും വന്നു. 1998ലും 99ലുമാണ് മലേഷ്യയിലും സിംഗപ്പൂരും വന്നത്. അതിനുശേഷം അവിടെയും വന്നിട്ടില്ല. ഇതിപ്പോള്‍ നമ്മളെ മാത്രം ബാധിക്കുന്ന പ്രശ്നം എന്ന രീതിയില്‍ ഒതുങ്ങുകയാണ്. അത് മാറണം. ഇത് നമ്മുടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും മുന്‍ഗണനയാകണം. കൂടുതല്‍ പ്രാധാന്യം കൊടുക്കണം. വാക്സിന് വികസിപ്പിക്കാനും മരുന്നുകള്‍ കണ്ടെത്താനുമുള്ള ഗവേഷണങ്ങള്‍ നടത്തണം. അതോടൊപ്പം നമ്മുടെ രോഗ നിരീക്ഷണ സംവിധാനം ശക്തമാക്കണം.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കാര്യത്തില്‍ അസുഖം വന്ന് അഞ്ചാറ് ദിവസം പല ആശുപത്രികളേയും സമീപിക്കേണ്ടിവന്നു. ഒരു ഗവണ്മെന്റ് ആശുപത്രിയിൽ പോയശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോകേണ്ടിവന്നപ്പോള്‍ പരിശോധനയ്ക്ക് അയക്കേണ്ട സാഹചര്യം പോലുമുണ്ടായില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗവണ്മെന്റ് ഹോസ്പിറ്റലുകള്‍ അടക്കം തിരക്കിലാണെന്നത് വസ്തുതയാണ്. എന്നാല്‍ പോലും നമുക്കിതില്‍ കൃത്യമായ സംവിധാനം വേണം. പ്രത്യേകിച്ച് പുതിയ കേസുകള്‍ വരികയും അതൊരു പകര്‍ച്ചവ്യാധിയായി മാറുകയും ചെയ്യുന്ന സാഹചര്യവുമുള്ള സ്ഥിതിക്ക്.
2009ലായിരുന്നു തൊട്ടുമുമ്പ് ഒരു പാന്‍ഡെമിക് ഉണ്ടായത്. എച്ച്വണ്എന്വണ്. 2019ല്‍ കോവിഡ് തുടങ്ങി ലോകം മൊത്തം വ്യാപിച്ചു. പുതിയ പാന്‍ഡമിക് ഉണ്ടാകുന്നത് വുഹാനോ ചൈനക്കോ പകരം ഇന്ത്യയോ കേരളമോ ആയിക്കൂടായ്കയില്ല. ഇതുപോലുള്ള രോഗങ്ങളെ നമ്മള് ഏത് നിമിഷവും കരുതിയിരിക്കണം. അത് വളരെ വേഗം കണ്ടെത്താന്‍ കഴിയണം. ചൈനയില്‍ ഡിസംബര്‍ അവസാനം കണ്ടെത്തിയ രോഗത്തെ അവര്‍ ഒരാഴ്ച കൊണ്ട് തിരിച്ചറിയുകയും അതിന്റെ ജനിതക ഘടന കണ്ടെത്തുകയും ടെസ്റ്റ് കിറ്റുകള്‍ വികസിപ്പിക്കുകയും ചെയ്തു. സാങ്കേതിക തികവ് കൊണ്ട് വളരെ പെട്ടന്ന് ഇതെല്ലാം വികസിപ്പിക്കാന്‍ കഴിഞ്ഞു അവര്‍ക്ക്. ആ രീതിയിലുള്ള സുസജ്ജമായ സംവിധാനം നമുക്കും വേണം. വൈറോളജി ഗവേഷണ സ്ഥാപനങ്ങള്‍ വേണം. വളരെപ്പെട്ടന്ന് ടെസ്റ്റുകള്‍ ചെയ്യാനും ജെനറ്റിക് സീക്വന്‍സിങ് നടത്താനുള്ള സംവിധാനങ്ങള്‍ വേണം.

