ഇസ്രോ ഒരു മഹാസമുദ്രം, നേടിയതെല്ലാം കൂട്ടായ്മയുടെ വിജയം


ഡോ.എ.ഇ. മുത്തുനായകം/രാജന്‍ ചെറുക്കാട്‌

ഡോ.എ.ഇ. മുത്തുനായകം

21,000-ത്തിലധികം ആളുകൾ ജോലിചെയ്യുന്ന മഹാസ്ഥാപനമാണ് ­ഐ.എസ്.ആർ.ഒ. ഇസ്രോയ്ക്കുണ്ടായ എല്ലാ വിജയങ്ങളും ഒന്നോ രണ്ടോ വ്യക്തികളുടെ അമാനുഷ കഴിവുകൊണ്ടുണ്ടായതല്ല. ഇപ്പോൾ അങ്ങനെ ചിലർ അവകാശപ്പെടുന്നതുകൊണ്ടാണ് ഇങ്ങനെ ­പറയേണ്ടിവരുന്നതെന്ന് കാൽനൂറ്റാണ്ട്‌ ഐ.എസ്.ആർ.ഒ.യുടെ പ്രവർത്തനങ്ങളിൽ നിർണായക സംഭാവനകൾ ­നൽകിയ ഡോക്ടർ എ.ഇ. മുത്തുനായകം. ഇന്ത്യയുടെ പ്രൊപ്പൽഷൻ ടെക്‌നോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന മുത്തുനായകം മാതൃഭൂമി പ്രതിനിധി രാജൻ ചെറുക്കാടിന് നൽകിയ അഭിമുഖത്തിൽനിന്ന്...


ഐ.എസ്.ആർ.ഒ.യിൽ വരാനുണ്ടായ സാഹചര്യമെന്താണ്തമിഴ്‌നാട്ടിലെ ഇടയൻകുടി ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. മദ്രാസ് സർവകലാശാലയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഒന്നാംക്ലാസോടെ ബിരുദംനേടി. ബംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് ഡിസ്റ്റിങ്ഷനോടെയാണ് പി.ജി. നേടിയത്. ഉപരിപഠനത്തിനായി അമേരിക്കയിലേക്കുപോയി. അവിടെ പേർജു (Purdue) സർവകലാശാലയിലായിരുന്നു ഗവേഷണം. രണ്ടുവർഷവും എട്ടുമാസവുംകൊണ്ട് പിഎച്ച്.ഡി. ലഭിച്ചു. തുടർന്ന് നാസയുടെ ഒരു പ്രോജക്ടിൽ ജോലിക്കുചേർന്നു. അപ്പോഴാണ് വിക്രം സാരാഭായി ഇന്ത്യൻ ബഹിരാകാശസ്ഥാപനത്തിലേക്ക് ശാസ്ത്രജ്ഞരെ റിക്രൂട്ടുചെയ്യാൻ അമേരിക്കയിലെത്തിയത്.

1965-ൽ ഇന്ത്യൻ എംബസിയിലായിരുന്നു കൂടിക്കാഴ്ച. അഭിമുഖത്തിൽ ഞങ്ങൾ ആറുപേരെ തിരഞ്ഞെടുത്തു. ഡോക്ടർ ഗുപ്ത, ഡോക്ടർ ജനാർദൻ റാവു, ഡോക്ടർ റാണെ, എം.സി. മാത്തൂർ, ഡോക്ടർ മുഖർജി പിന്നെ ഞാനും. ഞാനായിരുന്നു കൂട്ടത്തിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ.

ഐ.എസ്.ആർ.ഒ.യുമായി ബന്ധപ്പെട്ടിറങ്ങിയ ‘റോക്കട്രി ദ നമ്പി ഇഫക്ട്’ എന്ന സിനിമ താങ്കൾ കണ്ടോ

ഇല്ല. പക്ഷേ, കണ്ടവർ പലരും എന്നെ വിളിച്ചുപറഞ്ഞത് 90 ശതമാനവും കളവായ കാര്യങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ്.

സ്കോട്ട്‌ലൻഡിൽനിന്ന് 400 ദശലക്ഷം പൗണ്ടിന്റെ ഹൈഡ്രോളിക് പ്ലാന്റും മറ്റ് ഉപകരണങ്ങളും നമ്പി നാരായണൻ വഴി ഇന്ത്യയ്ക്ക് കിട്ടിയെന്നും അദ്ദേഹം ക്രയോജനിക് എൻജിൻ താഷ്‌ക്കെന്റ് -കറാച്ചി വഴി ഇന്ത്യയിൽ കൊണ്ടുവന്നു എന്നും സിനിമയിൽ കാണിക്കുന്നത് ശരിയാണോ

പച്ചക്കള്ളമാണ്. ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ ഇസ്രോയുടെ ഇപ്പോഴത്തെ ചെയർമാനോട് ചില വിവരങ്ങൾ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു കാത്തിരിക്കുകയാണ്.

നമ്പി നാരായണൻ താങ്കളുടെ കീഴിൽ ജോലിചെയ്യുമ്പോഴാണോ സാരാഭായി അദ്ദേഹത്തെ പ്രീസ്റ്റൺ സർവകലാശാലയിലേക്കയച്ചത്

നമ്പിയെ പ്രീസ്റ്റണിൽ പി.ജി.ക്ക് പഠിക്കാനയച്ചത് സാരാഭായിയല്ല; ഞാനാണ്‌. പ്രൊപ്പൽഷന് വളരെ പ്രസിദ്ധമായിരുന്നു പ്രീസ്റ്റൺ സർവകലാശാല. 1968-ൽ നമ്പി നാരായണൻ ഐ.എസ്.ആർ.ഒ.യിൽ ചേരുമ്പോൾ നമ്പിക്ക് പി.ജി. ഉണ്ടായിരുന്നില്ല. നമ്പിയെ അയക്കാമെന്ന് ഞാനാണ് സാരാഭായിയോട് പറഞ്ഞത്. ജോയിൻ ചെയ്തത് കലാമിന്റെ കീഴിലായിരുന്നെങ്കിലും ഏതാനും മാസം കഴിഞ്ഞപ്പോൾ നമ്പി എന്റെ കീഴിൽവന്നു. പിന്നീട് 1994-ൽ കേസിൽപ്പെടുന്നതുവരെ എന്റെ കീഴിൽത്തന്നെയായിരുന്നു.

ഐ.എസ്.ആർ.ഒ. വികാസ് എൻജിൻ വികസിപ്പിച്ചത് താങ്കളുടെ നേതൃത്വത്തിലാണ് എന്ന് പറയുന്നത് ശരിയാണോ

തീർച്ചയായും. യഥാർഥത്തിൽ ഫ്രാൻസിന്റെ വൈക്കിങ് എൻജിനാണ് നാം വികാസായി വികസിപ്പിച്ചത്. എ.പി.ജെ. അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ എസ്.എൽ.വി. മൂന്നും എം.എസ്.ആർ. ദേവിന്റെ നേതൃത്വത്തിൽ എ.എസ്.എൽ.വി.യും വികസിപ്പിച്ചശേഷമാണ് വികാസ് എൻജിനുവേണ്ടി നാം ശ്രമിച്ചത്.

ഖര ഇന്ധനം ഉപയോഗിച്ച് റോക്കറ്റുകൾ പറത്താനുള്ള സാങ്കേതികവിദ്യയ്ക്കുപകരം ദ്രാവക ഇന്ധനം ഉപയോഗിക്കാൻ തീരുമാനിച്ചതോടെയാണ് ‘വികാസി’ലേക്ക് കടന്നത്.

അതിനുവേണ്ടി 1974-ലാണ് ഫ്രാൻസിലെ സ്ഥാപനമായ എസ്.ഇ.പി.യുമായി കരാറൊപ്പിട്ടത്. സ്‌പേസ് ഡിപ്പാർട്ട്‌മെന്റിന്റെ അഡീഷണൽ സെക്രട്ടറി ടി.എൻ. ശേഷനാണ് ഇന്ത്യക്കുവേണ്ടി ഒപ്പിട്ടത്. ഞാനായിരുന്നു പ്രോജക്ട് ഡയറക്ടർ. മൂന്നു ടീമുകൾ അതിനുവേണ്ടി ഉണ്ടാക്കി. കെ. കാശി വിശ്വനാഥൻ, എസ്. നമ്പി നാരായണൻ, ആർ. കരുണാനിധി എന്നിവരായിരുന്നു ഒാരോ ഗ്രൂപ്പിന്റെയുംതലവന്മാർ. വികാസ് എൻജിന്റെ ഹാർഡ്‌വേർ ഇന്ത്യയിലുണ്ടാക്കുന്ന ചുമതല കാശി വിശ്വനാഥനായിരുന്നു. ഫ്രാൻസിലേക്കുപോയ സംഘത്തിന്റെ മാനേജർ നമ്പി നാരായണനായിരുന്നു. അദ്ദേഹം അവിടെ ലോജിസ്റ്റിക് ആൻഡ് മാനേജ്‌മെന്റ് ­ജോലികളാണ്‌ ചെയ്തത്. സാങ്കേതിക ജോലികൾ മറ്റുചിലരാണ് ചെയ്തത്.

മഹേന്ദ്രഗിരിയിൽ ഇതിന്റെ പരീക്ഷണം നടത്തി ഗുണനിലവാരം ഉറപ്പിക്കുന്ന ചുമതല കരുണാനിധിക്കും കൊടുത്തു. 1985-ൽ വിജയകരമായി നാം വികാസ് എൻജിൻ പരീക്ഷിച്ചു. അങ്ങനെ മൂന്നു ഗ്രൂപ്പുകളായി പ്രവർത്തിച്ച ഒരു വലിയസംഘം ശാസ്ത്രജ്ഞരുടെ വിജയമാണ് വികാസ് എൻജിന്റേത്.

ക്രയോജനിക്കിന്റെ കാര്യമോ

ഐ.എസ്.ആർ.ഒ. സ്വന്തമായി ക്രയോജനിക്‌ എൻജിൻ ഉണ്ടാക്കുന്നതിന്റെ ചുമതല 1980-കളുടെ പകുതിയിലാണ് തുടങ്ങിയത്‌. ഇ.വി.എസ്. നമ്പൂതിരിക്കായിരുന്നു അതിന്റെ ചുമതല. അക്കാലത്ത് നമ്പി നാരായണന് ക്രയോജനിക്കുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഏതാണ്ട്‌ അക്കാലത്തുതന്നെ ജ്ഞാനഗാന്ധിയുടെ നേതൃത്വത്തിൽ ക്രയോജനിക് വികസിപ്പിക്കുന്ന പ്രവർത്തനം തുടങ്ങി.

1990-ൽ ക്രയോജനിക്‌ പ്രൊപ്പൽഷൻ സിസ്റ്റം പ്രോജക്ട് എൽ.പി.എസ്.സി.യിൽ തുടങ്ങി. അതിനുവേണ്ടി ഒരു പ്രോജക്ട് മാനേജ്‌മെന്റ് ബോർഡ് ഉണ്ടാക്കി. ഞാനായിരുന്നു ചെയർമാൻ. റഷ്യയിലെ ഗ്ലാവ് കോസ്‌മോസുമായി ക്രയോജനിക്കിന്റെ കാര്യങ്ങൾ ചർച്ചചെയ്യാൻ ഐ.എസ്.ആർ.ഒ. ചെയർമാൻ എന്നെ ചുമതലപ്പെടുത്തി. നമ്പി നാരായണനെ ഞാൻ പ്രോജക്ട് ഡയറക്ടറാക്കി.

1993-ൽ ക്രയോജനിക്‌ സാങ്കേതികവിദ്യ കൈമാറുന്നതുസംബന്ധിച്ച് റഷ്യയുമായി ഒരു കരാറിലേർപ്പെട്ടു. രണ്ട് എൻജിനുകൾ ആദ്യം തരുകയും തുടർന്ന് സാങ്കതികവിദ്യ കൈമാറുകയും ചെയ്യുക എന്നതായിരുന്നു കരാർ. അമേരിക്കൻ സമ്മർദഫലമായി സാങ്കേതികവിദ്യാകൈമാറ്റം എന്ന കരാറിൽനിന്ന് റഷ്യ പിന്മാറി. റഷ്യൻ അധികാരികളുമായി ഞാൻ വീണ്ടും ചർച്ചകൾ നടത്തി. അങ്ങനെ 93 ഡിസംബറിൽ കരാർ പുതുക്കി. സാങ്കേതികവിദ്യാകൈമാറ്റം എന്നത് ഒഴിവാക്കി പകരം ക്രയോജനിക് എൻജിൻ കൈമാറുക എന്നുള്ളത് അംഗീകരിച്ചു.

1994 നവംബറിൽ നമ്പി ഇസ്രോയിൽനിന്ന് സ്വയം വിരമിക്കാൻ എനിക്ക് അപേക്ഷതന്നിരുന്നു. ഞാനത് മുകളിലേക്കയച്ചു. ആ മാസംതന്നെ അറസ്റ്റിലായതോടെ അദ്ദേഹം ക്രയോജനിക് പ്രോഗ്രാമിൽനിന്ന് പുറത്തായി. കേസ് കഴിഞ്ഞ് തിരിച്ചെത്തിയശേഷം അദ്ദേഹത്തിന് പ്രത്യേക ചുമതലകളൊന്നും കൊടുത്തിട്ടില്ല. 2002-ൽ മഹേന്ദ്രഗിരിയിൽ ക്രയോജനിക് വിജയകരമായി പരീക്ഷിച്ചു.

1995-ൽ അങ്ങ് ഐ.എസ്.ആർ.ഒ. വിടാനുണ്ടായ കാരണം.

ഐ.എസ്.ആർ.ഒ.യിൽ ഏറ്റവും സീനിയർ ഞാനായിരുന്നു. എന്നാൽ, എന്നെ മറികടന്ന് ഡോ. കെ. കസ്തൂരിരംഗനെ ചെയർമാനാക്കിയതിൽ പ്രതിഷേധിച്ചാണ് ലീവിൽപ്പോയത്. ഒരുവർഷത്തെ ലോസ് ഓഫ് പേ ലീവിന് അപേക്ഷിച്ചു. എനിക്ക് ബ്രസീലിൽനിന്ന് നല്ലൊരു ഓഫർ ഉണ്ടായിരുന്നു. അവിടെപ്പോകാൻ അനുമതിക്കായി അപേക്ഷിച്ചിട്ട് ലഭിച്ചില്ല. എന്റെ കേസ് പ്രധാനമന്ത്രിയുടെ അടുത്തെത്തി.

ഡൽഹിയിൽ ഞാൻ പ്രിൻസിപ്പൽ സെക്രട്ടറി വർമയെ കണ്ടപ്പോൾ താങ്കളെ ഈ രാജ്യത്തിനുതന്നെ വേണം. താങ്കൾ പോകരുത് എന്നുപറഞ്ഞു. അങ്ങനെയാണ് സമുദ്രവികസന വകുപ്പിന്റെ സെക്രട്ടറിയാക്കിയത്. ഐ.എസ്.ആർ.ഒ. ചെയർമാന് തുല്യമായ പോസ്റ്റായിരുന്നു അത്.

Content Highlights: Muthunayakam interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented