വേണ്ടത് പുതുമയുള്ള ഫോണ്ടുകൾ; ടൈപ്പോഗ്രാഫിയിലെ ന്യൂ നോർമൽ


ഷാജൻ സി. കുമാർ

മനോജ് ഗോപിനാഥ്‌

നോഹരമായ കൈയക്ഷരമുള്ളവരെ ആരാധനയോടെ കണ്ടിരുന്ന കാലമുണ്ടായിരുന്നു. പരീക്ഷകളിൽ മാർക്കു കൂടുതൽ കിട്ടിയിരുന്ന സുവർണ്ണകാലം! കാലിഗ്രാഫി മികച്ച കലാസങ്കേതമായി വളരുകയായിരുന്നു. പോസ്റ്ററുകളിലും മാസികകളിലും പല പുതിയ പരീക്ഷണങ്ങളും നാമ്പിട്ടു തുടങ്ങി. അപ്പോഴാണ്, തൊണ്ണൂറുകളുടെ തുടക്കത്തിൽ ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (DTP) നിലവിൽ വരുന്നത്. കമ്പോസിങ് കംപ്യൂട്ടറിനു വഴിമാറി. ഇംഗ്ലീഷിലും ഇന്ത്യൻ ഭാഷകളിലും കമ്പ്യൂട്ടറിൽ അക്ഷരങ്ങൾ വിരിഞ്ഞു.

സൂപ്പർ കമ്പ്യൂട്ടറുകൾ ഇന്ത്യയ്ക്കു നൽകില്ലെന്ന് അമേരിക്ക നിലപാട് എടുത്തപ്പോൾ ഈ മേഖലയിൽ സ്വയംപര്യാപ്തത നേടാനാണ് 1988-ൽ സി-ഡാക്(സെന്റർ ഫോർ ഡവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്) സ്ഥാപിക്കുന്നത്. ഗിസ്റ്റ് (GIST- ഗ്രാഫിക്സ് ആൻഡ് ഇന്റലിജൻസ് അധിഷ്ഠിത സ്‌ക്രിപ്റ്റ് ടെക്നോളജി) സജ്ജീകരിച്ചുകൊണ്ട് സി-ഡാക് ഇന്ത്യൻ ഭാഷകളിൽ കംപ്യൂട്ടർ അധിഷ്ഠിത പരിഹാരങ്ങൾക്കു തുടക്കമിട്ടു. ഇതിനു മൂന്നു വർഷം മുമ്പ് സ്ഥാപിതമായ എൻ.സി.എസ്.ടി.(നാഷണൽ സെന്റർ ഫോർ സോഫ്റ്റ്വെയർ ടെക്നോളജി)യും രംഗത്തുണ്ടായിരുന്നു.കമ്പ്യൂട്ടറിലേക്ക് ഡാറ്റ ടൈപ്പു ചെയ്തു കയറ്റുന്നതിനു വ്യത്യസ്തമായ സാധ്യതകൾ ഉണ്ടാവുക പ്രധാനമാണ്. ഇന്ത്യൻ ഭാഷകളിലെ 'ഡാറ്റ എൻട്രി'ക്ക് ഇൻസ്‌ക്രിപ്റ്റ് (ഇന്ത്യൻ സ്‌ക്രിപ്റ്റ്) രൂപസംവിധാനം സി-ഡാക് ആവിഷ്‌കരിച്ചത് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ 101 കീബോർഡുകൾ ഡാറ്റ എൻട്രിക്കായി ഉപയോഗിക്കാൻ സാധിക്കുന്നു. എല്ലാ ഇന്ത്യൻ ഭാഷകൾക്കും (ഇടത്തുനിന്നു വലത്തോട്ട് എഴുതുന്നത്) പൊതുവായി നിലനിൽക്കുന്ന തരത്തിലാണ് അക്ഷരങ്ങളുടെ മാപ്പിംഗ്. മലയാള ഭാഷാലിപികളുടെ നിർമ്മിതിയെ കുറിച്ചും മാറ്റങ്ങളെ കുറിച്ചും പുണെയിലെ സി-ഡാക് അസ്സോസിയേറ്റ് ഡയറക്ടർ മനോജ് ഗോപിനാഥ് സംസാരിക്കുന്നു:

മലയാളം ടൈപ്പോഗ്രാഫിയിൽ സി-ഡാക് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കാമോ?

ഇന്ത്യൻ സ്റ്റാൻഡേർഡ് മാപ്പിങ്ങിൽ ടൈപ്പോഗ്രാഫി നടപ്പാക്കുന്നതിൽ സി-ഡാക് ഏറെ വിജയിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഇൻസ്‌ക്രിപ്റ്റ് ലേഔട്ട് വഴി പ്രാദേശിക അക്ഷരമാലകൾ ടൈപ്പു ചെയ്യാൻ കഴിയും. ലാറ്റിൻ എൻകോഡിൽനിന്ന് യൂണികോഡിലേക്കുള്ള മാറ്റം സി-ഡാക് സമയബന്ധിതമായി ചെയ്തിട്ടുണ്ട്. എല്ലാ ഫോണ്ടുകളും മാറ്റിയിട്ടില്ല എന്നതു ശരിയാണ്. അതിനുള്ള ശ്രമങ്ങൾ മുന്നോട്ടുപോവുന്നു. കാലിഗ്രാഫി ആയിരുന്നു എന്റെ തട്ടകം. തൊണ്ണൂറുകളിൽ ഞാൻ ചെയ്ത കൈയെഴുത്തു മാസികകൾ മറിച്ചുനോക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. തലക്കെട്ടുകളിലെ ആശയങ്ങളുടെ തനിമ ചോർന്നുപോകാതെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന എഴുത്തുരീതികൾ അവലംബിച്ചിട്ടുണ്ട്. സി-ഡാക് കൊണ്ടുവന്ന ഫോണ്ടുകൾ മലയാളത്തിൽ ഏറെ ഉപകാരപ്രദമാണ്. കൂട്ടക്ഷരങ്ങളും ചില്ലുകളും വെല്ലുവിളി നിറഞ്ഞ സന്ദർഭങ്ങൾ നൽകിയിട്ടുണ്ട്. തുടർച്ചയായ പരീക്ഷണങ്ങളും കണ്ടെത്തലുകളും ഈ മേഖലയിൽ അനിവാര്യമാണ്.

പ്രാദേശിക ഭാഷയാകണം ഭരണഭാഷ എന്ന സർക്കാർ നിലപാട് ടൈപ്പോഗ്രാഫിക് സാദ്ധ്യത വർദ്ധിപ്പിക്കുന്നില്ലേ?

തീർച്ചയായും. സി-ഡാക്കിന്റെ ഇൻസ്‌ക്രിപ്റ്റ് ലേഔട്ട് കീബോർഡ് കൂടുതലായും ഉപയോഗിച്ചിരുന്നതു സർക്കാർ ഓഫീസുകളിൽ ആയിരുന്നു. പ്രാദേശിക ഭാഷകളിൽ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്.

മലയാളത്തിൽ പഴയ ലിപി, പുതിയ ലിപി ചർച്ച ഇന്നും സജീവമാണല്ലോ. എന്താണ് അഭിപ്രായം?

പഴയ ലിപിയിലും പുതിയ ലിപിയിലും അക്ഷരക്കൂട്ടങ്ങൾക്കു ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. കൂട്ടക്ഷരങ്ങൾ, ചില്ലുകൾ എന്നിവ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണ്. യൂണികോഡിൽ ഇതിനുള്ള സൗകര്യങ്ങൾ ഉണ്ട്. എത്ര പേർക്കു മലയാള അക്കങ്ങൾ അറിയാം? അതുപോലും ഇന്ന് യൂണികോഡിൽ കിട്ടും. പക്ഷെ, അപൂർവ്വമായേ നാമത് ഉപയോഗിക്കാറുള്ളൂ.

സാങ്കേതികവിദ്യയുടെ വളർച്ച ഭാഷയെ സ്വാധീനിച്ചിട്ടുണ്ടോ?

ഇല്ലെന്നു പറയാനാകില്ല. അന്യഭാഷകളിൽനിന്നുള്ള സാഹിത്യം മലയാളത്തിലേക്കു തർജ്ജമ ചെയ്യുമ്പോഴാണു നമ്മുടെ ഭാഷയിൽ അക്ഷരങ്ങൾ കുറഞ്ഞുപോയോ എന്ന സംശയം തോന്നുന്നത്! മുമ്പ് അളവുകൾക്കെല്ലാം ചിഹ്നങ്ങൾ ഉണ്ടായിരുന്നു. ഉരിയും പറയും മൺമറഞ്ഞു. ചില്ലക്ഷരങ്ങളാണു മലയാളത്തിന്റെ പ്രത്യേകത. നമ്മുടെ അക്ഷരങ്ങൾ വട്ടത്തിൽ ആയിപ്പോയത് എന്തുകൊണ്ടാണ്? പനയോലയിൽ നാരായം കൊണ്ടെഴുതാൻ അതായിരുന്നു എളുപ്പം എന്നാണു കേട്ടിട്ടുള്ളത്.

സി-ഡാക് മൊബൈൽ ഫോണ്ടുകൾ ചെയ്തിട്ടുണ്ടോ?

സാംസങ്ങുമായി ചേർന്ന് മൊബൈൽ ഫോണ്ടുകൾ ചെയ്യുന്നുണ്ട്. ചെറിയ അക്ഷരങ്ങൾ വ്യക്തമായി വായിക്കാൻ കഴിയുന്ന തരത്തിലുള്ള ടൈപ്പോഗ്രഫി ആണ് ഇവിടെ പ്രയോഗിക്കേണ്ടത്.

സി-ഡാക് മലയാളത്തിൽ പുതിയ ഫോണ്ടുകൾ ചെയ്യാനുള്ള പദ്ധതിയുണ്ടോ?

പുതിയ ഒരു ഫോണ്ട് ഞാൻ തയ്യാറിക്കിയിട്ടുണ്ട്. റിലീസ് ചെയ്തിട്ടില്ല. അതുപോലെ, കളർ ഫോണ്ടുകളുടെ സാധ്യതകളെ കുറിച്ചും പഠിക്കുന്നു. വരാനിരിക്കുന്നത് മെറ്റാവേഴ്‌സ് കാലമാണ്. ടൈപ്പോഗ്രാഫിയിൽ പരീക്ഷങ്ങൾ വരാൻ പോവുന്നതേയുള്ളൂ. സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം നിൽക്കേണ്ടതു തന്നെയാണു ഭാഷ. മറിച്ച്, ഭാഷയെ പ്രതിഫലിപ്പിക്കാൻ ടൈപ്പോഗ്രഫി ശക്തിപ്പെടുത്തുകയും വേണം.

ടൈപ്പോഗ്രാഫിയിലെ 'ന്യൂ നോർമൽ' എന്താണ്?

പുതിയ ഫോണ്ടുകൾ വന്നുകൊണ്ടേയിരിക്കും. പഴയ ഫോണ്ടുകളെ ഫോൺടോഗ്രാഫോ ഫോണ്ട്‌ലാബോ ഗ്ലിഫോ ഉപയോഗിച്ചു മാറ്റിയെടുക്കാൻ എളുപ്പമാണ്. അതല്ല വേണ്ടത്. പുതുമയുള്ള ഫോണ്ടുകളാണു നമുക്കു വേണ്ടത്. പുതിയ തലമുറ അതിനു ശ്രമിക്കണം. അവർക്കതു കഴിയുമെന്നാണു ഞാൻ കരുതുന്നത്. അതായിരിക്കണം ടൈപ്പോഗ്രാഫിയിലെ 'ന്യൂ നോർമൽ.'

Content Highlights: Typography, C-Dac, New Fonts, Manoj Gopinath, Interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented