'ഓടിച്ചാടി നടക്കുന്ന പ്രായത്തിലാണ് എന്നെ ഒരു വയസ്സന് കെട്ടിച്ചുകൊടുക്കുന്നത്, വിവാഹപ്രായം 23 ആക്കണം'


By നിലമ്പൂര്‍ ആയിഷ / സമീര്‍ കാവാഡ്

7 min read
Read later
Print
Share

നിലമ്പൂർ ആയിഷ | ഫോട്ടോ:മാതൃഭൂമി

ലാകേരളത്തിന്റെ അഭിമാനമാണ് നിലമ്പൂര്‍ ആയിഷ. പാറകള്‍ക്ക് പകരം നില്‍ക്കുന്ന മരം എന്ന വിശേഷണമുള്ള തേക്കിന്റെ നാട്, അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തച്ചുടച്ച
മജീഷ്യന്മാരുടെയും (മലയത്ത്, മുതുകാട്) ഹിപ്നോട്ടിസ്റ്റുകളുടെയും (ജോണ്‍സണ്‍ ഐരൂര്‍)നാട്, ധീരനായ തൊഴിലാളിനേതാവ് സഖാവ് കുഞ്ഞാലിയുടെനാട്, ദലിതരും ആദിവാസികളുമടക്കം സമൂഹത്തിലെ നാനാജാതിമതസ്ഥര്‍ ഒരുമിച്ചുകഴിയുന്ന മതസൗഹാര്‍ദത്തിന്റെ നാട്എന്നതിനൊപ്പം, ഭൂമിശാസ്ത്രപരമായി മുഖ്യധാരയില്‍നിന്ന്അകന്നുനില്‍ക്കുമ്പോഴും കെ.പി.എ.സി.ക്കും മുന്‍പേ നാടകകലാരൂപത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഒരു സമൂഹത്തെ പുരോഗമനത്തിന്റെ പാതയിലൂടെ കൈപിടിച്ച് നടത്തിയവരുടെ കൂടി നാടാണ് നിലമ്പൂര്‍. ആ മുന്നേറ്റത്തില്‍ഏറെ എതിര്‍പ്പുകളും പ്രതിസന്ധികളും സഹിച്ച് കൂടെനിന്ന ധീരവനിതയാണ് നിലമ്പൂര്‍ ആയിഷ. ഇ.കെ. അയമു, കെ.ടി. മുഹമ്മദ്, ഖാന്‍ കാവില്‍, പി.ജെ. ആന്റണി, കോഴിക്കോട്അബ്ദുള്‍ ഖാദര്‍, ബാബുരാജ്, ഡോ. എം. ഉസ്മാന്‍, നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പാന്‍, മാനു മുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരുടെ കലാലയത്തില്‍ വാര്‍ത്തെടുക്കപ്പെട്ട അഭിനയസാമ്രാട്ടും പാട്ടുകാരിയുമാണ് ആയിഷ.

അഭിനയരംഗത്ത് സ്ത്രീകളെ കിട്ടാഞ്ഞ് പുരുഷന്മാര്‍ സ്ത്രീവേഷം ചെയ്തിരുന്ന ഒരു കാലത്താണ് യാഥാസ്ഥികത്വത്തിന്റെ വിലക്കുകള്‍ വകവയ്ക്കാതെ പതിനാറുകാരിയായ ആയിഷ ചരിത്രം തിരുത്തിക്കുറിച്ച് അരങ്ങത്ത് അദ്ഭുതപ്രകടനം കാഴ്ചവയ്ക്കാനെത്തുന്നത്. അവരന്ന് വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. രണ്ടായിരത്തിലേറെ നാടകവേദികള്‍, അന്‍പതിലധികം സിനിമകള്‍, നൂറുകണക്കിന് ഗാനമേളകള്‍ നിലമ്പൂര്‍ ആയിഷ ചരിത്രത്തിന്റെ അരങ്ങുണര്‍ത്തുകയായിരുന്നു. കേരള സംഗീതനാടക അക്കാദമി വൈസ് പ്രസിഡന്റായിരുന്ന, നാടക-സിനിമാ അഭിനയങ്ങള്‍ക്ക് നിരവധി അവാര്‍ഡുകള്‍ നേടിയ നിലമ്പൂര്‍ ആയിഷ ജീവിതം പറയുന്നു.


പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍നിന്ന് 21 ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്ന ഒരു സന്ദര്‍ഭത്തിലാണല്ലോ നമ്മള്‍സംസാരിക്കുന്നത്. എന്താണ് അഭിപ്രായം?

നിലമ്പൂര്‍ ആയിഷ: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 അല്ല, 23 ആക്കണം എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. സ്വന്തം അനുഭവത്തില്‍നിന്നാണിത് പറയുന്നത്. ഞാന്‍ തന്നെ എന്താണെന്ന
റിയാത്ത, ഓടിച്ചാടി നടക്കുന്ന കളിപ്രായത്തിലാണ് എന്നെ ഒരു വയസ്സന് കെട്ടിച്ചുകൊടുക്കുന്നത്. എന്താണ് വിവാഹം, കുടുംബജീവിതം, ഗര്‍ഭം എന്നൊന്നും വകതിരിവില്ലാത്ത 13-ാം വയസ്സില്‍ വിവാഹിതയാവേണ്ടി വരുകയും അഞ്ചുദിവസത്തില്‍ താഴെമാത്രം അയാളുടെകൂടെ കഴിഞ്ഞ് ബന്ധമുപേക്ഷിച്ച് ഉദരത്തില്‍ ഒരു കുഞ്ഞുമായി തിരിച്ചുപോരേണ്ടിവരികയുംചെയ്ത ഒരാളുടെ കണ്ണുനീരിന്റെ രുചിയുള്ള അഭിപ്രായമാണിത്.

ലോകമറിയാന്‍, മനുഷ്യനെയും അവന്‍ ജീവിച്ചുതീര്‍ക്കേണ്ട സാമൂഹിക സാഹചര്യത്തെയും അറിയാനുള്ള ഒരവസരം സ്ത്രീക്ക് ലഭിച്ചതിനുശേഷം മാത്രമേ വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ. സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള ശക്തി പെണ്‍കുട്ടികള്‍ ഉണ്ടാക്കിയെടുക്കണം. പതിനെട്ടുവയസ്സിലൊന്നും അതുണ്ടാവില്ല, അതിനുള്ള സാഹചര്യം ഇവിടെയില്ല. കല്യാണം കഴിക്കുന്ന മനുഷ്യന്‍ എന്താണ്, അല്ലെങ്കില്‍ ആ വീട്ടുകാര് എങ്ങനെയുള്ളവരാണ് എന്ന് പഠിക്കാനും മനസ്സിലാക്കാനുമുള്ള സമയവും സാവകാശവും വിവാഹത്തിനുമുന്‍പുതന്നെ പെണ്‍കുട്ടികള്‍ക്ക് ഉണ്ടായിരിക്കണം. അതുകൊണ്ടാണ് പ്രായവും പക്വതയും വിവാഹത്തില്‍ പ്രധാനഘടകമാണ് എന്ന് ഞാന്‍ പറയുന്നത്.

എന്റെയൊക്കെ തലമുറയില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയിലെ കുട്ടികള്‍ക്ക്, പെണ്‍കുട്ടികള്‍ക്ക് പ്രത്യേകിച്ചും, പഠിക്കണം.., പഠിക്കണം എന്നൊരു ബോധം, ആഗ്രഹംകൂടുതലായുണ്ട്. അത് നല്ലകാര്യമാണ്. എന്നാല്‍, ആ പഠിക്കുന്നതിന്റെ ഗുണം അവര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്നതിന് സ്വയം ശാക്തീകരിക്കപ്പെടുന്നതിനുള്ള ഒരു സാഹചര്യംകൂടി ഉണ്ടാകുമ്പോഴേ സ്ത്രീവിമോചനം അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ പുലരൂ. അതിന് പലപ്പോഴും തടസ്സം 18 വയസ്സായ ഉടനെ പിടിച്ച് കെട്ടിച്ചുവിടുന്നതാണ്.

ആയിഷാത്തയെ ലോക മലയാളികളിയുന്ന നിലമ്പൂര്‍ ആയിഷയാക്കി മാറ്റിയത് നാടകമാണല്ലോ? നാടക കാല അനുഭവങ്ങളെ കുറിച്ച് ഒരിക്കല്‍ക്കൂടി മനസ്സ് തുറക്കാമോ?

നാടകത്തില്‍ സ്ത്രീവേഷം ചെയ്യാന്‍ ആരെയും കിട്ടാതിരിക്കുകയും പുരുഷന്മാര്‍തന്നെ സ്ത്രീവേഷവും ചെയ്തിരുന്ന ഒരുകാലത്താണ് ഞാന്‍, അതും ഒരു മുസ്ലിംസ്ത്രീ നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങുന്നത്. വലിയ എതിര്‍പ്പായിരുന്നു അന്ന് സമുദായനേതാക്കന്മാരുടെയും മതരാഷ്ട്രീയക്കാരുടെയും ഭാഗത്തുനിന്നുമുണ്ടായത്. ഒരുപക്ഷേ, ആ എതിര്‍പ്പായിരുന്നു നാടകത്തില്‍ത്തന്നെ തുടരാനുള്ള പ്രചോദനവും. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങളായിരുന്നു ശരി എന്ന് കാലം തെളിയിച്ചല്ലോ. സത്യത്തില്‍ പിന്നീടാണ് എതിര്‍പ്പുകാരുടെ വീട്ടകങ്ങളിലേക്ക് ആധുനികവിദ്യാഭ്യാസം കടന്നുചെല്ലുന്നത്. അവരുടെ മക്കളെയൊക്കെ യൂറോപ്പിലും നാട്ടില്‍ത്തന്നെയുള്ള സ്‌കൂളുകളിലും മറ്റും പഠിപ്പിച്ചതോടെ സംഗതി ആകെ മാറി. മഞ്ചേരിയില്‍ നാടകം കളിച്ചപ്പോള്‍ സ്റ്റേജിലേക്ക് വെടിവെപ്പ് നടത്തിയിരുന്നു. ഇന്നാ കാലമൊക്കെ മാറിയില്ലേ? ഇന്നത്തെപ്പോലെയല്ല ഏറെ പ്രയാസങ്ങളനുഭവിച്ചാണ് അന്ന് നാടകം ചെയ്തിരുന്നത്. നാടകം കളിക്കാനുള്ള സ്ഥലമന്വേഷിച്ച് ഓരോ ഗ്രാമങ്ങളിലേക്ക് ഞങ്ങള്‍ ചെല്ലും. ഹാര്‍മോണിയം പെട്ടി, കര്‍ട്ടന്‍ സെറ്റ് ഇതെല്ലാം തലയിലേന്തി ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കും. ആ യാത്രതന്നെ സാമൂഹിക-നവോത്ഥാന മൂല്യങ്ങള്‍ സംവേദനം ചെയ്യുന്ന ഒരു തെരുവുനാടക രൂപമായി വികസിക്കും. അതൊരുതരം സമാന്തര രാഷ്ട്രീയ-വിദ്യാഭ്യാസ പ്രവര്‍ത്തനമായിരുന്നു എന്ന് പിന്നീടാണ് എനിക്കൊക്കെ ബോധ്യപ്പെട്ടത്.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

അങ്ങനെ നാടകത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുമായി രണ്ടുമൂന്നു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചുകഴിഞ്ഞ് നേരത്തെ സാധനങ്ങള്‍ ഇറക്കിവെച്ച ഗ്രാമത്തിലേക്ക് തിരിച്ചുനടക്കുമ്പോഴേക്കും ഞങ്ങളുടെ പിന്നാലെ ഒരുപാടുപേര് കൂടിയിട്ടുണ്ടാവും. ഒരു ജാഥയായിട്ടാവും ആ തിരിച്ചുനടത്തം. അവിടെ അമ്പലത്തറയിലും ചായക്കടയിലും ഇരിക്കുന്ന മനുഷ്യരോട് ഞങ്ങള്‍ നാടകം കളിക്കാന്‍ പോവുകയാണ് നിങ്ങള്‍ സഹകരിക്കണം, നമ്മള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ഈ നാടകത്തിലെ കഥ എന്നൊക്കെ പറയും. കാലങ്ങളായി നാം അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍നിന്നും വരുംതലമുറയെങ്കിലും രക്ഷപ്പെടണമെന്നുപറയുമ്പോള്‍ അവര്‍ സഹകരണവാഗ്ദാനവുമായി മുന്നോട്ടുവരും. അങ്ങനെ അവരുടെകൂടി സഹായത്തോടെ ടെന്റ് ഒക്കെകെട്ടി രാത്രിയാകുന്നതോടെ നാടകം തുടങ്ങുകയാണ്. അപ്പോഴേക്കും കാണികളുടെ മഹാസമുദ്രം തന്നെ അവിടെ ഞങ്ങളുടെ കളികാണാന്‍ വന്നുചേര്‍ന്നിട്ടുണ്ടാവും.

ആ മൂന്നു ഗ്രാമത്തിലെയും ജനങ്ങള്‍; പായ, തലയണ,കുട്ടി, ചട്ടി, പട്ടി എല്ലാമായാണ് വരവ്. അങ്ങനെ നാടകം കണ്ടുകഴിഞ്ഞ് അവര്‍ക്കൊരു തിരിച്ചുപോക്കുണ്ട്. ഓരോ സംഘമായാണ് മടക്കം. ഏറ്റവുംമുന്നില്‍ നടക്കുന്നയാളുടെ കൈയില്‍ ചൂട്ടുണ്ടാവും. നാടകത്തെക്കുറിച്ച്, അതിലെ സംഭാഷണങ്ങളെയും രാഷ്ട്രീയത്തെയുംകുറിച്ച്, ചര്‍ച്ചചെയ്താണ് ആ പോക്ക്. അതോടെ എന്താണോ കണ്ടത് അതിനെക്കുറിച്ചുള്ള കൃത്യമായ രാഷ്ട്രീയധാരണ കണ്ടിട്ട് മനസ്സിലാകാത്ത കുട്ടികള്‍ക്കടക്കം കിട്ടിയിരിക്കും. ഇ.കെ. അയമുവാണ് 'ഇജ്ജ് നല്ലൊരു മന്‍സനാകാന്‍ നോക്ക'്, 'മതിലുകള്‍' തുടങ്ങിയ നാടകങ്ങളൊക്കെ എഴുതിയിരുന്നത്. നിലമ്പൂര്‍ യുവജന കലാസമിതിയുടെ ബാനറിലാണ് അവതരണം. കുഞ്ഞിക്കുട്ടന്‍ തമ്പാന്‍, ഡോ.എം. ഉസ്മാന്‍ എന്നിവരാണ് സമിതിയുടെ തലപ്പത്ത്. എന്റെ ജ്യേഷ്ഠന്‍ മാനു മുഹമ്മദ്,അനുജന്‍ കുഞ്ഞാലന്‍,മുഹമ്മദലി, ഉണ്ണി, ജാനകിതുടങ്ങിയവരൊക്കെയായിരുന്നു കൂടെ. ആദ്യം പത്തോളം സ്റ്റേജില്‍ ആണുങ്ങള്‍ തന്നെയാണ് സ്ത്രീവേഷം ചെയ്തിരുന്നത്. അങ്ങനെയിരിക്കെ പെരിന്തല്‍മണ്ണയില്‍ നാടകം കളിക്കുമ്പോള്‍ ഇ.എം.എസ്, ഒളപ്പമണ്ണ, കെ.പി.ആര്‍. ഗോപാലന്‍, ഇമ്പിച്ചിബാവ തുടങ്ങിയവര്‍ കാണാന്‍ വരുന്നു. അവര്‍ക്ക് നാടകം നന്നായി ഇഷ്ടപ്പെട്ടു. ആണുങ്ങള്‍ക്ക് പകരം രണ്ട് പെണ്ണുങ്ങള്‍ ആ ഭാഗംഅഭിനയിച്ചാല്‍ കൂടുതല്‍നന്നാകുമെന്ന് ഇ.എം.എസ് അഭിപ്രായപ്പെടുന്നു.

പക്ഷേ, അഭിനയിക്കാന്‍ ആരെയും കിട്ടാനില്ല. നിലമ്പൂര്‍ ബാലന്‍അക്കാലത്താണ് നാടകസം ഘത്തിലേക്ക് വരുന്നത്. ഒരു നടിയെകൊണ്ടുവരാമെന്ന് അദ്ദേഹം ഏല്‍ക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ബന്ധുകൂടിയായ ജാനകിട്രൂപ്പിലെത്തുന്നു. രണ്ടാമത്തെഒരു പെണ്‍കുട്ടിയെ അന്വേഷിച്ചുള്ള വരവ് വന്നുചേര്‍ന്നത് എന്റെവീട്ടിലാണ്. എന്റെ ഉമ്മഅന്നേ ഗ്രാമഫോണ്‍ സംഗീതം കേള്‍ക്കും. അതുകേട്ട് ആവേശം വന്ന് ഞാനും ഇടയ്‌ക്കൊക്കെ പാടും. അങ്ങനെ ഒരു ഹിന്ദി ഗാനം പാടിക്കൊണ്ടിരിക്കെ അതവസാനിച്ചതും പിറകില്‍നിന്നും ആളുകള്‍ കയ്യടിക്കുന്നു, തിരിഞ്ഞുനോക്കിയപ്പോള്‍ ജ്യേഷ്ഠന്‍ മാനുക്കാക്കയും, സുഹൃത്ത് ഇ.കെ. അയമുക്കയുമാണ്.
''ഇവളെത്തന്നെഎടുത്താലോ നാടകത്തിലേക്ക്'', അയമുക്കയാണ് പറഞ്ഞത്.
''ഞാന്‍ റെഡി,'' ഞാന്‍ പറഞ്ഞു. അതുകേട്ടതും, ''വേണ്ടാ... നമ്മളെ പള്ളിക്കാര് ശിക്ഷിക്കും, അത് വേണ്ട. ഞമ്മക്കതൊക്കെ നിഷിദ്ധമാണ്,'' എന്നായി ഉമ്മ.
ഞാന്‍ പറഞ്ഞു: ''രക്ഷിക്കാന്‍ കഴിയാത്ത ഒരുത്തനും നമ്മളെ ശിക്ഷിക്കാനുംവരണ്ട.''കാരണം അത്രമാത്രം തീവ്രമായ അനുഭവങ്ങളിലൂടെയാണ് ഞങ്ങളക്കാലത്ത് കടന്നുപോയിക്കൊണ്ടിരുന്നത്. ഞങ്ങളുടെ സ്വത്തെല്ലാം നഷ്ടപ്പെട്ടപ്പോള്‍ ഞങ്ങളെ രക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ഞങ്ങളെ ശിക്ഷിക്കാനും അവകാശമില്ല എന്ന്, അന്നുപതിനാറു വയസ്സുള്ള കുട്ടിയായിരുന്ന (കുട്ടിയാണെങ്കിലും ഒരു കുട്ടിയുടെ ഉമ്മയാണ്)ഞാന്‍ ഉറച്ചുവിശ്വസിച്ചു. പിറ്റേന്ന് നാടകത്തിനുള്ള ഡയലോഗുകള്‍ എനിക്ക് എഴുതിക്കിട്ടുകയും ഞാനത് പഠിക്കാന്‍ തുടങ്ങുകയുംചെയ്തു. പുറംലോകമറിയാതെവളരെ രഹസ്യമായിട്ടാണ് റിഹേഴ്സലെല്ലാം നടന്നത്.

ആദ്യമായി ഞാന്‍ നാടകം കളിക്കുന്നത് ഫറോക്കിലാണ്. അവിടെ ചെന്നിറങ്ങിയപ്പോള്‍ മനുഷ്യമഹാസമുദ്രം. കാലുകുത്താന്‍ തന്നെ പേടി. ചുകപ്പുവളണ്ടിയേഴ്സ് കൈകോര്‍ത്തുപിടിച്ചതിനിടയില്‍ക്കൂടിയാണ് സ്റ്റേജിനടുത്തേക്ക് ഞങ്ങള്‍പോകുന്നത്. അന്നുമുതല്‍ ആ ചുകപ്പ് നമ്മുടെ ഹൃദയത്തിലേക്കങ്ങനെ കടന്നുവരികയാണ്. പിറ്റേദിവസം തലശ്ശേരി,അതിനു തൊട്ടടുത്ത ദിവസംകണ്ണൂര് അങ്ങനെ അരങ്ങുകളുടെ ജൈത്രയാത്രയായിരുന്നുപിന്നീടങ്ങോട്ട്. അതിനിടയില്‍ ചില വില്ലന്‍മാര്‍ കടന്നുവരുന്നുമുണ്ട്. കണ്ണൂര്‍ മാടായി ഭാഗത്ത് നാടകംകളിക്കാന്‍ ചെന്നപ്പോള്‍ സംഘാടകരുടെഅനൗണ്‍സ്മെന്റ്, 'ഇതാ...എത്തിക്കഴിഞ്ഞു കേരള നൂര്‍ജഹാ...ന്‍' അതുകേട്ട് വില്ലന്മാരായ മറ്റൊരുകൂട്ടരുടെ ഉച്ചത്തിലുള്ള പ്രതികരണം,'മുസ്ലിം വനിത നാടകത്തിലേക്കല്ലാ.., നരകത്തിലേക്കാണ്...അവള്‍ മരിക്കപ്പെടേണ്ടതാണ്...' അങ്ങനെ എന്തെല്ലാം സംഭവങ്ങള്‍. നാടകം കഴിഞ്ഞ് തോണിയില്‍ ആരും കാണാതെയാണ് ഞങ്ങളെകൊണ്ടുപോകുന്നത്. അടുത്ത പ്രദേശത്തേക്ക് അവിടെ ചെന്നപ്പോള്‍ ഗംഭീരസ്വീകരണം. കണ്ണൂരിലൊക്കെ ദിവസം രണ്ടുംമൂന്നും നാടകങ്ങളുണ്ടാവും. പക്ഷേ,ത്രില്ലാണ്, ഭയങ്കരമായ ത്രില്ല്. ആളുകളുടെ ആവേശം എതിര്‍പ്പ് എല്ലാം കൂടി ജഗപൊക. കല്ലേറുകൊണ്ട് തലയില്‍നിന്നും രക്തമൊഴുകുമ്പോള്‍പ്പോലും വാക്കുകള്‍ തെറ്റാതെ ഡയലോഗ് പറഞ്ഞ് അവസാനിപ്പിച്ചത് ഞാനോര്‍ക്കുന്നു. മഞ്ചേരി മേലാക്കത്ത് നാടകം കളിക്കുമ്പോള്‍ സ്റ്റേജിലേക്ക് വെടിവെപ്പുണ്ടായി.

ഡോക്ടറൊക്കെ (ഡോ. എം.ഉസ്മാന്‍) അന്ന് ഞങ്ങളോടൊപ്പമുണ്ട്. എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലായി പക്ഷേ, ഡയലോഗ് മുഴുവന്‍ പറഞ്ഞുതീര്‍ത്തതിനുശേഷമാണ് തിരിഞ്ഞുനോക്കിയത്. മരിക്കുകയാണെങ്കില്‍ മരിക്കട്ടെ എന്ന ധൈര്യം അക്കാലത്തുണ്ടായിരുന്നു. ചെറിയപ്രായമല്ലേ എതിര്‍പ്പുകൂടുന്നതിനനുസരിച്ച് ആവേശവും കൂടും. ബോംബെയില്‍ നാടകം കളിക്കുമ്പോള്‍ ബല്‍വന്ത്‌സാഹ്നിയും വൈജയന്തിമാലയും റിഹേഴ്‌സല്‍ ക്യാമ്പില്‍വന്നിരുന്നു. പിന്നീട് നാടകം കാണാനും വന്നു. ഐക്യകേരളം യാഥാര്‍ഥ്യമായ കാലത്ത് ഞങ്ങള്‍ പാലക്കാട് നാടകം കളിക്കാന്‍പോയി. നിരവധി നാടകസംഘങ്ങള്‍ അവിടെ കളിക്കാനെത്തിയിട്ടുണ്ട്. കെ.പി.എ.സി.,നാഷണല്‍ തീയേറ്റേഴ്സ് പിന്നെ ഒ. മാധവന്റെ നാടകമുണ്ട്. അങ്ങനെ ഒരുപാട് നാടകങ്ങളുണ്ട്. ഞാനന്നവിടെ വളണ്ടിയറുമാണ്. രേണുക ചൗധരിയടക്കമുള്ള പ്രമുഖര്‍ ഔദ്യോഗിക ക്ഷണിതാക്കളായി നാടകം കാണാനുണ്ട്. ഞങ്ങളുടെ നാടകം കണ്ട് അത് വീണ്ടും അവതരിപ്പിക്കണമെന്നു പറഞ്ഞു. രണ്ടുതവണ അവിടെ അവതരിപ്പിക്കപ്പെട്ട ഒരേയൊരു നാടകം ഞങ്ങളുടേതായിരുന്നു. അത്രയ്ക്ക് ഹിറ്റായിരുന്നു അത്.പിന്നെയാണ് കെ.പി.എ.സി.യൊക്കെ നല്ലോണം പേരെടുത്തത്.

ഇ.കെ.അയ്മുവിന്റെതായി മതിലുകള്‍ എന്നൊരുനാടകംകൂടി പ്രസിദ്ധമാണല്ലോ.ഇതാണ് ഇജ്ജ് നല്ലൊരുമനുസനാകാന്‍ നോക്ക് എന്നതിനെക്കാള്‍മികച്ചത് എന്ന് ബഷീര്‍ ചുങ്കത്തറ അടക്കമുള്ള നിങ്ങളുടെ നാടകങ്ങളെ വളരെ അടുത്തറിയാന്‍ ശ്രമിച്ച ആളുകള്‍ക്ക് അഭിപ്രായമുണ്ട്.

ആ നാടകാനുഭവത്തെക്കുറിച്ച് അത് പിന്നീട് വരുന്നനാടകമാണ്. ആദ്യത്തെ നാടകത്തിന്റെ അവതരണമൊക്കെ അടങ്ങി, പിന്നീട് വരുന്നതാണ് മതിലുകള്‍. നിലമ്പൂര്‍ ബാലന്‍ അതില്‍ വളരെ സജീവമായുണ്ട്. പട്ടിണിയുടെ കാലമാണത്. ആരുടെ കൈയിലും നയാപൈസ എടുക്കാനുണ്ടായിരുന്നില്ല. റിഹേഴ്‌സലൊക്കെനടക്കുമ്പോള്‍ ചായകുടിക്കാന്‍പോലും പൈസയില്ല. അയമുക്കാക്ക പറയും:''എടാകരീമേ,നീപോയിട്ട് ഒരുചായ കൊണ്ടുവാടാ.''അതുകേട്ട് ബാലേട്ടന്‍(നിലമ്പൂര്‍ ബാലന്‍) എന്തെങ്കിലും പറയും. അതിനോട് പ്രതികരിച്ച് ഞാനെന്തെങ്കിലും പറയും. ചായയൊട്ടു കിട്ടുകയുമില്ല. പക്ഷേ, ഇത്തരംതമാശകള്‍ക്കിടയില്‍ വിശപ്പ് ഞങ്ങള്‍ മറന്നുപോകും. അങ്ങനെ ഈ നാടകസംഘത്തോടൊപ്പമുള്ള സമയങ്ങള്‍എന്നുപറയുന്നത് ഭയങ്കരരസമാണ്. ഏത് പട്ടിണിയും പരിവട്ടവും മറന്നുപോകുന്നരസകരമായ സൊറകളുംനര്‍മവും. ഒരിക്കല്‍ ഞാനൊരുതമാശപ്പാട്ടുണ്ടാക്കി പാടിക്കൊടുത്തത് ഇപ്പോഴും ഓര്‍ക്കുന്നു, നാടകത്തിനായി പോകുന്നിടങ്ങളില്‍ പലയിടത്തുംഈ പെട്ടിയും സാമാനങ്ങളുംഇറക്കിവെച്ച് ചര്‍ച്ചകള്‍നടന്നിരുന്നത് ഞാനോര്‍ക്കുന്നു. പിന്നീടാണ് അതൊക്കെപാര്‍ട്ടി ക്ലാസുകളായിരുന്നു എന്നും നാടകത്തോടൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും മാനുക്കാക്കയും അയമുക്കാക്കയും നിലമ്പൂര്‍ ബാലനും മറ്റുംനടത്തിയിരുന്നു എന്നും എനിക്കൊക്കെ തിരിയുന്നത്. എന്ത് നിലപാടാണ് നമ്മള്‍ എടുക്കേണ്ടത്?, മനുഷ്യരുടെ നിലനില്പിനെപ്പറ്റി സമൂഹത്തോട് എന്താണ് പറയേണ്ടത്?, മനുഷ്യരിലേക്ക് ഈ ആശയങ്ങള്‍ എത്തിക്കുന്നതിനുവേണ്ടി നമ്മള്‍ ഫ്രീയായിട്ട് നാടകം കളിക്കുക എന്നതായിരുന്നുപലയിടത്തും ഞങ്ങള്‍ ചെയ്തത്. എന്തിനായിരുന്നു ഇത്തരത്തില്‍ ത്യാഗം സഹിച്ച് ഈ കലാസമിതി നാടകങ്ങള്‍ ഏറ്റെടുത്തതെന്ന് പിന്നെ തോന്നിയിട്ടുണ്ട്. പക്ഷേ, അത്തരം നാടകങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ചില്ലറയല്ല. ഇജ്ജ് നല്ലൊരു മനുസനാകാന്‍ നോക്ക് എന്ന നാടകത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് കെ.ടി.മുഹമ്മദ് ഇത് ഭൂമിയാണ് എന്ന നാടകം എഴുതുന്നത്. പിന്നീടദ്ദേഹം കാഫിര്‍ എഴുതി. അതൊക്കെ ഹിറ്റായി. ഇതിലെല്ലാം അഭിനയിക്കാന്‍ എനിക്കവസരം കിട്ടി. അതിലെ അഭിനയത്തിന് അത്യാവശ്യ പൈസയൊക്കെ കിട്ടിയിരുന്നു. ഭക്ഷണവും.

അമ്പലക്കമ്മിറ്റികള്‍ വിളിക്കുന്ന നാടകത്തിനൊക്കെ പോയാല്‍ എല്ലാവര്‍ക്കും ഭക്ഷണം കൊടുത്ത്കഴിഞ്ഞ് അവസാനമാണ് ചെണ്ടക്കാര്‍ക്കും നാടകക്കാര്‍ക്കുമുള്ള ഭക്ഷണം കിട്ടുക.അപ്പോഴേക്കും കുറേയൊക്കെ പുളിച്ച് നാറിയിട്ടുണ്ടാവും. എന്നാലും, അതൊക്കെ ഒരു രസവും അനുഭവവുമായിരുന്നു അക്കാലത്ത്. നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞുക്കുട്ടന്‍ തമ്പാനും ഡോ. എം. ഉസ്മാനുമാണ് ഞങ്ങളുടെ നാടകസംഘത്തിന്റെ തലപ്പത്തുണ്ടായിരുന്നത്.ഒരിക്കല്‍ ഒരു സ്ഥലത്ത് നാടകം കളിക്കാന്‍ ചെന്നപ്പോള്‍ നിലത്ത് കുഴികുത്തി ഞങ്ങള്‍ക്കതില്‍ കഞ്ഞി തന്നു. ഡോക്ടര്‍ക്കും തമ്പാനുംപ്ലേറ്റിലും. ഞാനതിലേക്കി
ങ്ങനെ നോക്കി, പിന്നെ കുഞ്ഞുക്കുട്ടന്‍ തമ്പാനെയും.അതുകണ്ട് കുഞ്ഞുക്കുട്ടന്‍തമ്പാന്‍ സംഘാടകരോടായി ഇപ്പറത്തും രണ്ട് കുഴികുത്താന്‍ ആവശ്യപ്പെട്ടു. അതാര്‍ക്കാണെന്ന സംഘാടകരുടെചോദ്യത്തോട്, ''ഒന്ന് എനിക്കും, ഒന്ന് ഡോക്ടര്‍ക്കും!''

പെട്ടെന്നുവന്നു കുഞ്ഞുക്കുട്ടന്‍ തമ്പാന്റെ മറുപടി.''ഞങ്ങളും അതേപോലെയാണ്, ഞങ്ങളെന്താ മനുഷ്യരല്ലേ?'', എന്നായി മൂപ്പര്.കാര്യം മനസ്സിലായ സംഘാടകര്‍ അപ്പോള്‍ത്തന്നെ പാത്രംകൊണ്ടുവന്ന് ഞങ്ങള്‍ക്കും പാത്രത്തില്‍ വിളമ്പി. മതിലുകളില്‍ എന്നനാടകത്തിലെ ഒരു ഡയലോഗുണ്ട്. ഞാന്‍ ആ ഡയലോഗ്പറഞ്ഞാല്‍ കുഞ്ഞുക്കുട്ടന്‍തമ്പാന്‍ അപ്പോ കരയും.ഒരു വയസ്സായ സ്ത്രീയുടെ വേഷമുണ്ട് എനിക്കതില്‍. രണ്ടാണ്‍മക്കളുടെഅമ്മയാണ്. ഒരു മകന്‍സഖാവാണ്, മറ്റൊരാള്‍ആര്‍.എസ്.എസ്സും. ഒരു മതില്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നു. ഇതിനെക്കുറിച്ച് വിവരം തരാന്‍ വന്ന കരുണാകരന്‍ എന്ന കൃഷിപ്പണിക്കാരനോടാണ് ആ ഡയലോഗ്.വളരെ സങ്കടത്തോടെയാണത്: ''ഇനിയും വേദന സഹിക്കാന്‍ എന്റെ മനസ്സിന് കരുത്തില്ല കരുണാകരാ...''(എഴുത്ത് വായിച്ചാല്‍ കിട്ടാത്തവികാരമാണ് ആയിഷാത്തആ ഡയലോഗ് പറയുമ്പോള്‍നമുക്കനുഭവപ്പെടുക). ഇന്നത്തെപ്പോലെ വര്‍ഗീയത അത്ര വളര്‍ന്നിട്ടില്ലാത്തകാലത്താണ് ഈ നാടകംഎന്നോര്‍ക്കണം. പക്ഷേ,വര്‍ഗീയതയുടെ ഭവിഷ്യത്ത്അന്നേ തിരിച്ചറിഞ്ഞ് കാലത്തിനുമുന്‍പേ അത്തരമൊരു നാടകം രചിക്കാന്‍ ഇ.കെ. അയമുവിനും അതിനെ പ്രോത്സാഹിപ്പിച്ച് കൂടെനില്‍ക്കാന്‍ ഡോ. ഉസ്മാന്‍ക്കയും കുഞ്ഞുക്കുട്ടന്‍ തമ്പാനും തയ്യാറായിഎന്നത് വളരെ പ്രധാനപ്പെട്ടസംഗതിയാണ്. അവരുടെയൊക്കെ തണലുള്ളതുകൊണ്ടാണ്

ഞങ്ങള്‍ക്കന്ന് നാടകം കളിക്കാന്‍ സാധിച്ചത്.ഡോ. ഉസ്മാന്‍ പിന്നീട്‌നാടക കലാപ്രവര്‍ത്തനങ്ങളുംകമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒക്കെഉപേക്ഷിച്ച് സലഫി-ഇസ്ലാമിക് ചിന്താധാരയിലേക്ക് പോയി. അദ്ദേഹത്തിന്റെ അവസാനകാലത്ത് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ കാണാന്‍ പോയിരുന്നു. എന്നെ കണ്ടതും സ്‌നേഹവാത്സല്യത്തോടെ എന്റെ കൈപിടിച്ചു, പഴയകാല ഓര്‍മകളുടെ തിരതല്ലലായിരുന്നു ഞങ്ങള്‍ക്കിരുവര്‍ക്കുമപ്പോള്‍.


മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented