ഞാന്‍ നളിനി ജമീല; അടുത്ത പുസ്തകം 'സെക്‌സ് എന്‍കൗണ്ടര്‍'


നളിനി ജമീല /രമ്യ ഹരികുമാര്‍

ജീവിതം പറഞ്ഞുതീര്‍ന്നില്ല.. പക്ഷെ, ഞാന്‍ കണ്ട കാഴ്ചയല്ല ഇനിയെനിക്കു പറയാനുള്ളത്, ആ കാഴ്ചയില്‍നിന്നു ഞാന്‍ വിലയിരുത്തിയ കാര്യങ്ങളാണ്.

നളിനി ജമീല.ആ പേരിനു മുന്നിലും പിന്നിലും ഒരു വിശേഷണം ആവശ്യമില്ല. ഞാന്‍ ഒരു ലൈംഗിക തൊഴിലാളിയെന്നു സ്വയം പ്രഖ്യാപിച്ച് ഇരുട്ടില്‍നിന്നു പകല്‍വെളിച്ചത്തിലേക്ക് ഇറങ്ങി വന്നവള്‍. ലൈംഗിക തൊഴിലാളികള്‍ കുറ്റക്കാരാണെങ്കില്‍ അവര്‍ക്കൊപ്പം കിടക്കുന്നവരും കുറ്റക്കാരാണ് എന്ന് ഉറക്കെ പറയാന്‍ ധൈര്യപ്പെട്ടവള്‍. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണു 'ഞാന്‍ ലൈംഗിക തൊഴിലാളി' എന്ന പേരില്‍ ആദ്യപുസ്തകവുമായി സാംസ്‌കാരിക കേരളത്തെ അവര്‍ ഞെട്ടിച്ചത്. ഒരു ആത്മകഥയെയും കേരളം ഇത്ര ഭീതിയോടെ സ്വീകരിച്ചിട്ടുണ്ടാവില്ല. ഇരുട്ടിന്റെ മറവിലെ യഥാര്‍ത്ഥ 'ഞാന്‍' ആരെന്നു ലോകം അറിയുമോയെന്നു ചിലരെങ്കിലും ഭയപ്പെട്ടു.

നളിനി വീണ്ടും എഴുതുകയാണ്. ഇനിയും ഇവര്‍ക്കെന്താണു പറയാനുള്ളത് എന്ന് ചോദിക്കുന്നവരോടു നളിനി പറയുന്നു: ജീവിതം പറഞ്ഞുതീര്‍ന്നില്ല.. പക്ഷെ, ഞാന്‍ കണ്ട കാഴ്ചയല്ല ഇനിയെനിക്കു പറയാനുള്ളത്, ആ കാഴ്ചയില്‍നിന്നു ഞാന്‍ വിലയിരുത്തിയ കാര്യങ്ങളാണ്.

നളിനി സംസാരിക്കുന്നു, ലൈംഗിക തൊഴിലിനെക്കുറിച്ച്, കഴിഞ്ഞകാല ജീവിതാനുഭവങ്ങളെക്കുറിച്ച്, സമകാലിക വിഷയങ്ങളെക്കുറിച്ച്, ഭാവി പദ്ധതികളെക്കുറിച്ച്.


ലൈംഗിക തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥ എന്താണ്?

പത്തു വര്‍ഷമായി ഈ ഫീല്‍ഡില്‍ ഇല്ലെങ്കിലും ഞാനിവിടെ വന്നുപോകുന്നുണ്ട്. എനിക്കു തോന്നിയിട്ടുളള ഒരു മാറ്റം എന്താണെന്നുവെച്ചാല്‍ പത്തു വര്‍ഷം മുമ്പുവരെ സെക്‌സ് വര്‍ക്കേഴ്‌സിനെ ആളുകള്‍ക്കു കാണാന്‍ സാധിച്ചിരുന്നു. എല്ലാവരെയുമല്ല, ചിലരെയെങ്കിലും. കോഴിക്കോടാണെങ്കില്‍ ഒരു പത്തു പേര്‍, തൃശ്ശൂരാണെങ്കില്‍ ഒരു ഇരുപത്തിയഞ്ചു പേര്‍... എന്നിങ്ങനെ എല്ലായിടത്തും കാണാന്‍ സാധിക്കുമായിരുന്നു. അവരില്‍ കാലത്തു വരുന്നവര്‍ ഉണ്ട്, വൈകീട്ടു വരുന്നവര്‍ ഉണ്ട്. പക്ഷേ എച്ച്.ഐ.വി പരത്തുന്നതു ലൈംഗിക തൊഴിലാളികളാണെന്ന ധാരണയില്‍ ആളുകള്‍ ഇവരെ കയറി അക്രമിക്കാന്‍ തുടങ്ങിയതില്‍ പിന്നെ പൊതുഇടങ്ങളില്‍ ഇവര്‍ പ്രത്യക്ഷപ്പെടാന്‍ മടിച്ചുതുടങ്ങി. ഒപ്പം സദാചാര പോലീസിങ്ങും. ഇപ്പോള്‍ ആരെയെങ്കിലും കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അവര്‍ പ്രായമായവരാണ്.

പണ്ട് തൃശൂര് പത്തു പതിനഞ്ച് പിക്കപ്പ് പോയിന്റുകളുണ്ടായിരുന്നു. അന്ന് പിക്കപ്പ് പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് സെക്‌സ് വര്‍ക്കറെ തരംതിരിച്ചിരുന്നത്. കെ.എസ്.ആര്‍.ടി.സി. പരിസരത്ത് നില്‍ക്കുന്നവര്‍ കുറച്ചൂടെ മെച്ചപ്പെട്ടവര്‍, റെയില്‍വേയുടെ അടുത്ത് നില്‍ക്കുന്നവര്‍ കുറച്ചൂടി മോശമായവര്‍ എന്നിങ്ങനെ. കെ.എസ്.ആര്‍.ടി.സിയില്‍ ഉള്ളവര്‍ ഒരാള്‍ടെ കൂടെ പോകുകയാണെങ്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഉള്ളവര്‍ രണ്ടാളുടെ കൂടെയോ അതിലധികം പേരുടെയോ കൂടെ പോകും. ശക്തന്‍ സ്റ്റാന്‍ഡില്‍ ഉള്ളവര്‍ അക്കാലത്ത് തൊട്ടടുത്ത കാടു പിടിച്ച സ്ഥലങ്ങളിലേക്കുവരെ പോയിട്ടുണ്ട്. ഓടുന്ന വണ്ടി(ലോറി പോലുള്ള)യില്‍ പോകുന്നവരാണ് അതിനേക്കാള്‍ മോശം. അതായത് ഇതിനിടയില്‍തന്നെ വകഭേദങ്ങളുണ്ട് എന്നു സാരം. പക്ഷെ, ജീവിതത്തില്‍ എല്ലാവരുടെയും അവസ്ഥ ഒരു പോലെ തന്നെയാണ്. സദാചാര പോലീസ് വന്നതോടെ ഇത്തരം പിക്കപ്പ് പോയിന്റുകളില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. വൈകീട്ട് അഞ്ചു മണിക്കു വന്നുനിന്നിട്ട് ഏഴു മണിക്ക് അപ്രത്യക്ഷരാകുന്നവരായിരുന്നു ഞങ്ങള്‍. ഇന്നും പഴനിയിലും മൈസൂരും ബസ് സ്റ്റാന്‍ഡുകളില്‍ മലയാളി യുവതികളെ കാണാം. എനിക്കു തോന്നുന്നു, കേരളത്തില്‍ സദാചാരപ്പോലീസിനെ പേടിച്ച് അവര്‍ നാടിനു പുറത്ത് തൊഴിലെടുത്തു ജീവിക്കുകയാണെന്ന്.

ലൈംഗിക തൊഴിലാളികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാണോ?

