'അതീവ സുരക്ഷയില്‍ ട്രഷറിയിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കേണ്ട ഒരു ബാലറ്റുപെട്ടിയാണ് കിലോമീറ്റര്‍ അപ്പുറത്തുള്ള സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ രജിസ്ട്രാര്‍ ഓഫീസ് കാര്യാലയത്തില്‍ നിന്ന് കണ്ടെത്തുന്നത്. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്'
കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് അതീവ സുരക്ഷയില്‍ സ്ട്രോങ് റൂമില്‍ സൂക്ഷിക്കേണ്ട ഒരു ബാലറ്റ് പെട്ടി നിന്ന നില്പ്പില് കാണാതാവുന്നത്. സംഭവം നടന്നത് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലാണ്. ബൂത്തുപിടിത്തവും കള്ളവോട്ടുമെല്ലാം തിരഞ്ഞെടുപ്പ് കാലത്തെ സ്വാഭാവിക സംഭവങ്ങളാണെങ്കിലും പോലീസ് സുരക്ഷയില്‍ സ്ട്രോങ് റൂമില്‍ സൂക്ഷിച്ച വോട്ടുപെട്ടി കാണാതാവുന്നുവെന്നത് അതീവ ഗുരുതരമായ സംഭവമാണ്. ഇത് ചോദ്യം ചെയ്യപ്പെടുന്നത് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയേയും ജനാധിപത്യ സംസ്കാരത്തെ ആകമാനവുമാണ്. ഉത്തരേന്ത്യയിലൊക്കെ പലപ്പോഴായി ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് ഇങ്ങനെയൊരു വാര്‍ത്ത.
2021-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ 38 വോട്ടെന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു അന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി മുസ്ലീംലീഗിന്റെ നജീബ് കാന്തപുരം മണ്ഡലം നിലനിര്‍ത്തിയത്. പക്ഷെ അന്നുമുതലിങ്ങോട്ട് വോട്ടെണ്ണലിലെ ഗുരുതരമായ ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കേസും നിലനില്‍ക്കുന്നുണ്ട്. എതിര് സ്ഥാനാര്‍ഥികൂടിയായ കെ.പി.എം മുസ്തഫയുടെ പരാതിയിലാണ് കേസ്. കേസ് ജനുവരി പതിനേഴിന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് കാണാതായ വോട്ടുപെട്ടി കഴിഞ്ഞ ദിവസം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളെത്തുന്നത്. നജീബ് കാന്തപുരം എം.എല്‍.എ മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.
ബാലറ്റ് പെട്ടി ഒരു സുപ്രഭാതത്തില്‍ രജിസ്ട്രാര്‍ ഓഫീസ് കാര്യാലയത്തില്‍ നിന്ന് കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടോ?
അതീവ സുരക്ഷയില്‍ ട്രഷറിയിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കേണ്ട ഒരു ബാലറ്റുപെട്ടിയാണ് കിലോമീറ്റര്‍ അപ്പുറത്തുള്ള സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ രജിസ്ട്രാര്‍ ഓഫീസ് കാര്യാലയത്തില്‍ നിന്ന് കണ്ടെത്തുന്നത്. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന് പിന്നില്‍ ഒരുപാട് ആളുകളുടെ പങ്കുണ്ട്. വലിയ കുറ്റകൃത്യമാണ് നടന്നത്. ഇതില്‍ മാഫിയാ ബാന്ധങ്ങള്‍ പോലുമുണ്ടെന്നാണ് ഞാന്‍ സംശയിക്കുന്നത്. ഇത്രയും ഉദ്യോഗസ്ഥരെ വിലയ്ക്കുവാങ്ങി ഇങ്ങനെയൊരു സംഭവം നടത്തണമെങ്കില്‍ ഇതിനായി കോടികളൊഴുക്കേണ്ടിവന്നിട്ടുണ്ടാവും. ട്രഷറിയില്‍ സൂക്ഷിച്ച ഒരു ബോക്സ് എടുക്കണമെങ്കില്‍ അതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധികളോ രേഖാമൂലംവന്ന് ആവശ്യപ്പെടണം. മാത്രമല്ല പോലീസ് സാന്നിധ്യത്തില്‍ മാത്രമേ എടുക്കാനും പാടുള്ളൂ.എന്നാല്‍ അങ്ങനെയല്ല നടന്നത്. പല സര്‍ക്കാര്‍ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഈ കുറ്റകൃത്യം ചെയ്തിട്ടുള്ളത്. ഇതിനെ അശ്രദ്ധയെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. മാത്രമല്ല ഇപ്പോള്‍ കണ്ടെത്തിയെന്ന് പറയുന്ന പെട്ടി ഒറിജിനല്‍ അല്ല. ഇത് ഉദ്യോഗസ്ഥര്‍ കൃത്രിമമായി നിര്‍മിച്ചതാണ്. യഥാര്‍ഥ പെട്ടി പൂര്‍ണമായും തകര്‍ത്തതായിട്ടുള്ളതിന്റെ കൃത്യമായ തെളിവ് ഓഡിയോ സഹിതം ഞങ്ങളുടെ കയ്യിലുണ്ട്. പെട്ടി കൊണ്ടുപോയതും തകര്‍ക്കുന്നതും കണ്ട സാക്ഷികളുണ്ട്. ട്രഷറിയില്‍ നിന്ന് ഒഴിവാക്കി പെരിന്തല്‍മണ്ണ എ.ആര് ഓഫീസില്‍ തള്ളുകയായിരുന്നു. ഞങ്ങളുടെ എല്ലാവരുടേയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂമില്‍ കൊണ്ടുവെച്ച പെട്ടിയെങ്ങനെ പെരിന്തല്‍മണ്ണ ഓഫീസിലെത്തി?
38 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു താങ്കളുടെ വിജയം. ബാലറ്റ് പെട്ടി കണ്ടെടുത്തതോടെ ഏതെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടോ?
ഒരാശങ്കയുമില്ല. ഈ വോട്ട് എണ്ണാനാവുമോയെന്നത് കോടതി നിശ്ചയിക്കേണ്ട കാര്യമാണ്. പക്ഷെ ഇത് എണ്ണാന്‍ പറ്റാനാവില്ലയെന്നതല്ലേ യാഥാര്‍ഥ്യം. സ്ട്രോങ് റൂമില്‍ നിന്ന് പുറത്തുപോയ വോട്ടെങ്ങനെ എണ്ണാനാവും. വെറുതെ രസത്തിന് എടുത്തുകൊണ്ടുപോയതായിരിക്കില്ലല്ലോ അത്. ക്രമക്കേട് നടത്താന്‍ കരുതിക്കൂട്ടി ചെയ്തതാണ്. ഈ ബോക്സ് തകര്‍ന്ന നിലയിലാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് മണ്ഡലത്തില്‍ വലിയ രീതിയില്‍ പണക്കൊഴുപ്പും ക്രമക്കേടും നടന്നിരുന്നുവെന്ന് ആ സമയത്തു തന്നെ ഉയര്‍ന്ന ആരോപണമാണ്. അതിന്റെ ഇരയായിരുന്നു എന്റെ തിരഞ്ഞെടുപ്പ് ഫലം. ഇതില്‍ എന്ത് തരത്തിലുള്ള മാഫിയാ പ്രവര്‍ത്തനമാണ് നടന്നതെന്ന് കൃത്യമായി അന്വേഷിക്കണം. സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും എനിക്ക് കിട്ടിയിട്ടില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അറിയില്ല. അപ്പോള്‍ എന്താണ് സംഭവിച്ചത്. വലിയ ഗൂഢാലോചനയാണ് നടന്നത്. ഇത് ഏതറ്റം വരെ പോയി എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പെട്ടി കണ്ടെടുത്തതോടുകൂടി പൊതുവെ ഒരു സംശയമുണ്ട്. ഇത് എണ്ണാന്‍ ബാക്കിയുള്ള വോട്ടാണോ, അസാധുവായ വോട്ടാണോ എന്നൊക്കെ. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയും നടക്കുന്നുണ്ട്. എന്താണ് യാഥാര്‍ഥ്യം?
ഇത് മാറ്റിവെച്ചതുമല്ല, എണ്ണാന്‍ ബാക്കിവെച്ച വോട്ടുമല്ല. എല്ലാ മണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടുകളില്‍ അസാധു വോട്ടുകളുണ്ടാവും. ആയിരം വോട്ടുകള്‍ വരെ അസാധുവായ മണ്ഡലങ്ങളുണ്ടായിരുന്നു. അത്തരത്തില്‍ അസാധുവായ പോസ്റ്റല്‍ വോട്ടുകളാണിത്. മുതിര്‍ന്ന പൗരന്മാരുടേയും കോവിഡ് ബാധിതരായവരുടേയുമെല്ലാം വോട്ടാണിത്. അവര്‍തന്നെ കൃത്യമായി ചെയ്യാത്തതും വേണ്ട രേഖ സമര്‍പ്പിക്കാതെയും ഉദ്യോഗസ്ഥര്‍ ഒപ്പിടാത്തതും അങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ട് അസാധുവായ വോട്ടുകളാണിത്. ആറ് കൗണ്ടറുകളിലായിരുന്നു പോസ്റ്റല്‍വോട്ടുകള്‍ എണ്ണിയത്. ഈ ആറ് കൗണ്ടറുകളില്‍ നിന്നും വന്ന വോട്ടുകളാണിത്. ഇത് കൗണ്ടറില്‍ നിന്നു തന്നെ അസാധുവാണെന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും ഒപ്പിട്ട് രേഖപ്പെടുത്തിയതാണ്. ഒരു വോട്ട് അസാധുവാകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എന്തൊക്കെ മാനദണ്ഡങ്ങളാണോ പറയുന്നത് അതൊക്കെയുള്ളതാണ് ഈ വോട്ടുകള്‍. അതായത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എണ്ണാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒരുമിച്ച് മാറ്റിവെച്ചത്. ഈ അസാധുവോട്ടുകള്‍ മൂന്ന് പെട്ടികളിലായി 348 എണ്ണമാണുണ്ടായിരുന്നത്. ഇതിലാണ് കേസ് നടക്കുന്നത്. ഈ മൂന്ന് പെട്ടികളില്‍ ഒന്നാണ് കാണാതായതും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതും.
പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ് കോടതിയിലിരിക്കെയാണ് ഇപ്പോള്‍ ബാലറ്റ് പെട്ടികള്‍ കണ്ടെത്തുന്നത്. സ്ട്രോങ് റൂമില്‍ നിന്ന് കാണാതായ ഈ വോട്ടുകള്‍ക്ക് ഇനി സാധുതയുണ്ടാവുമോ?
ഒരിക്കലും സാധുതയുണ്ടാവില്ല. 348 വോട്ടിന്റെ കാര്യത്തിലുള്ള കേസാണ് നടക്കുന്നതെങ്കിലും ഈ വോട്ടുകള്‍ക്ക് സാധുതയുണ്ടാക്കണമെന്ന് പറഞ്ഞല്ല കേസ് നടക്കുന്നത്. മറിച്ച് വോട്ടുകള്‍ അസാധുവാകാന്‍ കാരണം ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ്. അത് കോടതിയില്‍ തെളിയിക്കേണ്ട കാര്യമാണ്. കോടതിയില്‍ തെളിഞ്ഞാല്‍ പോലും അതല്ലല്ലോ പ്രശ്നം. വോട്ട് സാധുവാണോ, അസാധുവാണോവെന്നതാണ്. എന്നാല്‍ ഇത് അസാധുവോട്ടാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ നേരത്തെ സാക്ഷ്യപ്പെടുത്തിയ സാഹചര്യത്തില്‍ അത് എന്നെ ഒരു തരത്തിലും ബാധിക്കുന്ന കാര്യമല്ല. ഈ വിഷയങ്ങളെല്ലാം കേള്‍ക്കുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നത് എവിടെയോ ഒരു 343 വോട്ട് എണ്ണാതിരിക്കുകയാണെന്നും ഇത് നജീബ് കാന്തപുരത്തിന് ഭീഷണിയാവുമെന്നും കേസ് കഴിയുന്നതോടെ തോല്വിയുണ്ടാവുമെന്നൊക്കെയാണ്. എന്നാല്‍ യാഥാര്‍ഥ്യം മേല്പറഞ്ഞപോലെയാണ്. ഉദ്യോഗസ്ഥര്‍ ഒപ്പുവെയ്ക്കാത്തത് കൊണ്ട് മാത്രം അസാധുവായ വോട്ടുകളല്ല ഇത്. സീരിയല്‍ നമ്പര്‍ എഴുതാത്തത്, കൃത്യമായ രേഖകളില്ലാത്തത്, ഒപ്പിടാത്തത് അങ്ങനെ നിരവധി കാരണങ്ങള്‍കൊണ്ടുള്ളതാണ്. ഇത് സി.പി.എമ്മിന്റെ അംഗങ്ങളടക്കമുള്ളവര്‍ കൗണ്ടറില്‍ നിന്ന് തന്നെ സാക്ഷ്യപ്പെടുത്തിയതും എണ്ണാന്‍ പറ്റില്ലെന്ന് പറഞ്ഞ് മാറ്റിവെച്ചതുമാണ്.
തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ തുടങ്ങിയതാണ് താങ്കള്ക്കെതിരായുള്ള പ്രചാരണം. ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് എതിര്‍സ്ഥാനാര്‍ഥിയുടെ ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോ?
അതൊക്കെ അന്വേഷണത്തില്‍ കണ്ടത്തേണ്ടതാണ്. പക്ഷെ വലിയ ഗുഢാലോചനയില്ലാതെ ഇത് പുറത്ത് പോവില്ലെന്ന് ഉറപ്പല്ലേ. മൂന്ന് പെട്ടികളും ഒരു സ്ഥലത്ത് നിന്നാണ് കണ്ടെത്തിയിരുന്നതെങ്കില്‍ എല്ലാം കൂടി ഒരുമിച്ച് മാറ്റിയതാണെന്നൊക്കെ പറയാമായിരുന്നു. പക്ഷേ ഇതങ്ങനെയല്ലല്ലോ. 348 വോട്ടുകള്‍ സൂക്ഷിച്ച പെട്ടികള്‍ ഹാജരാക്കാനായി കോടതി പറഞ്ഞപ്പോള്‍ അതിനായി സ്ട്രോങ്ങ്റൂം തുറന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ പോലും ഇത് കാണാനില്ലെന്ന കാര്യമറിയുന്നത്. ഏതായാലും സംഭവത്തില്‍ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിയടക്കമുള്ളവര്ക്കും ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. സത്യം പുറത്തു വരണം. അബദ്ധത്തില്‍ മാറിപ്പോയതാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അവര്‍ പറയുന്നത് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് രേഖകളും ട്രഷറിയിലുണ്ടായിരുന്നുവെന്നും അത് കാലാവധി കഴിഞ്ഞതിനാല്‍ ഏറ്റുവാങ്ങാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ മാറിപ്പോയി എന്നുമാണ്. എന്ത് വിചിത്രമായ വാദമാണത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേയാണ്. എന്തു തന്നെയായാലും ഒരു സ്ട്രോങ് റൂമില്‍ നിന്ന് എങ്ങനെയാണ് ഇത്രവലിയ പെട്ടി ആരുമറിയാതെ പുറത്തേക്ക് പോവുക. എങ്ങനെയാണത് വിശ്വസിക്കാനാവുക. ഇതിലാണ് കൃത്യമായ അന്വേഷണം നടക്കേണ്ടത്.
മണ്ഡലത്തില്‍ അരനൂറ്റാണ്ടിനിടെ ഇടതുജയം ഒറ്റത്തവണ
കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ഒറ്റത്തവണയാണ് പെരുന്തല്‍മണ്ണ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് വിജയിക്കാനായത്. ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കപ്പെട്ടത് മുസ്ലീംലീഗ് സ്ഥാനാര്‍ഥികളാണെങ്കിലും ശക്തമായ സന്നിധ്യമാണ് എപ്പോഴും ഇടതുപക്ഷം ഇവിടെ കാഴ്ച വെച്ചത്. 2006-ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ശശികുമാര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതൊഴിച്ചാല്‍ ദീര്‍ഘകാലം ലീഗിനൊപ്പം നിന്നു. 1957-ല്‍ മണ്ഡല രൂപീകരണത്തിന് ശേഷമുള്ള ആദ്യ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ സി.പി.ഐ, സി.പി.എം സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. 1957 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ സി.പി.ഐ യുടെ പി.ഗോവിന്ദന് നമ്പ്യാരായിരുന്നു വിജയിച്ചത്. 1960-ല്‍ സി.പി.ഐ യുടെ തന്നെ ഇ.പി ഗോലാനും, 1967-ല്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാവ് പാലോളി മുഹമ്മദ് കുട്ടിയും വിജയിച്ചു. പക്ഷെ 1970 ഓടെ പെരിന്തല്‍മണ്ണ ലീഗ് കോട്ടയാവുകയായിരുന്നു. ഏറെ നാളത്തെ ലീഗ് അപ്രമാദിത്വത്തിന് ശേഷം 2006-ലെ തിരഞ്ഞെടുപ്പിലാണ് മണ്ഡലം ലീഗ് കൈവിട്ടുപോയത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ ഭൂരിപക്ഷം കുറയുകയും ചെയ്തു. അതില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ മത്സരിച്ച നജീബ് കാന്തപുരത്തിന് ലഭിച്ചത് 38 വോട്ട്.
Content Highlights: Najeeb kanthapuram perinthalmanna assembly election 2021 highcourt case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..