രോഗ നിര്‍ണയത്തിനടക്കം നമ്മള് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ് ആശ്രയിക്കുന്നത്. കേരളത്തിലെ സ്ഥാപനങ്ങള്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ആശ്രയിക്കാന്‍ സാധിക്കാതെ വരുന്നത് ?
ഇത്തവണത്തെ നിപ ഔട്ട്ബ്രേക്കില്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ആദ്യം സാംപിളുകള്‍ അങ്ങോട്ടാണ് അയച്ചത്. എന്നാല്‍ ഒരു ഔട്ട്ബ്രേക്ക് സ്ഥിരീകരിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ അക്രഡിറ്റഡ് ലബോറട്ടറി എന്ന നിലയില്‍ പുണൈ എന്‍ഐവിയിലേക്ക് അയച്ചത്. എന്നാല്‍ പോലും അത്യാവശ്യം ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിയും എന്നതില്‍ കവിഞ്ഞ് ആലപ്പുഴ എന്‍ഐവി ഒരു ഇന്‍സ്റ്റിറ്റ്യൂട്ടായി മാറിയിട്ടില്ല. തീര്‍ച്ചയായും മികച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഗവേഷണ സ്ഥാപനങ്ങളും നമുക്ക് ആവശ്യമുണ്ട്. അത് വളരെ വേഗം വികസിപ്പിക്കേണ്ടതുണ്ട്. അവിടെ ഗവേഷണങ്ങള്‍ നടക്കണം.
നിപയുടെ തുടര്‍ ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഗവേഷണം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പഠനങ്ങള്‍ ആവശ്യമുണ്ട്. നിപ വന്നവര്‍ക്ക് തുടര്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. നിപ ബാധിച്ചവരുടെ ജീവന് രക്ഷപ്പെട്ടു എന്നുള്ളത് വലിയ കാര്യമാണ്. പക്ഷേ അവര്‍ക്ക് തുടര്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിന്റെ ചികിത്സാരീതികള്‍ വികസിപ്പിക്കേണ്ടതുണ്ട്. മരുന്നുകള്‍ കണ്ടെത്തേണ്ടതുമുണ്ട്.
കേരളത്തില്‍ നിപ പകര്‍ന്നത് എങ്ങനെ എങ്ങനെ എന്നത് കണ്ടെത്താനാകാതെ പോകുന്നത് എന്തുകൊണ്ടാണ് ?
കേരളത്തിലെ നിപയുടെ കാര്യത്തില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് രോഗം വരുന്നതെന്ന് നമുക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വവ്വാലില്‍ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും വവ്വാലാണോ പടര്‍ത്തുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. അത് കൂടുതല്‍ ഗവേഷണങ്ങളിലൂടെ മാത്രമേ കഴിയൂ. പഴവര്‍ഗങ്ങള്‍ കഴിച്ചതാണോ, വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കമാണോ, വവ്വാലിന്റെ സ്രംവ കലര്‍ന്ന വെള്ളം കുടിച്ചതാണോ എന്നൊന്നും അറിയില്ല. അത്തരത്തിലുള്ള ഉദാഹരണങ്ങളുമുണ്ട്. വവ്വാലിന്റെ കാഷ്ടം കലര്‍ന്ന പനങ്കള്ള് കുടിച്ചിട്ടാണ് ബംഗ്ലാദേശില്‍ ആദ്യത്തെ ഔട്ട്ബ്രേക്ക് ഉണ്ടാകുന്നത്. പന്നികളിലൂടെ മലേഷ്യയില്‍ രോഗം ഉണ്ടായി. അത്തരത്തിലുള്ള സാധ്യതകളെല്ലാമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമുണ്ട്. മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും തമ്മില്‍ ഇക്കാര്യത്തില്‍ വര്‍ധിച്ച സഹകരണവും ആ രീതിയിലുള്ള ഗവേഷണവും വേണം.
മൃഗസംരക്ഷണ വകുപ്പും അതിന്റെ നിരീക്ഷണ സംവിധാനങ്ങളും കുറച്ചുകൂടി കൃത്യമായ കൃത്യമായി സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു പക്ഷേ നമുക്ക് അത് കണ്ടെത്താന്‍ കഴിഞ്ഞേക്കും. എങ്കിലും കാരണം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ.് 20 കോടി കേസുകള്‍ ഉണ്ടായിട്ടും കോവിഡ് എങ്ങനെയാണ് പകര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആഒരു വെല്ലുവിളി അവിടെ കിടക്കുന്നുണ്ട്. നിപയുടെ കാര്യത്തില്‍ മറ്റുള്ള രാജ്യങ്ങളിലെ ഔട്ട് ബ്രേക്കുകളുടെ കാരണം നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തീര്‍ച്ചയായും നമ്മള് കൂടുതല്‍ ശ്രദ്ധ ചെലുത്തണം. കൂടുതല്‍ ഗവേഷകരെ നിയോഗിച്ച് കൃത്യമായ പഠനം നടത്തണം. എന്റെ അറിവില്‍ ആ രീതിയിലുള്ള പഠനം തുടര്‍ച്ചയായി ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. പ്രളയവും മറ്റുമായി 2018 മുതല്‍ തുടര്‍ച്ചയായ മറ്റ് പ്രശ്നങ്ങളും വെല്ലുവിളികളും നമുക്ക് മുന്നില്‍ ഉണ്ടായിരുന്നു എന്നതാണ് തുടര്‍ച്ചയായ പഠനം ഉണ്ടാകാത്തതിന് കാരണം.
മൂന്നാമതും നിപ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും പ്രതിരോധിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അടച്ചിടലും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി നീരീക്ഷണത്തിലാക്കലും അടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി നാം മുന്നോട്ട് പോകുകയാണ്. നമ്മുടെ രോഗപ്രതിരോധ സംവിധാനം ശരിയായ രീതിയിലാണോ പോകുന്നത്?
എല്ലാത്തിനും അടച്ചിടല്‍ എന്ന ഒറ്റമുലി ഇല്ല. ഓരോ പകര്‍ച്ചവ്യാധിക്കും ഓരോ രീതികളുണ്ട്. രോഗം പകരാതിരിക്കാനാണ് നമ്മള് അടച്ചിടല്‍ സ്വീകരിക്കുന്നത്. അല്ലെങ്കില്‍ മാസ്ക് ധരിക്കുന്നത്. രോഗം എങ്ങനെയാണ് പകരുന്നതെന്നത് അനുസരിച്ചിരിക്കും അത്. രോഗവ്യാപനം പരിഗണിക്കുമ്പോള്‍ നിപയുടെ കാര്യത്തില്‍ അടച്ചുപൂട്ടലിന്റെ കാര്യമില്ലെന്നതാണ് യാഥാര്‍ഥം. കാരണം ആദ്യമേ സൂചിപ്പിച്ചത് പോലെ ഇത് സാധാരണ ഗതിയില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയില്‍ നിന്നാണ് പകരുന്നത്. രോഗിയെ പ്രവേശിപ്പിക്കുന്ന ആശുപത്രിയില്‍ കൂടുതല്‍ ജാഗ്രത വേണം. പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. അതോടൊപ്പം ആശുപത്രിയില്‍ എത്തുന്ന അവസരത്തിലോ, അതിന് തൊട്ടുമുമ്പോ, ആശുപത്രിയില്‍ എത്തിയതിന് ശേഷമോ രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കണം. അല്ലാതെ ഇതുവരെയുള്ള സ്ട്രെയിനെ വിലയിരുത്തുമ്പോള്‍ വ്യാപകമായ രോഗപ്പകര്‍ച്ച ഒരു കാരണവശാലും ഉണ്ടാകില്ല. ഈ സ്ട്രെയില്‍ തന്നെ രോഗവ്യാപക ശേഷിയുള്ളതായി മാറിക്കൂട എന്നുമില്ല.
Content Highlights: Nipah Virus Outbreak in Kerala Interview with Dr. A. Althaf
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..