ലൈംഗിക തൊഴിലാളിയെ ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ലെന്നതിനര്‍ത്ഥം സെക്‌സ് വര്‍ക്ക് ഇല്ലാതായി എന്നല്ല, അതിനു വേറെ ഒരു ഉടച്ചില്‍ വാര്‍ക്കല്‍ നടത്തിയിട്ടു വേറൊരു രൂപത്തിലായി എന്നു മാത്രം. ലൈംഗിക തൊഴിലാളിയുടെ ജീവിതത്തില്‍ മൊബൈല്‍ ഫോണും യാത്ര ചെയ്യാനുളള സാഹചര്യവും വന്നതോടെ അവര്‍ക്കു പ്രത്യക്ഷത്തില്‍ മറഞ്ഞുനില്‍ക്കാന്‍ സാധിക്കുന്നുണ്ട്. അവര്‍ക്ക് ദുഷ്‌കീര്‍ത്തി കുറയുന്നുണ്ട്. പണ്ട് പിക്കപ്പ് പോയിന്റില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ സ്വയം ഞങ്ങള്‍ ഇന്നതാണ് എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. ആ പറയിപ്പിക്കുന്നതില്‍നിന്നും പോലീസിന്റെ ഉപദ്രവങ്ങളില്‍നിന്നുമൊക്കെ അവര്‍ക്കു നല്ല മാറ്റം വന്നിട്ടുണ്ട്. പിന്നെ വന്ന മാറ്റം അവരുടെ തോന്നലുകളിലാണ്.

തെരുവില്‍ നിന്നപ്പോഴാണ് അവര്‍ക്ക് സംഘടന വേണമെന്നും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നുമെല്ലാം തോന്നിയിരുന്നത്. ഇന്നവര്‍ മുദ്ര ചെയ്യപ്പെടാനിഷ്ടമില്ലാത്തവരായി മാറി. പിന്നെ, മുമ്പു പരസ്പര ബന്ധം ഉണ്ടായിരുന്നു. തൃശ്ശൂരിലാണെങ്കില്‍ അതിനെ വലംവെയ്ക്കുമ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലാകും ഇന്നയിന്ന ആളുകളാണെന്ന്. സൗഹൃദം വേണമെന്നു തോന്നിയാല്‍ പോയി മിണ്ടാന്‍ കഴിയുമായിരുന്നു. പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയുമായിരുന്നു.

മൂന്നു വര്‍ഷം മുമ്പു കോഴിക്കോട്ട് ഒരു സംഘടന ആരംഭിക്കുന്നതിനുവേണ്ടി ശ്രമം നടത്തിയപ്പോള്‍ അന്നവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞത് ആരോഗ്യപ്രശ്‌നങ്ങളില്‍ മാത്രമേ ഇടപെടുകയുള്ളൂ എന്നാണ്. സെക്‌സ് വര്‍ക്കര്‍ എന്നു മുദ്രകുത്തരുത്, ഞങ്ങളെ വെറുതെ വിട്ടേക്കൂ എന്നു പറയുന്നവരുണ്ട്. റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും എടുക്കാന്‍ പോകുമ്പോള്‍ തനിക്കും വ്യക്തിത്വമുണ്ടെന്ന ഒരു തിരിച്ചറിവ് ഉണ്ടാകുന്നുണ്ടല്ലോ. ആ സ്വത്വബോധത്തില്‍നിന്നാണ് ആ ആവശ്യം ഉയരുന്നത്. സമൂഹം മാറ്റി നിര്‍ത്തുന്നവര്‍ വേറെ. ഇവര്‍ സ്വയം മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

ഒരു ലൈംഗിക തൊഴിലാളി നേരിടുന്ന പ്രാഥമിക വെല്ലുവിളി എന്താണ്? ഈ ജീവനത്തെ ഒരു തൊഴിലായി അംഗീകരിക്കാതിരിക്കുന്നതാണോ?

ലൈംഗിക തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നം എന്താണെന്നു ചോദിച്ചാല്‍ അതു ദുഷ്‌കീര്‍ത്തി തന്നെയാണ്. ഇതിനെ ഒരു തൊഴിലായിട്ട് അംഗീകരിക്കുന്നതു പോയിട്ടു ഞങ്ങളെ മനുഷ്യരായിട്ടുപോലും അംഗീകരിക്കുന്നില്ല. തൊഴിലായിട്ട് അംഗീകരിക്കുക എന്നുള്ളതെല്ലാം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വിദൂര സ്വപ്‌നമാണ്. എന്നെങ്കിലും നടക്കുമെന്നു കരുതിയാണു ഞങ്ങള്‍ ഇന്നും യുദ്ധം ചെയ്യുന്നത്.

ഞങ്ങളെന്നു പറയുമ്പോള്‍ കേരളത്തില്‍ ഇത്ര ലൈംഗിക തൊഴിലാളികള്‍ ഉണ്ട് എന്ന രീതിയില്‍ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ടോ?

ഞങ്ങള്‍ പബ്ലിക്കായി നില്‍ക്കുമ്പോള്‍ പോലും ഒരു കൃത്യമായ കണക്കെടുപ്പ് ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. ഞാനൊക്കെ ഫീല്‍ഡില്‍ ഉള്ള സമയത്ത് ഏകദേശം പത്തിരുപത്തയ്യായിരം പേര്‍ ഉണ്ടായിരുന്നു ഈ ഫീല്‍ഡിലെന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. എനിക്കറിയാവുന്ന ആ കാലത്തു ജില്ലാടിസ്ഥാനത്തില്‍ 300 പേരെങ്കിലും ഉണ്ടായിരുന്നു. ആദ്യമെല്ലാം ഇവര്‍ പ്രത്യക്ഷത്തിലായിരുന്നുവെങ്കില്‍ ഇന്നു മറവിലാണ്. അതുകൊണ്ടുതന്നെ എത്രപേര്‍ എന്ന കണക്ക് അപ്രാപ്യമാണ്. എനിക്കു തോന്നുന്നത് ഇപ്പോള്‍ 5000 പേരെയൊക്കെയേ ഫീല്‍ഡില്‍ ഉള്ളൂവെന്നാണ്.

തെരുവില്‍ നില്‍ക്കുന്നവര്‍ക്കു പുറമെ ഇതേ തൊഴില്‍ ചെയ്യുന്ന 'ഹൈ ക്ലാസ്' എന്ന ഒരു വിഭാഗമില്ലേ?

ഹൈ ക്ലാസ് എന്നും ഉണ്ടായിരുന്നു. ഹൈ ക്ലാസിനെ ലൈംഗിക തൊഴിലാളി എന്നു പറയുന്ന ഒരു കാറ്റഗറിയില്‍ ഞാന്‍ ഉള്‍പ്പെടുത്തുന്നില്ല. അവരെക്കുറിച്ചു ഞങ്ങള്‍ ചിന്തിക്കാറില്ല. ഞങ്ങള്‍ തെരുവില്‍ നില്‍ക്കുന്നവര്‍ക്കു വേണ്ടിയാണു സംസാരിച്ചിട്ടുള്ളത്. അവര്‍ക്കുവേണ്ടി ബോധവല്‍ക്കരണം നടത്തണം എന്നാണു പറഞ്ഞിട്ടുള്ളത്. തെരുവില്‍ നില്‍ക്കുന്നവര്‍ക്കു സംഘടന, തെരുവില്‍ നില്‍ക്കുന്നവര്‍ക്ക് എച്ച്.ഐ.വി. ബോധവല്‍ക്കരണം. ഇതൊക്കയാണു ഞങ്ങള്‍ ചെയ്തിട്ടുള്ളത്.

കാരണം ഹൈ സൊസൈറ്റിക്കാര്‍ക്കു പല ചോയ്‌സുണ്ട്. അഥവാ ഇല്ലെങ്കില്‍ത്തന്നെ ഞങ്ങള്‍ക്കുള്ളത് ഉപയോഗിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അവര്‍ വേറൊരു ലെവലിലാണു നില്‍ക്കുന്നത്. കുറച്ചുകാലത്തേ അവര്‍ ഈ ഫീല്‍ഡില്‍ നില്‍ക്കൂ. അവര്‍ക്ക് എന്താണു സാധിക്കാനുള്ളത്...? ചിലപ്പോള്‍ കുറച്ചു സ്വര്‍ണമാകാം, വസ്ത്രമാകാം, വീടാകാം, വീട്ടുപകരണങ്ങളാകാം. ആവശ്യങ്ങള്‍ നിറവേറിക്കഴിഞ്ഞാല്‍ അവര്‍ ഈ പ്രൊഫഷന്‍ ഉപേക്ഷിക്കും. വീട്, ഭക്ഷണം, വസ്ത്രം. ഇതിനപ്പുറത്ത് ഒരു ജീവിതം ഉണ്ടല്ലോ. അപ്പോള്‍ അതിനുവേണ്ടി സമ്പാദിക്കാന്‍ വരുന്നവരായിരിക്കാം. പണം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ അറിഞ്ഞും അറിയാതെയും ശരീരം വില്‍ക്കാന്‍ തയ്യാറാകുന്നുണ്ട്.

അപ്പോള്‍ ലൈംഗിക തൊഴിലിലേക്കു പൂര്‍ണമനസ്സോടെ എത്തുന്നവര്‍ ഉണ്ടെന്നാണോ?

സ്വന്തം താല്പര്യം എന്നു പറയുന്നത്, ഞാന്‍ എനിക്കു ചെലവിനു പൈസ ഇല്ലാതായപ്പോള്‍ എന്റെ ഒരു കൂട്ടുകാരിയോട് എന്റെ കഷ്ടത തുറന്നു പറഞ്ഞു. അവള്‍ രഹസ്യമായി മറ്റൊരു കൂട്ടുകാരിയെ പരിചയപ്പെടുത്തുകയാണു ചെയ്തത്. അങ്ങനെ എല്ലാമറിഞ്ഞിട്ടും പറഞ്ഞിട്ടും വരുമ്പോള്‍ അതിനെ സ്വന്തം താല്പര്യം എന്നു തന്നെയല്ലേ പറയേണ്ടത്. അതേ സാഹചര്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. അവിചാരിതമായി എത്തിപ്പെടുന്നവര്‍ ഇല്ലെന്നല്ല.

ചിലര്‍ കാമുകനൊപ്പം ഒളിച്ചോടിപ്പോകും. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അയാള്‍ ഇറക്കി വിടും. എവിടെയും പോകാന്‍ ഇടമില്ലാതെ വരുമ്പോള്‍ ലൈംഗിക തൊഴില്‍ സ്വീകരിക്കും. എവിടെ പോകണം എന്നറിയാതെ ഇവര്‍ കറങ്ങി നടക്കുമ്പോള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പെടുകയും കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ ഞങ്ങളുടെ കൂടെ കൂടുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ലൈംഗിക തൊഴിലാളികള്‍ പ്രത്യക്ഷത്തില്‍ ഇല്ലാത്തതു കാരണം ഇങ്ങനെ എത്തിപ്പെടുന്നവരുടെ കാര്യം കഷ്ടമാണ്. കാരണം എങ്ങനെയാണ് അതിജീവിക്കേണ്ടത് എന്ന് ഇവര്‍ ആരില്‍നിന്നും പഠിക്കുന്നില്ല. ഈ മേഖലയിലെ യുദ്ധമുറകളെക്കുറിച്ച് അറിയുന്നില്ല.

പിന്നെ ഇപ്പോള്‍ വലുതായി ചര്‍ച്ച ചെയ്യപ്പെടുന്ന ട്രാഫിക്കിങ്ങ് എന്ന സംഭവം. അതിലേക്കു നമുക്കൊന്നും കടന്നുചെല്ലാന്‍ തന്നെ സാധിക്കില്ല. കാരണം അതിനു വലിയൊരു കവചം ഉണ്ട്. എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ നടന്നുവെന്നു മറ്റുള്ളവര്‍ അറിയുന്നതുപോലെ മാധ്യമങ്ങളിലൂടെയാണു ഞങ്ങളും അറിയുന്നത്. വലിയൊരു മാഫിയയാണത്. അവര്‍ കുട്ടികളെ ഭ്രമിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി വില്‍ക്കുകയാണ്. ആ പ്രദേശത്തേക്കൊന്നും ഞങ്ങള്‍ക്ക്
എത്തിനോക്കാന്‍ പോലും സാധിച്ചിട്ടില്ല. കാരണം അതത്ര എളുപ്പമല്ല. പലരും അതില്‍നിന്ന് എപ്പോഴെങ്കിലും പുറത്തുചാടി ഞങ്ങള്‍ നില്‍ക്കുന്ന തെരുവിലെത്തി നമ്മളോടു കഥകള്‍ പറയുമ്പോഴാണ് ഇതിനെക്കുറിച്ച് അറിയുക.

അവര്‍ക്കു കാര്യമായി സമ്പാദ്യമൊന്നും ഉണ്ടായിരിക്കില്ല. കൊണ്ടുനടക്കുന്നവര്‍ വാങ്ങിക്കൊടുക്കുന്ന വസ്ത്രം, മദ്യം അല്ലെങ്കില്‍ മയക്കുമരുന്ന് അതിലൊക്കെ സംതൃപ്തി കണ്ടെത്തുന്നവരായിരിക്കും ഇത്തരക്കാര്‍. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായേ ഇത്തരത്തിലുള്ളവര്‍ ഞങ്ങളുടെ അടുത്ത് എത്തിയിട്ടുള്ളൂ. പൊതുസമൂഹത്തില്‍ ഇടപെടാന്‍ സാധിക്കാത്ത ഞങ്ങള്‍ക്ക് ഇത്തരം സംഭവങ്ങളില്‍ എങ്ങനെ ഇടപെടാന്‍ സാധിക്കും? അങ്ങനെ ഇടപെടാന്‍ പോയാല്‍ ഞങ്ങള്‍ക്കൊന്നും ജീവിക്കാന്‍ കഴിയില്ല.

ലൈംഗിക തൊഴിലാളികള്‍ക്കുവേണ്ടിയുള്ള സംഘടനകളുടെ, അല്ലെങ്കില്‍ പദ്ധതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണോ?

എച്ച്.ഐ.വിയെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി ചില സംഘടനകള്‍ ഉണ്ട്. ആ സംഘടനയുമായി സഹകരിച്ചു പോകണമെങ്കില്‍ അവര്‍ ആദ്യം മുന്നോട്ടുവെക്കുന്ന നിര്‍ദേശം ലൈംഗിക തൊഴിലാളി മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നാണ്. അതിനാല്‍ അവര്‍ ആരോടും പ്രശ്‌നങ്ങള്‍ പറയാന്‍ തയ്യാറാകുന്നില്ല. മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കുന്നില്ല.

എച്ച്.ഐ.വി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നല്ലാതെ സംഘടനകള്‍ ഒന്നും ചെയ്യുന്നതായി എനിക്കു തോന്നിയിട്ടില്ല. എന്നുവെച്ച് ഇവര്‍ നടത്തുന്ന എച്ച്.ഐ.വിയെ തടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ മോശമാണെന്നു പറയാന്‍ ഞാന്‍ തയ്യാറല്ല. പിയര്‍ എജുക്കേറ്ററായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. ലൈംഗിക തൊഴിലാളിയെ പോലീസ് പിടിച്ചാല്‍ ഇവര്‍ക്ക് ഫൈന്‍ ഉണ്ടാകും. അതു സംഘടന നല്‍കും. ആ പണം തിരിച്ചടക്കാന്‍ മൂന്നു മാസത്തെ കാലാവധി നല്‍കും. അത്രയും സമയംകൊണ്ട് പണിയെടുത്തു വീട്ടിയാല്‍ മതി. അതവര്‍ക്കു ഗുണമല്ലേ. അതുകൊണ്ട് ഈ ഓഫീസിനു പരിധിയില്‍നിന്നു കൊണ്ടേ അവര്‍ പ്രവര്‍ത്തിക്കൂ.

എച്ച്.ഐ.വിയോടൊപ്പം എല്ലാ ലൈംഗിക രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും സംഘടന നടത്തുന്നുണ്ട്. ആസ്പത്രികളില്‍ ഇവര്‍ക്കായി പ്രത്യേക വിഭാഗം ഉണ്ട്. ഏരിയയില്‍ ഒരു സെക്‌സ് വര്‍ക്കര്‍ മരിക്കുകയാണെങ്കില്‍ അവര്‍ മുന്‍കൈ എടുത്ത് ശവമടക്ക് നടത്തുകയ അവരുടെ കുട്ടികളെ അനാഥശാലകളില്‍ എത്തിക്കുക തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇങ്ങനെ പൊതുവായ കാര്യങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സംഘടനാബലം ലൈംഗിക തൊഴിലാളികളുടെ സംഘടനയ്ക്കില്ല.

കുട്ടികളുടെ സംരക്ഷണം എങ്ങനെയാണ്?

കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ എത്തിക്കുകയാണു ചെയ്യുന്നത്. ഈ കുട്ടികളെ നമ്മള്‍ വഴിയില്‍ ഉപേക്ഷിക്കേണ്ടവരല്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ എല്ലാവര്‍ക്കും ഉണ്ട്. നിരവധി കുട്ടികളെ ചൈല്‍ഡ്‌ലൈന്‍കാര്‍ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. തിരുവനന്തപുരത്തു ചില്ലയിലും സുഗത ടീച്ചറുടെ സ്ഥാപനത്തിലും അവര്‍ കഴിയുന്നുണ്ട്.

കേരളത്തിനു പുറത്ത് ലൈംഗിക തൊഴിലിനു കുറേക്കൂടി സ്വീകാര്യതയുണ്ടോ? സോനഗാച്ചി, കാമാത്തിപുര... അവിടെയുള്ളവര്‍ക്ക് അവിടംവിട്ട് ഓടേണ്ടി വന്നിട്ടില്ലല്ലോ?

ഇന്ത്യയില്‍ ലൈംഗിക തൊഴില്‍ നിയമപ്രകാരമായിട്ടില്ല. മുംബൈയില്‍ ലൈംഗിക തൊഴിലിന് ലൈസന്‍സ് ഉണ്ടെന്ന തെറ്റായ ധാരണ നിലനില്‍ക്കുന്നുണ്ട്. അത് അങ്ങനെയല്ല. മാഫിയയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് അവിടെ. ഇന്ത്യയില്‍ സെക്‌സ് വര്‍ക്കേഴ്‌സ് ഏറ്റവും കൂടുതലായിട്ടുള്ളതും കൂട്ടമായി നില്‍ക്കുന്നതും കൊല്‍ക്കത്തയിലാണ്. ലൈംഗിക തൊഴിലാളികള്‍ക്കു ശക്തമായ സംഘടനയുള്ളതു കൊല്‍ക്കത്തിയിലാണ്. പഠനങ്ങളുടെ ഭാഗമായും മറ്റും ഞാന്‍ 14 പ്രാവശ്യമാണ് അവിടെ പോയിട്ടുള്ളത്. അവിടെ ലൈസന്‍സ് ഒന്നുമില്ല. അതുപോലെയാണു മുംബൈയിലും അവര്‍ സംഘം ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത ഒരു ബലമുണ്ട്. ഒരു സംഘടനാ ബലം. നമ്മുടെ ഇവിടെ കമ്പനി വീട് എന്നു പറയുന്ന ബ്രോത്തല്‍ സംവിധാനം. ബ്രോത്തല്‍ ഉള്ളതുകൊണ്ടും അംഗബലം ഉള്ളതുകൊണ്ടും അവര്‍ വോട്ടുകേന്ദ്രങ്ങളായതുകൊണ്ടും അവര്‍ക്ക് എങ്ങോട്ടും ഓടേണ്ടി വന്നിട്ടില്ല.

65,000 പേര്‍ വരെ മെമ്പര്‍ഷിപ്പെടുത്ത സ്ഥലമാണ് സോനഗാച്ചി. വോട്ടുബാങ്കാണ്. അതിനു തനിയെ ഒരു ബലമുണ്ട്. സോനഗാച്ചിയില്‍ മാത്രമല്ല, അതിനെ ചുറ്റിപ്പറ്റിയും ലൈംഗിക തൊഴില്‍ ചെയ്യുന്നവരുണ്ട്. വോട്ടു കിട്ടുന്നവര്‍ സ്വാഭാവികമായും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കും. അല്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇവരെ ഉപയോഗിക്കാം എന്നു കരുതും.

എനിക്കറിയാവുന്ന ഒരു സാമൂഹിക പ്രവര്‍ത്തകനുണ്ട്. മീനാഷേശു. അവരുടെ ഏരിയയില്‍ ഞാന്‍ പോയിട്ടുണ്ട്. ആ പ്രദേശത്ത് ഏകദേശം മുന്നൂറു വീടുകള്‍ ഉണ്ട്. റോഡിന്റെ രണ്ടു വരിയിലായിട്ടാണു വീടുകള്‍. ഏഴോ എട്ടോ റോഡ് ഉണ്ട്. അതിനിരുവശത്തും വീടുകള്‍. അഞ്ചു മണിക്കുശേഷം അണിഞ്ഞൊരുങ്ങി വീടിനു വെളിയിലിറങ്ങി നില്‍ക്കും. ക്ലയന്റ് വരും. വീടിനകത്തുതന്നെ ഒരു കൊച്ചുമുറിയില്‍. മുറിയെന്നൊന്നും പറയാന്‍ പറ്റില്ല. ഒരു പായ ഇടാനുള്ള സ്ഥലം സംഘടിപ്പിച്ച് അവിടെയാണു കാര്യങ്ങള്‍. ക്ലയന്റ് മര്യാദയോടെ പെരുമാറുകയും ചെയ്യും. ആദ്യകാലത്ത് അവിടെയും ഇങ്ങനെ ആയിരുന്നില്ല സ്ഥിതി. എത്രപേര്‍ വന്നാലും എത്ര ഉപദ്രവിച്ചാലും ബ്രോത്തലിന്റെ നോട്ടക്കാരനെ(ബാബു എന്നാ അവര്‍ പറയുക, മുതലാളി എന്ന അര്‍ത്ഥത്തില്‍) അവര്‍ ചോദ്യം ചെയ്യില്ല. ആദ്യമൊക്കെ പത്തു പതിനഞ്ച് പേര്‍ വന്നു ശരീരത്തില്‍ മേഞ്ഞാലും ബാബുമാര്‍ പൈസ വാങ്ങി വെക്കുകയാണു ചെയ്യുക. പക്ഷേ ഇപ്പോള്‍ അതില്‍നിന്നൊക്കെ വലിയ മാറ്റം വന്നു.

ഞാനീ പറഞ്ഞ മീനാഷേശു ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് അനുഭാവമുള്ളയാളാണ്. അവര്‍ ഒരു എം.എല്‍.എയെ കാണാന്‍ പോകുമ്പോള്‍ ഇത്രയാളുകള്‍ എന്റെ കൈയില്‍ ഉണ്ടെന്നു പറയും. ഒരു മുന്നൂറുപേര്‍ ഉണ്ടെന്നിരിക്കട്ടെ. അവരുടെ കുടുംബാഗങ്ങളടക്കം ഒരു കുടുംബത്തില്‍നിന്ന് അഞ്ചു വോട്ട് കിട്ടുകയാണെങ്കില്‍ ഒന്നു ആലോചിച്ചുനോക്കൂ. അത് വലിയൊരു വോട്ടുബാങ്കാണ്. വോട്ടുബാങ്കുകളെ എപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളായാലും മറ്റുള്ളവരായാലും ഒപ്പം നിര്‍ത്തുകയേ ഉള്ളൂ.

കേരളത്തില്‍ ഇത്തരത്തിലുള്ള ബ്രോത്തലുകള്‍ ഇല്ലാത്തതാണോ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനുള്ള കാരണം?

കേരളത്തില്‍ ബ്രോത്തലുകള്‍ ഉണ്ടാക്കി ലൈംഗിക തൊഴിലാളി മറ്റു സ്ത്രീകളെ സംരക്ഷിക്കണം എന്നു പറയുന്നവരോട് എനിക്ക് എതിര്‍പ്പാണ്. അതേസമയം ലൈഗിക തൊഴില്‍ ചെയ്യുന്നവരെ പരസ്യമായി ലഭിക്കുമ്പോള്‍ പീഡനങ്ങള്‍ കുറയാന്‍ സാധ്യത ഉണ്ട്. നല്ല സ്ത്രീകളെ രക്ഷിക്കാന്‍ ചീത്ത സ്ത്രീ നിന്നുകൊടുക്കട്ടെ എന്നു പറയുന്നതിനോടു യോജിപ്പില്ല. പക്ഷെ, അതു സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സംഗതിയാണ്. പരിണാമം എന്നു പറയില്ലേ. ലൈംഗിക തൊഴിലാളികള്‍ പ്രത്യക്ഷത്തിലുണ്ടായിരുന്ന കാലത്ത് ഇവിടെ മാത്രമല്ല എല്ലായിടത്തും അക്രമങ്ങള്‍ കുറവായിരുന്നു.

ആക്രമണം ഉണ്ടാകുന്നതു സ്ത്രീ ഒരു സ്വകാര്യ സ്വത്താണെന്നും നമുക്കു മിണ്ടാന്‍ പറ്റില്ലെന്നും അടുത്തു പോകാന്‍ പറ്റില്ലെന്നും പറയുമ്പോള്‍ ആണുങ്ങള്‍ക്കുണ്ടാകുന്ന അവകാശബോധത്തില്‍നിന്നാണ്. എല്ലാ പുരുഷന്മാരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ, ഇതു ഞങ്ങളുടെ അവകാശമാണെന്നു കരുതുന്നവര്‍ നിരവധിയാണ്. ആക്രമിച്ച് ലൈംഗികത ആസ്വദിക്കുന്ന നിരവധി പേരുണ്ട്. ശരീരത്തില്‍ സിഗരറ്റുവെച്ച് കുത്തിയും മറ്റും. അയാള്‍ പുറത്തുവന്നാലും അതൊക്കെ തന്നെയാണു ചെയ്യുക. അതു മാനസിക വൈകല്യമാണ്. കുട്ടികളോട് അതിക്രമങ്ങള്‍ കാണിക്കുന്നതും വൈകല്യങ്ങള്‍ കൊണ്ടുതന്നെയാണ്.

ആദ്യകാലത്ത് ഉപദ്രവങ്ങള്‍ ഉണ്ടായിരുന്നു. അന്ന് ഉമ്മവെക്കുകയോ തലോടുകയോ ചെയ്ത് വിടുമായിരുന്നു. പക്ഷെ, ഇന്ന് ആത്യന്തികമായിട്ട് ഏതു പുരുഷനും ലിംഗത്തില്‍നിന്നു യോനിയിലേക്ക് എന്ന സെക്‌സിലേക്കാണ് എത്തുന്നത്. സ്ത്രീ വേദനിച്ച് അയ്യോ എന്നു കരയുന്നവരെ ഉപദ്രവിക്കുന്നതാണു ശരിയെന്ന് അവര്‍ കരുതുന്നു. അങ്ങനെ കരയുന്നവരാണു കന്യക. ഇത്തരം മാനസികാവസഥയാണു പുരുഷന്മാര്‍ക്ക്. അതു മാനസിക രോഗമാണ്. ആളുകള്‍ പറഞ്ഞുകേട്ട അറിവാണു ഭാര്യ കന്യകയാണെങ്കില്‍ അലറി വിളിച്ചു കരയും എന്നുള്ളത്. അപ്പോള്‍ ഭര്‍ത്താവ് വായ പൊത്തിപ്പിടിക്കുന്നു. അപ്പോള്‍ മാത്രമേ അവള്‍ കന്യകയാകുന്നുള്ളൂ. മൂഢവിശ്വസമാണ് അതൊക്കെ.

ഈ ലൈംഗിക അരാജകത്വത്തെ മറികടക്കാനാകില്ലേ?

ആണ്‍കുട്ടിയോട് നീ അവളോടു മിണ്ടരുത്, പെണ്‍കുട്ടിയോടു നീ അവനോടു മിണ്ടരുത്, മിണ്ടരുത്, മിണ്ടരുത്, മിണ്ടരുത്... എന്നീ നിര്‍ദേശങ്ങളോടെയാണ് ഓരോ കുട്ടിയെയും വളര്‍ത്തുന്നത്. ഈ കിട്ടാത്ത സാധനം വേണം എന്ന ചിന്ത വരുന്നതു സ്വാഭാവികമാണ്. പണ്ട് സെക്‌സിനെപ്പറ്റി ചിലര്‍ക്കു പറഞ്ഞാല്‍ മതിയാകും. ശക്തന്‍ സ്റ്റാന്‍ഡില്‍ പോയാല്‍ കാണാം. കുറച്ചു പേര്‍ സംസാരിക്കുമ്പോള്‍ തെറി കൂട്ടിയിട്ടാണു പറയുക. പക്ഷെ, അവര്‍ അതൊരിക്കലും ഒരു തെറിയായിട്ടല്ല കൂട്ടുന്നത്. അത്ര നിഷ്‌കളങ്കമായിട്ടാണു പറയുന്നത്. സൗഹൃദത്തിന്റെ പുറത്തു പറഞ്ഞു പോകുന്നതാണ്. അതോടെ മനസ്സിനും ശരീരത്തിനും ഒരു അയവുണ്ട്. നമുക്ക് എന്തും പറയാമെന്ന്. തെറി പറയുന്നതിനെ ന്യായീകരിക്കുകയല്ല. അത്തരത്തില്‍ വിലക്കുകളില്ലാതെ വരുമ്പോള്‍ എല്ലാം സ്വാഭാവികമാവും.

പണ്ട് എല്ലാ സ്ത്രീയും പുരുഷനും തട്ടിയും മുട്ടിയും ആണു യാത്ര ചെയ്തിരുന്നത്. ഹൈ സൊസൈറ്റിക്കാരന് ഒരു കാര്‍ ഉണ്ടായിട്ടുണ്ടാകാം. അതിനിപ്പുറത്തുള്ളവര്‍ക്കു സ്‌കൂട്ടര്‍ ഉണ്ടായിട്ടുണ്ടാകാം. ഒരു ബസ് ഇറങ്ങി വീട്ടിലേക്കു വരുമ്പോള്‍ ആണും പെണ്ണും ഒന്നിച്ചു മിണ്ടിയും പറഞ്ഞുമാണു വരിക. ഇന്നതില്ല. എന്നുകരുതി സ്ത്രീകളെ കയറി ഉപദ്രവിക്കുന്നതാണു ശരി എന്നല്ല ഞാന്‍ പറയുന്നത്.

നീ എത്രത്തോളം ഓടും, നിന്നെ ഞാന്‍ ഓടിച്ചിട്ടു പിടിക്കും, എനിക്കുള്ളതാണു നീ എന്ന ഭാവമാണു പുരുഷന്. സ്ത്രീ എന്നു പറഞ്ഞാല്‍ ശരീരം, യോനി എന്നൊക്കെയുള്ള അര്‍ത്ഥത്തിലാണ് ആളുകള്‍ കാണുന്നത്. പണ്ടുകാലത്താണെങ്കില്‍ സെക്‌സ് ചെയ്യാന്‍ വരുന്നവര്‍ നമ്മുടെ മാറില്‍ തൊടില്ലായിരുന്നു. അതു കുഞ്ഞുങ്ങള്‍ക്കുള്ളതാണെന്നു നമ്മളെ ആക്രമിക്കുന്ന പുരുഷനുവരെ തിരിച്ചറിയാമായിരുന്നു. ഇന്നാണെങ്കില്‍ ആദ്യം ചുണ്ടും മാറും കടിച്ചു പറിക്കുക എന്നതാണു രീതി. സിനിമയില്‍നിന്നാണ് ഈ ചുംബനം എന്ന അവസ്ഥയൊക്ക വന്നത്. ഞങ്ങള്‍ക്കു ചുണ്ടുകൊണ്ട് എന്തെങ്കിലും ഉപയോഗമുണ്ടെന്നു തോന്നിയിട്ടില്ല. മാറ് ലൈംഗിക അവയവമായി തോന്നിയിട്ടില്ല. ഇന്നു നീലചിത്രങ്ങള്‍ കണ്ട് അതാണു യഥാര്‍ത്ഥ സെക്‌സ് എന്നു കരുതുന്നവരാണു കൂടുതല്‍. പലരും അതനുകരിക്കുകയാണ്.

ആണും പെണ്ണുമൊക്കെ ഒന്നിച്ചുകിടന്നുറങ്ങിയിരുന്ന കാലമുണ്ടായിരുന്നു. ഇന്നു സഹോദരങ്ങളെയോ സ്വന്തം അച്ഛനെ തന്നെയോ വിശ്വസിക്കാനാകാത്ത സാഹചര്യമായി. സ്വകാര്യത എത്രത്തോളം കൂടിയോ അത്രത്തോളം അപകടവും വര്‍ധിച്ചു. അതിക്രമങ്ങള്‍ക്കെതിരെ പെണ്‍കുട്ടികള്‍ പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു.

ലൈംഗികാതിക്രമത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടിയുടെ കന്യകാത്വം നഷ്ടപ്പെടുന്നത് അവള്‍ക്കിഷ്ടമുള്ള ഒരു പുരുഷനൊപ്പം നടന്നിട്ടില്ല. പലരും ചേര്‍ന്നു ബലാത്സംഗം ചെയ്യുമ്പോള്‍ കന്യകാത്വം നഷ്ടപ്പെടുന്നത് അത്ര സുഖമുള്ള ഒരു സംഗതിയല്ല. സെക്‌സിനെപ്പറ്റി, സാഹിത്യകാരന്മാര്‍ പറയും സുഖാനുഭൂതിയെന്നൊക്കെ... അത്ര സുഖമൊന്നും അതിനില്ല. സ്വര്‍ഗാനുഭൂതി, ആദ്യരാത്രി, മധുവിധു... എത്രയെത്ര മനോഹരമായ വാക്കുകളാണ്.

നേരിട്ടു യുദ്ധം ചെയ്യുക എന്നു പറയുമ്പോള്‍ ശത്രുവിന്റെ ബലം അറിയണം. ശത്രുവിന്റെ മാത്രമല്ല സമൂഹത്തിന്റെയും. കാരണം അവരുടെ ബലം അറിഞ്ഞില്ലെങ്കില്‍ നമ്മള്‍ വീണുപോകും പിന്നീടുള്ള ഉയിര്‍ത്തെഴുന്നേല്‍ക്കല്‍ അത്ര എളുപ്പമായിരിക്കില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ ആ പെണ്‍കുട്ടി, അവളെനിക്കു കൊച്ചുപെണ്‍കുട്ടിയെപ്പോലെയാണ്, അവളുടെ മനോബലമാണു പ്രശംസിക്കപ്പെടേണ്ടത്. പറയേണ്ടതു പറയേണ്ട സമയത്തു പറയാന്‍ കാണിച്ച ആര്‍ജ്ജവമാണ് ആ കേസ് ഇവിടെ വരെ എത്തിച്ചത്. അല്ലാതെ അന്നു മുഴുവന്‍ കരഞ്ഞിരുന്നു പിറ്റേന്നാണ് അത് പറയുന്നതെങ്കില്‍ ഒരുപക്ഷെ, ഇന്ന് കിട്ടിയ ഒരു ബലം അവളുടെ വാക്കുകള്‍ക്ക് ഉണ്ടായിരുന്നിരിക്കണം എന്നില്ല. ഉടനടി പ്രതികരിച്ചുകൊണ്ടു മാത്രമാണ് അതു നടന്നത്. കേസില്‍ ഒരു പ്രമുഖ നടന്‍ അറസ്റ്റിലായി. അയാള്‍ തെറ്റുകാരനാണോ അല്ലയോ എന്നു നമുക്കറിയില്ല. പക്ഷെ, ഇനി സമൂഹത്തില്‍ ഇങ്ങനെയൊരു സംഭവം ആവര്‍ത്തിക്കുമ്പോള്‍ ഭയമുണ്ടാകും. ഇത്രയും വലിയ ആള്‍ പിടിയിലായെങ്കില്‍ നമ്മുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഓരോ സാധാരണക്കാരനും ചിന്തിക്കും. അത്തരമൊരു ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞതാണ് ആ പെണ്‍കുട്ടിയുടെയും സമൂഹത്തിന്റെയും വിജയം. എന്നുവച്ച് നാളെ ലോകം നന്നാകാനൊന്നും പോകുന്നില്ല.. പക്ഷെ, ജാഗ്രത ഉണ്ടായിരിക്കും.

എന്റെ ജീവിതം 35 കുട്ടികള്‍ പഠനം നടത്താന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. അവരുടെ പഠനങ്ങളില്‍നിന്നു സമൂഹം ചിലതു പഠിക്കുമ്പോള്‍ ചില മാമൂലുകളില്‍ പൊളിച്ചെഴുത്തു സ്വാഭാവികമായും ഉണ്ടാകും. ഞാന്‍ നില്‍ക്കുന്നതു സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലാണ്. എല്ലാവരും ചവിട്ടിത്താഴ്ത്തിയ ഒരിടത്ത്. അങ്ങനെ ഞാന്‍ കരുതുന്നില്ല പക്ഷെ, സമൂഹം അങ്ങനെയാണു കരുതുന്നത്. അതിനും ഒരു മാറ്റം വരും.

മധ്യവര്‍ത്തികള്‍ ലൈംഗിക തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ടോ?

എനിക്കങ്ങനെ തോന്നുന്നില്ല. എന്റെ ഒരു സുഹൃത്തുണ്ട്, അല്‍ഫോണ്‍സ. ഒരു കാലത്തു സെക്‌സ് വര്‍ക്കറായിരുന്നു. ഇന്നു മധ്യവര്‍ത്തിയാണ്. അവള്‍ ആയിരം രൂപ ക്ലയന്റിന്റെ കൈയില്‍നിന്നു വാങ്ങും അതില്‍ 700 രൂപ സെക്‌സ് വര്‍ക്കര്‍ക്കു കൊടുക്കും. ബാക്കി മുന്നൂറ് രൂപ അവളെടുക്കും. പക്ഷെ, അവളുടെ വീട്ടില്‍ സെക്‌സ് വര്‍ക്കറെ കൊണ്ടുപോയി നിര്‍ത്തും. അവളുടെ വാഹനത്തില്‍ ക്ലയന്റ് പറഞ്ഞ സ്ഥലത്തെത്തിക്കും ഫോണും മറ്റു സൗകര്യങ്ങളും ചെയ്തുകൊടുക്കും. അപ്പോള്‍ അവളെടുക്കുന്ന 300 രൂപ ചൂഷണമാണെന്നു പറയാന്‍ സാധിക്കുമോ?

ബ്രോത്തലിനെ ഞാന്‍ അംഗീകരിക്കുന്നതും അതുകൊണ്ടാണ്. മുമ്പു ബ്രോത്തലുകളെ എതിര്‍ത്തിരുന്ന ഒരാളായിരുന്നു ഞാന്‍. മുഴുവന്‍ പൈസയും തട്ടിച്ചെടുക്കുന്നവരാണ് അവരെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നെ അതില്‍ വ്യത്യാസമുണ്ടെന്ന് മനസ്സിലായി. പക്ഷെ, അത്തരമൊരു സാഹചര്യം ലൈംഗിക തൊഴിലാളികള്‍ക്കു കൂടുതല്‍ സുരക്ഷ നല്‍കുമെന്നാണ് അല്‍ഫോണ്‍സയെ പഠിച്ചതില്‍നിന്നു ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ, അപൂര്‍വ്വമായിട്ടു ചിലരൊക്കെ പകുതി വാങ്ങുന്നവരുണ്ട്. അതിനെ ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്. കാരണം ജോലി ചെയ്യുന്ന ആള്‍ക്കാണു കൂടുതല്‍ കൊടുക്കേണ്ടത്.

പ്രതിഫലക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നോ?

പ്രതിഫലം എല്ലാം ഒരോ ക്ലയന്റിന്റെ കൂടെ പോകുമ്പോള്‍ ഓരോ തരത്തിലാണ്. പണ്ടു ഞങ്ങള്‍ ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ നമുക്കറിയാമായിരുന്നു, ഇന്ന ഇടത്തു നില്‍ക്കുന്നവര്‍ ഇത്ര രൂപ ചോദിക്കണം എന്നൊക്കെ. ഇപ്പോള്‍ ഫീല്‍ഡില്‍ നില്‍ക്കല്‍ ഇല്ലാത്തതിനാല്‍ കുറേ പേര്‍ക്ക് അതറിയില്ല. അതുകൊണ്ടു കുറച്ചു ചോദിക്കും. വില പേശാന്‍ മടിക്കുന്നവരുണ്ട്. ക്ലയന്റിന്റെ കൂടെ പോയാല്‍ കിട്ടും എന്നു കരുതി പോകുന്നവരുണ്ട് . പക്ഷെ, പണത്തിന്റെ കാര്യത്തില്‍, എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പറയുന്നതു പണം ആദ്യം വാങ്ങിച്ചാലേ കിട്ടുകയുള്ളൂ. റൂമില്‍ പോയി കതകടച്ചാല്‍ പിന്നെ കിട്ടണമെന്നില്ല. പറഞ്ഞുറപ്പിച്ചു വേണം പോകാന്‍. പറഞ്ഞുറപ്പിക്കുന്നതിനിടയില്‍ തന്നെ വ്യക്തിയുടെ മാന്യത നമുക്കു മനസ്സിലാകും. അയാളുടെ ഇടപെടലുകള്‍ സുഖമല്ല എന്നു തോന്നിക്കഴിഞ്ഞാല്‍ പണം ആദ്യമേ വാങ്ങണം. ചിലര്‍ ചോദിക്കും പണം വാങ്ങിയിട്ടു നിങ്ങള്‍ ഓടിപ്പോയാലോ എന്ന്. അപ്പോള്‍ ഞാനും തിരിച്ചു ചോദിക്കും, നിങ്ങള്‍ ഓടിപ്പോയാലോ എന്ന്. ചിലരെ വിശ്വസിക്കാന്‍ തോന്നും. വിശ്വസിച്ച് അബദ്ധവും പറ്റിയിട്ടുണ്ട്.

പണത്തിന്റെ പേരും പറഞ്ഞു തെറ്റിയാ ചിലര്‍ സാരിയും മറ്റും പിടിച്ചുവെക്കും. അതുകാരണം ഞാന്‍ ഒരു നൈറ്റി കൈയില്‍ കരുതുമായിരുന്നു. അതിട്ടു പുറത്തുവരാമല്ലോ. എന്നോടു യുദ്ധം ചെയ്യാന്‍ വരികയാണെങ്കില്‍ റൂമില്‍ റൂം ബോയിയെ വിളിക്കാനുള്ള ബെല്ലുണ്ടാകുമല്ലോ, ഞാന്‍ അത് അമര്‍ത്തിപ്പിടിച്ച് നില്‍ക്കും. വിടില്ല പിന്നെ. ചിലര്‍ അടിക്കും. അതില്‍നിന്നൊക്കെ രക്ഷപ്പെടാന്‍ ചില ടെക്‌നിക്കുകള്‍ ഉണ്ട്. അവരെ വാചകമടിച്ച് പിടിച്ചുനിര്‍ത്താന്‍ കഴിയണം. അങ്ങനെയാണു ഞാനിത്രയും വാചാലയായത്.

അങ്ങനെയാണോ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും കാര്യകാരണസഹിതം ഇങ്ങനെ മനോഹരമായി സംസാരിക്കാനും പഠിച്ചത്?

തുടക്കം മുതല്‍ എന്റെ ജീവിതത്തില്‍ പറയാനുള്ളതു പറയാന്‍ പറ്റാത്ത അന്തരീക്ഷമായിരുന്നു. വീട്ടില്‍ ഭക്ഷണം വിളമ്പുമ്പോള്‍ അച്ഛന്റെ പാത്രത്തില്‍ അമ്മ നിറയെ ചോറിടും. അന്നു ഞാന്‍ ആലോചിട്ടുണ്ട്, അച്ഛന്‍ പണിയെടുക്കാത്ത ആളാണ്. അച്ഛന് എന്തിനാണ് ഇത്രയും ചോറ്. സഹോദരന്മാര്‍ക്കും അങ്ങനെത്തന്നെ. അച്ഛനും ചേട്ടനും ഇങ്ങനെ നിറയെ കൊടുത്താല്‍ നമുക്കു തികയില്ലല്ലോ അമ്മേ... എന്നു ചോദിക്കുമ്പോള്‍ അമ്മ പറയും ആണുങ്ങള്‍ക്കാണു കുറേ കൊടുക്കേണ്ടതെന്ന്. ഞാനും അതു വിശ്വസിച്ചു. അന്നത്രയേ തിരിച്ചരിവുള്ളൂ. പോകെപ്പോകെ പല കാര്യങ്ങളിലും വേര്‍തിരിവുണ്ടായി. നാല്‍പതു വര്‍ഷം കഴിഞ്ഞിട്ടാണു ഞങ്ങളുടെ തറവാട്ടില്‍ ഒരു പെണ്‍കുട്ടി ഉണ്ടാകുന്നത്. അതു ഞാനായിരുന്നു. നാല്‍പതു വര്‍ഷത്തിനുശേഷം ഉണ്ടായവളാണ് എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ഞാനാദ്യം കരുതിയത് അങ്ങനെ ജനിച്ചവര്‍ക്കൊക്കെ ഇങ്ങനെ മോശം അനുഭവം ഉണ്ടാകും എന്നാണ്. പിന്നെയാണു മനസ്സിലായത് അതിന്റെ അര്‍ത്ഥം പരിഗണനയെന്നാണെന്ന്. പക്ഷെ, അതു കിട്ടുന്നില്ല. എവിടെ ചോദിക്കണമെന്ന് അറിയുന്നില്ല. ചോദ്യം ഇങ്ങനെ ഉള്ളില്‍ കിടന്നു പെരുകിപ്പെരുകി... വിവാഹം കഴിഞ്ഞിട്ട് അവിടെയും പല കാര്യങ്ങളും ചോദിക്കാന്‍ സാധിച്ചില്ല. ആദ്യം പോലീസിന്റെ പിടിയിലായി അവരില്‍നിന്നു മര്‍ദ്ദനമേറ്റ ആ നിമിഷമാണു ഞാന്‍ മനസ്സിലാക്കിയത്, ചോദ്യങ്ങള്‍ ചോദിക്കാന്‍ സമയമായി എന്ന്. നിശബ്ദതീരുമാനങ്ങളായിരുന്നു ആദ്യം.

ജ്വാലാമുഖിയില്‍ യോഗത്തിനു പോയതോടെയാണ് എന്നിലെ നേതാവിനെ ഞാന്‍ തിരിച്ചറിയുന്നത്. ആ യോഗത്തില്‍ എല്ലാവരും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. പക്ഷെ, ആരും പരിഹാരത്തെക്കുറിച്ച് സംസാരിക്കുന്നില്ല. അന്നു ഞാന്‍ ചോദിച്ചു, ആണും പെണ്ണും ഒന്നിച്ചു കിടക്കുമ്പോള്‍ അതില്‍ പെണ്ണു മാത്രം എങ്ങനെയാണു കുറ്റക്കാരിയാകുക എന്ന്. ഒരാണു വന്നുവിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞ് ഉറപ്പിച്ച് അയാള്‍ വിളിക്കുന്ന സ്ഥലത്തേക്ക് എത്തിയിട്ട് ഒരുമിച്ചു കിടക്കാമെന്നു തീരുമാനിക്കുമ്പോള്‍ അതു വിവാഹ ഉടമ്പടിയേക്കാള്‍ ബലമുള്ള ഉടമ്പടിയല്ലെ? അവിടെ എങ്ങനെയാണു സ്ത്രീ മാത്രം കുറ്റക്കാരിയാകുന്നത്. ഈ ചോദ്യത്തോടെ അന്നു യോഗത്തിലുണ്ടായിരുന്ന പോള്‍സണ്‍ എന്നെ നേതാവായി അംഗീകരിച്ചു. സംഘടനാ തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ഞാനും തിരഞ്ഞെടുക്കപ്പെട്ടു. അവിടെനിന്നു ഞാന്‍ സംസാരിച്ചുതുടങ്ങി.. അവകാശങ്ങള്‍ക്കുവേണ്ടി. എനിക്ക് അംഗീകാരം കിട്ടിത്തുടങ്ങിതോടെ ചിലര്‍ക്ക് ബുദ്ധിമുട്ടായി. സെക്‌സ് വര്‍ക്കേഴിസിന്റെ ഇപ്പോഴുളള സി.ബി.ഒ. പോലുള്ള സംഘനകളില്‍ എനിക്കു പ്രാധാന്യം ഇല്ലാതിരിക്കാനുള്ള കാരണം അതൊക്കെയാണ്.

ഇപ്പോള്‍ മകളെയും കുഞ്ഞിനെയും സംരക്ഷിക്കേണ്ട അവസ്ഥയിലാണ്. പഴയതുപോലെ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. എനിക്കാണെങ്കില്‍ പിന്‍വാങ്ങി തിരിയുന്ന സ്വഭാവമില്ല. വരുന്നതു വരുന്നിടത്തുവെച്ചു കാണാം എന്ന രീതിയാണ്. അതൊക്കെ മക്കളുടെ ജീവിതത്തെ ബാധിക്കും എന്നു വന്നപ്പോഴാണു ഞാനെല്ലാം ഒഴിവാക്കിയത്. അതുകൊണ്ടുതന്നെ ഒതുങ്ങി നില്‍ക്കേണ്ടത് എന്റെ ആവശ്യമായി.

ആദ്യകാലത്തു പോലീസില്‍നിന്നു മര്‍ദ്ദനമേറ്റിട്ടില്ലേ?

എന്റെ ആദ്യത്തെ ക്ലയന്റ് ഒരു പോലീസുകാരനായിരുന്നു. കമിഴ്ത്തി കിടത്തി കാലിന്റെ അടിയില്‍ മൂന്നടി വണ്ണമുള്ള നല്ല നീളമുള്ള കമ്പുകൊണ്ട് ഒരാളു തല്ലുമ്പോള്‍ മറ്റൊരാള്‍ ബൂട്ട്‌സിട്ട കാലുവെച്ച് ചവിട്ടിപ്പിടിക്കും. അന്നും ഞാന്‍ കരഞ്ഞിട്ടില്ല. കരഞ്ഞാല്‍ അവരതു ചെയ്യാതിരിക്കണം. അയ്യോ തല്ലല്ലേ സാറെ എന്നു പറഞ്ഞാല്‍ അവര്‍ തല്ലാതിരിക്കണം. പക്ഷെ, പറഞ്ഞാലും തല്ലും പറഞ്ഞില്ലെങ്കിലും തല്ലും. തല്ലാന്‍ വരുമ്പോള്‍ ആളുകള്‍ കാലു വലിക്കും ഞാന്‍ കാലു വലിക്കില്ല. എന്തായാലും കിട്ടും. പിന്നെ വലിച്ചിട്ടെന്താ കാര്യം. ഇതാണ് എന്റെ പോളിസി, അപ്പോള്‍ അവര്‍ പറയും, അവള്‍ടെ ധൈര്യം കണ്ടില്ലേ അവള്‍ കാലു വലിക്കുന്നില്ലെന്ന്. എന്നിട്ട് അടിയാണ്. പിന്നെ എണീച്ചു ചാടാന്‍ പറയും. രക്തം കട്ട പിടിക്കാതിരിക്കാന്‍ ഞാന്‍ ചാടില്ല. ചാടെടീ എന്നു പറയുമ്പോല്‍ ചാടില്ലെടാ എന്നു വാശിയില്‍ പറയും. അപ്പോള്‍ കമ്പുകൊണ്ടു നായയെ അടിക്കുന്ന പോലെ അടിക്കും. എന്നിട്ടും ഞാന്‍ കരിഞ്ഞിട്ടില്ല. പക്ഷെ, പിന്നീടു പോലീസുമായി ഒന്നില്‍ കൂടുതല്‍ സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പോലീസിന്റെ ചൂഷണം ഇന്നുമുണ്ടെന്നു തോന്നുന്നുണ്ടോ?

ഇന്നു പോലീസ് സെക്‌സ് വര്‍ക്കേഴ്‌സിനെ ചൂഷണം ചെയ്യുന്നതൊക്കെ വളരെ കുറവാണ്. പണ്ടു കോഴിക്കോട് ഇത്തരത്തില്‍ പോലീസ് പിടിയിലായ ഒരു സ്ത്രീ മരിച്ച സംഭവമൊക്കെ ഉണ്ടായിട്ടുണ്ട്. അതു വളരെ പ്രശ്‌നമായ കേസാണ്. സുഗത കുമാരി മാഡം ഒക്കെ ഇടപെട്ട കേസാണ്. അത്രക്കൊന്നും ഇപ്പോള്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പിടിച്ചാല്‍തന്നെ പെട്ടന്നുതന്നെ കോടതിയില്‍ ഹാജരാക്കും.

നളിനി, ജമീല, നളിനി ജമീല ആ മാറ്റം എങ്ങനെയായിരുന്നു?

ഞാന്‍ ആദ്യമെഴുതിയ ആധുനികം, പൗരാണികം എന്ന ലേഖനത്തിലാണു നളിനി ജമീല എന്ന പേരു സ്വീകരിക്കുന്നത്. കാരണം ഞാന്‍ ഷാഹുല്‍ ഹമീദിനെ വിവാഹം കഴിച്ച് നളിനിയില്‍നിന്നു ജമീലയായിരുന്നല്ലോ. ആദ്യ ലേഖനമെഴുതിയപ്പോള്‍ എനിക്ക് അതെഴുതിയതു ഷാഹുലിന്റെ വീട്ടുകാര്‍ അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്നവരോട് അല്‍പം പിണക്കത്തില്‍ നില്‍ക്കുന്ന സമയമായിരുന്നു. അങ്ങനെയാണ് നളിനി ജമീല എന്ന പേരു സ്വീകരിക്കുന്നത്.

ആയിടക്കാണു മാധവിക്കുട്ടി കമല സുരയ്യയായത്. അവരെ അനുകരിച്ചതാണു ഞാനെന്നു പലരും പറഞ്ഞു. അങ്ങെനെയായിരുന്നില്ല. അതേ തുടര്‍ന്നു പൊതു ഇടത്തില്‍ നളിനി ജമീല എന്നറിയപ്പെടാന്‍ തുടങ്ങി. പക്ഷെ, പലര്‍ക്കും ലൈംഗിക തൊഴിലാളി കാര്യം പറഞ്ഞു എന്നത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.. വലിയ സാമൂഹിക പ്രവര്‍ത്തക ചമയുന്നവര്‍ക്കുവരെ എന്റെ ചില മറുപടികള്‍ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.

എന്താണു ഭാവി പരിപാടികള്‍? പുതിയ പുസ്തകത്തിലും ജീവിതം തന്നെയാണോ പ്രമേയം?

പുതുതായി ഒരു പുസ്തകം ഇറക്കുന്നുണ്ട്. സെക്‌സ് എന്‍കൗണ്ടര്‍ എന്നാണ് ഇപ്പോള്‍ കാണുന്ന പേര്. ചിലപ്പോള്‍ ആ പേരു മാറും. അതിന്റെ ജോലി തീര്‍ന്നു. മൂന്നാമത്തെ പുസ്തകത്തിന്റെ ജോലി മുക്കാല്‍ ഭാഗത്തോളം തീര്‍ന്നു. അത് 2005ന് ശേഷമുള്ള എന്റെ ജീവിതത്തെക്കുറിച്ചാണ്. പഴയ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ എന്താണു കാണുന്നത് എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. ആദ്യത്തെ പുസ്തകത്തില്‍ ഞാന്‍ അച്ഛനെക്കുറിച്ചു പറഞ്ഞപ്പോള്‍ അല്പം കര്‍ശനമായി പറഞ്ഞിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍, ചില ഭാഗങ്ങള്‍, ചിലതു മാറ്റി എഴുതേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഇതില്‍ അച്ഛന്‍ കുറച്ച് സോഫ്റ്റാകുന്നുണ്ട് കാരണം അച്ഛനെക്കുറിച്ചു ഞാന്‍ വീണ്ടും പഠിച്ചപ്പോള്‍ എനിക്കു കിട്ടയതു വേറെ റിസള്‍ട്ടാണ്. ഒരേ സാധനത്തെക്കുറിച്ചു വീണ്ടും വീണ്ടും പഠിക്കുമ്പോഴാണല്ലോ അതിനെ അടുത്തറിയുന്നത്.

പക്ഷെ, അച്ഛന്‍ ക്രൂരനായിരുന്നു. അച്ഛനെ അച്ഛന്റെ സ്ഥാനത്ത് നോക്കുമ്പോള്‍ ക്രൂരന്‍ തന്നെയാണ്. പണി ചെയ്തു മക്കള്‍ക്കു ഭക്ഷണം കൊടുക്കാത്ത, പട്ടാളക്കാരനായതിന്റെ ചിട്ടയില്‍ അങ്ങോട്ടു പോകരുത് ഇങ്ങോട്ടു പോകരുത് എന്നു പറയുന്ന, ഹരിജന്‍സിനോടു മിണ്ടരുതെന്നു പറയുന്ന, ഇടപെടലുകളെ തെറ്റിദ്ധരിക്കുന്ന അച്ഛന്‍. അച്ഛന്‍ പറയുന്ന രാഷ്ട്രീയമല്ല പ്രവര്‍ത്തിക്കുന്നത്. ഇതിലൊക്കെ അച്ഛന്‍ ക്രൂരനാണ്.

വേണമെങ്കില്‍ ആത്മകഥയുടെ തുടര്‍ച്ച എന്നു പറയാം. മൊത്തത്തില്‍ എന്റെ ജീവിതം. അതില്‍നിന്ന് എനിക്കുണ്ടായ അനുഭവങ്ങളും ആ അനുഭവങ്ങളില്‍നിന്നു ഞാന്‍ പഠിച്ച പാഠങ്ങളും. അതിനെ ഞാന്‍ തന്നെ നോക്കിക്കാണുന്നതും. മൊത്തത്തില്‍ എന്റെ ജീവിതം തന്നെയാണത്. ഇത്രയൊക്കെ അനുഭവിച്ചപ്പോള്‍ ഞാന്‍ കണ്ട കാഴ്ചയല്ല എനിക്കു പറയാനുള്ളത്. കണ്ട കാഴ്ചയില്‍നിന്നു ഞാന്‍ വിലയിരുത്തിയ കാര്യങ്ങള്‍ ഉണ്ടായിരിക്കുമല്ലോ? എന്റെ ആദ്യപുസ്‌കം പുറത്തിറങ്ങിയിട്ട് 12 വര്‍ഷം കഴിഞ്ഞിരിക്കുന്നു അതിന്റെ 39,000 കോപ്പിയാണു വിറ്റഴിഞ്ഞത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented